Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പൗണ്ടിന്റെ വിലത്തകർച്ചയിൽ ബ്രിട്ടീഷ് സാമ്പത്തിക മേഖല ആടിയുലയുകയാണ്. ഒരു ഘട്ടത്തിൽ ഒരു പൗണ്ടിന് 1.03 ഡോളർ എന്ന നിലവരെ ഏഷ്യൻ ട്രേഡ് മാർക്കറ്റിൽ വിലയിടിഞ്ഞു. ഇത് പിന്നീട് ഒരു പൗണ്ടിന് 1.05 ഡോളർ എന്ന നിലയിലേയ്ക്ക് മെച്ചപ്പെട്ടു. യൂറോയ് ക്കെതിരെയും പൗണ്ടിന്റെ വിലയിടിഞ്ഞു. 1.09 എന്ന നിലയിലേക്ക് 14 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേയ്ക്കാണ് പൗണ്ടിന്റെ വില തകർന്നടിഞ്ഞത്. പൗണ്ടിന്റെ വിലയിടിവ് നേരിടാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിയന്തര മീറ്റിംഗ് വിളിച്ചുകൂട്ടുമെന്നാണ് സാമ്പത്തിക രംഗത്ത് വിദഗ്ധർ വിലയിരുത്തുന്നത്.

വൻ നികുതി ഇളവുകൾ അവതരിപ്പിച്ച മിനി ബഡ്ജറ്റിനെ തുടർന്ന് കഴിഞ്ഞ ദിവസവും പൗണ്ടിന്റെ വിലയിൽ വൻ ഇടിവ് നേരിട്ടിരുന്നു . ചാൻസിലർ ക്വാസി കാർട്ടെംഗ് അവതരിപ്പിച്ച ബഡ്ജറ്റിനോട് ഓഹരി വിപണിയും പ്രതികൂലമായാണ് പ്രതികരിച്ചത്. യുകെ സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള ആശങ്കകളും പൗണ്ടിന്റെ വിലയിടിവും ഓഹരി വിപണിയിൽ പ്രതിഫലിച്ചതായാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെ ആസ്ഥാനമായുള്ള സ്കൈ ട്രാക്സ് ഖത്തർ എയർവെയ്സിനെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച എയർലൈനായി തിരഞ്ഞെടുത്തു. 1999 -ൽ ഈ പുരസ്കാരം ഏർപ്പെടുത്തിയതിന് ശേഷം മൊത്തം 7 തവണയാണ് ഖത്തർ എയർവെയ്സ് പ്രസ്തുത പുരസ്കാരം സ്വന്തമാക്കുന്നത്. യാത്രക്കാർക്ക് നൽകുന്ന മികച്ച സേവനത്തിന്റെ അടിസ്ഥാനത്തിലാണ് ഖത്തർ എയർവെയ്സിനെ തേടി പുരസ്കാരം എത്തിയത്. തങ്ങളുടെ 25-ാം വാർഷികം ആഘോഷിക്കുന്ന വേളയിലെ പുരസ്കാര ലബ്ദി കൂടുതൽ അർപ്പണ മനോഭാവത്തോടെ സേവനം ചെയ്യാൻ പ്രേരിപ്പിക്കുമെന്ന് ഖത്തർ എയർവെയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അക്ബർ അൽ ബേക്കർ പറഞ്ഞു.

കോവിഡ് മൂലം തകർന്നടിഞ്ഞ വ്യോമയാന ഗതാഗത മേഖല വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുകയാണ്. ജീവനക്കാരുടെ ക്ഷാമം മൂലം സർവീസുകൾ റദ്ദാക്കി ബ്രിട്ടീഷ് എയർവെയ്സ് ഉൾപ്പെടെയുള്ള ഒട്ടേറെ വിമാന കമ്പനികൾ വാർത്തകളിൽ സ്ഥാനം പിടിച്ചിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മഹ്സ അമനിയുടെ മരണത്തിൽ പ്രതിഷേധിച്ച് രാജ്യത്ത് പല ഇടങ്ങളിലും കനത്ത പ്രതിഷേധമാണ് ഉയരുന്നത്. ലണ്ടനിലെ ഇറാൻ എംബസിക്ക് പുറത്ത് ഇന്നലെ നടന്ന പ്രതിഷേധ പ്രകടനത്തിനിടയിൽ പോലീസുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടി. ഞായറാഴ്ച ഉച്ചയ്ക്ക് നൈറ്റ്സ് ബ്രിഡ്ജിലെ പ്രിൻസസ് ഗേറ്റിൽ ജനക്കൂട്ടം ഉദ്യോഗസ്ഥർക്ക് നേരെ തിരിഞ്ഞു.

സംഭവത്തിൽ നിരവധി ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ആർക്കും കാര്യമായ പരിക്കില്ലെന്നും, കേസിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഇറാനിലെ ഇസ്ലാമിക റിപ്പബ്ലിക്കിന് മരണം സംഭവിച്ചു എന്ന് ആക്രോശിച്ചാണ് ഇന്നലെ പ്രകടനം നടത്തിയത്. പ്രതിഷേധത്തിന്റെ പരിധികൾ വിട്ടതോടെയാണ് നടപടി എടുത്തതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങൾ പ്രകാരം പ്രതിഷേധക്കാർക്കിടയിൽ തന്നെ വാക്കേറ്റം നടന്നതായി കാണിക്കുന്നുണ്ട്.

ഉദ്യോഗസ്ഥരുമായി കയർത്ത് സംസാരിക്കുകയും മോശമായി മുദ്രാവാക്യം വിളിക്കുന്നതും വ്യക്തമാണ്.
എന്നാൽ മാർബിൾ ആർച്ചിന് സമീപമുള്ള റോഡിൽ നിന്ന് പ്രതിഷേധക്കാരെ നീക്കം ചെയ്യാൻ പോലീസിന് കുറെ പ്രയാസപ്പെടേണ്ടി വന്നു. പ്രതിഷേധക്കാർ കലാപം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് സംഭവത്തിൽ മെറ്റ് പോലീസ് പറഞ്ഞു. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ കാര്യമായ പോലീസ് സാന്നിധ്യം പ്രദേശത്തും പരിസരത്തും തുടരുമെന്നും അധികൃതർ പറയുന്നു.

ഇറാനിൽ, മിസ് അമിനിയുടെ മരണത്തിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 35 പേർ കൊല്ലപ്പെട്ടതായും നിരവധി നഗരങ്ങളിൽ ഏറ്റുമുട്ടലുകൾ തുടരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിന്റെ ഭാഗമായി കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. സ്ത്രീകൾ തലമുടി ഹിജാബും കൈകളും കാലുകളും അയഞ്ഞ വസ്ത്രവും കൊണ്ട് മറയ്ക്കണമെന്ന നിയമം ലംഘിച്ചുവെന്നാരോപിച്ച് അമിനിയെ ഇറാനിൽ തടവിലാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മരണം സംഭവിച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഹഡേഴ്സ് ഫീൽഡിൽ പതിനഞ്ചു വയസ്സുകാരനായ ഖയ്റി മക് ലീനെ കുത്തേറ്റ് മരിച്ച സംഭവത്തിൽ 15 ഉം 16 ഉംവയസ്സുകാരായ രണ്ട് ആൺകുട്ടികൾക്കെതിരെ പോലീസ് കൊലകുറ്റം ചുമത്തി. ബുധനാഴ്ചയാണ് നോർത്ത് ഹഡേഴ്സ് ഫീൽഡ് ട്രസ്റ്റ് സ്കൂളിൻറെ പ്രവേശന കവാടത്തിന് സമീപം ഖയ്റി മക് ലീൻ കുത്തേറ്റ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റ ആൺകുട്ടി ആശുപത്രിയിൽ വച്ചാണ് മരണമടഞ്ഞത്.

ബ്ലേഡ് പോലുള്ള ആയുധങ്ങൾ കൈവശം വച്ചതിനും പ്രതികൾക്കെതിരെ കുറ്റം ചുമത്തപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് വുഡ്ഹൗസ് ഹില്ലിൽ നടന്ന സംഭവത്തിന് ശേഷം ഖയ്റിയെ ലീഡ്സ് ജനറൽ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതികളെ ഇന്ന് ലീഡ്സ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- എലിസബത്ത് രാജ്ഞിയുടെ ചിത്രമുള്ള 20 പൗണ്ടിന്റെയും, 50 പൗണ്ടിന്റെയും പേപ്പർ നോട്ടുകൾ ഇനി ഉപയോഗത്തിൽ ആറ് ദിവസം മാത്രമേ ഉള്ളൂവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. സെപ്റ്റംബർ 30ന് ശേഷം ജനങ്ങൾക്ക് ഈ പേപ്പർ നോട്ടുകൾ ഉപയോഗിച്ച് പണമിടപാടുകൾ നടത്തുവാൻ സാധിക്കുകയില്ല. അതിനാൽ ഇപ്പോൾ തന്നെ ഭൂരിഭാഗം ബാങ്കുകളിലും ഈ നോട്ടുകൾ മാറുവാനുള്ള ജനങ്ങളുടെ നീണ്ട നിര ദൃശ്യമായിട്ടുണ്ട്. ബാങ്കുകളോടൊപ്പം തന്നെ പോസ്റ്റ് ഓഫീസുകളിലും ഇത്തരം നോട്ടുകൾ മാറുവാനുള്ള അവസരമുണ്ടെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കി. നിലവിലുള്ള പേപ്പർ നോട്ടുകൾക്ക് പകരം ഇനി മുതൽ പോളിമർ നോട്ടുകളാകും ഉപയോഗത്തിൽ വരിക. നിലവിൽ തന്നെ ഭൂരിഭാഗം പേപ്പർ നോട്ടുകൾക്ക് പകരം പോളിമർ നോട്ടുകൾ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിലും, 5 ബില്യൺ പൗണ്ട് വിലമതിക്കുന്ന 20 പൗണ്ടിന്റെ പേപ്പർ നോട്ടുകളും, 6 ബില്യൺ പൗണ്ട് വില വരുന്ന 50 പൗണ്ടിന്റെ പേപ്പർ നോട്ടുകളും ഇപ്പോഴും പ്രചാരത്തിൽ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് മൂന്നുമണിവരെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കൗണ്ടർ പ്രവർത്തിക്കുമെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. എന്നാൽ നിലവിൽ നീണ്ട നിരകൾ ഉള്ളതിനാൽ ജനങ്ങൾ അതിനനുസരിച്ച് എത്തണമെന്ന് ബാങ്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. ഉടൻതന്നെ നോട്ടുകൾ ആവശ്യമില്ലാത്തവർ തങ്ങളുടെ നോട്ടുകൾ പോസ്റ്റിൽ ആക്കി ബാങ്കിന് അയക്കാവുന്നതാണെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ എൻഎച്ച്എസ്സിലൂടെ ഒരു ഡെന്റിസ്റ്റിന് അപ്പോയിൻമെന്റ് ലഭിക്കുക എന്നത് അസംഭവ്യമായ കാര്യമായി മാറിയതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനാൽ തന്നെ നിരവധി പേർ തങ്ങളുടെ ആവശ്യങ്ങൾക്ക് പ്രൈവറ്റ് ക്ലിനിക്കുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് ബ്രിട്ടനിൽ നിലനിൽക്കുന്നത്. റേച്ചൽ ബ്ലെറ്റ്ച് ലി എന്ന ലേഖിക മിറർ പത്രത്തിൽ എഴുതിയ വിശദമായ ലേഖനത്തിലാണ് എൻഎച്ച്എസിലെ നിലവിലെ അരക്ഷിതാവസ്ഥ തുറന്നുകാട്ടിയിരിക്കുന്നത്. പണ്ട് തന്റെ മുത്തശ്ശന്റെ സമയത്ത് പല്ല് സ്വയം പറിക്കേണ്ട സാഹചര്യമുണ്ടായിരുന്നതായും, എന്നാൽ അതേ നിസ്സഹായ അവസ്ഥയാണ് ഇപ്പോൾ ബ്രിട്ടനിലെ ജനങ്ങൾ അനുഭവിക്കുന്നതെന്ന് അവർ തുറന്നു പറഞ്ഞു. എന്നാൽ പ്രൈവറ്റ് ചികിത്സ താങ്ങാൻ ആകാത്തവർക്ക് യാതൊരുവിധ സാഹചര്യങ്ങളും ഇല്ലെന്ന് ബ്രിട്ടീഷ് ഡെന്റൽ അസോസിയേഷൻ ചെയർമാൻ എഡ്ഢി ക്രൗച്ച് വ്യക്തമാക്കി. പ്രൈവറ്റ് ക്ലിനിക്കുകളിൽ കൂടുതൽ ചിലവായതിനാൽ പലപ്പോഴും ആളുകൾ താൽക്കാലിക മാർഗ്ഗങ്ങൾ മാത്രമാണ് സ്വീകരിക്കുന്നതെന്നും ഡോക്ടർമാർ വ്യക്തമാക്കി.

അതിനാൽ തന്നെ നിലവിലെ സാഹചര്യം പരിഹരിക്കുന്നതിന് എൻഎച്ച്എസ് ശക്തമായ മാറ്റങ്ങൾ കൊണ്ടുവരണം എന്നാണ് ലേഖനത്തിൽ റേച്ചൽ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ലേഖികയുടെ ആവശ്യം ഒരാളുടെ മാത്രം സ്വരമല്ല, മറിച്ച് ബ്രിട്ടനിലെ ഓരോ സാധാരണക്കാരുടെയും ആവശ്യമാണ്. നിലവിലെ സാഹചര്യത്തിൽ ഗവൺമെന്റിൻെറ ഭാഗത്തുനിന്നും ശക്തമായ നടപടികൾ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ വേർപാടിനു ശേഷം നിരവധി വാർത്തകളാണ് പുറത്തുവരുന്നത്. ഫിലിപ്പ് രാജകുമാരന്റെ മരണത്തിന് ശേഷം രാജ്ഞിയുടെ ഹൃദയം തകർന്നിരുന്നു എന്നാണ് ഇപ്പോൾ പുറത്തു വരുന്നത്. കഴിഞ്ഞ വർഷം ഫിലിപ്പിന്റെ മരണത്തെത്തുടർന്ന് രാജ്ഞി മാറിപ്പോയെന്ന് റോയൽ എഴുത്തുകാരി കാറ്റി നിക്കോൾ അവകാശപ്പെടുന്നു.

കഴിഞ്ഞ വർഷം ഏപ്രിലിൽ അദ്ദേഹം മരിച്ചതിന് ശേഷം രാജ്ഞി പഴയത് പോലെയായിരുന്നില്ല എന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ഫിലിപ്പ് രാജ്ഞിയുടെ ബലവും ആശ്രയവും ഫിലിപ്പ് ആയിരുന്നെന്നും ദി ന്യൂ റോയൽസ് ക്വീൻ എലിസബത്തിന്റെ ലെഗസി ആൻഡ് ദി ഫ്യൂച്ചർ ഓഫ് ദി ക്രൗണിന്റെ രചയിതാവ് കൂടിയായ കാറ്റി നിക്കോൾ പറഞ്ഞു.

“ഫിലിപ്പ് പോയതിന് ശേഷം രാജ്ഞി ഒരിക്കലും സന്തോഷിച്ചിട്ടില്ല. ” എന്റർടൈൻമെന്റ് ടുനൈറ്റിൽ സംസാരിക്കുമ്പോഴാണ് കാറ്റി നിക്കോളിന്റെ പ്രതികരണം. ജീവിതത്തിൽ രാജ്ഞി ചെയ്ത എല്ലാ കാര്യങ്ങളിലും ഫിലിപ്പ് അവരെ പിന്തുണച്ചെന്നും ഫിലിപ്പിന്റെ പിന്തുണയില്ലാതെ അവൾ രാജ്ഞിയാകില്ലെന്ന് പറയുന്നത് ന്യായമാണെന്ന് ഞാൻ കരുതുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

തിങ്കളാഴ്ച വിൻഡ്‌സർ കാസിലിലെ സെന്റ് ജോർജ്ജ് ചാപ്പലിന്റെ ഭാഗമായ കിംഗ് ജോർജ്ജ് ആറാമൻ മെമ്മോറിയൽ ചാപ്പലിൽ നടന്ന ചടങ്ങിനെത്തുടർന്ന്, രാജ്ഞിയുടെ അന്ത്യ വിശ്രമസ്ഥലത്ത് സ്ലാബ് സ്ഥാപിച്ചത് എങ്ങനെയെന്ന് അധികൃതർ പറഞ്ഞതായി റോയൽ മെയിൽ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. തറയിൽ ആലേഖനം ചെയ്ത സ്ലാബിൽ രാജ്ഞിയുടെ മാതാപിതാക്കളുടെ ചിത്രം ആലേഖനം ചെയ്തിരുന്നു. ഇപ്പോൾ അവയോടൊപ്പം ഭർത്താവിന്റെ വിവരങ്ങളും ചേർത്തിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : അന്തരിച്ച ഭാര്യയുടെ സ്മരണയ്ക്കായി ഹാഫ് മാരത്തൺ നടത്തുന്ന 93 കാരൻ ഇന്ന് മാധ്യമങ്ങളിൽ ഇടം നേടുകയാണ്. നീൽ നോർമൻ എന്നയാൾ സ്വന്തം എസ്റ്റേറ്റിന് ചുറ്റുമാണ് മാരത്തൺ നടത്തുന്നത്. നോർമന്റെ ആദ്യ ലക്ഷ്യം അൽഷിമേഴ്‌സ് സൊസൈറ്റിക്ക് വേണ്ടി 100 പൗണ്ട് സമാഹരിക്കുക എന്നതായിരുന്നു. ഇതിലൂടെ നിരവധിയാളുകളെ സഹായിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു.

2020 ഡിസംബറിൽ 88 ആം വയസ്സിൽ കോവിഡ് ബാധിച്ചാണ് ഭാര്യ മരിച്ചത്. ഇതിനു മുൻപ് ഡിമെൻഷ്യ രോഗബാധിതയാകുകയും ചെയ്തു. സ്വാൻസീയിലെ കാസ്‌വെല്ലിലുള്ള ഹവർഗൽ ക്ലോസിൽ 100-ാം ലാപ്പിലാണ് ഇപ്പോൾ. ഏകദേശം 13 മൈൽ ദൂരം സഞ്ചരിച്ചുകഴിഞ്ഞു.

സന്ധിവാതവും കാൽമുട്ടും പ്രയാസത്തിലാക്കിയപ്പോൾ ആശ്വാസമായത് വാക്കറാണെന്നും അദ്ദേഹം പറഞ്ഞു. പാൻഡെമിക് സമയത്ത് തന്റെ ഫണ്ട് ശേഖരണം വെല്ലുവിളിയായി മാറിയപ്പോൾ അദ്ദേഹം തന്റെ കുടുംബത്തിന് സന്ദേശമയച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അതിനുശേഷമാണ് ധനസമാഹരണം ഊർജിതമായതെന്നും കൂട്ടിചേർത്തു. 100-ാം ലാപ്പ് പൂർത്തിയാക്കുമ്പോൾ അദ്ദേഹത്തിന്റെ കുടുംബം അദ്ദേഹത്തോടൊപ്പമുണ്ടാകും. എന്നാൽ ഇപ്പോഴും പ്രചോദനവും പ്രത്യാശയും നൽകുന്നത് 66 വയസ്സുള്ള ഭാര്യ ആനിയാണ്. അവർ മരിച്ചിട്ടില്ലെന്ന് അദ്ദേഹം തെളിയിക്കുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ വർദ്ധിച്ചു വരുന്ന പണപ്പെരുപ്പം നിയന്ത്രിക്കുവാൻ ചാൻസിലർ ക്വാസി ക്വാർടെങ് പ്രഖ്യാപിച്ച നടപടികൾ പണക്കാരെ മാത്രമേ സഹായിക്കുകയുള്ളൂ എന്ന് ലേബർ പാർട്ടി കുറ്റപ്പെടുത്തിയിരിക്കുകയാണ്. നിലവിൽ ചാൻസിലർ പ്രഖ്യാപിച്ചിരിക്കുന്ന ടാക്സ് കുറവുകൾ 10% വരുന്ന സമ്പന്നരായ കുടുംബാംഗങ്ങൾക്ക് മാത്രമാണ് സഹായകരമാകുന്നത് എന്ന് ലേബർ പാർട്ടി ഡെപ്യൂട്ടി നേതാവ് എയ്ഞ്ചല റേയ്നർ കുറ്റപ്പെടുത്തി. എന്നാൽ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന നടപടികൾ സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുന്നതാണെന്ന് ട്രഷറി ചീഫ് സെക്രട്ടറി ക്രിസ് ഫിലിപ്പ് വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചാൻസലർ ക്വാസി ക്വാർടെങ് കഴിഞ്ഞ 50 വർഷം ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടാക്സ് വെട്ടി ചുരുക്കലുകൾ പ്രഖ്യാപിച്ചത്. 45 ബില്യൺ പൗണ്ടോളം തുകയുടെ നികുതി കുറവുകളാണ് മിനി ബഡ്ജറ്റിൽ ചാൻസലർ പ്രഖ്യാപിച്ചത്. ഇതോടൊപ്പം തന്നെ സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കാനും, നാഷണൽ ഇൻഷുറൻസിലുള്ള വർദ്ധന മരവിപ്പിക്കാനുമുള്ള തീരുമാനം ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. യുകെ ഇതിനോടകം തന്നെ മാന്ദ്യത്തിലായിരിക്കുകയാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകുകയും പലിശ നിരക്ക് 2.25% ആയി ഉയർത്തുകയും ചെയ്തതിന് പിന്നാലെയാണ് ചാൻസിലറുടെ പ്രഖ്യാപനങ്ങൾ. 155,000 പൗണ്ടിൽ കൂടുതൽ സമ്പാദിക്കുന്നവർക്ക് മാത്രമേ നിലവിലെ നികുതി നയങ്ങളിൽ നിന്ന് എന്തെങ്കിലും ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂവെന്ന വസ്തുതയാണ് കുറ്റപ്പെടുത്തലുകൾക്ക് വഴിതെളിച്ചിരിക്കുന്നത്.

എന്നാൽ ഇതൊരു സാമ്പത്തിക ഉദ്ദേജന പാക്കേജാണെന്നും ഇതുവഴി ബ്രിട്ടന്റെ സാമ്പത്തിക രംഗത്ത് കാര്യമായ വളർച്ചയുണ്ടാകുമെന്നുമാണ് ഗവൺമെന്റ് അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ ഇത്തരം നടപടികൾ പ്രഖ്യാപിച്ചതിന്റെ പ്രതിഫലനമായി യുകെ സ്റ്റോക്ക് മാർക്കറ്റുകൾ ഇടിയുകയാണ് ഉണ്ടായത്. നിലവിലെ സാഹചര്യത്തിൽ ബ്രിട്ടന്റെ സാമ്പത്തിക രംഗത്ത് എന്തുതരം പ്രതിഫലനം ഉണ്ടാകുമെന്ന ആശങ്കയിലാണ് സാമ്പത്തിക വിദഗ്ധർ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ വേർപാടിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി ഒരു പുസ്തകം രംഗത്ത് വന്നിരിക്കുകയാണ്. ജോർജ് രാജകുമാരന് 18 വയസ്സ് തികയുമ്പോൾ നേതൃസ്ഥാനത്ത് പുതിയൊരാൾ എത്തുമെന്നത് നിശ്ചയമായിരുന്നു എന്നാണ് പുസ്തകം അവകാശപ്പെടുന്നത്. ഹാരി മേഗനേ കണ്ടുമുട്ടുന്നതിനു മുൻപ് പല പ്രശ്നങ്ങൾ അലട്ടിയിരുന്നതായും പുസ്തകം പറയുന്നുണ്ട്.

വാലന്റൈൻ ലോ എഴുതിയ കോർട്ടിയേഴ്സ്: ദി ഹിഡൻ പവർ ബിഹൈൻഡ് ദി ക്രൗൺ എന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങൾ പരാമർശിച്ചിരിക്കുന്നത്. വില്യം, കേറ്റ് എന്നിവരിൽ നിന്ന് വ്യത്യസ്തമായി കാര്യങ്ങൾ ചെയ്യുമ്പോൾ നേരിടേണ്ടി വന്നിരുന്ന പ്രശ്നങ്ങളെയും ഇതിൽ പരോക്ഷമായി പരാമർശിക്കുന്നുണ്ട്. ടൈംസ് ആണ് പ്രസാധകർ.

ജീവനക്കാരോട് മേഗന്റെ പെരുമാറ്റത്തെക്കുറിച്ചും പുസ്തകം അവകാശവാദമുന്നയിക്കുന്നു. ഒരു അവസരത്തിൽ, സസെക്‌സിലെ ഡച്ചസ്, സഹപ്രവർത്തകരുടെ മുന്നിൽ വെച്ച് ജീവനക്കാരിയായ യുവതി തയ്യാറാക്കിയ പദ്ധതിയെ ശക്തമായി വിമർശിച്ചതായി പറയപ്പെടുന്നു. സ്ത്രീ പൊട്ടിക്കരഞ്ഞതായും പുസ്തകം അവകാശപ്പെടുന്നു.

അതേസമയം മേഗനും ഹാരിയും യൂ എസിലേക്ക് മാറിയെങ്കിലും ഇരുവരുടെയും പിന്തുണ രാജവാഴ്ച്ചയ്ക്കായിരുന്നെന്നും സർവേകൾ സാക്ഷ്യപ്പെടുത്തുന്നു. രാജ്ഞിയുടെ മരണശേഷം കൂടുതൽ പിന്തുണയും സ്വീകാര്യതയും ലഭിക്കുന്നുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു.

RECENT POSTS
Copyright © . All rights reserved