ന്യൂസ് ഡെസ്ക് മലയാളം യുകെ
ലോകം മുഴുവൻ ലോക് ഡൗണിലായപ്പോൾ അനതിസാധാരണമായൊരു മാറ്റം ലോകജനതയ്ക്കുണ്ടായി. ഭൂരിപക്ഷം പേരും ഉറക്കത്തിൽ ദുഃസ്വപ്നങ്ങൾ കണ്ടു ഞെട്ടിയുണരാൻ തുടങ്ങി. പ്രത്യേകിച്ചും ലോക്ക്ഡൗൺ നടപടികൾ വളരെ കർശനമായ രാജ്യത്തു നിന്നുള്ളവർ. പഠനത്തിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷം ഡോക്ടർമാരും നേഴ്‌സുമാരും ഇത്തരത്തിൽ ദുഃസ്വപ്നത്തിലൂടെ കടന്നു പോകുന്നവരായിരുന്നു.
യുദ്ധകാലഘട്ടങ്ങളിലേതിനു സമാനമായ രീതിയിൽ കോവിഡ് മുൻനിര പ്രവർത്തകരെയും സ്ത്രീകളെയും യുവജനങ്ങളെയും ദുഃസ്വപ്നങ്ങൾ അലട്ടാറുണ്ടായിരുന്നെന്ന് കാനഡയിലെ മക്മാസ്റ്റർ യൂണിവേഴ്സിറ്റിയിലെ പിഎച്ച്ഡി വിദ്യാർത്ഥി റേച്ചൽ ഹോ പറയുന്നു.
സ്ഥിരമായി സ്‌ട്രെസ് അനുഭവിക്കുന്ന വ്യക്തികളാണ് കൂടുതലായും ദുഃസ്വപ്നങ്ങൾ കാണാറുള്ളത്. പഠനത്തിൽ പങ്കെടുത്തവരിൽ കുട്ടികൾ ഉൾപ്പെടെ പകുതിയിലധികം പേരും ആഴ്ചയിൽ നാലു ദിവസമെങ്കിലും ദുഃസ്വപ്നം കാണുന്നവരാണ് എന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.
ദുഃസ്വപ്നങ്ങൾ മാനസികാരോഗ്യം സംരക്ഷിക്കുന്നതിൽ നിർവഹിക്കുന്ന പങ്ക് ചെറുതല്ല. മുൻപ് മനസ്സിനെ പരിക്കേൽപ്പിച്ച കാര്യങ്ങളെ പുറത്ത് വിടാൻ തലച്ചോർ സ്വമേധയാ കണ്ടെത്തിയ മാർഗ്ഗമാണിത്. ദുഃസ്വപ്നം കാണുന്നവർക്ക് പിന്നെ ഒരിക്കൽ അത്തരം അനുഭവം നേരിട്ട് ഉണ്ടായാൽ തലച്ചോറിന് ഉണ്ടാകുന്ന ആഘാതം ചെറുതായിരിക്കും എന്ന് പുതിയ പഠനം തെളിയിക്കുന്നു. ഇത്തരം സ്വപ്നങ്ങൾ നമ്മളെ കൊണ്ട് ജീവിതത്തെ നേരിടാൻ പഠിപ്പിക്കുകയാണ്. മാത്രമല്ല പഴയ വേദനിപ്പിക്കുന്ന ഓർമകളെ പുറത്ത് കളഞ്ഞു പുതിയൊരു ദിവസത്തേക്ക് തലച്ചോറിനെ പാകപ്പെടുത്തുന്ന ജോലിയും ഈ വിധം നിർവഹിക്കപ്പെടുന്നു.
എന്നാൽ എക്സ്പോഷർ റീലാക് സേഷൻ തെറാപ്പി എന്ന ചികിത്സയിലൂടെ ശതാബ്ദങ്ങൾ നീണ്ടു നിന്ന ദുഃസ്വപ്നങ്ങൾ ചികിത്സിച്ചു മാറ്റാമെന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്. സമാനമായ രീതിയിൽ ഇമേജറി റിഹേഴ്സൽ തെറാപ്പിയും ഈ വിധത്തിൽ സഹായിക്കുന്നു. മാനസിക ആരോഗ്യ ചികിത്സാ രംഗത്തിന് പുതിയ മാനമാണ് കൈവന്നിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഫിലിപ്പ് രാജകുമാരൻെറ മരണം രാജകുടുംബങ്ങളുടെ ഇടയിലെ പിണക്കങ്ങൾക്ക് അവസാനം കുറിച്ചേക്കാം എന്ന് മുൻ പ്രധാനമന്ത്രി സർ ജോൺ മേജർ അഭിപ്രായപ്പെട്ടു. ഏപ്രിൽ -17ന് നടക്കുന്ന ഫിലിപ്പ് രാജകുമാരൻെറ സംസ്കാരചടങ്ങിനായി ഹാരി രാജകുമാരൻ കൊട്ടാരത്തിലെത്തും. എന്നാൽ ഗർഭിണിയായ മെഗാന് മെഡിക്കൽ നിർദ്ദേശത്തെ തുടർന്ന് ചടങ്ങുകളിൽ എത്തിച്ചേരാൻ സാധിക്കില്ല എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. വില്യമും ഹാരിയുമായുള്ള ബന്ധം മോശമായിരിക്കുന്ന സന്ദർഭത്തിൽ ചടങ്ങുകൾക്കായി ഹാരി എത്തുന്നത് പ്രശ്നങ്ങൾ തീർപ്പാക്കാൻ വഴിയൊരുക്കുമെന്നാണ് സർ ജോൺ മേജർ അഭിപ്രായപ്പെട്ടത്.
സർ ജോൺ മേജർ
ഡയാന രാജകുമാരിയുടെ മരണത്തെ തുടർന്ന് രാജകുമാരന്മാരായ വില്യത്തിൻെറയും ഹാരിയുടെയും രക്ഷാധികാരി സർ ജോൺ മേജർ ആയിരുന്നു. കാന്റർബറി അതിരൂപത അനുസ്മരണ ചടങ്ങിൽ ഡ്യൂക്കിന് ആദരാഞ്ജലി അർപ്പിച്ചപ്പോഴാണ് അദ്ദേഹം ഈ അഭിപ്രായപ്രകടനം നടത്തിയത്. വില്യം ഹാരി രാജകുമാരൻമാർ പങ്കെടുക്കാനിരിക്കുന്ന ഡ്യൂക്കിൻെറ സംസ്കാര ചടങ്ങിന് കാന്റർബറി ആർച്ച്ബിഷപ്പ് ജസ്റ്റിൻ വെൽബി നേതൃത്വം നൽകും.
സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളി ജിമ്മി ജോസഫിന്റെ അവിശ്വസനീയ മരണത്തിന്റെ ആഘാതത്തിൽ നിന്നും ഇപ്പോഴും മോചിതരല്ലാത്ത സ്റ്റോക്ക് മലയാളികൾ തങ്ങളുടെ പ്രിയപ്പെട്ട ജിമ്മിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഒത്തുചേരുന്നു. ഏപ്രിൽ അഞ്ചിനാണ് സ്റ്റോക്ക് ഓൺ ടട്രെന്റിലെ ആദ്യകാല മലയാളികളിൽ ഒരാളായ ജിമ്മി ജോസഫ് മുണ്ടക്കൽ (54) നിര്യാതനായത്.
ഈ വരുന്ന ചൊവ്വാഴ്ച്ച രാവിലെ പതിനൊന്ന് (11.00am, 13/04/2021) മണിക്കാണ് മരണാനന്തര ചടങ്ങുകൾ പള്ളിയിൽ ആരംഭിക്കുക. സ്റ്റോക്ക് ഓൺ ട്രെന്റിലെ സെന്റ് എയ്ഞ്ചൽ ആൻഡ് സെന്റ് പീറ്റർ ഇൻ ചെയിൻ പള്ളിയിൽ വച്ചാണ് ചടങ്ങുകൾ നടക്കുന്നത്. സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ ഇൻചാർജ് ഫാദർ ജോർജ്ജ് എട്ടുപറയിൽ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നു. കോവിഡ് 19 പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ 30 പേർക്ക് മാത്രമാണ് ചടങ്ങിൽ പങ്കെടുക്കാൻ അനുമതി ഉള്ളത്. ഇതനുസരിച്ചു ബന്ധുക്കളുടെയും കൂട്ടുകാരുടെയും വെട്ടിച്ചുരുക്കിയ ലിസ്റ്റ് പ്രകാരമാണ് പ്രസ്‌തുത ചടങ്ങ് നടത്തപ്പെടുക.
സ്വാഭാവികമായും 500 റിൽ അധികം കുടുംബങ്ങൾ ഉള്ള സ്റ്റോക്ക് മലയാളികൾക്ക് അവസാനമായി ഒരു നോക്ക് കാണുവാനുള്ള അവസരം നൽകണമെന്ന ആഗ്രഹമുണ്ടെങ്കിലും കോവിഡ് നിബന്ധനകളിൽ ഇപ്പോൾ അനുവദനീയം അല്ല എന്നതിനാൽ ദയവായി എല്ലാവരും ഇതുമായി സഹകരിക്കണമെന്നും ബന്ധപ്പെട്ടവർ അപേക്ഷിക്കുന്നു.
പള്ളിയിലെ ജിമ്മിച്ചേട്ടന്റെ അനുസ്മരണ ചടങ്ങുകളുടെ ലൈവ് സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്. വി സ്ക്വയർ ടി വി ആണ് സംപ്രേഷണം നടത്തുന്നത്. ശവസംക്കാരം പിന്നീട് പരേതന്റെ ഇടവകയായ പാലാ, പിഴക് പള്ളിയിൽ നടക്കും.
ബുധനാഴ്ച്ച ഭാര്യ ബീജീസ് നാട്ടിലേക്ക് പുറപ്പെടുന്നു. നാട്ടിലെത്തി അവിടുത്തെ നിയമമനുസരിച്ചു ക്വാറന്റൈൻ ഇരിക്കേണ്ടതുണ്ട്. നാട്ടിൽ ബീജീസിന്റെ ക്വാറന്റൈൻ തീരുന്ന സമയത്തിനനുസരിച്ചു യുകെയിലെ ഫ്യൂണറൽ ഡിറക്ടർസ് ജിമ്മിയുടെ ഭൗതീകദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ബീജീസ് നാട്ടിലെത്തി കോവിഡ് പ്രോട്ടോകോൾ തീരുന്നതിനനുസരിച്ചാണ് സംസ്‌കാരം നാട്ടിൽ നടത്തപ്പെടുന്നത്. സംസ്‌കാരം നടക്കുന്ന കൃത്യമായ തിയതി തീരുമാനിച്ചിട്ടില്ല. പാലാ, പിഴക് സ്വദേശിയും മുണ്ടക്കൽ കുടുംബാംഗവുമാണ് പരേതനായ ജിമ്മി ജോസഫ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കഴിഞ്ഞദിവസം അന്തരിച്ച ബ്രിട്ടൺ രാജകുടുംബാംഗം ഫിലിപ്പ് രാജകുമാരന്റെ ശവസംസ്കാര ചടങ്ങുകൾ ഏപ്രിൽ 17 ശനിയാഴ്ച കോവിഡ് മാനദണ്ഡങ്ങളോടുകൂടി നടക്കും. ചടങ്ങുകൾ തത്സമയം ജനങ്ങൾക്ക് കാണുന്നതിനുവേണ്ടി സംപ്രേക്ഷണം ചെയ്യും. അടുത്ത കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഉൾപ്പെടെ മുപ്പതു പേർക്ക് മാത്രമാണ് ചടങ്ങിൽ പങ്കെടുക്കാൻ അനുവാദം. കൊച്ചുമകൻ ആയിരിക്കുന്ന ഹാരി രാജകുമാരനും ചടങ്ങിൽ പങ്കെടുക്കും. കാസ്റ്റിലിൽ നിന്നും സെന്റ് ജോർജ് ചാപ്പലിലേക്ക് പ്രദക്ഷിണം ഉണ്ടായിരിക്കും.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളിൽ ഒരാൾക്ക് കൂടി സ്ഥലം ലഭിക്കാൻ ആണ് ഇത്തരമൊരു തീരുമാനം എന്ന് അദ്ദേഹം പറഞ്ഞു. അടുത്ത മാസം നടക്കാനിരിക്കുന്ന ലോക്കൽ ഇലക്ഷൻ പ്രചാരണം രാജകുമാരന്റെ മരണത്തെ തുടർന്ന് തൽക്കാലം നിർത്തിവെക്കുമെന്ന് കൺസർവേറ്റീവ് പാർട്ടി അറിയിച്ചു. രാജകുമാരന്റെ മരണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.
ഫ്രാൻസിസ് മാർപാപ്പയും രാജകുമാരൻെറ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹം ചെയ്ത സേവനങ്ങൾ വളരെ വലുതാണെന്ന് മാർപാപ്പ ഓർമിപ്പിച്ചു. ജനഹൃദയങ്ങളിൽ എപ്പോഴും ഫിലിപ്പ് രാജകുമാരന് ഒരിടം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മുൻപ് തന്നെ രോഗബാധിതനായിരുന്ന രാജകുമാരൻ ചികിത്സയിലായിരുന്നു. നൂറാം പിറന്നാളിന് രണ്ടുമാസം ബാക്കിനിൽക്കെയാണ് രാജകുമാരന്റെ മരണം. കോവിഡ് മാനദണ്ഡങ്ങൾ മൂലം ജനങ്ങൾക്ക് ചടങ്ങുകളിൽ ഒന്നും തന്നെ പങ്കെടുക്കുവാൻ സാധിക്കുകയില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കഴിഞ്ഞദിവസം അന്തരിച്ച ഫിലിപ്പ് രാജകുമാരന്റെ മരണത്തിൽ തന്റെയും തന്റെ കുടുംബത്തിന്റെയും വേദന രേഖപ്പെടുത്തി മകൻ ആയിരിക്കുന്ന ചാൾസ് രാജകുമാരൻ. വളരെ സ്നേഹനിധിയായ ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് ചാൾസ് രാജകുമാരൻ ഓർമിച്ചു. ഫിലിപ്പ് രാജകുമാരൻ തന്റെ കുടുംബത്തിനും, കുടുംബാംഗങ്ങൾക്കും, സമൂഹത്തിനും, രാജ്യത്തിനും, കോമൺവെൽത്തിനു മൊത്തമായി ചെയ്ത സേവനങ്ങൾ വളരെ നിർണായകമാണെന്ന് ചാൾസ് രാജകുമാരൻ രേഖപ്പെടുത്തി. തന്റെ പിതാവിനെ ഇത്രയധികം ആളുകൾ സ്നേഹിക്കുന്നുണ്ട് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം ഉണ്ടെന്ന് ചാൾസ് രാജകുമാരൻ മാധ്യമങ്ങളോട് പറഞ്ഞു.
മരണക്കിടക്കയിൽ ഫിലിപ്പ് രാജകുമാരൻ തന്റെ മകനായ ചാൾസ് രാജകുമാരന് രാജകുടുംബം മുന്നോട്ടു നയിക്കാനുള്ള ഉപദേശങ്ങൾ നൽകി എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. തുടക്കത്തിൽ ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നെങ്കിലും, അവസാന നാളുകളിൽ ഇരുവരും വളരെ നല്ലൊരു ബന്ധം ആയിരുന്നു ഉണ്ടായിരുന്നത്. ഇരുവരും തമ്മിൽ തുടർച്ചയായ ഫോൺ സംഭാഷണങ്ങൾ ഉണ്ടായിരുന്നതായും, തന്റെ മകന് അവസാനനാളുകളിൽ ആവശ്യമായ എല്ലാ ഉപദേശങ്ങളും ഫിലിപ്പ് രാജകുമാരൻ നൽകിയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നു. തന്റെ പിതാവ് തനിക്ക് വളരെ പ്രത്യേകതയുള്ളവനായിരുന്നു എന്ന് ചാൾസ് രാജകുമാരനും അനുസ്മരിച്ചു. ഇരുവരും തമ്മിലുള്ള ബന്ധത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.
മരണാനന്തര ചടങ്ങുകൾ നടക്കുന്ന ശനിയാഴ്ച മൂന്ന് മണിക്ക് രാജ്യമെമ്പാടും ഒരു മിനിറ്റ് നിശബ്ദത ആചരിക്കും. ഫിലിപ്പ് രാജകുമാരനോടുള്ള ബഹുമാനസൂചകമായാണ് ഇത്. 8 ദിവസം ദുഃഖാചരണവും ഉണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മുതിർന്നവരിൽ കൊറോണാ വൈറസിനെതിരെയുള്ള പ്രതിരോധ കുത്തിവെയ്പ്പ് ലോകമെങ്ങും പുരോഗമിക്കുമ്പോഴും കുട്ടികൾക്കുള്ള വാക്സിനെക്കുറിച്ച് അനിശ്ചിതത്വം തുടരുകയായിരുന്നു. എന്നാൽ 12 മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്കായുള്ള വാക്സിന് യുഎസിൽ ഫൈസർ ബയോടെക് അനുമതി തേടി. അടുത്ത ദിവസങ്ങളിൽ മറ്റു രാജ്യങ്ങളിലും കുട്ടികൾക്കുള്ള വാക്സിൻ വിതരണത്തിനായി അനുമതി തേടുമെന്ന് കമ്പനി അറിയിച്ചു. നിലവിൽ ഫൈസർ വാക്‌സിൻ 16 വയസ്സിനും അതിനുമുകളിലുള്ളവർക്കും നൽകാനുള്ള അനുമതി ആണുള്ളത്.
ആറ് മാസത്തിനും 11 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായുള്ള വാക്സിൻ പരീക്ഷണങ്ങൾ ആരംഭിച്ചതായി യുഎസ് ബയോടെക് കമ്പനിയായ മൊഡേണ നേരത്തെ അറിയിച്ചിരുന്നു. പ്രായമായവരെ അപേക്ഷിച്ച് കുട്ടികളിൽ കോവിഡ് ബാധിച്ച് സങ്കീർണ്ണ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത് . എന്നിരുന്നാലും വൈറസ് വ്യാപിക്കാൻ സാരമായ പങ്കുവഹിക്കുന്നതിനാലാണ് കുട്ടികളിൽ പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നത്. ഇത് രോഗവ്യാപനതോത് കുറയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സുജിത് തോമസ്
പ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസത്തെക്കുറിച്ച് രണ്ട് ഐതിഹ്യ കഥകൾ നിലവിൽ ഉണ്ട്. ആദ്യത്തേത് ഇതാണ്. ഇന്നത്തെ അമ്പലപ്പുഴ പണ്ട് ചെമ്പകശ്ശേരി എന്ന നാട്ടുരാജ്യം ആയിരുന്നു. അവിടുത്തെ രാജാവിന്‍റെ പരദേവത ആയിരുന്നു അമ്പലപ്പുഴ ശ്രീകൃഷ്ണന്‍. ചതുരംഗ ഭ്രാന്തന്‍ ആയിരുന്നു ചെമ്പകശ്ശേരി രാജാവ്. ഒരിക്കല്‍ മത്സരത്തിനായി അദ്ദേഹം ഒരു വെല്ലുവിളി നടത്തി. ആരും അത് ഏറ്റെടുത്തില്ല. അപ്പോൾ ഒരു സാധു മനുഷ്യന്‍ മുന്നോട്ടു വന്ന് ആ വെല്ലുവിളി ഏറ്റെടുത്തു. രാജാവ് കളിയില്‍ തോറ്റാല്‍ അറുപത്തിനാല് കളങ്ങള്‍ ഉള്ള ചതുരംഗ പലകയില്‍ ആദ്യത്തെ കളത്തില്‍ ഒരു നെന്മണി, രണ്ടാമത്തേതില്‍ രണ്ട്, മൂന്നാമത്തേതില്‍ നാല്, നാലാമത്തേതില്‍ എട്ട്, ഇങ്ങനെ ഇരട്ടി ഇരട്ടി നെല്‍മണികള്‍ പന്തയം വച്ചു. കളിയില്‍ രാജാവ് തോറ്റു. രാജ്യത്തുള്ള നെല്ല് മുഴുവന്‍ അളന്നു വച്ചിട്ടും അറുപത്തിനാലാമത്തെ കളം എത്തിയില്ല. അപ്പോള്‍ സാധു മനുഷ്യന്‍റെ രൂപത്തില്‍ വന്ന കൃഷ്ണന്‍ തനി രൂപം കാണിച്ചു. രാജാവ് ക്ഷമ ചോദിക്കുകയും. ദിവസവും പാല്‍പ്പായസം നിവേദിച്ചു കടം വീട്ടാന്‍ ആവശ്യപ്പെട്ടു കൃഷ്ണന്‍ അപ്രത്യക്ഷന്‍ ആകുകയും ചെയ്തു എന്ന് ഒരു കഥ.
ഇനി രണ്ടാമത് മറ്റൊരു കഥ കൂടിയുണ്ട്. ആനപ്രമ്പാൽ എന്ന ദേശക്കാരനായ ഒരു തമിഴ് ബ്രാഹ്മണനില്‍ നിന്ന് രാജാവ് സൈനിക ചിലവിനായി കടം വാങ്ങിയ നെല്ല് പലിശ സഹിതം മുപ്പത്തിആറായിരം പറ ആയി. അത് കൊടുക്കാന്‍ തത്കാലം രാജാവിന്‍റെ കയ്യില്‍ ഉണ്ടായിരുന്നില്ല. ഒരു ദിവസം രാജാവ് ക്ഷേത്ര ദര്‍ശനത്തിനു വന്നപ്പോള്‍ എല്ലാവരുടെയും മുന്നില്‍വച്ച്”എന്‍റെ കടം വീട്ടാതെ തേവരെ കാണരുത് ” എന്ന് ബ്രാഹ്മണന്‍ ശഠിക്കുകയും, രാജാവിന് അമ്പലത്തില്‍ പ്രവേശിക്കാന്‍ കഴിയാതെ വരികയും ചെയ്തു. എന്നാല്‍ ചെമ്പകശ്ശേരി മന്ത്രി പാറയില്‍ മേനോന്‍ കൗശലക്കാരന്‍ ആയിരുന്നു. മുഴുവന്‍ ജനങ്ങളോടും ഉള്ള നെല്ല് കൊണ്ടുവരാന്‍ പറയുകയും, അത് ക്ഷേത്രത്തില്‍ കൂട്ടി ഇടുകയും ചെയ്തു. എന്നിട്ട് ഉച്ച ശീവേലിക്ക് മുന്‍പ് അതെടുത്തു കൊണ്ട് പോകാന്‍ ബ്രാഹ്മണനോട് ആജ്ഞാപിച്ചു. ഒരു ചുമട്ടുകാരും എടുക്കാന്‍ വരരുത്. വന്നാല്‍ തല കാണില്ല എന്ന് രഹസ്യ നിര്‍ദേശവും കൊടുത്തു. ബ്രാഹ്മണന്‍ പലരെയും സമീപിച്ചു. ആരും അടുത്തില്ല. അവസാനം കൊണ്ടുപോകാന്‍ നിവൃത്തി ഇല്ലാതെ ക്ഷേത്രത്തിലേക്ക് പാൽപ്പായസത്തിനായി ദാനം ചെയ്യുകയും അതിന്‍റെ പലിശ കൊണ്ട് ദിവസവും പാല്‍പ്പായസം നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു .
പ്രസിദ്ധമായ അമ്പലപ്പുഴ പാൽപായസം അതിന്റെ തനിമ ഒട്ടും ചോരാതെ തന്നെ എന്നാൽ ചില പുതുമകളുമായി മലയാളം യുകെയുടെ വായനക്കാർക്കായി സുജിത് തോമസ് അവതരിപ്പിക്കുന്നു
ചേരുവകൾ
നുറുക്ക് ഗോതമ്പ് – അരക്കപ്പ്
ചൗവ്വരി – കാൽ കപ്പ്
പഞ്ചസാര – ഒരു കപ്പ്
പാൽ – നാല് കപ്പ്
വെള്ളം – ഒരു കപ്പ്
ഉപ്പ് – ഒരു നുള്ള്
ബീറ്റ്റൂട്ട് – ചെറുത് ഒന്ന്
പാകം ചെയ്യുന്ന വിധം
നുറുക്ക് ഗോതമ്പും ചൗവ്വരിയും നന്നായി കഴുകി പ്രത്യേകം പാത്രങ്ങളിൽ മൂന്ന്, നാല് മണിക്കൂർ കുതിർക്കുവാൻ വയ്ക്കുക. കുതിർത്തതിന് ശേഷം പ്രഷർ കുക്കറിൽ ചൗവ്വരിയും ഗോതമ്പും പാലും പഞ്ചസാരയും വെള്ളവും ഒരുമിച്ച് ചേർത്ത് ഇളക്കി ചൂടാക്കണം. ഈ മിശ്രിതം നന്നായി ചൂടായി കഴിയുമ്പോൾ പ്രഷർകുക്കർ അടച്ചു വച്ച് മീഡിയം തീയിൽ ഒരു വിസിൽ പോലും വരാതെ ചെറിയ തീയിൽ അരമണിക്കൂർ വേവിക്കണം. ശേഷം കുക്കർ അര മണിക്കൂർ ഓഫാക്കി വയ്ക്കണം. ഈ സമയത്ത് ബീറ്റ്റൂട്ട് നന്നായി തൊലി കളഞ്ഞ് ചെറുതായി ഗ്രൈൻ്റ് ചെയ്ത് എടുക്കണം. പിന്നീട് ഒരു പാനിൽ ഈ ബീറ്റ്റൂട്ട് വേവിക്കണം. ഒരു മീഡിയം വേവ് ആകുമ്പോൾ അതിലേക്ക് കാൽ ടീ സ്പൂൺ നെയ്യ് ചേർത്ത് ഒന്നുകൂടി ചൂടാക്കി വേവിച്ചെടുക്കണം.
പിന്നീട് കുക്കറിൻ്റെ അടപ്പ് മാറ്റി വേവിച്ച ബീറ്റ്റൂട്ട് ചേർത്ത് ഒന്നുകൂടി ചൂടാക്കി ഇളക്കി എടുക്കുക. പ്രത്യേക രീതിയിലുള്ള അമ്പലപ്പുഴ പായസം റഡി
ഇതിൽ ഒരു നുള്ള് ഉപ്പ് ചേർക്കുന്നത് എല്ലാം വേവിച്ച ശേഷമാണ്. പായസത്തിൽ ചേർത്ത പാൽ പിരിഞ്ഞു പോകാതെയിരിക്കുന്നതിനാണ് ഉപ്പ് ആദ്യം ചേർക്കാത്തത്.
സുജിത് തോമസ്
ഷിബു മാത്യൂ
കടപ്പാട്. ഫേസ്ബുക്കിനോട്.
തമ്മിലടിക്കാനുള്ള ആയുധമാണ് മതങ്ങളെന്ന് കേരളം വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു എന്ന് വയലാര്‍ പാടിയതും കേരളം ഒരു ഭ്രാന്താലയമാണ് എന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞതും അന്വര്‍ത്ഥമായി.
ഇലക്ഷന്‍ കഴിഞ്ഞു. ദൈവങ്ങളായിരുന്നു പ്രധാന തെരെഞ്ഞെടുപ്പ് വിഷയം. വിജയിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ദൈവത്തെ കരുവാക്കി. ജാതി, മതം, വര്‍ണ്ണം, വര്‍ഗ്ഗം, ആചാരം ഇതെല്ലാമായി ഇന്നലെ വരെ സ്‌നേഹിച്ചവരെ തമ്മിലകറ്റി. ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുമ്പോഴും ദൈവം എവിടെ?
ഹരിഹര സുതനയ്യനയ്യപ്പ സ്വാമിയേ… എന്ന് വിളിച്ചവര്‍പോലും അയ്യപ്പ സ്വാമിയേ കണ്ടില്ല. കുരിശാണ് രക്ഷ കുരിശിലാണ് രക്ഷ എന്ന് പാടിയവര്‍ കുരിശില്‍ മരിച്ചവനേയും കണ്ടില്ല. ബിസ്മില്ലാഹ് റഹ്മാന്‍ അല്‍ റഹിം എന്ന് പ്രാര്‍ത്ഥിച്ച് അഞ്ച് നേരം നിസ്‌കരിക്കുന്നവരും അള്ളാഹുവിനെ കണ്ടില്ല. എവിടെയാണ് ഈശ്വരന്‍??.
ഈശ്വരനെ തേടി ഞാന്‍ നടന്നൂ.. എന്നെഴുതിയ ആബേലച്ചനും കടന്നു പോയി…
ആമുഖം നിര്‍ത്തിയിട്ട് പറയട്ടെ.
ഒരു കത്തോലിക്കാ പുരോഹിതന്‍ സാക്ഷാല്‍ അയ്യപ്പസ്വാമിയെ കണ്ടു. അതും തിരക്കുള്ള ഒരു പ്രൈവറ്റ് ബസ്സില്‍. വിശ്വസിക്കാന്‍ അല്പം പ്രയാസം കാണും. ദൈവം നമ്മോടു കൂടെ എന്ന് എല്ലാ മതവിശ്വാസികളും ഒന്നായി പറയുമ്പോഴും അവരവരുടെ ദൈവത്തെ കാണുന്നവര്‍ ചുരുക്കമാണ്. മതമേതായാലും ദൈവം നമ്മോടു കൂടെ എന്നതിന് ഏറ്റവും വലിയ സാക്ഷ്യമാണ് ഫേസ് ബുക്കില്‍ വന്ന ഫാ. ബോബി ജോസിന്റെ പ്രസംഗം. സോഷ്യല്‍ മീഡിയ അപകടമാണ് എന്ന് പറയുമ്പോഴും ഗുണങ്ങളുണ്ട് എന്നതിന് വ്യക്തമായ ഉദാഹരണമാണ് ആരോ ചെയ്ത പോസ്റ്റ്. പോസ്റ്റ് ചെയ്തത് ആരുമാകട്ടെ. അഭിനന്ദനങ്ങള്‍ മാത്രം.
അച്ചന്റെ പ്രസംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ ചേര്‍ക്കുന്നു.
പൂര്‍ണ്ണമായും കേള്‍ക്കണം.
വിലയിരുത്തുക. നൈമിഷികമായ നമ്മുടെ പോക്ക് എങ്ങോട്ടാണ്??
ഒന്നുകൂടി ശ്വസിക്കാന്‍ ഹൃദയം നമ്മളെ അനുവതിക്കാതെ പോയാലോ???
[ot-video][/ot-video]
അഞ്ജു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ഫിലിപ്പ് രാജകുമാരനോടുള്ള ബഹുമാനാർത്ഥം രാജ്യത്ത് കരയിലും കടലിലും ബ്രിട്ടീഷ് സൈന്യം ഗൺ സല്യൂട്ട് നൽകി ആദരിച്ചു. ലണ്ടൻ, എഡിൻബർഗ്, കാർഡിഫ്, ബെൽഫാസ്റ്റ് എന്നിവയുൾപ്പെടെ യുകെയിലെ പ്രധാന നഗരങ്ങളിൽ ആണ് ഗൺ സല്യൂട്ട് നടത്തിയത്. ബ്രിട്ടീഷ് ഓവർസീസ് അതിർത്തിയിലുള്ള എച്ച്.എം.എസ്. ഡയമണ്ട്, എച്ച്.എം.എസ്. മോൺട്രോസ്, എച്ച്.എം.എൻ.ബി പോർട്ട്‌സ്‌മൗത്ത് എന്നീ കപ്പലുകളും ഗൺ സല്യൂട്ടിൽ പങ്കുചേർന്നു.
കോവിഡ് 19 ൻെറ സാഹചര്യത്തിൽ ജനങ്ങൾ ഒത്തുകൂടുന്നതിനു പകരം ടെലിവിഷനിലൂടെയോ മറ്റ് സാമൂഹ്യ മാധ്യമങ്ങൾ വഴിയോ ഗൺ സല്യൂട്ട് കാണാനാണ് അധികൃതർ ആവശ്യപ്പെട്ടത്. എന്നാലും രാജകുമാരനോടുള്ള സ്നേഹാദരവിൻെറ ഭാഗമായി ഗൺ സല്യൂട്ട് കാണാൻ ലണ്ടൻ ബ്രിഡ്ജിലും മറ്റു സ്ഥലങ്ങളിലുമായി ജനങ്ങൾ തടിച്ചുകൂടിയിരുന്നു. അനുസ്മരണത്തിൻറെ ഭാഗമായി ആളുകൾ ബക്കിങ്ഹാം കൊട്ടാരത്തിൻെറ മുൻപിൽ ഒരു മിനിറ്റ് നിശബ്ദത പാലിച്ചു.
രണ്ടാം ലോകമഹായുദ്ധക്കാലത്ത് റോയൽ നേവിയിൽ സേവനമനുഷ്ഠിച്ചത് ഉൾപ്പെടെ നിരവധി കാര്യങ്ങൾ അദ്ദേഹം രാജ്യത്തിനായി ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ ബ്രിട്ടീഷ് സൈന്യവുമായി അദ്ദേഹത്തിന് നല്ലൊരു ആത്മബന്ധമുണ്ട്. അദ്ദേഹത്തിൻെറ വിയോഗത്തിൽ സൈന്യത്തിന് വിഷമമുണ്ടെന്നും അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിക്കാൻ ഞങ്ങൾക്ക് കഴിയുന്നത് ഈ സല്യൂട്ടുകൾ വഴിയാണെന്ന് ലെഫ്റ്റനന്റ് കേണൽ എറിക ബ്രിഡ്ജ് മാധ്യമങ്ങളോട് പറഞ്ഞു.
ഏകദേശം പതിനെട്ടാം നൂറ്റാണ്ട് മുതൽ രാജ്യത്തെ ഏതെങ്കിലും ശ്രദ്ധേയമായ സംഭവങ്ങൾ നടക്കുമ്പോഴാണ് ഗൺ സല്യൂട്ട് നടത്താറുള്ളത്.1901 -ൽ ക്യൂൻ വിക്ടോറിയ മരണമടഞ്ഞപ്പോഴും,1965 വിൻസ്റൺ ചർച്ചിൽ മരണമടഞ്ഞപ്പോഴും ഇവരോടുള്ള ബഹുമാനാർത്ഥം ഗൺ സല്യൂട്ട് നടത്തിയിരുന്നു. .
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഒരു യുഗത്തിന് അന്ത്യമായി. എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവും എഡിന്‍ബറോ പ്രഭുവുമായ ഫിലിപ്പ് രാജകുമാരന്റെ മരണം രാജ്യത്തിന് ഒരു തീരാനഷ്ടമാണ്. ഇന്നലെ പുലര്‍ച്ചെയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചതെന്ന് രാജകുടുംബം ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. അദ്ദേഹത്തോടുള്ള ആദര സൂചകമായി ബ്രിട്ടീഷ് പതാക പകുതി താഴ്ത്തിക്കെട്ടി. കോവിഡും ഹൃദയസംബന്ധമായ അസുഖവും കാരണം ദിവസങ്ങളോളം ആശുപത്രിയിലായിരുന്ന ഫിലിപ്പ് രാജകുമാരന്‍ കഴിഞ്ഞ മാസമാണ് തിരിച്ചെത്തിയത്. പിന്നാലെ ഇന്നലെ പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
1921 ജൂൺ 10ന് ഗ്രീക്ക് ഐലൻഡിലെ കോർഫുവിലാണ് ഫിലിപ്പ് രാജകുമാരന്‍റെ ജനനം. ഹെല്ലനീസ് രാജാവ് ജോർജ് ഒന്നാമന്‍റെ ഇളയ മകനായ പ്രിൻസ് ആൻഡ്രു (ഗ്രീസ്-ഡെന്മാർക്) ആണ് ഫിലിപ്പ് രാജകുമാരന്‍റെ പിതാവ്. ലൂയിസ് മൗണ്ട് ബാറ്റൻ പ്രഭുവിന്‍റെ മകളും വിക്ടോറിയ രാജ്ഞിയുടെ ചെറുമകളുമായ ആലീസ് രാജകുമാരിയാണ് മാതാവ്. 1947ലാണ് എലിസബത്ത് രാജ്ഞിയും നാവികസേന ഉദ്യോഗസ്ഥനായ ഫിലിപ്പ് രാജകുമാരനും തമ്മിലുള്ള വിവാഹം. രണ്ടാം ലോകമഹായുദ്ധ കാലത്ത് നാവികസേനയിൽ പ്രവർത്തിച്ച വ്യക്തിയാണ് ഫിലിപ്പ്. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് 2017 ഓഗസ്റ്റിലാണ് ഫിലിപ്പ് രാജകുമാരൻ 65 വർഷം നീണ്ട ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചത്. എലിസബത്ത്-ഫിലിപ്പ് ദമ്പതികൾക്ക് ചാൾസ് രാജകുമാരൻ, അന്നാ രാജകുമാരി, ആൻഡ്രു രാജകുമാരൻ, എഡ്വേർഡ് രാജകുമാരൻ എന്നീ നാല് മക്കളും എട്ട് പേരക്കുട്ടികളും 10 പേരക്കുട്ടികളുടെ മക്കളും ഉണ്ട്. 150ൽ പരം രാജ്യങ്ങൾ സന്ദർശിച്ച രാജകുമാരൻ പതിനാലോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കേംബ്രിജ്, എഡിൻബറ അടക്കമുള്ള സർവകലാശാലകളുടെ ചാൻസലറായിരുന്നു അദ്ദേഹം.
അതിയായ ദുഃഖത്തോടെയാണ് രാജ്ഞി തന്റെ പ്രിയപ്പെട്ട ഭർത്താവിന്റെ മരണം പ്രഖ്യാപിച്ചത്. ഔദ്യോഗിക പദവികളൊന്നും തന്നെ തേടിയെത്തിയില്ല എങ്കിലും കൊട്ടാരത്തിലെ ഒരു ശക്തികേന്ദ്രമായി എപ്പോഴും നിലകൊണ്ട വ്യക്തിയായിരുന്നു ഫിലിപ്പ്. യുണൈറ്റഡ് കിംഗ്ഡത്തിലും കോമൺവെൽത്തിലും ലോകമെമ്പാടുമുള്ള തലമുറകളുടെ വാത്സല്യം നേടിയാണ് ഫിലിപ്പ് രാജകുമാരൻ യാത്രയാകുന്നതെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ അറിയിച്ചു. നിരവധി ചെറുപ്പക്കാരുടെ ജീവിതത്തിന് പ്രചോദനമായി നിലകൊണ്ട രാജകുമാരന്റെ നിര്യാണത്തിൽ അദ്ദേഹം അനുശോചനം അറിയിച്ചു. ആദരസൂചകമായി കൊട്ടാരത്തിന് പുറത്ത് ആളുകൾ പുഷ്പാർച്ചന നടത്തി. നൂറുകണക്കിന് ആളുകൾ വിൻഡ്‌സർ കാസിൽ സന്ദർശിച്ചു. എന്നിരുന്നാലും, കൊറോണ വൈറസ് പകർച്ചവ്യാധിക്കിടയിൽ രാജകീയ വസതികളിൽ തടിച്ചുകൂടരുതെന്ന് സർക്കാർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഡ്യൂക്കിന്റെ സ്മരണയ്ക്കായി പൂക്കൾ സമർപ്പിക്കുന്നതിനുപകരം ഒരു ചാരിറ്റിക്കായി സംഭാവന നൽകുന്നത് പരിഗണിക്കാൻ രാജകുടുംബം ജനങ്ങളോട് ആവശ്യപ്പെട്ടു.
രാജ്ഞിയുടെ ഭരണവിജയത്തിന് ഫിലിപ്പ് രാജകുമാരൻ നൽകിയ സംഭാവനകൾ വളരെ വലുതാണ്. ബ്രിട്ടനിലും പുറത്തുമായി രാജ്ഞി പങ്കെടുത്ത ആയിരക്കണക്കിന് പരിപാടികളിൽ സജീവ സാന്നിധ്യമായിരുന്നു ഫിലിപ്പ് രാജകുമാരൻ. കൊട്ടാരത്തിലെ പല പരമ്പരാഗത രീതികളെയും നവീകരിക്കാൻ ശ്രമിച്ച ഫിലിപ്പ് രാജകുമാരൻ, ടെലിവിഷനിൽ അഭിമുഖം നൽകിയ ആദ്യത്തെ ബ്രിട്ടിഷ് രാജകുടുംബാംഗം കൂടിയാണ്. സമകാലിക ബ്രിട്ടീഷ് സമൂഹത്തിലെ ചില പ്രശ്‌നങ്ങൾക്ക് സ്വയം പരിഹാരം കാണുന്ന ചലനാത്മകവും പ്രതികരിക്കുന്നതുമായ ഒരു ഇടമായി രാജവാഴ്ചയെ ഒരുക്കിത്തീർത്തത് ഫിലിപ്പ് രാജകുമാരൻ ആണ്. എലിസബത്ത് രാജ്ഞി പരമാധികാരിയായിരുന്നുവെങ്കിലും കുടുംബകാര്യങ്ങളിൽ ഫിലിപ്പ് രാജകുമാരനായിരുന്നു കുടുംബനാഥനായി നിലകൊണ്ടത്.
നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായ സമയത്തും അതിനെതിരെ ശക്തമായി പോരാടാൻ അദ്ദേഹം തയ്യാറായി. 2011ൽ ധമനിയിലെ തടസ്സം മൂലം അദ്ദേഹത്തിനു സ്റ്റെന്റ് ഘടിപ്പിച്ചു. 2018 ൽ ഇടുപ്പിൽ ശസ്ത്രക്രിയ നടത്തി. 2019 ജനുവരിയിൽ അദ്ദേഹത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടു. ഈ വർഷം കോവിഡ് ബാധിതനായി. ഇതിനെയെല്ലാം തരണം ചെയ്തു മുന്നേറിയ ഫിലിപ്പ് രാജകുമാരൻ ഒരു പോരാളിയാണ്. മരണത്തിന് കവർന്നെടുക്കാൻ കഴിയാത്ത അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ ബ്രിട്ടീഷ് ജനത ഏറ്റെടുക്കും… ഹൃദയങ്ങളിൽ സൂക്ഷിക്കും.