ന്യൂസ് ഡെസ്ക് , മലയാളം യുകെ
കൊറോണ വൈറസിനെതിരെയുള്ള വാക്സിൻ പൊതുജനങ്ങൾക്ക് വിതരണത്തിനായി തയ്യാറായിരിക്കുന്ന സാഹചര്യത്തിൽ വാക്സിൻ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനായി വിപുലമായ ഒരുക്കങ്ങളാണ് നാഷണൽ ഹെൽത്ത് സർവീസിൻെറ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഫുട്ബോൾ സ്റ്റേഡിയങ്ങളും, ടൗൺഹാളുകളും വാക്സിൻ കേന്ദ്രങ്ങളാക്കാനുള്ള തയ്യാറെടുപ്പിലാണ് എൻഎച്ച്എസ്. ഇത്തരത്തിലുള്ള വാക്സിൻ കേന്ദ്രങ്ങളിൽനിന്ന് 2000 മുതൽ 5000 വരെ ആളുകൾക്ക് വാക്സിൻ ലഭ്യമാകും. ഈ സൗകര്യങ്ങൾ വിവിധ സർജറികളുടെ ഉടമസ്ഥതയിലുള്ള 1560 ഓളം കമ്മ്യൂണിറ്റികൾ കേന്ദ്രീകരിച്ചുള്ള വാക്സിൻ കേന്ദ്രങ്ങൾക്ക് പുറമേയാണ്. വിവിധ സർജറികളുടെ ഉടമസ്ഥതയിലുള്ള വാക്സിൻ കേന്ദ്രങ്ങളിൽനിന്ന് പ്രതിദിനം 200 മുതൽ 500 വരെ ആളുകൾക്ക് വാക്സിൻ ലഭ്യമാകും. എല്ലാ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത് കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി ആയിരിക്കും. വാക്സിൻ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിനുമുമ്പ് പൊതുജനങ്ങളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതായിരിക്കും.
ചരിത്രം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഈ ഒരുക്കങ്ങൾക്ക് എൻഎച്ച്എസിനെ സഹായിക്കാനായി മിലിട്ടറിയുടെ സേവനം ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . 12 ലക്ഷത്തോളം കോവിഡ് വാക്സിൻ ഒരാഴ്ചയ്ക്കുള്ളിൽ കൊടുക്കാനാണ് എൻഎച്ച്എസ് ലക്ഷ്യമിടുന്നത് . ഡിസംബർ ആദ്യവാരത്തോടെയാണ് ചരിത്രം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഈ ബ്രഹ്ദ് യജ്ഞം ആരംഭിക്കുന്നത് . കോവിഡ് വാക്സിൻ വ്യക്തികളുടെ പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് മുൻഗണനാക്രമത്തിലാവും നൽകുക. കോവിഡ് വാക്സിൻ ലഭ്യമാക്കുന്നതിനുള്ള മുൻഗണന താഴെ കൊടുത്ത പ്രകാരമാണ് .
നഴ്സിംഗ് ഹോമിലെ അന്തേവാസികളും അവിടുത്തെ ജീവനക്കാരും .
80 വയസിന് മുകളിലുള്ളവരും ആരോഗ്യ സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന ജീവനക്കാരും
75 വയസ്സിനു മുകളിലുള്ളവർ
70 വയസ്സിനു മുകളിൽ ഉള്ളവർ
65 വയസ്സിനു മുകളിലുള്ളവർ
60 വയസ്സിനു മുകളിലുള്ളവർ
55 വയസ്സിനു മുകളിൽ ഉള്ളവർ
50 വയസ്സിനു മുകളിലുള്ളവർ
50 വയസ്സിനു താഴെയുള്ളവരുടെ മുൻഗണനാക്രമം നിശ്ചയിച്ചിട്ടില്ല.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ഫലപ്രദവും സുരക്ഷിതവുമായുള്ള വാക്സിന് വേണ്ടിയുള്ള പരീക്ഷണങ്ങൾ ലോകമെങ്ങും പുരോഗമിക്കുകയാണ്. ഓസ്‌ട്രേലിയിൽ വികസിപ്പിച്ച കോവിഡ് വാക്സിൻെറ ഫലപ്രാപ്തിയെ കുറിച്ചുള്ള ശുഭ സൂചനകൾ പുറത്തുവന്നു. ഫൈസറിൻെറ കോവിഡ് വാക്‌സിൻ 90 ശതമാനം ആളുകളിലും ഫലപ്രദമാണെന്നുള്ള വാർത്തകൾ കഴിഞ്ഞ തിങ്കളാഴ്ച ലോകമെങ്ങും വൻ മാധ്യമശ്രദ്ധ നേടിയിരുന്നു. ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റി ആയ യൂണിവേഴ്സിറ്റി ഓഫ് ക്യൂൻസ് ലാൻഡ് വികസിപ്പിച്ച വാക്‌സിൻ പ്രായമായവരിലും ഗർഭിണികളിലും ഫൈസറിൻെറ വാക്സിനുകളെക്കാളും കൂടുതൽ ഫലപ്രദമാണെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ.
പ്രതീക്ഷിച്ചതിലും നേരത്തെ പരീക്ഷണങ്ങൾ പൂർത്തിയാക്കിയ വാക്സിൻ വിജയകരമാണെന്ന് പ്രഖ്യാപിച്ചത് ഓസ്ട്രേലിയൻ ഹെൽത്ത് മിനിസ്റ്റർ ഗ്രെഗ് ഹണ്ട് ആണ്. കൊറോണ വൈറസിനെതിരെ പോസിറ്റീവ് ആൻറിബോഡി ഉത്പാദിപ്പിക്കുന്നതിൽ വാക്സിൻ വിജയം കണ്ടു എന്ന് അദ്ദേഹം പറഞ്ഞു. അടുത്തവർഷം തന്നെ സാധ്യമായ എല്ലാവർക്കും വാക്സിൻ ലഭ്യമാക്കാനാണ് ഓസ്ട്രേലിയ ലക്ഷ്യമിടുന്നത്. 10 മില്യൺ ഡോസ് ഫൈസർ വാക്സിനായും ഓസ്ട്രേലിയ കരാർ ഉറപ്പിച്ചിട്ടുണ്ട്.
ഇതിനിടെ യുകെയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് 9 ദിനങ്ങൾ പിന്നിട്ടിട്ടും കോവിഡ് ബാധിച്ചവരുടെ എണ്ണത്തിലെ കുതിപ്പ് തുടരുകയാണ്. ഇന്നലെ മാത്രം യുകെയിൽ 33470 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം യുകെയിൽ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടിയ നിരക്കാണ് ഇന്നലത്തേത്. ഇത് കൂടി ഉൾപ്പെടുത്തി രാജ്യത്താകമാനം ഇതുവരെ 1.29 ദശലക്ഷം പേർക്കാണ് കോവിഡ് ബാധിച്ചത്. കോവിഡ് വ്യാപനത്തിന് കുറവുണ്ടാകാത്ത പശ്ചാത്തലത്തിൽ ജനങ്ങൾ കൂടുതൽ മുൻകരുതലുകൾ കൈക്കൊള്ളണമെന്നും കോവിഡ് -19 പ്രോട്ടോകോൾ പാലിക്കണമെന്നും ആരോഗ്യ മേഖലയിൽ ഉള്ളവർ ആവശ്യപ്പെടുന്നു. കഴിഞ്ഞ ബുധനാഴ്ച യൂറോപ്പിൽ ആദ്യമായി കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 50,000 പിന്നിട്ട രാജ്യമായി ബ്രിട്ടൻ മാറിയിരുന്നു. ഇന്ത്യ, അമേരിക്ക, ബ്രസീൽ, മെക്സിക്കോ എന്നിവയാണ് മരണസംഖ്യ 50,000 കടന്ന മറ്റ് രാജ്യങ്ങൾ.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് ഡൊമിനിക് കമ്മിംഗ്സ് ഈ വർഷാവസാനം സ്ഥാനം ഒഴിയും. ക്രിസ്മസോടെ താൻ ഡൗണിംഗ് സ്ട്രീറ്റിൽ നിന്നും പോകുമെന്ന് കമ്മിംഗ്സ് ബോറിസ് ജോൺസനെ അറിയിച്ചുകഴിഞ്ഞു. പ്രക്ഷുബ്ധമായ ഒരാഴ്ചയ്ക്ക് ശേഷമാണ് കമ്മിംഗ്സ് തന്റെ രാജിയുമായി രംഗത്തെത്തുന്നത്. ആശയവിനിമയ ഡയറക്ടറും കമ്മിംഗ്സിന്റെ സഖ്യകക്ഷിയുമായ ലീ കെയ്‌നും ഡൗണിംഗ് സ്ട്രീറ്റിന്റെ പടിയിറങ്ങുകയാണ്. യൂറോപ്യൻ യൂണിയൻ റഫറണ്ടം വേളയിൽ ലീവ് കാമ്പെയ്‌നിൽ ഒരുമിച്ച് പ്രവർത്തിച്ച ഇരുവരും ദീർഘകാലമായി സഹപ്രവർത്തകരായിരുന്നു. യൂറോപ്യൻ യൂണിയൻ റഫറണ്ടത്തിൽ ബ്രെക്സിറ്റ് വോട്ട് ലീവ് കാമ്പെയ്ൻ നടത്തിയ വ്യക്തിയാണ് കമ്മിംഗ്സ്. 2019 ജൂലൈയിൽ ബോറിസ് ജോൺസൺ പ്രധാനമന്ത്രിയായ ശേഷം, കമ്മിംഗ്സിനെ തന്റെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ചു. ബ്രിട്ടനിലെ ആദ്യ ലോക്ക്ഡൗണിൽ നിയമം ലംഘിച്ച് യാത്ര ചെയ്ത അദ്ദേഹം വിവാദ നായകനായും മാറിയിരുന്നു.
ബുധനാഴ്ച രാത്രി കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സ്ഥാനം രാജിവച്ച ചീഫ് ലെഫ്റ്റനന്റ് ലീ കെയ്‌നിനോട് മോശമായി പെരുമാറിയതിനെത്തുടർന്ന് കമ്മിംഗ്സ് അസ്വസ്ഥനായിരുന്നു. തുടർന്ന് ബോറിസ് ജോൺസണുമായി അദ്ദേഹം നിരവധി സംഭാഷണങ്ങൾ നടത്തി. കമ്മിംഗ്സിന് സർക്കാരിൽ ആരാധകരുണ്ട്, അതുപോലെ തന്നെ വിമർശകരും. ഇന്നലെ ഉച്ചകഴിഞ്ഞ് ജോൺസണുമായുള്ള കൂടിക്കാഴ്ചയിൽ വിരമിക്കാനുള്ള ആഗ്രഹം അദ്ദേഹം അറിയിച്ചതായി സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തി. തുടക്കത്തിൽ ബോറിസ് ജോൺസൺ ലീ കെയ്‌നെ ചീഫ് ഓഫ് സ്റ്റാഫ് ആക്കാൻ ഒരുങ്ങിയിരുന്നെങ്കിലും പങ്കാളിയായ കാരി സൈമണ്ട്സിന്റെ എതിർപ്പിനെത്തുടർന്ന് അദ്ദേഹം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഇതാണ് കൂടുതൽ പ്രതിസന്ധികളിലേക്ക് നയിച്ചത്.
കമ്മിംഗ്സിന്റെ രാജി സംബന്ധിച്ച റിപ്പോർട്ടുകൾ ഇന്നലെ രാത്രി പുറത്തുവരുന്നതിനുമുമ്പ്, ബ്രെക്‌സിറ്റ് പരിവർത്തന കാലയളവ് ഡിസംബർ 31 ന് അവസാനിച്ചു കഴിഞ്ഞാൽ കെയ്‌നെ പിന്തുടരാൻ അദ്ദേഹം തയ്യാറെടുക്കുകയാണെന്ന് സഖ്യകക്ഷികൾ പ്രവചിച്ചിരുന്നു. കെയ്ൻ പോയതിൽ ഫ്രോസ്റ്റ് പ്രഭുവിന് അതൃപ്തിയുണ്ടെങ്കിലും ബ്രസൽസുമായുള്ള ചർച്ച അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനാൽ അദ്ദേഹം രാജിവെക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പത്താം നമ്പർ പ്രശ്നങ്ങൾ സർക്കാരിനോടുള്ള ജനങ്ങളുടെ വിശ്വാസ്യതയെ തകർക്കുന്നുവെന്ന് ടോറി എംപിമാർ ജോൺസന് മുന്നറിയിപ്പ് നൽകി. തന്റെ രാജിക്ക് ശേഷം ലീ,ജോൺസന്റെ വിശ്വസ്തതയ്ക്കും നേതൃത്വത്തിനും ആശംസകൾ അർപ്പിക്കുകയും പത്താം നമ്പറിലെ സഹപ്രവർത്തകർക്ക് നന്ദി അറിയിക്കുകയും ചെയ്തു. രാജിക്ക് മറുപടിയായി ജോൺസൺ പറഞ്ഞു: ” കഴിഞ്ഞ നാല് വർഷമായി സർക്കാരിനു നൽകിയ മികച്ച സേവനത്തിന് നന്ദി പറയുന്നു.”
അയർലണ്ട് മലയാളി നേഴ്‌സും ഡണ്ടാല്‍ക്കിലെ താമസക്കാരനുമായ സജി സെബാസ്റ്റ്യന്‍ (46) കേരളത്തില്‍ വെച്ച് ഇന്നലെ രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. പിതാവിനെ ശുശ്രൂഷിക്കാനായി രണ്ടാഴ്ച മുമ്പ്, അവധിയ്ക്ക് നാട്ടിലെത്തിയതായിരുന്നു.അങ്കമാലിയിലെ വസതിയില്‍ ഇന്നലെ രാത്രി ഉറക്കത്തിനിടയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത് എന്ന് കരുതുന്നു . സജിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
സെന്റ് ഒലിവര്‍ എച്ച് എസ് ഇ നഴ്സിംഗ് ഹോം ,ഡണ്ടാല്‍ക്ക് , സ്റ്റാഫ് നഴ്‌സായിരുന്ന സജി സെബാസ്റ്റ്യന്‍ അയര്‍ലണ്ടിലെ നഴ്സിംഗ് റിക്രൂട്ട്‌മെന്റ് ഏജന്റുമായിരുന്നു. ആരോഗ്യമേഖലയിൽ വിപുലമായ സൗഹൃദബന്ധങ്ങൾ സജിക്കുണ്ടായിരുന്നു .
ഭാര്യ ജെന്നി കുര്യനും (നേഴ്‌സ് ,സെന്റ് ഒലിവര്‍ നഴ്സിംഗ് ഹോം ). മലയാറ്റൂര്‍ സ്വദേശിനിയാണ്. മൂന്നു മക്കളാണ് മക്കൾ : പാട്രിക്ക്, ജെറാള്‍ഡ്, അലക്‌സ് .
സജി സെബാസ്റ്റ്യന്‍ പാറേക്കാട്ടില്‍ സെബാസ്റ്റ്യന്റെ (ദേവസിക്കുട്ടി, വളവി റോഡ്, അങ്കമാലി) മകനാണ്. മാതാവ്: മേരി.
സജിയുടെ സഹോദരി റെജി സെബാസ്റ്റ്യന്‍ 2014 ൽ നവംബര്‍ 18 ന് അയര്‍ലണ്ടിൽ ആര്‍ഡിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതയായിരുന്നു. ചരമ വാര്‍ഷികത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കവെയാണ് സഹോദരനെ തേടി മരണമെത്തിയത്.
സഹോദരന്മാർ : ഫാ. അജി സെബാസ്റ്റ്യന്‍ (ഫരീദാബാദ് രൂപത) അമല്‍ സെബാസ്റ്റ്യന്‍ (ഓസ്ട്രേലിയ)
സംസ്‌കാരം ജെന്നിയും മക്കളും കേരളത്തില്‍ എത്തിയ ശേഷമാവും നടത്തപ്പെടുക .
സജി സെബാസ്റ്റ്യന്റെ അകാല വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
കീത്തിലിയിൽ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് പോലീസ് മൂന്നു പേരെ അറസ്റ്റ് ചെയ്തു .കാറിന് നേരെ വെടിയുതിർത്ത ശേഷം പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനം പോലീസ് പിന്നീട് കണ്ടെടുത്തു. വെടിവെപ്പിൽ ആർക്കും തന്നെ പരിക്കേറ്റിട്ടില്ല. ഇന്നലെ ഉച്ചയോടെയാണ് 26 ഉം 30ഉം വയസ്സുള്ള പുരുഷന്മാരെയും 57 കാരിയായ സ്ത്രീയേയും വെടിവെപ്പുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.
ഫോട്ടോ: ഷിബു മാത്യു , മലയാളം യുകെ
സംഭവത്തെത്തുടർന്ന് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു എന്നും, അവർ ഇപ്പോഴും പോലീസ് കസ്റ്റഡിയിൽ ആണെന്നും ഡിക്ടറ്റീവ് ചീഫ് ഇൻസ്പെക്ടറായ ഫിയോണ ഗാഫ്‌നി വ്യക്തമാക്കി .ഇത്തരത്തിലുള്ള സംഭവങ്ങൾ ആളുകളിൽ ആശങ്ക ഉണ്ടാകുമെന്ന് മനസ്സിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു . സംഭവത്തെ തുടർന്ന് പ്രദേശത്ത് ഉയർന്ന പട്രോളിങ്ങാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. മയക്ക് മരുന്ന് സംഘാംഗങ്ങൾ തമ്മിലുള്ള പോരാട്ടമാണ് ഇതെന്ന് കരുതപ്പെടുന്നു. ഇംഗ്ലണ്ടിൽ പൊതുവേ സമാധാനപരവും ശാന്തവുമായ പ്രദേശമാണ് യോർക്ക്ക്ഷെയർ
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ഭൂവുടമകൾ, ചെറുകിട ബിസിനസ്സ് ഉടമകൾ, നിക്ഷേപകർ, രണ്ട് വീടുകളുള്ളവർ തുടങ്ങിയവർക്ക് നികുതി വർദ്ധനവ്. നികുതി പരിഷ്കരണത്തെ തുടർന്നാണ് ഈ വർദ്ധനവ്. അവലോകനത്തിന് ശേഷം ചാൻസലർ റിഷി സുനക്, ഈ നികുതി പരിഷ്കരണത്തെ പറ്റി പറയുകയുണ്ടായി. ആരോഗ്യ പ്രതിസന്ധിയുടെ കാലത്ത് കൂടുതൽ പണം കണ്ടെത്തുന്നതിനായി മൂലധന നേട്ട നികുതി പരിഷ്കരിക്കുന്നതിനുള്ള ഓഫീസ് ഓഫ് ടാക്സ് സിംപ്ലിഫിക്കേഷൻ ( ഒടിഎസ് ) നിർദ്ദേശങ്ങൾ റിഷി സുനക് പരിഗണിച്ചു. കോടിക്കണക്കിന് പൗണ്ട് അധിക വരുമാനം ട്രഷറിയിലേക്ക് കൊണ്ടുവരാൻ ഈ നീക്കത്തിന് കഴിയും. രണ്ടാമത്തെ വീടുകൾ, വാടക സ്വത്തുക്കൾ, കമ്പനി ഷെയറുകൾ, ബിസിനസ് ആസ്തികൾ എന്നിവയുൾപ്പെടെ 6,000 പൗണ്ടിൽ കൂടുതൽ വിലമതിക്കുന്ന വ്യക്തിഗത വസ്തുവകകൾ വിൽക്കുന്നതിലൂടെ ലഭിക്കുന്ന ലാഭത്തിലാണ് നികുതി നൽകേണ്ടത്. പ്രധാന വീടും കാറുകളും ഇതിൽ പെടില്ല.
ബിസിനസ് ഉടമകളെയും നിക്ഷേപകരെയും രണ്ട് വീടുള്ളവരെയുമാണ് ഈ നികുതി വർദ്ധനവ് കൂടുതൽ ബാധിക്കുന്നത്.സാധാരണ നിലയിലുള്ള നികുതിദായകർക്ക് ലാഭത്തിൽ നിന്നുള്ള നികുതി അടവ് ഇപ്പോഴത്തെ 18 ശതമാനത്തിൽ നിന്ന് 20 ശതമാനം ആക്കി ഉയർത്തിയിട്ടുണ്ട്. അതേസമയം ഉയർന്ന നികുതിദായകർക്ക് അസ്സറ്റ് സെയിലിൽ 20% ത്തിൽ നിന്നും പ്രോപ്പർട്ടി സെയിലിൽ 28% ത്തിൽ നിന്നും ഉയർന്ന് 40 ശതമാനത്തിൽ എത്തും. ശൈത്യകാലത്ത് ഒടിഎസ് രണ്ടാമത്തെ റിപ്പോർട്ട് പുറത്തിറക്കുമെന്നും അതിൽ നികുതി അടയ്‌ക്കേണ്ടതിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉണ്ടായിരിക്കുമെന്നും ഡയറക്ടർ ബിൽ ഡോവെൽ പറഞ്ഞു. 62.8 ബില്യൺ പൗണ്ടിന്റെ മൂലധന നേട്ടത്തിൽ നിന്നും 2018 – 19 വർഷത്തിൽ 9.5 ബില്യൺ പൗണ്ട് നികുതി ഗവണ്മെന്റ് നേടിയെടുത്തിരുന്നു. 276,000 നികുതിദായകരിൽ നിന്നാണ് ഇത്.
ഗവണ്മെന്റിനെ സംബന്ധിച്ചിടത്തോളം ഇത് സുപ്രധാന നീക്കമാകുമെന്നും മൂലധന നേട്ട നികുതി നിരക്ക് (സിജിടി) ഉയരുന്നതിലൂടെ കൂടുതൽ പണം ലഭിക്കുമെന്നും ആർഎസ്എം പാർട്ണർ ആയ ജോർജ് ബുൾ അഭിപ്രായപ്പെട്ടു. ഈ നികുതി പരിഷ്കരണ പ്രകാരം 3 മില്യൺ പൗണ്ട് മൂലധന നേട്ടമുള്ള കമ്പനി 1.35 മില്യൺ പൗണ്ട് സിജിടി ആയി നൽകേണ്ടി വരും. ഇപ്പോഴത്തെ സാഹചര്യത്തിൽ 500,000 പൗണ്ട് ആണ് അടയ്‌ക്കേണ്ടി വരിക. 160 ശതമാനത്തിന്റെ വൻ വർധനവാണ് ഈ നികുതി പരിഷ്കരണത്തിലൂടെ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഇൻകം ടാക്സ് 194 ബില്യൺ പൗണ്ടും നാഷണൽ ഇൻഷുറൻസ് റെസിപ്റ്റ് 143 ബില്യണും വാറ്റ് 130 ബില്യണും നേടിയെടുത്തിരുന്നു.
സ്വന്തം ലേഖകൻ
യു കെ :- ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, കോവിഡ് ബാധ മൂലമുള്ള മരണങ്ങൾ അൻപതിനായിരം കടക്കുന്ന ആദ്യ യൂറോപ്യൻ രാജ്യമായി ബ്രിട്ടൻ മാറിയിരിക്കുകയാണ്. മൊത്തം 50365 പേരാണ് കോവിഡ് ബാധ മൂലം ഇതുവരെ മരണപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 595 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ യു എസ്, ബ്രസീൽ, ഇന്ത്യ, മെക്സിക്കോ എന്നീ രാജ്യങ്ങൾക്ക് ശേഷം മരണനിരക്ക് അൻപതിനായിരം കടക്കുന്ന അഞ്ചാമത്തെ രാജ്യമായി ബ്രിട്ടൻ മാറി. ആശങ്കകൾക്ക് വിരാമം ഇടുവാൻ സമയം ആയിട്ടില്ല എന്നാണ് മരണനിരക്കുകൾ വ്യക്തമാക്കുന്നത് എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.
22950 കേസുകളാണ് പുതിയതായി ബുധനാഴ്ച റിപ്പോർട്ട് ചെയ്തത്. കോവിഡ് ബാധ വീണ്ടും രാജ്യത്തെ പിടിമുറുക്കുന്നു എന്നതാണ് ഉയർന്നുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത് എന്ന് ആരോഗ്യവിദഗ്ധർ വിലയിരുത്തുന്നു. മരണപ്പെടുന്നവരിൽ പത്തിൽ ഒമ്പത് പേരും 65 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്. ഇതിനിടെ കോവിഡ് രോഗബാധയെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്നില്ല എന്ന ആരോപണം ഗവൺമെന്റിന്റെ മേൽ ഉയർന്നുവരികയാണ്. ടെസ്റ്റിങ്ങുകളിലും മറ്റും കുറവ് വരുന്നത് ഗവൺമെന്റിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്ന് പലരും കുറ്റപ്പെടുത്തുന്നുണ്ട്.
ഇറ്റലി, സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലും അവസ്ഥ മോശമാണ്. ഈ വർഷം അവസാനത്തോടെ വാക്സിൻ വരുമെന്നത്, ഇത്തരം അവസ്ഥകൾക്ക് ഇടയിലും രാജ്യങ്ങൾക്ക് പ്രതീക്ഷ നൽകുന്നു. ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് കൂടുതൽ നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവിദഗ്ധരും ജനങ്ങളും.
സ്വന്തം ലേഖകൻ
ചെസ്റ്റർ ഹോസ്പിറ്റലിൽ പിഞ്ചുകുഞ്ഞുങ്ങളുടെ ദുരൂഹ മരണത്തിൽ കഴിഞ്ഞ ചൊവ്വാഴ്ച മൂന്നാംവട്ടം അറസ്റ്റ് ചെയ്ത നേഴ്സ് ലൂസി ലെറ്റ്‌ബിയെക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. എട്ടു പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി എന്നും ഒമ്പത് പേരെ കൊലപ്പെടുത്താൻ ശ്രമിച്ചതായും ഉള്ള കേസിലാണ് നടപടി.
ഇതിനു മുൻപേ 2018 ലും 2019 ലും ചെസ്റ്റർ ഹോസ്പിറ്റലിലെ നവജാതശിശു യൂണിറ്റിൽ നടന്ന അസ്വഭാവിക മരണങ്ങളുടെ പേരിൽ നേഴ്സ് ലൂസി ലെറ്റ്‌ബിയെ അറസ്റ്റ് ചെയ്തിരുന്നു. 2015 നും 2016 നും ഇടയിൽ നടന്ന ശിശുമരണങ്ങളിൽ പോലീസിൻറെ അന്വേഷണത്തെ തുടർന്നായിരുന്നു അറസ്റ്റ്. പക്ഷെ രണ്ടുവട്ടവും മതിയായ തെളിവുകളുടെ അഭാവത്തിൽ ലൂസിക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല .
മരണമടഞ്ഞ കുഞ്ഞുങ്ങൾക്ക് എന്ത് സംഭവിച്ചു എന്ന് കണ്ടെത്തുവാൻ ശാസ്ത്രീയമായ രീതിയിലുള്ള അന്വേഷണമാണ് നടക്കുന്നത് എന്ന് അന്വേഷണ മേധാവി പോൾ ഹ്യൂസ് ലൂസിയുടെ അറസ്റ്റിനെ തുടർന്ന് പറഞ്ഞിരുന്നു. ലൂസിക്കെതിരെ പുതുതായി എന്ത് തെളിവുകളാണ് ലഭ്യമായത് എന്ന കാര്യം പോലീസ് വെളിപ്പെടുത്തിയിട്ടില്ല. പിഞ്ചുകുഞ്ഞുങ്ങളുടെ മരണത്തെകുറിച്ചുള്ള ദുരൂഹത ഉടനെ വെളിപ്പെടുമെന്നുള്ള പ്രതീക്ഷയിലാണ് മാതാപിതാക്കളും ബന്ധുക്കളും.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
രാജ്യമൊട്ടാകെ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗൺ ഡിസംബർ രണ്ടാം തീയതി അവസാനിക്കുന്നതിനൊപ്പം തന്നെ രാജ്യത്തെ വിവിധ യൂണിവേഴ്സിറ്റികളിലെ വിദ്യാർഥികളെ സുരക്ഷിതമായി വീട്ടിൽ എത്തിക്കാനുള്ള സമഗ്രമായ പദ്ധതിയാണ് തയ്യാറാക്കുന്നത്. ഏകദേശം ഒരു ദശലക്ഷം വിദ്യാർത്ഥികളാണ് ക്രിസ്മസ് അവധിക്ക് സ്വന്തം വീടുകളിലേക്ക് എത്തിച്ചേരുന്നത്. ഇതിനായി ദുരന്തഭൂമിയിൽ നിന്ന് ഒഴിപ്പിക്കൽ മാതൃകയിലുള്ള പദ്ധതി ഡിസംബർ 3 നും 9 നും ഇടയിലായി നടപ്പാക്കാനാണ് തീരുമാനം.
വീടുകളിലേയ്ക്ക് വിദ്യാർഥികൾ മടങ്ങുന്നതിന് മുമ്പ് തന്നെ പരമാവധി റാപ്പിഡ് ടെസ്റ്റുകളും നടത്താനാണ് പദ്ധതി തയ്യാറാക്കുന്നത്. ഇതു വഴിയായി യൂണിവേഴ്സിറ്റികളിൽ നിന്ന് വിദ്യാർത്ഥികൾ എത്തിച്ചേരുന്ന സ്വന്തം ഭവനത്തിലും സ്ഥലങ്ങളിലും കോവിഡ് വ്യാപന നിരക്ക് കുറയ്ക്കാനും കഴിയും. വെയിൽസിൽ ഡിസംബർ മൂന്നാം തീയതി മുതലും ഇംഗ്ലണ്ടിൽ ഒമ്പതാം തീയതിയ്ക്ക് ശേഷവും ഓൺലൈൻ മാധ്യമങ്ങളിലൂടെ ക്ലാസുകൾ തുടരുകയും ചെയ്യും.
നോർത്തേൺ അയർലൻഡിലും സ്കോട്ട്‌ലൻഡിലും വിദ്യാർത്ഥികളുടെ തിരിച്ചുവരവിനായിട്ടുള്ള പദ്ധതികൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കപ്പെടും എന്നാണ് കരുതപ്പെടുന്നത്. ഡിസംബർ രണ്ടിന് അവസാനിക്കുന്ന രാജ്യത്തെ ദേശീയ ലോക്ക്ഡൗണിന് ശേഷമുള്ള ആഴ്ച മടക്കത്തിനായി നിശ്ചയിച്ചതിലൂടെ വിദ്യാർഥികളിൽനിന്ന് മറ്റുള്ളവർക്ക് ഉണ്ടായേക്കാവുന്ന രോഗവ്യാപനതോത് കുറയ്ക്കാൻ ഇടയാക്കുമെന്ന് യൂണിവേഴ്സിറ്റി മിനിസ്റ്റർ മിഷേൽ ഡൊലാർ പറഞ്ഞു.
ഡിസംബർ 9-ന് കോവിഡ് പോസിറ്റീവ് ആയ വിദ്യാർത്ഥിക്കും ഐസൊലേഷനിൽ കഴിയാനും രോഗം ഭേദമായ ശേഷം ക്രിസ്മസിന് മുൻപ് തങ്ങളുടെ പ്രിയപ്പെട്ടവരുടെ അടുത്തേയ്ക്ക് എത്തിച്ചേരാനും കഴിയും. വിദ്യാർത്ഥികൾ തങ്ങൾക്ക് അനുവദിച്ച സമയത്ത് മാത്രം വീട്ടിലേക്ക് യാത്ര ചെയ്യാനുള്ള ശക്തമായ നിർദ്ദേശം ആണ് ഇപ്പോൾ നൽകപ്പെട്ടിരിക്കുന്നത്. പല വിദ്യാർത്ഥികളുടെയും ഭവനങ്ങളിൽ പ്രായമായവരും മറ്റ് രോഗാവസ്ഥയിൽ ഉള്ളവരും ഉള്ളതിനാൽ ഇത്രയധികം വിദ്യാർഥികളുടെ വീട്ടിലേക്കുള്ള തിരിച്ചു വരവ് വളരെ ഗൗരവത്തോടെയാണ് ആരോഗ്യ മേഖലയിലുള്ളവർ കാണുന്നത്.
അയർലണ്ടിലെ കൗണ്ടി ക്ലെയര്‍ കില്‍റഷി നോര്‍ത്തിൽ താമസിക്കുന്ന പറവൂര്‍ സ്വദേശി പുറത്തേക്കാട്ട് പി ജെ വര്‍ഗീസിന്റെ ഭാര്യ മെറീനാ വര്‍ഗീസ് (45 വയസ്സ്) നിര്യാതയായി. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന മെറീനാ ഇന്നലെ (10/11/2020) വൈകിട്ടാണ് ലീമറിക്ക് ഹോസ്പിറ്റലില്‍ വെച്ച് നിര്യാതയായത്.
ലീമെറിക്ക് മേഖലയിലെ മലയാളികള്‍ക്ക് സുപരിചിതയായിരുന്ന മെറീനാ കില്‍റഷ് കമ്യൂണിറ്റി നഴ്‌സിംഗ് ഹോമില്‍ നഴ്‌സായി സേവനം അനുഷ്ടിച്ചു വരികയായിരുന്നു. എല്ലാവരോടും, സന്തോഷത്തോടെ, നിറ ചിരിയോടെ മാത്രം ഇടപെട്ടിരുന്ന മെറീനയുടെ മരണവാര്‍ത്ത ലീമെറിക്ക് മലയാളികൾക്ക് വേദനയായി.
ആലുവാ ചെങ്ങമനാട്ട് പൊയ്ക്കാട്ടുശ്ശേരി വടക്കന്‍ കുടുംബാംഗമായ മെറീന അയര്‍ലണ്ടിലെ ആദ്യകാല പ്രവാസിമലയാളികളിൽ പെടുന്നു.
മൂന്നു മക്കൾ : ജെഫിന്‍, ജെനീറ്റ, ജെറമിയ
മെറീനായുടെ ഭൗതീക ശരീരം ഇന്ന് (ബുധന്‍ ) മൂന്നു മണിയ്ക്ക് കില്‍റഷിലെ ഭവനത്തില്‍ എത്തിക്കും. അതിന് ശേഷം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പരേതയ്ക്ക് അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. സംസ്‌കാര ശുശ്രൂഷകള്‍ നാളെ (വ്യാഴാഴ്ച ) രാവിലെ 11 മണിക്ക് ഭവനത്തിൽ ആരംഭിക്കുകയും തുടർന്നുള്ള ശ്രുശ്രുഷകൾ കില്‍റഷിലെ ദേവാലയത്തില്‍ നടക്കുന്നു.