ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് മഹാമാരിയുടെ കടന്നാക്രമണത്തിൽ 2020 ൽ യുകെയിലെ സമ്പദ് വ്യവസ്ഥ തകർന്നടിഞ്ഞതിൻെറ നേർകാഴ്ചകൾ പുറത്തുവന്നു. ഓഫീസ് ഓഫ് നാഷണൽ സ്റ്റാറ്റിറ്റിക്സിൻെറ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം യുകെ സമ്പദ് വ്യവസ്ഥയിൽ രേഖപ്പെടുത്തിയ ഇടിവ് 9.9 ശതമാനമാണ്. ഇത് നേരത്തെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ സാമ്പത്തികമാന്ദ്യത്തിൻെറ ഇരട്ടിയോളം വരുമെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിനെ പ്രതിനിധീകരിച്ച് ജോനാഥൻ അത്തോ പറഞ്ഞു. നവംബറിൽ 2.3 ശതമാനമായി വളർച്ചാനിരക്ക് കുറഞ്ഞിരുന്നു. എന്നിരുന്നാലും ചില നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനാൽ ഡിസംബറിൽ അത് 1.2 ശതമാനമായി.
മഹാമാരിയുടെ ഫലമായി ലോകമൊട്ടാകെ എല്ലാ രാജ്യങ്ങളിലും സമ്പദ്‌വ്യവസ്ഥ കനത്ത പ്രതിസന്ധി നേരിടുന്നതായി ചാൻസലർ റിഷി സുനക് പറഞ്ഞു. ഇപ്പോഴത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിരവധി ആളുകളെയും ബിസിനസിനെയും സാരമായി ബാധിക്കുന്നുണ്ടെങ്കിലും ശൈത്യകാലത്ത് സമ്പദ് വ്യവസ്ഥയുടെ പുനസ്ഥാപനത്തിൻറെ ചില നല്ല സൂചനകൾ കാണുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടികാണിച്ചു. കോവിഡ് -19 നിയന്ത്രണങ്ങൾ വസന്തത്തിൻെറ തുടക്കം വരെ നീണ്ടു നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ സമ്പദ് വ്യവസ്ഥയുടെ മാന്ദ്യം ഏതാനും മാസങ്ങൾ കൂടി നീണ്ടു നിൽക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് മഹാമാരി ലോകം മുഴുവൻ സമസ്തമേഖലകളിലും സൃഷ്ടിച്ച പ്രതിസന്ധികൾ വളരെ ഗുരുതരമായിരുന്നു. എന്നാൽ കോവിഡ്-19 മൂലം ഏറ്റവും സങ്കീർണമായ പ്രശ്നങ്ങളെ നേരിട്ട ഒരു മേഖല വിദ്യാഭ്യാസ രംഗമാണെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. വീട്ടിൽ അടച്ചിരുന്ന് ഓൺലൈൻ പഠനത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങളെക്കുറിച്ച് ഒട്ടേറെ പഠനങ്ങൾ പുറത്തു വന്നിരുന്നു. ഇതിൽ യുകെയിലെ വിദ്യാഭ്യാസ മേഖലയിൽ കോവിഡ് ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് നടത്തിയ പഠനം അനുസരിച്ച് മഹാമാരി ഏറ്റവും കൂടുതൽ ഇയർ വൺ വിദ്യാർത്ഥികളുടെ പഠനത്തെ സാരമായി ബാധിച്ചതായുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ഏകദേശം 1.47 ദശലക്ഷം കുട്ടികളെ പരിശീലിപ്പിക്കുന്ന 6,000-ത്തിലധികം പ്രൈമറി സ്കൂളുകളിൽ നിന്നുള്ള അധ്യാപകരുടെ വിലയിരുത്തലുകൾ വിദ്യാഭ്യാസ ഗവേഷകർ പരിശോധിച്ചത്തിൽനിന്നാണ് കണ്ടെത്തലുകൾ. മഹാമാരിയുടെ സമയത്ത് യുകെയിലെ ഏറ്റവും പ്രായംകുറഞ്ഞ വിദ്യാർത്ഥികൾ അവരുടെ പഠനത്തിൽ പിന്നോക്കം പോയതായി പഠനം സൂചിപ്പിക്കുന്നു. പഠന നിലവാരം ഏറ്റവും പ്രതിസന്ധിയിലായ വിഷയങ്ങളിൽ ഗണിതശാസ്ത്രമാണ് മുന്നിൽ. സെപ്റ്റംബറിൽ സ്കൂളുകളിൽ തിരിച്ചെത്തിയതിന് ശേഷവും തങ്ങളുടെ പഠന നിലവാരത്തിൻെറ പൂർവ്വസ്ഥിതിയിലെത്താൻ വളരെയേറെ സമയം വേണ്ടിവന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത് . ദരിദ്ര പശ്ചാത്തലത്തിലുള്ള വിദ്യാർഥികളുടെ നിലവാരം ഒന്നുകൂടി പുറകിലായതിൻെറ തെളിവുകളും പുറത്തു വന്നിട്ടുണ്ട്. മതിയായ സൗകര്യമില്ലാതെ ഓൺലൈൻ പഠനം ബുദ്ധിമുട്ടിലായ കുട്ടികളെ കുറിച്ചുള്ള വാർത്തകൾ നേരത്തെ തന്നെ മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി ബ്രിട്ടണിൽ മരിച്ചു. അതിരമ്പുഴ പുതുപ്പറമ്പിൽ ലാലു ആൻറണിയുടെ ഭാര്യ മോളി (57) ആണ് മരണമടഞ്ഞത്. ലിവർപൂളിലെ വീഗൽ സ്വദേശിയായ മോളി കോട്ടയം തോട്ടയ്ക്കാട് കുഴിച്ചകണ്ടത്തിൽ കുടുംബാംഗമാണ്. മെർലിൻ, മെർവിൻ എന്നിവരാണ് മക്കൾ . കോവിഡ് ബാധിച്ച് ഏതാനും ദിവസങ്ങളായി മോളി ചികിത്സയിലായിരുന്നു.
പരിചയപ്പടുന്ന എല്ലാവരുടെയെല്ലാം മനസിൽ ഇടംപിടിച്ച വ്യക്തിത്വമായിരുന്നു മോളിയുടേത്. ലിതർ ലാൻഡ് ഔർ ലേഡി ക്യൂൻ ഓഫ് പീസ് ഇടവകാംഗമായ മോളി ലിവർപൂളിലെ സിറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയുടെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.
ലിവർപൂൾ മലയാളികൾക്ക് വളരെ പ്രിയപ്പെട്ട ജോസ് കണ്ണങ്കര മരണമടഞ്ഞതിന് തുടർന്നുള്ള ദുഃഖം മാറുന്നതിനു മുൻപാണ് മലയാളി കമ്മ്യൂണിറ്റിയിൽ വളരെയധികം സ്വാധീനം ചെലുത്തിയിരുന്ന മോളി ആൻറണിയുടെ വിയോഗം സൃഷ്ടിച്ച വേർപാട്.
മോളി ആൻറണിയുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
എൻഎച്ച്എസിന്റെ സമഗ്രമായ പരിഷ്കരണത്തിനൊരുങ്ങുകയാണ് ബ്രിട്ടൻ . മഹാമാരി പൊട്ടിപുറപ്പെട്ടതിനുശേഷം ഏറ്റവും കൂടുതൽ സമ്മർദ്ദങ്ങളെ നേരിട്ടത് എൻഎച്ച്എസ് ആയിരുന്നു. കോവിഡ് രോഗികളിലേക്ക് ശ്രദ്ധ ഊന്നിയപ്പോൾ മറ്റു പല രോഗങ്ങളാലും വലയുന്നവരെ വേണ്ടത്ര ശ്രദ്ധിക്കാൻ പറ്റിയില്ല എന്ന പരാതി പരക്കെ ഉയർന്നിരുന്നു. രോഗികളായി ആശുപത്രിയിൽ എത്തുന്നവർക്ക് ആവശ്യമായ ചികിത്സാ ഉറപ്പാക്കുന്നതിനൊപ്പം പൊതുജനാരോഗ്യത്തെ മുൻനിർത്തിയുള്ള പ്രവർത്തനങ്ങളിലേയ്ക്കും എൻഎച്ച് എസ് ശ്രദ്ധ കേന്ദ്രീകരിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്.
സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങളെ നേരിടുന്നവരെയും വാർദ്ധക്യസഹജമായ വിഷമങ്ങൾ ഉള്ളവരെയും സഹായിക്കാൻ എൻഎച്ച്എസിലെ മാറ്റങ്ങൾ സഹായകരമാകുമെന്ന് ഹെൽത്ത് സെക്രട്ടറി പറഞ്ഞു . പഴയതിൽ നിന്ന് വ്യത്യസ്തമായി ജീവിതശൈലി രോഗങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന് പുറത്തു വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നു.
ഗുരുതരമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളിൽ മൂന്നിൽ ഒരാൾക്ക് പ്രമേഹം, അമിത വണ്ണം അല്ലെങ്കിൽ ആസ്മാ പോലുള്ള അഞ്ചോ അതിലധികമോ ആരോഗ്യപ്രശ്നങ്ങളെ നേരിടുന്നവരാണ് . എന്നാൽ ഒരു ദശകം മുമ്പ് ഇത് പത്തിൽ ഒരാൾക്ക് മാത്രമായിരുന്നു. ചികിത്സയോട് അനുബന്ധിച്ചുള്ള പല നിയമങ്ങളും കാലോചിതമായി പരിഷ്കരിക്കേണ്ടതുണ്ടെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ അഭിപ്രായങ്ങളും പുതിയ മാറ്റങ്ങൾക്ക് ഹേതുവായിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : പതിനായിരക്കണക്കിന് ആളുകൾക്ക് അവരുടെ അക്കൗണ്ട് ദാതാവ് പണം നൽകാനുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഉപഭോക്തൃ വിദഗ്ധൻ മാർട്ടിൻ ലൂയിസ്. ഐടിവി മണി ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്കുകളും ബിൽഡിംഗ് സൊസൈറ്റികളും ആയിരക്കണക്കിന് പൗണ്ട് വിലവരുന്ന ആളുകളുടെ പണത്തിലാണ് നിലകൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാക്കേജ് ഡ് ബാങ്ക് അക്കൗണ്ടുകളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. യാത്ര അല്ലെങ്കിൽ ഹോം ഇൻഷുറൻസ് പോലുള്ള അധിക ആനുകൂല്യങ്ങളിലേക്കുള്ള ആക്‌സസ്സിനായി പ്രതിമാസ ഫീസ് ഉൾപ്പെടുന്നു. എന്നിരുന്നാലും, ഈ അക്കൗണ്ടുകൾ വ്യവസ്ഥാപിതമായി തെറ്റായി വിറ്റു എന്നതിന് ധാരാളം തെളിവുകൾ ഉണ്ട്. “പാക്കേജ് ഡ് ബാങ്ക് അക്കൗണ്ടുകൾ വഴി ആയിരക്കണക്കിന് ആളുകൾക്ക് പണം കുടിശികയുണ്ട്, അവ തെറ്റായി വിറ്റു,” മാർട്ടിൻ ചൂണ്ടിക്കാട്ടി. “ഈ അക്കൗണ്ടുകളിലൊന്ന് ആവശ്യമാണെന്ന് നിങ്ങളോട് അടുത്തിടെയോ മുൻകാലങ്ങളിലോ പറഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടേക്കാം.
നിങ്ങൾക്ക് ഒരു പാക്കേജ് ഡ് ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിലോ യാത്ര, മൊബൈൽ അല്ലെങ്കിൽ ബ്രേക്ക്ഡൗൺ കവർ പോലുള്ളവയ്ക്കായി പ്രതിമാസ ഫീസ് അടച്ചെങ്കിലോ നിങ്ങൾക്ക് പണം നൽകേണ്ടിവരും. വിലകുറഞ്ഞ ഇൻഷുറൻസിനായി പലരും ഈ അക്കൗണ്ടുകൾ അംഗീകരിച്ചു, എന്നിട്ടും അവരിൽ പലരും യഥാർത്ഥത്തിൽ ഇൻഷുറൻസ് യോഗ്യത നേടിയിട്ടില്ല. “പ്രായമായവരിലും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരിലും ചിലർ മുന്നറിയിപ്പില്ലാതെ പ്രതിമാസ ഫീസ് വർദ്ധിപ്പിക്കുന്നത് കണ്ടു,” മാർട്ടിൻ പറഞ്ഞു. വാങ്ങുന്ന സമയത്ത് അക്കൗണ്ട് നിങ്ങൾക്ക് അനുയോജ്യമാണെന്ന് ബാങ്ക് പരിശോധിച്ചിരിക്കണമെന്ന് ഫിനാൻഷ്യൽ കണ്ടക്റ്റ് അതോറിറ്റി പറയുന്നു. എന്നിരുന്നാലും, പല കടം കൊടുക്കുന്നവരും ഈ പരിശോധനകൾ നടത്തുന്നതിൽ പരാജയപ്പെട്ടു എന്നതാണ് യാഥാർത്ഥ്യം.
മുന്നറിയിപ്പില്ലാതെ അക്കൗണ്ടിന്റെ വില ഉയർന്നു, യോഗ്യതയില്ലാത്ത ഇൻഷുറൻസ് വിറ്റു, അക്കൗണ്ട് എടുക്കാൻ നിങ്ങളെ നിർബന്ധിതരാക്കി, ചെലവുകളെയും നിബന്ധനകളെയും കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നില്ല തുടങ്ങിയവയാണ് പ്രധാന പ്രശ്നങ്ങൾ. നിങ്ങൾ തെറ്റായി വിറ്റുപോയെങ്കിൽ, നിങ്ങൾ അടച്ച എല്ലാ ഫീസുകളും പലിശയും തിരികെ ലഭിക്കും. ഒരു ബാങ്ക് അക്കൗണ്ട് നിങ്ങൾ തെറ്റായി വിറ്റതായി കരുതുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ക്ലെയിം ഉന്നയിക്കാൻ സാധിക്കും. കടം കൊടുക്കുന്നയാൾ നിങ്ങളുടെ പരാതി നിരസിക്കുകയാണെങ്കിൽ, അത് ഇൻഡിപെൻഡൻന്റ് ഫിനാൻഷ്യൽ ഓംബുഡ് സ് മാൻ സർവീസിലേക്ക് കൊണ്ടുപോകാൻ നിങ്ങൾക്ക് അവകാശമുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- തന്റെ പിതാവിന് അയച്ച കത്ത് പുറത്തുവിട്ട തന്റെ സ്വകാര്യത ലംഘിച്ചു എന്ന് ആരോപിച്ച് മേഗൻ മാർക്കൽ ബ്രിട്ടീഷ് പത്രമായ ‘മെയിൽ ഓൺ സൺഡേക്കെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ മേഗന് അനുകൂലവിധി. 2018 -ൽ തന്റെ വിവാഹത്തിനുശേഷം മേഗൻ പിതാവിന് അയച്ച കത്താണ് അവരുടെ അനുമതിയില്ലാതെ പത്രം പുറത്ത് വിട്ടത്. ഇത് തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ആണെന്ന് മേഗൻ ആരോപിച്ചു. മെയിൽ ഓൺ സൺഡേയുടെയും, മെയിൽ ഓൺലൈനിന്റെയും പബ്ലിഷറായ അസോസിയേറ്റഡ് ന്യൂസ് പേപ്പഴ്സ് ലിമിറ്റഡിന് എതിരെയാണ് മേഗൻ ഹർജി നൽകിയത്. ഹൈക്കോടതി പുറപ്പെടുവിച്ച വിധി മുഴുവൻ വാദങ്ങളും തെളിവുകളും കേൾക്കാതെയാണെന്നും പത്ര വക്താവ് അറിയിച്ചു.
പത്രത്തിൻെറ അധികൃതർ സ്വകാര്യത ലംഘനം നടത്തിയതിന് ശക്തമായ തെളിവുകൾ ഉണ്ടെന്നാണ് ഹൈക്കോടതി കണ്ടെത്തിയത്. തികച്ചും സ്വകാര്യമായ ഒരു കത്ത് ആയിരുന്നു ഇത്. മേഗന്റെ അനുമതിയില്ലാതെ കത്ത് പ്രസിദ്ധപ്പെടുത്തിയതിനെതിരെ ഹൈക്കോടതി ശക്തമായി പ്രതികരിച്ചു.ജസ്റ്റിസ് വാർബിയാണ് വിധി പുറപ്പെടുവിച്ചത്.
എന്നാൽ കത്തിലെ വിവരങ്ങൾ പുറത്തുവിടാൻ മേഗൻ അനുമതി നൽകിയതായും വാർത്തകൾ പുറത്ത് വരുന്നുണ്ട്. ഇത് മനപ്പൂർവം ഉണ്ടാക്കിയ ആരോപണം എന്നാണ് പത്രത്തിൻെറ വക്താക്കൾ അവകാശപ്പെടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ജനിതക മാറ്റം വന്ന കൊറോണ വൈറസ് ലോകത്തിനു തന്നെ ഏറ്റവും വലിയ ഭീഷണിയാകുമെന്ന് യുകെയുടെ ജനറ്റിക് സർവീലൻസ് പ്രോഗ്രാമിൻ്റെ ഡയറക്ടർ മുന്നറിയിപ്പ് നൽകി . ഏകദേശം അമ്പതിലധികം രാജ്യങ്ങിൽ ഇതിനോടകം ജനിതക മാറ്റം വന്ന കൊറോണ വൈറസിനെ കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ പ്രസ്താവന പുറത്തു വന്നത്. ഈ വൈറസ് വകഭേദം യത്ഥാർത്ഥ വൈറസിനേക്കാൾ വേഗതയിൽ പടരുന്നു എന്ന് പഠനങ്ങൾ കാണിക്കുന്നു .
യുകെയിലെ കോവിഡ്- 19 ജീനോ മിക്സിൻെറ ഹെഡ് ആയ പ്രൊഫസർ ശാരോൺ പീക്കോക്കാണ് കൊറോണ വൈറസിൻ്റെ പുതിയ വകഭേദം ലോകത്തെ തന്നെ തകർക്കും എന്ന് പറഞ്ഞത്. ഇതിനോടകം ജനിതകമാറ്റം വന്ന കോവിഡ്- 19 യുകെയിൽ നിരവധി പേർക്കാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്, എന്നാൽ നിലവിലെ വാക്സിൻ ഇതിനെതിരെ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്.
സൗത്ത് ആഫ്രിക്കയിൽ കണ്ടെത്തിയ വകഭേദത്തിലേയ്ക്ക് ഈ വൈറസ് രൂപാന്തരപ്പെടാൻ തുടങ്ങി എന്നതാണ് ആശങ്കയിലേക്ക് നയിക്കുന്നത്. ഈ വകഭേദമാകട്ടെ വാക്സിനുകളിൽ നിന്ന് ലഭിക്കുന്ന പ്രതിരോധ ശേഷിയെ ചെറുക്കാൻ കഴിവുള്ളവയാണ്.
കെൻ്റ് വേരിയന്റ് 2020 സെപ്തംബറിലാണ് രാജ്യത്ത് ആദ്യമായി കണ്ടെത്തിയത്. പിന്നീട് വളരെ പെട്ടെന്ന് തന്നെ ഇത് രാജ്യമാകെ ബാധിക്കുകയായിരുന്നു . കണക്കുകൾപ്രകാരം കോവിഡ് 19 വൈറസ് ബാധയെക്കാൾ ഏകദേശം 70 ശതമാനം വേഗതയിൽ ഈ വൈറസ് വേരിയന്റിന് പകരാൻ സാധിക്കും . വൈറസ് വേരിയന്റിൻെറ പകരാനുള്ള ഈ കഴിവ് വരുംവർഷങ്ങളിൽ ശാസ്ത്രജ്ഞർ നേരിടുന്ന വലിയൊരു വെല്ലുവിളിയാണെന്നും പ്രൊഫസർ ശാരോൺ പീക്കോക്ക് കൂട്ടിച്ചേർത്തു
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലക്ഷക്കണക്കിന് ബ്രിട്ടീഷുകാരാണ് അവധി ആഘോഷങ്ങൾക്കായി ലോകമെമ്പാടുമുള്ള വിനോദസഞ്ചാര സ്ഥലങ്ങളിൽ ബുക്ക് ചെയ്തിരുന്നത്. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ എല്ലാം തകിടംമറിക്കും എന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഇപ്പോൾ വേനൽക്കാല അവധി ആഘോഷങ്ങൾക്കായി പദ്ധതി തയ്യാറാക്കരുതെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സിൻെറ പ്രസ്താവനയാണ് ലക്ഷക്കണക്കിന് ബ്രിട്ടീഷുകാരുടെ അവധിക്കാല സ്വപ്നങ്ങളിൽ കരിനിഴൽ വീഴ്ത്തിയത് . തങ്ങളുടെ പദ്ധതികൾ പുനഃക്രമീകരിക്കുകയോ റീഫണ്ടുകൾക്കായി ശ്രമിക്കുകയോ ചെയ്യുക എന്നതാണ് ഇനി പലരുടെയും മുമ്പിലുള്ള പോംവഴി . പക്ഷേ ഇതിനോട് കമ്പനികൾ ഇങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്.
ഈ വർഷം 2.8 ദശലക്ഷം ആളുകൾ അവധി ദിനങ്ങളിൽ യാത്രകൾക്കായി ബുക്ക് ചെയ്തിട്ടുണ്ട്. ആംഗ്ലോ ജർമൻ മൾട്ടിനാഷണൽ ട്രാവൽ ആൻഡ് ടൂറിസം കമ്പനി ആണ് കണക്കുകൾ പുറത്തുവിട്ടത് . ഇവരിൽ പകുതിയിൽ അധികവും ബ്രിട്ടീഷുകാരാണ്. ലോക്ക്ഡൗണിനെ തുടർന്നുള്ള നിയന്ത്രണങ്ങൾ അവസാനിക്കാത്ത സാഹചര്യത്തിൽ ഏപ്രിൽ 14 വരെയുള്ള എല്ലാ ഫ്ലൈറ്റുകളും ജെറ്റ് 2 ഇന്നലെ റദ്ദാക്കിയിരുന്നു. യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാവർക്കും മുഴുവൻ തുകയും തിരിച്ചു നൽകുമെന്നും ജെറ്റ്2 അറിയിച്ചു. പല യാത്രകളും കഴിഞ്ഞ വർഷം കൊറോണ പൊട്ടിപ്പുറപ്പെട്ടതിന് തുടർന്ന് പുനർക്രമീകരിക്കപ്പെട്ടതോ അതുമല്ലെങ്കിൽ ഈസ്റ്ററോടെ ജീവിതം സാധാരണനിലയിലേയ്ക്ക് എത്തിയേക്കുമെന്ന മന്ത്രിമാരുടെ പ്രസ്താവനയെ തുടർന്ന് ബുക്ക് ചെയ്‌തതുമാണ് .
ന്യൂസ് ഡെസ്ക് മലയാളം യുകെ
‘ ക്ഷമിക്കണം പൊന്നേ, ഞാൻ നിന്റെ ഭക്ഷണം കഴിച്ചു തീർത്തു ‘ ബർഗറും ചിപ് സും ഓർഡർ ചെയ്ത് കാത്തിരുന്ന 21 കാരിക്ക് യൂബർ ഈറ്റ്സ് ഡ്രൈവർ നൽകിയ സന്ദേശമാണിത്. ഇല്ലി ഇല്ലിയാസ് 14.71 പൗണ്ടിന് രണ്ട് ബർഗറും ചിപ്സും ചിക്കൻ റാപ്പുമാണ് ഓർഡർ ചെയ്തത്. ശനിയാഴ്ച യൂബർ ഈറ്റ്സ് ആപ്പ് ഉപയോഗിച്ച് ഭക്ഷണം ഓർഡർ ചെയ്ത് കാത്തിരുന്ന പെൺകുട്ടിക്ക് , ആദ്യം ഭക്ഷണം എത്തി കൊണ്ടിരിക്കുകയാണെന്നും, പിന്നീട് ഡ്രൈവർ തൊട്ടടുത്തുണ്ട് എന്നും നോട്ടിഫിക്കേഷൻ വന്നിരുന്നു. ഭക്ഷണം കയ്യിൽ എത്തുന്നതിന് പകരം ഡെലിവറി ഡ്രൈവർ കഴിച്ചു തീർത്തു എന്ന സന്ദേശമാണ് ഫോണിൽ എത്തിയത്. ഒരിക്കൽ കൂടി ആപ്പ് തുറന്നപ്പോൾ ഭക്ഷണം ഡെലിവറി ചെയ്തിട്ടുണ്ടെന്നും ഡ്രൈവർക്ക് മികച്ച റേറ്റിംഗ് നൽകണമെന്നും സന്ദേശം കണ്ടു. യൂബർ ഈറ്റ്സുമായി ബന്ധപ്പെട്ടപ്പോൾ സൗജന്യമായി ഒരിക്കൽ കൂടി ഭക്ഷണം ഓർഡർ ചെയ്യാൻ കഴിഞ്ഞു.
പെൺകുട്ടി ഡ്രൈവറെ കുറ്റം പറയാൻ തയ്യാറല്ലായിരുന്നു.” ചിലപ്പോൾ അദ്ദേഹത്തിന് ഒരുപാട് വിശന്നിട്ടുണ്ടാവാം. ഈ മഹാമാരിക്കിടയിൽ ഒരു പാവം മനുഷ്യന് ജോലി നഷ്ടപ്പെടുത്താൻ മാത്രം മണ്ടത്തരം എനിക്കില്ല. എനിക്ക് ഇതൊരു തമാശ ആയിട്ടാണ് തോന്നുന്നത്, എന്റെ ഭക്ഷണം അദ്ദേഹം കഴിച്ചു എന്നെങ്കിലും പറഞ്ഞല്ലോ. ഒടുവിൽ എനിക്ക് ഓർഡർ ചെയ്ത ഭക്ഷണവും കിട്ടി. അതിൽ എനിക്ക് ഒരു പ്രശ്നവുമില്ല.” എന്നാണ് അവൾ പ്രതികരിച്ചത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ചൈന :- മുട്ട ദിവസേന കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നും, മരണ സാധ്യത വർദ്ധിപ്പിക്കുന്നു എന്നും കണ്ടെത്തിയിരിക്കുകയാണ് ചൈനീസ് റിസർച്ച്. ദിവസേന പകുതി മുട്ട കഴിക്കുന്നത് ഒരാളുടെ മരണസാധ്യത 7 ശതമാനത്തോളം ആക്കുന്നതാണെന്നാണ് ചൈനീസ് റിസർച്ചേസ് കണ്ടെത്തിയിരിക്കുന്നത്. മുട്ടയിൽ വൻതോതിലുള്ള ഫാറ്റിന്റെയും കൊളസ്ട്രോളിന്റെയും അളവുകൾ ആണ് ആരോഗ്യത്തിന് ഹാനികരമായത്. മുട്ടയുടെ വെള്ളക്കരു മാത്രം കഴിക്കുന്നത് കുറച്ചധികം അപകടം ഒഴിവാക്കുവാൻ സഹായിക്കും. എന്നാൽ മുട്ട പൂർണമായി ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഈ പഠനം തെളിയിക്കുന്നു.
മുട്ടയ്ക്ക് പകരം നട് സും, പയറുവർഗങ്ങളും മറ്റും കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നാണ് പഠനം തെളിയിക്കുന്നത്. മുട്ട സ്ഥിരം കഴിക്കുന്നത് ശരീരത്തിൽ കൊളസ്ട്രോൾ ലെവൽ കൂടുന്നതിനും, അതിലൂടെ പലതരത്തിലുള്ള രോഗങ്ങൾക്കും കാരണമാകുന്നു. ആർട്ടറികളിലും മറ്റു ഫാറ്റ് അടിഞ്ഞുകൂടി സ്ട്രോക്കിനും, ഹൃദയാഘാതത്തിനും എല്ലാം കാരണമാകുന്നു. മുട്ട ഫ്രൈ ചെയ്ത് കഴിക്കുന്നത് അപകടസാധ്യത വീണ്ടും കൂട്ടുന്നതായി ശാസ്ത്രജ്ഞർ പറയുന്നു.
എന്നാൽ മുട്ട മാത്രമല്ല സ്ട്രോക്കിനും മറ്റും കാരണമാകുന്നതെന്ന് ഗ്ലാസ്സ്‌ഗോ യൂണിവേഴ്സിറ്റിയിലെ മറ്റൊരു ശാസ്ത്രജ്ഞയായ ഡോക്ടർ ആഡാ ഗാർഷ്യ പറഞ്ഞു. അമിതമായ മദ്യത്തിന്റെ ഉപയോഗവും, പുകവലിയും, വ്യായാമമില്ലായ്മയും എല്ലാം ഇതിന് കാരണമാകും എന്ന് അവർ പറഞ്ഞു.