Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യുകെയിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാൻ ഒരുങ്ങി പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ജൂലൈ 19 ന് ശേഷം ഫെയ്സ് മാസ്കുകൾ ധരിക്കുന്നതും , സാമൂഹിക അകലം പാലിക്കുന്നതും ഒഴിവാക്കാനുള്ള പ്രഖ്യാപനം ഇന്ന് പ്രധാനമന്ത്രി നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇംഗ്ലണ്ടിൽ നിലവിലുള്ള നിയന്ത്രണങ്ങളും ഈ മാസം അവസാനത്തോടെ ഒഴിവാക്കും. എന്നാൽ ഈ തീരുമാനത്തിനെതിരെ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ രംഗത്തെത്തിയിട്ടുണ്ട്. പൂർണമായി ഇളവുകൾ നൽകുന്നത് രോഗം വർധിക്കാനുള്ള സാധ്യത ഉണ്ടാക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് നടത്തുന്ന വാർത്താസമ്മേളനത്തിൽ പുതിയ പ്രഖ്യാപനങ്ങൾ പ്രധാനമന്ത്രി നടത്തും.

ഇതോടൊപ്പം തന്നെ പുതിയതായി ചാർജ് എടുത്ത ആരോഗ്യ സെക്രട്ടറി, സാജിദ് ജാവേദിന്റെ അഭിപ്രായങ്ങളും പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്നാണു വിലയിരുത്തപ്പെടുന്നത്. ഈ രോഗത്തെ പൂർണമായും ഒഴിവാക്കാനാവില്ലെന്നും,അതിനാൽ തന്നെ ഈ രോഗത്തോട് പൊരുത്തപ്പെട്ട് ജീവിക്കാനാണ് ജനങ്ങൾ ശ്രമിക്കേണ്ടതെന്നും കഴിഞ്ഞദിവസം ആരോഗ്യ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ നൈറ്റ് ക്ലബ്ബുകളും മറ്റും തുറക്കാനുള്ള അനുമതി ഉണ്ടാകും. എന്നാൽ ഇത്തരത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന തീരുമാനങ്ങൾ ശാസ്ത്രജ്ഞരെയും ആരോഗ്യ വിദഗ്ധരേയും ആശങ്കയിലാഴ്ത്തി യിട്ടുണ്ട്. ആരോഗ്യ സെക്രട്ടറിയുടെ അഭിപ്രായത്തിൽ ഉള്ള അതൃപ്തി നിരവധി പേർ ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്. എന്നാൽ വാക്‌സിനേഷൻ മരണനിരക്ക് ക്രമാതീതമായി കുറയ്ക്കുവാൻ സഹായിച്ചിട്ടുണ്ട് എന്നാണ് മന്ത്രിമാരുടെ നിഗമനം. ഏകദേശം 78 മില്യൺ ഡോസ് വാക്സിനുകൾ ഇതിനോടകംതന്നെ യുകെയിൽ വിതരണം ചെയ്തു കഴിഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ യു കെയിലെ ദിനംപ്രതിയുള്ള കോവിഡ് കേസുകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ഇളവുകൾ നൽകിയതിനു ശേഷമുള്ള കുറച്ചു ദിവസങ്ങളിലും ഇതു തന്നെ തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം 

യു കെ :- യു കെയിലെ പ്രധാന സൂപ്പർമാർക്കറ്റ് ശൃംഖലയായ മോറിസൺ ഗ്രൂപ്പ്‌, യുഎസ് കമ്പനിയായ ഫോർട്ടസ് ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പിന് വിൽക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. 6.3 ബില്യൺ പൗണ്ടിന് മജെസ്റ്റിക് വൈൻ ഉടമസ്ഥർ തന്നെയാണ് മോറിസൺ ഗ്രൂപ്പും വാങ്ങുന്നത്. കഴിഞ്ഞവർഷം മറ്റൊരു കമ്പനി ഓഫർ ചെയ്ത 5.5 ബില്യൺ പൗണ്ടിന്റെ ഡീൽ മോറിസൺ ഗ്രൂപ്പ് നിരസിച്ചിരുന്നു. എന്നാൽ ഇപ്പോൾ ലഭിച്ചിരിക്കുന്ന തുക ന്യായമാണെന്നും, പുതിയ ഉടമസ്ഥർക്ക് കീഴിൽ മോറിസൺ ഗ്രൂപ്പ് കൂടുതൽ ശോഭിക്കുമെന്നും ചെയർമാൻ ആൻഡ്രൂ ഹിഗ്ഗിൻസൺ വ്യക്തമാക്കി. ഏകദേശം അഞ്ഞൂറോളം ഷോപ്പുകൾ ആണ് മോറിസൺ ഗ്രൂപ്പിന് കീഴിൽ ഉള്ളത്. ഇതിലായി ഏകദേശം 110,000 ത്തോളം സ്റ്റാഫുകൾ ആണ് ജോലി ചെയ്യുന്നത്.


കോവിഡ് കാലഘട്ടത്തിലും മോറിസൺ ഗ്രൂപ്പിന് നല്ല രീതിയിൽ തന്നെ വളർച്ച ഉണ്ടായിരുന്നതായി ഹിഗ്ഗിൻസൺ വ്യക്തമാക്കി. അതിനാൽ തന്നെയാണ് ഇപ്പോൾ ഇത്തരം ഒരു ഡീലിലേക്ക് കടന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ സൂപ്പർമാർക്കറ്റ് ശൃംഖല വളരെ നല്ല രീതിയിൽ തന്നെ കൊണ്ടുപോകാൻ സാധിക്കും എന്ന് ഫോർട്ട്സ് ഗ്രൂപ്പ്‌ മാനേജിങ് പാർട്ണർ ജോഷുവ പാക്ക് അറിയിച്ചു. ഫോർട്ട്സ് ഗ്രൂപ്പിന് സാമ്പത്തിക സഹായം നൽകുന്നത് കാനഡ പെൻഷൻ പ്ലാനും, കൊച്ച് റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെൻസും ചേർന്നാണ്. യുകെയിലേക്ക് പുതിയ ബിസിനസ് ഇൻവെസ്റ്റ്‌മെന്റുകളെ സ്വാഗതം ചെയ്യുന്നതായും, അതോടൊപ്പം തന്നെ ജീവനക്കാരുടെ സുരക്ഷയും സർക്കാർ ഉറപ്പാക്കുമെന്ന് ഗവൺമെന്റ് വക്താവ് വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഹരിത വിപ്ലവത്തിന്റെ ഭാഗമായി കാർ, ഗ്യാസ് ബില്ലുകൾ പ്രതിവർഷം നൂറു പൗണ്ടോളം വർദ്ധി പ്പിക്കുമെന്ന് സർക്കാർ. 2050ഓടെ കാർബൺ ഉദ്വമനം ഇല്ലാതാക്കാനായി ക്യാബിനറ്റ് മന്ത്രിമാർ ചേർന്ന് മുന്നോട്ടു കൊണ്ടുവന്ന പദ്ധതിയാണ് അടുത്ത വർഷം മുതൽ നടപ്പിലാകാൻ പോകുന്നത്. സർക്കാരിന്റെ കാർബൺ റിഡക്ഷൻ സ്കീം പ്രകാരം പെട്രോൾ കാർ ഓടിക്കുന്നതിനുള്ള ശരാശരി ചെലവ് പ്രതിവർഷം 100 പൗണ്ടിൽ കൂടുതൽ വർദ്ധിക്കും. അതേസമയം ശരാശരി ഗ്യാസ് ബിൽ 170 പൗണ്ട് വരെ ഉയരും. അടുത്ത വർഷം ആരംഭിക്കാനിരിക്കുന്ന പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി അടുത്ത ആഴ്ച ചാൻസലർ റിഷി സുനക്, ബിസിനസ് സെക്രട്ടറി ക്വാസി ക്വാർട്ടെംഗ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. കൃഷിസ്ഥലങ്ങളിലേക്കും ഈയൊരു പദ്ധതി വ്യാപിപ്പിക്കാൻ മന്ത്രിമാർ ആലോചിക്കുന്നുണ്ടെങ്കിലും പരിസ്ഥിതി സെക്രട്ടറി ജോർജ് യൂസ്റ്റിസ് അതിനെ എതിർത്തു.

നവംബറിൽ ഗ്ലാസ്‌ഗോയിൽ നടക്കാനിരിക്കുന്ന സിഒപി 26 കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന് മുമ്പായി കാർബൺ എമിഷൻ ട്രേഡിംഗ് പദ്ധതിയുടെ കൂടിയാലോചന ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കെട്ടിടങ്ങൾ ചൂടാകുന്നത് മൂലമുണ്ടാകുന്ന ഉദ്വമനവും പെട്രോൾ, ഡീസൽ വാഹനങ്ങൾ വഴി ഉണ്ടാകുന്ന ഉദ്വമനവും പരിഹരിക്കുന്നതിനായി പദ്ധതി വിപുലീകരിക്കുന്നതിനുള്ള തീരുമാനങ്ങൾ സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. ഊർജ്ജ പദ്ധതികൾക്ക് ധനസഹായം നൽകുന്നതിനായി ചാൻസലർ ഋഷി സുനക് 15 ബില്യൺ പൗണ്ടിന്റെ ഗ്രീൻ സേവിംഗ്സ് ബോണ്ടുകൾ വിതരണം ചെയ്യും. ലണ്ടനിലെ മാൻഷൻ ഹൗസിൽ നടത്തുന്ന പ്രസംഗത്തിൽ ചാൻസലർ പുതിയ ബോണ്ടുകൾ പ്രഖ്യാപിക്കും. പുതിയ സൗരോർജ്ജ സംരംഭങ്ങളിലും കാറ്റാടിപ്പാടങ്ങളിലും നിക്ഷേപം നടത്താൻ ആളുകളെ അനുവദിക്കുന്നതാണ് ഈ പദ്ധതി. 7 ബില്യൺ പൗണ്ട് വിലമതിക്കുന്ന ആദ്യ ബോണ്ട് ഈ വർഷം സെപ്റ്റംബറിൽ ഇഷ്യു ചെയ്യുമെന്നാണ് റിപ്പോർട്ട്. 2050 ഓടെ നെറ്റ്-സീറോ എമിഷൻ ലക്ഷ്യമിട്ടാണ് ബോറിസ് ജോൺസൻ സർക്കാർ ഈ പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ജോലിക്കിടയിൽ ആകസ്‌മികമായി മരണം തട്ടിയെടുത്ത സുമിത്ത് സെബാസ്റ്റ്യൻെറ (45) വേർപാടിൻെറ ഞെട്ടലിലാണ് മാഞ്ചസ്റ്റർ മലയാളികൾ. ജോലി സ്ഥലത്ത് കുഴഞ്ഞുവീണ സുമിത്ത് മിനിറ്റുകൾക്കകം മരണത്തിന് കീഴടങ്ങുകയായിരുന്നു. സുമിത്ത് സെബാസ്റ്റ്യൻ കേരളത്തിൽ കോട്ടയം പള്ളിക്കത്തോട് സ്വദേശിയാണ്. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത സുമിത്തിൻറെ മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.

ഭാര്യ മഞ്ജു സുമിത്ത് കോട്ടയം കുറുപ്പന്തറ സ്വദേശിയാണ്. മക്കളായ റെയ്മണ്ട് ഇയർ 10 ലും, റിയ ഇയർ 5 ലും പഠിക്കുന്നു. അൽഡർലി എഡ്ജ് ബെൽവഡെർ നേഴ്സിംഗ് ഹോമിലായിരുന്നു സുമിത്തും ഭാര്യ മഞ്ജുവും ജോലി ചെയ്തിരുന്നത്.

പ്രസിദ്ധമായ മാഞ്ചസ്റ്റർ ദുക്റാന തിരുനാളിൻെറ ഒരുക്കങ്ങളിലൊക്കെ തങ്ങളോടൊപ്പം ഉണ്ടായിരുന്ന സുമിത്ത് സെബാസ്റ്റ്യൻെറ വേർപാടിൻെറ വേദനയിലാണ് ഇന്നലെ തിരുനാളാഘോഷങ്ങൾ നടത്തപ്പെട്ടത്. തിരുനാൾ ആഘോഷങ്ങളുടെ മുഖ്യകാർമ്മികനായി എത്തിയ ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും പ്രാർത്ഥന നടത്തുകയും ചെയ്തിരുന്നു. നേരത്തെ സുമിത്ത് സെബാസ്റ്റ്യൻ്റെ മരണവാർത്തയറിഞ്ഞ് മാഞ്ചസ്റ്റർ സെൻ്റ്. തോമസ് മിഷൻ ഡയറക്ടർ റവ.ഫാ.ജോസ് അഞ്ചാനിക്കൽ നേഴ്സിംഗ് ഹോമിലെത്തി പ്രാർത്ഥനകൾ നടത്തിയിരുന്നു.

സുമിത്തിൻറെ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

സുജിത് തോമസ്

കോഴി റോസ്റ്റ് (വലിയമ്മച്ചിയുടെ രീതിയിൽ )

കോഴി ഒന്നര കിലോ ഇടത്തരം കഷണങ്ങളായി മുറിച്ചത്

കറുവാപ്പട്ട -ഒരിഞ്ച്,

ഗ്രാമ്പൂ -മൂന്ന് നാലെണ്ണം

ഏലയ്ക്ക -മൂന്നെണ്ണം

കുരുമുളക്- ഒന്നര ടീസ്പൂൺ

മല്ലി വറുത്ത് പൊടിച്ചത്- ഒന്നര ടേബിൾസ്പൂൺ

മുളക് വറുത്തു പൊടിച്ചത്- രണ്ട് ടേബിൾ സ്പൂൺ

മഞ്ഞൾപ്പൊടി -അര ടീസ്പൂൺ

ഇഞ്ചി വെളുത്തുള്ളി അരച്ചത് -ഒന്നര രണ്ടു ടേബിൾസ്പൂൺ

ഉപ്പ് -ആവശ്യത്തിന്

കൊച്ചുള്ളി പിളർന്നത്- ഒരു കപ്പ്

പാകം ചെയ്യുന്ന വിധം

വറ്റൽമുളക് മഞ്ഞൾ കുരുമുളക് കറുവ ഗ്രാമ്പൂ ഏലയ്ക്കാ വെളുത്തുള്ളി ഇഞ്ചി കുറച്ചു കൂടുതൽ ഉപ്പ് ഇവയെല്ലാം നന്നായി അരയ്ക്കുക പകുതി അരപ്പ് മാറ്റി ബാക്കി പകുതിയോളം ഇറച്ചിയിൽ തിരുമ്മിപ്പിടിപ്പിക്കുക. ഇറച്ചി കുറച്ചു വെള്ളം ചേർത്ത് അടുപ്പിൽ വച്ച് വേവിക്കുക. വെന്തുകഴിയുമ്പോൾ വെള്ളത്തോടൊപ്പം ഉപ്പ് നോക്കി വാങ്ങുക. ഒരു ചീനച്ചട്ടി അടുപ്പിൽ വച്ച് ഉരുളക്കിഴങ്ങ് വട്ടത്തിൽ വറുത്തുകോരുക. തുളയുള്ള സ്പൂണിൽ ഇറച്ചി ഇളക്കിയെടുത്ത് മാറ്റി വറുത്തുകോരുക. ബാക്കിയുള്ള എണ്ണയിൽ നിന്നും കുറച്ചെണ്ണം എടുത്തു മാറ്റി നേരത്തെ മാറ്റി വെച്ചിരിക്കുന്ന പകുതി അരപ്പ് എടുത്ത് മൂപ്പിക്കുക. ചിക്കൻ വെന്ത് ഗ്രേവിയും മൂപ്പിച്ച് മസാലയും ചേർത്ത് ഇളക്കി അതിലേക്ക് ഇറച്ചി ചേർത്ത് മേലെ ഉരുളക്കിഴങ്ങും വറുത്ത സവാളയും ചേർത്ത് എടുക്കുക.

സുജിത് തോമസ്

ഡോ. ഐഷ വി

ലക്ഷ്മി അച്ഛാമ്മ എന്തേ കള്ളന്മാരെ തല്ലിയില്ല എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാവാം. അതിനൊരു കാരണമുണ്ട്. ഈ സംഭവത്തിനും വളരെ മുമ്പ് ശ്രീദേവി അപ്പച്ചിയുടെ വിവാഹ നിശ്ചയത്തിന് മുമ്പൊരു ദിവസം അച്ഛൻ കല്ലടയിൽ പോയി മടങ്ങിയെത്തിയപ്പോൾ ഇരുട്ടിപ്പോയി. കല്ലടയിൽ നിന്നും തലച്ചുമടായി കുറെ സാധനങ്ങളും കൊണ്ടാണ് വരവ്. കല്ലടയിൽ നിന്നും കൊച്ചു വെളുപ്പാൻ കാലത്ത് നടക്കാൻ തുടങ്ങിയാൽ നേരം ഇരുട്ടിക്കഴിയുമ്പോൾ ചിറക്കരയിലെത്താം. അങ്ങനെ അച്ഛൻ നടന്നു വരികയായിരുന്നു. എന്തോ ശബ്ദം കേട്ട് ഉറക്കമുണർന്ന ലക്ഷ്മി അച്ഛാമ്മ ഒരു വടിയുമെടുത്ത് പുറത്തേയ്ക്കിറങ്ങി. വൈദ്യുതിയില്ലാത്തതിനാൽ ഒരു മനുഷ്യനേക്കാൾ ഉയരമുള്ള എന്തോ നടന്നു വരുന്നതായി ലക്ഷ്മി അച്ചാമ്മയ്ക്ക് തോന്നി. അതിനാൽ വടിയെടുത്ത് ഒറ്റയടി. അടിച്ചു കഴിഞ്ഞാണ് അത് അച്ഛനായിരുന്നു എന്ന വിവരം ലക്ഷ്മി അച്ഛാമ്മ തിരിച്ചറിയുന്നത്. അച്ഛൻ ശ്രീദേവി അപ്പച്ചിയുടെ വിവാഹ നിശ്ചയത്തിനാവശ്യമായ കുറേ സാധനങ്ങൾ കല്ലടയിൽ നിന്നും കൊണ്ടുവന്നതായിരുന്നു.
ലക്ഷ്മി അച്ഛാമ്മ ധാരാളം നിയമ യുദ്ധങ്ങൾ നടത്തിയിട്ടുണ്ട്. ചിലതിൽ വിജയത്തിന്റെ മധുരം നുകരാൻ കഴിഞ്ഞിട്ടുണ്ട്. ചിലതിൽ പരാജയത്തിന്റെ കയ്പു നീരും നുണയേണ്ടി വന്നിട്ടുണ്ട്. വിജയിച്ചതിൽ ഒന്ന് സിങ്കപ്പൂരിലായിരുന്ന മരിച്ചുപോയ മകന്റെ സ്വത്തിൽ നിന്നും ജീവനാംശം ലഭിക്കേണ്ട കേസായിരുന്നു. പിൽക്കാലത്ത് ഇന്ദിരാ ഗാന്ധിയുടെ മകൻ മരിച്ചതിന് ശേഷമുള്ള കേസിൽ പ്രീസിഡൻസ് ആയത് ഈ കേസിന്റെ വിധിയാണ്.

കൊച്ചുമക്കളുടെ പഠന കാര്യത്തിലും അവരവരാൽ കഴിയുന്ന ജോലി ചെയ്ത് സ്വന്തം കാലിൽ നിർത്താൻ ലക്ഷ്മി അച്ഛാമ്മ ശ്രദ്ധിച്ചിരുന്നു. അതിന്റെ ഭാഗമായി ബന്ധുക്കളുടെ വിവിധ സ്ഥാപനങ്ങളിൽ കൊച്ചുമക്കൾക്ക് ജോലി തരപ്പെടുത്തി കൊടുത്തിരുന്നു.

ജനുവരി 19 ലക്ഷ്മി അച്ഛാ’മ്മയുടെ മകന്റെ ശ്രാദ്ധ ദിവസമായിരുന്നു. എല്ലാ വർഷവും ആ ദിവസം ശ്രാദ്ധമാചരിക്കാൻ ലക്ഷ്മി അച്ഛാമ്മ പ്രത്യകം ശ്രദ്ധിച്ചിരുന്നു. ആ ദിവസം ബന്ധുമിത്രാദികളായി ധാരാളം പേർ ആ വീട്ടിൽ എത്തിയിരുന്നു

മറ്റൊന്ന് ലക്ഷ്മി അച്ഛാമ്മ ധാരാളം പലഹാരങ്ങൾ ഉണ്ടാക്കിയിരുന്നു എന്നതാണ്. അതിന്റെ പങ്ക് പൊതിഞ്ഞ് മടിക്കുത്തിൽ വച്ച് ഞങ്ങൾ കുട്ടികൾക്ക് കൊണ്ടുത്തരിക ലക്ഷ്മി അച്ഛാമ്മയുടെ പതിവായിരുന്നു.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

തങ്ങളുടെ വലതുകരം ചെയ്യുന്നത് ഇടതു കരം അറിയെരുതെന്നതാണ് പ്രമാണം. കോടികൾ വില വരുന്ന സ്വത്ത് തലചായ്ക്കാൻ ഇടമില്ലാത്തവർക്കായി വിട്ടുകൊടുക്കുമ്പോൾ യുകെയിലെ നോട്ടിംഗ് ഹാമിൽ താമസിക്കുന്ന സാജൻ പൗലോസിന്റെ ആഗ്രഹവും ഇതുതന്നെയായിരുന്നു. എന്നാൽ തങ്ങൾ ചെയ്ത പുണ്യ പ്രവർത്തിയുടെ വലിപ്പം മനസ്സിലാക്കി നിരവധിപേർ അഭിനന്ദനങ്ങളുമായി വിളിക്കുകയും ഇത് മറ്റുള്ളവർക്ക് ഒരു മാതൃകയുമാവുകയാണെങ്കിൽ ഒട്ടിയ വയറുമായി ഉടുതുണിക്ക് മറുതുണിയില്ലാതെ, തലചായ്ക്കാൻ ഒരിടമില്ലാതെ വലയുന്ന ഒരാൾക്കെങ്കിലും ആശ്വാസമായാൽ നല്ല കാര്യമാണല്ലോയെന്ന് ഓർത്താണെന്ന് സാജൻ മലയാളം യുകെയോട് മനസ്സ് തുറന്നത്.

എറണാകുളം കാലടി നീലീശരം അറയ്ക്കൽ പരേതരായ പൗലോസ്, മേരി ദമ്പതികളുടെ മകനായ സാജൻ പൗലോസ് മുൻ പട്ടാള ഉദ്യോഗസ്ഥനാണ്. ആർമിയിൽ 17 വർഷത്തെ സേവനത്തിനു ശേഷമാണ് യുകെയിൽ എത്തിയത്. പിതാവ് പൗലോസും ഇന്ത്യൻ സൈന്യത്തിനു വേണ്ടി ദീർഘകാലം സേവനം ചെയ്തിരുന്നു. സ്‌ഥലം കൂടാതെ 10 ലക്ഷം രൂപയും നൽകാനാണ് സാജൻ തീരുമാനിച്ചിരിക്കുന്നത്. ചിറമേൽ അച്ചന്റെ ചാരിറ്റബിൾ ട്രസ്റ്റിനെയാണ് അർഹരായവരെ കണ്ടെത്തി വീട് പണിയാനുള്ള ചുമതല ഏൽപ്പിച്ചിരിക്കുന്നത് . ചിറമേൽ അച്ചൻെറ ചാരിറ്റി പ്രവർത്തനങ്ങളോടെ ആകൃഷ്ടനായാണ്   കിടപ്പാടമില്ലാത്തവർക്കായി സ്ഥലവും, പണവും അച്ചനെ ഏൽപ്പിക്കാൻ കാരണം. സാജൻ തന്റെ മാതാപിതാക്കളുടെ സ്മരണയ്ക്കായി ആണ് ഈ പുണ്യ പ്രവർത്തിക്ക് മുന്നിട്ടിറങ്ങിയത്.

മക്കളെല്ലാം പ്രവാസലോകത്ത് ആയതു കാരണം പ്രായമായവരെ സംരക്ഷിക്കാൻ ആളില്ലാതെ കേരളത്തിൽ വൃദ്ധസദനങ്ങൾ കൂടുന്ന സാഹചര്യത്തിലും, പ്രായമായ മാതാപിതാക്കളുടെ സ്വത്തു മുഴുവൻ സ്വന്തം പേരിലാക്കിയതിനുശേഷം മാതാപിതാക്കളെ പെരുവഴിയിൽ ആക്കുന്ന വാർത്തകൾ നിരവധി മാധ്യമ ശ്രദ്ധ നേടുന്ന അവസരത്തിലുമാണ് സാജൻ, മിനി ദമ്പതികളുടെ ഈ പുണ്യപ്രവർത്തിയെന്നത് ശ്രദ്ധേയമാണ്.

അങ്കമാലിക്കടുത്ത് മഞ്ഞപ്ര കരിങ്ങേൻ കുടുംബാംഗമായ കെ വി അഗസ്റ്റിൻ്റെയും മേരി അഗസ്റ്റിൻ്റെയും മകളാണ് സാജൻ്റെ ഭാര്യ മിനി. നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റിയിൽ നേഴ്സിങ് വിദ്യാർഥിനിയായ ആൻമേരിയും, ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഏയ്ഞ്ചലും, അഞ്ചാം ക്ലാസിൽ പഠിക്കുന്ന ആൽഫ്രഡുമാണ് സാജൻ, മിനി ദമ്പതികളുടെ മക്കൾ. നന്മയുടെയും കാരുണ്യത്തിൻ്റെയും പാതയിൽ മുന്നോട്ടു പോകാൻ ഭാര്യയുടെയും മക്കളുടെയും പൂർണ പിന്തുണ തനിക്ക് ലഭിക്കുന്നുണ്ടെന്ന് സാജൻ മലയാളം യുകെയോട് പറഞ്ഞു.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : അസ്ട്രാസെനെക്ക കുത്തിവയ്പ്പ് സ്വീകരിച്ച ബ്രിട്ടീഷുകാർക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് പ്രവേശനാനുമതിയില്ല. യൂറോപ്യൻ മെഡിസിൻസ് ഏജൻസി (ഇഎംഎ) അംഗീകാരമില്ലാത്ത വാക്സീൻ സ്വീകരിച്ച അമ്പത് ലക്ഷത്തോളം പേരാണ് യുകെയിൽ ഉള്ളത്. 4120Z001 , 4120Z002 , 4120Z003 എന്നീ മൂന്ന് അസ്ട്രാസെനെക്ക വാക്സിൻ ബാച്ച് നമ്പറുകൾ ഉള്ളവരെയാണ് തടയുന്നത്. ഡിജിറ്റൽ കോവിഡ് പാസ്പോർട്ടുകളിൽ ബാച്ച് നമ്പർ പരിശോധിക്കുമ്പോൾ ഈ നമ്പർ കാണപ്പെടുകയാണെങ്കിൽ തുടർന്ന് യാത്ര ചെയ്യാൻ തടസ്സം നേരിട്ടേക്കാം. ഓരോരുത്തരുടെയും ബാച്ച് നമ്പർ ഏതാണെന്നു പരിശോധിക്കുന്നത് നല്ലതാണ്. ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ച സമയത്ത് ലഭ്യമായ വാക്സീൻ കാർഡിൽ ബാച്ച് നമ്പർ ഉണ്ടാവും. എൻ എച്ച് എസ് ആപ്ലിക്കേഷനിലൂടെയും പരിശോധിക്കാം. ഇതിനായി ‘ഗെറ്റ് യുവർ എൻ എച്ച് എസ് കോവിഡ് പാസ്സ്’ ക്ലിക്ക് ചെയ്യുക.

 

അതേസമയം അവകാശവാദങ്ങൾ തീർത്തും അസത്യമാണെന്നാണ് സർക്കാരിന്റെ വാദം. അന്താരാഷ്ട്ര അവധി ദിനങ്ങളിലേയ്ക്കുള്ള പാതയിലാണെന്ന് രാജ്യമെന്നും അതിൽ തനിക്ക് ആത്മവിശ്വാസം ഉണ്ടെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൻ അറിയിച്ചു. രണ്ട് ഡോസ് വാക്സീൻ പൂർത്തിയാക്കിയവർക്ക് യാത്ര ചെയ്യാൻ സാധിക്കുമെന്ന് ഈയാഴ്ച ആദ്യം അദ്ദേഹം അറിയിച്ചിരുന്നു.

ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമ്മിക്കുന്ന ബ്രാൻഡായ കോവിഷീൽഡ് വാക്സിനുകൾ യുകെയിൽ നൽകിയിട്ടില്ലെന്ന് നമ്പർ 10 വക്താവ് അറിയിച്ചു. “യുകെയിൽ നൽകിയിരിക്കുന്ന എല്ലാ അസ്ട്രാസെനെക്ക വാക്സിനുകളും ഒരേ ഉൽപ്പന്നമാണ്. അവ എൻ‌എച്ച്‌എസ് കോവിഡ് പാസിൽ വാക്‌സെവ്രിയ എന്ന പേരിൽ പ്രത്യക്ഷപ്പെടുന്നു. യൂറോപ്യൻ മെഡിസിൻസ് ഏജൻസി ഈ വാക്സിൻ അംഗീകരിച്ചിട്ടുണ്ട്. അതിനാൽ യാത്രയെ ബാധിക്കില്ലെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.” അദ്ദേഹം കൂട്ടിച്ചേർത്തു. യുകെയിൽ ഉപയോഗിക്കുന്ന എല്ലാ ഡോസുകളും മെഡിസിൻ റെഗുലേറ്റർ എം‌എച്ച്‌ആർ‌എയുടെ കർശനമായ സുരക്ഷയ്ക്കും ഗുണനിലവാര പരിശോധനകൾക്കും വിധേയമാണെന്നും വ്യക്തിഗത ബാച്ച് ടെസ്റ്റിംഗും ഫിസിക്കൽ സൈറ്റ് പരിശോധനയും നടത്തപ്പെടുന്നുണ്ടെന്നും സർക്കാർ അറിയിച്ചു.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- കളിസ്ഥലത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ, തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച മൂന്ന് പേരെ എതിർത്തു, അത്ഭുതകരമായി രക്ഷപ്പെട്ടിരിക്കുകയാണ് ഒമ്പതുവയസ്സുകാരി പെൺകുട്ടി. ഗ്രേറ്റർ മാഞ്ചസ്റ്ററിൽ ഇന്നലെയാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച മൂന്ന് പേർക്ക് വേണ്ടി ശക്തമായ അന്വേഷണം നടക്കുകയാണ്. പെൺകുട്ടി കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ മൂന്നുപേർ വന്ന് തട്ടിക്കൊണ്ടു പോവാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇവരോട് എതിർത്തു നിന്ന ശേഷം പെൺകുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. ഇതേ തുടർന്ന് പ്രദേശത്ത് ശക്തമായ പെട്രോളിംഗ് സംവിധാനം പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. കറുത്ത വസ്ത്രങ്ങൾ ധരിച്ചു വന്ന പ്രതികൾ, മുഖംമൂടി ധരിച്ചിരുന്നതായും പോലീസ് അറിയിച്ചു.

ഇത് ഒരു അപ്രതീക്ഷിത സംഭവമാണെന്നും, പെൺകുട്ടിക്ക് ഓടിരക്ഷപ്പെടാൻ സാധിച്ചതിനാലാണ് അപകടം ഒഴിവായതെന്ന് മാഞ്ചസ്റ്റർ പോലീസ് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ലൂയിസ് എഡ്‌വേർഡ് സ് വ്യക്തമാക്കി. പ്രതികൾക്ക് വേണ്ടിയുള്ള ശക്തമായ അന്വേഷണം പോലീസിന്റെ ഭാഗത്തുനിന്ന് നടക്കുന്നുണ്ടെന്നും, ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. ഇതോടൊപ്പംതന്നെ പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നവർ ഉടൻ തന്നെ പോലീസ് അധികൃതരെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

പ്രവാസി മലയാളികളെ ഒന്നാകെ കടുത്ത ദുഃഖത്തിലാഴ്ത്തി മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ജർമനിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കടുത്തുരുത്തി അപ്പാച്ചിറ സ്വദേശിയായ നിതിക ബെന്നിയെയാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നികിതയെ കാണാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് സ്വന്തം മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം . ബുധനാഴ്ച രാത്രി മരണം സംഭവിച്ചതായാണ് ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നാൽ മാത്രമേ മരണ കാരണത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ .

പൊലീസ് നടപടികളും അന്വേഷണവും പൂർത്തീകരിച്ചതിനുശേഷമേ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികളിലേയ്ക്ക് കടക്കാനാവുകയുള്ളൂ എന്നാണ് അറിയാൻ സാധിച്ചത്. നികിത ഒരു ഇന്ത്യക്കാരിയുടെ ഒപ്പമായിരുന്നു താമസിച്ചിരുന്നത്. അവർ പഠനത്തിനായുള്ള ഉള്ള പരിശീലനത്തിൻെറ ഭാഗമായി കുറേ നാളായി നിതികയ്ക്കൊപ്പമല്ലായിരുന്നു താമസിച്ചിരുന്നത് എന്നാണ് അറിയാൻ സാധിച്ചത്.   ജർമനിയിൽ പഠനത്തിനായി എത്തിയിട്ട് ആറ് മാസമേ ആയിരുന്നുള്ളൂ.  കീൽ ക്രിസ്ത്യൻ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ബയോമെഡിക്കൽ വിഭാഗത്തിൽ മെഡിസിൻ ലൈഫ് സയൻസ് ആയിരുന്നു നിതിക പഠിച്ചിരുന്നത്.

RECENT POSTS
Copyright © . All rights reserved