സ്വന്തം ലേഖകൻ
ഇലക്ഷൻ പരിപൂർണ്ണമായി അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്നും, തന്റെ അവകാശവാദങ്ങൾ പരിപൂർണ്ണമായി തള്ളപ്പെട്ടേക്കാം എന്ന വസ്തുത തനിക്ക് അറിയാം എന്നും, പക്ഷേ തനിക്ക് പറയാതിരിക്കാനാവില്ല എന്നുമാണ് 46 മിനിറ്റ് വരുന്ന, ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ ട്രംപ് പറയുന്നത്. താനിതുവരെ നൽകിയിട്ടുള്ളതിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ട പ്രസംഗമാണ് ഇതന്നും അദ്ദേഹം വാദിക്കുന്നു. മിക്ക സ്റ്റേറ്റുകളിലും അട്ടിമറി വിജയമാണ് നടന്നിരിക്കുന്നത്. എത്ര കൂട്ടികിഴിച്ചിട്ടും കണക്കുകൾ ശരിയാവുന്നില്ല. ജോ ബൈഡൻ ഇലക്ഷനിൽ കള്ളത്തരം കാണിച്ചു എന്നുള്ളത് പകൽ പോലെ സത്യമാണ്.ട്രംപ് പറഞ്ഞു.
നിരവധി പ്രദേശങ്ങളിലെ കണക്കുകൾ ഉയർത്തിക്കാട്ടിയും താരതമ്യം ചെയ്തുമാണ് ട്രംപ് വാദിക്കുന്നത്. വലിയ സിറ്റികളിൽ അഴിമതി നടന്നതായും, കൂടുതൽ ഡെമോക്രാറ്റിക് വോട്ടുകൾ ബൈഡന് പോയതായും ട്രംപ് ആരോപിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ അറ്റോർണി ജനറലോ, പാനലിൽ ഉള്ള ജഡ്ജസൊ ഇക്കാര്യം സമ്മതിക്കുന്നില്ല. വോട്ടിംഗ് മെഷീനിൽ കള്ളത്തരം നടന്നതായും, മരിച്ചുപോയ ഒരുപാട് ആൾക്കാർ വോട്ട് ചെയ്തതായും, ഇലക്ഷൻ കേന്ദ്രങ്ങളിൽ അട്ടിമറി നടന്നതായും ട്രംപ് തുടർച്ചയായി വാദിക്കുന്നു.

“ഇത്തവണത്തെ ഇലക്ഷൻ കീഴ്മേൽ മറിഞ്ഞതാണ്, എനിക്കതറിയാം, ജനങ്ങൾക്കതറിയാം, മാധ്യമങ്ങൾക്ക് പോലും അതറിയാം. എനിക്ക് തോൽക്കുന്നത് പ്രശ്നമില്ല, പക്ഷേ ആ തോൽവിയിൽ ഒരു സത്യം വേണം. അമേരിക്കക്കാരിൽ നിന്ന് പിടിച്ചു പറിച്ചു നേടിയ വിജയമാണിത്. അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്, ട്രംപ് തുടരുന്നു.
വീഡിയോയുടെ തുടക്കത്തിൽ തന്നെ ആദ്യത്തെ മൂന്നു മിനിറ്റിൽ അഞ്ചിടങ്ങളിലായി എഡിറ്റിംഗ് ഭാഗങ്ങൾ മുഴച്ചു നിൽക്കുന്നതായി കാണാൻ സാധിക്കും. യുഎസ് ഗവൺമെന്റ്ന്റെ ശക്തി കേന്ദ്രത്തിൽനിന്ന് ഷൂട്ട് ചെയ്ത വീഡിയോയുടെ യാതൊരു നിലവാരവും ട്രംപിന്റെ വീഡിയോ പുലർത്തിയിട്ടില്ല. ബുധനാഴ്ചയോടെ ബൈഡന്റെ വോട്ടുകൾ 81 മില്യൺ കടന്നിരുന്നു. 6 മില്യൺ എന്ന വ്യക്തമായ ഭൂരിപക്ഷത്തിലാണ് ബൈഡൻ 306 ഇലക്ടറൽ കോളേജുകൾ പിടിച്ചടക്കിയിരിക്കുന്നത്.

അതേസമയം ഇലക്ഷൻ പരിപൂർണ ദുരന്തമായിരുന്നു എന്നും ചിലയിടങ്ങളിൽ പ്രവർത്തനം നിലച്ച വോട്ടിങ് മെഷീനുകൾ പെട്ടെന്ന് എതിർ സ്ഥാനാർത്ഥിക്ക് വളരെയധികം വോട്ടുകൾ രേഖപ്പെടുത്തിക്കൊണ്ട് പ്രവർത്തനം പുനരാരംഭിച്ചുവെന്നും ട്രംപ് ആരോപിക്കുന്നു. കോടതിയിൽ നിന്നും നിയമപരമായ സഹായം അഭ്യർത്ഥിച്ചു കൊണ്ടാണ് ട്രംപ് വീഡിയോ അവസാനിപ്പിക്കുന്നത്. നിയുക്ത പ്രസിഡന്റിന് നേരെ തുടർച്ചയായ ആരോപണങ്ങൾ പടച്ചുവിടാനും ട്രംപ് മടിക്കുന്നില്ല.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
95 ശതമാനം ഫലപ്രാപ്തി അവകാശപ്പെടുന്ന ഫൈസർ വാക്സിന് അനുമതി നൽകിയ ലോകത്തെ തന്നെ ആദ്യ രാജ്യമായി യുകെ മാറി. ഇതോടെ യുകെയിൽ ഉടൻതന്നെ വാക്‌സിൻ വിതരണം സാധ്യമാകും. ആദ്യഘട്ട വിതരണത്തിനുള്ള വാക്‌സിനുകൾ യുകെയിലേയ്ക്ക് അയച്ചു കഴിഞ്ഞുവെന്ന് ഫൈസറിൻെറ വക്താവ് പറഞ്ഞു. അടുത്ത ഘട്ടത്തിൽ വിതരണത്തിനുള്ള 8 ലക്ഷം ഡോസുകൾ ഉടൻതന്നെ അയക്കും എന്നാണ് അറിയാൻ കഴിഞ്ഞത്.

വാക്സിൻ വിതരണത്തിൻെറ ഭാഗമായി എൻഎച്ച്എസ് ഉടൻതന്നെ ആളുകളുമായി ബന്ധപ്പെടുമെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. കെയർ ഹോമുകളിലെ അന്തേവാസികളും ജീവനക്കാരും, ആരോഗ്യപ്രവർത്തകരും, 80 വയസ്സിന് മുകളിൽ പ്രായമുള്ളവരും ആണ് പ്രതിരോധകുത്തിവയ്പ്പ് എടുക്കാനുള്ള മുൻഗണനാ പട്ടികയിൽ ഉള്ളത്. ഫൈസർ വാക്സിൻ മൈനസ് 70 ഡിഗ്രി സെൽഷ്യസിൽ സംഭരിക്കേണ്ടി വരുന്നത് വാക്സിൻ വിതരണം നേരിടുന്ന പ്രതിസന്ധിയാണ്. അതുകൊണ്ടുതന്നെ മൈനസ് 70 ഡിഗ്രി സെൽഷ്യസ് സംഭരിക്കാൻ സൗകര്യമുള്ള ആശുപത്രികളിലൂടെയാവും പ്രതിരോധ കുത്തിവെയ്പ്പ് നടപ്പിലാക്കുക.

വളരെയേറെ വാക്‌സിനുകൾ പരീക്ഷണത്തിൻെറ വിവിധ ഘട്ടങ്ങളിൽ ഉണ്ടെങ്കിലും ഏറ്റവും ആദ്യം യാഥാർഥ്യമായത് ഫൈസർ വാക്‌സിനാണ്. സാധാരണയായി വാക്‌സിൻ വികസിപ്പിക്കുക എന്നത് വർഷങ്ങളുടെ സമയമെടുക്കുന്ന പ്രക്രീയയാണ്. എന്നാൽ ഫൈസർ വാക്‌സിൻ വികസിപ്പിക്കുന്നതിനും പരീക്ഷണങ്ങൾക്കുമായി10 മാസമേ എടുത്തുള്ളൂ എന്നത് അഭിമാനിക്കുന്ന നേട്ടമായി ചൂണ്ടികാണിക്കപ്പെടുന്നു. യുകെ ഇതിനകം 40 ദശലക്ഷം ഡോസ് ഫൈസർ വാക്‌സിൻ ഓർഡർ ചെയ്തിട്ടുണ്ട്. ഇതുകൊണ്ട് 20 ദശലക്ഷം ആൾക്കാർക്ക് വാക്‌സിനേഷൻ നൽകാൻ സാധിക്കും. പ്രതിരോധ കുത്തിവെയ്പ്പിലൂടെ നേടിയെടുക്കുന്ന സംരക്ഷണം രാജ്യത്തെ സാധാരണനിലയിലേയ്ക്ക് എത്തിക്കുകയും സമ്പദ് വ്യവസ്ഥയെ വീണ്ടെടുക്കാൻ സഹായിക്കുകയും ചെയ്യും എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അഭിപ്രായപ്പെട്ടു.
ഓക്‌സ്‌ഫോര്‍ഡ് മലയാളികൾക്ക് വേദന നൽകി മറ്റൊരു മലയാളി നഴ്‌സ് കൂടി മരണമടഞ്ഞു. പാല സ്വദേശിനിയായ ആലീസ് എബ്രഹാം തുരുത്തിയിൽ (57) ആണ് ഇന്നലെ ഉച്ചക്ക് ശേഷം അപ്രതീക്ഷിതമായി മരണമടഞ്ഞത്. ഓക്‌സ്‌ഫോര്‍ഡിൽ താമസിക്കുന്ന ആലീസ് എബ്രഹാമിന്റെ മരണവാർത്ത മലയാളി സമൂഹത്തിന് ഞെട്ടൽ ആണ് സമ്മാനിച്ചിരിക്കുന്നത്.
ആലീസിന്റെ മരണവാര്‍ത്തയറിഞ്ഞ മലയാളി സമൂഹവും, ഒപ്പം ജോലി ചെയ്യുന്ന സഹപ്രവർത്തകരും ഇപ്പോഴും വാര്‍ത്ത ഉള്‍ക്കൊള്ളാനാവാതെ കഴിയുകയാണ്. ഓക്‌സ്‌ഫോര്‍ഡ് ജോണ്‍ റാഡ് ക്ലിഫ് ഹോസ്പിറ്റലില്‍ മെഡിക്കല്‍ വാര്‍ഡില്‍ ജോലി ചെയ്തു വന്ന അലീസ് ഇന്നലെയാണ് താമസിച്ചിരുന്ന വീട്ടിലെ ടോയ്‌ലെറ്റില്‍ ബോധരഹിതയായി വീണത്.
രണ്ട് ദിവസമായി ശാരീരിക അസ്വസ്തകളുമായി കഴിയുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. തുടര്‍ന്ന് ഹോസ്പിറ്റലില്‍ പോകാനായി ഇരിക്കുമ്പോള്‍ ആയിരുന്നു അപ്രതീക്ഷിത മരണമെത്തിയത്.
ആലീസ് എബ്രഹാമിൻെറ അകാല വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതനുസരിച്ച് പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
യു കെ :- ബുധനാഴ്ച മുതൽ ഇംഗ്ലണ്ടിൽ ശക്തമായ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് അനുകൂലിച്ച് എംപിമാർ. 291 എംപിമാർ അനുകൂലിച്ചപ്പോൾ,78 പേർ മാത്രമാണ് തീരുമാനത്തെ എതിർത്ത് വോട്ട് ചെയ്തത്. എന്നാൽ കൺസർവേറ്റീവ് പാർട്ടിയിലെ തന്നെ 55 എംപിമാർ തീരുമാനത്തെ എതിർത്ത് വോട്ട് ചെയ്തത് ബോറിസ് ജോൺസന്റെ ഗവൺമെന്റിന് ഏറ്റ തിരിച്ചടിയാണ്. അതോടൊപ്പം തന്നെ 16 കൺസർവേറ്റീവ് എംപിമാർ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അവസാനിക്കുമ്പോൾ ആയിരിക്കും പുതിയ കോവിഡ് പ്രോട്ടോകോൾ നിലവിൽ വരുക. ത്രിതല സംവിധാനത്തിലുള്ള പ്രോട്ടോകോൾ ആണ് രാജ്യത്തുടനീളം നിലവിൽ വരുക. ഇംഗ്ലണ്ടിൽ രണ്ടാമത്തെ ലെവലിൽ ഉള്ള നിയന്ത്രണങ്ങൾ ആയിരിക്കും നടപ്പിലാക്കുക.

കുടുംബങ്ങൾ തമ്മിലുള്ള കൂടിച്ചേരൽ രണ്ടാമത്തെ ലെവലിൽ അനുവദനീയമല്ല. ഇത്തരത്തിൽ തുടർച്ചയായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുമെന്നാണ് കൺസർവേറ്റീവ് പാർട്ടിയിലെ തന്നെ ചില എംപിമാർ ആരോപിക്കുന്നത്. ഗവൺമെന്റിനെതിരെ നിലകൊള്ളുന്നതിൽ വളരെയധികം വിഷമം ഉണ്ടെന്ന് കൺസർവേറ്റീവ് എം പി മാർക്ക് ഹാർപ്പർ പറഞ്ഞു. ജനങ്ങളെ പരിഗണിക്കാതെയാണ് ഗവൺമെന്റ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് മുൻ ക്യാബിനറ്റ് മിനിസ്റ്റർ ഡാമിയൻ ഗ്രീൻ ആരോപിച്ചു. എന്നാൽ രാജ്യത്ത് വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത് തടയാനാണ് ഇത്തരത്തിലൊരു കോവിഡ് പ്രോട്ടോകോൾ നടപ്പിലാക്കുന്നതെന്ന് ഫോറിൻ സെക്രട്ടറി ഡൊമിനിക് ക്രാബ് വ്യക്തമാക്കി.

ലേബർ പാർട്ടി എംപിമാർ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. നിയന്ത്രണങ്ങൾ ആവശ്യമാണെങ്കിലും, പുതിയ കോവിഡ് പ്രോട്ടോക്കോൾ ഫലപ്രദം ആകുമെന്ന് കരുതുന്നില്ലെന്ന് സർ കീൻ സ്റ്റാർമർ വ്യക്തമാക്കി. പാർലമെന്റ് ചർച്ചകൾ അവസാനിപ്പിച്ച് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വികാരഭരിതനായി. തനിക്ക് ഏറ്റവും പ്രിയപ്പെട്ട മുത്തശ്ശനെയാണ് തനിക്ക് കോവിഡ് കാലത്ത് നഷ്ടമായതെന്ന് അദ്ദേഹം ഓർമ്മപുതുക്കി. കോവിഡ് നിയന്ത്രണങ്ങളില്ലാതെ തുടർന്നാൽ, ഇതുപോലെ എല്ലാവർക്കും തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടം ആകാനുള്ള സാധ്യത അധികമാണ്. അതിനാൽ തന്നെ ജനങ്ങൾ എല്ലാവരും നിയന്ത്രണങ്ങൾ പാലിക്കണമെന്ന നിർദ്ദേശമാണ് അദ്ദേഹം നൽകിയത്.
സ്വന്തം ലേഖകൻ
യു കെ :- കുടുംബാംഗങ്ങളോടുള്ള ഒത്തുചേരൽ ഇല്ലാതെ ആദ്യമായി ക്രിസ്മസ് ആഘോഷിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ് എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും. വിൻഡ്‌സെർ കാസ്റ്റിലിലാണ് ഇത്തവണ ഇരുവരുടെയും ആഘോഷങ്ങൾ. സാധാരണയായി കുടുംബാംഗങ്ങൾ എല്ലാവരും കൂടെ ഒത്തുചേർന്ന് നോർഫോക്കിലെ സാന്റിൻഗ്രാം കാസ്റ്റിലിൽ ആയിരുന്നു ഇരുവരുടെയും ക്രിസ്മസ് ആഘോഷങ്ങൾ. എന്നാൽ പതിവിന് വിപരീതമായി, ആഘോഷങ്ങൾ അധികം ഇല്ലാതെ ആണ് ഇരുവരുടെയും ഇത്തവണത്തെ ക്രിസ്മസ്. ഒക്ടോബർ മുതൽ ഇരുവരും വിൻഡ്സെർ കാസ്റ്റിലിൽ ആണ് താമസിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ അനുവദിച്ചിരിക്കുന്ന ഇളവുകൾ ദുരുപയോഗം ചെയ്യുവാൻ കുടുംബം ആഗ്രഹിക്കുന്നില്ല എന്നതാണ് ഇത്തവണ ആഘോഷങ്ങൾ വേണ്ടന്ന് വെക്കുന്നതിനുള്ള കാരണം.

1949 ന് ശേഷം ആദ്യമായാണ് ഇരുവരും തനിയെ ക്രിസ്മസ് ആഘോഷിക്കുന്നത്. ചാൾസ് രാജകുമാരന്റെയും ഭാര്യയുടെയും ക്രിസ്മസ് ആഘോഷങ്ങൾ ഗ്ലോസസ്റ്റർഷെയറിലെ ഹൈഗ്രോവിലാണ്. വിവിധ കുടുംബങ്ങളിൽ നിന്നുള്ള ആറ് പേർക്ക് വരെ പരമാവധി കൂടിച്ചേരാൻ ഉള്ള അനുവാദമാണ് കോവിഡ് പ്രോട്ടോകോൾ അനുവദിക്കുന്നത്. ഇത്തവണത്തെ ക്രിസ്മസ് സർവീസിന് എലിസബത്ത് രാജ്ഞി എത്തില്ല എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പകരം രാജകൊട്ടാരത്തിലെ പ്രൈവറ്റ് ചാപ്പലിൽ ആയിരിക്കും ഇത്തവണ രാജിയുടെ ക്രിസ്മസ് സർവീസ്. കോവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം രാജ്ഞി കൈക്കൊണ്ടത് എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്.

സാധാരണയായി നൽകുന്ന ക്രിസ്മസ് സമ്മാനങ്ങൾ റോയൽ സ്റ്റാഫിന് ഇത്തവണ കോവിഡ് മൂലം ഉണ്ടാവുകയില്ല. കൊട്ടാരത്തിന് ഔദ്യോഗിക ക്രിസ്മസ് പാർട്ടിയും ഇത്തവണ ഉണ്ടാവുകയില്ല.
സ്വന്തം ലേഖകൻ
യുകെയിലെ പ്രശസ്തമായ മോഡലിങ് ഏജൻസിയുടെ തലവനായ റോബ് വിൽസൺ ആണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ബിസിനസ് ആവശ്യങ്ങൾക്കായി ക്ലബ്ബുകളും മാളുകളും ഹോട്ടലുകളും പ്ലേ ഗ്രൗണ്ടുകളും, സമാനമായ വിനോദ കേന്ദ്രങ്ങളും ദുബായിൽ തുറന്നിട്ടുണ്ട്. മില്യൺ കണക്കിന് ആസ്തിയുള്ളസമ്പന്നരും, മോഡലുകളും സുഖജീവിതം നയിക്കാനും, യുകെ നൽകുന്ന കോവിഡ് നിയന്ത്രണങ്ങളിൽ നിന്ന് രക്ഷപ്പെടാനുമായി ചേക്കേറുന്ന ഇടമാണ് ഇപ്പോൾ ദുബായ്. യുകെ യുമായി വ്യോമഗതാഗത ഇടനാഴി പങ്കിടുന്ന യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ലോകത്തിലെ ഏറ്റവും മികച്ചതും ആഡംബര പൂർണവുമായ അതിഥി സൽക്കാരം ഒരുക്കുന്ന രാജ്യങ്ങളിലൊന്നാണ്. അതോടൊപ്പം ശൈത്യകാലത്ത് ബ്രിട്ടീഷുകാർക്ക് കൂടുതൽ പ്രിയങ്കരമാവുന്ന കാലാവസ്ഥയാണ് അവിടെയിപ്പോൾ. സുഖലോലുപതകൾ നിറഞ്ഞ ജീവിതത്തിനായി എത്ര പണവും മുടക്കാൻ തയ്യാറുള്ളവരാണ് ഇത്തരത്തിൽ എത്തിയിരിക്കുന്നത്.

പൊതു വിനോദ സ്ഥാപനങ്ങളിൽ എല്ലാം നൃത്തം പോലെ ഇടകലർന്നുള്ള ആഘോഷങ്ങളൊക്കെ ഒഴിവാക്കിയിരിക്കുകയാണെങ്കിലും ബീച്ച് ഫ്രണ്ട് റിസോർട്ടുകളിൽ ആഡംബരപൂർണമായ ഭക്ഷണവും സ്റ്റേജ് ഷോകളും അനുവദിച്ചിട്ടുണ്ട്. യൂറോമില്ല്യൺസ് ജേതാവായ ജെയിൻ പാർക്ക് സിറ്റിയുടെ തീരത്തു നിന്നും മാറി വലിയ ആഡംബര കപ്പലിൽ തന്റെ ഇരുപത്തഞ്ചാം പിറന്നാൾ ആഘോഷിച്ചത് വാർത്തയായിരുന്നു. 2013 ൽ ഒരു മില്യൺ പൗണ്ട് നേടിയ എഡിൻബർഗ് സോഷ്യലൈറ്റ് ഇത്തരത്തിൽ എടുത്ത സെൽഫികളും കൂട്ടുകാരോടൊപ്പം നൃത്തംചെയ്യുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. സമാനമായ രീതിയിൽ മിക്ക സെലിബ്രെറ്റികളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സും നവംബർ തുടക്കംമുതൽ ദുബായിൽ ജീവിതം ആസ്വദിക്കുകയാണ്.

ക്ലബ്ബുകളും, ഹോട്ടലുകളും റസ്റ്റോറന്റ് കളും കോവിഡ് മാനദണ്ഡം അനുസരിച്ചാണ് പ്രവർത്തിക്കുന്നത്,ഡിജെകൾക്കും നൃത്തവേദികൾക്കും പകരം ലൈവ് ഷോകളാണ് നൽകുന്നത്. സാമൂഹിക അകലം നിർബന്ധമായും പാലിക്കണം. ഇപ്പോൾ മാലിദ്വീപ്സിലും ദുബായിലും ആണ് ബ്രിട്ടീഷുകാർക്ക് പെട്ടെന്ന് ലഭ്യമാകുന്ന രീതിയിൽ ആഡംബര ജീവിതം നയിക്കാൻ സാധിക്കുന്നത്. മിനിമം പതിനായിരം പൗണ്ടെങ്കിലും ചെലവഴിക്കാൻ കഴിയുന്നവർക്ക് വിഐപി പരിചരണമാണ് ലഭിക്കുക എന്ന് ഫോമോ മോഡലിങ് ഏജൻസിയുടെ സ്ഥാപകനായ വിൽസൺ പറയുന്നു. ടാലന്റ് സെർചിനായി ദുബായിൽ എത്തിയപ്പോഴാണ് 36 കാരനായ ഇദ്ദേഹം ഇത്തരത്തിലുള്ള ജീവിതശൈലി മനസ്സിലാക്കിയത്.
യുകെയിൽ നിന്ന് ദുബായിൽ എത്തുന്നവർ യാത്രയ്ക്ക് മുൻപ് കോവിഡ് ടെസ്റ്റ് ചെയ്തിരിക്കണം, അല്ലാത്തവർക്ക് ദുബായ് എയർപോർട്ടിലും ടെസ്റ്റിംഗ് സൗകര്യം ലഭ്യമാണ്. ഹോട്ടലുകൾ ഉൾപ്പെടെ, പൊതുസ്ഥലങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കണം. നവംബർ 12 മുതൽ ദുബായിൽനിന്ന് തിരിച്ചെത്തുന്ന യാത്രക്കാർക്ക് യുകെയിൽ നിർബന്ധിത ക്വാറന്റൈനിൽ പ്രവേശിക്കേണ്ടതില്ല. ഏപ്രിൽ മുതൽ യു എ ഇ യിൽ മിക്കവാറും ഹോസ്പിറ്റലിറ്റി കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
യു കെ :- ബ്രെക്സിറ്റിന് ശേഷമുള്ള പുതിയ നിയമങ്ങൾ അനുസരിച്ച് വിദേശികൾക്ക് ബ്രിട്ടനിലേക്കുള്ള വിസ ആപ്ലിക്കേഷനുകൾ ആരംഭിച്ചിരിക്കുകയാണ്. പുതിയ ഇമിഗ്രേഷൻ നിയമങ്ങൾ ലളിതമാണെന്ന ഉറപ്പാണ് മന്ത്രിമാർ നൽകുന്നത്. ജനുവരി ഒന്നുമുതൽ ബ്രിട്ടനിൽ ജോലി ചെയ്യുന്നതിനായി, എല്ലാ വിദേശികളും വിസക്ക് അപേക്ഷിക്കേണ്ടതായി വരും. യൂറോപ്യൻ യൂണിയനിൽ നിന്നുള്ളവർക്കും പുതിയ ഇമിഗ്രേഷൻ നിയമങ്ങൾ ബാധകമാകും. ഈ മാസം 31 ഓടുകൂടി ബ്രിട്ടനിൽ നിന്നും യൂറോപ്യൻ യൂണിയനിലേക്കുള്ള സ്വതന്ത്ര സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാകും. ഈ വർഷം ആദ്യം തന്നെ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് വിട്ടുപോന്നിരുന്നെങ്കിലും, പുതിയ നിയമങ്ങൾ 11 മാസം നീണ്ടുനിന്ന പരിവർത്തന കാലഘട്ടത്തിൽ നടപ്പിലാക്കിയിരുന്നില്ല. ഇത് സംബന്ധിച്ച് യൂറോപ്യൻ യൂണിയനുമായി ബ്രിട്ടൻ കരാറിലേർപ്പെട്ടിരുന്നതിനാലാണ് പഴയ നിയമങ്ങൾ തന്നെ നിലനിന്നിരുന്നത്.

യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളെല്ലാം അടങ്ങുന്ന വ്യാപാര കരാറിൽ നിന്നും ബ്രിട്ടൻ പിൻവലിയുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതോടൊപ്പംതന്നെ ബ്രിട്ടനിലെ തുറമുഖങ്ങളിലൂടെയുള്ള കൈമാറ്റം നിരീക്ഷിക്കുന്നതിനായി പുതിയ ബോർഡർ ഓപ്പറേഷൻ സെന്റർ കൊണ്ടുവരുവാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി പുതിയ സോഫ്റ്റ്‌വെയറും മറ്റും ഉപയോഗപ്പെടുത്തുമെന്ന് ക്യാബിനറ്റ് മിനിസ്റ്റർ മൈക്കൽ ഗോവ് അറിയിച്ചു. വ്യാപാര കരാറിൽ യൂറോപ്യൻ യൂണിയനുമായുള്ള ചർച്ചകൾ പുരോഗമിച്ചു വരികയാണ്.

ഇതോടൊപ്പംതന്നെ ഓൺലൈൻ വിസ ആപ്ലിക്കേഷനുകൾ ബ്രിട്ടൻ ആരംഭിച്ചിരിക്കുകയാണ്. പോയിന്റ് ബേസ്ഡ് സിസ്റ്റം അനുസരിച്ചായിരിക്കും ഇനിമുതൽ ബ്രിട്ടണിൽ വിസ ലഭ്യമാവുക. 610 പൗണ്ട് മുതൽ 1408 പൗണ്ട് വരെ ആകും ആപ്ലിക്കേഷന് ചെലവാകുന്ന തുക എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വിസയ്ക്കായി അപേക്ഷിക്കുന്നവർ ആവശ്യമായ തുക ബാങ്ക് നിക്ഷേപം ഉള്ളവരും ആയിരിക്കണം. അപേക്ഷിച്ചതിനുശേഷം മൂന്നാഴ്ചയ്ക്കുള്ളിൽ മാത്രമേ അപേക്ഷകർക്ക് വിവരം അറിയുവാൻ സാധിക്കുകയുള്ളൂ. പുതിയ എമിഗ്രേഷൻ നിയമങ്ങൾ ജനങ്ങളെ സഹായിക്കുന്നതാണെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേൽ വ്യക്തമാക്കി.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : കോവിഡ് മഹാമാരിയെ തുടർന്ന് ഈ വർഷം മാർച്ച് മുതൽ ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ നിർത്തിവച്ചിരുന്നു. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം 2021 ഏപ്രിൽ വരെ ഈ നിരോധനം തുടർന്നേക്കും. എന്നാൽ എയർ ഇന്ത്യ / ബ്രിട്ടീഷ് എയർവേയ്‌സ് എയർ ബബിൾ വിമാനങ്ങൾ നേരത്തെ പറഞ്ഞ സമയപ്പട്ടിക അനുസരിച്ചു പ്രവർത്തിക്കും. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന ആർക്കും എയർ ഇന്ത്യയിലൂടെയോ ബ്രിട്ടീഷ് എയർവേയ്‌സിലൂടെയോ ഇരുവശത്തേക്കുമുള്ള യാത്രകൾ ബുക്ക് ചെയ്യാൻ സാധിക്കും. ഡയറക്റ്റ് ഫ്ലൈറ്റുകൾക്ക് കോവിഡ് ടെസ്റ്റ് ആവശ്യമില്ല. അതുപോലെ ഡൊമസ്റ്റിക്ക് ട്രാൻസിസ്റ്റ് 2 വ്യത്യസ്ത എയർലൈനുകളിൽ അനുവദിക്കുകയില്ല.
കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്കായി 3 ഡയറക്റ്റ് ഫ്ലൈറ്റുകൾ എല്ലാ ആഴ്ചയും എയർ ഇന്ത്യ ഒരുക്കുന്നുണ്ട്. ലണ്ടനിൽ നിന്ന് കൊച്ചിയിലേക്കാണ് ഈ ഫ്ലൈറ്റുകൾ. ലണ്ടനിൽ നിന്നുള്ള വിമാനങ്ങൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ പുറപ്പെടും. കൊച്ചിയിൽ നിന്ന് ലണ്ടനിലേക്കുള്ള വിമാനങ്ങൾ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ആവും ഉണ്ടാവുക. പ്രധാനമായും ശ്രദ്ധിക്കേണ്ടത്, 2 വ്യത്യസ്ത എയർലൈനുകളിലൂടെ കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിലേക്ക് ബുക്ക് ചെയ്യാൻ ശ്രമിക്കരുത്. കാരണം ഡൽഹിയിലോ മുംബൈയിലോ എത്തിയാൽ അവിടുന്ന് കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള യാത്ര തടസപ്പെടും. യാത്രയ്ക്ക് മുമ്പ് ക്വാറന്റീനിൽ കഴിയാൻ അവർ നിങ്ങളോട് ആവശ്യപ്പെടും. എയർ ഇന്ത്യയൊ ബ്രിട്ടീഷ് എയർവെയ്സോ ആണ് ബുക്ക് ചെയ്യുന്നതെന്ന് ഉറപ്പുവരുത്തുക.
ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർക്കും ഒസിഐ കാർഡുള്ളവർക്കും യാത്ര ചെയ്യാം. ടൂറിസ്റ്റ് വിസകൾ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. നിലവിലുള്ള ടൂറിസ്റ്റ് വിസ ഉപയോഗിച്ച് യാത്ര ചെയ്യാൻ സാധിക്കില്ല. നിങ്ങൾ ഒരു ഒസിഐ ഹോൾഡർ അല്ലെങ്കിൽ വേഗം തന്നെ ഹൈ കമ്മിഷനിൽ നിന്നോ കോൺസുലേറ്റിൽ നിന്നോ എമർജൻസി വിസ നേടുക. ട്രാവൽ ഏജന്റ് വഴിയോ ഡയറക്റ്റ് ആയോ നിങ്ങൾക്ക് എയർ ഇന്ത്യ, ബ്രിട്ടീഷ് എയർവേയ്‌സ് ഫ്ലൈറ്റുകൾ ബുക്ക് ചെയ്യാം. അതിനായി രണ്ട് ഫോമുകൾ പൂരിപ്പിക്കേണ്ടതുണ്ട്.
1. ഇന്ത്യൻ ഹൈ കമ്മീഷനിൽ നിന്നുള്ള പ്രീ ഡിപ്പാർച്ചർ ഫോം. ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം താഴെ നൽകിയിരിക്കുന്ന ഫോം പെട്ടെന്നുതന്നെ പൂരിപ്പിക്കുക. നിങ്ങൾ സമർപ്പിച്ച ഫോമിന്റെ കോപ്പി ലഭിക്കും. അത് എയർപോർട്ടിൽ കാണിച്ചാൽ മതിയാവും.
https://docs.google.com/forms/d/e/1FAIpQLScJ4YG8EXWELiyajS3lHVSUpOKkCTW2s95ghuUG_9jiy6merg/viewform
2. യാത്രക്കാരന്റെ സാക്ഷ്യപത്രം – ഫോം പൂരിപ്പിച്ചു രണ്ട് കോപ്പികൾ കൈവശം വയ്ക്കുക. താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റിൽ നിന്ന് ഫോം പ്രിന്റ് ചെയ്ത് എടുക്കാവുന്നതുമാണ്.
ക്വാറന്റീൻ നിയമങ്ങൾക്കായി നാല് നിർദേശങ്ങൾ നിലവിലുണ്ട്.
1. 14 ദിവസം ഹോം ക്വാറന്റീൻ
2. 7 ദിവസം ഹോം ക്വാറന്റീൻ, അതിനു ശേഷം ടെസ്റ്റ് നെഗറ്റീവ് ആയാൽ തുടർന്ന് ക്വാറന്റീൻ ആവശ്യമില്ല.
3. കൊച്ചി എയർപോർട്ടിൽ കോവിഡ് ടെസ്റ്റ്. 10 മണിക്കൂറിനുള്ളിൽ നിങ്ങളുടെ പരിശോധനാ ഫലം ഇമെയിൽ ചെയ്യുന്നതാണ്. ഇതുമായി ലോക്കൽ ഹെൽത്ത് ഇൻസ്‌പെക്ടറെ ബന്ധപ്പെടുക.
4. നെഗറ്റീവ് ടെസ്റ്റ് റിസൾട്ട് ലഭിച്ച ശേഷം താഴെ നൽകിയിരിക്കുന്ന പോർട്ടലിലൂടെ ക്വാറന്റീൻ ഒഴിവാക്കാൻ ആവശ്യപ്പെടാം. എന്നാൽ ഈ മാർഗം അത്ര എളുപ്പമല്ല എന്നുകൂടി ഓർക്കുക.
https://www.newdelhiairport.in/airsuvidha/covid-19-exemption-international-passenger
തിരിച്ചുള്ള യാതയ്ക്കായി താഴെ കൊടുത്തിരിക്കുന്ന ഫോം പൂരിപ്പിക്കുക. യുകെയിൽ എത്തുന്നതിനു 48 മണിക്കൂറുകൾക്കുള്ളിൽ പൂരിപ്പിക്കുവാൻ ശ്രദ്ധിക്കുക.
https://www.gov.uk/provide-journey-contact-details-before-travel-uk
ഈ അവസ്ഥയിൽ പുറപ്പെടുന്നതിന് മൂന്നു മണിക്കൂർ മുമ്പെങ്കിലും റിപ്പോർട്ട് ചെയ്യാൻ ശ്രദ്ധിക്കുക.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
യുകെയിൽ കോവിഡ് വാക്സിൻ എത്തിയാലുടൻ പരമാവധി ആൾക്കാർക്ക് പ്രതിരോധ കുത്തിവെയ്പ്പ് നടത്താനുള്ള ശ്രമങ്ങളുമായി ഗവൺമെൻറ് മുന്നോട്ടു പോകുകയാണ്. ഇതിനിടെ വാക്സിനേഷനെകുറിച്ച് തെറ്റായ പ്രചരണങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ബാറുകൾ, സിനിമ തീയറ്ററുകൾ, കായിക മത്സര വേദികൾ തുടങ്ങി പൊതുഇടങ്ങളിൽ കോവിഡ് വാക്സിൻ സ്വീകരിക്കാത്തവർക്ക് പ്രവേശനം നിഷേധിക്കപ്പെടും എന്ന മുന്നറിയിപ്പ് മന്ത്രി നാദിം സഹാവി നടത്തിയത്. ഇംഗ്ലണ്ടിൽ വാക്‌സിൻ വിതരണം ഏകോപിപ്പിക്കാനുള്ള ചുമതല സഹാവിക്ക് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ബോറിസ് ജോൺസൺ നൽകിയിരുന്നു.

കോവിഡ് വാക്സിൻ വിതരണത്തിൻെറ ചുമതലയുള്ള മന്ത്രിയായി സ്ഥാനം ഏറ്റെടുത്തതിനു ശേഷം നടന്ന അഭിമുഖത്തിൽ എൻഎച്ച്എസ് കോവിഡ് ആപ്പിൽ വ്യക്തികളുടെ വിവരങ്ങളുടെ കൂട്ടത്തിൽ വാക്‌സിനേഷനെകുറിച്ചുള്ള വിവരങ്ങളും ഉൾപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ നേരിട്ടിരുന്നു. വിമാനത്തിലും മറ്റു പൊതുഗതാഗത സംവിധാനങ്ങളും ഉപയോഗിക്കുന്നതിന് കോവിഡ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് നൽകേണ്ടതായി വന്നേക്കാം. ഏഴോളം കൊറോണവൈറസ് വാക്സിനുകളുടെ 357 ദശലക്ഷം ഡോസുകൾ ആദ്യം തന്നെ ലഭ്യമാക്കാനുള്ള നടപടികൾ യുകെ എടുത്തിരുന്നു.

വാക്‌സിൻ സ്വീകരിക്കുന്നതാണ് നമ്മൾക്കും കുടുംബത്തിനും രാജ്യത്തിനും സാധാരണ നിലയിലേയ്ക്കുള്ള മടങ്ങിവരവിനുള്ള ഏകമാർഗ്ഗമെന്ന് സഹാവി പറഞ്ഞു. ഇതിനിടെ ലോക്ക്ഡൗണിന് ശേഷമുള്ള നിയന്ത്രണങ്ങളെ കുറിച്ച് എംപിമാർക്കുള്ള അഭിപ്രായം ഇന്ന് രേഖപ്പെടുത്തും. നിയന്ത്രണങ്ങളിൽ കടുത്ത എതിർപ്പാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നേരിടുന്നത്.
ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം
ബ്രസീൽ :- ബ്രസീലിലെ ആമസോൺ മഴക്കാടുകളിൽ വനനശീകരണം വർധിച്ചുവരികയാണെന്ന് പുതിയ റിപ്പോർട്ടുകൾ. ബ്രസീൽ നാഷണൽ സ്പേസ് ഏജൻസിയായിരിക്കുന്ന ഇൻപേ ആണ് റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്. 2008 ന് ശേഷം ഇപ്പോഴാണ് വനനശീകരണം ഇത്രയധികം വർദ്ധിച്ചു വരുന്നത്. 2019 ഓഗസ്റ്റ് മാസം മുതൽ 2020 ജൂലൈ വരെയുള്ള കാലഘട്ടത്തിൽ മാത്രം 11,088 സ്‌ക്വയർ കിലോമീറ്റർ വനമേഖലയാണ് നശിപ്പിക്കപ്പെട്ടത് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 9.5 ശതമാനം വർധനവാണ് ഇത്. ആഗോളതാപനത്തെ തടഞ്ഞുനിർത്തുന്നതിൽ ആമസോൺ മഴക്കാടുകൾക്കുള്ള പങ്ക് വളരെ വലുതാണ്. അതിനാൽ തന്നെ ദ്രുതഗതിയിലുള്ള ഈ വനനശീകരണം പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തന്നെ ഇല്ലാതാക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. 2019 ജനുവരിയിൽ ബ്രസീലിയൻ പ്രസിഡന്റായി ജെയിൻ ബോൾസോനാരോ സ്ഥാനമേറ്റതിനുശേഷമാണ് ആമസോൺ മഴക്കാടുകളുടെ നശീകരണം ദ്രുതഗതിയിൽ ആയതെന്ന് ശാസ്ത്രജ്ഞർ കുറ്റപ്പെടുത്തുന്നു.

പുതിയ പ്രസിഡന്റ് ആമസോൺ മഴക്കാടുകളിൽ കൃഷി ചെയ്യുന്നതിനും, ഖനനം നടത്തുന്നതിനും അനുമതി നൽകിയിരുന്നു. ഇതാണ് വനമേഖലയുടെ നശീകരണം വേഗത്തിലാക്കിയത് എന്നാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. ഏകദേശം മൂന്ന് മില്യനോളം വിവിധതരത്തിലുള്ള സസ്യങ്ങളുടെയും, ജീവജാലങ്ങളുടെയും വാസസ്ഥലമാണ് ആമസോൺ മഴക്കാടുകൾ. ഇത് സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ അടുത്തവർഷം മാത്രമേ പുറത്തു വരികയുള്ളൂ.

പ്രകൃതിയെ ചൂഷണം ചെയ്യുന്ന കർഷകരെ പിടിക്കാൻ അധികാരമുള്ള ഫെഡറൽ ഏജൻസിക്കുള്ള ഫണ്ടിങ്ങും പുതിയ പ്രസിഡണ്ട് വെട്ടിക്കുറച്ചിരുന്നു. റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്ന നാഷണൽ സ്പേസ് ഏജൻസിക്കെതിരെയും പ്രസിഡന്റ് രംഗത്തെത്തിയിട്ടുണ്ട്. ലോകരാജ്യങ്ങൾക്ക് മുൻപിൽ ബ്രസീലിനെ തരംതാഴ്ത്തുക മാത്രമാണ് ഏജൻസിയുടെ ലക്ഷ്യം എന്ന് പ്രസിഡന്റ് ആരോപിച്ചു. എന്നാൽ റിപ്പോർട്ടുകൾ തെറ്റാണെന്നും, വനനശീകരണം കുറയ്ക്കുന്നതിൽ സർക്കാർ വിജയം കൈവരിച്ചെന്നുമാണ് ഔദ്യോഗിക റിപ്പോർട്ടുകൾ.