സ്വന്തം ലേഖകൻ
ലണ്ടൻ : കൺസർവേറ്റീവ് ദാതാവായ റിച്ചാർഡ് ഡെസ്മോണ്ടിന് പുതിയ ഭവന വികസനത്തിന് അനുമതി നൽകാനുള്ള ഭവന നിർമ്മാണ സെക്രട്ടറി റോബർട്ട് ജെൻറിക്കിന്റെ തീരുമാനത്തെച്ചൊല്ലി പല വിമർശനങ്ങളും പൊട്ടിപുറപ്പെട്ടുകഴിഞ്ഞു. കൂടുതൽ രേഖകൾ പുറത്തുവിട്ട ശേഷം രാജിവയ്ക്കാനുള്ള സമ്മർദ്ദത്തിലാണ് ജെൻറിക്ക്. ഒരു ബില്യൺ പൗണ്ടിന്റെ സ്വത്ത് വികസനത്തിനുള്ള പ്ലാനിംഗ് തീരുമാനം വേഗത്തിൽ നടപ്പാക്കണമെന്ന് നിർബന്ധിച്ചതായി പുറത്തുവിട്ട രേഖകൾ വ്യക്തമാക്കുന്നു. കിഴക്കൻ ലണ്ടനിലെ വെസ്റ്റ്ഫെറി വികസനം അടുത്ത ദിവസം ഒപ്പുവെക്കണമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആഗ്രഹിക്കുന്നതായി ഭവന, കമ്മ്യൂണിറ്റി, തദ്ദേശഭരണ മന്ത്രാലയത്തിലെ ഒരു സിവിൽ സർവീസ് എഴുതി. അതിനാൽ തന്നെ റിച്ചാർഡ് ഡെസ്മോണ്ടിന്റെ കമ്പനിയ്ക്ക് കമ്മ്യൂണിറ്റി ഇൻഫ്രാസ്ട്രക്ചർ ലെവി ഒഴിവാക്കാൻ സാധിക്കും. റിച്ചാർഡ് ഡെസ്മോണ്ടിന് 45 മില്യൺ പൗണ്ട് നികുതി ലാഭിക്കാൻ വേണ്ടി വിവാദപരമായ വികസനം വേഗത്തിൽ നടപ്പിലാക്കാൻ ജെൻറിക് എങ്ങനെയാണ് നിർബന്ധിതനായതെന്ന് പുതിയ രേഖകൾ വെളിപ്പെടുത്തുന്നു.
കിഴക്കൻ ലണ്ടൻ വികസന പദ്ധതിയിൽ ഒപ്പിടാൻ ജെൻറിക്കിനെ പ്രേരിപ്പിച്ചതെങ്ങനെയെന്ന് ബുധനാഴ്ച രാത്രി പുറത്തിറക്കിയ 129 പേജുള്ള കത്തുകളും ഇമെയിലുകളും വാചക സന്ദേശങ്ങളും വിശദീകരിച്ചു. 1,500 വീടുകൾക്കുള്ള പദ്ധതി അംഗീകരിച്ച് രണ്ടാഴ്ച കഴിഞ്ഞ് ഡെസ്മണ്ട് കൺസർവേറ്റീവ് പാർട്ടിക്ക് വ്യക്തിപരമായി 12,000 ഡോളർ നൽകിയതായി ഹൗസിംഗ് സെക്രട്ടറി ആരോപിച്ചു. തീരുമാനം നിയമവിരുദ്ധമാണെന്ന് സമ്മതിച്ചുകൊണ്ട് ജെൻറിക്കിന് സ്വന്തം അംഗീകാരം റദ്ദാക്കേണ്ടിവന്നു. കിഴക്കൻ ലണ്ടനിലെ മുൻ അച്ചടിശാലയായ വെസ്റ്റ്ഫെറി പ്രിന്റ് വർക്ക്സിൽ 500 അപ്പാർട്ട്മെന്റ്, 44 നിലകളുള്ള വികസനത്തിന് അംഗീകാരം നൽകാനുള്ള കൗൺസിലിന്റെയും സർക്കാരിന്റെ പ്ലാനിംഗ് ഇൻസ്പെക്ടറേറ്റിന്റെയും തീരുമാനം ജെൻറിക് അസാധുവാക്കി. ഒരു സംവാദവും വോട്ടെടുപ്പും ഇന്നലെ ജെൻറിക് അഭിമുഖീകരിക്കുകയുണ്ടായി. ജനുവരി 15 ന് മുമ്പായി തങ്ങൾക്ക് അനുമതി ലഭിക്കണമെന്ന് ഡിസംബർ 23 ന് ഡെസ്മണ്ട് മന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു. 2019 നവംബറിൽ ടോറി പാർട്ടി ധനസമാഹരണത്തിന് തൊട്ടുപിന്നാലെ ജെൻറിക്കും ഡെസ്മണ്ടും തമ്മിൽ കൈമാറിയ വാചക സന്ദേശങ്ങളും രേഖകളിൽ ഉൾപ്പെടുന്നു.
എങ്കിലും രേഖകൾ അനുസരിച്ച്, മാർച്ചിൽ സൈറ്റ് സന്ദർശനവും കൂടുതൽ ആശയവിനിമയങ്ങളും നടന്നിട്ടില്ല. ജെൻറിക്കിന്റെ നിലപാട് പൂർണമായും അംഗീകരിക്കാനാവില്ലെന്ന് ലിബറൽ ഡെമോക്രാറ്റ് എംപി ലയല മൊറാൻ പറഞ്ഞു. “ഒരു ടോറി ദാതാവിനെ ദശലക്ഷക്കണക്കിന് നികുതി അടയ്ക്കുന്നത് ഒഴിവാക്കാൻ ജെൻറിക്ക് സഹായിച്ചു എന്ന് ഈ രേഖകൾ വെളിപ്പെടുത്തുന്നു. ടോറി പാർട്ടി 12,000 ഡോളർ മാത്രമാണ് സമ്പാദിച്ചത്, പക്ഷേ റിച്ചാർഡ് ഡെസ്മോണ്ട് 40 മില്യൺ ഡോളർ ലാഭമുണ്ടാക്കുകയായിരുന്നു. വ്യക്തമായ അധികാര ദുർവിനിയോഗം പോലെ പൊതുജനങ്ങൾ കരുതും. റോബർട്ട് ജെൻറിക് രാജി വയ്ക്കണം. കൺസർവേറ്റീവ് പാർട്ടി ഈ സംഭാവന തിരികെ നൽകണം. ”അവർ കൂട്ടിച്ചേർത്തു.
സ്വന്തം ലേഖകൻ
എൻ എച്ച് എസ് സ്റ്റാഫിനും ആരോഗ്യ പ്രവർത്തകർക്കും നൽകിവരുന്ന കോവിഡ് 19 ആന്റിബോഡി ടെസ്റ്റ് പരിശോധനയിൽ ഉള്ള ലക്ഷ്യങ്ങൾ പൂർണ്ണമായി കൈവരിക്കാൻ സാധിക്കാത്തതിനാൽ ഒഴിവാക്കാൻ 14 മുതിർന്ന ആരോഗ്യ വിദഗ്ധരടങ്ങുന്ന സംഘം ബി എം ജെയ്ക്ക് കത്തെഴുതി. കഴിഞ്ഞ മാസമാണ് ഗവൺമെന്റ് 10 മില്യൺ ആന്റിബോഡി ടെസ്റ്റ് കിറ്റ് വാങ്ങിയത്. ഇത് എൻ എച്ച് എസ് ട്രസ്റ്റുകളിലും കെയർ ഹോമുകളിലും ലഭ്യമാക്കിയിരുന്നു. ഒരാളുടെ ശരീരത്തിൽ വൈറസിന്റെ സാന്നിധ്യമുണ്ടായിരുന്നോ എന്ന് തിരിച്ചറിയുന്നത് വലിയ വഴിത്തിരിവാകുമെന്നാണ് നേരത്തെ വിദഗ്ധർ കരുതിയത്. ഇംഗ്ലണ്ടിൽ പതിവായി രക്ത പരിശോധന നടത്തുന്ന രോഗികൾക്ക് ഇത് ലഭ്യമാക്കുകയും ചെയ്തിരുന്നു.
ഒരിക്കൽ വൈറസ് ബാധിച്ച വ്യക്തിക്ക് പിന്നീട് പ്രതിരോധശേഷി വർദ്ധിക്കുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ കോവിഡ് 19ന്റെ കാര്യത്തിൽ ശരീരത്തിന്റെ ഇമ്മ്യൂണിറ്റി സിസ്റ്റം എങ്ങനെ പ്രവർത്തിക്കും എന്നതിൽ കൃത്യമായ ധാരണയില്ല. ഒരിക്കൽ രോഗബാധ ഉണ്ടായ ആൾക്ക് സ്വമേധയാ പ്രതിരോധശേഷി ഉണ്ടാകുമോ, രോഗം മാറിയ ശേഷവും വൈറസ് മറ്റുള്ളവരിലേക്ക് പടരാൻ സാധ്യതയുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്ക് ഇനിയും ഉത്തരം ലഭിച്ചിട്ടില്ല, എന്നാൽ ഈ റിസൾട്ടുകളുടെ സഹായത്തോടെ രോഗം പടരുന്നതിനെക്കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും കൂടുതൽ മനസ്സിലാക്കാൻ ആവും എന്നാണ് ശാസ്ത്രജ്ഞന്മാർ കരുതുന്നത്.
എന്നാൽ ആന്റിബോഡി ടെസ്റ്റിൽ പോസിറ്റീവ് ആകുന്ന വ്യക്തികൾക്ക് രോഗപ്രതിരോധശേഷി വർദ്ധിക്കും എന്ന് തെളിവൊന്നും ലഭിച്ചിട്ടില്ലാത്ത സ്ഥിതിക്ക് ടെസ്റ്റ് പാഴാണ് എന്നാണ് ചില വിദഗ്ധരുടെ കാഴ്ചപ്പാട്. ഇതിലൂടെ രോഗികളെ പരിചരിക്കേണ്ടവർ ധരിക്കുന്ന സ്വയരക്ഷാ ഉപകരണങ്ങൾക്ക് എന്തെങ്കിലും മാറ്റം വരുത്തണോ എന്ന കാര്യത്തിലും സംശയം നിലനിൽക്കുന്നു. രോഗസാധ്യത കൂടുതലായ എത്തിനിക് മൈനോറിറ്റി, മറ്റു രോഗമുള്ളവർ തുടങ്ങിയവർക്കും ആന്റിബോഡി ടെസ്റ്റ് എത്ര കണ്ട് ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടില്ല. വൈറസിന്റെ വ്യാപനം തടയാൻ ഇപ്പോഴും മറ്റു മാർഗങ്ങളാണ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.
ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിൻ പ്രൊഫസറായ മാർട്ടിൻ ഹിബ്ബർഡ് പറയുന്നത് ലഭിക്കുന്ന ഡേറ്റയിലൂടെ രോഗനിയന്ത്രണത്തിന് ആവശ്യമായ മാർഗങ്ങൾ ലഭ്യമാകും എന്നാണ്. എന്നാൽ ലിവർപൂൾ സ്കൂൾ ഓഫ് ട്രോപ്പിക്കൽ മെഡിസിൻ പ്രൊഫസറായ ഡോക്ടർ ടോം വിംഗ്ഫീൽഡ് പറയുന്നത് കൃത്യതയില്ലാത്ത കണക്കുകൾ ഉപയോഗിച്ച് തെളിവെടുപ്പും ചികിത്സയും അസാധ്യമാണെന്നാണ്. എന്നിരുന്നാലും വ്യാപകമായി ഈ ടെസ്റ്റ് ഉപയോഗിച്ച് വരുന്നതായി കാണാം.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ബുധനാഴ്ച്ച ബ്രിട്ടണിലെ ഈ വർഷത്തെ ഏറ്റവും കൂടുതൽ താപനിലയായ 32.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ബ്രിട്ടണിൽ അതിശക്തമായ ഉഷ്ണക്കാറ്റ് വീശുന്നതിനാലാണ് താപനില വർദ്ധിക്കുന്നത്. നിലവിൽ ഈ വർഷത്തെ ഏറ്റവും കൂടുതൽ താപനിലയായ 28.9 ഡിഗ്രി സെൽഷ്യസ് മറികടന്നാണ്, ബുധനാഴ്ച ഹെയ്ത്രോ എയർപോർട്ടിൽ 32.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജനങ്ങളെല്ലാം ചൂടിൽ നിന്നും രക്ഷനേടുന്നതിനായി ബീച്ചുകളിലും മറ്റും കൂടിയിരിക്കുകയാണ്. ജനങ്ങൾ എല്ലാവരും തന്നെ ജാഗ്രത പാലിക്കണമെന്ന നിർദേശം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുണ്ട്. വ്യാഴാഴ്ച്ചയോടു കൂടി ഇടിമിന്നലിനുള്ള സാധ്യതയും ഉണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകുന്നുണ്ട്. ഇതിനെത്തുടർന്ന് യുകെയുടെ പലഭാഗങ്ങളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
സ്കോട്ട്‌ലൻഡിലും നോർത്തേൺ അയർലൻഡിലും താപനില കുറവാണ് രേഖപ്പെടുത്തിയത്. സ്കോട്ട്ലൻഡിലെ ബെർവിക്ക്ഷെയറിൽ 26.9 ഡിഗ്രി സെൽഷ്യസും, നോർത്തേൺ അയർലൻഡിലെ ഡെറിലൈനിൽ 21.8 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. യുകെയുടെ ചരിത്രത്തിലെ ഏറ്റവും കൂടിയ താപനില 1976 – ൽ സൗത്താംപ്ടണിൽ രേഖപ്പെടുത്തിയ 35.6 ഡിഗ്രി സെൽഷ്യസാണ്.
വാർദ്ധക്യത്തിൽ ഉള്ളവരേയും ആരോഗ്യാവസ്ഥ മോശമായിരിക്കുന്നവരേയും , കുട്ടികളെയും ആണ് കൂടിയ താപനില ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് പുറത്തിറക്കിയ വാർത്താകുറിപ്പിൽ രേഖപ്പെടുത്തുന്നു. ജനങ്ങളെല്ലാവരും ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
സ്വന്തം ലേഖകൻ
തേംസ് നദിയിൽ നീന്തലിനിടെ കാണാതായെന്ന് സംശയിക്കുന്ന വ്യക്തിയുടെ മൃതശരീരം കണ്ടെത്തി. ചൊവ്വാഴ്ച ബെർക്ഷെയറിലെ കുക്ക്ഹാമിലുള്ള വെള്ളക്കെട്ടിൽ ആണ് വ്യക്തിയെ കാണാതായത്.
ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് 30 വയസ്സ് പ്രായം വരുന്ന ആളിന്റെ മൃതശരീരം കണ്ടെത്തിയതെന്ന് തെയിംസ് വാലി പോലീസ് പറഞ്ഞു. മരണകാരണം വ്യക്തമല്ലെങ്കിലും ദുരൂഹതകൾ ഒന്നും ഇല്ലെന്നും അവർ കൂട്ടിച്ചേർത്തു. മൃതശരീരം ആരുടേതാണെന്ന് ഇതുവരെ ഔദ്യോഗികമായി സ്ഥിതീകരിച്ചിട്ടില്ല.
ചൊവ്വാഴ്ച നദിയിൽ നീന്തുകയായിരുന്ന രണ്ടുപേർ അപകടത്തിൽപ്പെട്ടു എന്ന് എമർജൻസി സർവീസിന് സന്ദേശം എത്തിയിരുന്നു. കൂടെയുണ്ടായിരുന്ന വ്യക്തിയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞിരുന്നു, അദ്ദേഹം ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല. ഇവരെ രക്ഷപ്പെടുത്താനായി നദിയിലേക്ക് ചാടിയ മൂന്നാമത്തെ വ്യക്തിക്ക് അപായമില്ല.
സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസിന്റെ രണ്ടാം ഘട്ട വ്യാപനത്തെ തടയാൻ യുകെ പൂർണമായും ഒരുങ്ങിക്കഴിഞ്ഞോ എന്ന ചോദ്യവുമായി ആരോഗ്യമേധാവികൾ. ഈ വിഷയത്തിൽ അടിയന്തര അവലോകനം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. കൂടുതൽ ജീവൻ നഷ്ടപ്പെടാതിരിക്കാൻ അടിയന്തര നടപടി ആവശ്യമാണെന്ന് ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച തുറന്ന കത്തിലൂടെ മന്ത്രിമാർക്ക് മുന്നറിയിപ്പ് നൽകി. റോയൽ കോളേജ് ഓഫ് സർജൻസ്, നഴ്‌സിംഗ്, ഫിസിഷ്യൻ, ജിപി എന്നിവരുടെ പ്രസിഡന്റുമാർ എല്ലാവരും കത്തിൽ ഒപ്പിട്ടു. ഇംഗ്ലണ്ടിലെ ലോക്ക്ഡൗണിൽ കൂടുതൽ ലഘൂകരണം ഏർപ്പെടുത്തിയതിന് ശേഷമാണ് ആരോഗ്യമേധാവികളുടെ ഈ ഇടപെടൽ. എൻഎച്ച്‌എസിന് പ്രവർത്തിക്കുവാൻ ആവശ്യമായുള്ളതെല്ലാം നൽകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജൂലൈ 4 മുതൽ പബ്ബുകൾ, റെസ്റ്റോറന്റുകൾ, സിനിമാശാലകൾ, ഹെയർ സലൂണുകൾ എന്നിവ വീണ്ടും തുറന്നു പ്രവർത്തിക്കുമെന്ന് ചൊവ്വാഴ്ച പ്രധാനമന്ത്രി പറഞ്ഞിരുന്നു.
രണ്ട് മീറ്റർ നിയമത്തിലും മാറ്റം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിരുന്നാലും 2 മീറ്റർ നിയമം സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ തുടരും. “യുകെയിലെ പകർച്ചവ്യാധിയുടെ ഭാവി രൂപം പ്രവചിക്കാൻ പ്രയാസമാണെങ്കിലും, ലഭ്യമായ തെളിവുകൾ സൂചിപ്പിക്കുന്നത് പ്രാദേശിക രോഗവ്യാപന സാധ്യതകൾ കൂടുതലാണെന്നാണ്.” അവർ എഴുതി. രണ്ടാമത്തെ രോഗവ്യാപനം യഥാർത്ഥ അപകടസാധ്യതയുള്ളതാണെന്നും മേധാവികൾ മുന്നറിയിപ്പ് നൽകി. ലീസസ്റ്റർ, ആംഗ്‌ലെസി, ക്ലെക്ക്ഹീറ്റൻ എന്നിവിടങ്ങളിൽ രോഗം ഇതിനകം പൊട്ടിപുറപ്പെട്ടുകഴിഞ്ഞു. മാർച്ചിൽ രോഗം പൊട്ടിപ്പുറപ്പെട്ട അവസ്ഥയിൽ നിന്നും വളരെ വ്യത്യസ്തമാണ് യുകെയിലെ ഇന്നത്തെ സ്ഥിതി. രോഗബാധിതരെ തിരിച്ചറിയുന്നതിനായി പരിശോധനാ ശേഷി പ്രതിദിനം ആയിരത്തിൽ നിന്ന് 200,000 ആയി ഉയർന്നു. രോഗം ബാധിച്ചവരെ കണ്ടെത്തുന്നതിന് കോൺടാക്റ്റ് ട്രേസറുകളും പ്രവർത്തിക്കുന്നുണ്ട്.
എങ്കിലും പരിശോധനകളുടെ വേഗതക്കുറവും ട്രേസിങ് ആപ്ലിക്കേഷൻ പ്രവർത്തനസജ്ജമാകാത്തതും ഇപ്പോഴും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എൻഎച്ച്‌എസ് ഉദ്യോഗസ്ഥരുടെ അർപ്പണബോധത്തിന് നന്ദി പറഞ്ഞതോടൊപ്പം രണ്ടാം ഘട്ട വ്യാപനം തടയാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് വക്താവ് അറിയിച്ചു. നൈറ്റ്ക്ലബ്ബുകൾ, കാസിനോകൾ, ഇൻഡോർ പ്ലേ ഏരിയകൾ, നെയിൽ ബാറുകൾ, ബ്യൂട്ടി സലൂണുകൾ, നീന്തൽക്കുളങ്ങൾ, ഇൻഡോർ ജിമ്മുകൾ എന്നിവ ജൂലൈ 4 ന് തുറന്ന് പ്രവർത്തിക്കില്ല. ജൂലൈ 6 മുതൽ ബിയർ ഗാർഡനുകൾ പോലുള്ള ഔട്ട്‌ഡോർ ഹോസ്പിറ്റാലിറ്റി ഏരിയകൾ തുറക്കാൻ കഴിയും. ജൂലൈ 10 മുതൽ ആളുകൾക്ക് അതിഥികളെ വീട്ടിൽ സ്വീകരിക്കാൻ കഴിയുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ന് 171 പേർ കൂടി രോഗം ബാധിച്ചു മരണപ്പെട്ടു. ബ്രിട്ടനിലെ ആകെ മരണസംഖ്യ 42,927 ആയി ഉയർന്നു.
സ്വന്തം ലേഖകൻ
ലണ്ടൻ : മൂന്ന് മാസത്തെ ലോക്ക്ഡൗണിന് ശേഷം ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയെ തിരികെകൊണ്ടുവരുവാനുള്ള പദ്ധതികൾ ഒരുക്കുകയാണ് ചാൻസലർ റിഷി സുനക്. മൂന്നു നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യം അഭിമുഖീകരിക്കുന്ന രാജ്യത്തെ കൈപിടിച്ചുയർത്താൻ ജൂലൈ ആദ്യം തന്നെ സാമ്പത്തിക സഹായ പാക്കേജ് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുൻ ചാൻസലർമാരായ സാജിദ് ജാവിദ്, അലിസ്റ്റർ ഡാർലിംഗ് എന്നിവർ സമ്പദ്‌വ്യവസ്ഥയെ ഉയർത്താൻ താൽക്കാലിക വാറ്റ് കട്ട് നടപ്പിലാക്കാൻ സുനക്കിനോട് അഭ്യർത്ഥിച്ചു. വിൽപ്പന നികുതി നിലവിലെ 20 ശതമാനത്തിൽ നിന്ന് 17 ശതമാനമായി കുറയ്ക്കണമെന്ന് ജാവിദ് ആവശ്യപ്പെട്ടു. 2008 നവംബറിൽ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ ഡാർലിംഗും വാറ്റ് കുറച്ചിരുന്നു. ഹോസ്പിറ്റബിലിറ്റി, ടൂറിസം തുടങ്ങിയ കോവിഡ് -19 ബാധിത മേഖലകളിലും നികുതി വെട്ടിക്കുറയ്ക്കൽ നടത്തുമെന്നാണ് കരുതുന്നത്.
തൊഴിൽ നഷ്ടം തടയുന്നതിനായി തൊഴിലുടമകളുടെ ദേശീയ ഇൻഷുറൻസ് സംഭാവനകൾ (എൻഐസി) വെട്ടിക്കുറയ്ക്കാൻ ബിസിനസ്സ് നേതാക്കൾ ചാൻസലറോട് അഭ്യർത്ഥിച്ചു. ഫർലോഫ് പദ്ധതി അവസാനിക്കുമ്പോൾ തൊഴിലില്ലായ്മ രൂക്ഷമാകുമെന്ന് അവർ പറയുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എംപ്ലോയ്‌മെന്റ് സ്റ്റഡീസിന്റെ ഗവേഷണമനുസരിച്ച് , തൊഴിലുടമകൾ നേരിടുന്ന ഏറ്റവും വലിയ വേതന-ഇതര തൊഴിൽ ചെലവാണ് എൻഐസികൾ. പ്രതിവർഷം 8,788 പൗണ്ടിന് മുകളിലുള്ള വരുമാനത്തിന് 13.8 ശതമാനം നികുതിയാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് തിങ്ക് ടാങ്ക് പറഞ്ഞു. ചെറുപ്പക്കാർക്ക് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുവാനുള്ള പദ്ധതികൾ സുനക്കിന് രൂപീകരിക്കുവാൻ കഴിയും. അതുപോലെ തന്നെ ബിസിനസ് നിരക്കിലും മാറ്റം വരുത്താൻ സാധിക്കും. ആമസോൺ പോലുള്ള ഇ-കൊമേഴ്‌സ് മേഖലകൾക്ക് താരതമ്യേന കുറഞ്ഞ നിരക്കിൽ ബില്ലുകൾ ഉണ്ടെന്ന വസ്തുത കണക്കിലെടുത്ത്, ഈ സംവിധാനം പരിഷ്കരിക്കുന്നതിനായി മുമ്പും നീക്കങ്ങൾ നടന്നിട്ടുണ്ട്.
സർക്കാർ പിന്തുണയുള്ള കൊറോണ വൈറസ് ബിസിനസ് ഇന്ററപ്ഷൻ ലോണുകളും (സിബിഎൽ) ബൗൺസ് ബാക്ക് ലോണുകളും (ബിബിഎൽ) തിരിച്ചടയ്ക്കുന്നതിന് കൂടുതൽ സൗകര്യപ്രദമായ നിബന്ധനകൾ പ്രഖ്യാപിക്കാൻ ചാൻസലർക്ക് കഴിയും. പ്രതിസന്ധി ഘട്ടത്തിൽ പിടിച്ചുനിൽക്കാൻ പാടുപ്പെട്ട സ്ഥാപനങ്ങൾ സ്കീമുകളിലൂടെ 38 ബില്യൺ പൗണ്ടിലധികം വായ്പയെടുത്തു. ലാഭം നേടിക്കഴിഞ്ഞാൽ തിരിച്ചടവ് ആരംഭിക്കാൻ കമ്പനികളെ അനുവദിക്കും. അതേസമയം, സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി കടങ്ങൾ പൂർണ്ണമായും എഴുതിത്തള്ളാമെന്ന് മുൻ കൺസർവേറ്റീവ് ചാൻസലർ ജോർജ് ഓസ്ബോൺ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസം, കഴിവുകൾ, പരിശീലനം തുടങ്ങിയ മേഖലകൾക്ക് പ്രാധാന്യം നൽകുമെന്ന് സുനക് പറഞ്ഞിരുന്നു. അപ്രന്റീസ് ഏറ്റെടുക്കുന്നതിന് സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള അപ്രന്റീസ്ഷിപ്പ് ലെവിയിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള പദ്ധതികളും സുനക്കിന് പ്രഖ്യാപിക്കാം. ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് നെറ്റ്‌വർക്കുകൾ, ബ്രോഡ്‌ബാൻഡ്, സൈക്ലിംഗ്, വാക്കിംഗ് ഇൻഫ്രാസ്ട്രക്ചർ എന്നിവയുൾപ്പെടെ പൊതുജനങ്ങൾക്ക് ഉടനടി ഉപയോഗപ്രദമാകുന്ന പുതിയ പദ്ധതികൾക്ക് ധനസഹായം പ്രഖ്യാപിക്കാൻ അടുത്ത മാസത്തെ പ്രസ്താവന സുനക്കിന് ഉപയോഗിക്കാം.
സ്വന്തം ലേഖകൻ
മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തിന് മുകളിലൂടെ വൈറ്റ് ലൈവ്സ് മാറ്റർ ബേൺലി എന്ന് ബാനറുമായി വിമാനം പറന്നത് വിവാദമായിരുന്നു. തിങ്കളാഴ്ച നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ബേൺലിക്കെതിരെ 5-0 ത്തിനു ജയിച്ചിരുന്നു. എയർപോർട്ടും ബ്ലാക്ക്പൂൾ കൗൺസിലും സംഭവത്തിൽ പ്രകോപിതരായിട്ടുണ്ടെന്ന് മാനേജർ സ്റ്റീഫൻ സ്മിത്ത് പറഞ്ഞു
സംഭവം തങ്ങൾക്ക് നാണക്കേടും ലജ്ജാകരവും ആണെന്ന് ബേൺലി പ്രതികരിച്ചു.
വിഷയത്തെപ്പറ്റി പോലീസിനെയും സിവിൽ ഏവിയേഷൻ അതോറിറ്റിയെയും അറിയിച്ചിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് തങ്ങൾ അന്വേഷിച്ചുവെന്നും ഇപ്പോൾ പുറത്തു വിടതക്ക ക്രിമിനൽ ഒഫൻസ് അവിടെ നടന്നിട്ടില്ല എന്നുമാണ് ചീഫ് സൂപ്രണ്ട് റസ് പ്രോക്ടർ പറയുന്നത്. സംഭവത്തിൽ തന്റെ സ്ഥാപനം അപലപിക്കുന്നതായി യുകെ സിവിൽ ഏവിയേഷൻ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് റിച്ചാർഡ് മോറിയാർട്ടി പറഞ്ഞു.
ബ്ലാക്ക്പൂൾ എയർപോർട്ട് ഇതിനെപ്പറ്റി ഇറക്കിയ പ്രസ്താവനയിൽ ഇങ്ങനെ പറയുന്നു” ഞങ്ങൾ വംശീയതയ്ക്ക് എതിരാണ്, ഈ പ്രവർത്തി യാതൊരു വിധത്തിലും ന്യായീകരണത്തിന് അർഹമല്ല, പ്രദർശിപ്പിച്ച സന്ദേശം അങ്ങേയറ്റം അപലപനീയമാണ്, ഈ പ്രകോപനപരമായ സന്ദേശം പ്രദർശിപ്പിച്ചത് ബ്ലാക്ക് പൂൾ കൗൺസിലിന്റെയോ എയർപോർട്ടിന്റെയോ അറിവോ സമ്മതമോ കൂടാതെ ബാനർ ഫ്ലയിങ് കമ്പനി സ്വമേധയാ ആയിരുന്നു. എന്നാൽ പ്രദർശിപ്പിക്കുന്നതിന് മുമ്പ് ബാനറിൽ എന്താണുള്ളതെന്ന് പരിശോധിച്ചിരുന്നില്ല. ഇന്ന് രാവിലെ നടത്തിയ അടിയന്തര അവലോകനത്തെ തുടർന്ന് വിമാനത്താവളം ബാനർ പ്രദർശിപ്പിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ബ്ലാക്ക് പൂളിൽ സംഭവിച്ചതിനെ കണക്കിലെടുത്ത് മറ്റുള്ള വിമാനത്താവളങ്ങളും ഇതേ നടപടിയെടുക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്.
വെള്ളക്കാർക്ക് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് വിമാനം പറക്കുന്നതിന് തൊട്ടു മുൻപും ബേൺലി കളിക്കാരും സിറ്റി കളിക്കാരും ബ്ലാക്ക് ലൈവ്സ് മാറ്റർ മൂവ്മെന്റ്നൊപ്പം ചേർന്നിരുന്നു. ഇത്തരം ആരാധകർ ഫുട്ബോളിന് തന്നെ അപമാനമാണെന്ന് ക്ലാരെട് സ്‌കിപ്പർ ബെൻ മീ മാധ്യമങ്ങളോട് പറഞ്ഞു. പ്രദർശിപ്പിക്കപ്പെട്ട സന്ദേശം ക്ലബ്ബിന്റെ നിലപാടല്ല എന്ന് അധികൃതർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
എയർ ആഡ്സ് നൽകുന്ന കമ്പനിയുടേതാണ് കുറ്റമെന്ന് പ്രഥമദൃഷ്ട്യാ പ്രകടമായിരുന്നു. ഇതിനുമുൻപും കമ്പനി ഫുട്ബോൾ സ്റ്റേഡിയങ്ങൾക്ക് മുകളിലൂടെ പരസ്യങ്ങൾ പറത്തിയിട്ടുണ്ട്. കമ്പനിയോട് മാധ്യമങ്ങൾ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ പേരു വെളിപ്പെടുത്താത്ത ഒരു വ്യക്തി ‘ മോശം ഭാഷ ഉപയോഗിക്കാത്തിടത്തോളം ബാനറുകൾ നിയമവിധേയമാണെന്ന് വാദിച്ചിരുന്നു. കമ്പനിക്ക് ഇതിൽ വ്യക്തമായ നിലപാടില്ലെന്നതും പ്രകടമാണ്.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- കൊറോണ ബാധിച്ച നിരവധി പേരിൽ കടുത്ത ശ്വാസകോശ പ്രശ്നങ്ങൾ നിലനിൽക്കുന്നതായി ഡോക്ടർമാരുടെ റിപ്പോർട്ട്. ബിബിസിക്ക് നൽകിയ റിപ്പോർട്ടിലാണ് ഡോക്ടർമാർ ഈ പ്രധാനപ്പെട്ട വിവരം പങ്കുവെച്ചത്. പലപ്പോഴും കൊറോണ ബാധ പൾമണറി ഫൈബ്രോസിസ് എന്ന സ്ഥിരമായ ശ്വാസകോശ രോഗത്തിന് കാരണമാകുന്നു. ഈയൊരു അവസ്ഥ ചികിത്സിച്ച് ഭേദമാക്കാവുന്നതല്ല. ശ്വാസതടസ്സം, ചുമ, ക്ഷീണം മുതലായവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. ഇത്തരം രോഗികളുടെ ചികിത്സക്കായി പ്രത്യേക റിഹാബിലിറ്റേഷൻ സെന്ററുകൾ ആരംഭിക്കുകയാണെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു.
നിരവധി രോഗികളാണ് ഈയൊരു അവസ്ഥയുമായി ആശുപത്രികളിൽ ചികിത്സ തേടുന്നത്. ടാക്സി ഡ്രൈവറായി റിട്ടയർ ചെയ്ത അറുപത്തെട്ടുകാരനായ അന്തോണി മക്ഹ്യൂഗ് തന്റെ അനുഭവം ബിബിസി ന്യൂസിനോട് പങ്കുവെച്ചു. കൊറോണ ബാധിച്ച ഇദ്ദേഹത്തെ മാർച്ച് 6നാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. അതിനുശേഷം ഇദ്ദേഹത്തിന് അവസ്ഥ മോശമാവുകയും, ഇന്റെൻസീവ് കെയറിൽ വെന്റിലേറ്ററിൽ 13 ദിവസം കഴിയുകയും ചെയ്തു. ഏകദേശം നാല് ആഴ്ചയോളം ഉള്ള ആശുപത്രിയിലും , പിന്നീട് രണ്ടാഴ്ചയോളം റിഹാബിലിറ്റേഷൻ സെന്ററിലും അദ്ദേഹം ചികിത്സ തേടി. ഏപ്രിൽ പകുതിയോടെ കൂടി ഭവനത്തിൽ എത്തിച്ചേർന്ന അദ്ദേഹത്തിന് പിന്നീട് പലപ്പോഴായി ശ്വാസംമുട്ടലും മറ്റ് അസ്വസ്ഥതകളും ഉണ്ടാകുന്നതായി അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. പലപ്പോഴും സാധാരണ ജോലികൾ പോലും ചെയ്യുവാൻ തനിക്ക് പ്രയാസം അനുഭവപ്പെടുന്നുണ്ടെന്ന് ബിബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. പിന്നീട് ആശുപത്രിയിൽ എത്തി സി.റ്റി സ്കാൻ ചെയ്ത ഇദ്ദേഹത്തിന്, സ്ഥിരമായ ശ്വാസകോശ പ്രശ്നങ്ങൾ ഉള്ളതായി കണ്ടെത്തി. ഇത്തരത്തിലുള്ള അനേകം രോഗികളാണ് ദിവസവും ആശുപത്രികളിൽ ചികിത്സ തേടുന്നതെന്ന് ഡോക്ടർമാർ പറയുന്നു.
ചെറിയതോതിൽ രോഗം വന്നവരിൽ ഇത്തരം ശ്വാസകോശ പ്രശ്നങ്ങൾ സ്ഥിരീകരിക്കുന്നില്ല. എന്നാൽ അതീവ ഗുരുതരമായി രോഗം ബാധിച്ചു ഇന്റെൻസീവ് കെയർ യൂണിറ്റുകളിൽ കഴിയുന്ന ഭൂരിഭാഗം പേരിലും ഇത്തരം അവസ്ഥ ഉണ്ടാകുന്നതായി ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. ലങ് ഫൈബ്രോസിസിനു സ്ഥിരമായ ശാശ്വത പരിഹാരമില്ല. ഇത്തരം രോഗികൾക്ക് വേണ്ടി റിഹാബിലിറ്റേഷൻ സെന്ററുകൾ കൂട്ടുവാനാണ് എൻഎച്ച്എസ് ഇംഗ്ലണ്ട് തീരുമാനിച്ചിരിക്കുന്നത്.
സ്വന്തം ലേഖകൻ
ലണ്ടൻ : ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. പബ്ബുകൾ, റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, ഹെയർ സലൂണുകൾ എന്നിവ ജൂലൈ 4 മുതൽ ഇംഗ്ലണ്ടിൽ തുറന്ന് പ്രവർത്തിക്കും. സാമൂഹിക അകലം പാലിക്കൽ നിയമത്തിലും ലഘൂകരണം കൊണ്ടുവന്നു. സാധ്യമാകുന്നിടത്ത് ആളുകൾ രണ്ട് മീറ്റർ അകലം പാലിക്കണമെന്നും എന്നാൽ ഒരു മീറ്റർ ദൂരം പ്രാബല്യത്തിൽ വരുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സാമൂഹിക അകലം പാലിച്ചുകൊണ്ട് രണ്ട് വീടുകളിലെ ആളുകൾക്ക് ഇനി ഒരുമിച്ച് കഴിയാൻ സാധിക്കും. എന്നാൽ എല്ലാ നടപടികളും തിരിച്ചെടുക്കാവുന്നതാണെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. ജിം, വാട്ടർ പാർക്കുകൾ എന്നിവ ഇനിയും അടച്ചിടേണ്ടതായി വരും. ക്യാമ്പ് സൈറ്റുകൾ തുറക്കാൻ അനുവദിക്കുമെന്നും സൗകര്യങ്ങൾ ഒരുക്കണമെന്നും ടോയ്‌ലറ്റുകൾ വൃത്തിയായി സൂക്ഷിക്കണമെന്നും ജോൺസൻ പറഞ്ഞു. പ്രാർത്ഥനയ്ക്കും ആരാധനയ്ക്കുമായി ആരാധനാലയങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാം. ഒപ്പം സാമൂഹിക അകലം പാലിച്ചുകൊണ്ട്, മുപ്പതു പേരെ വരെ ഉൾക്കൊള്ളിച്ച് വിവാഹച്ചടങ്ങുകൾ നടത്താനും കഴിയും.
ജൂലൈ 4 മുതൽ ഇവയൊക്കെ തുറന്നു പ്രവർത്തിക്കുമെങ്കിലും ശക്തമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. സ്ഥാപനത്തിൽ എത്തുന്ന എല്ലാവരുടെയും വിവരങ്ങൾ എഴുതി സൂക്ഷിക്കണം. മാസ്ക് ഉപയോഗിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുമെന്നും ജോൺസൻ പറഞ്ഞു. സിനിമാശാലകൾ, ആർട്ട് ഗാലറികൾ, മ്യൂസിയങ്ങൾ എന്നിവ വീണ്ടും തുറന്ന് പ്രവർത്തിക്കും. എന്നാൽ തത്സമയ പ്രകടനങ്ങൾ നടത്താൻ അനുവദിക്കുന്നതല്ല.
വിവിധ മേഖലകൾക്കുള്ള വിശദമായ മാർഗ്ഗനിർദ്ദേശം ഇന്നുതന്നെ പ്രസിദ്ധീകരിച്ചേക്കും. രണ്ട് മീറ്റർ അകലം പാലിക്കുന്നതാണ് കൂടുതൽ സുരക്ഷിതമെന്നും അതിന് കഴിയാത്തിടത്ത് മുൻകരുതൽ സ്വീകരിച്ചുകൊണ്ട് ഒരു മീറ്റർ അകലം പാലിക്കണമെന്നും ജോൺസൻ അറിയിച്ചു. “ഈ പ്രസ്താവനയെ ഞാൻ സ്വാഗതം ചെയ്യുന്നു. സർക്കാർ ശരിയായ കാര്യം ചെയ്യുവാൻ ശ്രമിക്കുകയാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതിനാൽ തന്നെ അവരെ പിന്തുണയ്ക്കുന്നു.” ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു. കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ജോൺസൻ വ്യക്തമാക്കി. സ്കോട്ടിഷ്, വെൽഷ് സർക്കാരുകളും നോർത്തേൺ അയർലൻഡ് എക്സിക്യൂട്ടീവും അവരുടെ ലോക്ക്ഡൗൺ നടപടികൾ ലഘൂകരിക്കുകയാണെന്നും രാജ്യം ശരിയായ ദിശയിലേക്കാണ് ഇപ്പോൾ നീങ്ങുന്നതെന്നും ജോൺസൻ അറിയിച്ചു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
യുകെയിലുള്ള മലയാളികളുടെ പ്രധാന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് വൈറ്റമിൻ ഡി യുടെ അഭാവം. ജി .പി യുടെ കൈയ്യിൽ നിന്ന് വൈറ്റമിൻ ഡിയുടെ പ്രിസ്ക്രിപ്ഷൻ കിട്ടാത്ത മലയാളികൾ കുറവാണ്. ഇതിനുപുറമെ ഡോക്ടർമാർ വൈറ്റമിൻ ഡി ടാബ്ലറ്റ് ഫാർമസിയിൽ നിന്ന് വാങ്ങി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഏഷ്യൻ വംശജരെ ഉപദേശിക്കാറുമുണ്ട്. വൈറ്റമിൻ ഡി നമുക്ക് പ്രധാനമായും ലഭിക്കുന്നത് സൂര്യപ്രകാശത്തിലൂടെയാണ്. എന്നാൽ മലയാളികൾ ഉൾപ്പെടുന്ന ഏഷ്യൻ വംശജരുടെ സ്കിന്നിന് വൈറ്റമിൻ ഡി ആഗിരണം ചെയ്യാനുള്ള കഴിവ് കുറവാണ്. അതുകൊണ്ട് സൂര്യ പ്രകാശം കുറഞ്ഞ യൂറോപ്യൻ രാജ്യങ്ങളിൽ വസിക്കുന്ന മലയാളികൾക്ക് വൈറ്റമിൻ ഡിയുടെ അഭാവവും, തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളും സാധാരണമാണ്. നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവർ പകൽസമയത്ത് ഉറങ്ങുന്നതിനാൽ വൈറ്റമിൻ ഡി യുടെ അഭാവം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. കോവിഡ് -19 ന് വൈറ്റമിൻ ഡിയുടെ അഭാവം ഉള്ളവരിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
ലോക്ക്ഡൗൺ സമയത്ത് കൂടുതൽ ആളുകളും വീടിനകത്ത് കഴിയുന്നതിനാൽ ശരീരത്തിൽ നിന്ന് വിറ്റാമിൻ ഡി നഷ്ടപ്പെട്ടിരിക്കാമെന്ന് ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. അതിനാൽ തന്നെ വിറ്റാമിൻ ഡി സപ്ലിമെന്റുകൾ ഉപയോഗിക്കുന്നത് പ്രയോജനം ചെയ്യും. സാധാരണഗതിയിൽ പുറത്ത് ജോലി ചെയ്യുമ്പോഴോ മറ്റോ സൂര്യപ്രകാശത്തിലൂടെയാണ് വിറ്റാമിൻ ഡി നമ്മുടെ ശരീരത്തിന് ലഭ്യമാകുന്നത് . എന്നാൽ ലോക്ക്ഡൗൺ സമയത്ത് വീട്ടിനുള്ളിൽ കഴിയുന്ന ആളുകൾ ഒരു ദിവസം 10 മൈക്രോഗ്രാം വിറ്റാമിൻ ഡി കഴിക്കുന്നത് പരിഗണിക്കണമെന്ന് എൻഎച്ച്എസ് നിർദ്ദേശിക്കുന്നു. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള ശൈത്യകാലത്ത് രാജ്യത്തെ ആളുകൾ വിറ്റാമിൻ ഡി സപ്ലിമെന്റുകൾ കഴിക്കണമെന്ന് നേരത്തെ തന്നെ എൻ എച്ച് എസ് ആവശ്യപ്പെട്ടിരുന്നു. അതേസമയം പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് വർഷം മുഴുവനും വിറ്റാമിൻ ഡി ശുപാർശ ചെയ്യുന്നുണ്ട്. ലോക്ക്ഡൗൺ കാലയളവിൽ സ്കോട്ടിഷ് , വെൽഷ് സർക്കാരുകളും നോർത്തേൺ അയർലണ്ടിലെ പബ്ലിക് ഹെൽത്ത് ഏജൻസിയും പൊതുജനങ്ങൾക്ക് സമാനമായ ഉപദേശം നൽകിയിട്ടുണ്ടായിരുന്നു.
ആരോഗ്യമുള്ള അസ്ഥികൾക്കും പല്ലുകൾക്കും പേശികൾക്കും വിറ്റാമിൻ ഡി പ്രധാനമാണ്. വിറ്റാമിൻ ഡിയുടെ അഭാവം കുട്ടികളിൽ റിക്കറ്റ്സ് എന്ന രോഗത്തിനും മുതിർന്നവരിൽ ഓസ്റ്റിയോമാലാസിയയ്ക്കും കാരണമാകും. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ വിറ്റാമിൻ ഡി പ്രധാന പങ്കുവഹിക്കുന്നു. ബിഎംജെ ന്യൂട്രീഷൻ, പ്രിവൻഷൻ ആൻഡ് ഹെൽത്തിലെ റിപ്പോർട്ട് അനുസരിച്ച് , “ഒരു പ്രധാന മൈക്രോ ന്യൂട്രിയന്റ് എന്ന നിലയിൽ വിറ്റാമിൻ ഡിക്ക് പ്രത്യേക പരിഗണന നൽകണമെന്ന് പറയുന്നു. കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന ഒന്നായിട്ടല്ല, മറിച്ചു ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിറ്റാമിൻ ഡി ഉപയോഗിക്കണം.
വിറ്റാമിൻ ഡി സപ്ലിമെന്റുകൾ എടുക്കാൻ ആഗ്രഹിക്കുന്നവർ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം. ഒന്ന് മുതൽ 10 വയസ്സുവരെയുള്ള കുട്ടികൾക്ക് ഒരു ദിവസം 50 മൈക്രോഗ്രാമിൽ കൂടുതൽ നൽകരുത്. ഒരു വയസ്സിന് താഴെ പ്രായമുള്ള ശിശുക്കൾക്ക് ഒരു ദിവസം 25 മൈക്രോഗ്രാമിൽ കൂടുതൽ നൽകരുത്. ഒപ്പം മുതിർന്നവർ ഒരു ദിവസം 100 മൈക്രോഗ്രാമിൽ കൂടുതൽ കഴിക്കുകയുമരുത്. പക്ഷെ വിറ്റാമിൻ ഡിയുടെ അഭാവം മൂലം രോഗികളായവർക്ക് ഡോക്ടർമാരുടെ നിർദേശപ്രകാരം കൂടുതൽ അളവിൽ സ്വീകരിക്കാം. വിറ്റാമിൻ ഡി സപ്ലിമെന്റുകൾ സൂപ്പർമാർക്കറ്റുകളിൽ നിന്നും വാങ്ങാൻ കഴിയും. ഭക്ഷണത്തിൽ നിന്ന് മാത്രം വിറ്റാമിൻ ഡി ലഭിക്കുന്നത് ബുദ്ധിമുട്ടാണ്. എങ്കിലും മുട്ട, മത്സ്യം, തൈര് തുടങ്ങിയവ ഉപയോഗിക്കുന്നത് ഒരു പരിധി വരെ വിറ്റാമിൻ ഡി ലഭിക്കുന്നതിന് സഹായിക്കും. ആരോഗ്യവിദഗ്ധർ നിർദേശിച്ച 10 മൈക്രോഗ്രാം വിറ്റാമിൻ ഡി ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ബാധകമാണ്.