Spiritual

കെന്റിലെ ആഷ്ഫോർഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റ് അത്താനാസിയോസ് യാക്കോബായ സുറിയാനി ഓർത്തഡോൿസ്‌ പള്ളിയുടെ വാർഷിക പെരുന്നാളും വിശുദ്ധ പത്രോസ് പൗലോസ് സ്ലീഹന്മാരുടെയും പരിശുദ്ധ തോമാ സ്ലീഹായുടെയും, മോർ കുര്യാക്കോസ് സഹദായുടെയും ഓർമ പെരുന്നാളും ഭക്തി നിർഭരമായ ചടങ്ങുകളോടെ 2022 ജൂലൈ മാസം 16,17 തീയതികളിൽ നടത്തപ്പെടും.

യുകെ ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ മാത്യൂസ് മോർ അന്തിമോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ ജൂലൈ 16 നു വൈകിട്ട് 6.30 നു സന്ധ്യപ്രാർത്ഥനയോടുകൂടി പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് യൂത്ത് അസോസിയേഷൻ, മർത്തമറിയം വനിതാ സമാജം സൺ‌ഡേ സ്കൂൾ എന്നിവയുടെ സംയുക്ത വാർഷിക ആഘോഷവും അതിനോടാനുബന്ധിച്ചുള്ള കലാ പരിപാടികളും തുടർന്ന് സ്നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്. ഇടവക വികാരി ഫാ. ജോൺസൻ പീറ്ററിന്റെ നേതൃത്വത്തിൽ തിരുമേനിക്കുള്ള വിപുലമായ സ്വീകരണവും ക്രമീകരിച്ചിട്ടുണ്ട്.

മുഖ്യ പെരുന്നാൾ ദിനമായ ജൂലൈ 17 നു 1.00pm പ്രഭാത പ്രാർത്ഥനയും വിശുദ്ധ കുർബാനയും അഭിവന്ദ്യ മെത്രാപോലീത്ത മാത്യൂസ് മോർ അന്തിമോസ് തിരുമേനി അർപ്പിക്കുന്നതായിക്കും. തുടർന്ന് ആഘോഷമായ പ്രദക്ഷിണവും, ലേലവും, നേർച്ച സദ്യയും നടത്തപ്പെടുന്നത്തോട് കൂടി പെരുന്നാൾ ആഘോഷങ്ങൾക്ക് പരിസമാപ്തി കുറിക്കും.

പരിശുദ്ധ അന്ത്യോക്യാ പാത്രിയാർക്കീസ് മോറാൻ മോർ ഇഗ്നാതിയോസ് അഫ്രേം ദ്വിതിയൻ ബാവയുടെയും, യുകെ ഭദ്രസന കൌൺസിൽന്റെയും ഇടവക മെത്രാപോലീത്ത മാത്യൂസ് മോർ അന്തിമോസ് തിരുമേനിയുടെയും ആശിർവാടത്തോട് കൂടി 2021 ജൂലൈ മാസം ആരംഭിച്ച ആഷ്ഫോർഡ് ഇടവക ഇന്ന് ഒരു വർഷം പിന്നിടുമ്പോൾ 50 ഓളം കുടുംബങ്ങളുടെ കൂട്ടായ്മയായി വളർന്നു എന്നത് ശ്രദ്ധേയമാണ്. എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്ചകളിൽ സെന്റ് മേരി ദ വിർജിൻ ചർച് വിലസ്‌ബോറോ പള്ളിയിൽ വച്ചു വിശുദ്ധ കുർബാന നടത്തി വരുന്നു.

ഈ ഇടവകയുടെ വളർച്ചയിൽ പങ്കു വഹിച്ച ഏവരോടും ഇടവക വികാരി ഫാ. ജോൺസൻ പീറ്റർ ഈ അവസരത്തിൽ നന്ദി അറിയിച്ചിട്ടുണ്ട്. ആഘോഷമായി നടത്തപ്പെടുന്ന ഈ പെരുന്നാളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുനതായി ഇടവക ട്രസ്റ്റി മനോജ്‌ ജോൺസൻ, സെക്രട്ടറി സാം മാത്യു, കമ്മിറ്റി അംഗങ്ങളായ ജോയ് ഉലഹന്നാൻ, ജോസ് ചാക്കോ, പൗലോസ് മത്തായി, തുഷാർ ബേബി, രെഞ്ചു വർഗീസ്, ലിജു ഏലിയാസ്, ഷിബു ചാക്കോ എന്നിവർ അറിയിച്ചിട്ടുണ്ട്

ബിനോയ് എം. ജെ.

ജീവിതത്തിൽ സന്തോഷിക്കുവാൻ ഒരു കാരണം വേണമെന്ന് നാമെന്തിനാണ് വാശിപിടിക്കുന്നത്? ചില കാര്യങ്ങൾക്ക് നമ്മെ സന്തോഷിപ്പിക്കുവാൻ കഴിഞ്ഞേക്കാം. അപ്പോൾ അതിന്റെ വിരുദ്ധമായ കാര്യങ്ങൾക്ക് നമ്മെ ദു:ഖിപ്പിക്കുവാനും കഴിയും. നാമതിന്റെ അടിമയായി കഴിഞ്ഞു. ഇത്തരം അടിമത്തത്തെ വിഷയാസക്തി എന്നാണ് തത്വചിന്തകന്മാർ വിളിക്കുന്നത്. വിഷയാസക്തിയാണ് മനുഷ്യന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണം. അതാകുന്നു ഏറ്റവും വലിയ ബന്ധനം. ഇത് മൂലമാണ് നാമീ സംസാരസാഗരത്തിൽ കിടന്ന് വട്ടം ചുറ്റുന്നത്. ഇത് മൂലമാണ് നമുക്ക് അനന്താനന്ദം നഷ്ടപ്പെട്ടു പോകുന്നത്. അതിനാൽതന്നെ ഇതാവുന്നു നമ്മുടെ ഒരേയൊരു പ്രശ്നവും.

വിഷയാസക്തിയിൽ അൽപം ഭാവാത്മകത ഉണ്ട് എന്ന സത്യത്തെ ഞാൻ നിഷേധിക്കുന്നില്ല. കാരണം അത് അയാളെ അല്പമെങ്കിലും സന്തോഷിപ്പിക്കുന്നു. ഉദാഹരണത്തിന് പണത്തോട് ആസക്തിയുള്ള ഒരാൾ പണം കിട്ടുമ്പോൾ സന്തോഷിക്കുന്നു. അത് കിട്ടാതെ വരുമ്പോൾ അതിന് വേണ്ടി ആഗ്രഹിക്കുകയും ആ ദിശയിൽ പ്രയത്നിക്കുകയും ചെയ്യുന്നു. ഇത് ഒരു സന്തോഷമാണ്. എന്നാൽ നിങ്ങളുടെ ചുറ്റുമുള്ളവരെ ഒന്ന് നിരീക്ഷിക്കുവിൻ. സന്തോഷത്തിന്റയും സംതൃപ്തിയുടെയും കാര്യത്തിൽ നിരവധി വ്യക്തികൾക്കിടയിൽ എന്തെങ്കിലും വ്യത്യാസം നിങ്ങൾ കാണുന്നുണ്ടോ? സംതൃപ്തിയുടെ കാര്യത്തിൽ എല്ലാവരും സമന്മാരാണ്. ദരിദ്രൻ ധനവാനെ തനിക്ക് ശ്രേഷ്ഠനായി കരുതുന്നതിന്റെ കാരണം അയാൾക്ക് ധനത്തോട് ആസക്തി ഉണ്ടെന്നതാണ്. അല്ലാതെ പണം അയാളെ സംതൃപ്തനാക്കുന്നതുകൊണ്ടല്ല.

എന്നിരുന്നാലും യാതൊരു കാരണവുമില്ലാതെയും നിങ്ങൾക്ക് സന്തോഷിക്കുവാൻ കഴിയും. ഇതിന് വേണ്ടത് ഭാവാത്മക ചിന്തകളാണ്. ഭാവാത്മകമായി ചിന്തിക്കുന്ന ഒരാൾക്ക് എന്തുതന്നെ സംഭവിച്ചാലും അയാൾ അതിന്റെ നല്ല വശങ്ങൾ കാണുകയും സന്തോഷിക്കുകയും ചെയ്യുന്നു. വാസ്തവത്തിൽ നല്ലതെന്നും ചീത്തയെന്നും രണ്ട് സംഗതികൾ ഈ ജീവിതത്തിൽ ഇല്ല. എല്ലാം നല്ലത് തന്നെ. ഇപ്രകാരം നല്ലത് മാത്രം കാണുന്ന ചിന്താശൈലിയെയാണ് ഭാവാത്മക ചിന്ത എന്ന് വിളിക്കുന്നത്. മറിച്ച് ചില കാര്യങ്ങൾ നല്ലതെന്നും മറ്റു ചിലവ ചീത്തയെന്നും ഒരു തരംതിരിവ് നടത്തുമ്പോൾ നാം പ്രശ്നങ്ങളിലേക്കും സംഘർഷങ്ങളിലേക്കും ആശയക്കുഴപ്പങ്ങളിലേക്കും നടന്നടുക്കുന്നു. അങ്ങിനെയാണ് സുഖദു:ഖങ്ങൾ ഉണ്ടാവുന്നത്.

അതിനാൽ തന്നെ സുഖം തരുന്ന വിഷയങ്ങളുടെ പിറകെ ഓടുകയല്ല നാം ചെയ്യേണ്ടത്, മറിച്ച് ഭാവാത്മകമായി ചിന്തിച്ചുതുടങ്ങുകയാണ്. അത്തരമൊരു സമീപനം എല്ലാറ്റിലും സുഖം കണ്ടെത്തുവാൻ നമ്മെ സഹായിക്കുന്നു. അപ്പോൾ പിന്നെ സുഖത്തിന് പിറകേ ഓടേണ്ട ആവശ്യം വരുന്നില്ല. അപ്പോൾ നാം കാരണമില്ലാതെ സന്തോഷിക്കുവാൻ പഠിക്കുന്നു. ആ ആനന്ദം ശാശ്വതമാണ്. അതിനെ നിങ്ങളിൽ നിന്നും എടുത്തു കളയുവാൻ ആർക്കും കഴിയുകയില്ല. മറിച്ച് നിങ്ങൾ വിഷയങ്ങളുടെയും സുഖത്തിന്റെയും പിറകേ ഓടിയാൽ നിങ്ങൾക്ക് അനന്തമായ സുഖം കിട്ടില്ലെന്ന് മാത്രമല്ല ആ പരിമിതമായ സുഖം നിങ്ങളിൽനിന്ന് ഏതു നിമിഷവും എടുത്തു മാറ്റപ്പെടുകയും ചെയ്യാം. സുഖവും ആനന്ദവും കൊണ്ടുവന്ന് തരുന്നത് ബാഹ്യവസ്തുക്കളല്ല മറിച്ച് നിങ്ങളുടെ മനോഭാവം തന്നെയാണ്.

ബാഹ്യമായ കാരണങ്ങൾ നമുക്ക് സുഖം തരുന്നു എന്ന സങ്കൽപം മൂഢമാണ്. മറിച്ച് ആകാരണങ്ങളോടുള്ള നമ്മുടെ സമീപനമാണ് അസുഖത്തിന്റെ അടിസ്ഥാനപരമായ കാരണം. ഉദാഹരണത്തിന് പണം നിങ്ങൾക്ക് സുഖം കൊണ്ടുവന്ന് തരുന്നുവെങ്കിൽ ആ സുഖത്തിന്റെ യഥാർത്ഥ കാരണം പണത്തൊടുള്ള നിങ്ങളുടെ ഭാവാത്മകമായ സമീപനം തന്നെ. നിങ്ങൾക്ക് പണം ഇഷ്ടമല്ലെങ്കിൽ നിങ്ങളെ സന്തോഷിപ്പിക്കുവാൻ അതിന് കഴിയുമോ? സന്തോഷം കിടക്കുന്നത് നിങ്ങളുടെ ഉള്ളിലാണ് – ഭാവാത്മകമായ സമീപനത്തിലാണ് സന്തോഷം കിടക്കുന്നത്. അതാണ് കാര്യങ്ങളുടെ നിജസ്ഥിതി എങ്കിൽ എല്ലാവിധ കാര്യങ്ങളോടും ഭാവാത്മകമായ ഒരു സമീപനം വളർത്തിയെടുത്താൽ നമുക്ക് അനന്താനന്ദം ലഭിക്കുകയില്ലേ?

ബാഹ്യ വസ്തുക്കളുടെ പിറകേ മൂഢമായി ഓടിക്കൊണ്ടിരുന്നാൽ നമ്മുടെ വളരെയധികം സമയവും ഊർജ്ജവും പാഴായിപ്പോകും. യഥാർത്ഥമായ സുഖം കിട്ടുകയുമില്ല. അതുകൊണ്ടാണ് മനുഷ്യർ ജീവിതത്തിൽ വളരാത്തത്. പലപ്പോഴും സുഖത്തിനു പകരം ദു:ഖമായിരിക്കും കിട്ടുക. ജീവിതം ഒരു ചൂതാട്ടമായി അധ:പ്പതിക്കുന്നു. ദൂരെയെറിയുവിൻ ഇത്തരം മഠയത്തരങ്ങളെ! നിങ്ങൾ ഇനിമേൽ ശിശുക്കളല്ല! വിഡ്ഢികളുമല്ല! ജീവിത രഹസ്യമെന്തെന്ന് ആദ്യമേ അറിയുവിൻ! അത് കണ്ടെത്തിയവർ സമൂഹത്തിൽ ഉണ്ടായിരുന്നിട്ടുണ്ട്; ഇപ്പോഴും അത്തരക്കാർ ജീവിച്ചിരിക്കുന്നു. അവരിൽ നിന്നും പഠിക്കുവിൻ! ജീവിതം പാഴാക്കിക്കളയുവാനുള്ളതല്ല. നാമിതിനോടകം ധാരാളം ജന്മങ്ങൾ പാഴാക്കിക്കളഞ്ഞിരിക്കുന്നു. ഇനിയെങ്കിലും നമുക്ക് തിരുത്താം.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

സ്പിരിച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
കീത്തിലി മലയാളീസ് നേതൃത്വം കൊടുത്ത് കീത്തിലി സെന്റ് ആന്‍സ് ചര്‍ച്ചും ഗുഡ് ഷെപ്പേര്‍ഡ് സെന്ററും ചേര്‍ന്ന് സംയുക്തമായി നടത്തുന്ന ഗുഡ് ഷെപ്പേര്‍ഡ് ചാരിറ്റി ഫാമിലി വാക് സെപ്റ്റംബര്‍ പതിനേഴ് ശനിയാഴ്ച ലീഡ്‌സില്‍ നിന്നും ആരംഭിക്കും. രാവിലെ 7.30 ന് ലീഡ്‌സ് സീറോ മലബാര്‍ ഇടവക വികാരി റവ. ഫാ. മാത്യൂ മുളയോലില്‍ ഗുഡ് ഷെപ്പേര്‍ഡ് ചാരിറ്റി ഫാമിലി വാക് ഔദ്യോഗീകമായി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മുപ്പത് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ചാരിറ്റി ഫാമിലി വാക് ആരംഭിക്കും. വൈകിട്ട് 5 മണിക്ക് ചാരിറ്റി ഫാമിലി വാക് കീത്തിലിയിലെ ഗുഡ് ഷെപ്പേര്‍ഡ് സെന്ററില്‍ എത്തിച്ചേരും. ചാരിറ്റി വാക്കിന് സമാപനത്തില്‍ ചാരിറ്റി വാക്കില്‍ പങ്കെടുക്കുന്നവരെ വരവേല്ക്കുന്നതോടൊപ്പം വളരെ വിപുലമായ ബാര്‍ബി ക്യൂ പാര്‍ട്ടിയും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

എന്താണ് ഗുഡ് ഷെപ്പേര്‍ഡ് സെന്റര്‍?? ചാരിറ്റി വാക്കിലൂടെ ഫണ്ട് റെയിസിംഗിന്റെ ആവശ്യകതയെന്ത്?
കീത്തിലി സെന്റ് ആന്‍സ് ചര്‍ച്ചിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ സൊസൈറ്റിയാണ് ഗുഡ് ഷെപ്പേര്‍ഡ് സെന്റര്‍.

ഫാ. മാത്യൂ മുളയോലിൽ

കീത്തിലിയിലും പരിസരത്തുമായിട്ടുള്ള പ്രാദേശീക കമ്മ്യൂണിറ്റിയിലെ കുട്ടികള്‍, യുവാക്കള്‍, കുടുംബങ്ങള്‍, പ്രായമായവര്‍ എന്നിവര്‍ക്ക് പിന്തുണ നല്‍കുക എന്നതാണ് ലക്ഷ്യം. എല്ലാ ദേശീയതകളില്‍ നിന്നും പ്രാദേശിക കുടുംബങ്ങളില്‍ നിന്നുമുള്ള അഭയാര്‍ത്ഥികള്‍ ഉള്‍പ്പെടെ സഹായം ആവശ്യമുള്ളവരെ കണ്ടു പിടിച്ച് പിന്തുണയ്ക്കുകയാണ് ഗുഡ് ഷെപ്പേര്‍ഡ് സെന്ററിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനം.
ഇത് സാധ്യമാക്കുന്നതിന് സാമ്പത്തികം അനിവാര്യമായ ഘടകമാണ്.

സംഭാവനകളില്‍ നിന്നും സന്നദ്ധപ്രവര്‍ത്തകരുടെ അകമഴിഞ്ഞുള്ള സഹായങ്ങളില്‍ നിന്നുമാണ് ഗുഡ് ഷെപ്പേര്‍ഡ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടന്നു പോകുന്നത്. അടുത്തിടെ കീത്തിലിയില്‍ എത്തിയ നിരവധി ഉക്രേനിയന്‍ കുടുംബങ്ങളെ ഗുഡ് ഷെപ്പേര്‍ഡ് സെന്റര്‍ സഹായിച്ചു. അവര്‍ക്ക് വേണ്ട വസ്ത്രങ്ങള്‍, ഫര്‍ണിച്ചറുകള്‍, ഭക്ഷണങ്ങള്‍ മുതലായവ നല്‍കുന്നു. കൂടാതെ കോഫി മോര്‍ണിംഗ്, ഇംഗ്ലീഷ് ക്ലാസുകള്‍, ലഞ്ച് ക്ലബ്ബുകള്‍, ഗാര്‍ഡനിംഗ് ക്ലാസുകള്‍, ഹെയര്‍ഡ്രെസിംഗ് ട്രെയിനിംഗുകള്‍ മറ്റും നടത്തി ആളുകളെ പ്രാദേശിക കമ്മ്യൂണിറ്റിയില്‍ സംയോജിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. പ്രാദേശീക കമ്മ്യൂണിറ്റിയില്‍ സഹായം ആവശ്യമുള്ള എല്ലാവരോടും പ്രതികരിക്കാന്‍ ഗുഡ് ഷെപ്പേര്‍ഡ് സെന്റര്‍ തയ്യാറാണ്. എന്നാല്‍ പിന്തുണ തേടുന്ന കുടുംബങ്ങളുടെ എണ്ണം കൂടുന്നതിനോടൊപ്പം യൂട്ടിലിറ്റി വിലകളിലെ വന്‍ വര്‍ദ്ധനയും അധിക ഫണ്ടുകള്‍ അടിയന്തിരമായി സ്വരൂപിക്കാന്‍ ഗുഡ് ഷെപ്പേര്‍ഡ് സെന്റര്‍ നിര്‍ബന്ധിതരാവുകയാണ്.

ഗുഡ് ഷെപ്പേര്‍ഡ് ചാരിറ്റി ഫാമിലി വാക് ഓര്‍ഗ്ഗനൈസ് ചെയ്തിരിക്കുന്ന വിധം.
അഞ്ച് ജംഗ്ഷനായിട്ടാണ് മുപ്പത് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഗുഡ് ഷെപ്പേര്‍ഡ് ചാരിറ്റി ഫാമിലി വാക്കിനെ തിരിച്ചിരിക്കുന്നത്. ലീഡ്‌സ്, ഷിപ്പിലി, സോള്‍ട്ടെയര്‍, ബിംഗ്‌ളി, റെഡില്‍സ്ടണ്‍ എന്നിവയാണ് അഞ്ച് ജംഗ്ഷനുകള്‍. ചാരിറ്റി ഫാമിലി വാക്കില്‍ പങ്ക് ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏത് ജംഗ്ഷനില്‍ നിന്നും ജോയിന്‍ ചെയ്യാനുള്ള അവസരമുണ്ട്. ലീഡ്‌സില്‍ നിന്നും നടത്തം തുടങ്ങുന്നവര്‍ ഓരോ ജംഗ്ഷനിലും എത്തിച്ചേരുന്ന സമയം മുന്‍കൂട്ടി അറിയ്ക്കുന്നതായിരിക്കും.

ഒറ്റയ്ക്കും ഫാമിലിയായിട്ടും നടക്കുവാന്‍ സാധിക്കും. നടത്തത്തോടൊപ്പം താല്പര്യമുള്ളവര്‍ക്ക് ഓടാനും സൈക്കിളിംഗിനുമുള്ള അവസരമുണ്ട്.
ചാരിറ്റി ഫാമിലി വാക്കില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ പേര് വിവരങ്ങള്‍ മുന്‍കൂട്ടി സംഘാടകരെ അറിയ്‌ക്കേണ്ടതുണ്ട്. വാര്‍ത്തയോടൊപ്പമുള്ള കോണ്‍ടാക്ട് നമ്പറില്‍ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. കൂടാതെ സെന്റ് ആന്‍സ് ചര്‍ച്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ലീഡ്‌സില്‍ നിന്നും ചാരിറ്റി ഫാമിലി വാക്കില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവരെ ലീഡ്‌സിലെത്തിക്കാനുള്ള ട്രാന്‍സ്‌പോട്ടിംഗ് സംവിധാനം സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ നടത്തത്തിലുടനീളം ഫസ്റ്റ് എയിഡ്, റെഫറഷ്‌മെന്റ് തുടങ്ങി ആരോഗ്യ പ്രശ്‌നങ്ങളാല്‍ നടത്തത്തില്‍ നിന്ന് പിന്മാറേണ്ടി വരുന്നവര്‍ക്കുമായി ഒരു ടീം തന്നെ ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള ഒരു വാഹനത്തില്‍ ചാരിറ്റി ഫാമിലി വാക്കിനെ അനുഗമിക്കും.

ഗുഡ് ഷെപ്പേര്‍ഡ് ചാരിറ്റി ഫാമിലി വാക്കിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത് വരാനിരിക്കുന്നതേയുള്ളൂ. കീത്തിലി മലയാളീസ് സംഘടിപ്പിക്കുന്ന ചാരിറ്റി വാക്കില്‍ പങ്കെടുത്ത് വിജയിപ്പിക്കാന്‍ കീത്തിലിയിലും പരിസരത്തുമായിട്ടുള്ള എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയ്ച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്..
Shibu 07411443880
Sojan 07860 532396
Babu 07828192965
Jomesh 07404771500
Jessy 07877756886
Anju 07877442920

 

ഷൈമോൻ തോട്ടുങ്കൽ

വാൽസിംഗ്ഹാം. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ ജൂലൈ പതിനാറാം തീയതി ശനിയാഴ്ച നടക്കുന്ന ആറാമത് വാൽസിംഗ് ഹാം തീർഥാടനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി തീർഥാടനത്തിന്റെ കോഡിനേറ്റർ മോൺ ജിനോ അരീക്കാട്ട് എം സി ബി എസ് , ആതിഥേയത്വം വഹിക്കുന്ന കേംബ്രിഡ്ജ് റീജിയൻ കോഡിനേറ്റർ ഫാ. ഫിലിപ്പ് പന്തമാക്കൽ എന്നിവർ അറിയിച്ചു . രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഒറ്റയ്ക്കും ഗ്രൂപ്പായും നൂറു കണക്കിന് തീർഥാടകർ എത്തിച്ചേരുന്ന തീർഥാടനത്തിന്റെ വിജയത്തിനായി വിപുലമായ ക്രമീകരണങ്ങൾ നടത്തിയിട്ടുള്ളതായി രൂപതാ കേന്ദ്രത്തിൽ നിന്നും അറിയിച്ചു .

പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം കൊണ്ട് അനുഗ്രഹീതമായ വാൽസിംഗ്ഹാമിൽ രാവിലെ ഒൻപതരയ്ക്ക് ജപമാലയോടെയാണ് തിരുക്കർമ്മങ്ങൾ തുടങ്ങുന്നത് , തുടർന്ന് ആരാധന നടക്കും , പതിനൊന്ന് മണിക്ക് മരിയൻ സന്ദേശം .ഫാ. ജോസഫ് എടാട്ട് വി .സി നൽകും ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ഉച്ചഭക്ഷണം പന്ത്രണ്ട് നാല്പത്തി അഞ്ചിന് പ്രസുദേന്തി വാഴ്ച തുടർന്ന് പ്രദക്ഷിണം . രണ്ടേകാലിന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിക്കും ,രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും , മിഷനുകളിൽ നിന്നും , എത്തുന്ന വൈദികർ സഹ കാർമ്മികർ ആകും ,വൈകുന്നേരം നാലര മണിയോടെ തിരുക്കർമ്മങ്ങൾ സമാപിക്കുന്ന രീതിയിൽ ആണ് ക്രമീകരിച്ചിരിക്കുന്നത് . തീർഥാടനത്തിനായി എത്തുന്നവർക്ക് മിതമായ നിരക്കിൽ ഭക്ഷണ സ്റ്റാളുകൾ ക്രമീകരിച്ചിട്ടുണ്ട് . ഗ്രൂപ്പ് ആയി എത്തുന്നവർക്ക് മുൻകൂട്ടി ഭക്ഷണം ഓർഡർ ചെയ്യാവുന്നതാണ് എന്നും രൂപതാ കേന്ദ്രത്തിൽ നിന്നും അറിയിച്ചു

ജോസ്‌ന സാബു സെബാസ്റ്റ്യൻ

വർഷങ്ങളേറെ കഴിഞ്ഞിട്ടും വിശ്വാസപരമ്പര്യത്തിന് പോറലേതുമേൽക്കാതെ വിശ്വാസ കൊടുമുടിയിൽ നിന്നുകൊണ്ട് സൗത്തെൻഡ് ഓൺ സീ മലയാളി സമൂഹം വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഈ വർഷവും അതികേമമായിത്തന്നെ കൊണ്ടാടി …

വിശുദ്ധ അൽഫോൻസാ എന്ന് കേൾക്കുമ്പോൾ തന്നെ മുട്ടത്തു പാടവും പാലായും, വർക്കിയും , സഹനവുമെല്ലാം നമ്മുടെ ഓർമ്മയിലേക്ക് ഓടിയെത്തും …സഹിച്ചവൾ എന്നതിലുപരി സഹനത്തിലും സന്തോഷപ്രദമായ ജീവിതം ജീവിച്ചു പ്രതിഫലിപ്പിച്ചു എന്നതിലാണ് ഓരോ വിശുദ്ധരും തിളങ്ങുന്നത് . അതിനർത്ഥം നമ്മൾ വിശുദ്ധരാകാൻ സഹനം തേടി ഓടി നടക്കണമെന്നല്ല, മറിച്ചു നമ്മുടെ ഉള്ള ജീവിതം തന്നെ സന്തോഷമായങ്ങ് ജീവിച്ചു തീർത്താൽ തന്നെ നമ്മുടെ ഓരോരുത്തരുടെയും ജീവിതവും വിശുദ്ധമാകും എന്നാണ് ഓരോ വിശുദ്ധരും നൽകുന്ന പാഠം .

ആ നിമിഷങ്ങളെ ഒന്നുകൂടി നമ്മളിലേക്കുണർത്തിക്കൊണ്ട് സ്നേഹമൊട്ടും ചോരാതെ കൈ നിറയെ നേർച്ച അപ്പവും ഉണ്ണിയപ്പവുമായി ഓടി വന്ന സ്ത്രീ സമൂഹവും , നിറവാർന്ന സ്വതേറിയ നേർച്ച വിരുന്നൊരുക്കി ആത്മീയ കൂട്ടായ്മ സമൂഹവും , അച്ചാർ , കുഴലപ്പം, വെട്ടുകേക്ക് , അച്ചപ്പം എന്നിവ വിളമ്പി അമ്മമാരും വിരുന്നിനെ കൂടുതൽ ധന്യമാക്കിയപ്പോൾ മനസിന് കുളിരേകി ഗായകസംഘവും , വിശ്വാസ വചനദീപം കൈമാറി പുരോഹിതരും അൾത്താര ധന്യമാക്കി .

 

 

ഷൈമോൻ തോട്ടുങ്കൽ

ലിവർപൂൾ : ലിവർപൂൾ ലിതർലാൻ്റ് ഔർ ലേഡി ക്വീൻ ഓഫ് പീസ് സീറോ മലബാർ കത്തോലിക്കാ പള്ളിയിലെ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിൻ്റേയും ഭാരത അപ്പസ്തോലനായ മാർതോമാശ്ലീഹായുടെയും തിരുനാൾ സംയുക്തമായി ഇന്ന് കൊണ്ടാടും.പ്രധാന തിരുനാൾ ദിനമായ ഇന്ന് രാവിലെ 10 മണിക്ക് നടക്കുന്ന ആഘോഷമായ തിരുനാൾ റാസ കുർബാനക്ക് റവ ഡോ . ജോസഫ് കറുകയിൽ കാർമ്മികത്വം വഹിക്കും.റവ. ഫാ. ജിൻസൻ മുട്ടത്തുകുന്നേൽ OFM Cap തിരുനാൾ സന്ദേശം നൽകും. ഫാ ആൻഡ്രൂസ് ചെതലൻ, ഡീക്കൻ ജോയ്സ് ജെയിംസ് എന്നിവർ പങ്കെടുക്കും

തിരുനാളിൻ്റെ പ്രദക്ഷിണത്തിനു വേണ്ട മുത്തുകുടകളും കൊടികളും തിരുസ്വരൂപങ്ങൾ വഹിക്കുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി തിരുനാൾ കമ്മിറ്റി അറിയിച്ചു. തിരുസ്വരൂപങ്ങൾ ഇടവകയിലെ യുവതീയുവാക്കൾ വഹിക്കും. (പ്രദക്ഷിണം ദേവാലയത്തിൽ പ്രവേശിക്കുന്നതോടെ സമാപനാശീർവ്വാദം. ശേഷം പള്ളി ഹാളിൽ എല്ലാവർക്കും സ്നേഹവിരുന്ന് ഉണ്ടായിരിക്കും. തിരുനാളിൻ്റെ ഭാഗമായി ഇന്നലെ കൊച്ചിൻ ഗോൾഡൻ ഹിറ്റ്സിൻ്റെ ഗാനമേള- മിമിക്സ് നടന്നു. തിരുനാളിൻ്റെ വിജയത്തിനായി കൈക്കാരന്മാരായ ആൻ്റണി മടുക്കക്കുഴി, വർഗ്ഗീസ് ആലുക്ക, അനിൽ ജോസഫ്, ജനറൽ കൺവീനർ ജോളി വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നതായി വികാരി ഫാ ആൻഡ്രൂസ് ചെതലൻ അറിയിച്ചു.

 

സുധീഷ് തോമസ്

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള ഏറ്റവും വലിയ മിഷനുകളിൽ ഒന്നായ നിത്യസഹായം മാതാവിൻറെ പള്ളിയിൽ ജൂൺ 26 -ന് ഞായറാഴ്ച വൈകിട്ട് 4 -മണിക്ക് മിഷൻ വികാരി ജോർജ് എട്ടുപറയിര അച്ചൻറെ കാർമികത്വത്തിൽ കൊടിയേറിയതോടു കൂടി ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. ജൂലൈ 3 – ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് പ്രധാന തിരുനാൾ തുടങ്ങുകയും രാത്രി പത്തുമണിയോടെ ഈ വർഷത്തെ തിരുനാൾ ആഘോഷത്തിന് പരിസമാപ്തി കുറിക്കുകയും ചെയ്തു.

ജൂലൈ 3 ഞായറാഴ്ച ദുക്റാന തിരുനാൾ ദിവസം നിത്യസഹായ മാതാവിൻറെയും വിശുദ്ധ തോമാശ്ലീഹായുടെയും പ്രധാന തിരുനാൾ വിശ്വാസികളുടെ വൻ പങ്കാളിത്തത്തോടെ നടത്തപ്പെട്ടു. ഉച്ചകഴിഞ്ഞ് 2 pm -ന് ഫാദർ ജോസഫ് മൂലേച്ചേരി വി.സി.യുടെ മുഖ്യ കാർമികത്വത്തിൽ മിഷൻ വികാരി ഫാദർ ജോർജ് എട്ടുപറയിൽ അച്ചൻറെ കൂട്ടായ്മയിൽ ആഘോഷപൂർവ്വമായ തിരുനാൾ കുർബാനയും, നൊവേനയും, ലദീഞ്ഞും നടത്തുകയും ഫാദർ ജോസഫ് മൂലച്ചേരി വി.സി. വളരെ അർത്ഥപൂർണ്ണമായ തിരുനാൾ സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് ആയിരത്തിൽപരം വിശ്വാസികളുടെ അകമ്പടിയോടുകൂടി ആഘോഷപൂർവ്വമായ തിരുനാൾ പ്രദിക്ഷണം നടത്തപ്പെട്ടു. തിരു സ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള പ്രദിക്ഷണത്തിൽ പ്രസുദേന്തിമാർ ചുവപ്പും വെള്ളയും വസ്ത്രങ്ങൾ ധരിച്ച് മുടിയും ചൂടി, വിവിധയിനം വർണത്തിലുള്ള കൊടി തോരണങ്ങളും മുത്തുക്കുടകളും വഹിച്ചുകൊണ്ട് വിശ്വാസികളും ആഘോഷമായ പ്രദിക്ഷണത്തിൽ പങ്കെടുത്തു. ചെണ്ടമേളങ്ങളും , ഗാനാലാപനങ്ങളും തിരുനാൾ പ്രദിക്ഷണത്തിന് മാറ്റുകൂട്ടി.

പ്രദിക്ഷണത്തിനുശേഷം നേർച്ചയും പാച്ചോർ വിതരണവും നടത്തി. തിരുനാളിനോടനുബന്ധിച്ച് കഴുന്ന് എഴുന്നള്ളിക്കുന്നതിന് സൗകര്യം ഉണ്ടായിരുന്നു. തുടർന്ന് സൺഡേ സ്കൂളിന്റെയും ഫാമിലി യൂണിറ്റിന്റെയും അതിമനോഹരമായ കലാപരിപാടികൾ തിരുനാൾ ആഘോഷങ്ങൾക്ക് തിളക്കംകൂട്ടി.

മിഷന്റെ വിവിധ ഭക്ത സംഘടനകളായ C.M.L Womens Forum , s.m.y.m എന്നിവരുടെ നേതൃത്വത്തിൽ വിവിധയിനം സ്നാക്സ് കൗണ്ടറുകൾ തിരുനാൾ ആഘോഷം കൂടുതൽ ആസ്വാദകരമാക്കി. വൈകിട്ട് 8 മണിയോടെ സ്വാദിഷ്ടമായ സ്നേഹവിരുന്ന് വിതരണം ചെയ്യുകയും വിശ്വാസികൾ ആസ്വദിക്കുകയും ചെയ്തു.

 

മിഷൻ വികാരി ഫാദർ ജോർജ് എട്ടുപറയിൽ നടത്തിയ നന്ദി പ്രകാശനത്തിൽ ആഘോഷങ്ങൾക്ക് സഹായിച്ച എല്ലാവർക്കും , പ്രസുദേന്തിമാർക്കും യൂണിറ്റ് ഭാരവാഹികൾക്കും കൈകാരന്മാർക്കും അൾത്താര ശുശ്രൂഷികൾക്കും അതിമനോഹരമായ ഗാനങ്ങൾ ആലപിച്ച സ്റ്റോക്ക് ക്വയർ സംഘത്തിനും , സൺഡേ സ്കൂൾ അധ്യാപകർക്കും , മറ്റു ഭക്തസംഘടനകൾക്കും , സംഭാവനകൾ നൽകിയ എല്ലാവർക്കും പ്രത്യേകം നന്ദിയും കടപ്പാടും അറിയിച്ചു.

കൂടാതെ തിരുനാൾ തിരുകർമ്മങ്ങൾക്ക് മനോഹരമായ നേതൃത്വം നൽകിയ തിരുനാൾ കൺവീനറും കൈകാരനുമായ സിബി പൊടിപ്പാറ, ജോൺസൺ തെങ്ങുംപള്ളിൽ, ജോഷി തോമസ്, ഡേവിഡ് പാപ്പു എന്നിവർക്കും പ്രോഗ്രാം കോഡിനേറ്റർ സുദീപ് എബ്രഹാം, ഫുഡ് കമ്മിറ്റി കൺവീനർ ബെന്നി പാലാട്ടി ആൻഡ് ടീം, അലങ്കാരങ്ങൾക്ക് നേതൃത്വം നൽകിയ ജോസ് വർഗീസ് ആൻഡ് ടീം, അൾത്താര അലങ്കാരത്തിന് നേതൃത്വം നൽകിയ സിനി വിൻസന്റ് ആൻഡ് ടീം എന്നിവർക്കും ജോർജ് അച്ചൻ പ്രത്യേകം നന്ദി അറിയിച്ചു. രാത്രി പത്തുമണിയോടുകൂടി തിരുനാൾ തിരുകർമ്മങ്ങൾക്ക് തിരശ്ശീല വീണു.

സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ

“ഈശോയ്ക്കും പരിശുദ്ധ അമ്മയ്ക്കും വാത്സല്യമുള്ള സഹോദരീ സഹോദരങ്ങളേ…” എന്ന അഭിസംബോധന മുഴങ്ങിക്കേൾക്കാൻ തുടങ്ങിയിട്ട് ഇന്ന് ആയിരം ദിവസം തികഞ്ഞു. മരിയഭക്തിയിൽ തുടങ്ങുന്ന ഓരോ പ്രഭാതത്തിലും പുഞ്ചിരിയോടും ഊർജ്ജസ്വലതയോടും അതിലുപരി ഉത്സാഹത്തോടും കൂടി അഭിസംബോധന ചെയ്ത് ഓരോ ക്രൈസ്തവനേയും വിളിച്ചുണർത്തുന്ന ആത്മീയ ശുശ്രൂഷ. പരിശുദ്ധ അമ്മയോടുള്ള സ്നേഹവും വിശ്വാസവും ഭക്തിയും വർദ്ധിപ്പിക്കാനുതകുന്ന പ്രഭാഷണങ്ങൾ. മനോഹരമായ ഗാനങ്ങൾ. മുടങ്ങാതെയുള്ള ഈ ആത്മീയ ശുശ്രൂഷ ഇന്ന് ആയിരം ദിവസത്തിലെത്തി നിൽക്കുകയാണ്.

ഇത് ഫാ. ജോസ് അന്ത്യാംകുളം MCBS. അമ്മയോടൊപ്പം ഈശോയിലേയ്ക്ക് എന്ന ആത്മീയ ശുശ്രൂഷയുടെ സ്രഷ്ടാവ്. ദിവസവും നാം കേൾക്കുന്ന ഈശോയ്ക്കും പരിശുദ്ധ അമ്മയ്ക്കും വാത്സല്യമുള്ള സഹോദരീ സഹോദരങ്ങളെ എന്ന വിളി ഇനി മുതൽ ഈ വൈദീകന് സ്വന്തം. ഈ ആത്മീയ ശുശ്രൂഷ ആയിരം എപ്പിസോഡിൽ എത്തിയതിൻ്റെ സന്തോഷത്തിലാണ് ഫാ. ജോസ് അന്ത്യാംകുളം.

2019 പരി. കന്യാമറിയത്തിൻ്റെ വിമലഹൃദയ തിരുന്നാളിനോട് കൂടിയാണ് ഇങ്ങനെയൊരു ശുശ്രൂഷ ആരംഭിച്ചത്. വി. ലൂയിസ് മോൺഫോട്ടിൻ്റെ “യഥാർത്ഥ മരിയഭക്തി”യെന്ന പുസ്തകത്തിൽ പരി. അമ്മ വഴിയാണ് ഈശോയിലേയ്ക്ക് എത്തേണ്ടത് എന്നത് വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്. അതിൽ നിന്നും ഉൾക്കൊണ്ട പ്രചോദനത്താലാണ് ഇങ്ങനെയൊരു സംരംഭം തുടങ്ങിയത്. ഈ ആത്മീയ ശുശ്രൂഷ മുടങ്ങാതെ ചെയ്യുവാൻ ധാരാളം ത്യാഗങ്ങളും സഹനങ്ങളും ആവശ്യമായിട്ടുണ്ടെന്ന് ഫാ. ജോസ് അന്ത്യാംകുളം പറഞ്ഞു. അഞ്ഞൂറാം എപ്പിസോഡിലും എഴുന്നൂറ്റമ്പതാം എപ്പിസോഡിലുമൊക്കെ ഇതവസാനിപ്പിക്കാൻ തീരുമാനിച്ചതാണ്. എന്നാൽ പരിശുദ്ധ അമ്മയുടെ ശക്തമായ ഇടപെടലിലൂടെ അത് സാധ്യമാകാതെ ആയിരം എപ്പിസോഡിൽ എത്തി നിൽക്കുന്നു. പരിശുദ്ധ അമ്മയിലൂടെ വേണം യേശുവിനെ അറിയാൻ എന്ന ഒരു പാട് വിശുദ്ധരുടെ സാക്ഷ്യവും ഇതിന് കൂടുതൽ പ്രചോദനകരമായി. അതോടൊപ്പം ഇപ്പോൾ ശുശ്രൂഷ ചെയ്യുന്ന ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ അഭി. മാർ ജോസഫ് സ്രാമ്പിക്കലിൻ്റെയും മുമ്പ് ശുശ്രൂഷ ചെയ്തിരുന്ന ഭദ്രാവതി രൂപതാദ്ധ്യക്ഷൻ അഭി. മാർ ജോസഫ് അരുമച്ചാടത്തിൻ്റെയും പ്രോത്സാഹനങ്ങൾ എടുത്ത് പറയേണ്ടതാണെന്ന് ഫാ. ജോസ് അന്ത്യാംകുളം മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

അഭിവന്ദ്യ പിതാക്കന്മാരെ കൂടാത ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത വികാരി ജനറാളന്മാരായ മോൺ. ആൻ്റണി ചുണ്ടലിക്കാട്ട്, മോൺ. ജോർജ്ജ് ചേലയ്ക്കൽ, മോൺ. ജിനോ അരീക്കാട്ട് MCBS, ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ PRO ഫാ. ടോമി എടാട്ട്, സി. ആൻമരിയ SH, ജോളി മാത്യൂ ഗ്രേറ്റ് ബ്രിട്ടൺ രൂപത വുമൺസ് ഫോറം സ്ഥാപക പ്രസിഡൻ്റ്, ഫാ. മാർട്ടിൻ നൈനാ പറമ്പിൽ റെക്ടർ ചങ്ങനാശ്ശേരി അതിരൂപത, ഫാ. ജോൺസൺ അന്ത്യാംകുളം, ഫാ. ബിനോയ് ആലപ്പാട്ട്, മാത്യൂ കുമരകം എന്നിവർ ആശംസകളർപ്പിച്ചു. അമ്മയോടൊപ്പം ഈശോയിലേയ്ക്ക് എന്ന ആത്മീയ ശുശ്രൂഷയ്ക്ക് വളരെ വലിയ പ്രതികരണമാണ് ഇതിനോടകം ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. മരിയഭക്തിയിലൂടെ ആത്മീയമായി ജനങ്ങളെ ഈശോയിലേയ്ക്കടുപ്പിക്കുവാനുള്ള വഴിയൊരുക്കുകയാണ് ഫാ. ജോസ് അന്ത്യാംകുളം ചെയ്യുന്നത്.

തലശ്ശേരി രൂപതയിലെ പാലാവയലിൽ അന്ത്യാംകുളം കുടുംബത്തിലെ ഉലഹന്നൻ മറിയം ദമ്പതികളുടെ ആറ് മക്കളിൽ ഇളയവനാണ് ഫാ. ജോസ് അന്ത്യാംകുളം. ഫാ. ജോസിനെ കൂടാതെ മറ്റൊരു വൈദീകനും അന്ത്യാംകുളം കുടുംബത്തിലുണ്ട്. മൂത്ത സഹോദരൻ ഫാ. ജോൺസൺ അന്ത്യാംകുളം. തലശ്ശേരി അതിരൂപതയിലെ വെള്ളരിക്കുണ്ട് ഇടവകയിൽ അദ്ദേഹം ശുശ്രൂഷ ചെയ്യുന്നു. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ സ്പിരിച്വൽ കമ്മീഷൻ ചെയർമാൻ, ബെക്സ് ഹിൽ ഓൺസി സെൻ്റ് തോമസ്സ് മോർ മിഷൻ ആൻ്റ് ലിറ്റിൽ ഹാംടൺ സെൻ്റ് കാതറിൻ മിഷൻ ഡയറക്ടർ, സൗത്താംപടൺ റീജണൽ കാറ്റകിസം , ഇവാഞ്ചലൈസേഷൻ ഡയറക്ടർ എന്നീ നിലകളിൽ ഫാ. ജോസ് അന്ത്യാംകുളം ഇപ്പോൾ സേവനമനുഷ്ടിക്കുന്നു.

പരിശുദ്ധ കത്തോലിക്കാ സഭയോട് ചേർന്ന് നിന്നുള്ള ഫാ. ജോസ് അന്ത്യാംകുളത്തിൻ്റെ ആത്മീയ പ്രവർത്തനങ്ങൾക്ക് മലയാളം യുകെ ന്യൂസ് ടീമിൻ്റെ ആശംസകൾ…




സ്ഥിരം വേദിയിൽ മാറ്റവുമായി രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 9 ന് നടക്കും.ബഥേൽ സെന്ററിനു പകരം ബർമിങ്ഹാം സെന്റ് കാതറിൻ പള്ളിയിൽ നടക്കുന്ന കൺവെൻഷൻ രാവിലെ 8 ന് ആരംഭിക്കും. നോർത്താംപ്ടൺ രൂപത ബിഷപ്പ് റവ.ഡേവിഡ് ഓക്‌ലി യുടെ അനുഗ്രഹ സാന്നിധ്യത്തിൽ സെഹിയോൻ യുകെ യുടെ അത്മീയ നേതൃത്വം റവ. ഫാ ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ ആത്മാഭിഷേകത്തിന്റെ പുത്തനുണർവ്വുമായി ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ഇവാഞ്ചലൈസഷൻ കോ ഓർഡിനേറ്ററും പ്രമുഖ ആത്മീയ വചന പ്രഘോഷകയുമായ റവ.സി.ആൻ മരിയ S H വചനവേദിയിലെത്തും .

അതേസമയം സ്ഥിരം വേദിയായ ബർമിങ്ഹാം ബെഥേൽ സെന്ററിൽ സെപ്റ്റംബർ മാസ കൺവെൻഷൻ 10 -ന് ലോക പ്രശസ്ത സുവിശേഷകനും സെഹിയോൻ , അഭിഷേകാഗ്നി ശുശ്രൂഷകളുടെ സ്ഥാപകനുമായ റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കും . സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന , സെഹിയോൻ യുകെ സ്ഥാപക ഡയറക്ടർ റവ. ഫാ . സോജി ഓലിക്കൽ തുടക്കമിട്ട , പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ്.

വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് .

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക്
ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬

യുകെ യുടെ വിവിധ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ;

ബിജു എബ്രഹാം 07859 890267
ജോബി ഫ്രാൻസിസ് 07588 809478
അഡ്രസ്സ്
St.CATHERINE’S CHURCH
69 IRVING ST.
BIRMINGHAM
B11DW
Nearest train station-Birmingham New Street.

എയ്‌ൽസ്‌ഫോർഡ്: വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ഏറെ പ്രചാരം നേടിയ എയ്‌ൽസ്‌ഫോർഡ് മരിയൻ തീർത്ഥാടനത്തിന് ശേഷം കർമ്മലമാതാവിന്റെ സംരക്ഷണഭൂമിയിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ ആദ്യബുധനാഴ്ച ശുശൂഷ ആരംഭിക്കുന്നു. ജൂലൈ 6 മുതൽ എല്ലാ ആദ്യബുധനാഴ്ചകളിലുമായി ക്രമീകരിച്ചിരിക്കുന്ന ശുശ്രൂഷയ്ക്ക് എയ്‌ൽസ്‌ഫോർഡിലെ സീറോ മലബാർ മിഷൻ നേതൃത്വം നൽകും. പരിശുദ്ധ കന്യാമറിയം വിശുദ്ധ സൈമൺ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നൽകിയ പുണ്യഭൂമിയും, ലോകമെമ്പാടുമുള്ള മരിയഭക്തരുടെ ആത്മീയ സങ്കേതവുമാണ് എയ്‌ൽസ്‌ഫോർഡ്.

വൈകിട്ട് 4 മണിക്ക് എയ്‌ൽസ്‌ഫോർഡിലെ പ്രശസ്തമായ ജപമാലരാമത്തിലൂടെ സൗഖ്യ ജപമാല ശുശ്രൂഷ ആരംഭിക്കും. വൈകിട്ട് 5 മണിക്ക് സെന്റ് ജോസഫ് ചാപ്പലിൽ വിശുദ്ധകുർബാനയും തുടർന്ന് കർമ്മലമാതാവിന്റെ നൊവേനയും വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നടക്കും. വൈകിട്ട് 7 മണിക്ക് പരിശുദ്ധകുർബാനയുടെ ആശീർവാദത്തോടുകൂടി ശുശ്രൂഷകൾക്ക് സമാപനമാകും.

എയ്‌ൽസ്‌ഫോർഡിലെ ഔർ ലേഡി ഓഫ് മൗണ്ട് കാർമൽ സീറോമലബാർ മിഷൻ ഈ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കർമ്മലമാതാവിന്റെ ശക്തമായ സാന്നിധ്യം നിലകൊള്ളുന്ന ഈ ആത്മീയ സങ്കേതത്തിൽ തുടക്കം കുറിക്കുന്ന ആദ്യബുധനാഴ്ച തിരുക്കർമ്മങ്ങളിലേക്കും ദിവ്യകാരുണ്യ ആരാധനയിലേക്കും എല്ലാവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായിമിഷൻ ഡയറക്ടർ ഫാ. ടോമി എടാട്ട് അറിയിച്ചു.

 

RECENT POSTS
Copyright © . All rights reserved