ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടനിലെ ലൂട്ടൺ എയർപോർട്ടിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് 3 പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ 17 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ഫൂട്ടേജിൽ പരസ്പരം ആക്രമിക്കുന്ന യാത്രക്കാരുടെ ഞെട്ടിപ്പിക്കുന്ന വീഡിയോ ആണ് കാണാൻ സാധിച്ചത്. എയർപോർട്ടിലെ ഷോപ്പിംഗ് ഏരിയയിൽ ഏകദേശം രാവിലെ എട്ടുമണിയോടെയാണ് സംഘർഷം നടന്നത്. ഇതേസമയം മറ്റു യാത്രക്കാർ ഇവരെ തടയുവാൻ ശ്രമിക്കുന്നതും വീഡിയോയിലൂടെ കാണാൻ സാധിക്കും. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്. യാത്രക്കാരോട് എയർപോർട്ട് അധികൃതർ ക്ഷമ ചോദിച്ചു.
സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ മൂന്നു പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് 17 പേരെ പോലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തു. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും തങ്ങളിൽ വലിയൊരു ഞെട്ടലാണ് ഇതുണ്ടാക്കിയിരിക്കുന്നതെന്നും എയർപോർട്ട് അധികൃതർ വ്യക്തമാക്കി. ആക്രമണത്ത് ഗൗരവമായിട്ടാണ് കാണുന്നതെന്നും പോലീസ് അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും അധികൃതർ പറഞ്ഞു.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ഇസ്രായേലും പാലസ്തീനും തമ്മിലുള്ള സംഘർഷം ഗാസയിൽ നിന്ന് വെസ്റ്റ് ബാങ്കിലേയ്ക്ക് വ്യാപിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കിഴക്കൻ ജറുസലേമിൽ ഇസ്രായേൽ പാലസ്തീൻ സംഘർഷം രൂക്ഷമായതിനെ തുടർന്നാണ് തിങ്കളാഴ്ച പരസ്പരമുള്ള ആക്രമണങ്ങൾ ആരംഭിച്ചത്. ഗാസയിൽ 126 പേരും 8 പേർ ഇസ്രായേലിലും കൊല്ലപ്പെട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. യുദ്ധം ആരംഭിച്ചതിനു ശേഷം കൊല്ലപ്പെട്ടവരിൽ 31 കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ പ്രകാരം സംഘർഷത്തെ തുടർന്ന് പതിനായിരത്തോളം പേരാണ് യുദ്ധഭയം മൂലം പാലായനം ചെയ്തിരിക്കുന്നത്.
സംഘർഷ ഭൂമിയിൽ കേരളത്തിൽനിന്നുള്ള ഒട്ടേറെ പേരാണ് ജോലി ചെയ്യുന്നത്. ഒട്ടു മിക്കവരും നഴ്സിംഗ് മേഖലയിലാണ് പ്രവർത്തിക്കുന്നത്. ഇസ്രായേൽ പാലസ്തീൻ സംഘർഷം കനത്തതോടെ അവിടെ ജോലിചെയ്യുന്നവരുടെ ഉറ്റവരും ബന്ധുക്കളും കണ്ണീരോടെയാണ് ഓരോ നിമിഷവും തള്ളിനീക്കുന്നത്. ഒരു വശത്ത് കൊറോണ പിടിമുറുക്കുമ്പോൾ മറുവശത്ത് തങ്ങളുടെ ഉറ്റവർ അതിഭീകരമായ ദുരിത മുഖത്തിലൂടെയാണ് കടന്നു പോകുന്നത് എന്ന തിരിച്ചറിവ് എല്ലാവരുടെയും ഉറക്കം കെടുത്തുന്നു. കോവിഡും ലോക്ക്ഡൗണും കാരണം ഇസ്രായേലിൽ ജോലി ചെയ്യുന്ന മലയാളികൾ നാട്ടിലെത്തിയിട്ട് രണ്ട് വർഷത്തിലേറെയായി. മലയാളി നേഴ്സ് സൗമ്യ സന്തോഷ് റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടതോടുകൂടി ഇസ്രായേലിൽ ജോലി ചെയ്യുന്നവരുടെ സുരക്ഷയെക്കുറിച്ച് കനത്ത ആശങ്കയാണ് ഉയർന്നിരിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെയും ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങളുടെയും നേതൃത്വത്തിൽ വെടിനിർത്തലിനുള്ള ശ്രമം ഊർജിതമാക്കിയതിലാണ് എല്ലാവരും പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത് .
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ചൈന :- കെഎഫ്സിയുടെ ഓൺലൈൻ ഓഡറിങ് സംവിധാനം ദുരുപയോഗം ചെയ്ത് ധാരാളം ചിക്കൻ സൗജന്യമായി ലഭിക്കുവാൻ ശ്രമിച്ച 5 ചൈനീസ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് ജയിലിൽ ആക്കി. ഇത്തരത്തിൽ സൗജന്യമായി ചിക്കൻ വാങ്ങിയതിനുശേഷം മറ്റു വിദ്യാർഥികൾക്ക് വിൽക്കുവാൻ ആണ് ഇവർ ശ്രമിച്ചത്. 23കാരനായ ക്സു എന്ന വിദ്യാർത്ഥിയാണ് ആറുമാസത്തിനിടെ 6500 പൗണ്ടിന്റെ സൗജന്യ ചിക്കൻ ആപ്പിന്റെ ദുരുപയോഗത്തിലൂടെ നേടിയത്. ഇദ്ദേഹം തന്റെ മറ്റു 4 കൂട്ടുകാരോടും ഈ രഹസ്യം പങ്കുവയ്ക്കുകയും, ഇവരെല്ലാവരും കൂടി ഏകദേശം 15,500 പൗണ്ടിൻെറ ചിക്കനാണ് സൗജന്യമായി വാങ്ങിയത്.
രണ്ടര വർഷം ജയിൽ ശിക്ഷയും, 700 പൗണ്ട് നഷ്ടപരിഹാരവും ആണ് ക്സുവിനു കോടതി വിധിച്ചത്. 2018 ഏപ്രിലിൽ ആണ് ക്സു കെഎഫ്സിയുടെ ആപ്പിലുള്ള ദിശകൾ കണ്ടെത്തിയത്. കെഎഫ്സിയുടെ ആപ്പും, വീ ചാറ്റും തമ്മിൽ മാറിമാറി ഉപയോഗിച്ചാണ് സൗജന്യഭക്ഷണം ഇദ്ദേഹം നേടിയത്. അദ്ദേഹത്തിന്റെ കൂട്ടുകാർക്ക് രണ്ടു വർഷം മുതൽ 13 മാസം വരെ ഉള്ള ശിക്ഷകളാണ് ലഭിച്ചിരിക്കുന്നത്.
അഞ്ജു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടനിലെ എല്ലാ ജി പി പ്രാക്ടീസുകളും മുഖാമുഖമുള്ള കൂടിക്കാഴ്ചകൾക്ക് കൂടി അവസരം ഒരുക്കണമെന്ന് നിർദ്ദേശം. പകർച്ചവ്യാധിയുടെ സമയത്ത് കൊണ്ടുവന്ന ടോട്ടൽ ട്രിയേജ് സംവിധാനത്തിനൊപ്പം ആവശ്യമുള്ളവർക്ക് നേരിട്ടുള്ള ചികിത്സയ്ക്കും അവസരം നൽകണമെന്നാണ് എൻഎച്ച്എസ് ഇംഗ്ലണ്ട് നിർദ്ദേശം നൽകിയിരിക്കുന്നത്. വ്യാഴാഴ്ച അയച്ച കത്ത് പ്രകാരം ജിപിമാർക്ക് ടെലഫോൺ അല്ലെങ്കിൽ ഓൺലൈൻ കൺസൾട്ടേഷൻ തുടരാമെങ്കിലും നേരിട്ടുള്ള കൂടിക്കാഴ്ചകൾ മെയ് 17 മുതൽ ലഭ്യമാക്കണമെന്ന് നിർദ്ദേശിക്കുന്നു. എല്ലാ പ്രാക്റ്റീസ് റിസപ്ഷൻ ഡെസ്കുകളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രോഗികൾക്കായി തുറന്നിരിക്കണം. അതേസമയം ഫോണോ ഇന്റെർനെറ്റോ ഉപയോഗിക്കാൻ കഴിയാത്തവരെ പരിഗണിച്ചാണ് ഇപ്രകാരമൊരു തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.
കോവിഡ് -19ൻെറ സാഹചര്യത്തിൽ ഒരു മുൻകരുതലായാണ് ടോട്ടൽ ട്രിയേജ് സംവിധാനം രാജ്യത്ത് കൊണ്ടുവന്നത്. ഇതുവഴി രോഗികളെ പരിശോധിക്കുകയും അവരുടെ ചികിത്സയ്ക്കായുള്ള ഏറ്റവും അനുയോജ്യമായ ഹെൽത്ത് സർവീസിലേക്ക് നയിക്കുകയും ചെയ്തിരുന്നു. നേരിട്ടുള്ള ഒരു കൺസൾട്ടേഷൻ അനിവാര്യമല്ലാത്ത സാഹചര്യത്തിൽ ജിപിയുമായുള്ള കൂടിക്കാഴ്ചകൾ ടെലഫോൺ, വീഡിയോ അല്ലെങ്കിൽ ഓൺലൈൻ വഴിയും നടത്തിയിരുന്നു.
നിലവിൽ ജനറൽ പ്രാക്ടീസിൻെറ പകുതിയും നേരിട്ടുള്ള കൺസൾട്ടേഷൻസ് ആണ്. പകർച്ചവ്യാധിയ്ക്ക് മുൻപ് ഏകദേശം 70 ശതമാനം വരുന്ന അപ്പോയിന്റ്മെന്റുകൾ നേരിട്ടുള്ളതും 30 ശതമാനം വരുന്ന അപ്പോയിന്റ്മെന്റുകൾ ഫോൺ, വീഡിയോ, ഓൺലൈൻ എന്നിവ വഴിയും ആയിരുന്നു. എന്നാൽ ഇപ്പോൾ നേരിട്ടുള്ള അപ്പോയിന്റ്മെന്റുകൾ 30 ശതമാനത്തിലേക്ക് കുറഞ്ഞു. എന്തിരുന്നാലും രോഗികളുടെ മുൻഗണനകൾ പാലിക്കണമെന്ന് ജോയിന്റ് ലെറ്ററിൽ എൻഎച്ച്എസ് ഇംഗ്ലണ്ടിൻെറ പ്രൈമറി കെയർ മെഡിക്കൽ ഡയറക്ടറായ ഡോ. നിക്കി കാനാനി ഡോക്ടർമാരോട് പറഞ്ഞു. രോഗികൾക്കും ക്ലിനിക്കുകൾക്കും കൺസൾട്ടേഷൻ മോഡ് തെരഞ്ഞെടുക്കാനാവും. മുഖാമുഖ പരിചരണത്തിനായിരിക്കണം ജിപിമാർ മുൻഗണന നൽകേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.
റിസപ്ഷനുകൾ സുരക്ഷിതമാക്കാനായി രോഗികൾ പുറത്ത് ക്യൂ നിൽക്കാൻ ആവശ്യപ്പെടാമെന്നും അധികൃതർ അറിയിച്ചു. പകർച്ചവ്യാധിയ്ക്ക് ശേഷമുള്ള ടോട്ടൽ ട്രിയേജ് സംവിധാനത്തെ വിമർശിച്ചുകൊണ്ട് റോയൽ കോളേജ് ഓഫ് ജനറൽ പ്രാക്ടീഷനേഴ്സ് നൽകിയ റിപ്പോർട്ടിന് പിന്നാലെയാണ് ഈ തീരുമാനം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കൂടുതൽ മാരകവും വേഗത്തിൽ വ്യാപിക്കുകയും ചെയ്യുന്ന കൊറോണാ വൈറസിൻെറ ഇന്ത്യൻ വകഭേദത്തെ നേരിടാൻ ബ്രിട്ടൻ പദ്ധതി തയ്യാറാക്കി. ഇതിൻെറ ഭാഗമായി 10 ദശലക്ഷം ജനങ്ങൾക്കാണ് കണക്ക് കൂട്ടിയതിനും നേരത്തെ രണ്ടാം ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നത്. പുതിയ വൈറസ് വകഭേദം ബാധിച്ച കേസുകൾ ഒരാഴ്ചയ്ക്കുള്ളിൽ ഇരട്ടിയായതാണ് ബ്രിട്ടനെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്നത്. പുതിയ വൈറസിൻെറ സാന്നിധ്യത്തെക്കുറിച്ച് ആശങ്ക ഉണ്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞിരുന്നു. ഇന്ന് വൈകുന്നേരം 5 മണിക്ക് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രസ് കോൺഫറൻസ് നടത്തും. പ്രധാനമന്ത്രിക്കൊപ്പം ചീഫ് മെഡിക്കൽ അഡ്വൈസർ ക്രിസ് വിറ്റിയും പങ്കെടുക്കും .സ്ഥിതി സൂഷ് മമായി വിലയിരുത്തകയാണെന്നും ആവശ്യമാണെങ്കിൽ തുടർനടപടികൾ സ്വീകരിക്കാൻ ഗവൺമെന്റ് മടി കാണിക്കില്ലെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു.
രണ്ടാമത്തെ വാക്സിൻ ഡോസ് നൽകുന്നതിനൊപ്പം തന്നെ ഏറ്റവും കൂടുതൽ ഇന്ത്യൻ വേരിയന്റ് ബാധിച്ച സ്ഥലങ്ങളിൽ വൈറസ് വ്യാപനം നേരിടാൻ പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സർക്കാരിന് പദ്ധതിയുണ്ട്. അതേസമയം ഇന്ത്യൻ വകഭേദത്തിൻെറ സാന്നിധ്യം കാരണം ജൂൺ 21-ന് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിൽ ശാസ്ത്രജ്ഞന്മാർക്ക് എതിരഭിപ്രായം ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യോർക്ക്ഷയർ, ഹംബർ, വടക്കുകിഴക്കൻ ഇംഗ്ലണ്ട് എന്നിവ ഒഴികെയുള്ള യുകെയിലെ മിക്ക പ്രദേശങ്ങളിലും ഇന്ത്യൻ വേരിയന്റ് ഉണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ നിരവധി കോവിഡ് ഉപദേശക സമിതികളിൽ അംഗമായ പ്രൊഫ. പോൾ ഹണ്ടർ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വ്യാപന ശേഷി കൂടിയ ജനിതക മാറ്റം വന്ന ഇന്ത്യൻ വകഭേദത്തിന് വാക്സിനുകൾ ഫലപ്രദമാണോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട് പുറത്തുവന്നു. പുതിയ വൈറസ് വകഭേദം മാരകമാണെന്ന് മാത്രമല്ല കൂടുതൽ വേഗത്തിൽ വ്യാപിക്കുന്നതാണെന്നുമുള്ള ഞെട്ടിക്കുന്ന വസ്തുതകളിലേയ്ക്കാണ് ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട് വിരൽ ചൂണ്ടുന്നത്. പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ ബ്രിട്ടനെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്നതാണ്.
ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ കൊറോണാ വൈറസ് വേരിയന്റ് കേസുകൾ യുകെയിൽ ഒരാഴ്ചയ്ക്കുള്ളിൽ ഇരട്ടിയിലധികമായത് രാജ്യത്തിൻെറ ലോക്ഡൗൺ ഇളവുകൾ മുൻനിശ്ചയിച്ച പ്രകാരം നടത്തുന്നതിന് വിഘാതം സൃഷ്ടിക്കുമോ എന്ന് പരക്കെ ആശങ്ക ഉയർത്തിയിട്ടുണ്ട്. ഈ ആഴ്ചയിൽ തന്നെ പ്രസ്തുത കേസുകൾ 520 നിന്ന് 1313 കേസുകളായി ഉയർന്നത് ഇത് മറ്റുള്ള കേസുകളുമായി താരതമ്യം ചെയ്യുമ്പോൾ വേഗത്തിൽ വ്യാപിക്കുന്നതിന് തെളിവാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പുതിയ വൈറസ് വകഭേദത്തിൻെറ ആഘാതവും തീവ്രതയും വ്യാപന ശേഷിയും സജീവമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ട് അറിയിച്ചു. പുതിയ വൈറസ് വകഭേദത്തിൻെറ വ്യാപനം തടയുന്നതിനുള്ള ഒരു നടപടിയും തള്ളിക്കളയുന്നില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. പുതിയ വേരിയന്റിൻെറ വ്യാപന ശേഷി പരിശോധിക്കുന്നതിൻെറ ഭാഗമായി ഇതുവരെ 60000 ത്തിലധികം ആൾക്കാർക്കാണ് രാജ്യത്ത് പിസിആർ ടെസ്റ്റ് കിറ്റുകൾ വിതരണം ചെയ്തിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ :- അഗോറഫോബിയ, അഥവാ, പരിഭ്രാന്തി, നിസ്സഹായാവസ്ഥ എന്നിവ ഉണ്ടാക്കുന്ന സ്ഥലങ്ങളോടും, സാഹചര്യങ്ങളോടുമുള്ള ഭയമുള്ള ഗർഭിണികളായ സ്ത്രീകളെ നിർബന്ധപൂർവ്വം പ്രസവത്തിനായി ആശുപത്രിയിൽ എത്തിക്കുവാൻ മെഡിക്കൽ സ്റ്റാഫുകൾക്ക് അനുവാദം നൽകി കോടതി. പാനിക് അറ്റാക്കുകൾ വരെ ഉണ്ടാകാൻ സാധ്യതയുള്ള ഒരു ആൻക്സൈറ്റി ഡിസ്ഓർഡർ ആണ് ഈ അവസ്ഥ. ഗർഭിണിയായ ഒരു യുവതിയുടെ കേസ് കേൾക്കുമ്പോൾ ആണ് കോടതി ഇത്തരത്തിലൊരു വിധിപ്രഖ്യാപനം നടത്തിയത്. 21 കാരിയായ ഈ പെൺകുട്ടിക്ക് വീട്ടിൽ തന്നെ പ്രസവം നടത്താനായിരുന്നു ആഗ്രഹം. എന്നാൽ പ്രസവസമയത്ത് കൂടുതൽ സങ്കീർണതകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ, എൻഎച്ച്എസ് പ്രവർത്തകർ ഈ പെൺകുട്ടിയുടെ പ്രസവം ഹോസ്പിറ്റലിൽ നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് പെൺകുട്ടി കോടതിയിൽ ഹർജി നൽകിയത്.
തൻെറ വിധി പെൺകുട്ടിയുടെ നന്മയ്ക്ക് വേണ്ടിയുള്ളതാണെന്ന് ജഡ്ജി മിസ്റ്റർ ഹോൾമാൻ പറഞ്ഞു. തനിയെ വീട്ടിൽ നിന്ന് ആശുപത്രിയിലേക്ക് വരുവാൻ തയ്യാറായില്ലെങ്കിൽ, സ്പെഷ്യൽ ട്രെയിനിങ് കഴിഞ്ഞ മെഡിക്കൽ സ്റ്റാഫുകൾക്ക് നിർബന്ധപൂർവ്വം ഇവരെ കൂട്ടി കൊണ്ടുപോകാമെന്ന് കോടതി വിധിച്ചു. ലണ്ടനിൽനിന്നും വളരെ മാറി താമസിക്കുന്ന ഈ യുവതി, നാലു വർഷത്തോളമായി വീട്ടിൽനിന്ന് പുറത്തിറങ്ങിയിട്ടില്ല. പെൺകുട്ടിയുടെ ഭർത്താവും അമ്മയും ആശുപത്രിയിൽ പ്രസവം നടത്തുന്നതിന് അനുകൂലമാണ്.
വീട്ടിൽ തന്നെ പ്രസവം നടത്തിയാലും ചിലപ്പോൾ പെൺകുട്ടിയുടെ ജീവനുതന്നെ ആപത്താണെന്ന് കോടതി വിലയിരുത്തി. അതിനാൽ തന്നെ ആശുപത്രിയിലെത്തി പ്രസവം നടത്തുന്നതാണ് ഉചിതമെന്ന് ജഡ്ജി നിർദേശിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഏകദേശം അഞ്ചു ദശലക്ഷം ആളുകളാണ് ഇംഗ്ലണ്ടിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്നത് എന്ന എൻഎച്ച്എസിൻെറ കണക്കുകൾ പുറത്തുവന്നു. ഇപ്പോൾ തന്നെ ഏകദേശം നാല് ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ശസ്ത്രക്രിയ ഒരുവർഷത്തോളം മാറ്റി വെച്ചതായും കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് രോഗികളുടെ ആധിക്യം കാരണം മറ്റു രോഗികളെ പരിചരിക്കാൻ സാധിക്കാതെ വന്നതാണ് ഇതിന് കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. ഇത്രയും രോഗികളെ ചികിത്സിക്കുക എളുപ്പമല്ലെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടികാണിക്കുന്നു. കഴിഞ്ഞ ഒരു വർഷം നമ്മൾ നേരിട്ട ഏറ്റവും പ്രയാസകരമായ ഒരു വർഷമായിരുന്നു, എന്നാൽ ഇപ്പോൾ നാം മറ്റൊരു പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഇത്രയും ഉയർന്ന രോഗികളുടെ എണ്ണം ആശങ്കാജനകമാണെന്നും ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ കൺസൾട്ടന്റ്സ് കമ്മിറ്റി ചെയർമാൻ ഡോ. റോബ് ഹാർവുഡ് പറഞ്ഞു.
കോവിഡ് മഹാമാരിയുടെ വിടുതലിൽ നിന്ന് രാജ്യം മുന്നോട്ടുപോകുമ്പോൾ ഇത്തരത്തിലുള്ള രോഗികളുടെ ഉയർന്ന കണക്ക് ആരോഗ്യമേഖലയ്ക്ക് അഭിമുഖീകരിക്കാൻ പോകുന്ന അടുത്ത വെല്ലുവിളിയാണെന്നുള്ള ഓർമ്മപ്പെടുത്തലാണ് പുറത്ത് വരുന്ന കണക്കുകൾ. റോയൽ കോളേജ് ഓഫ് സർജൻസ് നൽകിയ കണക്ക് പ്രകാരം ഏകദേശം 251,949 പേരാണ് ഒരുമാസത്തിനുള്ളിൽ വെയിറ്റിംഗ് ലിസ്റ്റിൽ ചേർന്നത്. രോഗികളിൽ പലരും ജീവൻ നിലനിർത്താനായി കഷ്ടപ്പെടുന്നവരാണെന്ന് റോയൽ കോളേജ് ഓഫ് സർജൻ ഇംഗ്ലണ്ടിൻെറ വൈസ് പ്രസിഡൻറ് ടിം മിച്ചൽ ഓർമിപ്പിച്ചു. കോവിഡ് നൽകിയ ആഘാതം മായിക്കാൻ വർഷങ്ങൾ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോഴുള്ള കണക്കുകളിൽ നിന്നും രോഗികളുടെ സംഖ്യ ഇനിയും കൂടാനാണ് സാധ്യത. ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയവരാണ് ഈ ലിസ്റ്റിൽ കൂടുതലായുള്ളത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ജനിതകമാറ്റം വന്ന വൈറസിൻെറ ഇന്ത്യൻ വകഭേദം യുകെയുടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തുന്നതിനെ ബാധിക്കുമോ എന്ന ആശങ്ക ശക്തമായി. നിലവിൽ ജൂൺ -21ന് ലോക്ക്ഡൗൺ പിൻവലിക്കാനാണ് ഗവൺമെൻറ് പദ്ധതി തയ്യാറാക്കിയിരുന്നത്. എന്നാൽ വേഗത്തിൽ പടർന്നു പിടിക്കുന്ന വൈറസിൻെറ ഇന്ത്യൻ വകഭേദം ബാധിച്ച കേസുകൾ യുകെയിൽ മൂന്നിരട്ടിയായാണ് ഒരാഴ്ചയ്ക്കുള്ളിൽ കുതിച്ചുയർന്നത്. രോഗവ്യാപനതോത് കൂടിയാൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിൽ നിന്ന് പിന്മാറാൻ സർക്കാരിന് ശാസ്ത്രജ്ഞരുടെ ഭാഗത്തുനിന്ന് നിർദ്ദേശം നൽകപ്പെടുമെന്നാണ് കരുതപ്പെടുന്നത്.
അടുത്ത തിങ്കളാഴ്ച മുതൽ ഇംഗ്ലണ്ടിൽ നിയന്ത്രണങ്ങളിൽ ഇളവ് ചെയ്യുന്നതിൻെറ മൂന്നാംഘട്ടം നിലവിൽ വരും. ഈ അവസരത്തിൽ പുതിയ വകഭേദം മൂലം രോഗവ്യാപന തീവ്രത ഉയർന്നതിനെ തുടർന്ന് ഇന്ന് സേജ് ശാസ്ത്രജ്ഞരുടെ മീറ്റിംഗ് വിളിച്ചു ചേർത്തിട്ടുണ്ട്. പുതിയ വൈറസ് വകഭേദം ബി 1617.2 നെ കൂടുതൽ ഗുരുതരമെന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഈ വകഭേദത്തിൻെറ 1723 കേസുകളാണ് രാജ്യത്ത് കണ്ടെത്തിയത്. 202 കേസുകൾ മാത്രമായിരുന്നു ഈ വൈറസ് വകഭേദത്തിന്റേതായി രണ്ടാഴ്ച മുമ്പ് യുകെയിൽ ഉണ്ടായിരുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടീഷ് പോലീസ് ലോകത്തിന് മുൻപിൽ എന്നും തലയെടുപ്പോടെ നിൽക്കുന്നത് കാര്യക്ഷമതയിലും സത്യസന്ധതയിലും മറ്റ് രാജ്യങ്ങളിലെ ക്രമസമാധാന സംവിധാനങ്ങളേക്കാൾ മികച്ചതായതുകൊണ്ടാണ്. സ്കോട്ട്ലൻഡ് യാർഡ് എന്ന ബ്രിട്ടീഷ് പോലീസ് സേന ലോക രാഷ്ട്രത്തിലെ പോലീസ് സംവിധാനത്തിന് എന്നും മാതൃകയാണ്. എന്നാൽ കേരളത്തിൽ നിന്ന് യുകെയിൽ ഉന്നത പഠനത്തിന് എത്തിയ ഈ മൂന്ന് വിദ്യാർത്ഥികൾ നേരിട്ട ക്രൂരമായ മോഷണവും തുടർന്നുള്ള സംഭവങ്ങളും ബ്രിട്ടീഷ് പോലീസ് സംവിധാനത്തിന് തന്നെ തികച്ചും അപമാനകരമാണ്. വളരെ സങ്കടത്തോടെയാണ് മലയാളി വിദ്യാർത്ഥികളായ ജോസും സെബാസ്റ്റ്യനും കൃഷ്ണ ദേവും തങ്ങൾക്ക് ഉണ്ടായ ദുരനുഭവം മലയാളം യുകെയുമായി പങ്കുവെച്ചത്.
ഏപ്രിൽ 30 വെള്ളിയാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. അന്നാണ് ഇവരുടെ താമസസ്ഥലത്തു നിന്നും ഒട്ടേറെ സാധനങ്ങൾ മോഷ്ടിക്കപ്പെട്ടത്. കൃത്യമായി പറഞ്ഞാൽ ജോസിന് നഷ്ടമായത് 2500 പൗണ്ട് വിലയുള്ള ആപ്പിൾ മാക് ബുക്കും 2 ഹാർഡ് ഡിസ്കും ഒരു ബ്ലൂടൂത്ത് സ്പീക്കറും 950 പൗണ്ടും ആണ്. സെബാസ്റ്റ്യൻെറ 900 പൗണ്ടും പാസ്പോർട്ടും എല്ലാ സർട്ടിഫിക്കറ്റുകളും മോഷ്ടാവിന്റെ കൈയ്യിലായി. കൃഷ്ണ ദേവിന് നഷ്ടമായത് തന്റെ ലാപ്ടോപ്പും വാച്ചുമാണ്. മോഷ്ടാവിന്റെ ഫോട്ടോയും വീഡിയോ ദൃശ്യങ്ങളും അടക്കം വ്യക്തമായ സിസിടിവി തെളിവുകളുമായി പരാതിപ്പെട്ടിട്ടും പോലീസിൻറെ ഭാഗത്തുനിന്നുള്ള സമീപനം നിരാശാജനകമായിരുന്നു. പിന്നീടൊരിക്കൽ മോഷ്ടാവിനെ കണ്ടെത്തി പിൻതുടർന്ന് എത്തി അയാൾ ഓടിരക്ഷപ്പെട്ട വീട് കാണിച്ചു കൊടുത്തെങ്കിലും തുടർ നടപടികളുമായി പോലീസ് മുന്നോട്ടു പോയില്ല എന്നതാണ് അത്ഭുതാവഹം. ഫോട്ടോയിലും സിസിടിവി യിലും കണ്ട് പരിചയമുള്ള മോഷ്ടാവിനെ തിരിച്ചറിഞ്ഞ വിദ്യാർത്ഥികൾ തങ്ങളുടെ ലാൻഡ് ലോർഡിന്റെ സഹായം തേടി. വിദ്യാർത്ഥികൾ താമസിക്കുന്ന വീടിന്റെ ഉടമസ്ഥൻ ഫോട്ടോ കാണിച്ച് നീ തന്നെയാണോ എന്ന് ചോദിച്ച അവസരത്തിൽ മോഷ്ടാവ് ഓടി തന്റെ വീടിനുള്ളിൽ കയറി. പോലീസിനെ വിളിച്ചുവരുത്തിയെങ്കിലും പോലീസിന് മറ്റൊരാളുടെ വീടിനുള്ളിൽ കയറാനുള്ള അവകാശം ഇല്ലെന്ന് പറഞ്ഞ് ഒഴിവാകുകയാണ് ഉണ്ടായത് . ഈ വീട് മോഷ്ടാവ് വാടകയ്ക്ക് എടുത്തതാണെന്നും പറയപ്പെടുന്നു . വീടിന്റെ ഉടമസ്ഥനെ കണ്ടെത്തി കാര്യങ്ങൾ ചോദിച്ചെങ്കിലും ആരും അവിടെ താമസം ഇല്ലെന്നാണ് അവകാശപ്പെട്ടത് . പക്ഷേ പിന്നീട് സിസിടിവി തെളിവുകൾക്കായി വീട്ടുടമസ്ഥനെ ബന്ധപ്പെട്ടപ്പോൾ പ്രതികരിക്കാൻ വിസമ്മതിച്ചത് സംശയങ്ങൾ ഉളവാക്കുന്നു. നിങ്ങളുടെ പരാതി ലഭിച്ചു നടപടികൾ സ്വീകരിക്കാം എന്നൊരു ഇമെയിൽ സന്ദേശം മാത്രമാണ് പോലീസിൻെറ ഭാഗത്ത് നിന്ന് ലഭിച്ചത്.
തൃശൂർ സ്വദേശിയായ ജോസ് എം ജെയും വൈക്കം സ്വദേശിയായ കൃഷ്ണദേവും കളിനറി ആർട്സ് മാനേജ്മെന്റിൽ ആണ് ഉപരിപഠനം നടത്തുന്നത്. അങ്കമാലി സ്വദേശിയായ സെബാസ്റ്റ്യൻ എം എ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ആണ് പഠിക്കുന്നത്. സർട്ടിഫിക്കറ്റുകളും പഠനോപകരണങ്ങളും നഷ്ടപ്പെട്ട ഈ വിദ്യാർഥികൾ പങ്കുവെച്ച ഫോട്ടോയും വീഡിയോകളും മലയാളം യുകെ പ്രസിദ്ധീകരിക്കുന്നു. വ്യക്തമായ തെളിവുകളുമായി കള്ളനെ ചൂണ്ടിക്കാണിച്ചിട്ടും പിടിക്കാത്ത പോലീസിൻെറ നടപടി ഒരുപക്ഷേ ലോകത്തിലെ ആദ്യത്തെ സംഭവമായിരിക്കും. ഏപ്രിൽ 30 ലെ സംഭവങ്ങൾ മൂലം മനഃസമാധാനം നഷ്ടപ്പെട്ട അവസ്ഥയിലാണ് യുകെയിലെ ഈ പ്രവാസി മലയാളി വിദ്യാർത്ഥികൾ.
മോഷണശ്രമത്തിന്റെ വീഡിയോ ദൃശ്യം കാണാം.