ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : 13 വയസ്സുള്ള പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ പ്രതി ബ്രിട്ടനിലേക്ക് എത്തിയത് വ്യാജപേരിൽ. ഓസ്ട്രിയയിൽ വച്ചു 13 വയസ് മാത്രം പ്രായമുള്ള ലിയോണിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയാണ് റസൂലി സുബൈദുള്ള. ജൂൺ 26നാണ് മരത്തിൽ തൂങ്ങികിടക്കുന്ന നിലയിൽ ലിയോണിയുടെ മൃതദേഹം കണ്ടെത്തുന്നത്. കൊലപാതകത്തിന് ശേഷം വിയന്നയിൽ നിന്നും രക്ഷപെട്ട റസൂലി വ്യാജനാമം ഉപയോഗിച്ച് അഭയാർഥികളുടെ ബോട്ടിൽ ചാനൽ കടന്നാണ് ബ്രിട്ടനിൽ എത്തിയത്. യഥാർത്ഥ വ്യക്തിത്വം പുറത്തുവരുന്നതുവരെ ഏകദേശം രണ്ടാഴ്ചയോളം ഹോട്ടലിൽ കഴിഞ്ഞിരുന്നു. പിന്നീട് ജൂലൈ 29 ന് ഈസ്റ്റ് ലണ്ടനിലെ വൈറ്റ്ചാപ്പലിലുള്ള ഐബിസ് ഹോട്ടലിൽ വച്ച് നാഷണൽ എക്സ്ട്രാഡിഷൻ യൂണിറ്റിലെ ഉദ്യോഗസ്ഥർ സുബൈദുള്ളയെ അറസ്റ്റ് ചെയ്തു. കൈമാറ്റം ചെയ്യാനുള്ള നടപടികൾ നടന്നുവരികയാണ്. ഈ സംഭവത്തോടെ താലിബാൻ നിയന്ത്രിത അഫ്ഗാനിസ്ഥാനിൽ നിന്ന് യുകെയിലേക്ക് എത്തുന്ന അഭയാർത്ഥികളിൽ പരിശോധന ഉറപ്പുവരുത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

വർഷാരംഭം മുതൽ 14,000 ത്തിലധികം പേരാണ് ചാനൽ മുറിച്ചുകടന്ന് യുകെയിൽ എത്തിയത്. സുബൈദുള്ള ജൂലൈ 18 ന് രാജ്യത്ത് പ്രവേശിച്ചപ്പോൾ കെന്റിലെ ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് തെറ്റായ പേരും മറ്റ് വ്യാജ വിവരങ്ങളുമാണ് നൽകിയത്. ഇൻസ്റ്റാഗ്രാം വഴി പരിചയപെട്ട പെൺകുട്ടിയെ അപ്പാർട്ട്മെന്റിലേക്ക് വിളിച്ചു വരുത്തിയാണ് സുബൈദുള്ളയും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചത്. തുടർന്ന് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. കൊലയാളികൾ ലിയോണിയുടെ മൃതദേഹം പരവതാനിയിൽ പൊതിഞ്ഞു അപ്പാർട്ട്മെന്റിൽ നിന്ന് 100 മീറ്റർ അകലേക്ക് എറിഞ്ഞതായി പോലീസ് പറയുന്നു.

സെപ്റ്റംബർ 3 ന്, സൗത്ത് വെസ്റ്റ് ലണ്ടനിലെ വാണ്ട്സ്വർത്ത് ജയിലിൽ നിന്ന് വീഡിയോ ലിങ്ക് വഴി വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ സുബൈദുള്ള ഹാജരായി. രാജ്യത്തേക്ക് വരുന്ന അഫ്ഗാൻ അഭയാർത്ഥികളുടെ യഥാർത്ഥ വ്യക്തിത്വം (ഐഡന്റിറ്റി ) പരിശോധിക്കുന്നതിനെക്കുറിച്ച് ഈ കേസ് ആശങ്ക ഉയർത്തി. ഹീത്രോയിലേക്ക് പറക്കുന്ന ചില കുടിയേറ്റക്കാർക്ക് ഐഡി ഇല്ലെന്നും തെറ്റായ പേപ്പറുകൾ നൽകിയിട്ടുണ്ടെന്നും അതിർത്തി സേന ഉദ്യോഗസ്ഥർ സമ്മതിച്ചു. അഫ്ഗാനിസ്ഥാനിൽ നിന്ന് ഇവിടേക്ക് വരാൻ ആഗ്രഹിക്കുന്ന കുറ്റവാളികളും ഭീകരവാദികളും പഴുതുകൾ കണ്ടെത്തി ഉപയോഗപ്പെടുത്തുകയാണെന്ന് തിങ്ക് ടാങ്ക് മൈഗ്രേഷൻ വാച്ച് യുകെയിലെ ആൽപ് മെഹ് മെറ്റ് പറഞ്ഞു. എന്നാൽ കേസിൽ പ്രതികരിക്കാനില്ലെന്ന് ഹോം ഓഫീസ് വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലോകത്തിനാകെ മാതൃകയും ബ്രിട്ടീഷുകാരുടെ സ്വകാര്യ അഹങ്കാരവുമാണ് എൻഎച്ച്എസ് . എന്നാൽ രാജ്യത്തെ 5 -ൽ ഒരാൾ എൻഎച്ച്എസിനെ ഒഴിവാക്കി സ്വകാര്യ ചികത്സയ്ക്ക് പോകാൻ നിർബന്ധിതമായിരിക്കുന്നതായുള്ള റിപ്പോർട്ടുകൾ ആണ് പുറത്ത് വന്നിരിക്കുന്നത്. യുകെയിലെ 4000 -ത്തിലധികം മുതിർന്നവരിൽ നടത്തിയ സർവേയിലാണ് പുതിയ കണ്ടെത്തൽ. എൻഎച്ച്എസ് ജീവനക്കാർ അമിതമായി തങ്ങളുടെ സന്ദർശന സമയം താമസിപ്പിക്കുന്നതായി സർവേയിൽ പങ്കെടുത്ത 85 ശതമാനം പേരും അഭിപ്രായപ്പെട്ടു.
ആധുനിക വൈദ്യശാസ്ത്രരംഗത്ത് യുകെയിലെ നാഷണൽ ഹെൽത്ത് സർവീസ് പോലെ മറ്റൊന്ന് കാണാനാവില്ല. ആരോഗ്യസംരക്ഷണം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെങ്കിലും, ബ്രിട്ടനിലെ ജനതയുടെ ആരോഗ്യസംരക്ഷണത്തിൽ വ്യക്തികളേക്കാൾ കൂടുതൽ ഉത്തരവാദിത്വവും, താൽപര്യവും കാണിക്കുന്നത് എൻഎച്ച്എസ് ആണ്. ഇതിനു പുറമേ യുകെയിൽ കുടിയേറിയ മലയാളികളിൽ ബഹുഭൂരിപക്ഷത്തിന്റെയും ഉപജീവനമാർഗ്ഗം കൂടിയാണ് എൻഎച്ച്എസ്. ലോകത്തിനാകെ മാതൃകയായ എൻഎച്ച്എസിന് ബ്രിട്ടീഷ് സമൂഹത്തിലുള്ള സ്വാധീനം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.
യുകെയിൽ താമസിക്കുന്ന ഓരോ മലയാളിയും എൻഎച്ച്എസിൻ്റെ ഏറ്റവും വലിയ പ്രയോക്താക്കളാണ്. തങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ നമ്മളേക്കാൾ കൂടുതൽ കരുതൽ എൻഎച്ച്എസ് എടുക്കുന്നു എന്നതാണ് പ്രഥമ കാരണം. അതിലുപരിയായി നമ്മളിൽ ഭൂരിഭാഗം പേരുടെയും അന്നമാണ് എൻഎച്ച്എസ്. ബ്രിട്ടൺ എന്ന വികസിത രാജ്യത്തേയ്ക്ക് കുടിയേറാൻ മലയാളിയെ സഹായിച്ചത് എൻഎച്ച്എസ് ആണ്.
12 മണിക്കൂറിലേറെ പിപിഇ കിറ്റ് ധരിച്ച് ജോലിചെയ്യുന്ന എൻഎച്ച്എസ് സ്റ്റാഫിനോടുള്ള ആദരസൂചകമായി മലയാളികളായ ഷിബു മാത്യുവും ജോജി തോമസും ബ്രിട്ടീഷ് ചരിത്രത്തിൻറെ ഭാഗമായ ലിവർപൂൾ ലീഡ്സ് കനാൽ തീരത്തു കൂടി സ്കിപ്ടൺ മുതൽ ലീഡ്സ് വരെയുള്ള 31 മൈൽ ആഗസ്റ്റ് 14 -ൽ നടന്നത് വൻ വാർത്ത പ്രാധാന്യം നേടിയിരുന്നു . എൻ എച്ച് എസിനായി 2000 പൗണ്ട് ലക്ഷ്യം വെച്ച് ആരംഭിച്ച ധനശേഖരണം 5000-ത്തിലധികം പൗണ്ടാണ് ലഭിച്ചത് . വായനക്കാരുടെ എണ്ണത്തിൽ യൂറോപ്പിൽ മുൻനിരയിലുള്ള മലയാളം യുകെ ന്യൂസായിരുന്നു സ്പോൺസേർഡ് കനാൽ വാക്കിൻ്റെ മീഡിയാ പാട്ണർ
ഷിബു മാത്യൂ
കുറവിലങ്ങാട് പള്ളിയിലെ എട്ട് നോമ്പ് തിരുന്നാളില്‍ രൂപതാധ്യക്ഷന്‍ അഭി. മാര്‍ ജോസഫ് കല്ലറയ്ങ്ങാട്ട് നടത്തിയ വചന സന്ദേശം വിവാദമായപ്പോള്‍ പിതാവിന് പിന്‍ന്തുണയറിയ്ച്ച് കത്തോലിക്കാ യുവജന സംഘടനകള്‍ രംഗത്ത്. ഞായറാഴ്ച്ച രാവിലെ സീറോ മലബാര്‍ സഭയുടെ യുവജന സംഘടനകളായ SMYM, KCYM എന്നിവയുടെ നേതൃത്വത്തില്‍ പാലാ ടൗണില്‍ പൊതുസമ്മേളനവും പ്രകടനവും നടത്തി. പാലാ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി രൂപതകളില്‍ നിന്നുമായി നൂറ് കണക്കിന് യുവജനങ്ങളാണ് പൊതുസമ്മേളനത്തിലും പ്രകടനത്തിലും പങ്കെടുത്തത്.
കത്തോലിക്കാ സഭയുടെ യുവജന സംഘടനകളുടെ ഗ്ലോബല്‍ ഡയറക്ടര്‍ റവ. ഫാ. ജേക്കബ് ചക്കാത്ര മുഖ്യ പ്രഭാഷണം നടത്തി. ശക്തമായ ഭാഷയിലാണ് ഫാ. ചക്കാത്ര വിവാദങ്ങളോട് പ്രതികരിച്ചത്. തികച്ചും വ്യക്തിപരമായി തന്റെ ജനത്തോട് കാലഘട്ടത്തിന്റെ ഭീകരതയ്ക്കു മുമ്പില്‍ വേണ്ട മുന്‍കരുതലുകളെടുക്കണമെന്ന് ആ ജനത്തിന്റെ ആത്മീയ പിതാവ് ഓര്‍മ്മിപ്പിച്ചപ്പോള്‍ ആര്‍ക്കാണ് ഇത്ര വേദനിച്ചത്.?? നൂറ് കണക്കിന് തെളിവുകള്‍ നിരത്തിയല്ലേ പിതാവ് സംസാരിച്ചത്. സഭയുടെ മക്കളെ ഇല്ലായ്മ ചെയ്യുവാന്‍ മുന്നിട്ടിറങ്ങിയ വര്‍ഗ്ഗീയ ശക്തികള്‍, സാമുദായിക ശക്തികള്‍, രാഷ്ട്രീയശക്തികള്‍ അവര്‍ അവരുടെ നിലപാടെടുക്കുമ്പോള്‍ കൈയ്യും കെട്ടി നോക്കി നില്ക്കാന്‍ ഇനി കത്തോലിക്കാ സഭയ്ക്ക് പറ്റില്ല. ആ സത്യം ഉറക്കെ പ്രഖ്യാപിക്കുകയാണ്. ഞങ്ങളുടെ വിശ്വാസം സംരക്ഷിക്കുവാനും
തലമുറയെ വളര്‍ത്തുവാനുമുള്ള ഉത്തരവാദിത്വം ഞങ്ങളുടെ പിതാക്കന്മാര്‍ക്കും വൈദീകര്‍ക്കും സന്യസ്തര്‍ക്കും മാതാപിതാക്കള്‍ക്കുമുണ്ട്. ആരും ആശങ്കപ്പെടേണ്ടതില്ല. ശക്തമായ രീതിയില്‍ പ്രതികരികരിക്കാന്‍ ഞങ്ങള്‍ക്കുമറിയാം. പിതാവ് കുറച്ച് കൂടി വിവേകത്തോടെ സംസാരിക്കണമെന്ന് ചില രാഷ്ട്രീയ നേതാക്കള്‍ പറഞ്ഞു. വിവേകമുള്ള രാഷ്ട്രീയക്കാര്‍ എത്രയുണ്ട്??? ഫാ. ചക്കാത്ര ചോദിച്ചു. വിവേകത്തിന്റെ ഭാഷ ക്രിസ്ത്യാനികളെ പഠിപ്പിക്കേണ്ട. ഞങ്ങളുടെ ഭാഷ മയക്കുമരുന്നിന്റെ ഭാഷയല്ല. ക്രൈസ്തവന്റെ ഭാഷ ഹൃദയത്തിന്റെ ഭാഷയാണ്. ഫാ. ചക്കാത്ര കൂട്ടിച്ചേര്‍ത്തു.
പ്രസ്തുത സമ്മേളനം പാലാ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ആന്റോ പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ്, KCYM സംസ്ഥാന ജനറല്‍ സെക്രട്ടറി ഷിജോ മാത്യൂ ഉടയാടി, പാലാ രൂപത SMYM ഡയറക്ടര്‍ പൈയിലച്ചന്‍, കാഞ്ഞിരപ്പള്ളി SMYM ഡയറക്ടര്‍ കൊച്ചുപുരയ്ക്കലച്ചന്‍, പാലാ കാഞ്ഞിരപ്പിള്ളി ചങ്ങനാശ്ശേരി രൂപതയിലെ SMYM പ്രസ്ഥാനത്തിന്റെ പ്രസിഡന്റ്മാരായ സാം സണ്ണി, ജോബിന്‍, ആദര്‍ശ്, പാസ്റ്റര്‍ സെക്രട്ടി സിജു സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു. സഭാ നേതൃത്വത്തിന്റെ ചിന്തകള്‍ക്ക് സഭയുടെ യുവജന സംഘടനകള്‍ സപ്പോര്‍ട്ട് കൊടുക്കുന്നു എന്നത് സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയ്ക്ക് ശക്തിയേറുന്നു എന്നതിന് തെളിവാണ്.
ഫാ. ജേക്കബ് ചക്കാത്രയുടെ പ്രസംഗം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : വിദേശ യാത്രാ നിയന്ത്രണത്തിനായുള്ള ട്രാഫിക് ലൈറ്റ് സിസ്റ്റം റദ്ദാക്കിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടയിൽ ഡൗണിംഗ് സ്ട്രീറ്റ് ഈയാഴ്ച അവസാനം പുതിയ മാറ്റങ്ങൾ പ്രഖ്യാപിക്കും. റെഡ് ലിസ്റ്റിൽ നിന്ന് ആമ്പറിലേക്കോ ഗ്രീൻ ലിസ്റ്റിലേക്കോ തുർക്കി ഉയർത്തപ്പെടാനുള്ള സാധ്യതയുണ്ട്. വരാനിരിക്കുന്ന അവലോകനത്തിൽ തുർക്കി റെഡ് ലിസ്റ്റിൽ നിന്നും മാറ്റപ്പെട്ടാൽ ഒട്ടേറെ യാത്രികർക്ക് അതാശ്വാസമാവും. റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തുന്ന യാത്രക്കാർ 10 ദിവസത്തേക്ക് ഹോട്ടലിൽ നിർബന്ധിത ക്വാറന്റീൻ പൂർത്തിയാക്കണം. ഇതുമൂലം ഓരോ യാത്രക്കാരനും ഏകദേശം 2,000 പൗണ്ട് ചിലവ് വരും. മാലിദ്വീപും പാകിസ്ഥാനുമാണ് ആമ്പറിലേക്ക് കയറാൻ സാധ്യതയുള്ള മറ്റു രാജ്യങ്ങൾ. വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് ഈ മാസം ആദ്യം പാകിസ്ഥാൻ സന്ദർശിക്കുകയും സാഹചര്യങ്ങൾ വിലയിരുത്തുകയും ചെയ്തിരുന്നു. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ മുന്നിൽകണ്ട് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

ജർമ്മനി, ഓസ്‌ട്രേലിയ, ഐസ്‌ലാൻഡ്, ഹോങ്കോംഗ് എന്നിവയുൾപ്പെടെ 40 ലധികം രാജ്യങ്ങൾ ഗ്രീൻ ലിസ്റ്റിൽ ഉണ്ട്. എന്നാൽ സ്പെയിൻ, ഫ്രാൻസ്, ഇറ്റലി, ഗ്രീസ്, സൈപ്രസ്, പോർച്ചുഗൽ തുടങ്ങിയ പ്രധാന യൂറോപ്യൻ രാജ്യങ്ങളെല്ലാം നിലവിൽ ആമ്പർ ലിസ്റ്റിലാണ്. ട്രാഫിക് ലൈറ്റ് സിസ്റ്റം ഏകദേശം മൂന്നാഴ്ച കൂടുമ്പോൾ സർക്കാർ അവലോകനം ചെയ്യുന്നുണ്ട്. ഓസ്ട്രേലിയ, കാനഡ, ബൾഗേറിയ, ക്രൊയേഷ്യ, ഡെൻമാർക്ക്, ഡൊമിനിക്ക, ഫോക്ലാൻഡ് ദ്വീപുകൾ, ഫിൻലാൻഡ്, ലാത്വിയ, ജറുസലേം, ഇസ്രായേൽ, ജിബ്രാൾട്ടർ, ഗ്രനേഡ, ന്യൂസ്ലൻഡ്, നോർവേ, സിംഗപ്പൂർ, സ്ലോവാക്യ തുടങ്ങിയവയാണ് നിലവിൽ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റു പ്രധാന രാജ്യങ്ങൾ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടന്റെ 44 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട്, യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് ഗ്രാൻസ്ലാം നേടിയിരിക്കുകയാണ് ബ്രിട്ടീഷ് താരം എമ്മ റാഡുക്കാനു. കാനഡയുടെ ലെയ്‌ല ഫെർണാണ്ടസിനെ 6-4, 6-3 എന്നീ സ്കോറുകൾക്ക് തോൽപ്പിച്ചാണ് പതിനെട്ടുകാരിയായ എമ്മ കിരീടം നേടിയത്. ഇതോടൊപ്പംതന്നെ 1977 ൽ വിർജിനിയ വേഡിന് ശേഷം ഗ്രാൻഡ്സ്ലാം നേടുന്ന ആദ്യ ബ്രിട്ടീഷ് വനിതയാണ് എമ്മ. 2004 മരിയ ഷറപ്പോവയ്ക്ക് ശേഷം കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത കൂടിയാണ് എമ്മ. ആദ്യമായി ക്വാളിഫൈ ചെയ്തപ്പെട്ടപ്പോൾ തന്നെ കിരീടത്തിലേക്ക് എത്തിയ ആദ്യ വ്യക്തി കൂടിയാണ് എമ്മ. ലോകറാങ്കിങ്ങിൽ നൂറ്റിയൻമ്പതാം സ്ഥാനത്താണ് നിലവിൽ എമ്മ.

കളിക്കിടയിൽ വച്ച് മുട്ടിന് ചെറിയ പരിക്ക് ഉണ്ടായി എമ്മ ഡോക്ടർമാരുടെ സഹായം തേടിയിരുന്നു. അതിനുശേഷം വീണ്ടും വന്നു മത്സരം തുടർന്ന എമ്മ തന്റെ വിജയത്തിലേക്ക് നടന്നടുക്കുകയായിരുന്നു. തന്നെ ഇത്രയധികം പ്രോത്സാഹിപ്പിച്ച ന്യൂയോർക്കിലെ കാണികളോട് എമ്മ നന്ദി പറഞ്ഞു. എമ്മയുടെ വിജയം ബ്രിട്ടന്റെ അഭിമാനനിമിഷം ആണെന്ന് നിരവധിപ്പേർ പ്രശംസിച്ചു. തന്റെ മാതാപിതാക്കളുടെ പ്രചോദനം എമ്മ മത്സരത്തിനുശേഷം നന്ദിയോടെ ഓർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
രണ്ട് ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് എടുത്തവർ ഇനിമുതൽ ബ്രിട്ടനിലേയ്ക്ക് വരുമ്പോൾ പിസിആർ ടെസ്റ്റ് ആവശ്യമില്ല. പുതിയ തീരുമാനം തകർച്ചയിലായ ട്രാവൽ ഇൻഡസ്ട്രിയ്ക്കും ദശലക്ഷക്കണക്കിന് അവധികാല യാത്രക്കാർക്കും വളരെയധികം സഹായകരമാണെന്ന് വിലയിരുത്തപ്പെടുന്നു . ചിലവേറിയ പിസിആർ ടെസ്റ്റ് ഒഴിവാക്കുന്നത് അവധിക്കാല വിനോദയാത്രയുടെ ബഡ്ജറ്റ് ഗണ്യമായി കുറയ്ക്കാൻ വഴിവയ്ക്കും.

പിസിആർ ടെസ്റ്റ് ഒഴിവാക്കുന്ന തീരുമാനം രണ്ട് ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നവർക്ക് മാത്രമേ ബാധകമാകുകയുള്ളൂവെന്നതിനാൽ കൂടുതൽ ആളുകൾ പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിക്കാൻ മുന്നോട്ടു വരുമെന്ന് വിലയിരുത്തപ്പെടുന്നു . അതോടൊപ്പം ചില പിസിആർ ടെസ്റ്റുകൾ നടത്തുന്ന ലാബുകൾ ജനങ്ങളെ കൊള്ളയടിക്കുന്നു എന്ന ആക്ഷേപം പരിഹാരിക്കാൻ പുതിയ തീരുമാനം കാരണമാകും.

ഇതോടൊപ്പംതന്നെ രാജ്യത്ത് കോവിഡ് സംബന്ധമായി എന്തൊക്കെ മാറ്റങ്ങൾ വേണമെന്നുള്ളതിനെക്കുറിച്ച് ഗവൺമെന്റിൻെറ ഉന്നത തലത്തിൽ കൂടുതൽ ചർച്ചകൾ നടക്കും എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ചാൻസലർ ഋഷി സുനക്, ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ്, ക്യാബിനറ്റ് ഓഫീസ് മിനിസ്റ്റർ മൈക്കൽ ഗോവ് എന്നിവർ ചേർന്നുള്ള കോർ കമ്മിറ്റി ആണ് പുതിയ നയതീരുമാനങ്ങളെ കുറിച്ച് ചർച്ചകൾ നടത്തുക. ഈ ചൊവ്വാഴ്ച കോവിഡ് പ്രതിരോധത്തിനായുള്ള വിന്റർ പ്ലാൻ പ്രധാനമന്ത്രി അവതരിപ്പിക്കും. ഇന്നലെ 29547 പേർക്കാണ് പ്രതിദിന രോഗവ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടത് . 156 കോവിഡ് മരണങ്ങളാണ് രാജ്യത്ത് രേഖപ്പെടുത്തിയത് .
മിനു നെയ്‌സൺ പള്ളിവാതുക്കൽ
ചേരുവകൾ
പഫ് പേസ്ട്രി 1 ഷീറ്റ്
വെണ്ണ-1 ടേബിൾസ്പൂൺ
പഞ്ചസാര -1 ടേബിൾസ്പൂൺ
ടുട്ടിഫ്രുട്ടി -1 ടേബിൾസ്പൂൺ
കറുത്ത ഉണക്കമുന്തിരി-1 ടേബിൾസ്പൂൺ
മുട്ട – 1

ഉണ്ടാക്കുന്ന രീതി
ഓവൻ 180°C യിൽ 10 മിനിറ്റു പ്രീ ഹീറ്റ് ചെയ്യുക
കൗണ്ടർ ടോപ്പിലേക്കു കുറച്ചു മൈദാ പൊടി വിതറുക; അതിലേക്കു പഫ് പേസ്ട്രി ഷീറ്റ് വെക്കുക എന്നിട്ടു വെണ്ണ പുരട്ടുക.
പിന്നീട് ഷീറ്റിലേക്കു പഞ്ചസാര,ടുട്ടിഫ്രുട്ടി, കറുത്ത ഉണക്കമുന്തിരി എന്നിവ വിതറുക .
അതിനുശേഷം ഒരു സ്പൂൺ വെച്ചു പഞ്ചസാര,ടുട്ടിഫ്രുട്ടി, കറുത്ത ഉണക്കമുന്തിരി ഷീറ്റിലേക്കു അമർത്തുക; അല്ലെങ്കിൽ ഷീറ്റ് റോൾ ചെയ്യുമ്പോൾ അത് മാറി പോകും
എന്നിട്ടു പഫ് പേസ്ട്രി ഷീറ്റ്, റോൾ ചെയ്തെടുക്കുക.
അതിനുശേഷം റോൾ ഈക്വൽ പോർഷൻ ആയി മുറിച്ചെടുക്കുക
എന്നിട്ടു ഓരോ പോർഷനും കൈ വെച്ച് അമർത്തി, ബേക്കിംഗ് ട്രേയിലേക്കു മാറ്റുക
അതിനുശേഷം എഗ്ഗ് വാഷ് ചെയ്യാം;എന്നിട്ടു 15-20 മിനിറ്റു ബേക്ക് ചെയ്യാം
നിങ്ങളുടെ മികച്ച രുചികരമായ ബേക്കറി സ്റ്റൈൽ കുട്ടി സ്വീറ്റ്ന തയ്യാറാണ്.

മിനു നെയ്‌സൺ പള്ളിവാതുക്കൽ ,ഓസ്ട്രേലിയ

ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ആറ് മുതൽ എട്ട് ആഴ്ചകൾ മാത്രം ഗർഭിണിയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ച സ്ത്രീ മണിക്കൂറുകൾക്കുശേഷം വീട്ടിലെത്തി കുഞ്ഞിന് ജന്മം നൽകി. ഇരുപതു വയസ്സുകാരിയായ എറിൻ ഹോഗ്ഗ് ആണ് നോർഫോക്കിലെ ദി ക്വീൻ എലിസബത്ത് ആശുപത്രിയിൽ എത്തിയ ശേഷം ഗർഭിണി ആണെന്ന് അറിഞ്ഞത്. അതിനുശേഷം പ്രശ്നങ്ങളൊന്നും ഇല്ല എന്ന് പറഞ്ഞ് ആശുപത്രി അധികൃതർ ഇവരെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു. എന്നാൽ അടുത്ത ദിവസം രാവിലെയോടുകൂടി കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്ന് 999 ആംബുലൻസ് വിളിച്ചുവെങ്കിലും, വീട്ടിൽ വെച്ച് തന്നെ എറിൻ കുഞ്ഞിനു ജന്മം നൽകുകയുമായിരുന്നു.

പിപ്പർ സമ്മർസ് ഗിൽ എന്ന് പേരിട്ട കുഞ്ഞിന് ജനിച്ചപ്പോൾ 6 പൗണ്ട് 7 ഔൺസ് ഭാരം ഉണ്ടായിരുന്നു. പ്രസവിച്ചശേഷം ഉടൻതന്നെ എറിനെ ആശുപത്രിയിലെത്തിച്ച് ആവശ്യമായ രക്തം നൽകി. ഗർഭിണിയാണെന്ന് അറിയാതിരുന്ന എറിന് തന്റെ കുഞ്ഞിന് ജനനം അപ്രതീക്ഷിതമായിരുന്നു. ഗർഭാവസ്ഥയുടെ യാതൊരുവിധ ലക്ഷണങ്ങളും തനിക്ക് ഇല്ലായിരുന്നുവെന്ന് എറിൻ പറഞ്ഞു. ഗർഭ കാലഘട്ടത്തിൽ തന്നെ തനിക്ക് കോവിഡ് ബാധിച്ചിരുന്നതായും, ഇതോടൊപ്പംതന്നെ ആദ്യ ഡോസ് വാക്സിൻ താൻ എടുത്തതായും എറിൻ വ്യക്തമാക്കി. ആശുപത്രിയുടെ ഭാഗത്തു നിന്ന് ഉണ്ടായ വീഴ്ചയ്ക്ക് യുവതിയോട് മാപ്പ് പറഞ്ഞതായി ചീഫ് നേഴ്സ് ആലീസ് വെബ്സ്റ്റർ പറഞ്ഞു. ഇതു സംബന്ധിച്ചു വ്യക്തമായ അന്വേഷണങ്ങൾ നടക്കുകയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ക്രാവെൻ : അഫ് ഗാൻ അഭയാർത്ഥികൾക്ക് താമസസൗകര്യമൊരുക്കി ക്രാവെൻ. ആറു കിടപ്പുമുറി ഉൾപ്പെടുന്ന വീട് നൽകാമെന്ന സ്വകാര്യ ഭൂഉടമയുടെ ഉറപ്പിന്മേലാണ് സ്കിപ്റ്റണിലേക്ക് അഫ്ഗാൻ അഭയാർത്ഥികളുടെ ആദ്യ ഗ്രൂപ്പ് എത്തുന്നത്. രണ്ടോ മൂന്നോ കുടുംബത്തിൽ നിന്ന് 15 പേരെ സ്വീകരിക്കാനാണ് ക്രാവെൻ തയ്യാറാകുന്നത്. അടുത്തയാഴ്ച ക്രാവൻ ഡിസ്ട്രിക്ട് കൗൺസിലിന്റെ പോളിസി കമ്മിറ്റി യോഗത്തിൽ, കൗൺസിലർമാരോട് സർക്കാരിന്റെ അഫ്ഗാൻ സെറ്റിൽമെന്റ് സ്കീമിനെ പിന്തുണയ്ക്കാൻ ആവശ്യപ്പെടും. അഫ്ഗാനിസ്ഥാനിലെ പ്രക്ഷുബ്ദ സാഹചര്യം കണക്കിലെടുത്ത് പ്രത്യേക പദ്ധതിയിലൂടെ ബ്രിട്ടനിൽ പുനരധിവസിപ്പിക്കുന്ന ആളുകളുടെ എണ്ണം 3,000 ത്തിൽ നിന്ന് 10,000 ആയി ഉയർത്താൻ സർക്കാർ തയ്യാറായിട്ടുണ്ട്. നോർത്ത് യോർക്ക് ക്ഷെയറിൽ പുനരധിവസിപ്പിക്കുന്നവരുടെ എണ്ണം 40 ൽ നിന്ന് 100 ആയി ഉയർത്തി.

നോർത്ത് യോർക്ക് ക്ഷയറിൽ ഇതുവരെ സെൽബി, ഹാംബ്ലെട്ടൺ, ഹാരോഗേറ്റ് എന്നിവിടങ്ങളിലായി 42 പേർ അടങ്ങുന്ന എട്ട് കുടുംബങ്ങൾക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. ബ്രിട്ടനിലെത്തിയ അഫ്ഗാൻ കുടുംബങ്ങൾക്ക് നിലവിൽ അനുയോജ്യമായ താമസസൗകര്യം കണ്ടെത്താൻ സർക്കാർ പാടുപെടുമ്പോൾ കൗൺസിലിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം നീക്കം ശുഭസൂചന നൽകുന്നതാണ്. നിരവധി പാർപ്പിടങ്ങൾ, സ്കൂൾ സ്ഥലങ്ങൾ, മികച്ച സേവനങ്ങൾ എന്നിവയുള്ളതിനാൽ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള മികച്ച പ്രദേശമായി സ്കിപ്റ്റൺ പരിഗണിക്കപ്പെടുന്നു.

നോർത്ത് യോർക്ക് ക്ഷയർ കൗണ്ടി കൗൺസിലിന്റെ പങ്കാളിത്തത്തോടെ ആവും പുനരധിവാസ പദ്ധതി മുന്നോട്ട് നീങ്ങുന്നത്. സ്ത്രീകൾ, പെൺകുട്ടികൾ, കുട്ടികൾ, താലിബാന്റെ മനുഷ്യത്വരഹിതമായ പെരുമാറ്റത്തിന് ഇരയായവർ എന്നിവർക്കാണ് പ്രഥമ മുൻഗണന. മറ്റുള്ളവരിൽ ബ്രിട്ടീഷ് സേനയിൽ ജോലി ചെയ്യുന്ന കരാർ ജീവനക്കാർ, ബ്രിട്ടീഷ് സർക്കാർ ഇതര സംഘടനകളിൽ ജോലി ചെയ്യുന്ന അഫ്ഗാൻ പൗരന്മാർ, അഫ്ഗാൻ സർക്കാർ ഉദ്യോഗസ്ഥർ എന്നിവരും ഉൾപ്പെടുന്നു. ആദ്യ വർഷത്തേക്കുള്ള പദ്ധതി സജ്ജീകരിക്കുന്നതിനും നടപ്പാക്കുന്നതിനുമുള്ള എല്ലാ ചെലവുകളും ഹോം ഓഫീസ് നൽകും. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അഭയാർഥികളെ പുനരധിവസിപ്പിക്കാൻ ക്രാവെൻ പ്രതിജ്ഞാബദ്ധമാണെന്ന് കൗൺസിലർ റിച്ചാർഡ് ഫോസ്റ്റർ അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിലെ കോവിഡ് പ്രതിരോധം ഏറ്റവും ഫലപ്രദമായതിൻറെ പ്രധാനകാരണം എൻഎച്ച്എസ് കാര്യക്ഷമമായി പ്രവർത്തിച്ചതായിരുന്നു . എന്നാൽ കോവിഡ് ചികിത്സയ്ക്ക് പ്രാധാന്യം കൊടുത്തതോടെ അടിയന്തിര ചികിത്സാ സഹായം ആവശ്യമുള്ള ഒട്ടേറെ രോഗികൾ എൻ എച്ച്എസിന്റെ വെയിറ്റിംഗ് ലിസ്റ്റിൽ ഉണ്ടെന്ന വാർത്ത പുറത്തുവന്നിരുന്നു . ഇതോടൊപ്പമാണ് ഡോക്ടർമാരുടെ ഷാമം ബ്രിട്ടനിലെ കെയർഹോമുകളിലെ രോഗി പരിചരണത്തെ രൂക്ഷമായി ബാധിക്കും എന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത് . ആവശ്യമുള്ളതിനേക്കാളും 4.5% ഡോക്ടർമാരെ ഈ മേഖലയിൽ ഉള്ളുവെന്ന് റോയൽ കോളേജ് ഓഫ് ജി പി -യിലെ പ്രൊഫസർ മാർട്ടിൻ മാർഷൽ പറഞ്ഞു .

അമിതമായ ജോലിഭാരം രോഗ നിർണയത്തിലും ചികിത്സയിലും പ്രധാന പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു . 2015 -മുതൽ 5 വർഷത്തിനുള്ളിൽ കൂടുതലായി 5000 ഡോക്ടർമാരെ ഈ മേഖലയിൽ നിയമിക്കുമെന്ന് ഗവൺമെന്റ് വാഗ്ദാനം ചെയ്തെങ്കിലും നടപ്പിലായില്ല എന്നത് സ്ഥിതി കൂടുതൽ രൂക്ഷമാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദിനംപ്രതി 11 മുതൽ 12 മണിക്കൂർ വരെ ജോലി ചെയ്യേണ്ടി വരുന്നത് ഡോക്ടർമാരുടെ മേൽ കടുത്ത സമ്മർദ്ദമാണ് സൃഷ്ടിക്കുന്നതെന്ന് പ്രൊഫസർ മാർട്ടിൻ മാർഷൽ പറഞ്ഞു .