Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഭക്ഷണത്തിൽ മനുഷ്യ വിസർജ്യം കലർന്ന സംഭവത്തിൽ ഭക്ഷണം കഴിച്ച 150 ഓളം പേർക്ക് കട ഉടമകൾ 28,000 പൗണ്ട് നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ടു. നോട്ടിംഗ്ഹാമിലെ ഖൈബർ പാസ് ടേക്ക്എവേയിലെ മുഹമ്മദ് അബ്ദുൾ ബാസിത്, അംജദ് ഭാട്ടി എന്നിവരുടെ കടയിൽ നിന്നുള്ള ഭക്ഷണത്തിലാണ് ഇ.കൊളൈ ബാക്റ്റീരിയകളെ കണ്ടെത്തിയത്. ഇതിനെത്തുടർന്ന് 142 ഓളം പേർ ഹോസ്പിറ്റലിൽ ചികിത്സ തേടേണ്ടി വന്നിരുന്നു. ഇതിൽ 13 വയസ്സുള്ള പെൺകുട്ടി തീവ്രപരിചരണവിഭാഗത്തിലായിരുന്നു. മറ്റുപലരും ദിവസങ്ങളോളം ചികിത്സയിലായിരുന്നു.

മനുഷ്യ വിസർജ്യം കലർന്ന ഭക്ഷണം കഴിച്ചതാണ് റിപ്പോർട്ട് ചെയ്‍ത രോഗങ്ങൾക്ക് കാരണമെന്ന് ഭക്ഷ്യ ശുചിത്വ ഇൻസ്പെക്ടർ പറഞ്ഞു. ഭക്ഷ്യ സുരക്ഷയ്ക്കും ശുചിത്വത്തിനുമുള്ള യൂറോപ്യൻ വ്യവസ്ഥകൾ പാലിക്കുന്നതിൽ 48 കാരനായ ബാസിത്തും 45 കാരനായ ഭാട്ടിയും പരാജയപ്പെട്ടെന്ന് സമ്മതിച്ചിരുന്നു. നോട്ടിംഗ്ഹാം ക്രൗൺ കോടതി ഇവർക്ക് നാലുമാസം ജയിൽ ശിക്ഷയും പന്ത്രണ്ട് മാസത്തെ സസ്പെൻഷനും വിധിച്ചു. 25,000 പൗണ്ട് പിഴയും ഇവർ കോടതിയിൽ അടയ് ക്കേണ്ടതുണ്ട് . സംഭവത്തിൽ ഇരയായ ഓരോരുത്തർക്കും 200 പൗണ്ട് നഷ്ടപരിഹാരം ലഭിക്കും. ഭക്ഷ്യസുരക്ഷാ, ആരോഗ്യ ചട്ടങ്ങളുടെ ലംഘനം മൂലമാണ് ഇത്തരത്തിൽ ഗുരുതരമായ ഒരു സംഭവം നടന്നതെന്ന് ജഡ്‌ജി ജെറമി ലിയ പറഞ്ഞു.

കഴിഞ്ഞ വർഷം ജൂൺ 18നും ജൂൺ 26 നും ഇടയിൽ ഖൈബർ പാസിൽ ഭക്ഷണം കഴിക്കാൻ എത്തിയവരിലാണ് രോഗം കണ്ടെത്തിയത്. ഇവരിൽ 13 വയസ്സുള്ള ഒരു പെൺകുട്ടിയ്ക്ക് ആശുപത്രിയിൽ ചികിത്സ തേടിയില്ലായിരുന്നുവെങ്കിൽ മരണം വരെ സംഭവിച്ചേക്കുമായിരുന്നു. ടേക്ക്എവേയ് ഭക്ഷണം കഴിച്ചവരിൽ ഗുരുതരമായ അസുഖം ഉണ്ടാക്കുന്നത്ര അളവിൽ ഭക്ഷണം മലിനപ്പെട്ടിരുന്നുവെന്ന് മിസ്റ്റർ ലിയ ചൂണ്ടിക്കാട്ടി.

രാത്രി 10 നും 11 നും ഇടയിലുള്ള ഉറക്ക സമയം മെച്ചപ്പെട്ട ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന റിപ്പോർട്ട് പുറത്ത്. നമ്മുടെ ശരീരത്തിൻെറ ബോഡി ക്ലോക്കുമായി പൊരുത്തപ്പെടുന്ന രീതിയിൽ ഉറക്കത്തെ ക്രമീകരിച്ചാൽ ഹൃദയാഘാതത്തിനും ഹൃദയസംബന്ധമായ രോഗങ്ങൾക്കുമുള്ള സാധ്യത കുറയ്ക്കാമെന്ന് യുകെ ബയോബാങ്ക് കണ്ടെത്തി. ശരീരത്തിന് സ്വാഭാവികമായുള്ള ട്വൻറി ഫോർ അവർ റിതം ആരോഗ്യത്തിന് പ്രധാനമാണ്. ഇവ രക്തസമ്മർദ്ദം പോലുള്ളവയേയും ബാധിക്കും.

പഠനത്തിനായി സന്നദ്ധപ്രവർത്തകർ ധരിച്ചിരുന്ന റിസ്റ്റ് വാച്ച് പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ഗവേഷകർ ഏഴു ദിവസത്തോളം അവർ ഉറങ്ങുന്നതിൻറെയും ഉണരുന്നതിൻെറയും വിവരങ്ങൾ ശേഖരിച്ചതിന് അടിസ്ഥാനമാക്കിയാണ് യൂറോപ്യൻ ഹാർട്ട് ജേണലിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇവരുടെ ഹൃദയസംബന്ധമായ ആരോഗ്യത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ ഗവേഷകർ ആറു വർഷം കൂടുന്തോറും ശേഖരിക്കുകയും ചെയ്തു.

മുതിർന്നവരിൽ മൂവായിരത്തിലധികം പേർക്ക് ഹൃദയസംബന്ധമായ രോഗങ്ങൾ ഉണ്ടായതായി കണ്ടെത്തി. രാത്രി 11 മണിക്ക് ശേഷം ശേഷം വൈകി ഉറങ്ങുന്നവരിലാണ് രോഗം കൂടുതലായി കണ്ടെത്തിയത് എന്ന് മനസ്സിലാക്കാൻ സാധിച്ചു. ഒരു വ്യക്തിയുടെ പ്രായം, ഭാരം, കൊളസ്ട്രോളിൻെറ അളവ് തുടങ്ങിയവ ഹൃദയത്തിൻറെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് പഠനം നടത്താൻ ശ്രമിച്ചിരുന്നു. എന്നാൽ ഹൃദയ ആരോഗ്യവുമായി ഇവ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് തങ്ങളുടെ പഠനം വഴി ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടിലെന്നും വൈകി ഉറങ്ങുന്നത് ശരീരത്തിൻറെ ബോഡി ക്ലോക്കിൽ മാറ്റം വരുത്തുമെന്നും അത് ആരോഗ്യത്തിൽ പ്രതിഫലിക്കും എന്നും ഹെൽത്ത്‌ടെക് ഓർഗനൈസേഷൻ ഹുമയുമായി ചേർന്ന് പ്രവർത്തിക്കുന്ന പഠന രചയിതാവായ ഡോ. ഡേവിഡ് പ്ലാൻസ് പറഞ്ഞു. അർദ്ധരാത്രിയ്ക്ക് ശേഷം ഉറങ്ങുന്നവരിലാണ് ഹൃദ്രോഗങ്ങൾക്കുള്ള ഏറ്റവും ഉയർന്ന സാധ്യത കാണാൻ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തങ്ങളുടെ ഹൃദയത്തെ ദീർഘകാലം ആരോഗ്യകരമായി നിലനിർത്തുന്നതിന് ജനങ്ങൾ രാത്രിയിൽ 10 നും 11 നും ഇടയിൽ ഉറങ്ങണമെന്നാണ് ഈ കണ്ടെത്തൽ സൂചിപ്പിക്കുന്നതെന്ന് ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷനിലെ സീനിയർ കാർഡിയാക് നഴ്‌സ് റെജീന ജിബ്ലിൻ പറഞ്ഞു. പുതിയ പഠനം ഉറക്കസമയവുമായുള്ള ശരീരത്തിൻെറ ബന്ധത്തെ കാണിക്കുന്നുണ്ടെങ്കിലും ഇതിനുള്ള കാരണം ഇനിയും വ്യക്തമല്ല. മുതിർന്നവർ ഏഴ് മുതൽ ഒൻപത് മണിക്കൂർ വരെ ഉറങ്ങണം എന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ രക്തസമ്മർദ്ദം, കൊളസ്ട്രോളിൻെറ അളവ്, ആരോഗ്യകരമായ ശരീര ഭാരം, പതിവായ വ്യായാമം, മദ്യപാനം എന്നിവയെല്ലാം ഹൃദയാരോഗ്യത്തെ ബാധിക്കും.

ഇംഗ്ലീഷ് ചാനൽ കടന്ന് ബോട്ടിലൂടെ ഇന്നലെ മാത്രം  യുകെയിലെത്തിയത് 1,185 പേർ. ഒരു ദിവസം എത്തിയ കുടിയേറ്റക്കാരുടെ ഏറ്റവും ഉയർന്ന സംഖ്യയാണിത്. നാല് ബോർഡർ ഫോഴ്‌സ് കപ്പലുകൾ തീരത്ത് കണ്ടെത്തിയ ബോട്ടുകളെ തടഞ്ഞ് ഡോവറിലേക്ക് കൊണ്ടുപോയി. കലൈസിനു സമീപം രണ്ട് ബോട്ടുകൾ ഒഴുകി എത്തിയത് കണ്ടെത്തിയെന്നും മൂന്നുപേർ കടലിൽ വീണതായും അധികൃതർ പറഞ്ഞു.  ഈ വർഷം 23,000-ത്തിലധികം ആളുകൾ ഫ്രാൻസിൽ നിന്ന് യുകെയിലേക്ക് ബോട്ട് വഴി കടന്നത്.  2020 നേക്കാൾ 8440 അഭയാർഥികളാണ് യുകെയിലെത്തിചേർന്നത് . മിക്ക അഭയാർത്ഥികളും വിമാനങ്ങളിലൂടെയും ബോട്ടുകളിലൂടെയുമാണ് എത്തിയത്.

യുകെയിൽ എത്തിയ 1,185 പേരെ ബോർഡർ ഫോഴ്സ് കരക്കെത്തിച്ചു എന്നും ഫ്രഞ്ച് അധികാരികൾ 99 പേരെ യുകെയിൽ എത്തുന്നതിൽ നിന്ന് തടഞ്ഞുവെന്നും ഹോം ഓഫീസ് സ്ഥിരീകരിച്ചു.  ഇതിനിടെ യുകെയിലേക്കു കടക്കാൻ  ശ്രമിക്കുന്നതിനിടെ കഴിഞ്ഞ ആഴ്ചകളിൽ കാണാതായതായി റിപ്പോർട്ട് ചെയ്‌തവരിൽ രണ്ടു പേർ മരിച്ചതായി സ്ഥിരീകരിച്ചു. ചാനൽ കടന്നുള്ള അഭയാർഥികളുടെ വരവ് നിർത്തണമെന്നും അത് അപകടകരവും അനാവശ്യമാണെന്നും അധികൃതർ വ്യക്തമാക്കി. നവംബർ മൂന്നിന് 853 അഭയാർഥികൾ രാജ്യത്ത് കടന്നതായിരുന്നു ഇതിനുമുൻപ് ഉണ്ടായിരുന്ന ഏറ്റവും ഉയർന്ന കണക്ക് .

ഡോവർ ഡോക്കിൽ കുടിയേറ്റക്കാരെ താമസിപ്പിച്ചിരുന്ന കെട്ടിടങ്ങളുടെ അവസ്ഥ ദയനീയമാണെന്ന് ബോർഡർ ഫോഴ്‌സ് സ്റ്റാഫിനെ പ്രതിനിധീകരിക്കുന്ന യൂണിയൻ ഇമിഗ്രേഷൻ സർവീസ് യൂണിയന്റെ തലവൻ പറഞ്ഞു. ഈ കേന്ദ്രത്തിൽ 490 ലധികം കുടിയേറ്റക്കാർ 24 മണിക്കൂറിൽ അധികം ചെലവഴിച്ചിരുന്നു. എന്നാൽ കുടിയേറ്റക്കാരെ താമസിപ്പിക്കുന്ന കെട്ടിടത്തിൽ ആകെ രണ്ട് പോർട്ടബിൾ ടോയ്‌ലറ്റുകൾ മാത്രമേയുള്ളൂവെന്നും കുടിയേറ്റക്കാർ കോൺക്രീറ്റ് തറകളിലാണ് ഉറങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമപരമല്ലാത്ത മാർഗങ്ങളിലൂടെ രാജ്യത്ത് പ്രവേശിക്കുന്നവർക്ക് അഭയത്തിനുള്ള അവകാശം ഉണ്ടായിരിക്കുകയില്ല. എന്നാൽ യുദ്ധത്തിൽനിന്നും ഭീകരതയിൽ നിന്നും മറ്റും പാലായനം ചെയ്യുന്നവർക്ക്‌ ഇതിൽ ഇളവുകൾ ലഭിക്കും. സുരക്ഷിതവും നിയമപരവുമായ വഴികൾ ഇല്ലാത്തതിനാലാണ് അഭയാർത്ഥികളായ ജനങ്ങൾ ഇത്തരം യാത്രകൾ നടത്തുന്നതെന്ന് ആംനെസ്റ്റി ഇൻറർനാഷണൽ പറഞ്ഞു.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

കാലാവസ്ഥാ വ്യതിയാനം തടയാനുള്ള പദ്ധതികൾക്കായി ലോകരാജ്യങ്ങൾ ഗ്ലാസ്ഗോയിൽ ഒത്തുകൂടിയിരിക്കുകയാണ്. ഒക്ടോബർ 31ന് സ്കോട്ട്ലൻഡിൽ ആരംഭിച്ച ആഗോള കാലാവസ്ഥാ സമ്മേളനം ഇന്ന് അവസാനിക്കും. ഉച്ചകോടിയുടെ അവസാനം പുറത്തുവരുന്ന പ്രഖ്യാപനങ്ങൾക്കായി ലോകം കാത്തിരിക്കുകയാണ്. ഭൂമിയുടെ നിലനിൽപ്പ് എന്നാൽ മനുഷ്യരാശിയുടെ മുഴുവൻ നിലനിൽപ്പാണ്. ഗ്ലാസ്ഗോയിലെ കാലാവസ്ഥാ ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംഘത്തിലുള്ള മലയാളി വൈദികനാണ് ഫാ.ഡോ.സിജി നൂറോകാരിയിൽ. ഇക്കോജസ്യൂട്ട് സൗത്ത് ഏഷ്യയുടെ കോ-ഓർഡിനേറ്ററായ ഫാ.ഡോ.സിജി നൂറോകാരിയിൽ, കോട്ടയം കുറുപ്പുന്തറ മാൻവെട്ടം സ്വദേശിയാണ്. ഡിസാസ്റ്റർ മാനേജ്മെന്റിൽ മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ നിന്നും പിഎച്ച്ഡി കരസ്ഥമാക്കിയ ഫാ. സിജി ഈശോ സഭയിലെ അംഗമാണ്. ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഏക മലയാളിയായ ഫാ.ഡോ.സിജി നൂറോകാരിയിൽ മലയാളംയുകെയോട് മനസ്സ് തുറക്കുന്നു. അഭിമുഖം രണ്ടാം ഭാഗം.

❓ലോകത്തിൽ പ്ലാസ്റ്റിക് ഒരു പ്രധാന പ്രശ്നമായി മാറുകയാണ്. വർഷം തോറും 1.1 കോടി മെട്രിക് ടൺ പ്ലാസ്റ്റിക് സമുദ്രത്തിൽ എത്തുന്നു. അതുപോലെ തന്നെയാണ് എണ്ണ ചോർച്ചയും. ചർച്ചകൾക്കുപരിയായി ഈയൊരു ഭീഷണി ഇല്ലാതാക്കാൻ നാം ഓരോരുത്തരും പരിശ്രമിക്കേണ്ടതല്ല?

തീർച്ചയായും. നെറ്റ് സീറോ എന്ന ലക്ഷ്യം ആർജിക്കാനുള്ള ഉത്തരവാദിത്തം ഓരോ പൗരന്റെയുമാണ്. വ്യക്തിഗത തിരഞ്ഞെടുപ്പാണ് ഇവിടെ പ്രധാനം. ഗ്ലാസ്ഗോയിൽ എല്ലാ പ്രതിനിധികൾക്കും വാഹനഗതാഗതം സൗജന്യമാണെങ്കിലും എങ്ങനെ യാത്ര ചെയ്യണമെന്നത് ഓരോരുത്തരുടെയും തീരുമാനമാണ്. അതുപോലെ തന്നെ ഒരു സ്കൂളിൽ പ്ലാസ്റ്റിക് നിരോധിക്കണമെന്ന തീരുമാനം അധികാരികൾക്ക് കൈകൊള്ളാം. ചർച്ചകൾ ആരംഭിച്ച ശേഷം പ്രവൃത്തി ഉണ്ടാവുന്നില്ലെങ്കിൽ നിരാശയാവും ഫലം. ഇന്ത്യയിലും പ്ലാസ്റ്റിക്കിന്റെ ഉപയോഗം കൂടിവരുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഇന്ത്യക്കാരുടെ പ്രതികരണശേഷി കുറയുന്നതായി തോന്നുന്നു. കാലാവസ്ഥ വ്യതിയാനം മൂലം കൃഷി നശിക്കുന്നത് ഇന്ത്യയിലെ പതിവ് കാഴ്ചയായി മാറികഴിഞ്ഞു. State of India’s Environment (SoE) ന്റെ 2021ലെ റിപ്പോർട്ട്‌ പ്രകാരം ഇന്ത്യയിൽ പ്രതിദിനം 28 കർഷക ആത്മഹത്യകൾ നടക്കുന്നുണ്ട്. 2018ലും 2019ലും 5000ത്തിലേറെ മരണങ്ങൾ. മഹാരാഷ്ട്രയിൽ ഈ വർഷം ജൂണിനും ഒക്ടോബറിനും ഇടയിൽ ഉണ്ടായ മിന്നൽപ്രളയം 13.59 മില്യൺ ഏക്കർ കൃഷിയാണ് ഇല്ലാതാക്കിയത്. ഇത്തരം കാലാവസ്ഥ പ്രശ്നങ്ങൾ പരിഹരിക്കാൻ കൂട്ടായ ശ്രമം ആവശ്യമാണ്. അതുപോലെ സ്വയം മാറാനും തയ്യാറാകണം.

❓ഗ്ലാസ്ഗോ സമ്മേളന വേദിയ്ക്ക് സമീപം പ്രതിഷേധിക്കുന്ന പരിസ്ഥിതി പ്രവർത്തകരെ കാണാൻ കഴിയും. നിലവിലെ പ്രവർത്തനങ്ങൾക്കപ്പുറം കൂടുതൽ ഫലപ്രദമായ നടപടികൾ ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഈ പ്രതിഷേധങ്ങൾ എത്രമാത്രം പ്രസക്തമാണ്?

സമ്മേളന വേദിക്ക് പുറത്ത് നടക്കുന്ന പ്രതിഷേധങ്ങളിലാണ് കൂടുതൽ പ്രവർത്തനം ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിൽ ഒരു ലക്ഷത്തിലേറെ പരിസ്ഥിതി പ്രവർത്തകർ അണിനിരന്നു. അവർ റോഡിലുന്നയിക്കുന്ന ഒരുപാട് ശക്തമായ കാര്യങ്ങളുണ്ട്. അതുപോലെ അവരുടെ പ്രതിനിധികൾ സന്നദ്ധസംഘടനകളുടെ രൂപത്തിൽ ഉച്ചകോടിയിൽ പങ്കെടുത്ത് ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു.

❓ഉച്ചകോടിയിൽ ചർച്ച ചെയ്ത്, തീരുമാനങ്ങൾ കൈകൊണ്ട് ലോകനേതാക്കൾ മടങ്ങിയാൽ ഈ പദ്ധതികൾ എത്രത്തോളം യാഥാർഥ്യമായി വരും എന്ന ഭയം എല്ലാവർക്കുമുണ്ട്. ഇതിനെ എങ്ങനെ നോക്കികാണുന്നു?

അത്തരമൊരു ഭയമുണ്ടെങ്കിലും ചർച്ചകളിലെ നല്ല വശങ്ങളെ നാം പരിഗണിക്കേണ്ടതുണ്ട്. ലോക നേതാക്കൾ വന്ന് ചർച്ചകൾ നടത്തി രണ്ടാം ദിവസം മടങ്ങുന്നു. ബാക്കിയുള്ള ദിനങ്ങളിലാണ് പ്രധാനപ്പെട്ട, വിപുലമായ ചർച്ചകൾ നടക്കുന്നത്. ആളുകൾ ചോദ്യമുന്നയിക്കുന്നുണ്ട്. അടിയന്തിര സാഹചര്യത്തിൽ ജനങ്ങളുടെ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നു. വികസിത രാജ്യങ്ങളുടെ മനോഭാവത്തിലുണ്ടായ മാറ്റം ഇവിടെ പ്രകടമാണ്. ആദിവാസി സമൂഹം, തീരദേശ നിവാസികൾ പോലെ ഭീഷണി നേരിടുന്നവരെ സഹായിക്കാൻ സാമ്പത്തിക സഹകരണം ഉണ്ടാകുന്നു. 151 രാജ്യങ്ങൾ പരിസ്ഥിതി പ്രവർത്തനവുമായി ബന്ധപ്പെട്ട വിവരങ്ങൾ കോപ്26 ൽ സമർപ്പിച്ചു. എട്ട് രാജ്യങ്ങൾ സമർപ്പിക്കാമെന്ന് സന്നദ്ധത അറിയിച്ചു. 2050ഓടെ 90 ശതമാനം ആഗോള ഉദ്വമനം കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. കൽക്കരി ഉപയോഗം നിർത്തലാക്കുമെന്ന് 42 രാജ്യങ്ങൾ അറിയിച്ചു. ‘ഗ്രീൻ ജോബ്സ് &ഗ്രീൻ ഗ്രോത്ത്’ എന്ന ആശയം തികച്ചും സ്വാഗതാർഹമാണ്. സർക്കാരുകൾ ഒരു വലിയ ലക്ഷ്യം മുന്നോട്ട് വയ്ക്കുന്നത് തന്നെ പ്രചോദനം ആവുന്നുണ്ട്.

❓അതുപോലെ ഫണ്ടിങ്ങും ഒരു പ്രശ്നമായി നിലകൊള്ളുന്നു. കാലാവസ്ഥ വ്യതിയാനം തടയാനുള്ള ആഗോള പദ്ധതികൾക്ക് പണം ആര് മുടക്കും എന്നതൊരു ചോദ്യമാണ്. വികസിത രാജ്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പണം ദ്വീപ് രാജ്യങ്ങളിൽ എത്തുന്നില്ലെന്ന വാദം നേതാക്കൾ ഉയർത്തി കഴിഞ്ഞു. ഇതൊരു പ്രതിസന്ധിയായി മാറുകയല്ലേ?

ആഗോള പ്രതിസന്ധി പരിഗണിക്കുമ്പോൾ സാമ്പത്തിക സഹായം കുറവാണെന്ന വാദം കോപ്26ൽ ഉയരുന്നുണ്ട്. വികസിത രാജ്യങ്ങൾ നൽകുന്ന സാമ്പത്തിക സഹായം നിയന്ത്രിക്കുന്നത് കോർപ്പറേറ്റ് കമ്പനികളാണെന്ന വാദം ഉയർന്നുകേട്ടു. പലരും തങ്ങളുടെ ബിസിനസിന് കൂടുതൽ പ്രചാരണം ലഭിക്കുന്ന രീതിയിലാവും സാമ്പത്തിക സഹായം നൽകുന്നത്. ഇത് വലിയ രീതിയിൽ ചോദ്യം ചെയ്യപ്പെടുന്നു. നിലനിൽപ്പ് ഭീഷണി നേരിടുന്ന ചെറുരാജ്യങ്ങളുടെ കൂട്ടായ്മയായ സ്‌മോൾ ഐലൻഡ് ഡെവലപിങ് സ്‌റ്റേറ്റ്സ്‌, കടൽക്ഷോഭം, ഭൂചലനം, ചുഴലിക്കാറ്റ് തുടങ്ങിയവ ചെറുക്കുന്ന നിർമാണ പദ്ധതിക്ക് നവംബർ 2 തുടക്കമിട്ടിരുന്നു. ഇതിന് പണവും സാങ്കേതികവിദ്യയും നൽകുന്നത് യുകെ ആണ്. എന്നാൽ ചെറുരാജ്യങ്ങളുടെ ശബ്ദം അധികം ഉയർന്നു കേൾക്കുന്നില്ല. ഔദ്യോഗിക കണക്കുകൾ അനുസരച്ച് ബംഗ്ലാദേശിലെ തീരപ്രദേശങ്ങളുടെ 28 % സമുദ്രനിരപ്പ് ഉയരുന്നത് മൂലം ഭീഷണി നേരിടുകയാണ്. 2050ഓടെ 11% കര ഇല്ലാതാവുമെന്ന് മുന്നറിയിപ്പ് ഉണ്ട്. ഇത് 150 ലക്ഷം ജനങ്ങളുടെ നിലനിൽപ്പിനു ഭീഷണിയാവും. ദുർബല സമൂഹങ്ങളെ താങ്ങേണ്ടത് അത്യാവശ്യമാണ്. അതിനാൽ തന്നെ ചെറുരാജ്യങ്ങൾ അവരുടെ ആവശ്യങ്ങൾ ശക്തമായി അവതരിപ്പിക്കണം. ഒപ്പം സമ്പന്ന രാജ്യങ്ങൾ നൽകുന്ന ഉറപ്പ് അവർ പാലിക്കുകയും വേണം.

❓കാലാവസ്ഥ വ്യതിയാനം തടയുന്നതിൽ മതങ്ങൾക്കുള്ള പങ്കിനെക്കുറിച്ച്?

ഈ പ്രശ്നത്തിൽ മതവിഭാഗങ്ങൾക്ക് വലിയ രീതിയിൽ സ്വാധീനം ചെലുത്താൻ കഴിയും. എന്നാൽ ശക്തമായ പ്രവർത്തനങ്ങളും പങ്കാളിത്തവും ഉണ്ടാവുന്നില്ലെന്നത് ഖേദകരമാണ്. 2015-ല്‍ ഫ്രാൻസിസ് മാർപാപ്പ എഴുതിയ ‘ലൗദാത്തോസി’ (ദൈവമേ അങ്ങേയ്ക്കു സ്തുതി) എന്ന പരിസ്ഥിതി ലിഖിതം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏതു തരത്തിലുള്ളൊരു ലോകമാണ് നാം വരും തലമുറയ്ക്ക് കൈമാറുവാന്‍ പോകുന്നതെന്ന ചോദ്യം ഈ ചാക്രിക ലേഖനത്തിന്‍റെ കേന്ദ്രസ്ഥാനത്തു നിൽക്കുന്നു. ജനങ്ങളുടെ ചിന്താഗതിയെ സ്വാധീനിക്കാൻ മതങ്ങൾക്ക് കഴിയും. എന്നാൽ ഇത്തരം അടിയന്തിര പ്രാധാന്യമുള്ള ചർച്ചകളിൽ അവരുടെ പങ്കാളിത്തം ശക്തമാകണം.

❓കാലാവസ്ഥ വ്യതിയാന ഉച്ചകോടിയിൽ പങ്കെടുക്കുന്ന മലയാളിയെന്ന നിലയിൽ ആഗോള മലയാളി സമൂഹത്തിന് നൽകുന്ന സന്ദേശം എന്താണ്?

ആദ്യമേ ഈ വർഷത്തെ കാലാവസ്ഥാ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന യുകെയ്ക്ക് നന്ദി അറിയിക്കുന്നു. ഒരു മാതൃകയെന്നോണം ആളുകൾ യുകെയെ ഉറ്റുനോക്കുന്നു. വാക്കുകൾക്കുപരിയായി അവർ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്നു. കൽക്കരിയുടെ ഉപയോഗം കുറച്ച് പുനരുപയോഗിക്കാൻ കഴിയുന്ന വൈദ്യുതിയിലേക്ക് അവർ മാറുന്നു.

കോപ്26 എന്നാൽ ഞാനും നീയുമാണ്. നമ്മൾ, മനുഷ്യർക്കിടയിൽ സഹകരണ മനോഭാവം ഉണ്ടാവണം. ഭൂമിയെ സംരക്ഷിക്കാനുള്ള തീരുമാനം നമ്മൾ കൈക്കൊള്ളണം. സ്വയം ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മാറാൻ കഴിയണം. വരും തലമുറകൾക്ക് വേണ്ടിയുള്ളതാണ് ഈ ഭൂമി. ഭരണനേതൃത്വത്തോടും സമൂഹത്തോടും ചോദ്യങ്ങൾ ഉന്നയിക്കണം. “വ്യക്തിഗത പ്രവർത്തനങ്ങളാണ് കൂട്ടായ ലക്ഷ്യപ്രാപ്തിയിലേക്ക് നയിക്കുക.”

ന്യൂസ് ഡെസ്ക് മലയാളം യുകെ

സെൻട്രൽ ലണ്ടനിലെ ശവകുടീരത്തിൽ നടക്കാനിരിക്കുന്ന റിമെംബറൻസ് സൺ‌ഡേ സർവീസിൽ എലിസബത്ത് രാജ്ഞി പങ്കെടുക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയതിനെ തുടർന്ന് നവംബർ പകുതിവരെ വിശ്രമിക്കാൻ ഡോക്ടർമാർ രാജ്ഞിയോട് നിർദ്ദേശിച്ചിരുന്നു. 95-കാരിയായ രാജ്ഞി മുൻവർഷങ്ങളിലെ പോലെ തന്നെ കെട്ടിടത്തിൻെറ ബാൽക്കണിയിൽ നിന്ന് ചടങ്ങ് കാണുമെന്ന് കൊട്ടാര അധികൃതർ അറിയിച്ചു. പതിവുപോലെ ചാൾസ് രാജകുമാരൻ രാജ്ഞിക്ക് വേണ്ടി പുഷ്പചക്രം അർപ്പിക്കും. എന്നാൽ അടുത്തയാഴ്ച വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടക്കുന്ന ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ജനറൽ സിനഡിൽ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം രാജ്ഞി പങ്കെടുക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. യുദ്ധത്തിൽ മരിച്ചവരെ ആദരിക്കുന്ന വാർഷിക റിമെംബറൻസ് ഡേയിൽ പങ്കെടുക്കണം എന്ന് രാജ്ഞിക്ക് അതിയായ ആഗ്രഹം ഉണ്ടെന്ന് അവർ നേരത്തെ പറഞ്ഞിരുന്നു.

ചൊവ്വാഴ്ച നോർഫോക്കിലെ സാൻ‌ഡ്‌റിംഗ്ഹാം വസതിയിൽ നിന്നും രാജ്ഞി തിരികെ വിൻഡ്‌സർ കാസിലിലേക്ക് മടങ്ങിയെത്തിയിരുന്നു. തൻെറ ഭർത്താവായ ഫിലിപ്പ് രാജകുമാരൻറെ മരണശേഷമുള്ള രാജ്ഞിയുടെ ആദ്യ റിമെംബറൻസ് സൺ‌ഡേ സർവീസാണിത്. യുകെയിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ച എലിസബത്ത് രാജ്ഞി വടക്കൻ അയർലൻഡിലേയ്ക്കുള്ള തൻെറ ഔദ്യോഗിക സന്ദർശനം റദ്ദാക്കിയ ശേഷം പ്രാഥമിക വൈദ്യ പരിശോധനകൾക്കായി ഒക്ടോബറിൽ ആശുപത്രിയിൽ പോയിരുന്നു. ഇതിനുശേഷം മന്ത്രിമാരുമായി പ്രിവി കൗൺസിൽ മീറ്റിംഗ് നടത്തുന്നതുൾപ്പെടെയുള്ള ചുമതലകൾ രാജ്ഞി ഏറ്റെടുത്ത് നടത്തിയിരുന്നു. COP26 കാലാവസ്ഥാ കോൺഫറൻസിൽ നേരിട്ടു പങ്കെടുക്കാൻ കഴിയാത്തതിനാൽ പങ്കെടുത്ത ലോക നേതാക്കൾക്കായി ഒരു വീഡിയോ സന്ദേശവും രാജ്ഞി റെക്കോർഡ് ചെയ്തിരുന്നു. വീഡിയോ കോളിലൂടെ അംബാസിഡറുമായി സംസാരിക്കുകയും ടെലിഫോൺ വഴി പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഫോർമുല വൺ ലണ്ടനിലേക്ക് എത്തുന്നു. റോയൽ ഡോക്കിൽ പുതിയ ഈസ്റ്റ് എൻഡ് സർക്യൂട്ട് നിർമ്മിക്കാനുള്ള പദ്ധതികൾക്ക് മേയർ സാദിഖ് ഖാൻ പൂർണ്ണ പിന്തുണ നൽകി. ഇതോടെ സിൽവർസ്റ്റോൺ സർക്യൂട്ടിൽ നടക്കുന്ന ബ്രിട്ടീഷ് ഗ്രാൻഡ്പ്രീയ്ക്ക് പുറമേ ലണ്ടൻ സർക്യൂട്ടിലും മത്സരം നടക്കും. യുഎസ് നിക്ഷേപ സ്ഥാപനമായ 777 പാർട്ണേഴ്സ്‌ യുകെ സ്‌പോർട്‌സ് ഗ്രൂപ്പുമായി ചേർന്ന് പ്രവർത്തിക്കുകയാണ്. റോയൽ ഡോക്ക്സിൽ ഫോർമുല വൺ നടത്താനുള്ള പദ്ധതികൾ രണ്ട് വർഷങ്ങൾക്ക് മുമ്പേ ആരംഭിച്ചതാണ്. ഒരു പുതിയ കായിക വിനോദ സമുച്ചയം കൂടി രൂപം കൊള്ളുന്നതോടെ മത്സരാവേശങ്ങൾ ഇരട്ടിയാകും.

സർക്യൂട്ട് നിർമ്മിക്കാനുള്ള ധനസഹായം ഉറപ്പാക്കിയിട്ടുണ്ട്. ഒരു വർഷം തന്നെ യുകെയിൽ രണ്ട് മത്സരങ്ങൾ സംഘടിപ്പിനാനുള്ള ശ്രമങ്ങളും ആരംഭിച്ചു കഴിഞ്ഞു. കോവിഡ് കാരണം പദ്ധതി വൈകിയെങ്കിലും സാദിഖ് ഖാൻ പിന്തുണച്ചതോടെ പുതിയ സർക്യൂട്ട് യാഥാർഥ്യമാവുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ.

പരിസ്ഥിതി പ്രശ്നങ്ങളെ മുന്നിൽ കണ്ടുകൊണ്ട്, ലണ്ടൻ ഗ്രാൻഡ്പ്രീ ‘കാർബൺ ന്യൂട്രൽ ഇവന്റ്’ ആയിരിക്കുമെന്ന അഭിപ്രായം മേയർ മുന്നോട്ട് വച്ചു. ഏഴ് തവണ ലോക ചാമ്പ്യനായ ലൂയിസ് ഹാമിൽട്ടൺ ആണ് ഫോർമുല വണ്ണിന്റെ മുഖ്യ ആകർഷണം. 2020ൽ, ഏഴാമത് ഫോർമുല വൺ ലോകകിരീടം നേടി ഇതിഹാസ താരം മൈക്കിള്‍ ഷൂമാക്കറിന്റെ റെക്കോഡിനൊപ്പമെത്താൻ ഈ ബ്രിട്ടീഷുകാരന് സാധിച്ചു. 2024 വരെ കരാറുള്ള സിൽവർ‌സ്റ്റോണിലെ ബ്രിട്ടീഷ് ഗ്രാൻഡ്പ്രീയ്ക്ക് ഈ പദ്ധതി ഭീഷണിയായി മാറില്ലെന്നാണ് വിലയിരുത്തൽ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വിദ്യാർത്ഥികളുമായി സഞ്ചരിച്ച സ്കൂൾ ബസ് കൺട്രി റോഡിൽ വച്ച് അപകടത്തിൽപ്പെട്ടു. ലിങ്കൺഷെയറിലെ നോർത്ത് ഹൈക്കെഹാമിന് സമീപമുള്ള മെഡോ ലെയ്‌നിൽ നിന്ന് പുറപ്പെട്ട ഡബിൾഡക്കർ ബസിൽ അറുപതോളം കുട്ടികളാണ് ഉണ്ടായിരുന്നത്. കുട്ടികൾക്കാർക്കും തന്നെ ഗുരുതരപരിക്കുകളില്ല. പന്ത്രണ്ട് വയസ്സുള്ള ഒരു ആൺകുട്ടിയുടെ കൈയൊടിയുകയും പതിന്നാലു വയസ്സുള്ള ഒരു പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവസ്ഥലത്തെ റോഡ് വീണ്ടും തുറന്നതായി ലിങ്കൺഷയർ പോലീസ് അറിയിച്ചു. തങ്ങൾ സംഭവം കൈകാര്യം ചെയ്തപ്പോൾ ക്ഷമയോടെ അതിൽ സഹകരിച്ചതിന് ജനങ്ങളോട് നന്ദി അറിയിക്കുന്നെന്നും ഗുരുതരമായി ആർക്കുംതന്നെ പരിക്കേറ്റിട്ടില്ലെന്നും പോലീസ് ട്വീറ്റ് ചെയ്തു. സംഭവസ്ഥലത്ത് കൂടിച്ചേരാതെ ലിങ്കണിലെ സെന്റ് ക്രിസ്റ്റഫേഴ്സ് സ്കൂളിലേക്ക് വരാൻ മാതാപിതാക്കളോട് പോലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

നോർത്ത് ഹൈക്കെഹാമിലെ സർ റോബർട്ട് പാറ്റിൻസൺ അക്കാദമി, നോർത്ത് കെസ്റ്റെവൻ അക്കാദമി എന്നീ രണ്ട് സെക്കൻഡറി സ്‌കൂളുകളിലേയ്ക്കുള്ള വിദ്യാർത്ഥികളാണ് ബസിൽ ഉണ്ടായിരുന്നത്. ബസ് പെട്ടെന്ന് ഒരു സൈഡിലേക്ക് മറിയുകയായിരുന്നുവെന്ന് ബസിലുണ്ടായിരുന്ന ഒരു വിദ്യാർത്ഥി പറഞ്ഞു. ബസിലുണ്ടായിരുന്ന ഭൂരിഭാഗം വിദ്യാർഥികൾക്കും പരിക്കുകൾ ഒന്നുംതന്നെയില്ലെന്നും കുറച്ചുപേർക്ക് ചെറിയ മുറിവുകളും ചതവുകളും ഉണ്ടെന്നും ചീഫ് ഇൻസ്പെക്ടർ ഫിൽ വിക്കേഴ്സ് പറഞ്ഞു. അപകടകാരണം ഇതുവരെയും വ്യക്തമല്ല. വാഹനം അടുത്തുള്ള ഒരു വേലിയിലേയ്ക്ക് തെന്നി മറിഞ്ഞതായാണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം പ്രഖ്യാപിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടുകുട്ടികളെ ലിങ്കൺ ഹോസ്പിറ്റലിലേയ്ക്കാണ് കൊണ്ടുപോയതെന്ന് ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് ആംബുലൻസ് സർവീസിന്റെ വക്താവ് പറഞ്ഞു.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ലോകത്തിന്റെ ആശങ്കകൾ ആണ് സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ നടക്കുന്ന യു. എൻ കാലാവസ്ഥാ ഉച്ചകോടി വേദിയിൽ നിറയുന്നത്. കാലാവസ്ഥാ വ്യതിയാന ഭീഷണിക്ക് ആഗോള തലത്തിൽ പ്രതികരണം ശക്തിപ്പെടുത്തുന്നതിനായി 190ലധികം രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളും ഗവേഷകരും ചിന്തകരും പരിസ്ഥിതി പ്രവർത്തകരും പൗരന്മാരും ഗ്ലാസ്ഗോയിലെ സ്കോട്ടിഷ് ഇവന്റ് ക്യാമ്പസിൽ ഒത്തുകൂടിയിരിക്കുന്നു. നവംബർ 12 വരെ നീളുന്ന ഈ മഹാസമ്മേളനം വരും തലമുറയുടെ നിലനിൽപ്പിനു വേണ്ടിയുള്ളതാണ്. ഹരിതഗൃഹ വാതക ഉദ്വമനം നിയന്ത്രിച്ചുകൊണ്ട് ആഗോള താപനം കുറയ്ക്കാനുള്ള തയ്യാറെടുപ്പ് നടത്തുന്ന ലോകരാജ്യങ്ങൾ ജനങ്ങൾക്ക് നൽകുന്ന പ്രതീക്ഷ വളരെ വലുതാണ്. കാലാവസ്ഥയെ പറ്റിയുള്ള സുപ്രധാന തീരുമാനങ്ങൾ ഉണ്ടാകുന്ന ഗ്ലാസ്ഗോ ഉച്ചകോടിയിൽ ഒരു മലയാളി വൈദികനും പങ്കെടുക്കുന്നുണ്ട്. ഈശോ സഭയിലെ അംഗമായ ഫാ. സിജി നൂറോകാരിയിൽ, ഇക്കോജസ്യൂട്ടിന്റെ പ്രതിനിധികളിൽ ഒരാളായാണ് കോപ്26 ൽ പങ്കെടുക്കുന്നത്. ഗ്ലാസ്ഗോയിൽ നിന്നും ഫാ. സിജി നൂറോകാരിയിൽ മലയാളംയുകെയ്ക്ക് നൽകിയ അഭിമുഖം.

ഫാ. സിജി നൂറോകാരിയിൽ – പരിസ്ഥിതി പ്രവർത്തകനായ വൈദികൻ

കോട്ടയം കുറുപ്പന്തറയ്‌ക്ക് അടുത്തുള്ള മാൻവെട്ടം സ്വദേശിയായ ഫാ. സിജി നൂറോകാരിയിൽ ഈശോ സഭയിലെ വൈദികനാണ്. ഡിസാസ്റ്റർ മാനേജ്മെന്റിൽ മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ നിന്നും പിഎച്ച്ഡി കരസ്ഥമാക്കിയ ഫാ. സിജി നൂറോകാരിയിൽ ഡെവലപ്പ്മെന്റ് ഓഫ് ദി ജസ്യൂട്ട് കോൺഫറൻസ് ഓഫ് ഇന്ത്യ & സൗത്ത് ഏഷ്യയുടെ ഡയറക്ടർ ആയി പ്രവർത്തിച്ചുവരുന്നു.  ഈശോ സഭയുടെ മുൻഗണനാ വിഷയങ്ങളിൽ ഒന്നാണ് ഇക്കോളജി. ഇക്കോജസ്യൂട്ട് സൗത്ത് ഏഷ്യയുടെ കോ-ഓർഡിനേറ്ററും ഫാ. സിജി നൂറോകാരിയിൽ ആണ്. ആഗോളതലത്തിൽ പ്രവർത്തിച്ചുവരുന്ന ഇക്കോജസ്യൂട്ടിൽ നിന്ന് ഗ്ലാസ്ഗോ ഉച്ചകോടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരിൽ ഒരാളാണ് ഫാ. സിജി.      ദുരന്തനിവാരണമാണ് പ്രധാന മേഖലയെങ്കിലും പരിസ്ഥിതി പ്രവർത്തനത്തിലും സാമൂഹിക പ്രവർത്തനത്തിലും ഫാ. സിജി ശ്രദ്ധ ചെലുത്തുന്നു. പ്ലസ്ടു പഠനം കേരളത്തിൽ പൂർത്തിയാക്കിയ ശേഷം ബീഹാറിലെ പട്ന പ്രൊവിൻസിൽ ചേർന്നു. മാതാവ് – കുഞ്ഞമ്മ. സഹോദരി സിനി ടോമിയും സഹോദരീ ഭർത്താവ് ടോമി തോമസും യുകെയിലെ റെഡിങ്ങിൽ സ്ഥിരതാമസം.

ചോദ്യങ്ങൾ

❓കോവിഡ് മഹാമാരിയെക്കാളും ലോകയുദ്ധങ്ങളെക്കാളും എത്രയോ മടങ്ങ് മാരകമായ ദുരന്തമാണ് കാലാവസ്ഥ വ്യതിയാനത്തിന്റെ രൂപത്തിൽ മനുഷ്യനെ കാത്തിരിക്കുന്നത്. വെള്ളപ്പൊക്കം, വരൾച്ച, കാട്ടുതീ, ഉഷ്ണതരംഗം തുടങ്ങിയ ദുരന്തങ്ങളുടെ വാർത്തകൾ ഇല്ലാത്ത ഒരു ദിവസം ഇന്നില്ല. ഈയൊരു സാഹചര്യത്തിൽ ഗ്ലാസ്ഗോയിൽ നടക്കുന്ന കാലാവസ്ഥ ഉച്ചകോടി എത്രമാത്രം പ്രാധാന്യമർഹിക്കുന്നു?

കോവിഡ് മഹാമാരിയുടെ നടുവിലാണ് ഇത്തവണ ഉച്ചകോടി നടക്കുന്നത്. കോവിഡ് സാഹചര്യം മനുഷ്യരാശിക്ക് ആകമാനം തിരിച്ചറിവ് നൽകിയിട്ടുണ്ട്. പരസ്പരം അകന്ന് കഴിയുമ്പോഴും രാജ്യങ്ങൾ തമ്മിലും സമൂഹങ്ങൾ തമ്മിലും ഉടലെടുത്ത സഹകരണ മനോഭാവവും ഐക്യദാർഢ്യവും ഈ ഉച്ചകോടിയിൽ നിഴലിക്കുന്നുണ്ട്. പാരിസ് ഉടമ്പടിയിൽ ആഗോള താപനില രണ്ട് ഡിഗ്രി സെൽഷ്യസിലും കൂടാതെ നോക്കാനാണ് ലക്ഷ്യമിട്ടത്. എന്നാൽ ഇത് 1.5 ഡിഗ്രി സെൽഷ്യസ്‌ ആക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം. സ്ഥിതി മോശമായതിനാൽ ഇത് അടിയന്തിര ചർച്ചകൾക്ക് വഴി തുറന്നു. അവിടെയാണ് ഇത്തവണത്തെ ഉച്ചകോടി പ്രാധാന്യമർഹിക്കുന്നത്. മാധ്യമങ്ങളുടെ വലിയ പങ്കാളിത്തവും ഇടപെടലും കാരണം കോപ്26 ലോക ശ്രദ്ധയാകർഷിച്ചു. കാലാവസ്ഥാ വ്യതിയാനത്തെപറ്റി ജനങ്ങളെ ബോധവൽക്കരിക്കാൻ ഇത്തരമൊരു വേദിയിലൂടെ കഴിയുന്നു. ഇരുന്നോറോളം രാജ്യങ്ങൾ, 120ലധികം ലോക നേതാക്കൾ, പരിസ്ഥിതി പ്രവർത്തകർ, സന്നദ്ധസംഘടനകൾ തുടങ്ങി വലിയൊരു സംഘമാണ് അടിയന്തിര സാഹചര്യത്തിൽ ഒത്തുകൂടിയത്.

❓യുഎൻ സ്ഥാപിച്ച Inter Governmental Panel on Climate Change (IPCC) യുടെ റിപ്പോർട്ട്‌ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ ഉച്ചകോടി നടക്കുന്നത്. ആ റിപ്പോർട്ടിനെ പൂർണമായും ഉൾക്കൊണ്ടാണോ ഉച്ചകോടി നടക്കുന്നത്?

അതെ. പല ചർച്ചകളിലും ഈ റിപ്പോർട്ട്‌ പ്രധാന വിഷയമായിട്ടുണ്ട്. ഐ.പി.സി.സി യുടെ റിപ്പോർട്ട്‌ ആഗോളതലത്തിൽ ഒരു സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച നടന്ന ‘കാലാവസ്ഥാ വ്യതിയാനവും സ്ത്രീകളും’ എന്ന സെഷനിൽ ഈ റിപ്പോർട്ട്‌ മുന്നോട്ട് വച്ച ആശങ്കകൾ ചർച്ചാവിഷയമായി വന്നിരുന്നു. ഇത്രയുമധികം ആളുകൾ ഗ്ലാസ്ഗോയിൽ ഒത്തുകൂടാനും ചർച്ച ചെയ്യാനും ഐ.പി.സി.സി യുടെ റിപ്പോർട്ട്‌ മൂലകാരണമായിട്ടുണ്ടെന്ന് പറയാം.

❓ഈ നൂറ്റാണ്ട് അവസാനത്തോടെ സമുദ്രനിരപ്പിൽ രണ്ട് മീറ്ററോളം വർധനവുണ്ടാകുമെന്നാണ് UNEP റിപ്പോർട്ടിൽ പറയുന്നത്. 12 ഇന്ത്യൻ നഗരങ്ങൾ മൂന്ന് അടി വരെ വെള്ളത്തിലാകുമെന്ന് നാസ മുന്നറിയിപ്പ് നൽകികഴിഞ്ഞു. ഈയൊരാവസ്ഥയെ തടഞ്ഞുനിർത്താൻ പ്രാപ്തമായ തീരുമാനങ്ങൾ Cop26 ൽ ഉണ്ടായിട്ടുണ്ടോ?

കോപ്26 നെ നമുക്ക് രണ്ട് രീതിയിൽ സമീപിക്കാം. ഒന്ന്, ചർച്ച ചെയ്യപ്പെടേണ്ട യഥാർത്ഥ കാര്യങ്ങൾ കടന്നുവന്നില്ല എന്ന നിലയിൽ പ്രതികൂല സ്ഥിതിയിൽ. രണ്ട്, അടിയന്തിര സാഹചര്യം മനസിലാക്കികൊണ്ട് 120ഓളം ലോക നേതാക്കൾ ഇവിടെ വന്ന് ചർച്ചകൾ നടത്തിയെന്ന അനുകൂല നിലപാടിൽ. സമുദ്ര നിരപ്പ് ഉയരുന്നത് ഇന്ന് ഗുരുതര പ്രശ്നമായി കണക്കാക്കുന്നു. തീരദേശങ്ങൾ പ്രതിസന്ധി നേരിടുകയാണ്. കൗൺസിൽ ഓൺ എനർജി, എൺവയോൺമെന്റ് ആൻഡ് വാട്ടർ നടത്തിയ പഠനത്തിൽ നിന്നും ഇന്ത്യയിലെ 25 സംസ്ഥാനങ്ങൾ (കേന്ദ്ര ഭരണ പ്രദേശങ്ങളും ഉൾപ്പെടും) കാലാവസ്ഥ വ്യതിയാനം മൂലം ഗുരുതര പ്രശ്നം നേരിടുകയാണെന്ന് വ്യക്തമായി. വെള്ളപ്പൊക്കം രൂക്ഷമാവുന്നു. സ്ഥിതി കൂടുതൽ വഷളാകാതിരിക്കാൻ ഓരോ രാജ്യങ്ങളും പരിശ്രമിക്കേണ്ടതുണ്ട്.

❓കാലാവസ്ഥാ ഉച്ചകോടിയിൽ ഇന്ത്യയുടെ പ്രധാനമന്ത്രി, നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനങ്ങളെ എങ്ങനെ നോക്കികാണുന്നു?

2030നകം ഇന്ത്യയുടെ കാർബൺ ബഹിർഗമനം 100 കോടി ടൺ കുറയ്ക്കും, ഇന്ത്യയുടെ ഫോസിൽ ഇതര ഊർജശേഷി 2030 ആകുമ്പോഴേക്കും 500 ജിഗാ വാട്ട് ആയി ഉയർത്തും, 2030 ആകുമ്പോഴേക്കും ഇന്ത്യ പുനരുപയോഗ ഊർജം 50 ശതമാനം വർദ്ധിപ്പിക്കും, നെറ്റ് സീറോ ലക്ഷ്യം 2070നകം ഇന്ത്യ ആർജിക്കും തുടങ്ങിയ പ്രഖ്യാപനങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ട് വച്ചത്. ഇതിന്റെ ഗുണകരമായ വശം എന്തെന്നാൽ പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങൾ ഒരു വലിയ ലക്ഷ്യം മുന്നോട്ട് വയ്ക്കുന്നുണ്ട്. ആ ലക്ഷ്യം മുന്നിലുള്ളതിനാൽ തന്നെ ഇനി കൊണ്ടുവരുന്ന കരാറുകൾ കൂടുതൽ ശ്രദ്ധിക്കപ്പെടും. കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കാൻ പ്രകൃതിയോട് അടുത്ത് ജീവിക്കുന്ന പരമ്പരാഗത സമൂഹങ്ങളിൽനിന്നുള്ള അറിവ് സ്വീകരിക്കാനും നരേന്ദ്ര മോദി പറഞ്ഞിരുന്നു.

❓2030നകം വനനശീകരണം പൂർണമായി തടയുമെന്നാണ് പ്രഖ്യാപനം. മരം വച്ചു പിടിപ്പിക്കലും പ്ലാസ്റ്റിക് രഹിത ഇടപാടുകളും ഈ പദ്ധതിയുടെ ഭാഗമാണ്. ഈ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് എന്താണ്?

ഖേദകരമായ വസ്തുത എന്തെന്നാൽ ഈ വിഷയത്തിൽ ഇന്ത്യയുടെ ഭാഗത്തു നിന്ന് ഒരു പ്രഖ്യാപനമോ നിലപാടോ ഉണ്ടായിട്ടില്ല എന്നതാണ്. 9 വർഷത്തിനുള്ളിൽ ലോകത്തെ 80% വനവും സംരക്ഷിക്കാനുള്ള 1200 കോടി യുഎസ് ഡോളർ പദ്ധതിയിൽ 110 ലോക നേതാക്കൾ ഒപ്പുവച്ചെങ്കിലും വനവൽക്കരണം നടത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ഭാഗത്തു നിന്ന് പ്രഖ്യാപനങ്ങൾ ഉയർന്നു കണ്ടില്ല. ഇത് വിമർശനങ്ങൾക്ക് വഴി തുറന്നിട്ടുമുണ്ട്.

തുടരും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- 2018ൽ തന്റെ കുടുംബത്തിന്റെ വ്യക്തിപരമായ വിവരങ്ങൾ പ്രസിദ്ധീകരിച്ചു എന്നാരോപിച്ച് എ എൻ എല്ലി ( അസോസിയേറ്റഡ് ന്യൂസ് പേപ്പേഴ്സ് ലിമിറ്റഡ്) നെതിരെ കോടതിയിൽ പരാതി നൽകിയ മേഗൻ മാർക്കിൾ തനിക്ക് തെറ്റ് സംഭവിച്ചതായി ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്. ‘ ഫൈൻഡിംഗ് ഫ്രീഡം ‘ എന്ന പുസ്തകത്തിന്റെ രചയിതാക്കളോട് തങ്ങൾ തന്നെയാണ് വ്യക്തിപരമായ വിവരങ്ങൾ പങ്കുവെച്ചതെന്ന് മേഗൻ അംഗീകരിച്ചു. കോടതിയെ മനഃപൂർവം തെറ്റിദ്ധരിപ്പിക്കുവാൻ ഉദ്ദേശിച്ചിട്ടില്ലെന്നും, അറിയാതെ സംഭവിച്ചുപോയ തെറ്റാണെന്നും മേഗൻ വ്യക്തമാക്കി. ഹാരിയുടെയും മേഗന്റെയും മുൻ കമ്മ്യൂണിക്കേഷൻസ് സെക്രട്ടറിയായിരുന്ന ജയ്സൺ നോഫ് ഇരുവരുടെയും അനുമതിയോടെയാണ് താൻ വിവരങ്ങൾ പങ്കു വച്ചതെന്ന് വ്യക്തമാക്കിയിരുന്നു. മേഗൻ തന്റെ പിതാവിന് അയച്ച കത്ത് എ എൻ എൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇതിനെതിരെ പരാതി നൽകിയ മേഗന്റെ ഈ വാദം കോടതി അംഗീകരിച്ചിരുന്നു. ഒരാളുടെ അനുമതിയില്ലാതെ വ്യക്തിപരമായ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നത് തെറ്റാണെന്ന് ഈ വർഷം ആദ്യം കോടതി വിലയിരുത്തി.


ഒമിഡ് സ് ക്കോബിയും, കരോലിൻ ഡ്യുറണ്ടും എഴുതിയ ഫൈൻഡിങ് ഫ്രീഡം എന്ന പുസ്തകത്തിലേക്ക് ഹാരിയും മേഗനും ഒന്നുംതന്നെ പങ്കു വെച്ചിട്ടില്ലെന്ന് ഇരുവരുടെയും വക്താവ് മുൻപ് വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീടാണ് ഇരുവരുടേയും കമ്മ്യൂണിക്കേഷൻസ് സെക്രട്ടറി പുതിയ വെളിപ്പെടുത്തൽ നടത്തിയത്. ഈ പുസ്തകത്തിലിലേയ്ക്കുള്ള വിവരങ്ങൾ ഇരുവരുടെയും അനുവാദത്തോടെ പലപ്പോഴായി അഭിമുഖങ്ങളിലൂടെയും ഈമെയിലൂടെയും പങ്കുവയ്ക്കപെട്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇരുവരും അയച്ച ഇ മെയിലുകളും മറ്റും നോഫ് കോടതിയിൽ തെളിവായി കാണിച്ചിരുന്നു. നോഫിന്റെ വാദത്തെ അംഗീകരിക്കുന്ന തരത്തിലാണ് ഇപ്പോൾ മേഗൻ പ്രതികരിച്ചിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കെയർഫില്ലിയിൽ നായയുടെ ആക്രമണത്തിൽ പത്തുവയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തു. കെയർഫില്ലിയിൽനിന്നുള്ള 28 കാരിയാണ് അപകടകാരിയായ നായയെ കൈവശം വച്ചതിന് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. പെൻറിയോളിലെ പെന്റ്‌വിനിൽ നടന്ന സംഭവത്തിൽ ഉടൻതന്നെ വൈദ്യസഹായവുമായി ആംബുലൻസ് സംഭവസ്ഥലത്തെത്തിയിരുന്നെങ്കിലും ആക്രമണത്തിന് ഇരയായ ജാക്ക് ലിസ് മരിച്ചിരുന്നു. ഒരു വലിയ ഹൗസിംഗ് എസ്റ്റേറ്റിന്റെ മധ്യത്തിലാണ് ഈ തെരുവ്.

ഈ സംഭവം തൻെറ ജീവിതകാലം മുഴുവൻ തന്നോടൊപ്പം ഉണ്ടായിരിക്കുമെന്നും. ജാക്കിൻെറ കുടുംബത്തോട് തൻെറ അഗാധമായ ദുഃഖം അറിയിക്കുന്നെന്നും നായയുടെ അക്രമണത്തിൽനിന്നും കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച കിർക്ക് വീഗോൾഡ് പറഞ്ഞു.

ആക്രമണം നടക്കുമ്പോൾ ജാക്കും സുഹൃത്തും തനിച്ചായിരുന്നു .10 വയസ്സുകാരൻെറ സുഹൃത്ത് അടുത്ത് താമസിച്ചിരുന്ന വീഗോൾഡിന്റെ അടുക്കൽ സഹായം തേടിയെങ്കിലും അയാൾക്കും നായയെ തടയാനായില്ല. നായ ഒരു തരം അമേരിക്കൻ പിറ്റ് ബുളാണെന്നാണ് ജനങ്ങൾ പറയുന്നത്. നായയുടെ ഇനത്തെ തിരിച്ചറിയാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്ന് ഗ്വെന്റ് പോലീസ് പറഞ്ഞു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഭയാനകമായ സംഭവമാണിതെന്ന് കെയർഫില്ലി എംപി വെയ്ൻ ഡേവിഡ് പറഞ്ഞു. രാജ്യത്തുടനീളം ഇത്തരത്തിൽ നിരവധി സംഭവങ്ങൾ ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

RECENT POSTS
Copyright © . All rights reserved