ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായി മലയാളിയായ ഫാ. സാജു മുതലാളി നിയമിതനായെന്ന വാർത്ത ബ്രിട്ടനിലെ മലയാളി സമൂഹത്തിന് സന്തോഷം പകരുന്നു. ലെസ്റ്ററിലെ ലഫ്ബറോ രൂപതയുടെ ബിഷപ്പായാണ് ഫാ. സാജു നിയമിതനായത്. ഉത്തരവിൽ എലിസബത്ത് രാജ്ഞി ഒപ്പുവച്ചു. നവംബർ 12 വെള്ളിയാഴ്ച രാവിലെയാണ് ഡൗണിങ് സ്ട്രീറ്റ് പ്രഖ്യാപനം നടത്തിയത്. ദീർഘമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് വൈദികനിൽ നിന്നും ബിഷപ്പ് എന്ന ശ്രേഷ്ഠ പദവിയിലേയ്ക്ക് സാജു എത്തിയത്. ലെസ്റ്ററിനു സ്വന്തമായി ബിഷപ്പ് ഉണ്ടെങ്കിലും ലെസ്റ്റര്‍ഷെയറിലെ മേല്‍നോട്ട ചുമതല ലഫ്ബറോ ബിഷപ്പിന്റേതാണ്. മുന്നൂറിലേറെ പള്ളികള്‍, നൂറിലേറെ സ്‌കൂളുകള്‍, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയുടെ ചുമതല ഏറ്റെടുക്കാൻ ഫാ. സാജു തയ്യാറായിക്കഴിഞ്ഞു. സ്ഥാനാരോഹണത്തിന്റെ ആദ്യ ചടങ്ങുകൾ ജനുവരിയിൽ ലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രലിൽ നടക്കും. തുടർന്ന് മാർച്ചിലോ ഏപ്രിലിലോ ആകും ലഫ്ബറോയിലെത്തി ഔദ്യോഗിക സ്ഥാനാരോഹണത്തിന് ശേഷം ചുമതല ഏറ്റെടുക്കുക.
ബാംഗ്ലൂരിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സാജു സതേൺ ഏഷ്യാ ബൈബിൾ കോളജിൽ നിന്നാണ് ഉപരിപഠനത്തിനായി ബ്രിട്ടനിലെത്തിയത്. ദൈവശാസ്ത്രത്തില്‍ ഓക്‌സ്‌ഫോര്‍ഡ് വൊള്‍സി ഹാള്‍ കോളേജില്‍ പഠനത്തിനു ശേഷം 2009ൽ പുരോഹിതനായി. ഡീക്കനായി 12 വര്‍ഷവും വൈദികനായി 11 വര്‍ഷവും ഉള്ള പരിചയമാണ് 42കാരനായ ഫാ . സാജുവിന്റെ യഥാർത്ഥ ശക്തി. കൊല്ലം ജില്ലയിലെ ഈസ്റ്റ് കല്ലട മൺറോതുരുത്ത് മാട്ടയിൽ വീട്ടിൽ എം.ഐ. ലൂക്കോസ് മുതലാളിയുടെയും അന്നമ്മ ലൂക്കോസിന്റെയും മകനാണ് ഫാ. സാജു. ബാംഗ്ലൂരിൽ അഭിഭാഷകനായ സിജി മാട്ടയിൽ, ജിജി ജോസഫ് എന്നിവർ സഹോദരങ്ങളാണ്. ഹണ്ടിങ്ങ്ടൺ സ്വദേശിയായ കെയ്റ്റിയാണ് ജീവിത പങ്കാളി. ഇംഗ്ലണ്ടിലെത്തുമ്പോൾ ഗാന്ധിജിയുടെ ബോഡി ഗാർഡിൽ അംഗമായിരുന്ന ട്രവർ റോബിൻസന്റെ മകളാണ് കെയ്റ്റി. കേരളത്തിൽ വച്ചായിരുന്നു ഫാ. സാജുവിന്റെയും കെയ്റ്റിയുടെയും വിവാഹം. സെപ് (12), സിപ് (10), എബ്രഹാം (9), ജൊഹാന (8) എന്നിവരാണ് മക്കൾ.
നേഴ്സായിരുന്ന അമ്മയാണ് ഫാ. സാജുവിന്റെ ആത്മീയ വഴികാട്ടി. കുഷ്ഠരോഗികള്‍ക്കിടയില്‍ പ്രവർത്തിച്ച അമ്മയിൽ നിന്നാണ് മറ്റുള്ളവരെ കരുതാനും നിസ്വാർത്ഥമായി സ്നേഹിക്കാനും പഠിച്ചത്. പുതിയ നിയമനം വലിയ ഉത്തരവാദിത്വബോധമാണ് നൽകുന്നതെന്നും എല്ലാവരെയും പള്ളിയിലേയ്ക്ക് അടുപ്പിക്കാൻ ശ്രമിക്കുമെന്നും ഫാ. സാജു പ്രതികരിച്ചു. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ബിഷപ്പായി നിയമിതനാകുന്ന രണ്ടാമത്തെ മലയാളിയാണ് ഫാ. സാജു മുതലാളി. റോച്ചസ്റ്റർ രൂപതയുടെ കീഴിലുള്ള ജില്ലിംങ്ങാം സെന്റ് മാർക്ക്സ് പള്ളി വികാരിയായിരുന്നു കഴിഞ്ഞ ഏഴു വർഷങ്ങളായി ഫാ. സാജു മുതലാളി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലിവർപൂൾ : കാർ ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം ലിവർപൂളിൽ ഒഴിവായത് വൻ ദുരന്തം. ഇന്നലെ രാവിലെ 10:59നാണ് നഗരത്തെ ഞെട്ടിച്ച സ്ഫോടനം നടന്നത്. അനുസ്മരണ ദിനത്തോടനുബന്ധിച്ച് ലിവർപൂൾ കത്തീഡ്രലിൽ നടന്ന ശുശ്രൂഷയിൽ പങ്കെടുക്കാനാണ് യാത്രക്കാരൻ ടാക്സി വിളിച്ചത്. യഥാർത്ഥത്തിൽ, ബോംബാക്രമണം ലക്ഷ്യമിട്ട് സ്ഫോടക വസ്തുക്കളുമായി എത്തിയ ചാവേർ ആയിരുന്നു അദ്ദേഹം. എന്നാൽ കാർ ഗതാഗത കുരുക്കിൽ പെട്ടതോടെ ലിവർപൂൾ മെറ്റേണിറ്റി ഹോസ്പിറ്റലിലേക്ക് തിരിച്ചു പോകാൻ ആവശ്യപ്പെട്ടു. സംശയം തോന്നിയ ഡ്രൈവർ ഡേവിഡ് പെറി, ആശുപത്രിയിൽ എത്തിയ ഉടൻ കാറിൽ പരിശോധന നടത്തുകയായിരുന്നു. വൻ സ്ഫോടക ശേഖരം കണ്ടെത്തിയതോടെ ചാവേറിനെ കാറിനുള്ളിൽ ഇട്ട് ലോക്ക് ചെയ്തു. പിന്നാലെ വലിയ ശബ്ദത്തിൽ കാർ പൊട്ടിതെറിച്ചു. കാറിനുള്ളിൽ കുടുങ്ങിയ ഭീകരനും കൊല്ലപ്പെട്ടു.
കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സാരമായി പരിക്കേറ്റ പെറിക്ക് ചികിത്സ നൽകിയ ശേഷം വീട്ടിലേക്ക് അയച്ചു. ഈ ദുരന്തത്തിന് തീവ്രവാദവുമായി നേരിട്ട് ബന്ധമില്ലെന്ന് പറഞ്ഞ പോലീസ്, പിന്നീട് നടത്തിയ അന്വേഷണത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ലിവർപൂളിലെ കെൻസിംഗ് ടണിലെ ബോലർ സ്ട്രീറ്റിൽ നിന്നാണ് മൂന്നു യുവാക്കളെ പിടികൂടിയത്. സമീപവാസികളെ ഒഴിപ്പിച്ച ശേഷം സെഫ്റ്റൺ പാർക്കിന് സമീപമുള്ള റട്ട്‌ലാൻഡ് അവന്യൂ പോലീസ് സീൽ ചെയ്തു.
ലിവർപൂൾ വിമൻസ് ഹോസ്പിറ്റലിൽ നിന്ന് ഒരു മൈൽ അകലെയുള്ള ആംഗ്ലിക്കൻ കത്തീഡ്രലിൽ നിരവധി സൈനിക ഉദ്യോഗസ്ഥരും വിമുക്തഭടന്മാരും പൗര പ്രമുഖരും ഉൾപ്പെട്ട അനുസ്മരണ ശുശ്രൂഷയ്ക്കിടെ സ്ഫോടനം നടത്താനായിരുന്നു ഉദ്ദേശ്യം. എന്നാൽ ഗതാഗത കുരുക്കിൽ പെട്ടതോടെയാണ് കാർ തിരിച്ചു ആശുപത്രിയിലേയ്ക്ക് പോകാൻ ആവശ്യപ്പെട്ടത്. ഇവിടെയാണ് ഡ്രൈവർ രക്ഷകനായത്. ലിവർപൂൾ വിമൻസ് ഹോസ്പിറ്റൽ പ്രതിവർഷം 50,000 രോഗികളെ ചികിത്സിക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ ആശുപത്രിയാണിത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബർമിംഗ്ഹാമിൽ നിന്നുള്ള കോവിഡ് ബാധിതയായ ഗർഭിണി കുഞ്ഞിന് ജന്മം നൽകി ഒരു നോക്ക് കാണാനാകാതെ മരണപ്പെട്ടു. ബർമിംഗ്ഹാമിൽ താമസിക്കുന്ന 37 വയസ്സുകാരിയായ പാകിസ്ഥാൻ യുവതി സൈഖ പാർവീൻ ആണ് മരണപ്പെട്ടത്. നാലു കുട്ടികളുടെ അമ്മയായ സൈഖ, അഞ്ചാമതും ഗർഭിണിയായി എട്ടാം മാസത്തിലാണ് കോവിഡ് ബാധിതയായത്. സൈഖയുടെ മൃതദേഹം ജന്മനാടായ പാകിസ്ഥാനിലേക്ക് കൊണ്ടുപോയി സംസ്കാരം നടത്തിയതായി ബന്ധുക്കൾ അറിയിച്ചു. സെപ്റ്റംബർ മാസത്തിൽ കോവിഡ് ബാധിതയായ സൈഖ ഗുഡ് ഹോപ്പ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഗർഭാവസ്ഥ പൂർത്തിയായ ശേഷമാണ് സൈഖ കുഞ്ഞിന് ജന്മം നൽകിയതെങ്കിലും, കുഞ്ഞിനെ ഒരു പ്രാവശ്യം പോലും കയ്യിലെടുക്കാൻ ആകാതെ അവർ മരണപ്പെട്ടു. സൈഖയുടെ ഭർത്താവ് ടാക്സി ഡ്രൈവറായ മജിദ് ഗഫുർ ഉൾപ്പെടെ കുടുംബാംഗങ്ങൾ എല്ലാവരും തന്നെ സൈഖയുടെ മരണത്തിന്റെ വേർപാടിലാണ്.
സൈഖയുടെ അനുഭവം മറ്റുള്ളവർക്ക് ഉണ്ടാകാതിരിക്കണമെന്നും, എല്ലാവരും തന്നെ വാക്സിൻ സ്വീകരിക്കണമെന്നും സൈഖയുടെ മാതാവ് ഖയം മുഗൾ വ്യക്തമാക്കി. ജന്മനാട്ടിൽ എത്തിച്ച സൈഖയുടെ മൃതദേഹം കാണുവാനായി നിരവധിപേർ എത്തിയിരുന്നു. സൈഖയുടെ മരണം മറ്റുള്ളവർക്ക് ഒരു പാഠമാകണമെന്നും, എല്ലാവരും തന്നെ വാക്സിൻ സ്വീകരിക്കണമെന്നുമുള്ള നിർദ്ദേശമാണ് വിദഗ്ധർ മുന്നോട്ട് വയ്ക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : നടുവേദനയെ തുടർന്ന് ലണ്ടനിലെ സ്മാരക കുടീരത്തിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാതെ എലിസബത്ത് രാജ്ഞി. യുദ്ധസ്മരണാ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തതിൽ രാജ്ഞി നിരാശയിലാണെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ തന്റെ ചുമതലകളിൽ നിന്ന് വിട്ടുനിന്ന രാജ്ഞി, ഇന്നത്തെ ചടങ്ങിൽ പങ്കെടുക്കുമെന്ന് കൊട്ടാരം നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇന്ന് രാവിലെ പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് രാജ്ഞി ആരാധനയിൽ പങ്കെടുക്കില്ലെന്ന് കൊട്ടാരം അറിയിച്ചത്. മുൻ വർഷങ്ങളിലെന്നപോലെ, ചാൾസ് രാജകുമാരൻ രാജ്ഞിയ്ക്ക് വേണ്ടി ഒരു റീത്ത് സമർപ്പിച്ചു.
അനുസ്മരണ ഞായറാഴ്ചയിലെ ആരാധനയിൽ പങ്കെടുക്കാൻ രാജ്ഞി അതിയായി ആഗ്രഹിച്ചിരുന്നുവെന്ന് കൊട്ടാരം ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. നടുവേദനയുണ്ടെങ്കിലും ആശുപത്രി ചികിത്സ ആവശ്യമില്ല. പരിശോധനകൾക്കായി ഒക്ടോബർ 20 ന് ആശുപത്രിയിൽ കഴിഞ്ഞ ശേഷം നവംബർ പകുതി വരെ വിശ്രമിക്കാൻ ഡോക്ടർമാർ രാജ്ഞിയോട് ആവശ്യപ്പെട്ടിരുന്നു. ഗ്ലാസ്‌ഗോയിൽ നടന്ന കോപ്26 കാലാവസ്ഥാ ഉച്ചകോടിയിൽ രാജ്ഞി നേരിട്ട് പങ്കെടുത്തിരുന്നില്ല.
യുദ്ധത്തിൽ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച എല്ലാ ആളുകളെയും ഇന്ന് അനുസ്മരിക്കും. ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിക്ക് പുറത്തുള്ള ഫീൽഡ് ഓഫ് റിമെംബ്രൻസിൽ കോൺവാൾ ഡച്ചസ് ഒരു കുരിശ് സ്ഥാപിച്ചു. ലിവർപൂളിൽ, ഡ്യൂക്ക് ഓഫ് ലങ്കാസ്റ്റർ റെജിമെന്റിന്റെ ഒന്നാം ബറ്റാലിയൻ മാർച്ച് നടത്തി. രാവിലെ 11 മണിക്ക് രാജ്യം രണ്ട് മിനിറ്റ് നിശബ്ദത പാലിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കേരളത്തിലെ ഗ്രാമീണ അന്തരീക്ഷത്തിൽ നിന്ന് യുകെയിലെ പ്രവാസ ജീവിതത്തിലേക്ക് പറിച്ചുനടപ്പെട്ടവർക്ക് പറയാൻ ഒരുപാട് അനുഭവങ്ങൾ ഉണ്ടാകും. പ്രവാസ ജീവിതത്തിന്റെ വിരസതയും ജന്മനാടിന്റെ ഓർമകളും അവരുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറും. ബന്ധങ്ങൾ അഞ്ചിഞ്ച് സ്ക്രീനിലേക്ക് ചുരുങ്ങിയ കാലത്തും അതിൽ നിന്നൊക്കെ വ്യത്യസ്തമായി ചിലർ പ്രകൃതിയിലേക്കും കൃഷിയിലേക്കും തിരിച്ചുനടക്കുകയാണ്. കൃഷിയെപറ്റി സംസാരിക്കുമ്പോൾ ചാത്തന്നൂർകാരനായ എൽദോസ് ജേക്കബ് വാചാലനാവും. കൃഷിയും പൂന്തോട്ടവും നിത്യജീവിതത്തിന്റെ ഭാഗമാക്കിയ ഒരാൾ എങ്ങനെയാണ് മിണ്ടാതിരിക്കുന്നത്. യുകെ മലയാളികൾക്ക് പ്രചോദനമേകുന്ന ജീവിതകഥയാണ് എൽദോസ് ജേക്കബ് എന്ന വിനോദിന് പറയാനുള്ളത്. കുടുംബം, കൃഷി, പൂന്തോട്ടം, പ്രവാസി മലയാളികൾക്കിടയിൽ മലയാള ഭാഷയെ വളർത്താനുള്ള ശ്രമങ്ങൾ എന്നിവയെപ്പറ്റി മലയാളംയുകെയിൽ മനസ്സ് തുറക്കുകയാണ് വിനോദ്.
കുടുംബം
എന്റെ പേര് എൽദോസ് ജേക്കബ്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിനോദ് എന്ന് വിളിക്കും. ഭാര്യ ആശാ മാത്യു. മകൻ ഇനോക്ക് ജേക്കബ് എൽദോസ് (14), മകൾ മീഖ ഗ്രേസ് എൽദോസ് (10). ഇവിടെ എസ്സെക്സിൽ ഡാഗ്നം ഈസ്റ്റ് എന്ന സ്ഥലത്ത് താമസിക്കുന്നു. കൊല്ലം ജില്ലയിലെ കാർഷിക ഗ്രാമമായ ചാത്തന്നൂരാണ് എന്റെയും ആശയുടെയും സ്വദേശം. ധാരാളം സംസാരിക്കാനും സൗഹൃദങ്ങൾ നിലനിർത്താനും അതീവ താല്പര്യമുള്ള എനിക്ക് അനുയോജ്യമായ ജോലിയാണ് ഇവിടെ ലഭിച്ചത് – റോയൽമെയിലിൽ പോസ്റ്റ്‌മാൻ. ഭാര്യ ആശ, ഹോമർട്ടൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സീനിയർ നഴ്സ് ആയി ജോലി ചെയ്യുന്നു. മകൻ ഒമ്പതാം ക്ലാസ്സിലും മകൾ അഞ്ചാം ക്ലാസ്സിലും പഠിക്കുന്നു.
പ്രവാസജീവിതവും വ്യക്തിബന്ധങ്ങളും
നിറയെ വയലുകളും കൃഷിയിടങ്ങളുമുള്ള നാട്ടിൽ നിന്നാണ് ഞങ്ങൾ പതിനഞ്ചു വർഷം മുൻപ് യുകെയിൽ എത്തിയത്. ജോലി സമ്മർദ്ദം സൃഷ്ടിക്കുന്ന പ്രശ്നങ്ങളും വ്യക്തിബന്ധങ്ങളിലെ വിള്ളലുകളും വിരസമായ ജീവിതക്രമത്തിലേക്കാണ് പ്രവാസി മലയാളികളെ തള്ളിവിടുന്നത്. നാട്ടിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു അനുഭവം. ആരോഗ്യമുള്ള ജീവിതത്തിന് ആരോഗ്യമുള്ള ഒരു മനസും ചുറ്റുപാടും ആവശ്യമാണെന്ന തിരിച്ചറിവിൽ നിന്നാണ് ഞാൻ കൃഷിയിലേക്കും പൂന്തോട്ടപരിപാലനത്തിലേക്കും കടക്കുന്നത്. അത് മനസ്സിന് ഉല്ലാസം പകരുന്നു.
കൃഷിയിലേക്ക്
മനസ്സിനും ശരീരത്തിനും ഉണർവ് ഏകുവാനും ഉത്തരവാദിത്തം, ലക്ഷ്യം എന്നിവ നേടുവാനുമായി ഞങ്ങൾ കാർഷിക മേഖലയിലേക്ക് തിരിഞ്ഞു. സമയവും പ്രയത്നവും ഫലവത്താകുന്ന രീതിയിൽ ചിലവഴിക്കാൻ ശ്രമിച്ചു. മണ്ണിലേക്ക് ഇറങ്ങി പണിയെടുത്തപ്പോൾ മനസ്സും ശരീരവും ഉണർന്നു. അതിന് തക്കതായ പ്രതിഫലം ലഭിച്ചത് കൂടുതൽ ഊർജം പകർന്നു.
പച്ചക്കറികൾ കൃഷി ചെയ്യാനായി അലോട്മെന്റ് ഉണ്ടായിരുന്നു. അവിടെ വെളുത്തുള്ളി, പലതരം ബീൻസ്, കാബേജ്, ബീറ്റ്റൂട്ട്, ക്യാരറ്റ്, നാട്ടിലെ ചീരകൾ, ഉരുളക്കിഴങ്ങ്, വിവിധയിനം മത്തൻ, വെള്ളരിക്ക, കുമ്പളങ്ങ, ഒലിവ്, സവാള, സ്വീറ്റ് കോൺ, നാട്ടിൽ നിന്ന് കൊണ്ടുവന്ന മഞ്ഞൾ, ചേമ്പ്, ഇഞ്ചി, വഴുതനങ്ങ, പച്ചമുളക് എന്നിവ കൃഷി ചെയ്തു തുടങ്ങി. അതെല്ലാം വളരെയേറെ ഫലം പുറപ്പെടുവിച്ചു.
ജൈവകൃഷി രീതിയോട് കൂടുതൽ പ്രിയം
ജൈവ വളങ്ങളാണ് കൃഷി ചെയ്യാൻ ഉപയോഗിക്കുന്നത്. ഇത് ഉത്പാദന നിരക്ക് വർധിപ്പിച്ചു. കുതിര ചാണകവും കോഴി വേസ്റ്റും ഉപയോഗിക്കുന്നു. വീട്ടിൽ കോഴി വളർത്തിയിരുന്നു. ഫാം ഹൗസിൽ പോയി കുതിര ചാണകം ശേഖരിച്ചു കൊണ്ടുവന്നാണ് ഉപയോഗിക്കുന്നത്. ജൈവകൃഷി രീതി പിന്തുടർന്നാണ് വലിയ വിളവെടുപ്പ് നടത്തിയത്. അമ്പത് കിലോ സവാള ലഭിച്ചു.
പറമ്പിൽ വിളഞ്ഞ ഭീമൻ മത്തങ്ങയും കുമ്പളങ്ങയും
വളരെ ഉത്സാഹം പകരുന്നതായിരുന്നു കുമ്പളങ്ങ കൃഷി. ഗ്രാമീണ പശ്ചാത്തലത്തിൽ വീട്ടിലെ പറമ്പിലും കച്ചി തുറുവിലും മച്ചിൻ പുറങ്ങളിലും വിളഞ്ഞിരുന്ന കുമ്പളങ്ങ ഇന്നവിടെ അന്യമായികൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ഞങ്ങൾ കുമ്പളങ്ങ കൃഷി ചെയ്തു. അഞ്ചു കിലോ തൂക്കം വരെ നാൽപതോളം കുമ്പളങ്ങ ഉണ്ടായി. അമ്പതോളം മത്തങ്ങയും വിളഞ്ഞു. 27 കിലോയുള്ള ഭീമൻ മത്തങ്ങയുടെ വിളവെടുപ്പ് ആശ്ചര്യമായിരുന്നു. എൻെറ കൃഷിയിടത്തിലെ ഏറ്റവും മികവുറ്റ ഈ ഫലം സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലണ്ടനിൽ കാഴ്ച വച്ചപ്പോൾ ഉണ്ടായ ആത്മസംതൃപ്തി പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.
പൂന്തോട്ടം
ആദ്യം പൂന്തോട്ട പരിപാലനത്തിലാണ് ശ്രദ്ധ വച്ചത്. നിറയെ ചെടികളും പൂക്കളും പൂന്തോട്ടത്തെ മനോഹരമാക്കുന്നു. നാട്ടിലെ പൂന്തോട്ടത്തിന് സമാനമായി നാലുമണി ചെടി, പത്തുമണി ചെടി, കോഴിവാലൻ ചെടി, പിച്ചി, വലിയ സൂര്യകാന്തി എന്നിവ ഇവിടെ വളരുന്നുണ്ട്. നയനമനോഹരമായ കാഴ്ചയാണത്. അതുപോലെ നാടിന്റെ നന്മ വിളിച്ചോതുന്ന തെങ്ങുകളും വാഴകൂട്ടങ്ങളും ഞങ്ങളുടെ പരിപാലനത്തിലുണ്ട്. പല ചങ്ങാതിമാരും വന്ന് വാഴയില വെട്ടി പൊതിച്ചോറ് കെട്ടുന്നതിനും ഇലയപ്പം ഉണ്ടാക്കുന്നതിനുമായി കൊണ്ടുപോകും.
ആത്മസംതൃപ്തി, സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും അനുഭവം, സുഹൃത്ത് ബന്ധങ്ങൾ തുടങ്ങിയവ അനുഭവിച്ചറിഞ്ഞത് കൃഷിയിലൂടെയാണ്. പച്ചക്കറികൾ അയൽവാസികൾക്കും ചങ്ങാതിമാർക്കും പകുത്ത് നൽകിയപ്പോൾ കാർഷിക സമൃദ്ധിയുടെ യഥാർത്ഥ സൗന്ദര്യം ഞങ്ങൾ മനസിലാക്കി.
മറ്റ് വിനോദങ്ങൾ
നായ, കോഴി, ലവ്ബേർഡ്‌സ്, മീൻ, മുയൽ എന്നിവ വളർത്തുമായിരുന്നു. ഇപ്പോൾ നായവളർത്തൽ മാത്രം. പച്ചക്കറികളിൽ പലതും രൂപം മാറി അച്ചാറുകളാവും. ബീറ്റ്റൂട്ട്, ആപ്പിൾ, മുന്തിരി, വെളുത്തുള്ളി എന്നിവ അച്ചാറുകളാക്കി ആവശ്യക്കാർക്ക് നൽകുന്നുണ്ട്. വിവിധ തരം വൈനുകളും ഉണ്ടാക്കുന്നു. മുന്തിരി, പൈനാപ്പിൾ, ബ്ലാക്ക്ബറി എന്നിവയാണ് പ്രധാനം.
മലയാളവും മലയാളനാടും നെഞ്ചോട് ചേർന്ന് തന്നെ
പുതിയ തലമുറയ്ക്ക് നമ്മുടെ പൈതൃകവും സംസ്‍കാരവും പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ ‘ആലയം’ എന്ന പേരിൽ ചെറിയൊരു മലയാളം സ്കൂൾ ആരംഭിച്ചു. ഒരു ലൈബ്രറിയും ഉണ്ട്. മാതൃഭാഷയായ മലയാളത്തെ പരിപോഷിപ്പിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. വായനശാലയിൽ നൂറിലേറെ പുസ്തകങ്ങൾ ഉണ്ട്. നോവൽ, ചെറുകഥ തുടങ്ങിയവ ഉൾപ്പെടുന്നു. ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നതിലൂടെ പ്രവാസി മലയാളികളിൽ വായനാശീലം വളർത്തിയെടുക്കാൻ സഹായിക്കുന്നു.
എല്ലു മുറിയെ പണി ചെയ്താൽ പല്ലു മുറിയെ തിന്നാം
എന്റെ ഓർമകളിൽ നിറഞ്ഞു നിൽക്കുന്നത് ഈ പഴഞ്ചൊല്ലാണ്. എന്റെയും ആശയുടെയും പിതാക്കന്മാർ നല്ല കർഷകരായിരുന്നു. അവരുടെ ജീവിത അധ്വാനങ്ങൾ ആണ് എനിക്ക് പ്രചോദനമായത്. എന്റെ കുടുംബമാണ് ഏറ്റവും വലിയ പിന്തുണ. ഒരു ചെടി എങ്ങനെ ഫലം പുറപ്പെടുവിക്കുന്നു, അതെങ്ങനെ വളരുന്നു എന്നൊക്കെ കുട്ടികൾ കണ്ടു മനസിലാക്കുന്നു. ഈ നന്മയാണ് അവർക്ക് പകർന്നുനൽകാനുള്ളത്.
വിനോദിന്റെ കഠിനാധ്വാനം പ്രവാസി മലയാളികൾക്ക് പ്രചോദനമാണ്. മണ്ണിന്റെ മണവും പൂക്കളുടെ സുഗന്ധവും പേറുന്ന ഇത്തരമാളുകൾ പ്രവാസി മലയാളികൾക്ക് അഭിമാനം പകരുന്നു. കൃഷി ചെയ്യാൻ മാത്രമല്ല, കൃഷിയെ സംബന്ധിച്ച് ആളുകൾക്കുള്ള സംശയങ്ങൾ തീർക്കാനും വിനോദ് ഒരുക്കമാണ്. കേരളത്തിന്റെ കാർഷിക പാരമ്പര്യത്തിലേക്ക് തിരികെ നടന്ന വിനോദ് ഒരു പാഠപുസ്തകമാണ്; പ്രവാസ ജീവിതത്തിനിടയിലും കൃഷിയെയും മലയാളത്തെയും ചേർത്തു നിർത്തി വളരുന്നത് എങ്ങനെയെന്ന് പറഞ്ഞുതരുന്ന ഒരു പുസ്തകം. നിറഞ്ഞ ചിരിയോടെ, മനസ്സ് നിറഞ്ഞ്, ധാരാളം സംസാരിച്ച് വിനോദ് വീണ്ടും പറമ്പിലേക്ക് ഇറങ്ങുകയായി… ആശംസകൾ
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ക്രിസ്മസിന് മുമ്പ് തന്നെ യുകെയിലെ സൂപ്പർമാർക്കറ്റുകളിൽ ഷെൽഫുകൾ കാലിയാകുന്നത് നിങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ടോ? എങ്കിൽ എന്തുകൊണ്ട് കാലെയ്‌സിലേക്ക് പോയി ഷോപ്പിംഗ് നടത്തികൂടാ? ലാഭകരമായ ഷോപ്പിംഗ് ആണ് ഫ്രഞ്ച് തുറമുഖനഗരമായ കാലെയ്‌സിൽ നിങ്ങളെ കാത്തിരിക്കുന്നത്. ഈ വർഷം ആദ്യം മുതൽ തന്നെ ഫ്രാൻസിൽ നിന്നുള്ള വാങ്ങലുകളിൽ ബ്രിട്ടീഷുകാർക്ക് 20% വരെ നികുതി തിരികെ ക്ലെയിം ചെയ്യാൻ സാധിക്കും. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള യുകെയുടെ പിന്മാറ്റമാണ് ബ്രിട്ടീഷുകാർക്ക് ഈ ആനുകൂല്യം ഒരുക്കിയത്. ഈ ടാക്‌സ്-ബാക്ക് സമ്പ്രദായം ബ്രിട്ടീഷുകാർക്ക് വൻ നേട്ടമാണ് ഉണ്ടാക്കുന്നത്. യുകെ വിലയും ഫ്രാൻസിലെ വിലയും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ ബിയർ, വൈൻ, ഷാംപെയിൻ, കളിപ്പാട്ടങ്ങൾ, വൈദ്യുതോപകരണങ്ങൾ തുടങ്ങിയ സാധനങ്ങളുടെ വിലയിൽ വലിയ വ്യത്യാസം കാണാൻ കഴിയും. കാലെയ്‌സിൽ രണ്ട് പെട്ടി വൈനിന് കിഴിവ് തുകയ്ക്ക് ശേഷം 61 പൗണ്ട് ആണ് വില. യുകെയിലെ വില 168 പൗണ്ടാണ്. 107 പൗണ്ടിന്റെ വ്യത്യാസം.
ഫ്രാൻസിൽ നിന്ന് സാധനം വാങ്ങുമ്പോൾ നികുതി എങ്ങനെ തിരികെ ക്ലെയിം ചെയ്യാമെന്ന് അറിഞ്ഞിരിക്കണം. ഷോപ്പ് ഓഫറുകളിൽ ‘കിഴിവ്തുക’ (détaxe) ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുക. 85 പൗണ്ടിന് മുകളിൽ ചിലവഴിച്ചാൽ മാത്രമേ ഈ അനുകൂല്യം ലഭിക്കൂ. ഒപ്പം കാർഡ് മുഖേന പണമടയ്ക്കുക. അഞ്ച് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ നികുതിവില നിങ്ങളുടെ അക്കൗണ്ടിൽ എത്തും. ചെക്ക്-ഔട്ടിൽ, ഡിടാക്‌സ് അഭ്യർത്ഥിച്ച് ഫോം പൂരിപ്പിക്കുക. ഇതിന് നിങ്ങളുടെ പാസ്‌പോർട്ട് ആവശ്യമാണ്.
വീട്ടിലേയ്ക്ക് പോകുന്നതിന് മുമ്പ് ഡീടാക്‌സ് ഫോമുകൾ സൂക്ഷിക്കുന്നതിനോടൊപ്പം കസ്റ്റംസിലെ പ്രത്യേക മെഷീനുകളിൽ അവ സാധൂകരിക്കണം. ഡ്യൂട്ടി ഫ്രീ ഷോപ്പിംഗിൽ പരിധി നിശ്ചയിച്ചിട്ടുണ്ട്. 18 ലിറ്റർ വൈൻ (24 x 75 സിഎൽ കുപ്പികൾ),
42 ലിറ്റർ ബിയർ (168 x 25 സിഎൽ കുപ്പികൾ),
9 ലിറ്റർ ഷാംപെയ്ൻ,
200 സിഗരറ്റ്,
£390 വിലയുള്ള മറ്റ് സാധനങ്ങൾ എന്നിങ്ങനെയാണ് പരിധി. ബ്രിട്ടീഷുകാർക്ക് ഫ്രാൻസിൽ നികുതി രഹിത ഷോപ്പിംഗിന് അർഹതയുള്ളതിനാൽ തന്നെ കൂടുതൽ പേരെ ഇത് ആകർഷിക്കുമെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ഒപ്പം ഫ്രാൻസിൽ നിന്നുള്ള ഷോപ്പിംഗ് ലാഭകരമാണെന്നും ആളുകൾ അഭിപ്രായപ്പെടുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുവാക്കൾക്ക് ബൂസ്റ്റർ വാക്സിനുകൾ നൽകുന്നതുവഴി വഴി രാജ്യത്തെ കോവിഡ് അണുബാധ നിരക്ക് കുറയ്ക്കാൻ സാധിക്കുമെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. നിസാരമായ രോഗങ്ങൾക്കെതിരെ പോലും മൂന്നാം ഡോസ് വാക്സിൻ സംരക്ഷണം നൽകുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നതായി പ്രൊഫ.നീൽ ഫെർഗൂസൺ പറഞ്ഞു. മുൻഗണനാ പട്ടികയിൽ ഉള്ള ജനങ്ങൾക്ക് ബൂസ്റ്റർ വാക്സിനുകൾ നൽകിയ ഉടനെ യുവാക്കൾക്ക് വാക്സിൻ നൽകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശൈത്യകാലത്ത് കോവിഡ് തരംഗം രൂക്ഷമാകാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുകെയിൽ ഇന്നലെ 40,375 പുതിയ കോവിഡ്-19 കേസുകളും 145 മരണങ്ങളുമാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബറിൽ ഗവൺമെൻറിൻറെ ശാസ്ത്ര ഉപദേഷ്ടാക്കൾ അമ്പതു വയസ്സിനു മുകളിലുള്ള എല്ലാവർക്കും ആരോഗ്യ പ്രവർത്തകർക്കൊപ്പം കോവിഡ് വാക്സിൻെറ മൂന്നാം ഡോസ് അതായത് ബൂസ്റ്റർ വാക്സിനുകൾ നൽകണമെന്ന് ശുപാർശ ചെയ്തിരുന്നു. സെപ്റ്റംബർ മാസം അവസാനം മുതൽ ഇവയുടെ വിതരണം ആരംഭിച്ചു. ഗവൺമെൻറിൻറെ മുൻഗണനാ പട്ടികയിലുള്ളവർക്ക് ബൂസ്റ്റർ വാക്സിനുകൾ നൽകിയതിനുശേഷം ചെറുപ്പക്കാർക്ക് ഇത് നൽകാതിരിക്കാനുള്ള കാരണങ്ങൾ ഒന്നും തന്നെ താൻ കാണുന്നില്ലെന്ന് ലണ്ടനിലെ ഇംപീരിയൽ കോളേജിലെ മോഡലിംഗ് ഗ്രൂപ്പിന്റെ തലവനായ പ്രൊഫ. ഫെർഗൂസൺ പറഞ്ഞു.
യുകെയിലെ ജനങ്ങൾക്ക് ബൂസ്റ്റർ വാക്സിനുകൾ നൽകുന്ന പ്രതിരോധശേഷിയെ കുറിച്ചുള്ള ഡേറ്റകൾ അടുത്താഴ്ച പ്രസിദ്ധീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേലിലെ കണക്കുകൾ നോക്കുമ്പോൾ അവിടുത്തെ ബൂസ്റ്റർ വാക്സിനുകൾ സ്വീകരിച്ച ജനങ്ങൾ നേരിയ രോഗങ്ങളിൽ നിന്ന് പോലും സുരക്ഷിതരാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ഡോസ് വാക്സിൻ മാത്രം സ്വീകരിച്ചതിനാലാണ് ആളുകളിൽ ഡെൽറ്റ വേരിയന്റുകൾ കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ഗ്രൂപ്പും ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനും നടത്തിയ മോഡലിംഗ് അനുസരിച്ച് യുവാക്കൾക്ക് ബൂസ്റ്റർ വാക്സിനുകൾ നൽകുന്നത് ഗണ്യമായ രീതിയിൽ രോഗവ്യാപനത്തെ കുറയ്ക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു..
സുജിത് തോമസ്
ചില്ലി ചിക്കൻ
ആവശ്യമായ സാധനങ്ങൾ
എല്ലില്ലാത്ത കോഴിയിറച്ചി-750ഗ്രാം
മാരിനെറ്റ് ചെയ്യാൻ ആവശ്യമായ സാധനങ്ങൾ
മൈദാ മാവ്-1/4 കപ്പ്
കോൺഫ്ലോർ -1/4 കപ്പ്
മുട്ട -1
കുരുമുളക് പൊടി – 1/2 ടീ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
ചുവന്ന ഫുഡ് കളർ/ ചുവന്ന പാപ്രിക പൊടി /കാശ്മീരി മുളക് പൊടി -1/4 ടീ സ്പൂൺ
ഗ്രേവി തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ
വെജിറ്റബിൾ ഓയിൽ -ഇറച്ചി വറുക്കാൻ ആവശ്യത്തിന്
നല്ലെണ്ണ-1 ടേബിൾ സ്പൂൺ
പച്ചമുളക്-1
സവാള- 2 (വലുത് )-ചതുരത്തിൽ മുറിച്ചത്
ഇഞ്ചി+വെളുത്തുള്ളി അരച്ചത് -1 1/2 ടേബിൾ സ്പൂൺ
ക്യാപ്‌സിക്കം -2 എണ്ണം ചതുരത്തിൽ മുറിച്ചത്
ചിക്കൻ സ്റ്റോക്ക്-1 കപ്പ്
വിനാഗിർ- 1 1/2 ടീ സ്പൂൺ
സോയാ സോസ്- 1 ടേബിൾ സ്പൂൺ
ഗ്രീൻ ചില്ലി സോസ്- 1 ടേബിൾ സ്പൂൺ
തക്കാളി സോസ് – 2ടേബിൾ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
സ്പ്രിങ് ഒനിയൻ ചെറുതായി അരിഞ്ഞത് -ഒരു പിടി
തയ്യാറാക്കുന്ന വിധം
1.മൈദ, കോൺ ഫ്ലോർ,മുട്ട, റെഡ് കളർ, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർത്ത് അല്പം കട്ടിയായ മാവ് തയാറാക്കുക.
2.എല്ലില്ലാത്ത കോഴിയിറച്ചിയിൽ ഈ മാവ് മുക്കി ഒരു മണിക്കൂർ നേരത്തെങ്കിലും മാരിനേറ്റ് ചെയ്തു ഫ്രിഡ്ജിൽ സൂക്ഷിക്കുക.
3.ഒരു പാനിൽ എണ്ണ ചൂടാക്കുക. എണ്ണ ചൂടാകുമ്പോൾ ഇതിലേക്ക് മാവിൽ മുക്കിയ ഇറച്ചി കഷ്ണങ്ങൾ വറുത്തെടുത്തു മാറ്റുക.
4.നല്ലെണ്ണയിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , പച്ചമുളക്, സവാള എന്നിവ വഴറ്റിയെടുക്കുക. സവോള അല്പം വഴന്നു കഴിയുമ്പോൾ ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന ക്യാപ്‌സിക്കം ചേർത്തു വഴറ്റുക.
5. നിറം മാറി വരുമ്പോൾ ഇതിലേക്ക് വിനാഗിരി, സോയാസോസ്, ചില്ലി സോസ്, തക്കാളി സോസ്, ചിക്കൻ സ്റ്റോക്ക് എന്നിവ ഓരോന്നായി ചേർത്ത് ചൂടാക്കുക.
6.ഇതിലേക്ക് നേരത്തേ വറുത്തു വച്ചിരിക്കുന്ന കോഴിയിറച്ചി ചേർത്തിളക്കുക. രണ്ടു -മൂന്നു മിനിറ്റിനു ശേഷം ഇതിലേക്ക് സ്പ്രിങ് ഒനിയൻ ചേർത്തിളക്കുക. ഗ്രേവി നന്നായി വറ്റികഴിയുമ്പോൾ അടുപ്പിൽ നിന്നും വാങ്ങാം.
സുജിത് തോമസ്
ന്യൂസ് ഡെസ്ക് മലയാളം യുകെ
വെസ്റ്റ് ലണ്ടനിലെ ബ്രെന്റ്‌ഫോർഡിൽ കുത്തേറ്റതിനെ തുടർന്ന് ഒരാൾ കൊല്ലപ്പെട്ടു. സംഭവത്തിൽ 80 വയസ്സുള്ള ഒരു സ്ത്രീയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുത്തേറ്റയാൾക്ക് 20 വയസ്സ് ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് വച്ച് തന്നെ ഇയാൾ മരിച്ചിരുന്നു. 82 വയസ്സുള്ള സ്ത്രീ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
കൊലപാതകത്തിനും കൊലപാതകശ്രമ ആരോപണത്തിലും ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. 30 വയസ്സ് പ്രായമുള്ള ഇയാളെ ലണ്ടൻ പോലീസ് സ്‌റ്റേഷനിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിയാനുള്ള അന്വേഷണം തുടരുകയാണെന്ന് മെറ്റ് പോലീസ് വക്താവ് അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- താൽക്കാലിക പാർപ്പിടങ്ങളിലും മറ്റും സംരക്ഷിക്കുവാൻ വിധിക്കപ്പെടുന്ന കുട്ടികളുടെ അവസ്ഥ തികച്ചും വേദനാജനകമെന്ന് വ്യക്തമാക്കി മുതിർന്ന ജഡ്ജി. ഇത്തരം കുട്ടികളുടെ സ്വാതന്ത്ര്യമാണ് ഇവിടെ ഹനിക്കപ്പെടുന്നതെന്ന് കോടതി വിലയിരുത്തി. ഇത് സംബന്ധിച്ച കോടതി വ്യവഹാരങ്ങളും രേഖകളും റിപ്പോർട്ട് ചെയ്യുവാൻ ബിബിസി ന്യൂസിന് ലഭിച്ച അവസരത്തിലൂടെയാണ് ഈ വാർത്തകൾ പുറത്തുവന്നത്. രജിസ്റ്റേർഡ് ചിൽഡ്രൻസ് ഹോമുകളിൽ സ്ഥലമില്ലാതായതോടെ കാരവാനുകളും , കനാൽ ബോട്ടുകളും എല്ലാം കുട്ടികൾക്ക് വേണ്ടി താൽക്കാലിക പാർപ്പിടങ്ങളായി മാറ്റിയിരിക്കുകയാണ്. ഇത്തരം പാർപ്പിടങ്ങൾ അനുചിതവും നിയമ വിരുദ്ധവുമാണ്. എന്നാൽ സെപ്റ്റംബർ മുതൽ രജിസ്റ്റേർഡ് ഹോമുകളിൽ തികച്ചും സ്ഥലമില്ലാതായതോടെ, കൗൺസിലുകൾ കുട്ടികളെ ഇത്തരം പാർപ്പിടങ്ങളിൽ താമസിക്കുവാനായി കോടതികളിൽ പ്രത്യേക വിധിയ്ക്കായി പരിശ്രമിക്കുന്നതായാണ് റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്. ഇത്തരം വിധികൾ കുട്ടികളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുകയും, കൗൺസിലുകൾക്ക് കുട്ടികളെ താൽക്കാലിക ഇടങ്ങളിൽ തുടരുവാനും മറ്റുമുള്ള അനുവാദം നൽകുകയും ചെയ്യുന്നതാണ്. കുട്ടികളുടെ അനുമതിയില്ലാതെ തന്നെ അവശ്യഘട്ടങ്ങളിൽ മരുന്നുകളും മറ്റും ഉപയോഗിച്ച് കുട്ടികളെ നിയന്ത്രിക്കുവാനും ഈ വിധിയിലൂടെ കൗൺസിലുകൾക്ക് അധികാരം ലഭിക്കുന്നു. ഇത്തരം രീതികൾ തികച്ചും പൈശാചിമാണെന്ന് സീനിയർ ജഡ്ജി വിലയിരുത്തി.
ഇത്തരത്തിൽ ദുരിതം അനുഭവിക്കുന്ന നിരവധി കുട്ടികളാണ് ഇംഗ്ലണ്ടിൽ ഉള്ളത്. എഫ് ജെ എന്ന് കോടതി രേഖകളിൽ ചുരുക്കപ്പേരിൽ വിളിക്കപ്പെടുന്ന 15 വയസ്സുകാരി പെൺകുട്ടിയുടെ സാഹചര്യം മനുഷ്യമനഃസ്സാക്ഷിക്ക് വേദന ഉളവാക്കുന്നതാണ്. ഓട്ടിസ്റ്റിക് സ്‌പെക്ട്രം ഡിസോഡർ നേരിടുന്ന ഈ കുട്ടിക്ക് 11 മാസത്തെ ചികിത്സ ലഭ്യമാക്കിയ ശേഷം കൗൺസിൽ കുട്ടിയെ രജിസ്റ്റേർഡ് ചിൽഡ്രൻസ് ഹോമിൽ ആക്കി. എന്നാൽ അവിടെവച്ച് സ്വന്തം ജീവനെടുക്കാൻ ശ്രമിച്ച ഈ പെൺകുട്ടിയെ മറ്റ് 225 ഇടങ്ങളിൽ താമസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആരും അംഗീകരിക്കുവാൻ തയ്യാറായില്ല. ഇപ്പോൾ ഈ പെൺകുട്ടിയെ ഒരു രജിസ്റ്റേർഡ് അല്ലാത്ത സ്ഥാപനത്തിലാണ് പാർപ്പിച്ചിരിക്കുന്നത്. ഇവിടെ അപ്രൂവ്ഡ് ആയിട്ടുള്ള സ്റ്റാഫുകളോ, മറ്റു സൗകര്യങ്ങളോ ഒന്നും തന്നെ ഇല്ല. തികച്ചും നീതി നിഷേധിക്കപ്പെട്ട അവസ്ഥയിൽ കഴിയുന്ന ഈ പെൺകുട്ടിയെ പോലെ നിരവധി കുട്ടികളാണ് ഇംഗ്ലണ്ടിൽ ഉള്ളത്.
ഡെപ്രിവേഷൻ ഓഫ് ലിബർട്ടി എന്ന പേരിലറിയപ്പെടുന്ന ഈ കോടതി വിധിയിലൂടെ കൗൺസിലുകൾക്ക് കുട്ടികളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുവാനും, അവരെ ഒരു സ്ഥലത്തേക്ക് അടച്ചിടുവാനും അധികാരം നൽകുന്നു. ചിലയിടങ്ങളിൽ കുടുംബാംഗങ്ങളുമായി ഒരു തരത്തിലുള്ള ബന്ധത്തിനും അധികാരികൾ അനുവദിക്കില്ല. ഇത്തരത്തിലുള്ള നിരവധി സാഹചര്യങ്ങൾ ഇംഗ്ലണ്ടിൽ ഉണ്ടെന്നും ഇതിനെതിരെ ശക്തമായ നിയമ സംവിധാനങ്ങൾ ഉണ്ടാകണമെന്നുമുള്ള ആവശ്യം ശക്തമാണ്.