ന്യൂസ് ഡെസ്ക് മലയാളം യുകെ
കീവ് : റഷ്യൻ അധിനിവേശത്തിനെതിരെ പോരാടുന്ന യുക്രൈന് പിന്തുണയുമായി ഹോളിവുഡ് സൂപ്പർ താരം ലിയോനാർഡോ ഡികാപ്രിയോ. യുക്രൈന് 7.6 മില്യൺ പൗണ്ടാണ് ധനസഹായമായി താരം പ്രഖ്യാപിച്ചത്. ഡികാപ്രിയോയുടെ മുത്തശ്ശി ഹെലെനെ ഇൻഡൻബിർക്കൻ ഒഡെസയിലാണ് ജനിച്ചത്. 1917-ൽ മാതാപിതാക്കളോടൊപ്പം ജർമ്മനിയിലേക്ക് കുടിയേറുകയായിരുന്നു. ഈയൊരു വൈകാരിക ബന്ധം കൂടി താരത്തിന്‍റെ തീരുമാനത്തിന് പിന്നിലുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2008ൽ, തന്റെ 93 -മത്തെ വയസ്സിലാണ് ഹെലനെ അന്തരിച്ചത്. ചെറുപ്പം മുതലേ മുത്തശ്ശിയുമായി ഏറെ അടുപ്പമുണ്ടായിരുന്ന ഡികാപ്രിയോയ്ക്ക് , ഈ സംഭാവനയിലൂടെ അവരോടുള്ള സ്നേഹം വെളിപ്പെടുകയാണെന്ന് പോളിഷ് ന്യൂസ് റിപ്പോർട്ട് ചെയ്തു. കിഴക്കൻ യൂറോപ്പിലെ വികസനങ്ങൾ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ വിസെഗ്രാഡ് ഫണ്ടാണ് സംഭാവനയുടെ വിവരം പുറത്തുവിട്ടത്.

ഡികാപ്രിയോയ്ക്ക് പുറമെ നിരവധി ഹോളിവുഡ് താരങ്ങളും സംവിധായകരും യുക്രൈന് സാമ്പത്തിക പിന്തുണയുമായി രംഗത്തെത്തി. റയാൻ റെയ്നോൾഡ്സും ബ്ലെയ്ക്ക് ലൈവ്ലിയും യുക്രൈനായുള്ള ഒരു ധനസമാഹരണത്തിൽ പങ്കെടുക്കുകയും സമാഹരിച്ച തുകയുടെ ഇരട്ടി തുക സംഭാവന നൽകുകയും ചെയ്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുക്രൈന്‍-റഷ്യ സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്. ലക്ഷ്യം കാണാതെ പിന്നോട്ടില്ലെന്ന് റഷ്യ പറയുമ്പോള്‍ അവസാന ശ്വാസം വരെ പൊരുതുമെന്നാണ് യുക്രൈന്‍ വ്യക്തമാക്കിയത്. റഷ്യക്കെതിരെ അവർ തിരിച്ചടിക്കുന്നു. ലോക രാജ്യങ്ങളെയെല്ലാം ഈ യുദ്ധം ബാധിക്കുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ എങ്ങനെയാണ് ഈ യുദ്ധം അവസാനിക്കുക എന്നത് സംബന്ധിച്ച് നിരവധി നിരീക്ഷണങ്ങളാണ് ഉയർന്നു വരുന്നത്.
ഹ്രസ്വ യുദ്ധം
റഷ്യ യുക്രൈന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതാണ് ഒരു സാധ്യത. റഷ്യയുടെ വ്യോമസേന വലിയ തോതില്‍ ഇപ്പോൾ യുദ്ധമുഖത്തില്ല. എന്നാല്‍ ഈ സ്ഥിതി മാറി യുക്രൈനിയന്‍ ആകാശത്ത് റഷ്യയുടെ വ്യോമാക്രമണങ്ങളുടെ നിര തന്നെ സംഭവിച്ചേക്കാം. യുക്രൈന്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളിലേക്ക് റഷ്യ വ്യാപക ആക്രമണം നടത്തും. വൻ സൈബർ ആക്രമണങ്ങൾ നടക്കും. ഊർജ വിതരണവും ആശയവിനിമയ ശൃംഖലകളും തടസ്സപ്പെടും. ആയിരക്കണക്കിന് സാധാരണക്കാർ മരിക്കും. ധീരമായ ചെറുത്തുനിൽപ്പ് ഉണ്ടായിരുന്നിട്ടും, ദിവസങ്ങൾക്കുള്ളിൽ കീവ് പുടിന്റെ നിയന്ത്രണത്തിൽ ആകും. പ്രസിഡന്റ് സെലെൻസ്‌കി ഒന്നുകിൽ വധിക്കപ്പെടാം. അല്ലെങ്കിൽ യൂറോപ്പിലേക്കോ യുഎസിലേക്കോ പാലായനം ചെയ്യും. പക്ഷെ ഇതൊരു സാധ്യത മാത്രമാണ്. യുക്രൈന്‍ സൈന്യത്തിന്റെ തളര്‍ച്ച സംഭവിച്ചാൽ മാത്രമേ ഇത്തരമൊരു സാഹചര്യം ഉടലെടുക്കൂ.

നീണ്ടു നില്‍ക്കുന്ന യുദ്ധം
ദീര്‍ഘകാലത്തേക്ക് യുദ്ധം നീണ്ടു നില്‍ക്കാനുള്ള സാധ്യതയാണ് മറ്റൊന്ന്. തലസ്ഥാന നഗരിയായ കീവ് ഉള്‍പ്പെടെ യുക്രെയ്ന്‍ നഗരങ്ങള്‍ പിടിച്ചടക്കുന്നതില്‍ റഷ്യന്‍ സൈന്യത്തിന് തടസ്സങ്ങള്‍ നേരിട്ടേക്കാം. രക്തം ചൊരിച്ചിലിലൂടെ യുക്രൈന്‍ പിടിച്ചെടുത്താലും ആ ജനതയെ ഭരിക്കുന്നത് റഷ്യക്ക് കഠിനമായിരിക്കും. രാജ്യത്ത് നിരന്തരം കലാപങ്ങള്‍ ഉടലെടുത്തേക്കാം. യുക്രൈന്‍ പ്രതിരോധ സംഘങ്ങള്‍ക്ക് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും ആയുധ സഹായം ലഭിച്ചേക്കും. അഫ്ഗാനിസ്താനിൽ സംഭവിച്ചതു പോലെ രക്തരൂഷിതമായ കാലത്തേക്ക് യുക്രൈന്‍ ഒരു പക്ഷെ പോയേക്കാം.
യുദ്ധം യൂറോപ്പിലേക്ക്
റഷ്യന്‍ സൈനികാക്രമണം യുക്രെനിയന്‍ അതിര്‍ത്തിക്കുള്ളില്‍ ഒതുങ്ങിയില്ലെങ്കിൽ ഈയൊരു സാഹചര്യം ഉടലെടുക്കും. യുക്രൈന് പിന്നാലെ മുന്‍ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങൾ പിടിച്ചടക്കാൻ റഷ്യ ശ്രമിക്കും. കിഴക്കന്‍ യൂറോപിലെ നാറ്റോ അംഗരാജ്യങ്ങളെ റഷ്യ ആക്രമിച്ചാൽ സ്ഥിതി വഷളാകും. നാറ്റോയുടെ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ അഞ്ച് പ്രകാരം തങ്ങളുടെ ഒരു അംഗത്തെ ആക്രമിച്ചാല്‍ അത് നാറ്റോയെ ആക്രമിച്ചതായാണ് കണക്കാക്കുക. യുദ്ധമുഖത്തേക്ക് നാറ്റോ സൈന്യം ഇറങ്ങും. എന്നാൽ ഇതൊരു വിദൂര സാധ്യതയാണ്. നാറ്റോയുടെ ഭാഗമല്ലാത്ത മോൾഡോവ, ജോർജിയ തുടങ്ങിയ രാജ്യങ്ങൾ പുടിൻ ലക്ഷ്യമിട്ടാൽ യുദ്ധം വ്യാപിക്കാനും സാധ്യതയുണ്ട്.

സമാധാന ചർച്ച
സമാധാന ചര്‍ച്ചയിലൂടെ ഇരു രാജ്യങ്ങളും യുദ്ധം അവസാനിപ്പിക്കുന്നതാണ് മറ്റൊരു സാധ്യത. യുക്രൈനും റഷ്യയും തമ്മില്‍ രണ്ട് തവണ സമാധാന ചര്‍ച്ച നടന്നെങ്കിലും ഫലമുണ്ടായില്ല. എന്നാൽ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങള്‍ റഷ്യന്‍ സാമ്പത്തിക മേഖലയെ സാരമായി ബാധിക്കുന്നുണ്ട്. ആഭ്യന്തര തലത്തില്‍ ഇത് തനിക്ക് ഭീഷണിയാവുമെന്ന് ഉറപ്പായാൽ പുടിന്‍ ഒരു പക്ഷെ അനുനയത്തിന് തയ്യാറായേക്കും. യുദ്ധം അവസാനിപ്പിക്കാനാണ് യുക്രൈനും ആഗ്രഹിക്കുന്നത്. ക്രിമിയയിലെ റഷ്യയുടെ അധികാരവും ദോന്‍ബാസിലെ ചില ഭാഗങ്ങളിലെ റഷ്യന്‍ അവകാശ വാദവും യുക്രൈന്‍ അംഗീകരിക്കും. മറു വശത്ത് യുക്രൈന്‍ സ്വാതന്ത്ര്യത്തെ റഷ്യയും അംഗീകരിക്കും.
പുടിന്റെ സ്ഥാനം നഷ്ടപ്പെടുക
റഷ്യയുടെ അധികാരം പുടിന് നഷടപ്പെടുക എന്ന സാധ്യതയാണ് അവസാനത്തേത്. വളരെ വിദൂര സാധ്യത ആണെങ്കിലും ഇത് തള്ളികളയാൻ ആവില്ലെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു. റഷ്യയെ തളര്‍ത്തുകളയുന്ന സാമ്പത്തിക വിലക്കുകളാണ് ഇതിനകം പാശ്ചാത്യ രാജ്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റഷ്യയുമായുള്ള ഇടപാടുകള്‍ ലോകബാങ്ക് നിര്‍ത്തി വെച്ചു. റഷ്യന്‍ നിര്‍മിത ഉല്‍പന്നങ്ങള്‍ക്ക് നിരോധനം ഏർപ്പെടുത്തി. രാജ്യത്തിന്റെ സാമ്പത്തിക നില തകരുന്നത് റഷ്യന്‍ ജനതയ്ക്ക് പുടിന്‍ സര്‍ക്കാരിനോട് അതൃപ്തിയുണ്ടാക്കും. ആയിരക്കണക്കിന് റഷ്യന്‍ സൈനികരാണ് കൊല്ലപ്പെടുന്നത്. പുടിന്റെ ജനപ്രീതി ഇതിലൂടെ നഷ്ടമാകും. പുടിന്‍ പുറത്തു പോയാല്‍ വിലക്കുകള്‍ പിൻവലിക്കും എന്ന പാശ്ചാത്യ ശക്തികളുടെ ഉറപ്പിന്മേൽ റഷ്യന്‍ സൈന്യം, സര്‍ക്കാരിലെ ഒരു വിഭാഗം, രാജ്യത്തെ സമ്പന്നശക്തികള്‍ എന്നിവര്‍ പുടിനെതിരെ തിരിഞ്ഞേക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- സംഗീതലോകത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ച് പ്രശസ്തിയാർജ്ജിച്ച് വന്ന ഇരുപത്തിനാലുകാരനായ നിംറോയ് കെൻഡ്റിക്സിനെ കൊലപ്പെടുത്തിയ കേസിൽ 15 വയസ്സുകാരി പെൺകുട്ടിക്ക് അഞ്ചുവർഷം ജയിൽശിക്ഷ. വെസ്റ്റ് സസ്സെക്സിലെ ക്രോലിയിൽ വച്ചാണ് പെൺകുട്ടി 2020 ഒക്ടോബറിൽ നിംറോയിയെ കൊലപ്പെടുത്തിയത്. നിയമപരമായ കാരണങ്ങൾ കാരണം പെൺകുട്ടിയുടെ പേര് ഇതുവരെയും പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അഞ്ചു വർഷം തടവ് ശിക്ഷയോടൊപ്പം തന്നെ, ലൈസൻസ് നിയമങ്ങൾ പ്രകാരം അധികമായി നാലുവർഷവും പെൺകുട്ടി ശിക്ഷ അനുഭവിക്കേണ്ടതായി വരും.

കഴിഞ്ഞവർഷം ജൂലൈയിലാണ് പെൺകുട്ടിയെ ആദ്യമായി കോടതിക്ക് മുൻപിൽ ഹാജരാക്കിയത്. സറേ & സസ്സെക്സ് മേജർ ക്രൈം ടീമിന്റെ അന്വേഷണത്തിൽ പെൺകുട്ടി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു കോടതിക്കു മുൻപിൽ ഹാജരാക്കിയത്. എന്നാൽ കൊലപ്പെടുത്തിയ സമയത്ത് പെൺകുട്ടി ശക്തമായ മാനസിക സമ്മർദ്ദങ്ങൾ അനുഭവിച്ചിരുന്നതായും, പെൺകുട്ടിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും മെഡിക്കൽ ടീം കണ്ടെത്തിയതിനെ തുടർന്നാണ് മനഃപ്പൂർവമായുള്ള കൊലപാതകമല്ലെന്ന് കോടതി ഇതിനെ വിലയിരുത്തിയത്. ഉത്തരവാദിത്ത കുറവ് മൂലമുള്ള വ്യക്തിഹത്യയായി ഇതിനെ കോടതി പിന്നീട് വിലയിരുത്തുകയാണ് ചെയ്തത്.

2020 ഒക്ടോബർ 27നാണ് ക്രോലിയിലെ റസ്സൽ വേയിൽ ഹെൻഡ്റിക്സിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. നെഞ്ചിലേറ്റ കുത്തിനെ തുടർന്നുണ്ടായ മുറിവു മൂലമാണ് അദ്ദേഹം മരണപ്പെട്ടത്. മരണപ്പെട്ട സംഗീതജ്ഞനും പെൺകുട്ടിയുമായി മുൻപരിചയം ഉണ്ടായിരുന്നു എന്നാണ് പോലീസ് അധികൃതർ വ്യക്തമാക്കുന്നത്. തന്റെ സംഗീതംകൊണ്ട് ജനമനസ്സുകളിൽ ഇടം നേടി വന്നിരുന്നു ഹെൻഡ്റിക്സിന്റെ മരണം തീർത്താൽ തീരാത്ത ദുഃഖം ആണെന്ന് കുടുംബം വ്യക്തമാക്കി. ഇനിയും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും ഉണ്ടാകണമെന്നും കുടുംബം പറഞ്ഞു. കുടുംബത്തോടുള്ള ദുഃഖം ഡിറ്റക്റ്റീവ് ചീഫ് ഇൻസ്പെക്ടർ ആൻഡി വോൾസ്റ്റെൻഹോംമും അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിൻെറ പശ്ചാത്തലത്തിൽ റഷ്യയിൽനിന്നുള്ള എണ്ണയുടെ ഇറക്കുമതി നിരോധിച്ച് ബ്രിട്ടൻ. ഈ വർഷം അവസാനത്തോടെ നിരോധനം പൂർണമായും നിലവിൽവരും . ഉക്രൈൻ പ്രസിഡൻറ് വോളോഡിമർ സെലെൻസ്‌കിയുടെ അഭ്യർത്ഥനയെ തുടർന്നാണ് ബ്രിട്ടൻ റഷ്യയ് ക്കെതിരെയുള്ള കടുത്ത നടപടിയിലേക്ക് നീങ്ങിയത്. ബ്രിട്ടൻെറ ഉപരോധത്തിൽ ഗ്യാസ് ഇറക്കുമതി ഉൾപ്പെടുത്തിയിട്ടില്ല.

യുഎസ് പ്രസിഡൻറ് ജോ ബൈഡനും റഷ്യയ്‌ക്കെതിരെയുള്ള ശക്തമായ ഉപരോധം പ്രഖ്യാപിച്ചു. യുഎസ് ഒരു പടി കൂടി കടന്ന് റഷ്യയിൽനിന്നുള്ള ഗ്യാസ് ഇറക്കുമതിയും നിരോധിച്ചിട്ടുണ്ട്. റഷ്യയുടെ പ്രധാന സാമ്പത്തിക സ്രോതസ്സുകളിലൊന്നാണ് എണ്ണയിൽ നിന്നുള്ള വരുമാനം . സാമ്പത്തിക ഉപരോധത്തിന് പിന്നാലെ എണ്ണയുടെയും ഗ്യാസിൻെറയും ഇറക്കുമതി നിരോധിച്ചത് റഷ്യയുടെ സാമ്പത്തിക അടിത്തറയുടെ നട്ടെല്ലൊടിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. റഷ്യയുടെ മേൽ നടപ്പാക്കുന്ന ഉപരോധം ആഗോളതലത്തിൽ ഇന്ധന വില കുതിച്ചുയരുവാൻ കാരണമാകുമെന്ന ആശങ്കയും ശക്തമാണ്.

ഇതിനിടെ ഉക്രൈനിൽ നിന്നുള്ള അഭയാർഥികൾക്ക് വിസ അനുവദിക്കുന്ന യുകെയുടെ നടപടി വേഗത്തിലാക്കണമെന്നുള്ള ആവശ്യം ശക്തമാണ് . യുകെയിലുള്ള ബന്ധുക്കളുടെ അടുത്ത് എത്തിച്ചേരാൻ പതിനായിരത്തിലധികം ആൾക്കാർ അപേക്ഷിച്ചതിൽ 500 പേർക്കു മാത്രമാണ് വിസ ലഭിച്ചത് . വിസയില്ലാതെ മൂന്നുവർഷം ഉക്രൈൻ അഭയാർത്ഥികൾക്ക് അഭയം നൽകാനുള്ള യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ ആവശ്യം ബ്രിട്ടൻ നിരസിച്ചിരുന്നു.
ലണ്ടൻ : യുദ്ധമുഖത്ത് നിന്നുള്ള പലായനം വേദനാജനകമാണ്. എന്നാൽ അവിടെയും സഹായഹസ്തം നീട്ടുന്ന ദൈവതുല്യരായ മനുഷ്യരുണ്ട്. യുക്രൈനിൽ നിന്നും ഇതുവരെ എൺപതോളം പേരെ പോളണ്ട് അതിർത്തിയിൽ എത്തിച്ച ബ്രിട്ടീഷ് ക്യാബ് ഡ്രൈവർ ഇന്ന് ജനങ്ങളുടെ മനസ്സിൽ ഹീറോയാണ്. ഗർഭിണികളും ഭിന്നശേഷിക്കാരും വൃദ്ധരും കുട്ടികളും ഒമ്പത് മാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടെ 80 ഓളം പേരെ റൊമാൻ ടിംചിഷിൻ (31) ഇതിനകം പോളണ്ട് അതിർത്തിയിൽ എത്തിച്ചിട്ടുണ്ട്. ഫെബ്രുവരി 28 മുതലാണ് തന്റെ കറുത്ത ക്യാബിൽ അഭയാർത്ഥികളെ അതിർത്തിയിൽ എത്തിക്കാൻ അദ്ദേഹം തയ്യാറായത്. ഇതുവരെ 2,169 മൈലുകൾ സഞ്ചരിച്ചു; അഭയാർത്ഥികളുമായി പ്രതിദിനം 300 മൈലുകൾ.

“എന്നെകൊണ്ട് കഴിയുന്നതെല്ലാം ചെയ്യുമെന്ന്” റൊമാൻ ദൃഢനിശ്ചയത്തോടെ പറയുന്നു. “എന്റെ തൊഴിലുടമ ഉദാരമനസ്കനാണ്. എനിക്ക് ഒരു മാസത്തെ ശമ്പളത്തോടുകൂടിയ അവധി അനുവദിച്ചു. അതിനാൽ ആളുകളെ ഒഴിപ്പിക്കാൻ ഞാൻ യുക്രൈനിലെത്തി.” പിഎ വാർത്താ ഏജൻസിയോട് റൊമാൻ പറഞ്ഞു. പടിഞ്ഞാറൻ യുക്രൈനിലെ ലിവിവിലാണ് റൊമാൻ ജനിച്ചത്. ഇപ്പോൾ ബ്രിട്ടനിലാണ് താമസം. യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് പോർട്ടഡൗണിലെ വീട്ടിൽ നിന്ന് ഭാര്യ ഉലിയാന വോക്കിനൊപ്പം രണ്ടാഴ്ച മുൻപ് ജന്മനാട്ടിലേക്ക് മടങ്ങി.

ഒരേസമയം ആറു പേരെ വരെ താൻ കാറിൽ കൊണ്ടുപോകുമെന്ന് റൊമാൻ പറഞ്ഞു. അഭയാർത്ഥികളോടൊപ്പം അവരുടെ വളർത്തുമൃഗങ്ങളെയും അതിർത്തി പ്രദേശത്ത് എത്തിക്കാൻ അദ്ദേഹത്തിന് യാതൊരു മടിയുമില്ല. വടക്കൻ ലണ്ടനിൽ താമസിക്കുന്ന സഹോദരി മരിയയുടെ സഹായത്തോടെ, യുദ്ധത്തിൽ പരിക്കേറ്റ സാധാരണക്കാരെ ഒഴിപ്പിക്കാൻ ഉപയോഗിക്കാവുന്ന 4×4 എസ്‌യുവി വാങ്ങുന്നതിനായി റൊമാൻ ധനസമാഹരണം നടത്തുന്നുണ്ട്. റഷ്യൻ അധിനിവേശം അന്യായമാണെന്നും ആവശ്യമെങ്കിൽ തോക്കെടുത്ത് മുൻനിരയിൽ നിന്ന് പോരാടാൻ താൻ തയ്യാറാണെന്നും റൊമാൻ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ശരീരഭാരം കുറയ്ക്കാൻ ഇനി സക്സെൻഡ കുത്തിവയ്പ്പ്. രാജ്യവ്യാപകമായി ബൂട്സ് ഫാർമസി സ്റ്റോറുകളിലൂടെയാണ് കുത്തിവയ്പ്പ് എൻഎച്ച്എസ് പുറത്തിറക്കിയത്. ഇംഗ്ലണ്ടിൽ 45 മുതൽ 74 വയസ് പ്രായമുള്ളവരിൽ 75% പേരും അമിതവണ്ണമുള്ളവരാണെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പ് ആകർഷകമായി തോന്നിയേക്കാമെങ്കിലും ഇതിന് ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടെന്ന് പറയപ്പെടുന്നു.

എന്താണ് സക്സെൻഡ?
വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്ന കുത്തിവയ്പ്പ് ആണ് സക്സെൻഡ. നമ്മുടെ ശരീരത്തിലെ GLP1 എന്ന ഹോർമോണിന് സമാനമായ പ്രവർത്തനമാണ് സക്സെൻഡയും നടത്തുന്നത്. ഭക്ഷണത്തിന് ശേഷം വയറുനിറഞ്ഞതായി അനുഭവപ്പെടുമ്പോൾ സാധാരണയായി ശരീരത്തിലുണ്ടാകുന്ന ഹോർമോൺ ആണിത്. വിശപ്പിനെ നിയന്ത്രിക്കുന്ന തലച്ചോറിലെ റിസപ്റ്ററുകളിൽ സക്സെൻഡ പ്രവർത്തിക്കുന്നതോടെ വിശപ്പില്ലായ്മയോ വയറു നിറഞ്ഞതുപോലെയോ അനുഭവപ്പെടും. ഭാരം കുറയ്ക്കാൻ ആഗ്രഹമുള്ളവർ ദിവസം ഒരു കുത്തിവയ്പ്പ് എടുക്കണമെന്നാണ് സക്സെൻഡയുടെ സൈറ്റിൽ പറയുന്നത്. ആരോഗ്യകരമായ ഭക്ഷണക്രമത്തിനൊപ്പം കുത്തിവയ്പ്പ് ഉപയോഗിക്കുകയാണെങ്കിൽ, മൂന്ന് മാസത്തിനുള്ളിൽ രോഗികളുടെ ശരീരഭാരത്തിന്റെ 5% വരെ കുറയുമെന്ന് അവർ അവകാശപ്പെടുന്നു.

എന്തൊക്കെയാണ് പാർശ്വഫലങ്ങൾ?
യുകെയിൽ 2017 ലാണ് സക്സെൻഡ ആദ്യമായി അംഗീകരിച്ചത്. 2015-ൽ, അമിതഭാരമുള്ള 5,813 പേരിൽ സക്സെൻഡ കുത്തിവയ്പ്പ് പരീക്ഷിച്ചിരുന്നു. കുത്തിവയ്പ്പിന് ശേഷം രോഗികൾക്ക് അസുഖവും ഛർദ്ദിയും ഉണ്ടാകുന്നതായി കണ്ടെത്തി. പത്തിൽ ഒന്നിലധികം പേർക്ക് ഓക്കാനം, തലവേദന, വയറിളക്കം എന്നിവ അനുഭവപ്പെടാം. ദഹനക്കേട്, ക്ഷീണം, തലകറക്കം, ഉറക്കമില്ലായ്മ, രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഉണ്ടാകുന്ന കുറവ് തുടങ്ങിയവയ്ക്ക് കുത്തിവയ്പ്പ് കാരണമാകുമെന്ന് പരീക്ഷണങ്ങളിലൂടെ തെളിഞ്ഞു.
ഇത് മനസ്സിൽ വെച്ചുകൊണ്ട്, ഒരു എൻഎച്ച്എസ് പ്രൊഫഷണലിന്റെ ഉപദേശം തേടിയ ശേഷം കുത്തിവയ്പ്പ് എടുക്കുന്നതാണ് ഉചിതം. നിങ്ങൾക്കോ നിങ്ങളുടെ കുടുംബാംഗങ്ങൾക്കോ Medullary Thyroid Cancer (MTC) ഉണ്ടെങ്കിൽ കുത്തിവയ്പ്പ് എടുക്കരുത്. ഗർഭിണിയായവരോ ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്നവരോ കുത്തിവയ്പ്പ് എടുക്കരുതെന്നും സക്സെൻഡ ഉപദേശിക്കുന്നു. ഗർഭസ്ഥ ശിശുവിനെ അത് ദോഷകരമായി ബാധിച്ചേക്കാം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുദ്ധ ഭൂമിയായ ഉക്രൈനിൽ നിന്ന് വൻ പാലായനം ആണ് നടക്കുന്നത് . ഇതുവരെ 1.7 ദശലക്ഷം ആളുകൾ അഭയാർത്ഥികളായി രാജ്യംവിട്ടതായാണ് പുറത്തുവരുന്ന കണക്കുകൾ. അഭയാർഥികളിൽ മിക്കവരും ആദ്യം ഹംഗറി ഉൾപ്പെടെയുള്ള മധ്യ യൂറോപ്യൻ രാജ്യങ്ങളിലേക്ക് ആണ് പോകുന്നത്.

ഇതിനിടെ ഉക്രെയിൻ അഭയാർഥികൾക്കായി നിയമങ്ങളിൽ ഇളവുകൾ വരുത്തിയതിനെ തുടർന്ന് വിസ അനുവദിച്ചവരുടെ എണ്ണം 50 -തിൽനിന്ന് 300 ആയി ഉയർന്നു. യുകെയിലുള്ള ബന്ധുക്കളുടെ അടുത്ത് എത്തിച്ചേരുന്നതിനായി ഇതുവരെ 17,700 അപേക്ഷകൾ ആണ് ലഭിച്ചിരിക്കുന്നത്. മതിയായ രേഖകളുടെ അഭാവത്തിൽ യുകെയിലേയ്ക്ക് പ്രവേശനം നിഷേധിക്കപ്പെട്ട 600 -ൽ അധികം പേർ കലൈസിൽ കുടുങ്ങിക്കിടക്കുകയാണ്. ഉക്രൈൻ അഭയാർഥികൾക്ക് യുകെയിൽ പ്രവേശിക്കാൻ രണ്ട് മാർഗങ്ങളാണ് നിലവിലുള്ളത്. അവർക്ക് ഒന്നുങ്കിൽ യുകെയിൽ ബന്ധുക്കൾ ഉണ്ടായിരിക്കണം. അല്ലെങ്കിൽ അഭയാർഥികൾക്ക് യുകെയിൽ ഒരു സ്പോൺസർ ഉണ്ടായിരിക്കണം. യുകെ ഉക്രൈൻ അഭയാർത്ഥികളുടെ കാര്യത്തിൽ കൂടുതൽ ഉദാരമായ സമീപനം നടത്തണമെന്നുള്ള ആവശ്യം ശക്തമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- വെയിൽസിലെ മലനിരകളിൽ ഒന്നായ സൈനോൻ വാലിയിലെ റിഗോസിൽ തിങ്കളാഴ്ച വൻതീപിടിത്തം ഉണ്ടായി. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് അധികൃതർക്ക് ഇതുസംബന്ധിച്ച് വിവരം ലഭിച്ചത്. നടക്കാനിറങ്ങിയ ആരോ തീ കത്തുന്നത് കണ്ടാണ് അധികൃതരെ വിവരം അറിയിച്ചത്. ഉടൻ തന്നെ രണ്ട് ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീ അണയ്ക്കാൻ ആരംഭിച്ചതായി അഗ്നിശമനസേനാ വകുപ്പ് അറിയിച്ചു. മുൻപ് ഇത്തരത്തിൽ വലിയ ഒരു തീപിടുത്തം ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികൾ വ്യക്തമാക്കിയത്. മലനിരകളുടെ പല ഭാഗത്തായാണ് തീ പടർന്നു പിടിച്ചത് എന്നാണ് ചിത്രങ്ങൾ വ്യക്തമാക്കുന്നത്. അതോടൊപ്പം തന്നെ, ചൂടുകാലത്ത് തീപിടിക്കുന്നത് സാധാരണമാണെങ്കിലും, ഈ സമയത്ത് തീ പിടിക്കുന്നത് അപൂർവമാണെന്നും പ്രദേശവാസികളിൽ ഒരാളായ കെയിറ്റ് എമ്മ പറഞ്ഞു.

തീപിടുത്തത്തിന്റെ ഉറവിടം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. സൗത്ത് വെയിൽസ് ഫയർ ആൻഡ് റെസ്ക്യൂ വിഭാഗവും സംഭവസ്ഥലത്തെത്തിയിട്ടുള്ളതായി അറിയിപ്പ് ലഭിച്ചിട്ടുണ്ട്. രാത്രി വൈകി തീ പൂർണമായും അണയ്ക്കാൻ കഴിഞ്ഞതായാണ് അഗ്നിശമനസേനാംഗങ്ങൾ അറിയിച്ചത്. സാധാരണയായി ഈ സ്ഥലത്ത് തീ പിടിക്കാറുള്ളതല്ലെന്നാണ് പ്രദേശവാസികൾ എല്ലാവരും തന്നെ വ്യക്തമാക്കുന്നത്. തീപിടുത്തത്തിൽ വന്യമൃഗങ്ങൾക്ക് അപകടം സംഭവിച്ചിട്ടുണ്ടാകും എന്നാണ് പ്രാഥമിക നിഗമനം. ആളപായം ഒന്നും തന്നെ ഇല്ലെന്നാണ് ഇതു വരെയുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്ത്യൻ കായികരംഗത്ത് പുതു പ്രതീക്ഷയായി വനിതാ പാരാ അത്ലറ്റുകൾ. എല്ലാ ജീവിത വെല്ലുവിളികളെയും തട്ടിയകറ്റി സധൈര്യം മുന്നേറിയ അവർ പുതു തലമുറയ്ക്ക് ആവേശമേകുന്നു. 2021 ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ അഞ്ചുവരെ നീണ്ടുനിന്ന ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യ പോയത് 54 അംഗങ്ങളുമായാണ്. പാരാലിമ്പിക്സ് ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും വലിയ മെഡൽക്കൊയ്ത്ത് നടത്തിയാണ് അവർ തിരിച്ചെത്തിയത്. അഞ്ചു സ്വർണവും എട്ട് വെള്ളിയും ആറ് വെങ്കലുമായി 19 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. മെഡൽ പട്ടികയിൽ 24-ാം സ്ഥാനമെന്ന അഭിമാനകരമായ നേട്ടവും രാജ്യത്തിന് സ്വന്തമായി. ഇന്ത്യയിലെ പല വനിതാ കായിക താരങ്ങളും ഇപ്പോഴും നേരിടുന്ന ലിംഗ വിവേചനവും കുടുംബ – സാമൂഹിക പ്രശ്നങ്ങളും ദാരിദ്ര്യവും ധൈര്യപൂർവ്വം മറികടന്നാണ് വനിതാ പാരാലിമ്പിക്സ് താരങ്ങൾ ടോക്യോയിലെത്തിയത്, അവിടുന്ന് തലയുയർത്തി മടങ്ങിയത്.
പൂർണ്ണ വളർച്ചയെത്താത്ത കൈയുമായി ജനിച്ച പാലക് കോലി, ടോക്കിയോ പാരാലിമ്പിക്സിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ പാരാ ബാഡ്മിന്റൺ താരമായിരുന്നു. പാലക്കും അവളുടെ മാതാപിതാക്കളും 2016-ന് മുമ്പ് പാരാ ബാഡ്മിന്റൺ എന്ന പദം കേട്ടിരുന്നില്ല. 2017ൽ ഭാവി പരിശീകലനെ കണ്ടുമുട്ടിയതോടെ പാലക്കിന്റെ ജീവിതം മാറിമറിഞ്ഞു. 2019ൽ അവൾ തന്റെ ആദ്യ അന്താരാഷ്ട്ര ടൂർണമെന്റ് വിജയിച്ചു. “കുട്ടിക്കാലത്ത് ഞാൻ ഒരിക്കലും കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിനെ പറ്റി ചിന്തിച്ചിരുന്നില്ല. എന്റെ വൈകല്യമായിരുന്നു കാരണം. എന്നാൽ ഞാൻ എന്നെത്തന്നെ വെല്ലുവിളിക്കാൻ തീരുമാനിച്ചു. എന്റെ വൈകല്യത്തെ ഞാൻ സൂപ്പർ-എബിലിറ്റിയാക്കി മാറ്റി. പാരാ ബാഡ്മിന്റൺ എന്റെ ജീവിതം മാറ്റിമറിച്ചു.” പാലക് പറയുന്നു.

വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫില്‍ സ്റ്റാന്‍റിങ് എസ്എച്ച്1 വിഭാഗത്തില്‍ പത്തൊമ്പതുകാരിയായ അവാനി ലേഖാരയിലൂടെയാണ് ഇന്ത്യ ടോക്കിയോയില്‍ ആദ്യ സ്വര്‍ണം സ്വന്തമാക്കുന്നത്. 50 മീറ്റര്‍ റൈഫില്‍ ത്രി പൊസിഷന്‍ എസ്എച്ച്1 വിഭാഗത്തില്‍ വെങ്കലം നേടിയതോടെ പാരാലിമ്പിക്‌സിൽ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാതാരമായി അവാനി ലേഖാര മാറി. 10-ാം വയസ്സിൽ ഒരു വാഹനാപകടത്തിൽ അരയ്ക്ക് താഴേയ്ക്ക് തളർന്ന അവാനിയ്ക്ക് ഷൂട്ടിംഗ് പുതുജീവൻ നൽകി. ഉപകരണങ്ങളുടെ അഭാവം, അപകടത്തിന്റെ ആഘാതം, മാനസിക സമ്മർദ്ദം തുടങ്ങി ഒട്ടേറെ തടസ്സങ്ങൾ അവാനിയുടെ മുൻപിലും ഉണ്ടായിരുന്നു. എന്നാൽ ആത്മവിശ്വാസവും കഠിനാധ്വാനവും ദൃഢനിശ്ചയവും അവളുടെ കരുത്തായിരുന്നു. “എന്റെ അപകടത്തിന് ശേഷം ഞാൻ ആകെ തളർന്നു. ആരോടും സംസാരിക്കാൻ തോന്നിയില്ല. ഷൂട്ടിംഗായിരുന്നു വഴിത്തിരിവ്. അതെനിക്ക് വളരെയധികം ആത്മവിശ്വാസം നൽകി. ഇപ്പോഴുള്ള ശരീരവുമായി ഞാൻ പ്രണയത്തിലാണ്. എനിക്ക് എന്തും ചെയ്യാൻ കഴിയും.” അവാനിയുടെ വാക്കുകൾ.

ടോക്കിയോ ഗെയിംസിലൂടെ പുതുചരിത്രം എഴുതാൻ 23 കാരിയായ സിമ്രാൻ ശർമയ്ക്കും കഴിഞ്ഞു. 100 മീറ്റർ സ്‌പ്രിന്റിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ അത്‌ലറ്റാണ് സിമ്രാൻ. കുട്ടിക്കാലത്ത് സ്വന്തം ബന്ധുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും ഉപദ്രവം നേരിട്ടിട്ടുണ്ടെന്ന് സിമ്രാൻ വെളിപ്പെടുത്തി. 18-ാം വയസ്സിൽ വിവാഹിതയായപ്പോൾ സൈനികനായ ഭർത്താവ് അവളുടെ പരിശീലകനായി മാറി. അങ്ങനെ പാരാലിമ്പിക്സ് വേദിയിലേക്ക്. വൈകല്യത്തിന്റെ പേരിൽ തന്നെ പരിഹസിച്ച അതേ കുടുംബാംഗങ്ങൾ ഇന്ന് തന്നെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് സിമ്രാൻ പറഞ്ഞു. ഈ വാക്കുകൾ ആർക്കാണ് പ്രചോദനമേകാത്തത്?
പാരാലിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് ദീപ മാലിക്. 2016ലെ റിയോ പാരാലിമ്പിക്സിൽ ഷോട്ട്പുട്ട് വെള്ളിയുമായി ഇന്ത്യയുടെ അഭിമാനമായി. 2021ലെ ഇന്ത്യൻ സംഘത്തിലായിരുന്നു ഏറ്റവും അധികം വനിതകൾ ഉണ്ടായിരുന്നത്. ഭിന്നശേഷിക്കാരായ വനിതാ താരങ്ങൾ ഇന്ത്യൻ കായിക രംഗത്ത് അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ലെങ്കിലും ഇപ്പോൾ കാര്യങ്ങൾ മാറി തുടങ്ങി. സമൂഹത്തിന്റെ കാഴ്ചപ്പാടിലും ക്രമാനുഗതമായ മാറ്റം വന്നിട്ടുണ്ടെന്ന് ശുഭപ്രതീക്ഷയോടെ അവർ പറയുന്നു. “ഞങ്ങൾക്ക് ഒരുപാട് ദൂരം പോകാനുണ്ട്. ശരിയായ പാതയിലാണ് ഞങ്ങൾ. ശോഭനമായ ഭാവി മുന്നിൽ കാണുന്നു. വിജയം ഉറപ്പാണ്.” – ഈ വാക്കുകൾ ഇന്ത്യയിലെ അനേകമായിരം ജീവിതങ്ങൾക്ക് പ്രചോദനമാകുമെന്ന് ഉറപ്പാണ്.
സ്റ്റാഫോർഡ്/ സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റിനടുത്തുള്ള സ്റ്റാഫ്‌ഫോർഡ് മലയാളികൾക്ക് ഇന്ന് വരെ ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായിട്ടില്ല. ഇന്ന് രാവിലെ പത്തരയോടെ സ്റ്റോക്ക് ഓൺ ട്രെന്റ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിൽ ഇരുന്ന ബിജു സ്റ്റീഫെൻറെ (47) മരണവാർത്ത. കാരണം ഇന്ന് ഇവർ യുകെയിൽ എത്തിയിട്ട് ഒരു മാസം പൂർത്തിയായപ്പോൾ ഒരായിരം പ്രതീക്ഷകളുമായി യുകെയിൽ എത്തിയ കുടുംബത്തിന്റെ നാഥൻ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. ഇവരുടെ ജീവിതത്തിലെ പ്രതിസന്ധികളുടെ കണ്ണീർ കഥകൾ യുകെയിലെ ഒരു മലയാളിക്കും അനുഭവിക്കേണ്ടിവന്നിട്ടല്ല എന്ന് മലയാളം യുകെ ഉറപ്പിച്ചു പറയുന്നു.
ഭാര്യ ബിനു, ഒരാൺകുട്ടിയും പെൺകുട്ടിയും അടങ്ങുന്ന സാധാരണ കുടുംബം. ഫ്രബ്രുവരി ഏഴാം തിയതിയാണ് ഇവർ യുകെയിൽ എത്തിയത്. മുൻ സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളി കരുണയില്ലാതെ ഇവരുടെ കയ്യിൽ നിന്നും വാങ്ങിയത് 15 ലക്ഷം രൂപ. വിമാനക്കൂലി, വാടക വീട് മറ്റ് ചെലവുകൾ എല്ലാം കൂടി ഏകദേശം 20 ലക്ഷം മുടക്കി സ്റ്റാഫോഡിൽ എത്തി.
കോവിഡ് മാനദണ്ഡങ്ങൾ നിലനിക്കെയാണ് നാട്ടിൽ നിന്നും യുകെക്ക് വിമാനം കയറുന്നത്. കോവിഡ് ടെസ്റ്റ് നടത്തി ഫലം നെഗറ്റീവ്. മുൻ കഷ്ടകാലങ്ങൾ മാറി എന്ന് വിചാരിച്ചു ഇരിക്കെ യുകെയിൽ ഇറങ്ങി ഇവിടുത്തെ കോവിഡ് നിയമം അനുസരിച്ചുള്ള കോവിഡ് ടെസ്റ്റ് വീണ്ടും. കരിനിഴൽ വീഴ്ത്തി ബിജുവിനും മൂത്ത ആൺകുട്ടിക്കും കൊറോണ ടെസ്റ്റ് പോസിറ്റീവ്. വാക്‌സിൻ എല്ലാം എടുത്തിരുന്നു എങ്കിലും കൊറോണ പിടിപെട്ടു. കോവിഡ് പിടിപെട്ടതോടെ ഭാര്യയായ ബിനു കുര്യന് ജോലിയിൽ ചേരുന്നതിനു കാലതാമസം ഉണ്ടാവുകയായിരുന്നു. എന്തായാലും രണ്ടാഴ്ച എടുത്തു കോവിഡ് മുകതമാകുവാൻ. തുടന്ന് ഭാര്യ കഴിഞ്ഞ ആഴ്ച്ച നഴ്സിംഗ് ഹോമിൽ ജോലിക്ക് കയറി.
25 തിയതി വെള്ളിയാഴ്ച്ച ബിനുവിന് ചെറിയ ഒരു ശ്വാസം മുട്ടൽ അനുഭവപ്പെടുകയും എന്ത് ചെയ്യണമെന്ന് അറിയാതെ വാടക വീട് കണ്ടെത്താൻ സഹായിച്ച സുഹൃത്തിനെ വിളിച്ചു. കാരണം മറ്റാരെയും അധികം പരിചയമില്ല. പെട്ടെന്ന് തന്നെ ആംബുലൻസ് വിളിക്കാൻ നിർദ്ദേശിച്ച കൂട്ടുകാരന്റെ വാക്കുകൾ അനുസരിക്കുകയും ആംബുലൻസ് പെട്ടെന്ന് തന്നെ എത്തുകയും ചെയ്‌തു. തുടർ പരിശോധനകളിൽ ശ്വാസം മുട്ടൽ കുറയുകയും ഉണ്ടായി. എന്നിരുന്നാലും ആംബുലൻസ് ടീം നടത്തിയ ഇ സി ജി ടെസ്റ്റ് വേരിയേഷൻ കാണിച്ചതോടെ സ്റ്റാഫോർഡ് ആശുപത്രിയിൽനിന്നും തുടർ ചെക്കപ്പിനായി സ്റ്റോക്ക് റോയൽ ആശയുപത്രിയിലേക്ക് അപ്പോൾത്തന്നെ മാറ്റുകയായിരുന്നു.
എക്കോ ചെയ്‌തെങ്കിലും കാരണങ്ങൾ അവ്യക്തമായതോടെ എം ആർ ഐ പരിശോധനയിൽ ഹാർട്ട് ബ്ലോക്ക് ഉണ്ടെന്ന് തിരിച്ചറിഞ്ഞ ഡോക്ടർമ്മാർ ഓപ്പറേഷൻ വേണ്ടിവരുമെന്ന് ബിജുവിനെ അറിയിക്കുകയായിരുന്നു. തീരുമാനം പിന്നീട് അറിയിച്ചാൽ മതി എന്നും ആശുപത്രി അധികൃതർ ബിജുവിനെ ധരിപ്പിച്ചു. ഇതറിഞ്ഞ ബിജു വളരെയധികം അസ്വസ്ഥനായിരുന്നു. കാരണം ഷുഗറിന്റെ പ്രശ്ങ്ങൾ തന്നെയാണ് ബിജുവിനെ അസ്വസ്ഥനാക്കിയത്. ഇവിടുത്തെ രീതികളെക്കുറിച്ച് വലിയ അറിവില്ലാതിരുന്ന ബിജു കൂട്ടുകാരോട് കാര്യങ്ങൾ തിരക്കുകയും വേണമെങ്കിൽ ഓപ്പറേഷൻ നടത്താൻ പേടിക്കേണ്ട ആവശ്യമില്ല എന്ന് കൂട്ടുകാർ അറിയിക്കുകയും ചെയ്തു.
ആശുപത്രി നിരീക്ഷണത്തിൽ ഇരുന്ന ബിജുവിന് ഇന്ന് രാവിലെ കാർഡിയാക് അറസ്റ്റ് ഉണ്ടാവുകയും മരണം സംഭവിക്കുകയും ആയിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചത് കാരണം ബിജുവിനെ സന്ദർശിക്കുവാൻ വിലക്കുകൾ ഉണ്ടായിരുന്നു. കാരണം ബിജുവിന്റെ ആരോഗ്യ നില ഗുരുതരമല്ലായിരുന്നു. ഈ പത്തുദിവസത്തിൽ ഒരു ദിവസം മാത്രമാണ് അനുവിന് ഭർത്താവിനെ കാണാൻ സാധിച്ചത്. ഇന്ന് ജോലിയിൽ ആയിരുന്ന ഭാര്യ ബിനുവിനെ മൂന്നരയോടെ ജോലിസ്ഥലത്തെത്തി സുഹൃത്ത് കൂട്ടിക്കൊണ്ടു ആശുപത്രിൽ എത്തിച്ചത് മരണവിവരം അറിയിക്കാതെയാണ്. കാരണം മരണം അറിയിക്കാനുള്ള വാക്കുകൾ പേടികൊണ്ട് പുറത്തേക്ക് വന്നില്ല എന്നത് തന്നെ ബിജുവിന്റെ മരണത്തിലെ ഷോക്ക് എത്രയധികമെന്ന് വിവരിക്കേണ്ടതില്ല.
യുകെയിൽ എത്തി ഒരുമാസം പൂർത്തിയപ്പോൾ ഈ മലയാളി കുടുംബം കടന്നു പോകുന്നത് വിവരണത്തിന് അതീതമായ വേദനകളിലൂടെ…. കാരണം ഇതിനു മുൻപ് 2010 ൽ സ്റ്റുഡന്റ് വിസയിൽ ബിനു യുകെയിൽ എത്തിയെങ്കിലും വർക്ക് പെർമിറ്റ് ലഭിക്കാതെ ഒന്നര വർഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങേണ്ടിവന്നു.
രണ്ട് കുട്ടികളെ വളർത്തണം. ബിജുവും ഭാര്യ ബിനുവും വീണ്ടും ശ്രമിച്ചുകൊണ്ടിരുന്നു. അങ്ങനെയാണ് ലിബിയയിലേക്ക് അവസരം ലഭിക്കുന്നത്. നല്ലതല്ല എന്ന അറിവോടെ തന്നെ ലിബിയയിലേക്ക് പുറപ്പെട്ട ബിനുവിന് രണ്ട് വർഷം പോലും പൂർത്തിയാക്കാൻ സാധിക്കുന്നതിന് മുൻപ് അവിടെ യുദ്ധം ഉണ്ടായതോടെ അവിടെനിന്നും പലായനം നടത്തേണ്ടിവന്നു. എല്ലാം കഴിഞ്ഞു ഇല്ലാത്ത പണം ഉണ്ടാക്കി കൊടുത്തു യുകെയിൽ എത്തിയപ്പോൾ തനിക്ക് താങ്ങാവേണ്ട ഭർത്താവ് എന്നന്നേക്കുമായി വിടപറഞ്ഞിരിക്കുന്നു… ബാക്കിയായത് യുകെയിൽ എത്തിയ ഭാരിച്ച ബാധ്യതയും കണ്ണിൽ ഇരുട്ടും… യുകെക്ക് പോവുകയാണെങ്കിൽ എല്ലാവരും ഒരുമിച്ചു എന്ന് വാശിപിടിച്ചു ബിജു ഈ കുടുംബത്തിന് നഷ്ടപ്പെട്ടിരിക്കുന്നു.
പ്രാദേശിക അസ്സോസിയേഷൻ ആയ സ്റ്റാഫോർഡ് കേരളൈറ്റ്സ് ഫണ്ട് ശേഖരത്തിനായുള്ള ശ്രമങ്ങൾ ആരംഭിച്ചതായി അറിയുന്നു. ഗോ ഫണ്ട് മീ വഴിയാണ് എന്നാണ് അറിയുന്നത്. അസ്സോസിയേഷൻ പ്രസിഡന്റ് അനീഷ്, ബിജു സ്റ്റീഫന്റെ അകാല വേർപാടിൽ അനുശോചനം അറിയിച്ചു.