ന്യൂസ് ഡെസ്ക് മലയാളം യുകെ
വെയിൽസ് : കെയർ ഏജൻസിയുടെ മറവിൽ വിദ്യാർത്ഥികളെ ചൂഷണം ചെയ്ത മലയാളി യുവ ദമ്പതികൾ അറസ്റ്റിൽ. എറണാകുളം പുത്തന്‍കുരിശു സ്വദേശിയായ 31കാരനും ഭാര്യയുമാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. എന്നാൽ മോഡേണ്‍ സ്ലേവറി ആക്ട് 2015 പ്രകാരമുള്ള നിയമ നടപടികള്‍ ഇവർ നേരിടേണ്ടി വരും. ഗ്യാങ്മാസ്റ്റേഴ്സ് ആൻഡ് ലേബർ അബ്യൂസ് അതോറിറ്റിയും നോർത്ത് വെയിൽസ് പോലീസും ചേർന്ന് ഡിസംബർ 16ന് അബാർഗെയിലിൽ നടത്തിയ റെയ്ഡിലാണ് ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്തുവന്നത്. കെയര്‍ ഹോമുകളിലേക്കു കെയര്‍ അസിസ്റ്റന്റുമാരായി വിദ്യാര്‍ത്ഥികളെ നല്‍കിയ ദമ്പതികള്‍ അവർക്ക് മോശം താമസ സൗകര്യമാണ് ഒരുക്കിയത്.

ഒമ്പത് മലയാളി വിദ്യാർത്ഥികളെ തൊഴിലിന്റെ പേരിൽ ഇവർ ചൂഷണം ചെയ്‌തെന്ന് പോലീസ് വ്യക്തമാക്കി. മലയാളി ദമ്പതികളുടെ ഹീനമായ പ്രവൃത്തിയെ ‘ആധുനിക അടിമകച്ചവടം’ എന്നാണ് പോലീസ് വിശേഷിപ്പിച്ചത്. മതിയായ ഭക്ഷണം ലഭിക്കാതെ, ഇടുങ്ങിയ മുറിയിലാണ് വിദ്യാർത്ഥികൾ കഴിഞ്ഞിരുന്നത്. വൃത്തിഹീനമായ മുറിയിലെ തറയിൽ കിടന്നാണ് വിദ്യാർത്ഥികൾ ഉറങ്ങിയിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഭക്ഷണത്തിനായി ജീവകാരുണ്യ സംഘടനകളെയാണ് അവർ ആശ്രയിച്ചത്. തങ്ങളുടെ ജീവനക്കാർ ഏതു സാഹചര്യത്തിലാണ് ജീവിക്കുന്നതെന്ന കെയര്‍ ഹോം മാനേജ്മെന്റിന്റെ അന്വേഷണമാണ് ഈ കേസിലേക്കുള്ള വഴി തുറന്നത്.

ആറു കെയര്‍ ഹോമുകള്‍ക്കു വേണ്ടിയാണു താത്കാലിക ജീവനക്കാരായി വിദ്യാര്‍ത്ഥികളെ നൽകിയിരുന്നത്. യുകെയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ ഇരുപത് മണിക്കൂർ ജോലിയാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ ഇതിൽ കൂടുതൽ സമയം തങ്ങൾ ജോലി ചെയ്തുവെന്ന് വിദ്യാർത്ഥികൾ വെളിപ്പെടുത്തി. ചൂഷണത്തിനിരയായ വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവർക്ക് ആവശ്യമായ പിന്തുണ നൽകുമെന്നും അതോറിറ്റി അറിയിച്ചു. സംഭവം ദേശീയ പ്രാധാന്യം നേടിയതോടെ വരും ദിവസങ്ങളിൽ ശക്തമായ അന്വേഷണം ഉണ്ടായേക്കും.
ലൂട്ടൻ: ക്രിസ്തുമസ്സിന് ഇനി മൂന്ന് നാൾ. യുകെയിലെ എല്ലാ മലയാളികളും ക്രിസ്മസ്സിനുള്ള തയ്യാറെടുപ്പിലാണ്. ഒമിക്രോൺ രാജ്യത്തെ പിടിമുറുകുമ്പോൾ ചിലർ ആഘോഷങ്ങളിൽ നിന്ന് പിൻവാങ്ങുന്നു.. മറ്റ്ചിലർ ആത്മീയമായ ഒരുക്കങ്ങൾ നടത്തുന്നു. എല്ലാവരും അവരവരുടെ ഇഷ്ടത്തിനനുസരിച്ചു ശ്രദ്ധയോടെ, മുൻകരുതലോടെ ആഘോഷിക്കട്ടെ.
ഇതെല്ലാം ഒരു വശത്ത് നടക്കുമ്പോൾ ആകാശത്തു പ്രസവിച്ച ഒരു കുരുന്നിൻ്റെ ജീവൻ പിടിച്ചു നിർത്താൻ കൈ കൂപ്പി സഹായം അഭ്യർത്ഥിച്ച ഒരു യുകെ മലയാളി നഴ്‌സ് കുടുംബത്തിന്റെ കരളലിയിപ്പിക്കുന്ന കഥ ഞങ്ങൾ മലയാളം യുകെ മുൻപ് പ്രസിദ്ധീകരിച്ചിരുന്നു. അതു വഴിയായി ചില നല്ല മനസ്സുകളുടെ സഹായം അവർക്ക് ലഭിക്കുകയും ചെയ്തു. ഇതുവരെ അവർക്ക് ലഭിച്ചത് 1700 പൗണ്ടോളം മാത്രമാണ്.
(ബാങ്ക് സ്റ്റേറ്റ് മെന്റ് വാർത്തയുടെ അവസാനം കൊടുത്തിരിക്കുന്നു.) മാസം തികയാതെ പിറവിയെടുത്ത കുഞ്ഞ് അപകട നില തരണം ചെയ്തെങ്കിലും ആ കുടുംബം ഇപ്പോഴും അപകടനിലയിൽ തന്നെയാണ്.
ആകാശ പ്രസവം ആഗോള മാധ്യമങ്ങൾ ആഘോഷമാക്കിയപ്പോൾ സത്യത്തിൽ എന്താണ് സംഭവിച്ചത് എന്ന് മലയാളം യുകെ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എയർ ഇന്ത്യ വിമാനത്തിലുണ്ടായ പ്രസവത്തിന് ശേഷം നടന്നത് എന്ത്..?? അത് ഇനി ആവർത്തിക്കുന്നതിൽ കാര്യമില്ല.
ഈ സംഭവവുമായി ബന്ധപ്പെട്ട് മലയാളം യുകെ നേരത്തെ പ്രസിദ്ധീകരിച്ച വാർത്ത കാണുവാൻ
താഴെയുള്ള ലിങ്ക് തുറക്കുക.
Related News… എയർ ഇന്ത്യ വിമാനത്തിൽ പ്രസവിച്ചു എന്ന ഒറ്റ കാരണത്താൽ ത്രിശങ്കുസ്വർഗ്ഗത്തിൽ ആയ യുകെ മലയാളി നഴ്‌സും കുടുംബവും… 45 ദിവസത്തെ ആശുപത്രി ബില്ല് 50 ലക്ഷം മുതൽ 75 ലക്ഷം വരെ… രണ്ട് മാസം പിന്നിടുമ്പോൾ ഹോട്ടൽ ബില്ലും കുതിക്കുന്നു… പെരുവഴിയിൽ ഉപേക്ഷിക്കപ്പെട്ട മലയാളി കുടുംബത്തിന്റെ അപേക്ഷ യുകെ മലയാളികളോട്…
നഴ്‌സായ സിമിയും ഭർത്താവായ ചെറിയാനും ഇപ്പോഴും ഫ്രാങ്ക്ഫർട്ടിൽ ഹോട്ടലിൽ തന്നെയാണ് ഉള്ളത്. ഇനിയും ഒരുപിടി കാര്യങ്ങൾ പൂർത്തിയാക്കിയാലേ യുകെയിലേക്ക് ഇവർക്ക് തിരിച്ചു വരാൻ സാധിക്കുകയുള്ളു. ഇപ്പോഴത്തെ സാഹചര്യം ഇങ്ങനെ…
ഇതിൽ സന്തോഷകരമായ കാര്യം എന്നത് കുട്ടി ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് ആയി എന്നതാണ്. ഇപ്പോൾ താമസം ഹോട്ടലിൽ തന്നെ. ഇതിനകം കുട്ടിയുടെ ജനനം ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്യുകയും പാസ്പോർട്ട് ലഭിക്കുകയും ചെയ്‌തു. ജർമ്മൻ ഭാഷ വശമില്ലാതെ ഇവർ പെടുന്ന ബുദ്ധിമുട്ട് എന്താണ് എന്ന് പ്രവാസികളായ നമ്മൾക്ക് മറ്റാരും പറഞ്ഞു തരേണ്ടതുണ്ടോ എന്ന് തോന്നുന്നില്ല.
ഡിസ്‌ചാർജ് ആയതോടെ യുകെയിലെ NHS ഇൻഷുറൻസ് പരിരക്ഷ അവസാനിച്ചു. പീഡിയാട്രീഷ്യന്റെ സേവനം വേണമെന്ന് ഡോക്ടർമാർ നിദ്ദേശിച്ചതോടെ പ്രൈവറ്റ് മേഖലയിൽ നിന്നും ആണ് ഇപ്പോൾ ഡോക്ടർ സേവനം ലഭിക്കുന്നത്. ഇപ്പോൾ ആശ്രയിക്കുന്നത് പ്രൈവറ്റ് ആയതുകൊണ്ട് പണം കൊടുക്കണം.
ജർമ്മൻ സർക്കാർ ഇവർക്ക് കൊടുത്തിരിക്കുന്നത് ജർമ്മൻ വിസിറ്റിംഗ് വിസയാണ്. അതുമായി വിമാനത്തിൽ പോരാൻ സാധിക്കും. എന്നാൽ ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത് ട്രെയിൻ യാത്രയാണ് അഭികാമ്യമെന്ന്. കാരണം കുട്ടിയുടെ ആരോഗ്യപരമായ കാരണങ്ങൾ തന്നെ. അതുകൊണ്ടു തന്നെ യാത്രയിൽ ഇറങ്ങി കയറേണ്ടതുണ്ട്. അതിനുവേണ്ടി യൂറോപ്പിലെ ‘Schengen Visa‘ എല്ലാവർക്കും അടിക്കേണ്ടതായി വന്നു. കിലോമീറ്ററുകൾ താണ്ടി അപ്പോയ്ന്റ്മെന്റുകൾ…
ഇന്നലെയായിരുന്നു യുകെ എംബസിയിലെ അപ്പോയിന്മെന്റ്. എല്ലാ സാക്ഷ്യപത്രങ്ങളും നൽകി കുഞ്ഞിനുള്ള യുകെ വിസക്ക് കൊടുത്തിരിക്കുന്നു. അഞ്ച് പ്രവർത്തിദിനമാണ് യുകെ എംബസി പറഞ്ഞിരിക്കുന്നത്. നാളെ മുതൽ ക്രിസ്മസ് അവധിയായതിനാൽ ജനുവരി മാസത്തിലെ ആദ്യ ആഴ്ചയിൽ കുട്ടിയുടെ യുകെ വിസ പ്രതീക്ഷിക്കുന്നു.
ഇവരുടെ അവസ്ഥ മനസ്സിലാക്കി യുകെ മലയാളികൾക്ക് സുപരിചിതനായ ഫ്രാൻസിസ് മാത്യു (അസ്സിചേട്ടൻ), ലോ ആൻഡ് ലോയേഴ്സ് ( Law & Lawyers, LONDON ) തങ്ങളുടെ ഫീ ഒഴുവാക്കി കൊടുത്തു എന്നതിനേക്കാലുപരിയായി വിസയ്ക്കായി ചെറിയാൻ ഓൺലൈനിൽ കൊടുത്ത വിസയുടെ പണം തിരിച്ചുനൽകാം എന്ന് അറിയിച്ചിരിക്കുകയാണ്. മാനുഷിക പരിഗണന നൽകാൻ നമ്മുടെ പ്രശ്നങ്ങൾ തടസ്സമല്ല എന്ന് തെളിയിച്ചിരിക്കുന്നു ഈ മുൻ യുക്മ പ്രസിഡന്റ്. നിങ്ങൾക്ക് എന്തെങ്കിലും അറിയേണ്ടതുണ്ടെങ്കിൽ വിളിക്കാനുള്ള ഫോൺ കൂടി നമ്പർ മലയാളം യുകെ നൽകുന്നു. (Solicitor Francis Mathew– 07793452184)
ആശുപത്രി ബില്ല് മാത്രമാണ് NHS കൊടുത്തിരിക്കുന്നത്. ചെറിയാനെയും സിമിയെയും എയർപോർട്ടിൽ നിന്നും ആശുപത്രിയിൽ എത്തിച്ച ആംബുലൻസ് ബില്ല് Rs. 6,90,00.00 നാട്ടിലെ അഡ്രസ്സിൽ ആണ് എത്തിയിരിക്കുന്നത്. ഒരു സമാശ്വാസമായി പണം കെട്ടിയില്ലെങ്കിലും സാരമില്ല എന്ന് ജർമ്മൻ അതികൃതർ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഒരു ദിവസം ഹോട്ടൽ വാടകയായി കൊടുക്കേണ്ടി വരുന്ന തുക 47 യൂറോ ആണ്. മൂന്ന് മാസം പൂർത്തിയാകുന്ന ഹോട്ടൽ ബില്ല് മാത്രം ഏകദേശം 4500 യൂറോ വരും. രണ്ട് പേർക്ക് മൂന്നു നേരത്തേക്കുള്ള ഭക്ഷണ ചിലവ് എത്ര എന്ന് യുകെ മലയാളികളെ നിങ്ങൾ തന്നെ ആലോചിക്കുക. എയർ ഇന്ത്യ എല്ലാം കൊടുത്തു. ഇറങ്ങിയപ്പോൾ തന്നെ യൂറോ ഹെൽത് കാർഡ് എടുക്കുകയും അതുവഴി എല്ലാം പണവും കൊടുത്തു, NHS മുഴുവനായും ചിലവുകൾ വഹിച്ചു അതുകൊണ്ട് ഇനി അവർക്കു പണം ആവശ്യമില്ല എന്ന് ചില കെട്ടുകഥ പ്രചരിക്കുമ്പോൾ സംഭവത്തിൻ്റെ സത്യാവസ്ഥ ജനങ്ങളിൽ എത്തിക്കാനാണ് മാധ്യമമെന്ന നിലയിൽ മലയാളം യുകെ ശ്രമിക്കുന്നത്.
ക്രിസ്മസ് ആഘോഷത്തിലേക്ക് നടന്നടുക്കുന്ന നമ്മൾ യുകെ മലയാളികൾ, ഒരു കുരുന്നിൻ്റെ ജീവൻ നിലനിർത്താൻ സഹായം ചോദിക്കുന്ന ഒരമ്മയുടെ വേദന കാണാതെ പോകരുത്. സാധിക്കുന്നവർ ഈ കുടുംബത്തെ സഹായിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
സിമിയുടെ ഭർത്താവായ ചെറിയാന്റെ യുകെ ബാങ്ക് വിവരങ്ങൾ ചുവടെ
Mr. CHERIAN IYPE
SORT CODE 20-25-38
A/C NO. 80948675
BARCLAYS BANK,
LUTON TOWN CENTRE.




ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കോവിഡ് കേസുകളിലെ വർദ്ധനവ് മൂലം പ്രതിസന്ധിയിലായ ബിസിനസുകളെ സഹായിക്കാൻ ചാൻസലർ റിഷി സുനക് 1 ബില്യൺ പൗണ്ട് ധനസഹായം പ്രഖ്യാപിച്ചു. പബ്ബുകളും റെസ്റ്റോറന്റുകളും പോലുള്ള ഹോസ്പിറ്റാലിറ്റി ബിസിനസുകൾക്ക് 6,000 പൗണ്ട് വരെ ഗ്രാന്റ് ലഭിക്കും. തിയേറ്ററുകളേയും മ്യൂസിയങ്ങളേയും സഹായിക്കാൻ 30 മില്യൺ പൗണ്ട് അധിക ധനസഹായവും അദ്ദേഹം പ്രഖ്യാപിച്ചു. ഒമിക്രോൺ വ്യാപനം തീവ്രമായതോടെ ഉത്സവകാലത്തും ഹോസ്പിറ്റാലിറ്റി മേഖല പ്രതിസന്ധി നേരിടുകയാണ്. ഒമിക്രോൺ ആശങ്ക കാരണം ബുക്കിംഗിൽ വൻ തകർച്ചയുണ്ടായി. ക്രിസ്മസിന് മുന്നോടിയായി ബിസിനസുകൾ നേരിടുന്ന പ്രതിസന്ധി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അതിനാൽ പിന്തുണ ഉറപ്പാക്കുകയാണെന്നും സുനക് പറഞ്ഞു.

സ്റ്റാറ്റ്യൂട്ടറി സിക്ക് പേ റിബേറ്റ് സ്കീം വീണ്ടും അവതരിപ്പിക്കുന്നതിലൂടെ 250 ൽ താഴെ ജീവനക്കാരുള്ള ബിസിനസുകൾക്ക് കോവിഡ് ബാധിച്ച ജീവനക്കാർക്ക് അസുഖ വേതനം നൽകുന്നതിന് പണം ക്ലെയിം ചെയ്യാൻ കഴിയും. സുനക്കിന്റെ ഫണ്ട് പ്രഖ്യാപനത്തെ ചില വ്യവസായ പ്രമുഖർ സ്വാഗതം ചെയ്തു. എന്നാൽ ഈ നടപടികൾ വേണ്ടത്ര മുന്നോട്ട് പോകില്ലെന്ന നിലപാടിലാണ് മറ്റു ചിലർ. ക്രിസ്തുമസ് വരെ കടുത്ത നിയന്ത്രണങ്ങളൊന്നും വേണ്ടെന്ന തീരുമാനം സർക്കാർ കൈക്കൊണ്ടെങ്കിലും ഒമിക്രോൺ വ്യാപനം തടയാൻ ചില നിയന്ത്രണങ്ങൾ ഉണ്ടായേക്കും.

പബ്ബുകളും റെസ്റ്റോറന്റുകളും പുറത്ത് തുറന്നയിടങ്ങളില്‍ മാത്രമേ ഭക്ഷണ-പാനീയങ്ങള്‍ വിളമ്പാകൂ എന്ന നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുണ്ട്. അതേസമയം കോവിഡ് വ്യാപനം മന്ദഗതിയിലാക്കാൻ സ്കോട്ട്ലൻഡ് പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. എല്ലാ ഔട്ട്‌ഡോർ പരിപാടികളും 500 പേർക്ക് മാത്രമായി പരിമിതപ്പെടുത്തും. എഡിൻബറോയിലെ ഹോഗ്മാനേ സ്ട്രീറ്റ് പാർട്ടിയും റദ്ദാക്കിയിട്ടുണ്ട്. ഇന്നലെ 90,629 പുതിയ കോവിഡ് കേസുകൾ യു കെയിൽ റിപ്പോർട്ട് ചെയ്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിലെങ്ങും ഒമിക്രോൺ പിടിമുറുക്കുന്ന സാഹചര്യത്തിൽ ഏത് വാക്സിൻ ആണ് മികച്ചത് എന്ന ചോദ്യം സ്വാഭാവികമാണ്. യുകെയിൽ പ്രധാനമായും പ്രതിരോധകുത്തിവയ്പ്പുകൾക്കായി ഉപയോഗിച്ചത് ഓക്സ്ഫോർഡ് ആസ്ട്ര സെനക്കയും ഫൈസറും മഡോണയും ആയിരുന്നു. രണ്ടു ഡോസ് വാക്സിൻ എടുത്തവരിൽ കോവിഡിന്റെ ഏറ്റവും പുതിയ വേരിയന്റായ ഒമി ക്രോണിനെതിരെ രോഗപ്രതിരോധശേഷി ഉണ്ടായിരിക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതുകൊണ്ടു തന്നെ യുകെയിൽ എത്രയും പെട്ടെന്ന് രണ്ട് ഡോസ് പ്രതിരോധ കുത്തിവയ്പ്പ് എടുത്താൽ ബൂസ്റ്റർ വാക്സിൻ എടുക്കണമെന്ന് പ്രധാനമന്ത്രി ഉൾപ്പെടെ ആഹ്വാനം ചെയ്തിരുന്നു.

ഏതു ബൂസ്റ്റർ ഡോസ് ആണ് ഏറ്റവും കൂടുതൽ രോഗപ്രതിരോധശേഷി ഒമിക്രോണിനെതിരെ നൽകുന്നതെന്ന ചർച്ചകൾ ചൂടുപിടിക്കുകയാണ്. ഒമിക്രോണിനെതിരെ ഫൈസർ വെളിപ്പെടുത്തിയതിനേക്കാൾ കൂടുതൽ രോഗപ്രതിരോധശേഷി തങ്ങളുടെ വാക്സിനാണെന്ന് മഡോണ അവകാശപ്പെട്ടു. തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം 50 മൈക്രോഗ്രാം തേർഡ് ഡോസ് മഡോണ വാക്സിന് ആദ്യ രണ്ട് ഡോസ് വാക്സിനെ അപേക്ഷിച്ച് 37 മടങ്ങ് ആന്റിബോഡികളെ ശരീരത്ത് ഉത്പാദിപ്പിക്കാൻ സാധിക്കും എന്നാണ് അവകാശപ്പെടുന്നത്. 100 മൈക്രോഗ്രാം പൂർണ്ണ ഡോസ് ആൻറി ബോഡികളെ 83 മടങ്ങ് വർദ്ധിപ്പിക്കും.

ഇതേസമയം ഫൈസറിന്റെ ബൂസ്റ്റർ ഡോസ് ഉപയോഗിക്കുന്നവരിൽ ആൻറിബോഡി വർദ്ധനവ് 25 മടങ്ങാണ്. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേറ്റീവ് മഡോണയുടെ പകുതി ഡോസ് (50 മൈക്രോഗ്രാം) ബൂസ്റ്റർ ഡോസ് നൽകണമെന്നാണ് ശുപാർശ ചെയ്തിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ചത്തീസ് ഗഡ് :- പൊക്കിൾ കൊടി പോലും മുറിക്കാതെ നവജാതശിശുവിനെ ഛത്തീസ് ഗഡിൽ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. രാത്രി മുഴുവനും കുഞ്ഞിനെ തണുപ്പകറ്റാൻ സംരക്ഷണമായത് നായ കുട്ടിയും കുഞ്ഞുങ്ങളും. കുഞ്ഞിനെ യാതൊരു വസ്ത്രങ്ങളുമില്ലാതെ, പൊക്കിൾ കൊടി പോലും മുറിക്കാത്ത അവസ്ഥയിലാണ് കണ്ടെത്തിയത്. ചൂടുപകരാനായി കുഞ്ഞിനു ചുറ്റും കൂടിയിരിക്കുന്ന നായ കുഞ്ഞുങ്ങളുടെ കാഴ്ച കണ്ട് നിന്നവർക്ക് ഹൃദയഭേദകമായിരുന്നു. നായ കുഞ്ഞുങ്ങളിൽ നിന്നും ലഭിച്ച ചൂടുകൊണ്ട് മാത്രമാകാം കുഞ്ഞ് രാത്രി മുഴുവനും ജീവിച്ചിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. കുഞ്ഞിൻെറ കരച്ചിൽ ശബ്ദം കേട്ട് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. ഉടൻ തന്നെ പോലീസിനെയും പഞ്ചായത്ത് അധികൃതരെയും വിവരം അറിയിച്ചതായി സമീപവാസികൾ വ്യക്തമാക്കി. ഇത്തരത്തിൽ കുഞ്ഞിനെ ഉപേക്ഷിക്കുവാൻ തോന്നിയ മാതാപിതാക്കളുടെ മാനസികാവസ്ഥ തികച്ചും ക്രൂരമാണെന്ന് കുഞ്ഞിനെ കണ്ടെത്തിയ നാട്ടുകാരിൽ ഒരാൾ പറഞ്ഞു.

കുഞ്ഞിന് അകാൻഷാ എന്നാണ് അധികൃതർ പേരിട്ടിരിക്കുന്നത്. കുഞ്ഞിനെ ഉപേക്ഷിച്ചവർക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. കണ്ടെത്തിയാൽ കുഞ്ഞിന്റെ മാതാപിതാക്കൾക്ക് എതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും ചത്തീസ് ഗഡ് ഡി ജി വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : രണ്ടര വർഷത്തെ നിയമപോരാട്ടം ഒടുവിൽ വിജയം കണ്ടു. ദുബായ് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ് തും മുൻ ഭാര്യയായ ഹയ ബിൻത് അൽ ഹുസൈൻ രാജകുമാരിക്ക് വിവാഹമോചന നഷ്ടപരിഹാരമായി 500 മില്യൺ പൗണ്ടിലധികം കൈമാറും. യുകെയിലെ എക്കാലത്തെയും വലിയ വിവാഹമോചന നഷ്ടപരിഹാര തുകയാണിത്. മക്കളായ ജലീല (14), സായിദ് (9) എന്നിവർക്ക് ഓരോ വർഷവും 5.6 മില്യൺ പൗണ്ട് നൽകണമെന്നും ഉത്തരവിലുണ്ട്. മുൻഭാര്യയുടെയും മക്കളുടെയും സുരക്ഷയ്ക്കായി വലിയ തുക നൽകേണ്ടി വരും.

ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലെ രാജകൊട്ടാരത്തില്‍ വെച്ചാണ് 2004 ഏപ്രില്‍ പത്തിന് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ് തുമും ഹയരാജകുമാരിയും വിവാഹിതരായത്. 2007ല്‍ ആദ്യ മകളായ ഷെയ്ഖ അല്‍ ജലീല ജനിച്ചു. 2012 ജനുവരി ഏഴിന് ഷെയ്ഖ് സായിദ് എന്ന മകനും ജനിച്ചു. വിവാഹിതരായി പതിനഞ്ച് വര്‍ഷത്തിന് ശേഷം 2019 ഫെബ്രുവരിയില്‍ ഇരുവരും വിവാഹമോചനം തേടി. ഇതിന് ശേഷം ഹയയും മക്കളും ബ്രിട്ടനിലേക്ക് പോയി.

മക്കളെ ദുബായിലേക്ക് തിരികെ കൊണ്ടു വരണമെന്നാവശ്യപ്പെട്ട് 2019 മേയില്‍ ഷെയ്ഖ് ബ്രിട്ടനില്‍ നിയമനടപടികള്‍ ആരംഭിച്ചു. നിയമനടപടികൾക്കിടെ ഹയ രാജകുമാരിയുടെയും അഭിഭാഷകരുടെയും സുരക്ഷാ സംഘത്തിന്റെയും ഫോണുകൾ ഹാക്ക് ചെയ്യാനുള്ള ഗൂഢാലോചനയിൽ ഷെയ്ഖ് ഉൾപ്പെട്ടിരുന്നതായി തെളിഞ്ഞു. ഷെയ്ഖ് മുന്‍ഭാര്യയുടെ ഫോണ്‍ ചോര്‍ത്തിയെന്ന് ബ്രിട്ടീഷ് കോടതി കണ്ടെത്തിയത് കഴിഞ്ഞ വർഷമാണ്.

ബ്രിട്ടനില്‍ ഹയ രാജകുമാരി താമസിക്കുന്ന കാസില്‍വുഡ് പ്രദേശത്തിന് തൊട്ടടുത്ത് 30 ദശലക്ഷം പൗണ്ട് നല്‍കി ഒരു എസ്റ്റേറ്റ് വാങ്ങാന്‍ ഷെയ്ഖ് ശ്രമിച്ചിരുന്നതായി ഹയ രാജകുമാരിയുടെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചിരുന്നു. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ് തൂമിന്റെ കുടുംബത്തിലെ ഇടപെടലുകള്‍ക്കെതിരെ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. ജോര്‍ദാന്‍ രാജാവായിരുന്ന ഹുസൈന്‍ ബിന്‍ തലാലിന്റെ മകളും നിലവിലെ രാജാവായ അബ് ദുള്ള രണ്ടാമന്റെ അര്‍ധ സഹോദരിയുമാണ് ഹയ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഒമിക്രോൺ വ്യാപനം അതിശക്തമായി തുടരുന്നതിനാൽ രാജ്യം സമ്പൂർണ ലോക്ക്ഡൗണിലേക്ക് നീങ്ങാൻ സാധ്യതയേറെ. കോവിഡ് വ്യാപനം മന്ദഗതിയിലാക്കാൻ മൂന്നു തരം മാർഗങ്ങളാണ് പ്രധാനമന്ത്രിക്ക് മുൻപിലുള്ളത്. വീടിനകത്തുള്ള കൂടിച്ചേരൽ പരിമിതപ്പെടുത്താൻ ആളുകളോട് ആവശ്യപ്പെടുക, പബ്ബുകളിലും റെസ്റ്റോറന്റുകളിലും രാത്രികാല കർഫ്യൂ, സാമൂഹിക അകലം പാലിക്കുക, സമ്പൂർണ ലോക്ക്ഡൗൺ എന്നീ മാർഗങ്ങളാണ് ശാസ്ത്രോപദേശക സമിതി നിർദേശിച്ചത്. ആരോഗ്യ മേഖലയിൽ കൂടുതൽ സമ്മർദ്ദം ഉണ്ടാകാതിരിക്കാൻ ക്രിസ്മസിനു മുന്‍പായി കൂടുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നേക്കുമെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് സൂചനകള്‍ നൽകിയിരുന്നു. ക്രിസ്മസ് കാലത്ത് ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്ന് ഉറപ്പുപറയാന്‍ കഴിയില്ലെന്നും ജാവിദ് കൂട്ടിച്ചേർത്തു.

ആശുപത്രി പ്രവേശനം കുറയ്ക്കാൻ നിയന്ത്രണങ്ങൾ ശക്തമാക്കണമെന്ന് മെഡിക്കല്‍ ചീഫ് ക്രിസ്സ് വിറ്റിയും ശാസ്ത്രോപദേശക സമിതി തലവന്‍ പാട്രിക് വാലന്‍സും ഇന്നലെ കാബിനറ്റിനോട് ആവശ്യപ്പെട്ടിരുന്നു. നിയന്ത്രണങ്ങൾ ഉടൻ കൊണ്ടുവന്നില്ലെങ്കിൽ എൻഎച്ച്എസ് അമിത സമ്മർദ്ദത്തിലാകുമെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ മുന്നറിയിപ്പ് നൽകി. ഒമിക്രോൺ വ്യാപനം അതിതീവ്രമാവുന്നതോടെ പ്രതിദിനം 10,000 പേരെങ്കിലും ചികിത്സതേടി ആശുപത്രികളില്‍ എത്തുമെന്നാണ് വിലയിരുത്തൽ. എന്നാല്‍, ക്രിസ്മസ് കാലത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതിനോട് മന്ത്രിമാർക്ക് കടുത്ത എതിർപ്പുണ്ട്.

വ്യത്യസ്ത കുടുംബങ്ങളില്‍ നിന്നുള്ളവര്‍ ഒത്തുചേരുന്നത് നിരോധിക്കുക, അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറക്കുക തുടങ്ങിയ നിർദേശങ്ങളാണ് സമിതി മുന്നോട്ട് വെച്ചത്. ഘട്ടം ഘട്ടമായുള്ള ലോക്ക്ഡൗണും പരിഗണനയിലുണ്ട്. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇംഗ്ലണ്ടിൽ ഒമിക്രോൺ മരണം 12 ആയി ഉയർന്നു. 104 ഒമിക്രോൺ ബാധിതർ ആശുപത്രിയിൽ കഴിയുന്നു. ഞായറാഴ്ച 12,133 ഒമിക്രോൺ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 37,101 ആയി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഒമിക്രോൺ വ്യാപനം രൂക്ഷമായതിനെത്തുടർന്ന് നോർഫോക്കിലെ സാൻഡ്രിൻങ്ഹാമിലെ ക്രിസ്മസ് ആഘോഷം ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുകയാണ് എലിസബത്ത് രാജ്ഞി. രാജ്ഞി വിൻഡ്സർ കാസ്റ്റിലിൽ തന്നെ തുടരുമെന്നും, മറ്റ് രാജകുടുംബാംഗങ്ങൾ രാജ്ഞിയോടൊപ്പം ചേരുമെന്നും അധികൃതർ വ്യക്തമാക്കി. തികച്ചും സ്വകാര്യമായ ഒരു തീരുമാനമാണ് ഇതെന്നും, കോവിഡ് മുൻകരുതലിനെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനമെന്നും കൊട്ടാരം അധികൃതർ വ്യക്തമാക്കി. ഇതു രണ്ടാം തവണയാണ് സാൻഡ്രിൻങ്ഹാമലുള്ള ക്രിസ്മസ് ആഘോഷം കോവിഡ് മൂലം മാറ്റിവയ്ക്കുന്നത്. കഴിഞ്ഞ ആഴ്ച കുടുംബാംഗങ്ങളോടൊപ്പം ക്രിസ്മസിന് മുന്നേയുള്ള വിരുന്നിൽ പങ്കെടുക്കുന്നില്ലെന്ന് രാജ്ഞി അറിയിച്ചിരുന്നു. കുടുംബാംഗങ്ങൾ ആരൊക്കെ വിൻഡ്സർ കാസ്റ്റിലിൽ എത്തുമെന്ന് വ്യക്തമല്ലെങ്കിലും, കൃത്യമായ കോവിഡ് പ്രോട്ടോകോൾ പാലിക്കുമെന്ന് രാജകുടുംബ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

രാജ്ഞിയുടെ തീരുമാനം പ്രധാനമന്ത്രിയുടെ ഓഫീസിനെയും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളിലായി രാജ്ഞിയുടെ ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് നിരവധി പൊതുപരിപാടികളിൽ നിന്നും വിട്ടു നിന്നിരുന്നു. എന്നാൽ ഇപ്പോൾ എടുത്തിരിക്കുന്ന തീരുമാനം കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് മാത്രമാണെന്ന് രാജകുടുംബാംഗങ്ങൾ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ജോലിയിൽ നിന്ന് വിരമിച്ച അധ്യാപകരോട് സേവനം ആവശ്യപ്പെട്ട് ബ്രിട്ടീഷ് ഗവൺമെൻറ് . ഒമിക്രോൺ വ്യാപനം മൂലം ബ്രിട്ടനിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരുമെന്ന മുന്നറിയിപ്പുകൾ നിലനിൽക്കെ സ്കൂളുകളുടെ പ്രവർത്തനം സുഗമമാക്കുന്നതിനായി ഈ നടപടി സഹായിക്കും എന്നാണ് കരുതുന്നത് . ഓഫ്‌ലൈൻ ക്ലാസുകൾ സുഗമമായി നടത്തുന്നതിനു വേണ്ടി സഹായിക്കണമെന്ന് വിദ്യാഭ്യാസ സെക്രട്ടറി നാദിം സഹാവി ആണ് വിരമിച്ച അധ്യാപകരുടെ സേവനം ആവശ്യപ്പെട്ടത്. കോവിഡ് മൂലമോ സമ്പർക്ക പട്ടികയിൽ വന്നതിനാലോ ഒറ്റപ്പെടലിന് വിധേയരാകേണ്ടി വരുന്ന അധ്യാപകർക്ക് തുടർന്ന് ക്ലാസ്സുകൾ എടുക്കാൻ സാധിക്കാത്ത സാഹചര്യം മുന്നിൽ കണ്ടാണ് വിരമിച്ച അധ്യാപകരുടെ സേവനം ആവശ്യ സർവീസായി ഉപയോഗപ്പെടുത്താൻ ഗവൺമെൻറ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

ഇന്ന് മുതൽ വിരമിച്ച അധ്യാപകർക്കും ഈ സംരംഭത്തിൽ ചേർന്ന് തുടങ്ങാമെന്നാണ് കരുതപ്പെടുന്നത്. ആഴ്ചയിൽ ഒരു ദിവസം എങ്കിലും വിരമിച്ച അധ്യാപകരുടെ സേവനം ലഭ്യമാകുകയാണെങ്കിൽ വളരെ സഹായകമാണെന്നാണ് ഗവൺമെൻ്റിൻ്റെ അഭിപ്രായം. ഗെറ്റ് ഇൻറ്റു ടീച്ചിങ് വെബ്സൈറ്റ് ലിങ്ക് വഴി താല്പര്യമുള്ള വിരമിച്ചതോ അതോ നേ രത്തെ അധ്യാപക വൃത്തിയിൽ ഏർപ്പെടുകയോ ചെയ്തവർക്ക് രജിസ്റ്റർ ചെയ്യാം .

ഒമിക്രോൺ വ്യാപനം ഗുരുതരമാകുകയാണെങ്കിൽ ഓഫ്‌ലൈൻ ക്ലാസുകൾ നടത്തി കൊണ്ട് പോകുന്നതിന് സ്കൂളുകൾ വൻ പ്രതിസന്ധിയെ നേരിടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . കൂടുതൽ അധ്യാപകരെ ലഭ്യമാക്കുന്നത് സഹായകരമാണെങ്കിലും ഇപ്പോൾതന്നെ സ്കൂളുകൾ കടുത്ത പ്രതിസന്ധിയെ ആണ് നേരിടുന്നതെന്ന് എൻഎ എച്ച് റ്റി യൂണിയൻ തലവൻ പോൾ വൈറ്റ്മാൻ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
പ്രമുഖ യു കെ മലയാളി ലക്സൺ ഫ്രാൻസിസ് കല്ലുമാടിക്കലിനെ സ്ത്രീപീഡനക്കേസിൽ കേരളത്തിൽ അറസ്റ്റ് ചെയ്തു. വിദേശ ജോലി തട്ടിപ്പ് കേസിലും ലക്സൺ പ്രതിയാണ്. യുകെ പൗരത്വമുള്ള ചങ്ങനാശേരി സ്വദേശിയായ ലക്സനെ എറണാകുളം നോർത്ത് പോലീസാണ് അറസ്റ്റ് ചെയ്തത് .
വിദേശ തൊഴിൽ വാഗ്ദാനം ചെയ്ത് വഞ്ചിച്ചതിനും സെൻട്രൽ സ്റ്റേഷനിലും യുവതിയെ പീഡിപ്പിച്ചത് നോർത്ത് സ്റ്റേഷനിലും പ്രതിക്കെതിരെ കേസുകളുണ്ട്. 2018 ഒക്ടോബറിൽ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിനാണ് എറണാകുളം നോർത്ത് പോലീസ് ലക്സനെതിരെ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ പാർലമെൻറ് ഇലക്ഷനിൽ മാഞ്ചസ്റ്ററിൽ സ്ഥാനാർത്ഥിയായി മത്സരിച്ച് വാർത്തകളിൽ ഇടംപിടിച്ച ലക്സനെതിരെ നിരവധി ആരോപണങ്ങളാണ് ഉള്ളത് . യുവതിയുടെ കൈയ്യിൽ നിന്ന് 12 ലക്ഷത്തോളം രൂപ തട്ടിയെടുത്തതിനും സമൂഹ മാധ്യമങ്ങൾ വഴി സ്വഭാവ ഹത്യ നടത്തിയതിനും കേസുകൾ നിലവിൽ ഉണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിനുശേഷം പ്രതി മുൻ പോലീസ് മേധാവിയ്ക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതും വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു.