ബിർമിങ്ഹാം : 4×400 മീറ്റർ റിലേയിൽ ഇംഗ്ലണ്ടിന് കടുത്ത നിരാശ. ഏറ്റവും കടുപ്പമേറിയ ഫിനിഷിംഗ് നടത്തി ഒന്നാമതെത്തിയെങ്കിലും ലെയ്ൻ ലംഘനം ( lane infringement) നടത്തിയെന്ന് ഉദ്യോഗസ്ഥർ വിധിച്ചതിനെത്തുടർന്ന് ഇംഗ്ലണ്ടിന് സ്വർണം നിഷേധിക്കപ്പെട്ടു. ഓടുന്നതിനിടയിൽ മറ്റൊരാളുടെ പാതയിലേക്ക് കടക്കുന്നതിനെയാണ് ലെയ്ൻ ഇൻഫ്രിഞ്ച്മെന്റ് എന്ന് പറയുന്നത്.
കാനഡയുടെ കൈറ കോൺസ്റ്റന്റൈനേക്കാൾ ഒരു മില്ലി സെക്കന്റ് വ്യത്യാസത്തിൽ ഇംഗ്ലണ്ടിന്റെ ജെസ്സി നൈറ്റ് ഫിനിഷ് ചെയ്തെങ്കിലും ഭാഗ്യം തുണച്ചില്ല. ഇംഗ്ലണ്ട് 3:25:83, കാനഡ 3:25:84 എന്നീ സമയത്തിലാണ് ഫിനിഷ് ചെയ്തത്. എങ്കിലും ഇംഗ്ലണ്ട് ടീം അയോഗ്യരാക്കപ്പെട്ടു. ബാറ്റൺ സ്വീകരിക്കുമ്പോൾ ജോഡി വില്യംസിന്റെ കാൽ തൊട്ടടുത്ത ലെയ്നിലേക്ക് തെന്നിമാറിയതാണ് കാരണം.
ഇതോടെ കാനഡ സ്വർണം നേടി. ജമൈക്ക വെള്ളിയും സ്കോട്ട്ലൻഡ് വെങ്കലവും കരസ്ഥമാക്കി. വിക്ടോറിയ ഒഹുറൂഗു, വില്യംസ്, അമാ പിപ്പി എന്നിവരെല്ലാം മികച്ച പ്രകടനം നടത്തി. ഫോട്ടോഫിനിഷിൽ ഇംഗ്ലണ്ട് സ്വർണത്തിലേക്ക് എത്തിയെങ്കിലും വിധി മറ്റൊന്നായിരുന്നു. അയോഗ്യരാക്കിയതോടെ ടീം ഏറ്റവും അവസാന സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
പടിഞ്ഞാറൻ ലണ്ടൻ നഗരത്തിൽ വൻ തീപിടുത്തം. ഫെൻത്തമിലെ ഹീത്രു വിമാനത്താവളത്തിൽ നിന്ന് രണ്ട് മൈലിൽ താഴെ മാത്രമാണ് വൻ അഗ്നിബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അഗ്നിബാധ ഉണ്ടായ സ്ഥലത്തിന് അടുത്ത് താമസിക്കുന്ന ചിലർ വലിയ ഒരു സ്ഫോടനം കേട്ടതായി സോഷ്യൽ മീഡിയയിൽ റിപ്പോർട്ട് ചെയ്തു.
അഗ്നിബാധയെ തുടർന്ന് ഇതുവരെ പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 60 ഓളം ആളുകളെ സംഭവസ്ഥലത്തു നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. 70 ഓളം അഗ്‌നി ശമന സേനാംഗങ്ങളും പോലീസും ആണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഫയർഫോഴ്സിന്റെ കഠിനാധ്വാനം 30 ഓളം വീടുകളെ അഗ്നിബാധയിൽ നിന്ന് രക്ഷപ്പെടുത്തിയതായി സ്റ്റേഷൻ കമാൻഡർ ടാമർ ഓസ്‌ഡെമിർ പറഞ്ഞു. അഗ്നിബാധയുടെ ദൃശ്യങ്ങൾ വിമാനത്തിലിരുന്ന യാത്രക്കാർ പകർത്തിയതാണ് വ്യാപകമായ രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ഗ്രാമീണ പാതകളിലെ അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള പുതിയ പദ്ധതി പ്രകാരം ലണ്ടന് സമീപമുള്ള കൺട്രി റോഡുകളിൽ ഇനി ഡ്രൈവർമാർ വേഗത കുറയ് ക്കേണ്ടി വരും. സറേ ഹിൽസിലെ വേഗ പരിധി 60എംപിഎച്ചിൽ നിന്ന് മുതൽ 20/ 30 എംപിഎച്ച് വരെ കുറയ്ക്കുമെന്ന് കൗണ്ടി കൗൺസിൽ അറിയിച്ചു. 2011-ൽ, റോഡപകട മരണങ്ങളിൽ പകുതിയിലേറെയും 60 മൈൽ വേഗപരിധിയുള്ള ഗ്രാമീണ റോഡുകളിലാണ് സംഭവിച്ചതെന്ന് ഡിഎഫ് ടി പറയുന്നു. ഗതാഗത വകുപ്പിന്റെ കണക്കനുസരിച്ച് ബ്രിട്ടീഷ് റോഡുകളിലെ മരണങ്ങളിൽ ഭൂരിഭാഗവും (57 ശതമാനം) ഗ്രാമപ്രദേശങ്ങളിലാണ് സംഭവിക്കുന്നത്.
2021-ൽ യുകെയിലെ റോഡ് അപകടങ്ങളിൽ 1,560 പേർ കൊല്ലപ്പെട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു. ഗ്രാമപ്രദേശങ്ങളിൽ വേഗത 20 മൈലായി കുറച്ചത് അസാധാരണമാണെന്നും പ്രധാന പാതകളിൽ അപകടം കൂടി വരികയാണെന്നും പാർലമെന്ററി അഡ്വൈസറി കൗൺസിൽ ഫോർ ട്രാൻസ്‌പോർട്ട് സേഫ്റ്റി (പാക്‌ടിഎസ്) ഡയറക്ടർ ഡേവിഡ് ഡേവീസ് പറഞ്ഞു.
സറേ, സസെക്‌സ് പോലീസ് ഈ പദ്ധതിയെ അനുകൂലിക്കുന്നുണ്ട്. ദേശീയ വേഗ പരിധിയിൽ നിന്ന് വ്യത്യസ്തമായ വേഗ പരിധി ആവശ്യമെങ്കിൽ കൗൺസിലുകൾക്ക് തീരുമാനം എടുക്കാമെന്ന് ഗതാഗത വകുപ്പ് പറയുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : സാമ്പത്തിക മാന്ദ്യം ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗം നികുതി കുറയ്ക്കുകയാണെന്ന് ലിസ് ട്രസ്. ഉയർന്ന എനർജി ബില്ലുകൾ മൂലം ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് സഹായം ഉറപ്പാക്കും. നികുതി കുറയ്ക്കുന്നത് ജീവിതച്ചെലവ് പ്രതിസന്ധി ലഘൂകരിക്കാൻ സഹായിക്കുമെന്നും ട്രസ് പറഞ്ഞു. നാഷണൽ ഇൻഷുറൻസ് വർദ്ധന ഒഴിവാക്കുമെന്നും അവർ ഉറപ്പ് നൽകി. ഒക്ടോബറിൽ എനർജി ബില്ലുകൾ വീണ്ടും ഉയരുമെന്നിരിക്കെ കുടുംബങ്ങളെ എങ്ങനെ സഹായിക്കുമെന്ന ചോദ്യത്തോടായിരുന്നു പ്രതികരണം.
27 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് പലിശ എത്തിയതിനാൽ രാജ്യം മാന്ദ്യത്തിലേക്ക് വീഴുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, പണപ്പെരുപ്പ തോത് ഉയരാതെ പിടിച്ചുനിർത്തുന്നതിലാണ് തന്റെ ശ്രദ്ധയെന്ന് ഋഷി സുനക് പറഞ്ഞു.
ലിസ് ട്രസിന്റെ പദ്ധതികൾ പെൻഷൻകാരെയും കുറഞ്ഞ വരുമാനമുള്ളവരെയും സഹായിക്കില്ലെന്ന് സുനക് കുറ്റപ്പെടുത്തി. പണപ്പെരുപ്പം വേഗത്തിൽ നിയന്ത്രണവിധേയമാക്കിയില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ ടോറി പാർട്ടിയുടെ അവസ്ഥ പരുങ്ങലിലാകുമെന്ന് സുനക് മുന്നറിയിപ്പ് നൽകി. വിലക്കയറ്റം തുടരുന്നതിനാൽ അടുത്ത തിരഞ്ഞെടുപ്പിൽ ഞങ്ങൾ വിജയിക്കുമെന്ന പ്രതീക്ഷയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കുരങ്ങുവസൂരി കേസുകൾ രാജ്യത്തെ എല്ലാ മേഖലകളിലും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലും വൈറസിനെതിരായ വാക്സിനേഷൻ ക്യാമ്പയിനുകൾ ഇതുവരെയും ഊർജിതമാക്കിയിട്ടില്ല എന്ന മുന്നറിയിപ്പുമായി വിദഗ്ധർ. ശരീരത്തിൽ വേദനാജനകമായ കുമിളകൾക്ക് കാരണമാകുന്ന വൈറസ് മെയ് മാസം യുകെയിൽ ആദ്യം റിപ്പോർട്ട് ചെയ്തപ്പോൾ ഭൂരിഭാഗം അണുബാധ കേസുകളും രേഖപ്പെടുത്തിയത് ലണ്ടനിലാണ്. നിലവിൽ 2,800 -ലധികം കേസുകൾ റിപ്പോർട്ട് ചെയ്‌തതിൽ മൂന്നിലൊന്നും ലണ്ടണിന് പുറത്തുള്ള പ്രദേശങ്ങളിൽ നിന്നാണ്. നിലവിൽ രോഗികളുടെ എണ്ണം കൂടുതലായി രേഖപ്പെടുത്തിയത് സൗത്ത് ഈസ്റ്റിലും നോർത്ത് വെസ്റ്റിലും ആണ്. സൗത്ത് ഈസ്റ്റിൽ 230 കേസുകൾ രേഖപ്പെടുത്തിയപ്പോൾ നോർത്ത് വെസ്റ്റിൽ 150 കേസുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
നിലവിൽ കുരങ്ങ് വസൂരി പ്രധാനമായും ബാധിച്ചിരിക്കുന്നത് സ്വവർഗ്ഗ അനുരാഗികളായ പുരുഷന്മാരിലാണ്. ഇവരുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് രോഗം പടരുന്നത്. എന്നാൽ വാക്സിൻ സ്വീകരിക്കുന്നത് കർശനമാക്കുമ്പോൾ അപകട സാധ്യതയുള്ള പുരുഷന്മാർക്ക് ഇവ സ്വീകരിക്കുവാൻ കഴിയാതെ വരാം എന്ന് ലൈംഗിക ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. വസൂരിയുടെ വൈറസുകളുമായി കുരങ്ങ് വസൂരിയുടെ വൈറസിന് സാമ്യമുള്ളതിനാൽ നിലവിൽ വസൂരിയുടെ വാക്സിനേഷൻ ആണ് നൽകുന്നത്. വാക്സിനേഷൻ ക്യാമ്പയിനുകൾ ഉടനെ തന്നെ നടത്തണമെന്നും വൈറസ് കുട്ടികളിലേയ്ക്കോ ഗർഭിണികളിലേയ്ക്കോ എത്തിയാൽ അത് മാരകമായി അവരെ ബാധിച്ചേക്കാം എന്നും ശാസ്ത്രജ്ഞർ പറഞ്ഞു.
കഴിഞ്ഞ ആഴ്ച 6,600 -ലധികം കുരങ്ങു വസൂരി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ യുഎസിൽ പൊതുജനങ്ങളുടെ ആരോഗ്യത്തെ കണക്കിലെടുത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇവിടെ റിപ്പോർട്ട് ചെയ്ത കേസുകളിൽ അഞ്ചു കുട്ടികളും ഒരു ഗർഭിണിയും ഉൾപ്പെടുന്നു. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ ഒന്നും തന്നെ ജീവന് ഭീഷണിയായ രീതിയിൽ രോഗം മൂർച്ഛിച്ചിട്ടില്ലെങ്കിലും ലോകത്താകമാനം ഈ രോഗം മൂലം പത്ത് പേർ മരണപ്പെട്ടിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കോമൺവെൽത്ത് ഗെയിമിൽ മത്സരിക്കുന്ന ഇംഗ്ലണ്ട് വനിതാ കായികതാരങ്ങളുടെ നഗ്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്നവരുടെ കൂട്ടത്തിൽ ജർമ്മനിക്കെതിരെ യൂറോ വിജയം നേടാനായി ടീമിൽ ഉൾപ്പെടുന്നവരും കോമൺവെൽത്ത് ഗെയിമിൽ പങ്കെടുക്കുന്നവരുമായ വനിതാ കായിക താരങ്ങൾ ഉണ്ട് . പലരുടെയും ദൃശ്യങ്ങൾ അവരുടെ സമ്മതമില്ലാതെ വ്യാപകമായി വാട്സ്ആപ്പ് വഴി പങ്കുവയ്ക്കപ്പെടുന്നതായാണ് കണ്ടെത്തിയത്.
എല്ലാ ഫോട്ടോഗ്രാഫികളും ഹോട്ടൽ മുറികളിലും ഷവർ ഏരിയകൾ പോലെ കാണപ്പെടുന്ന സ്ഥലത്തുവച്ചാണ് എടുത്തിരിക്കുന്നത്. മത്സരരംഗത്ത് ഉജ്ജല ഫോമിൽ നിൽക്കുന്ന കളിക്കാരുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് അവരെ മാനസികമായി തകർക്കാനാണെന്നാണ് കരുതുന്നത്. ഫോട്ടോകൾ പ്രചരിപ്പിക്കുകയും പങ്കിടുകയും ചെയ്യുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നു വന്നിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ബംഗ്ലാദേശിൽ കാർബൺ മോണോക്‌സൈഡ് വിഷബാധയേറ്റ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു . ഏറ്റവും ഒടുവിലായി ഇരുപതുകാരിയായ സമീറ ഇസ്ലാം മരണമടഞ്ഞതോടെയാണ് മരണസംഖ്യ മൂന്നായി ഉയർന്നത് . നേരത്തെ സമീറ ഇസ്ലാമിൻെറ പിതാവ് റഫീഖുല്ലും ,സഹോദരൻ മഹിഖുല്ലും നേരത്തെ മരണമടഞ്ഞിരുന്നു . ജൂലൈ 26 – ന് ഫ്ലാറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അച്ഛനും മകനും മരണമടഞ്ഞിരുന്നു . സമീറ ഇസ്ലാം മരണം വരിച്ചത് ഇന്നലെയാണ് .
മൂവരുടെയും മരണത്തെ കുറിച്ച് കൂടുതലായി അന്വേഷിച്ചു വരുകയാണെന്ന് പോലീസ് അറിയിച്ചു . ഗ്യാസ് വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് സംശയിക്കപ്പെടുന്നത് . സമീറയുടെ മറ്റൊരു സഹോദരൻ സാദിഖുലും അമ്മ ഹുസ്‌നാര ബീഗവും ഫ്‌ളാറ്റിൽ ഉണ്ടായിരുന്നെങ്കിലും ഇവരെ ആശുപത്രിയിൽ നിന്ന് സുഖം പ്രാപിച്ച് വിട്ടയച്ചതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട് . തങ്ങൾ താമസിക്കുന്ന സ്ഥലത്ത് വൈദ്യുതി തകരാറിലായെന്നും അതുകാരണം ജനറേറ്റർ ഉപയോഗിച്ചതായി ഹുസ്‌നാരയും സാദിഖും ഉദ്യോഗസ്ഥരോട് പറഞ്ഞതായും റിപ്പോർട്ടുണ്ട്. ഇതായിരിക്കും കുടുംബം വിഷവാതകം ശ്വസിക്കാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ദരിദ്ര നഗരങ്ങൾക്കുള്ള ധനസഹായം സമ്പന്ന പട്ടണങ്ങളിലേക്ക് വഴിതിരിച്ചുവിടാൻ താൻ പ്രവർത്തിച്ചുവെന്ന് ഋഷി സുനക്ക് പറയുന്ന ദൃശ്യം പുറത്തുവന്നത് വലിയ വിവാദങ്ങൾക്ക് കാരണമായി. ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയാകാൻ സാധ്യതയുള്ള സുനകിന് ഇത് വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. ടൺബ്രിഡ്ജ് വെൽസ് പോലുള്ള പ്രദേശങ്ങൾക്ക് ‘അർഹിക്കുന്ന ഫണ്ടിംഗ്’ ലഭിക്കാൻ ചാൻസലറായിരിക്കുമ്പോൾ താൻ പൊതു ഫണ്ടിംഗ് ഫോർമുലകൾ മാറ്റാൻ തുടങ്ങിയെന്ന് സുനക് പറയുന്ന ദൃശ്യം ന്യൂ സ്‌റ്റേറ്റ്‌സ്‌മാൻ മാഗസിൻ ആണ് പുറത്തുവിട്ടത്. ജൂലൈ 29നായിരുന്നു ഈ വിവാദ പ്രസ്താവന.
ഒരു രാഷ്ട്രീയക്കാരനിൽ നിന്ന് ഞാൻ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വിചിത്രമായ പ്രസ്താവന ആണിതെന്ന് വിദേശകാര്യ മന്ത്രി ലോർഡ് സാക്ക് ഗോൾഡ്സ്മിത്ത് പറഞ്ഞു. ടോറി നേതാക്കളുടെ “തനിനിറം” ഇപ്പോൾ വെളിപ്പെടുത്തുകയാണെന്ന് ലേബർ പാർട്ടി കുറ്റപ്പെടുത്തി. അതേസമയം, ലെവലിംഗ് അപ്പ് ഫണ്ടിന്റെ ആമുഖത്തെ പരാമർശിച്ചായിരുന്നു ഈ അഭിപ്രായമെന്ന് സുനക്കിന്റെ ടീം പറഞ്ഞു.
ലിസ് ട്രസിനെതിരെ നിലയുറപ്പിക്കാൻ സുനക് ശ്രമിക്കുന്നതിനിടെയാണ് ഈ പരാമർശം തിരിച്ചടിയാവുന്നത്. “ഇത് അപകീർത്തികരമാണ്. നികുതിദായകരുടെ പണം സമ്പന്ന നഗരങ്ങൾക്ക് നൽകുമെന്ന് സുനക് പരസ്യമായി വീമ്പിളക്കുകയാണ്.” ലേബറിന്റെ ഷാഡോ ലെവലിംഗ് അപ്പ് സെക്രട്ടറി ലിസ നാന്ദി പ്രതികരിച്ചു. ഇതിന് പിന്നാലെയുള്ള വിവാദങ്ങൾ വരും ദിവസങ്ങളിലും ഉയർന്നാൽ സുനകിന്റെ നില കൂടുതൽ പരുങ്ങലിലാകും.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെയിൽ ഉടനീളം എൻ എച്ച് എസ് സേവനങ്ങളെ ബാധിച്ച സോഫ്റ്റ്‌വെയർ തകരാറ് സൈബർ ആക്രമണം ആണെന്ന് സ്ഥിരീകരിച്ചു. എൻ എച്ച് എസ് 111-ന് ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന സ്ഥാപനമായ അഡ്വാൻസ്ഡ് വ്യാഴാഴ്ച രാവിലെ ഏഴു മണിക്കാണ് ആക്രമണം നടന്നതെന്ന് പറഞ്ഞു. ആക്രമണം മണിക്കൂറുകളോളം ഫോൺ സേവനത്തെയും ഇലക്ട്രോണിക് റെഫറലുകളേയും ബാധിച്ചിരുന്നു. ഈ സൈബർ ആക്രമണത്തെ പറ്റി തങ്ങൾക്ക് വിവരം ലഭിച്ചിരുന്നുവെന്നും അഡ്വാൻസ്ഡുമായി ചേർന്ന് അന്വേഷിക്കുകയായിരുന്നുവെന്നും നാഷണൽ ക്രൈം ഏജൻസി വ്യക്തമാക്കി. സുരക്ഷാ പ്രശ്നം ഇന്നലെ തിരിച്ചറിഞ്ഞതോടുകൂടി സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് അഡ്വാൻസ്ഡിൻെറ തലവൻ സൈമൺ ഷോർട്ട് പറഞ്ഞു. തങ്ങളുടെ അടുത്തേക്ക് എൻ എച്ച് എസ് 111 റഫർ ചെയ്യുന്ന രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതായി കാണുമെന്നും ഇത് സാങ്കേതിക പ്രശ്നമാണെന്നും നേരത്തെ തന്നെ എൻ എച്ച് എസ് ഇംഗ്ലണ്ട് ഫാമിലി ഡോക്ടർമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ജിപി മാർക്ക് അയച്ച കത്തുകളിൽ ഇലക്ട്രോണിക് റഫറുകളിൽ ഉണ്ടായ സാങ്കേതിക തകരാർ രോഗികളെ റഫർ ചെയ്യുന്ന സംവിധാനത്തെ ബാധിച്ചതായി പറയുന്നു.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഈ തകരാർ ഉടനെ പരിഹരിച്ചില്ലെങ്കിൽ യുകെയിലെ നാലു രാജ്യങ്ങളെയും ബാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. നിലവിൽ ചെറിയ തടസ്സങ്ങൾ നേരിടുന്നുണ്ടെങ്കിലും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും എൻഎച്ച്എസ് ഇംഗ്ലണ്ട് വക്താവ് പറഞ്ഞു. എൻ എച്ച് എസ് 111 സേവനങ്ങൾ ഇപ്പോഴും ലഭ്യമാണെന്നും എന്നാൽ അടിയന്തര ആവശ്യങ്ങൾക്ക് 999 എന്ന നമ്പറിൽ വിളിക്കുക എന്നും അവർ കൂട്ടിച്ചേർത്തു. നിലവിൽ സൈബർ ആക്രമണം മൂലം ചെറിയ തടസ്സങ്ങളാണ് ഉണ്ടായിരിക്കുന്നത്. സോഫ്റ്റ്‌വെയർ സിസ്റ്റത്തിലുള്ള പ്രശ്നങ്ങൾ എത്രയും വേഗം തന്നെ പരിഹരിക്കാൻ അഡ്വാൻസ്ഡ് പ്രവർത്തിക്കുന്നുണ്ടെന്നും എൻ എച്ച് എസ് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരുമെന്നും അധികൃതർ അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ലോകമെമ്പാടുമുള്ള അവിസ്മരണീയ ചരിത്ര നേട്ടങ്ങളുടെ പട്ടികയിൽ എപ്പോഴും ഒരു മലയാളി സാന്നിധ്യം ഉണ്ടാകുമെന്ന പ്രസ്താവനയെ അന്വർത്ഥമാക്കിക്കൊണ്ട് 2022 ൽ ബ്രിട്ടനിലെ ബിർമിങ്‌ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിന്റെ സംഘാടകസമിതിയിലും മലയാളി സാന്നിധ്യം ശ്രദ്ധേയമായിരിക്കുകയാണ്. നാലുവർഷമായി ബ്രിട്ടനിൽ സ്ഥിരതാമസം ആക്കിയിരിക്കുന്ന പാലാ ഐങ്കൊമ്പ് സ്വദേശിനിയായ ഷാനു മാത്യുവിനാണ് ഈ ചരിത്ര നേട്ടത്തിൽ പങ്കാളിയാകുവാൻ അവസരം ലഭിച്ചിരിക്കുന്നത്. കോമൺവെൽത്ത് ഗെയിംസിന്റെ ബ്രിൻഡ് ലി പ്ലെയ് സിലെ ഹെഡ് ക്വാർട്ടേഴ് സിൽ വർക്ക് ഫോഴ്സ് ഡിപ്പാർട്ട്മെന്റിലാണ് ഷാനു ജോയിൻ ചെയ്തത്. മക്കളെ നോക്കുന്നതിനായി അഞ്ചുവർഷം നീണ്ട ഇടവേളയെടുത്ത ശേഷം തിരികെ ജോയിൻ ചെയ്തത് ഇത്തരത്തിൽ ഒരു ചരിത്രനിമിഷത്തിൽ പങ്കാളിയാകാനാണ് എന്നുള്ളത് തനിക്ക് അഭിമാനകരമാണെന്ന് ഷാനു മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
വർക്ക് ഫോഴ്സ് ഡിപ്പാർട്ട്മെന്റ് വോളണ്ടിയർ റിക്രൂട്ട്മെന്റ് നടത്തിക്കഴിഞ്ഞ സമയത്താണ് താൻ ജോലിയിൽ ജോയിൻ ചെയ്തതെന്ന് ഷാനു പറഞ്ഞു. അതിനുശേഷം ഇങ്ങോട്ടുള്ള എല്ലാ പ്രവർത്തനങ്ങളിലും തനിക്ക് ഭാഗമാകാൻ സാധിച്ചതിലുള്ള സന്തോഷം ഷാനു മലയാളം യുകെ ന്യൂസിനോട് പങ്കുവെച്ചു. വോളണ്ടിയർ റിക്രൂട്ട്മെന്റിന് ശേഷം, പിന്നീട് തിരഞ്ഞെടുക്കപ്പെട്ട വോളണ്ടിയർമാർക്ക് റോൾ ഓഫർസ് നൽകുന്ന ചുമതലയായിരുന്നു വർക്ക് ഫോഴ്സ് ടീമിന് ഉണ്ടായിരുന്നത്. അതിനുശേഷം പിന്നീട് ഈ വോളണ്ടിയർമാർക്ക് ആവശ്യമായ പരിശീലനം നൽകുന്ന ചുമതലയും തങ്ങളുടെ ഡിപ്പാർട്ട്മെന്റിന് ആയിരുന്നുവെന്ന് ഷാനു വ്യക്തമാക്കി. തങ്ങളുടെ ചുമതലകൾ നിർവഹിക്കുവാൻ ആവശ്യമായ പരിശീലനം വോളണ്ടിയർമാർക്ക് നൽകുന്നതിന് നേതൃത്വം നൽകുക എന്നതായിരുന്നു പ്രാഥമിക ചുമതല. അതിനുശേഷം അവരുടെ യൂണിഫോം ഉൾപ്പെടെയുള്ള കാര്യങ്ങളും വർക്ക് ഫോഴ്‌സ് ഡിപ്പാർട്ട്മെന്റിന്റെ ചുമതലയായിരുന്നു.
ഏകദേശം 15,000ത്തോളം വരുന്ന വോളണ്ടിയർമാരുടെ മുഴുവൻ ചുമതലയും തങ്ങളുടെ ഡിപ്പാർട്ട്മെന്റിന് ആയിരുന്നുവെന്ന് ഷാനു പറഞ്ഞു. അതിനുശേഷം വർക്ക് ഫോഴ്സ് ഡിപ്പാർട്ട്മെന്റിലെ എല്ലാ ജീവനക്കാരും പ്രമോഷനോടുകൂടി ഓരോ വേദിയിലേക്ക് നിയമിക്കപ്പെട്ടു. ഇതിൽ എൻ ഇ സി ( നാഷണൽ എക്സിബിഷൻ സെന്റർ ) വേദിയിലേക്ക് ഡെപ്യൂട്ടി വർക്ക് ഫോഴ്സ് മാനേജരായി തനിക്ക് പോകുവാൻ സാധിച്ചതായി ഷാനു മലയാളം യുകെയോട് വ്യക്തമാക്കി. വേദിയിൽ എത്തിയശേഷം മത്സരത്തിൽ പങ്കെടുക്കുന്ന അത്‌ലറ്റു മാരുടെ എല്ലാ കാര്യങ്ങളും നോക്കുന്ന ചുമതലയും ഉണ്ടായിരുന്നതായി ഷാനു പറഞ്ഞു.
പാലാ ഐങ്കൊമ്പ് സ്വദേശിനിയായ ഷാനു പെരുമാട്ടിക്കുന്നേൽ മാത്യു അഗസ്റ്റിന്റെയും ജെമിനി മാത്യുവിന്റെയും മകളാണ്. ഭർത്താവ് നിർമ്മൽ ജോസ് യുകെയിൽ ഐടി കൺസൾട്ടന്റായി ജോലി ചെയ്തു വരികയാണ്. ജോസഫ്, മരിയ എന്നീ രണ്ട് മക്കളാണ് ഇവർക്കുള്ളത്. ഭർത്താവിന്റെയും കുടുംബത്തിന്റെയും ഭാഗത്തുനിന്ന് ലഭിക്കുന്ന പിന്തുണ വളരെ വിലപ്പെട്ടതാണെന്ന് ഷാനു പറഞ്ഞു. സഹോദരനായ ദീപുവും, സഹോദരിയായ സാന്ദ്രയും ഇവരോടൊപ്പം യുകെയിൽ താമസിക്കുന്നു. ഇവരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്ന പിന്തുണ തനിക്ക് ഏറെ വിലപ്പെട്ടതാണെന്ന് ഷാനു പറഞ്ഞു.
പാലായിലെ ചാവറ പബ്ലിക് സ്കൂൾ നിന്നും സ്കൂൾ വിദ്യാഭ്യാസവും, കുട്ടിക്കാനം മരിയൻ കോളേജിൽ നിന്നും ഡിഗ്രി പഠനവും, ക്രിസ്തുജയന്തി കോളേജ് ബാംഗ്ലൂരിൽ നിന്ന് പോസ്റ്റ് ഗ്രാജുവേഷൻ പഠനവും കഴിഞ്ഞശേഷം ഫിനാൻസ് & മാർക്കറ്റിങ്ങിൽ എംബിഎ പഠനം പൂർത്തിയാക്കിയുമാണ് ഷാനു ഫിനാൻഷ്യൽ അനലിസ്റ്റ് ആയി ജോലി നോക്കി വന്നിരുന്നത്. തന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളിലൂടെയാണ് താൻ കടന്നുപോകുന്നതെന്ന് ഷാനു വ്യക്തമാക്കി. ഇന്ത്യയിൽ നിന്നുള്ള നിരവധി പ്രമുഖരായ സ്പോർട്സ് താരങ്ങളോട് സംസാരിക്കുവാനും മറ്റും തനിക്ക് അവസരം ലഭിച്ചത് വലിയൊരു ഭാഗ്യമായി താൻ കാണുന്നതായും അവർ പറഞ്ഞു.