Main News

റ്റിജി തോമസ്

യുകെയിലേയ്ക്കുള്ള മലയാളികളുടെ രണ്ടാംഘട്ട കുടിയേറ്റം പ്രധാനമായിട്ടും ആരംഭിക്കുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻെറ ആരംഭത്തിലാണ്. ആ കാലഘട്ടങ്ങളിൽ കുടിയേറിയിരിക്കുന്ന നൂറുകണക്കിന് മലയാളികളുടെ കുട്ടികൾ യൂണിവേഴ്സിറ്റി പഠനം പൂർത്തിയാക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. യുകെ പോലുള്ള രാജ്യങ്ങളിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്ക് ജോലി കിട്ടാൻ വലിയ ബുദ്ധിമുട്ടുകൾ സാധാരണഗതിയിൽ ഉണ്ടാകേണ്ടതില്ല. എന്നാൽ കോവിഡ് മൂലം തൊഴിൽ മേഖലയിൽ ഉണ്ടായിരിക്കുന്ന പ്രതിസന്ധി ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയിരിക്കുന്ന നൂറുകണക്കിന് വിദ്യാർഥികളുടെ ഭാവി അവതാളത്തിലാക്കിയിരിക്കുകയാണ്.

കോവിഡ് -19 മൂലം ഉടലെടുത്ത പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച ഒരു സമൂഹമാണ് വിദ്യാർഥികളുടെയും അധ്യാപകരുടെയും. ആഗോളതലത്തിൽ വിദ്യാർത്ഥികളെയും അധ്യാപകരെയും ഒന്നാകെ പിടിച്ചുകുലുക്കിയ സമാനമായ ഒരു സ്ഥിതിവിശേഷം ലോക ചരിത്രത്തിൽ തന്നെ ആദ്യമാണ്. കാരണം വ്യവസായ മേഖലയും, കാർഷികമേഖലയും, നിർമ്മാണ മേഖലയും മറ്റും ലോക്ക്‌ ഡൗണിനു മുമ്പുള്ള തൽസ്ഥിതി പുനസ്ഥാപിക്കപ്പെട്ടാലും വിദ്യാഭ്യാസമേഖല പരമ്പരാഗതമായ അധ്യായനത്തിലേയ്ക്ക് എന്ന് തിരിച്ചെത്തും എന്ന് ആർക്കും പ്രവചിക്കാൻ പറ്റാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ പകുതിയിലധികം ജോലിക്കാർക്ക് തൊഴിൽ നഷ്ടപ്പെടുമെന്നുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ ലോകാരോഗ്യസംഘടന പുറത്തുവിട്ടിരുന്നു. തൊഴിൽ മേഖലയിലെ ഈ പ്രതിസന്ധി പ്രത്യക്ഷമായോ പരോക്ഷമായോ ഏറ്റവും കൂടുതൽ ബാധിക്കുക അവസാന വർഷ വിദ്യാർത്ഥികളെ ആയിരിക്കും. ഇപ്പോൾ തന്നെ ക്യാമ്പസ് പ്ലേസ്മെന്റ് വഴി ലഭ്യമായ ജോലി നീട്ടി വയ്ക്കപ്പെട്ട അധ്യയനത്തിലൂടെയും പരീക്ഷകളിലൂടെയും നഷ്ടമാകാനാണ് സാധ്യത. ഇതിന് പുറമേയാണ് പല മൾട്ടിനാഷണൽ കമ്പനികളും ജോലിക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനെടുത്ത തീരുമാനം കൂടി പുറത്തു വന്നിരിക്കുന്നത്. വൻ സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയുടെ ദുരിതങ്ങളും ഏറ്റവും കൂടുതൽ ഏറ്റുവാങ്ങേണ്ടിവന്നത് ഇപ്പോൾ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉള്ള വിദ്യാർത്ഥികളെയായിരിക്കും. മാതാപിതാക്കളുടെ തൊഴിൽ നഷ്ടവും സാമ്പത്തിക പ്രതിസന്ധിയും മൂലം തുടർ വിദ്യാഭ്യാസത്തിന് എങ്ങനെ പണം കണ്ടെത്തുമെന്നുള്ള ആശങ്കയിലാണ് വിദ്യാർത്ഥികളിൽ പലരും.

ഓൺലൈൻ ക്ലാസുകൾ സ്കൂൾ തലത്തിലും കോളേജ് തലത്തിലും ആരംഭിക്കപ്പെട്ടു കഴിഞ്ഞു. തങ്ങളുടെ കുട്ടികൾക്ക് ഓൺലൈൻ സംവിധാനമൊരുക്കാൻ നെട്ടോട്ടമോടുകയാണ് മാതാപിതാക്കൾ. അധ്യാപക ദമ്പതികളാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തങ്ങൾക്കും കുട്ടികൾക്കും വെവ്വേറെ ഓൺലൈൻ സംവിധാനങ്ങൾ ഒരുക്കുന്ന തത്രപാടിലാണ് പല അധ്യാപകരും . ഈ സാഹചര്യം മുതലാക്കി ലാപ്ടോപ്, ടാബ് ലെറ്റ് തുടങ്ങിയവയ്ക്ക് വിലക്കയറ്റവും രൂക്ഷമായിട്ടുണ്ട്. ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഈ വിഷയങ്ങൾ പരിഹരിക്കാനുള്ള സത്വര നടപടികളാണ് അധ്യാപകരും വിദ്യാർത്ഥിസമൂഹവും ഉറ്റുനോക്കുന്നത്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : എല്ലാ പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്കും അവധിക്കാലം ആരംഭിക്കുന്നതിന് മുമ്പ് സ്കൂളിലേക്ക് മടങ്ങിവരാൻ സാധിക്കാത്തതിനാൽ പദ്ധതി പിൻവലിച്ചു സർക്കാർ. എന്നാൽ കഴിഞ്ഞ ആഴ്ച പഠനം ആരംഭിച്ച റിസപ്ഷൻ, ഇയർ വൺ, ഇയർ സിക്സ് വിദ്യാർത്ഥികൾക്ക് വേണ്ടി സ്കൂളുകൾ നേരത്തെ തീരുമാനിച്ചതുപോലെ തുറന്നു പ്രവർത്തിക്കുന്നതായിരിക്കും. പ്രൈമറി സ്കൂൾ തലത്തിലുള്ള മറ്റ് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ ഇനി മധ്യവേനലവധിക്ക് ശേഷം മാത്രം സ്കൂളുകളിലേക്ക് മടങ്ങേണ്ടതുള്ളു. പ്രൈമറി സ്കൂൾ വിദ്യാർത്ഥികളെ സ്കൂളിലേക്ക് പെട്ടെന്നുതന്നെ തിരികെകൊണ്ടുവരികയാണ് തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ കഴിഞ്ഞ മാസം പറയുകയുണ്ടായി. ജൂൺ ഒന്നിനുതന്നെ സ്കൂൾ തുറന്നുവെങ്കിലും എല്ലാ വിദ്യാർത്ഥികൾക്കും പഠനത്തിലേക്ക് തിരികെവരാൻ സാധിച്ചില്ല. എല്ലാ കുട്ടികൾക്കും സ്കൂളിലേക്ക് മടങ്ങിയെത്താൻ പ്രായോഗികമായ ബുദ്ധിമുട്ട് ഉണ്ടെന്ന് സർക്കാർ സമ്മതിച്ചു. അതിനാലാണ് വേനലവധിക്ക് മുമ്പ് എല്ലാ പ്രൈമറി വിദ്യാർത്ഥികളും മടങ്ങിവരണമെന്ന പദ്ധതി സർക്കാർ ഉപേക്ഷിച്ചത്. ഇംഗ്ലണ്ടിലെ സെക്കൻഡറി സ്കൂളുകൾ സെപ്റ്റംബർ വരെ ഇനി തുറന്നു പ്രവർത്തിക്കില്ലെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ഇന്നലെ അറിയിച്ചു. സെക്കൻഡറി സ്കൂളുകളെ സംബന്ധിച്ചിടത്തോളം സെപ്റ്റംബർ വരെ തുറക്കുന്നില്ല എന്നതാണ് നിലവിലെ പ്രവർത്തന പദ്ധതി എന്ന് അദ്ദേഹം പറഞ്ഞു. സ്കൂളുകൾ വീണ്ടും തുറക്കുമ്പോൾ രോഗം പടരുന്നത് നിരീക്ഷിക്കാൻ ഇംഗ്ലണ്ടിലുടനീളമുള്ള വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കൊറോണ വൈറസ് പരിശോധന ലഭിക്കുമെന്നും ഹാൻ‌കോക്ക് ഉറപ്പുനൽകി. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് മന്ത്രിസഭാ യോഗം ചേരും. സ്കൂളുകൾ വീണ്ടും തുറക്കുന്നതിനെക്കുറിച്ച് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ ഈ യോഗത്തിൽ കൂടുതൽ വിവരങ്ങൾ നൽകും.

സാമൂഹിക അകലം പാലിച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് ക്ലാസ്സ്‌ എടുക്കാൻ ബുദ്ധിമുട്ട് നേരിടുന്നു. ഒരു ക്ലാസ്സിൽ 15 വിദ്യാർത്ഥികൾ മാത്രമേ ഉണ്ടാകാൻ പാടുള്ളു എന്ന നിയമം നിലനിൽക്കുന്നതിനാൽ എല്ലാവർക്കും തിരികെ വരാൻ കഴിയുന്നതുമില്ല. ക്ലാസ്സ് മുറികളിലെ സ്ഥലക്കുറവ് ബുദ്ധിമുട്ടുളവാക്കുന്നുവെന്ന് അദ്ധ്യാപക യൂണിയനുകൾ നേരത്തെ അറിയിച്ചിരുന്നു. ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ കൊറോണ വൈറസ് ഭീഷണി കൈകാര്യം ചെയ്യുന്നതിന് പ്രത്യേക നിയമങ്ങളുണ്ട്. വേനൽക്കാല അവധി കഴിയുന്നത് വരെ തങ്ങളുടെ സ്കൂളുകൾ വ്യാപകമായി തുറക്കില്ലെന്ന് സ്കോട്ട്ലൻഡും നോർത്തേൺ അയർലൻഡും ഇതിനകം തന്നെ അറിയിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ സ്കൂളുകളിലേക്ക് എത്ര വിദ്യാർത്ഥികൾ തിരികെയെത്തിയെന്ന് ഗാവിൻസൺ അറിയിക്കും.

ഹെഡ് ടീച്ചേഴ്സ് യൂണിയൻ നേതാവ് ജെഫ് ബാർട്ടൻ ഈ മാറ്റത്തെ സ്വാഗതം ചെയ്തു. ചെറിയ ക്ലാസ്സ്മുറികളും സാമൂഹിക അകലം പാലിക്കലും നിലനിർത്തികൊണ്ട് പഠനം തുടരാൻ സാധിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. സ്കൂളുകൾ അടച്ചാൽ ഭൂരിഭാഗം വിദ്യാർത്ഥികൾക്കും ഈ വർഷം ക്ലാസിൽ അവരുടെ 40% സമയം നഷ്ടപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ബ്രിട്ടനിലെ പ്രതിദിന കോവിഡ് മരണങ്ങൾ പ്രീ-ലോക്ക്ഡൗൺ നിലയിലേക്ക് കുറയുന്നു. മാർച്ച്‌ 23ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണസംഖ്യയാണ് ഇന്നലത്തേത്. 55 മരണങ്ങൾ മാത്രമാണ് ഇന്നലെ രാജ്യത്ത് റിപ്പോർട്ട്‌ ചെയ്തത്. തുടർച്ചയായ രണ്ടാം ദിനത്തിലും സ്കോട് ലൻഡിലും നോർത്തേൺ അയർലൻഡിലും മരണങ്ങൾ ഒന്നുംതന്നെ രേഖപ്പെടുത്തിയില്ല. പുതിയ കേസുകളുടെ എണ്ണത്തിലും ഉണ്ടായ കുറവ് ആശ്വാസം പകരുന്നു.  1205 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ലോക്ക്ഡൗൺ ആരംഭിച്ച മാർച്ച്‌ 23ന് രാജ്യത്തെ കോവിഡ് മരണങ്ങൾ 74 ആയിരുന്നു. ലണ്ടൻ ആശുപത്രികളിൽ നിന്ന് തുടർച്ചയായ രണ്ടാം ദിവസവും പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും, വാരാന്ത്യത്തിൽ മരണമടഞ്ഞ കുറച്ചാളുകൾ ഉണ്ടെന്നും അടുത്ത ദിവസങ്ങളിൽ അവരെ കണക്കുകളിൽ ഉൾപ്പെടുത്തുമെന്നും എൻഎച്ച്എസ് ഇംഗ്ലണ്ട് പറഞ്ഞു. വൈറസ് പുനരുൽപ്പാദിപ്പിക്കുന്ന നിരക്ക് രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും ഒന്നിൽ താഴെയാണെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. വൈകല്യമുള്ള മുതിർന്നവരെ പരിപാലിക്കുന്ന 6,000 കെയർ ഹോമുകളിലെ എല്ലാ സ്റ്റാഫുകൾക്കും താമസക്കാർക്കും കൊറോണ വൈറസ് പരിശോധനകൾ ലഭ്യമാക്കുമെന്ന് ഹാൻ‌കോക്ക് അറിയിച്ചു.

അതേസമയം രാജ്യത്തെ അരലക്ഷത്തോളം ജീവനുകളെ മരണത്തിൽ നിന്നും രക്ഷിച്ചത് ‘ലോക്ക്ഡൗൺ’ എന്ന് ഗവേഷകർ വിലയിരുത്തി. കൊറോണ വൈറസിന്റെ രണ്ടാം വ്യാപനത്തെ തടയാൻ മുൻകരുതലുകൾ ആവശ്യമാണെന്ന് അവർ മുന്നറിയിപ്പ് നൽകി. പകർച്ചവ്യാധിയുടെ തുടക്കം മുതൽ മെയ് 4 വരെ യുകെയിൽ 29,000 മരണങ്ങൾ ഉണ്ടാകുമെന്ന് ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ഗവേഷകർ പ്രവചിച്ചിരുന്നു; യഥാർത്ഥ കണക്ക് 28,374 ആണ്. 11 യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഉൾപ്പെടുന്ന പഠനത്തിൽ കോവിഡ് -19 ന്റെ വ്യാപനം കുറയ്ക്കുന്നതിൽ ലോക്ക്ഡൗണുകൾ കാര്യമായ സ്വാധീനം ചെലുത്തിയെന്ന് കണ്ടെത്തി. ബ്രിട്ടനിൽ ലോക്ക്ഡൗണിന്റെ ഫലമായി 470,000 മരണങ്ങൾ മെയ് 4 വരെ ഒഴിവാക്കപ്പെട്ടുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

മറ്റ് രാജ്യങ്ങളിലാകെമൊത്തം 3 ദശലക്ഷത്തിലധികം ജീവൻ രക്ഷിക്കപ്പെട്ടുവെന്ന് അവർ വിശ്വസിക്കുന്നു. മാർച്ച് 2 നും മാർച്ച് 29 നും ഇടയിൽ മിക്ക യൂറോപ്യൻ രാജ്യങ്ങളും ലോക്ക്ഡൗൺ നടപടി സ്വീകരിച്ചു. യുകെ മാർച്ച് 23 മുതൽ ലോക്ക്ഡൗൺ നടപ്പിലാക്കിയിരുന്നു. യുകെ ഇപ്പോൾ ലോക്ക്ഡൗൺ ലഘൂകരിക്കാനുള്ള ശ്രമത്തിലാണ്. പക്ഷേ ഇപ്പോഴും രോഗം  ഒരു  ഭീഷണിയായി
നിലനിൽക്കുന്നെന്നും  എല്ലാ  നടപടികളും  ഉപേക്ഷിച്ചാൽ  രണ്ടാം ഘട്ട വ്യാപനത്തിന്റെ അപകടസാധ്യത വളരെ കുടുതലായിരിക്കുമെന്നും ഗവേഷകർ പറയുന്നു. യുകെ, ഓസ്ട്രിയ, ബെൽജിയം, ഡെൻമാർക്ക്, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, നോർവേ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ് എന്നീ 11 രാജ്യങ്ങളിലായി 12 മുതൽ 15 ദശലക്ഷം വരെ ആളുകൾക്ക് കോവിഡ് -19 ബാധിച്ചതായി ഗവേഷകർ വിലയിരുത്തി. അതായത് ജനസംഖ്യയുടെ 3.2% മുതൽ 4.0% വരെ. പ്രതിരോധ നടപടികൾ മൂലം പകർച്ചവ്യാധിയുടെ തുടക്കം മുതൽ 11 രാജ്യങ്ങളിലായി 3.1 ദശലക്ഷം മരണങ്ങൾ ഒഴിവായതായി ഗവേഷകർ കണക്കാക്കി.

സ്വന്തം ലേഖകൻ

71 കാരനായ പ്രിൻസ് ഓഫ് വെയിൽസ്, ബിർക് ഹാളിലെ തന്റെ സ്കോട്ടിഷ് ഹോമിൽ നിന്നാണ് വീഡിയോ പങ്കുവെച്ചത്. ഓൺലൈൻ അധ്യയനം നടത്താനായി പുതിയ സർഗാത്മകമായ വഴികൾ അവലംബിച്ച അധ്യാപകരെ അദ്ദേഹം അഭിനന്ദിച്ചു. കുട്ടികളെ വീട്ടിലിരുത്തി പഠിപ്പിക്കാൻ മനസ്സ് കാണിച്ച മാതാപിതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു. ലാപ്ടോപ്പോ, ഇന്റർനെറ്റ് കണക്ഷനോ ഇല്ലാതെ കുട്ടികളെ വീട്ടിലിരുത്തി പഠിപ്പിച്ചവരെ അദ്ദേഹം പ്രത്യകം പ്രശംസിക്കാൻ മറന്നില്ല. അദ്ദേഹം പേട്രൺ ആയ ചാരിറ്റി ടീച്ച് ഫസ്റ്റ്ന് വേണ്ടി സ്കോട് ലൻഡിലെ, ബിർക്ഹാൾ റെസിഡെൻസിൽ നിന്നാണ് അദ്ദേഹം വീഡിയോ സന്ദേശം അയച്ചിരിക്കുന്നത്.

“നമുക്കെല്ലാവർക്കും കഷ്ടതകൾ നിറഞ്ഞ സമയമാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്, എന്നാൽ യുവതലമുറയും കുടുംബങ്ങളും അതിനോട് താദാത്മ്യം പ്രാപിക്കാൻ എത്രമാത്രം ബുദ്ധിമുട്ടുന്നു എന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്. ലാപ്ടോപ്പോ, ഇന്റർനെറ്റ് സൗകര്യങ്ങളോ ഇല്ലാതെ ഹോം സ്കൂളിംഗ് നടത്തേണ്ടി വരിക എത്ര ബുദ്ധിമുട്ടാണ്, എന്നാൽ കുട്ടികൾക്ക് വേണ്ടി അത് ചെയ്ത ധാരാളം മാതാപിതാക്കളുണ്ട്, അധ്യാപകരും അവരുടെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് പരമാവധി ശ്രമിച്ചിട്ടുണ്ട് അവയൊക്കെ എടുത്തുപറയേണ്ടതാണ്. ദൂരെ ഇരുന്നു കൊണ്ട് കുട്ടികളോട് സംവദിക്കാൻ ക്രിയാത്മകമായ രീതികൾ അവർ അവലംബിച്ചിരുന്നു, തങ്ങളുടെ കുട്ടികളിൽ ആരും തന്നെ പട്ടിണികിടക്കുന്നില്ല എന്നും അവർ ഉറപ്പുവരുത്തുന്നുണ്ടായിരുന്നു. അവർക്കെല്ലാം നമ്മൾ ഹൃദയം നിറഞ്ഞ നന്ദി അർപ്പിക്കേണ്ടതുണ്ട് ” അദ്ദേഹം പറഞ്ഞു.

എല്ലാവർക്കും നല്ല വിദ്യാഭ്യാസം എന്നതാണ് ടീച്ച് ഫസ്റ്റ് ചാരിറ്റിയുടെ ലക്ഷ്യം. യുകെയിൽ ഉടനീളം ബുദ്ധിമുട്ടുകൾ നേരിടുന്ന സ്കൂളുകൾക്കും, പഠിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന കുട്ടികൾക്കും സഹായങ്ങൾ നൽകുക, സ്കൂളുകൾ ഏറ്റെടുത്ത് അധ്യാപകർക്കും വിദ്യാർത്ഥി പ്രതിനിധികൾക്കും പരിശീലനം നൽകുക തുടങ്ങിയവയാണ് അവരുടെ പ്രവർത്തനങ്ങൾ. എപ്പോഴത്തെക്കാളും കൂടുതൽ പ്രവർത്തനങ്ങൾ നടത്തേണ്ട സമയമാണിത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വന്തം ലേഖകൻ

ന്യൂസിലൻഡ് :- രാജ്യത്ത് പുതുതായി കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ ന്യൂസിലൻഡിലെ ലോക് ഡൗൺ പൂർണ്ണമായി പിൻവലിച്ചു. രാജ്യത്തെ കൊറോണ മുക്തമായി പ്രഖ്യാപിച്ച സമയം സന്തോഷംകൊണ്ട് താൻ നൃത്തംചെയ്തു പോയതായി പ്രധാനമന്ത്രി ജസീന്ത ആർഡൻ പറഞ്ഞു. ജനങ്ങൾ ഇനി സാമൂഹിക അകലം പാലിക്കേണ്ടതില്ല. എന്നാൽ വിദേശികൾക്കായി ഇതുവരെയും രാജ്യം തുറന്ന് നൽകിയിട്ടില്ല. മറ്റ് രാജ്യങ്ങളിൽ നിന്നും വരുന്ന ന്യൂസിലാന്റുകാർ 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമായും പാലിക്കണമെന്ന നിർദ്ദേശമുണ്ട്. ഈയൊരു വലിയ പ്രതിസന്ധിയിൽ നിന്നും കരകയറി വന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ന്യൂസിലാൻഡ്. ബ്രിട്ടൻ, അമേരിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾക്ക് ന്യൂസിലൻഡ് മാതൃകയായി മാറിയിരിക്കുകയാണ്.

അഞ്ച് മില്യൺ ജനങ്ങൾ മാത്രം താമസിക്കുന്ന ഒരു ഒറ്റപ്പെട്ട രാജ്യമാണ് ന്യൂസിലാൻഡ്. അതിനാൽ തന്നെ രാജ്യത്തിന്റെ അതിർത്തികൾ അടയ്ക്കുക വളരെ എളുപ്പമാണ്. രോഗം തുടങ്ങിയ സാഹചര്യത്തിൽ തന്നെ പ്രധാനമന്ത്രി ജസീന്ത ആർഡൻ അതിർത്തികൾ എല്ലാം തന്നെ അടക്കാനുള്ള നിർദ്ദേശങ്ങൾ നൽകിയിരുന്നു. അതോടൊപ്പം തന്നെ രോഗം തുടങ്ങിയ സാഹചര്യത്തിൽ തന്നെ, വളരെ ശക്തമായ ലോക്ക് ഡൗൺ നിയമങ്ങൾ പ്രധാനമന്ത്രി നടപ്പിലാക്കി.

ഇതോടൊപ്പം തന്നെ ജനങ്ങളെ വീടുകളിൽ തന്നെ ക്വാറന്റൈനിൽ കഴിയുന്നതിനു പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇതെല്ലാം രാജ്യത്തെ കോവിഡ് ബാധ പ്രതിരോധിക്കുവാൻ സഹായകരമായി. ഇപ്പോൾ മറ്റ് ലോകരാജ്യങ്ങൾക്ക് മുൻപിൽ തലയെടുപ്പോടെ നിൽക്കുകയാണ് ന്യൂസിലാൻഡ്.

സ്വന്തം ലേഖകൻ

ലണ്ടൻ : തൊഴിൽ നഷ്‌ടത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾക്ക് ശേഷം ഇംഗ്ലണ്ടിലെ പബ്ബുകൾക്കും റെസ്റ്റോറന്റുകൾക്കും ജൂണിൽ തന്നെ തുറന്ന് പ്രവർത്തിക്കാൻ കഴിയും. നേരത്തെ, ജൂലൈ 4 മുതൽ പബ്ബുകൾക്കും റെസ്റ്റോറന്റുകൾക്കും പ്രവർത്തനാനുമതി നൽകിയെങ്കിലും ജൂൺ 22 മുതൽ തുറന്ന് പ്രവർത്തിക്കണമെന്ന് മന്ത്രിമാർ താല്പര്യം പ്രകടിപ്പിച്ചു. രോഗവ്യാപനം കുറഞ്ഞതോടെ ലോക്ക്ഡൗണിൽ ധാരാളം ഇളവുകളാണ് പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നത്. രണ്ട് മീറ്റർ അകലം പാലിക്കുന്ന നിയമത്തിൽ ഇളവ് വരുത്തുന്നതിനൊപ്പം ചൊവ്വാഴ്ച ഈ വിഷയവും മന്ത്രിസഭ ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പബ്ബുകളും റെസ്റ്റോറന്റുകളും നേരത്തെ തുറക്കുന്നത് സ്വാഗതാർഹമാണെന്ന് ട്രേഡ് ബോഡി യുകെ ഹോസ്പിറ്റാലിറ്റി പറഞ്ഞു. എന്നാൽ സാമൂഹിക അകലം ലഘൂകരിക്കുന്നതാണ് ഇപ്പോൾ കൂടുതൽ പ്രധാനമെന്ന് അവർ അറിയിച്ചു. ചാൻസലർ റിഷി സുനക് ഉൾപ്പടെയുള്ള മന്ത്രിമാർ ഹോസ്പിറ്റാലിറ്റി മേഖലയെ കൂടുതൽ ഉയർത്തികൊണ്ടുവരുവാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നു. അതിനാൽ തന്നെ ഇളവുകളൊക്കെ പറഞ്ഞതിലും നേരത്തെ ഒഴിവാക്കാൻ സാധ്യതയുണ്ട്.

പബ്ബുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ തുടങ്ങിയവ വീണ്ടും തുറക്കാനുള്ള പദ്ധതി സ്വാഗതാർഹമാണെങ്കിലും ആഴ്ചകളോളം മരവിച്ചുകിടന്ന ഒരു മേഖല രണ്ടാഴ്ച കൊണ്ട് എങ്ങനെ തിരിച്ചുവരുമെന്ന് യുകെ ഹോസ്പിറ്റാലിറ്റി ചീഫ് എക്സിക്യൂട്ടീവ് കേറ്റ് നിക്കോൾസ് ചോദിച്ചു. സാമൂഹ്യ അകലം പാലിക്കൽ രണ്ട് മീറ്ററിൽ നിന്ന് ഒരു മീറ്ററായി കുറയ്ക്കുന്നത് വ്യവസായത്തിന്റെ നിലനിൽപ്പിന് വളരെ പ്രധാനമാണെന്ന് അവർ അറിയിച്ചു. നിയമപ്രകാരം രണ്ട് മീറ്റർ അകലം പാലിക്കുന്ന ഔട്ട്‌ലെറ്റുകൾക്ക് സാധാരണ വരുമാനത്തിന്റെ 30% വരുമാനം നേടാനാകുമെന്ന് യുകെ ഹോസ്പിറ്റാലിറ്റി കണക്കാക്കി. അതേസമയം ഒരു മീറ്റർ നിയമം നടപ്പിൽ വരികയാണെങ്കിൽ വരുമാനത്തിന്റെ 60-75 ശതമാനത്തോളം നേടാനാകും. നഗരത്തിലുള്ള പല പബ്ബുകളുടെയും ഔട്ട്‌ഡോർ ഇടങ്ങൾ നടപ്പാതകളാണെന്ന് മിസ് നിക്കോൾസ് ചൂണ്ടിക്കാട്ടി.

അതേസമയം ജൂലൈ മുതൽ ബ്രിട്ടീഷുകാർക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് അവധിക്കാലം ആഘോഷിക്കാൻ യാത്ര ചെയ്യാനുള്ള പദ്ധതി പ്രധാനമന്ത്രി ഒരുക്കുന്നു . ഇതിൽ ഏറ്റവും പ്രധാനം അവർക്ക് 14 ദിവസം ക്വാറന്റൈനിൽ കഴിയേണ്ടി വരില്ല എന്നതാണ്. 14 ദിവസത്തേക്ക് ക്വാറന്റൈനിൽ കഴിയാതെ ബ്രിട്ടീഷുകാർക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് പോകാൻ ഈയൊരു നടപടി സഹായിക്കും. എന്നാൽ കൊറോണ വൈറസിന്റെ രണ്ടാം വ്യാപനത്തിൽ നിന്ന് രക്ഷനേടാനുള്ള സർക്കാർ നടപടികൾ പ്രകാരം യുകെയിൽ എത്തുന്ന യാത്രക്കാർ ഇപ്പോൾ 14 ദിവസത്തേക്ക് സ്വയം ഒറ്റപ്പെടേണ്ടതുണ്ട്. ബന്ധപ്പെടാനുള്ള വിവരങ്ങൾ ഉൾപ്പെടെയുള്ള ഫോം യാത്രക്കാർ‌ പൂരിപ്പിച്ചു നൽകണം. അവർ‌ എവിടെ താമസിക്കുന്നുവെന്നത് ഉറപ്പാക്കുന്നതിന് ബോർ‌ഡർ‌ ഫോഴ്‌സ് ഓഫീസർ‌മാരെപ്പോലുള്ള ഉദ്യോഗസ്ഥർ‌ അന്വേഷണം നടത്തുകയും ചെയ്യും.

സ്വന്തം ലേഖകൻ

ബ്രിസ്റ്റോൾ : ജോർജ് ഫ്ലോയിഡ് മരണത്തിൽ രാജ്യത്ത് പ്രതിഷേധം ഉയരുകയാണ്. ഇന്നലെ നടന്ന പ്രക്ഷോഭത്തിനിടെ പതിനേഴാം നൂറ്റാണ്ടിലെ പ്രമുഖ അടിമക്കച്ചവടക്കാരനായ എഡ്വേർഡ് കോൾസ്റ്റണിന്റെ പ്രതിമ പൊളിച്ചു തുറമുഖത്തേക്ക് വലിച്ചെറിഞ്ഞു. വംശീയ വിരുദ്ധ പ്രക്ഷോഭകർ ബ്രിസ്റ്റലിൽ കോൾസ്റ്റണിന്റെ പ്രതിമ പൊളിച്ചത് തീർത്തും അപമാനകരമാണെന്ന് ആഭ്യന്തര സെക്രട്ടറി പറഞ്ഞു. വാരാന്ത്യത്തിലുടനീളം നടന്ന പ്രകടനങ്ങൾ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചിരുന്നു. ഞായറാഴ്ച വൈകുന്നേരം, സെൻട്രൽ ലണ്ടനിലെ പോലീസ് വെസ്റ്റ്മിൻസ്റ്റർ നഗരത്തിൽ നിന്ന് പ്രതിഷേധക്കാർ ഒഴിഞ്ഞുപോകുവാനുള്ള ഉത്തരവ് വരെ പുറപ്പെടുവിച്ചു. പ്രതിഷേധം ഗുണ്ടാസംഘം അട്ടിമറിച്ചതായി ബോറിസ് ജോൺസൺ ട്വീറ്റ് ചെയ്തു. ലണ്ടനിലും ബ്രിസ്റ്റോൾ, മാഞ്ചസ്റ്റർ, വോൾവർഹാംപ്ടൺ , നോട്ടിംഗ്ഹാം, ഗ്ലാസ്ഗോ , എഡിൻബർഗ് എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിലും ഇന്നലെ ആയിരക്കണക്കിന് പ്രതിഷേധക്കാർ ഒത്തുകൂടി. ലണ്ടനിൽ 12 അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

120 വർഷത്തിലേറെയായി നിലനിന്നിരുന്ന പ്രതിമ പൊളിച്ചുമാറ്റിയതിനെതിരെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ രംഗത്തെത്തി. പ്രതിമ പൊളിച്ചത് തീർത്തും അപമാനകരമാണെന്ന് പ്രീതി പട്ടേൽ വ്യക്തമാക്കി. 80,000 പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും ആഫ്രിക്കയിൽ നിന്ന് അമേരിക്കയിലേക്ക് കൊണ്ടുപോയ റോയൽ ആഫ്രിക്കൻ കമ്പനിയിലെ അംഗമായിരുന്നു കോൾസ്റ്റൺ. 1721-ൽ അദ്ദേഹത്തിന്റെ മരണശേഷം സ്വത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകി. അതിപ്പോഴും ബ്രിസ്റ്റോളിന്റെ തെരുവുകളിലും സ്മാരകങ്ങളിലും കെട്ടിടങ്ങളിലും തെളിഞ്ഞു കാണാം. പതിനേഴാം നൂറ്റാണ്ടിൽ അടിമക്കച്ചവടത്തിന്റെ പിൻബലത്തിൽ കോൾസ്റ്റൺ ധനം സമ്പാദിക്കുകയും പിന്നീട് അതുപയോഗിച്ച് ബ്രിസ്റ്റോളിലെ പാവപ്പെട്ടവർക്കായി സ്കൂളുകളും പള്ളികളും വീടുകളും നിർമ്മിച്ചു കൊടുക്കുകയും ചെയ്തിരുന്നു. ഏറെകാലമായി വിവാദം സൃഷ്ടിച്ച പ്രതിമ നീക്കം ചെയ്യാനുള്ള അപേക്ഷയിൽ 11,000 പേർ ഒപ്പു വച്ചിരുന്നു. പ്രതിമ താഴെയിറക്കിയ ശേഷം ആളുകൾ നിലത്ത് പ്ലക്കാർഡുകൾ സ്ഥാപിക്കുകയും “നീതിയില്ല, സമാധാനമില്ല”, “ബ്ലാക്ക് ലൈവ്സ് മാറ്റർ” എന്ന് ആക്രോശിക്കുകയും ചെയ്തു. പ്രതിമ താഴെയിറക്കിയ ശേഷം അതിന്റെ കഴുത്തിൽ പ്രതിഷേധക്കാർ കാൽമുട്ടുകൊണ്ട് അമർത്തി; അമേരിക്കയിലെ സംഭവം ഓർമിപ്പിക്കും വിധം.

%3

സ്വന്തം ലേഖകൻ

കൊറോണ വൈറസ് മഹാമാരി മൂലമുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ഒന്നൊന്നായി പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. കോവിഡ് 19 ലോക്ക്ഡൗൺ കാലത്ത് ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന രോഗികളും പ്രായമായവരും മരണപ്പെടുകയും, അയൽക്കാരോ ബന്ധുക്കളോ അത് സമയത്ത് തിരിച്ചറിയാതെ പോവുകയും, മൃതദേഹം ചീഞ്ഞളിഞ്ഞു തുടങ്ങുകയും ചെയ്ത ധാരാളം കേസുകൾ യുകെയിൽ റിപ്പോർട്ട് ചെയ്തു. ഇങ്ങനെയുള്ളവരെ കുറെനാൾ കാണാതെ ആകുമ്പോൾ മാത്രമാണ് അയൽക്കാരോ ബന്ധുക്കളോ പോലീസിനെയും ആംബുലൻസിനെയും വിവരം അറിയിക്കുന്നത്, അപ്പോഴേക്കും മൃതദേഹം അഴുകി തുടങ്ങിയിരിക്കും. കുടുംബവുമായി ബന്ധമില്ലാത്തവരോ ഉപേക്ഷിക്കപ്പെട്ടവരോ ആയ മനോരോഗികളും വൃദ്ധരും ആണ് ഇങ്ങനെ മരിക്കുന്നവരിൽ അധികവും. ഇവരിൽ പലരും രോഗം മൂർച്ഛിച്ച് തുടങ്ങിയാലും ആശുപത്രിയിൽ പോകാത്തവരും മറ്റ് ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കാത്തവരുമായിരിക്കും.

ലണ്ടനിലെ സീനിയർ പത്തോളജിസ്റ്റും റോയൽ കോളേജ് ഓഫ് പാത്തോളജിസ്റ്, ഡെത്ത് ഇൻവെസ്റ്റിഗേഷൻ ചെയർമാനുമായ ഡോക്ടർ മൈക് ഒസ്ബോൻ പറയുന്നു ” ആരോരുമറിയാതെ രോഗശയ്യയിൽ മരിച്ച് 7 മുതൽ 14 ദിവസം വരെ മൃതശരീരം തിരിച്ചറിയാതെ അനാഥമാക്കപ്പെട്ട നിലയിലുള്ള കേസുകൾ അനവധിയാണ്. മൃതദേഹങ്ങൾ അഴുകി തുടങ്ങുന്നു എന്നത് പോസ്റ്റ്മോർട്ടത്തിലൂടെ മരണകാരണം തിരിച്ചറിയുന്നതിന് തടസ്സമാകുന്നു. അതിൽ മിക്കതും കോവിഡ് 19 ബാധിച്ചുള്ള മരണങ്ങൾ ആയിരിക്കും. മാർച്ച് ഏപ്രിൽ മെയ് തുടങ്ങിയ മാസങ്ങളിൽ ഇത്തരം ഡസൻകണക്കിന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ബന്ധുക്കളോടൊപ്പമോ ഒറ്റയ്ക്കോ താമസിച്ചിരുന്ന വ്യക്തികൾ ഇങ്ങനെ അനാഥമായി മരണപ്പെടുന്ന കേസുകൾ എഴുനൂറിലധികം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ എല്ലാ കേസുകളും ഇത്തരത്തിൽ വൈറസ് ബാധമൂലമാണെന്ന് ഉറപ്പിക്കാൻ കഴിയില്ല, മറ്റു കാരണങ്ങൾ മൂലവും മരണങ്ങൾ സംഭവിച്ചിരിക്കാം. മരണപ്പെട്ടവരിൽ പലരും അടിയന്തര വൈദ്യ സഹായം ആവശ്യപ്പെടാൻ കഴിയാത്ത നിലയിൽ ഹാർട്ട് അറ്റാക്കോ സ്ട്രോക്കോ വന്നവരാണ്. പ്രായം ആകാതെ മരണപ്പെട്ടവർ ആകട്ടെ ഷിസോഫ്രീനിയ, ഡിപ്രഷൻ പോലെയുള്ള മാനസിക രോഗങ്ങൾക്ക് ചികിത്സ തേടുന്നവരാണ്. ഒറ്റപ്പെടൽ മൂലം മരണപ്പെടാൻ ഉള്ള സാധ്യതയും കുറവല്ലെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നത്.

ഈ ലോക്ക്ഡൗൺ കാലത്ത് ജി പി കളും എൻ എച്ച് എസ് പ്രവർത്തകരും ഇത്തരത്തിലുള്ളവരുടെ വീടുകളിലെത്തി സന്നദ്ധ സേവനം നൽകിയിരുന്നു, എന്നിരുന്നാലും അവരുടെ ശ്രദ്ധയിൽ പെടാതെ പോകുന്ന കേസുകളാണ് ഇത്തരത്തിൽ പുറംലോകം അറിയാതെ പോകുന്നത്.

സ്വന്തം ലേഖകൻ

ലണ്ടൻ : ബ്രിട്ടനിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ജൂലൈ മാസത്തോടെ യുകെ സാധാരണ നിലയിലേക്ക് മടങ്ങണമെന്ന് ജോൺസൺ ആഗ്രഹിക്കുന്നു. ലോക്ക്ഡൗൺ ഇനിയും നീട്ടികൊണ്ടുപോയാൽ 3,500,000 ജോലികൾ അപകടത്തിലാകാമെന്ന് അറിയിച്ചതിനെത്തുടർന്നാണ് നിയന്ത്രണങ്ങൾ ഒഴിവാക്കാനുള്ള തീരുമാനം അദ്ദേഹം കൈക്കൊള്ളുന്നത്. വേനൽക്കാലത്ത് ഹോസ്പിറ്റാലിറ്റി മേഖല വീണ്ടും തുറക്കുന്നത് പരാജയപ്പെട്ടാൽ 3.5 ദശലക്ഷം തൊഴിലുകൾ നഷ്ടമാകുമെന്ന് ബിസിനസ് സെക്രട്ടറി അലോക് ശർമ മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച രാത്രി ചാൻസലർ റിഷി സുനക്കുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സമ്പദ്‌വ്യവസ്ഥ പഴയ സ്ഥിതിയിലാക്കുന്നതിനുള്ള പ്രധാന നടപടികളിൽ ജോൺസൻ ഒപ്പുവച്ചു. ശവസംസ്കാരത്തിനും വിവാഹത്തിനും ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ അടുത്ത മാസം ആദ്യം ഒഴിവാക്കും. ഒപ്പം പബ്ബുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവയ്ക്ക് ജൂലൈ 4 മുതൽ പ്രവർത്തനാനുമതി ലഭിക്കും. രാജ്യത്തെ ആർ നിരക്ക് ഉയർന്നതായി ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടും നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് ഇന്ന് രാവിലെ പിന്തുണച്ചു.

ജൂലൈ 28നകം അവധിക്കാല യാത്രാ നടപടികൾ സുരക്ഷിതമാക്കാൻ ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്‌സിനോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പുതിയ ആശുപത്രികൾ പണിയുവാനും റോഡുകൾ നിർമിക്കുവാനും ജോൺസൻ പദ്ധതിയിടുന്നുണ്ട്. പദ്ധതികളുടെ ഒരു രൂപരേഖ വരും ആഴ്ചയിൽ ജോൺസൻ പുറത്തുവിടുമെന്ന് സൺ‌ഡേ ടെലിഗ്രാഫ് റിപ്പോർട്ട്‌ ചെയ്‌തു. ശൈത്യകാലം വീണ്ടും ആരംഭിക്കുന്നതിനുമുമ്പ് എൻ‌എച്ച്‌എസിന്റെ പ്രതിരോധം വർദ്ധിപ്പിക്കുന്നതിനായി ഡോക്ടർമാർക്കും നഴ്‌സുമാർക്കും വേണ്ടിയുള്ള റിക്രൂട്ട്‌മെന്റ് ക്യാമ്പെയ്‌നുകൾ വേഗത്തിൽ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ആരാധനാലയങ്ങൾ ജൂൺ 15 മുതൽ വ്യക്തിഗത പ്രാത്ഥനകൾക്കായി ഉപയോഗിക്കാം. കൂടിചേർന്നുള്ള ആരാധനയ്ക്ക് അനുമതിയില്ല. എല്ലാ കടകളും ജൂൺ 15 മുതൽ തുറന്ന് പ്രവർത്തിക്കും. നിയന്ത്രണങ്ങൾ ലഘൂകരിക്കുന്ന നടപടിയെപറ്റി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് വിശദീകരിക്കുകയുണ്ടായി. നിയമങ്ങളിൽ കൂടുതൽ ഇളവ് വരുത്തുന്നതിനായി സർക്കാർ വളരെ ജാഗ്രതയോടെയും സുരക്ഷയോടെയും കൂടിയ സമീപനം സ്വീകരിക്കുമെന്ന് ഹാൻ‌കോക്ക് പറഞ്ഞു. ഈ രോഗത്തിനെതിരായ പോരാട്ടത്തിൽ യുകെ വിജയിക്കുകയാണെന്നും അതിനാൽ ചില നിയന്ത്രണങ്ങൾ ഒഴിവാക്കാൻ സർക്കാർ നിർബന്ധിതമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഏറ്റവും നല്ല മാർഗം രണ്ടാം ഘട്ട വ്യാപനത്തിനുള്ള സാധ്യത ഇല്ലാതാക്കുക എന്നതാണെന്ന് ഹാൻകോക്ക് അറിയിച്ചു.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൊറോണ കാലത്ത് വീടുകളിൽ കഴിയുന്ന ജനങ്ങൾക്ക് പുത്തനുണർവ് നൽകുവാൻ വിവിധ മത്സരങ്ങളുമായി സഭാനേതൃത്വങ്ങൾ മുന്നോട്ടു വന്നിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ബർമിങ്ഹാമിലെ ക്നാനായ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ ഒരു ഓൺലൈൻ ഫോട്ടോ കോമ്പറ്റീഷൻ നടത്തി. പരമ്പരാഗത രീതിയിലുള്ള ക്രിസ്ത്യൻ വേഷം ധരിച്ചു കുടുംബ ഫോട്ടോകളാണ് ഈ മത്സരത്തിന് അയക്കേണ്ടിയിരുന്നത്.

ഈ മത്സരത്തിലെ വിജയികളെ സഭാനേതൃത്വം പ്രഖ്യാപിച്ചിരിക്കുകയാണ്. ക്നാനായ അസോസിയേഷനിലെ അംഗമായ ബിജു മടുക്കക്കുഴിക്കും കുടുംബത്തിനുമാണ് ഒന്നാം സ്ഥാനം ലഭിച്ചത്. രണ്ടാം സ്ഥാനത്തിന് തുല്യ പോയിന്റോടുകൂടി രണ്ട് കുടുംബങ്ങൾ അർഹമായതിനാൽ ഇരുവർക്കും സമ്മാനം നൽകുവാൻ അസോസിയേഷൻ തീരുമാനിച്ചു. സിറിയക്ക് ചാഴിക്കാട്ടിനും കുടുംബത്തിനും, അഭിലാഷ് മയിലപ്പറമ്പിലിനും കുടുംബത്തിനുമാണ് രണ്ടാംസ്ഥാനം ലഭിച്ചത്. മൂന്നാം സ്ഥാനത്തിന് അർഹരായവർക്ക് ചെറിയ പോയിന്റ് വ്യത്യാസത്തെ സമ്മാനം നഷ്ടമായി. എന്നാൽ ഇവർക്ക് കൺസലേഷൻ പ്രൈസ് ലഭിച്ചു. സണ്ണി തറപ്പേലും കുടുംബവുമാണ് ഈ സമ്മാനത്തിന് അർഹരായത്.

ജോൺ മുളയിങ്കലും കുടുംബവുമാണ് ഒന്നാം സമ്മാനം സ്പോൺസർ ചെയ്തത്. രേഖ തോമസ് പാലക്കനും കുടുംബവുമാണ് രണ്ടാം സമ്മാനം സ്പോൺസർ ചെയ്തത്. സമ്മാനം സ്പോൺസർ ചെയ്ത ഇരുവർക്കും ബിർമിങ്ഹാം ക്നാനായ കാത്തലിക് അസോസിയേഷൻ നന്ദി രേഖപ്പെടുത്തി.

ഫാദർ മാത്യു കണ്ണാലയിലും, ഫാദർ ജീവൻ പറയിടിലുമാണ് വിധികർത്താക്കൾ ആയിരുന്നത്. മത്സരത്തിൽ പങ്കെടുത്ത എല്ലാവരോടുമുള്ള നന്ദി സെക്രട്ടറി സിനു തോമസ് അറിയിച്ചു.

RECENT POSTS
Copyright © . All rights reserved