ഗുവാങ്ഷു: കിരീട നേട്ടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ത്യയുടെ പി.വി. സിന്ധുവിന് സൂപ്പർ കിരീടം. സൂപ്പർ താരങ്ങൾ മാത്രം ഏറ്റുമുട്ടുന്ന ബിഡബ്ല്യുഎഫ് വേൾഡ് ടൂർണമെന്റിൽ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ തകർത്താണ് സിന്ധു കിരീടം സ്വന്തമാക്കിയത്.
നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധുവിന്റെ വിജയം. ഈ വർഷം സിന്ധു നേടുന്ന ആദ്യ കിരീടം കൂടിയാണ് ഇത്. സ്കോർ 21-19, 21-17 ഒളിന്പിക്സ് വെള്ളി മെഡലിനുശേഷമുള്ള സിന്ധുവിന്റെ സുപ്രധാന നേട്ടമാണിത്. ഏഴ് ഫൈനലുകളിൽ തുടർച്ചയായി പരാജയപ്പെട്ടതിനുശേഷമാണ് സിന്ധുവിന്റെ തിരിച്ചുവരവ്. ലോക ടൂർ ഫൈനൽസ് ജയിക്കു ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും സിന്ധു സ്വന്തമാക്കി.
അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 31 റണ്‍സിന്‍റെ വിജയം. ഇതോടെ നാല് മത്സരങ്ങളുടെ പരന്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. 323 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് 291 റണ്‍സിന് ഓൾഒൗട്ടായി. ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറിയും (123) രണ്ടാം ഇന്നിംഗ്സിൽ അർധ സെഞ്ചുറിയും (71) നേടിയ ചേതേശ്വർ പൂജാരയാണ് മാൻ ഓഫ് ദ മാച്ച്.
ഓസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യ ചരിത്രത്തിൽ ആദ്യാമായാണ് വിജയം നേടുന്നത്. ഓസീസ് മണ്ണിലെ ആറാം വിജയമാണ് വിരാട് കോഹ്‌ലിയും സംഘവും നേടിയത്. അഡ്‌ലെയ്ഡിൽ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമാണ് മുൻപ് ടെസ്റ്റ് ജയിച്ചിട്ടുള്ളത്.
104/4 എന്ന നിലയിൽ അവസാനദിനം തുടങ്ങിയ ഓസീസിന്‍റെ പ്രതീക്ഷകളത്രയും ക്രീസിലുണ്ടായിരുന്ന ട്രാവിസ് ഹെഡ്-ഷോണ്‍ മാർഷ് സഖ്യത്തിലായിരുന്നു. എന്നാൽ ലഞ്ചിന് മുൻപ് തന്നെ ഇരുവരെയും ഇന്ത്യൻ ബൗളർമാർ മടക്കിയയച്ചു. ക്ഷമയോടെ ബാറ്റ് ചെയ്ത മാർഷ് 166 പന്തുകൾ നേരിട്ട് 60 റണ്‍സ് നേടി. ലഞ്ചിന് ശേഷം ഓസീസ് വാലറ്റം നടത്തിയ ചെറുത്തുനിൽപ്പ് അവർക്ക് വിജയ പ്രതീക്ഷ നൽകി.
ലഞ്ചിന് പിന്നാലെ അനാവശ്യ ഷോട്ടിന് ശ്രമിച്ച നായകൻ ടിം പെയ്ൻ (41) പുറത്തായതാണ് ഓസീസിന് തിരിച്ചടിയായത്. എന്നാൽ എട്ടാം വിക്കറ്റിൽ മിച്ചൽ സ്റ്റാർക്ക്-പാറ്റ് കമ്മിൻസ് സഖ്യം 41 റണ്‍സ് കൂട്ടിച്ചേർത്തു. സ്റ്റാർക്ക് 28 റണ്‍സ് നേടി ഷമിക്ക് മുന്നിൽ വീണതോടെ പോരാട്ടം ലയണ്‍-കമ്മിൻസ് സഖ്യം ഏറ്റെടുത്തു. ഇരുവരും ചേർന്ന് 31 റണ്‍സ് സ്കോർ ചെയ്തു. 121 പന്തുകൾ ബാറ്റ് ചെയ്ത് 28 റണ്‍സ് നേടിയ കമ്മിൻസാണ് ഒൻപതാമത് വീണത്.
അവസാന വിക്കറ്റിൽ 64 റണ്‍സായിരുന്നു ഓസീസിന് വേണ്ടിയിരുന്നത്. ഹേസിൽവുഡിനെ കൂട്ടുപിടിച്ച് പോരാട്ടം തുടരാൻ ലയണ്‍ തീരുമാനിച്ചതോടെ ഇന്ത്യയ്ക്ക് സമ്മർദ്ദം അനുഭവപ്പെട്ടു. സിംഗിളുകളും ഡബിളുകളും ഇടയ്ക്ക് ഓരോ ബൗണ്ടറിയുമായി സ്കോർ മുന്നോട്ടുപോയിക്കൊണ്ടിരുന്നു. ഹേസിൽവുഡ് വിക്കറ്റ് കളയാതെ ഒരുവശം കാത്തതോടെ ലയണ്‍ സ്കോർ ചെയ്തുകൊണ്ടിരുന്നു.
അശ്വിനാണ് ഈ കൂട്ടുകെട്ട് പൊളിച്ച് ഇന്ത്യയക്ക് വിജയം സമ്മാനിച്ചത്. ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തിൽ മുന്നോട്ടുവന്ന് കളിക്കാൻ ശ്രമിച്ച ഹേസിൽവുഡ് രണ്ടാം സ്ലിപ്പിൽ രാഹുലിന് ക്യാച്ച് സമ്മാനിച്ചതോടെ കോഹ്‌ലിയും സംഘവും അഡ്‌ലെയ്ഡ് ഓവലിൽ തുള്ളിച്ചാടി. 38 റണ്‍സുമായി തോൽക്കാതെ ഒരുവശത്ത് ലയണ്‍ അടിയുറച്ചു നിൽക്കുകയും ചെയ്തു.
ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ, ആർ.അശ്വിൻ, മുഹമ്മദ് ഷമി എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ നേടി. ഇഷാന്ത് ശർമയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു. മത്സരത്തിൽ 11 ക്യാച്ചുകളുമായി വിക്കറ്റ് കീപ്പർ ഋഷഭ് പന്തും ശ്രദ്ധേയ പ്രകടനം നടത്തി. ഒരു മത്സരത്തിൽ ഏറ്റവും അധികം ക്യാച്ചുകൾ നേടിയ വിക്കറ്റ് കീപ്പർ എന്ന റിക്കോർഡിന് ഒപ്പമെത്താനും പന്തിന് കഴിഞ്ഞു. ജാക്ക് റസൽ (ഇംഗ്ലണ്ട്), എ.ബി.ഡിവില്ലിയേഴ്സ് (ദക്ഷിണാഫ്രിക്ക) എന്നിവരാണ് മുൻപ് ഒരു മത്സരത്തിൽ 11 ക്യാച്ചുകൾ നേടിയിട്ടുള്ളത്.
സ്കോർ: ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 250, രണ്ടാം ഇന്നിംഗ്സ് 307. ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് 235, രണ്ടാം ഇന്നിംഗ്സ് 291. പരന്പരയിലെ രണ്ടാം മത്സരം 14ന് പെർത്തിൽ തുടങ്ങും.
അഡ്‍ലെയ്ഡ് ടെസ്റ്റില്‍ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് എന്ന നിലയില്‍. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറിന് 59 റണ്‍സ് പിന്നിലാണ് ഓസ്ട്രേലിയ. 61 റണ്‍സുമായി ട്രാവിസ് ഹെഡും എട്ടുറണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ക്രീസില്‍.
ഇന്ത്യയ്ക്കായി അശ്വിന്‍ മൂന്നുവിക്കറ്റും ഇഷാന്ത് ബുംറ എന്നിവര്‍ രണ്ടുവിക്കറ്റും വീഴ്ത്തി. രണ്ടാം ദിനം ഇന്ത്യയ്ക്ക് റണ്ണൊന്നും കൂട്ടിചേര്‍ക്കാനായില്ല. ആദ്യ പന്തില്‍ തന്നെ ഹേസല്‍വുഡ് മുഹമ്മദ് ഷമിയെ മടക്കി. ഹേസല്‍വുഡ് മൂന്നുവിക്കറ്റ് വീഴ്ത്തി
പതിനാല് വര്‍ഷം നീണ്ട കരിയറിനൊടുവില്‍ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്ത്യക്കായി 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ടി20 മത്സരങ്ങളും കളിച്ചാണ് ഗൗതമിന്റെ മടക്കം.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,324 റണ്‍സാണ് ഗംഭീറിന്റെ സമ്പാദ്യം. മോശം പ്രകടനത്തെ തുടര്‍ന്ന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു ഗംഭീര്‍. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചതായി ഗൗതം ഗംഭീര്‍ അറിയിച്ചു. ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, കൊല്‍ക്കൊത്ത നൈറ്റ്റൈഡേഴ്സ് എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.ഇന്ത്യ കിരീടമുയര്‍ത്തിയ 2011 ഏകദിന ലോകകപ്പ്, 2007 ടി20 ലോകകപ്പ് ഫൈനലുകളിലെ ഹീറോയായിരുന്നു ഈ ഇടംകൈയന്‍ ബാറ്റ്സ്മാന്‍.
ഏകദിന ലോകകപ്പില്‍ 97 റണ്‍സും ടി20 ലോകകപ്പില്‍ 75 റണ്‍സുമെടുത്ത് ടോപ് സ്‌കോററായ ഗംഭീറിന്റെ കരുത്തിലായിരുന്നു ഇന്ത്യയുടെ കിരീടധാരണം. ഐസിസിയുടെ പ്ലെയര്‍ ഓഫ് ഇയര്‍ പുരസ്‌കാരം ഗൗതം നേടിയിട്ടുണ്ട്. രഞ്ജി ട്രോഫിയില്‍ ആന്ധ്രക്കെതിരെ ഡിസംബര്‍ ആറിന് ആരംഭിക്കുന്ന ഡല്‍ഹിയുടെ മത്സരത്തിലായിരിക്കും ഗംഭീര്‍ കരിയറില്‍ അവസാനമായി പാഡണിയുക.
മൈതാനത്ത് എതിരാളികളെ വീഴ്ത്താൻ ഏതടവും പയറ്റുന്ന ടീമെന്ന ‘ഖ്യാതി’ നേടിയിട്ടുള്ളവരാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം. എതിർ ടീമിനെ ചീത്ത വിളിച്ചും പ്രകോപിച്ചും മാനസികമായി തകർക്കാൻ ഇവർ മിടുക്കരാണ്. സ്ളെഡ്ജിങ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന ചീത്തവിളി പ്രഫഷനലിസമെന്നാണ് ഓസ്ട്രേലിയയുടെ വാദം. പലപ്പോഴും സ്ളെഡ്ജിങ് അതിരുവിടുകയും ഗ്രൗണ്ടിന് പുറത്തേക്ക് അന്താരാഷ്ട്ര പ്രശ്നമായി മാറിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ചിലപ്പോഴൊക്കെ സ്ളെഡ്ജിങ് ബൂമറാങ് പോലെ ഓസ്ട്രേലിയയെത്തന്നെ തിരിഞ്ഞു കൊത്തിയിട്ടുമുണ്ട്.
വ്യാഴാഴ്ച ഇന്ത്യ- ഓസ്ട്രേലിയ പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുകയാണ്. സാധാരണയായി ടീമംഗങ്ങളാണ് വാക് യുദ്ധത്തിനു തുടക്കമിടാറ്. എന്നാൽ ഇത്തവണ ഓസ്ട്രേലിയയിലെ ഒരു മാധ്യമമാണ് പ്രകോപനത്തിനു തുടക്കമിട്ടത്. ഇന്ത്യൻ താരങ്ങളുടെ ചിത്രത്തിന് മുകളിൽ ‘പേടിത്തൊണ്ടൻമാർ’ എന്ന തലക്കെട്ട് കൊടുത്താണ് പ്രമുഖ പത്രം പ്രകോപനം സൃഷ്ടിച്ചിരിക്കുന്നത്. ഏഴു പതിറ്റാണ്ടിനിടെ ഒരു തവണ പോലും ഇന്ത്യയ്ക്കു ഓസ്ട്രേലിയയിൽ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കാനായിട്ടില്ല എന്ന വസ്തുതയിലാണ് ഇത്തരമൊരു തലക്കെട്ടിന് പത്രം മുതിർന്നത്.
എന്നാൽ മാധ്യമത്തിനെതിരെ വൻ വിമർശനമാണ് പലകോണുകളിൽ നിന്നായി ഉയർന്നത്. വാർത്തയുടെ സ്ക്രീൻ ഷോട്ട് സഹിതം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആതിഥേയരോടു കാണിക്കുന്ന മാന്യതയില്ലാത്ത പെരുമാറ്റമാണിതെന്നാണ് പലരും വിമർശിക്കുന്നത്.
ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടി. അഡ്‌ലൈഡ് ടെസ്റ്റില്‍ യുവ സൂപ്പര്‍ താരം പൃഥി ഷാ കളിക്കില്ല. പരിശീലന മത്സരത്തിനിടെ പരിക്കേറ്റതാണ് ഷായ്ക്ക് തിരിച്ചടിയായത്.
മത്സരത്തിന്റെ മൂന്നാം ദിവസം ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് ഷായ്ക്ക് കണങ്കാലിന് പരിക്കേറ്റത്. തുടര്‍ന്ന് നടത്തിയ സ്‌കാനിംഗില്‍ ഷായ്ക്ക് കുറച്ച് ദിവസം പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ സന്നാഹ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഷായ്ക്ക് കനത്ത തിരിച്ചടിയായി മാറി ഈ പരിക്ക്.
ഓസ്‌ട്രേലിയ ഇലവന്‍ ഓപ്പണര്‍ മാക്സ് ബ്രയാന്തിനെ ബൗണ്ടറി ലൈനില്‍ ക്യാച്ച് എടുത്ത് പുറത്താക്കാനുള്ള ശ്രമത്തിനിടെയാണ് പൃഥ്വിക്ക് പരിക്കേറ്റത്. പരിക്കേറ്റു വീണ പൃഥ്വിയെ എടുത്തു കൊണ്ടാണ് പുറത്തേക്ക് കൊണ്ടുപോയത്.
മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ 66 റണ്‍സാണ് ഷാ എടുത്തത്. 69 പന്തില്‍ 11 ബൗണ്ടറി സഹിതമായണ് ഷാ 66 റണ്‍സ് സ്വന്തമാക്കിയത്. ഷായെ കൂടാതെ നാല് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരും അര്‍ധസെഞ്ച്വറി നേടിയിരുന്നു.
രഞ്ജിയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായ കേരളത്തിന് നാലാം മത്സരത്തില്‍ കനത്ത തിരിച്ചടി. മധ്യപ്രദേശിനെതിരെ ടോസ് നേടി ബാറ്റ് ചെയ്ത കേരളം കേവലം 63 റണ്‍സിന് പുറത്തായി.
നാല് വിക്കറ്റ് വീഴ്ത്തിയ അവിനേഷ് ഖാനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാഗവുമാണ് കേരള ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. തിരുവനന്തപുരം സെന്റ് സേവിയേഴ്‌സ് ഗ്രൗണ്ടിലാണ് കേരളം നാണംകെട്ട പ്രകടനം കാഴ്ച വെയ്ക്കുന്നത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മധ്യപ്രദേശ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍സ് എടുത്തിട്ടുണ്ട്.
16 റണ്‍സ് വീതമെടുത്ത അക്ഷയ് ചന്ദ്രനും വിഷ്ണു വിനോദും 10 റണ്‍സെടുത്ത വിഎ ജഗതീഷുമാണ് കേരള നിരയില്‍ രണ്ടക്കം കടന്ന ബാറ്റ്‌സ്മാന്‍മാര്‍. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ജലജ് സക്‌സേന രണ്ട് റണ്‍സെടുത്ത് ആദ്യം പുറത്തായി. അരുണ്‍ കാര്‍ത്തിക് (6) രോഹണ്‍ പ്രേം (0) സഞ്ജു സാംസണ്‍ (2) സച്ചിന്‍ ബേബി (7) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാന്‍മാരുടെ സംഭാവന.
ബിഗ് ബോസില്‍ കയറിയതില്‍ പിന്നെ ശ്രീശാന്തിന് ഒരേ വെളിപ്പെടുത്തലുകളാണ്. സത്യസന്ധത തെളിയിക്കാനുള്ള വേദിയായിട്ടാണ് ശ്രീ ബിഗ് ബോസിനെ കണ്ടിരിക്കുന്നതെന്ന സംശയം ഇല്ലാതില്ല. ഇപ്പോഴിതാ വാതുവെപ്പ് വിവാദവുമായി വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നു.
ചെയ്യാത്ത കുറ്റത്തിന് എല്ലാവരും തന്നെ കുരിശിലേറ്റുമ്പോള്‍ ആത്മഹത്യ ചെയ്യാന്‍ ആലോചിച്ചിരുന്നുവെന്ന് ശ്രീശാന്ത് പറയുന്നു.ബിഗ്ബോസില്‍ തനിക്കൊപ്പമുള്ള മറ്റു മത്സരാര്‍ത്ഥികളോടാണ് ശ്രീശാന്ത് വെളിപ്പെടുത്തല്‍ നടത്തിയത്. വാതുവെപ്പുകാരില്‍ നിന്ന് 10 ലക്ഷം രൂപ മേടിച്ച് ഞാന്‍ ഒത്തുകളിച്ചെന്നായിരുന്നു ആരോപണം.
എനിക്കെതിരെ ഇക്കാര്യത്തില്‍ തെളിവുണ്ടെന്നും അവര്‍ പ്രചരിപ്പിച്ചു. എന്നാല്‍, ജീവിതത്തിലിതു വരെ ഞാന്‍ വാതുവെപ്പുകാരുമായി ബന്ധപ്പെട്ടിട്ടില്ല. ഒത്തുകളിച്ചിട്ടുമില്ല. തകര്‍ന്നുപോയ ഞാന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു.
അടുത്ത സുഹൃത്തുക്കള്‍ പോലും ഞാന്‍ ഒത്തുകളിച്ചെങ്കിലും അതുപോട്ടെ എന്ന രീതിയിലാണ് പെരുമാറിയത്. ഇന്ത്യയിലെ സ്റ്റേഡിയങ്ങളില്‍ കാലുകുത്താന്‍ പോലും എനിക്കിപ്പോള്‍ അനുവാദമില്ല. ഭാവിയില്‍ എന്റെ മക്കള്‍ ക്രിക്കറ്റ് കളിക്കാന്‍ ഇറങ്ങിയാല്‍ അതു കാണാന്‍ എനിക്കെങ്ങിനെ കഴിയുമെന്നും പൊട്ടിക്കരഞ്ഞ് ശ്രീശാന്ത് ചോദിച്ചു.
അതേസമയം, ഇതിനിടയില്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ വന്ന രാജസ്ഥാന്‍ റോയല്‍സ് മുന്‍ ഉടമ രാജ് കുന്ദ്രയ്ക്ക് വായടപ്പിക്കുന്ന മറപടി നല്‍കി ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി. ശ്രീശാന്തിന്റെ വെളിപ്പെടുത്തല്‍ കളേഴ്സ് ടിവി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തപ്പോള്‍ ശ്രീശാന്തിനെ കളിയാക്കി ‘എപ്പിക്’ എന്ന് ചിരിക്കുന്ന ഇമോജി സഹിതം പരിഹാസപൂര്‍വം കമന്റിട്ട കുന്ദ്രയെ സോഷ്യല്‍ മീഡിയ തേച്ചൊട്ടിച്ചിരുന്നു.
രാജസ്ഥാന്‍ റോയല്‍സില്‍ കളിക്കുമ്പോള്‍ തന്റെ ഭര്‍ത്താവിന് നല്‍കാനുള്ള പ്രതിഫലം പോലും നല്‍കാത്ത വ്യക്തിയാണ് ഇയാളെന്ന് ഭുവനേശ്വരി കുന്ദ്രയ്ക്കെതിരേ ആഞ്ഞടിച്ചു. വാതുവെപ്പിന് കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തിയിട്ടും ഇവിടെ കമന്റ് ചെയ്യാന്‍ ഇയാള്‍ കാണിച്ച തന്റേടമാണ് ‘എപ്പിക്’. വാതുവെപ്പ് വിവാദത്തില്‍ ശ്രീ കുറ്റക്കാരനല്ലെന്ന് കോടതി തന്നെ കണ്ടെത്തിയിട്ടുള്ളതാണെന്ന് ഭുവനേശ്വരി കുറിച്ചു.
തലപ്പത്തു ഇരിക്കുന്ന ചിലരാണ് തന്നെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന ആരോപണവുമായി സീനിയര്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരവും, ഏകദിന ക്യാപ്റ്റനുമായ മിതാലി രാജ് രംഗത്ത്. കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് അംഗം ഡയാന എഡുല്‍ജി, കോച്ച് രമേഷ് പൊവാര്‍ എന്നിവര്‍ക്ക് നേരെയാണ് ഇന്ത്യന്‍ സൂപ്പര്‍താരം വിരല്‍ ചൂണ്ടുന്നത്.
ടി20 ലോകകപ്പ് സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ കളിക്കാനിറങ്ങിയ ടീമില്‍ മിതാലിക്ക് സ്ഥാനം നല്‍കാതിരുന്നത് വന്‍വിവാദമായിരിക്കുകയാണ്. മത്സരത്തില്‍ എട്ട് വിക്കറ്റിന് ഇന്ത്യ തോല്‍ക്കുകയും ചെയ്തു. ഈ വിഷയത്തിലാണ് ഇതുവരെ നിശബ്ദയായിരുന്ന താരം വെളിപ്പെടുത്തലുമായി പുറത്തുവന്നത്. എഡുല്‍ജി തന്നെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാതിരിക്കാന്‍ അധികാരം വിനിയോഗിച്ചെന്ന് മിതാലി രാജ് ആരോപിക്കുന്നു.
ഗ്രൂപ്പ് ഘട്ടത്തില്‍ തുടര്‍ച്ചയായി രണ്ട് അര്‍ദ്ധസെഞ്ചുറികള്‍ തികച്ച ശേഷമായിരുന്നു 35-കാരിയെ ടീമിന് പുറത്തിരുത്തിയത്. ’20 വര്‍ഷത്തെ കരിയറില്‍ ആദ്യമായി ആത്മവിശ്വാസം കുറഞ്ഞ്, വിഷാദത്തിലാണ്. രാജ്യത്തിന് നല്‍കുന്ന സേവനങ്ങള്‍ക്ക് എന്തെങ്കിലും മൂല്യമുണ്ടോയെന്ന് ചിന്തിക്കുകയാണ്. അധികാരത്തിലുള്ള ചിലര്‍ എന്നെ തകര്‍ക്കാനും, ആത്മവിശ്വാസം ഇല്ലാതാക്കാനും ശ്രമിക്കുന്നു’, ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌റിക്കും, ക്രിക്കറ്റ് ഓപ്പറേഷന്‍സ് ജിഎം സാബാ കരീമിനും അയച്ച കത്തില്‍ മിതാലി വ്യക്തമാക്കി.
ഇലവനില്‍ തന്നെ കളിപ്പിക്കരുതെന്ന് കോച്ച് പൊവാറിന് നിര്‍ബന്ധമായിരുന്നു, ടി20 ക്യാപ്റ്റന്‍ ഹര്‍മാന്‍പ്രീത് കൗറിന് ഇത് അനുസരിക്കാതെ മാര്‍ഗ്ഗമില്ലായിരുന്നു. രാജ്യത്തിനായി ലോകകപ്പ് നേടണമെന്നായിരുന്നു ആഗ്രഹം. അത് നഷ്ടമായപ്പോള്‍ എനിക്ക് വേദനിച്ചു, മിതാലി രാജ് പറഞ്ഞു. കോച്ച് പൊവാര്‍ തന്നെ സ്ഥിരമായി അപമാനിച്ചിരുന്നതായും കത്തില്‍ താരം കുറ്റപ്പെടുത്തി.
ആഷ്‌ഫോര്‍ഡ്: കെന്റിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 1-ാം തിയതി ശനിയാഴ്ച അഖില യുകെ ബാഡ്മിന്റണ്‍ (ഡബിള്‍സ്) ടൂര്‍ണമെന്റ് നടത്തപ്പെടുന്നു. വിജയകരമായ ക്രിക്കറ്റ് ടൂര്‍ണമെന്റിന് ശേഷം യുകെയിലെ കായിക പ്രേമികള്‍ക്കായി മറ്റൊരു കായിക മാമാങ്കത്തിനായി ആഷ്‌ഫോര്‍ഡുകാര്‍ ഒരുങ്ങുകയാണ്. ആഷ്‌ഫോര്‍ഡ് നോര്‍ട്ടന്‍ നാച്ച്ബുള്‍ സ്‌കൂളിന്റെ (Norton Knatchbull School) ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സജ്ജീകരിച്ചിരിക്കുന്ന ടൂര്‍ണമെന്റില്‍ ഒന്നും രണ്ടു സ്ഥാനങ്ങളില്‍ വിജയികളാകുന്ന ടീമുകള്‍ക്ക് യഥാക്രമം 401ഉം 201ഉം പൗണ്ട് നല്‍കുന്നതാണ്. അന്നേ ദിവസം രാവിലെ 9.45ന് ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫ് ഉദ്ഘാടനം ചെയ്യുകയും രാവിലെ 10 മണി മുതല്‍ മത്സരങ്ങള്‍ വിവിധ കോര്‍ട്ടുകളിലായി നടക്കുന്നതുമാണ്. മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും കാണികള്‍ക്കുമായി വിപുലമായ കാര്‍ പാര്‍ക്കിംഗ് സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.
രാവിലെ മുതല്‍ മത്സരങ്ങള്‍ അവസാനിക്കുന്ന സമയം വരെ എല്ലാവര്‍ക്കും വൈവിധ്യവും രുചികരവുമായ ഭക്ഷണശാല ‘കൈയേന്തി ഭവന്‍’ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്. ടൂര്‍ണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി രൂപംകൊടുത്ത വിവിധ കമ്മിറ്റികള്‍ അണിയറയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിചക്കുന്നു. ഈ മത്സരങ്ങളെല്ലാം വന്‍ വിജയമാക്കുവാന്‍ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ എല്ലാ അംഗങ്ങളുടെയും സഹകരണവും പങ്കാളിത്തവുമുണ്ടാകണമെന്നം യുകെയിലെ കായികപ്രേമികളായ എല്ലാ ആള്‍ക്കാരെയും പ്രസ്തുത ദിവസം സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി എല്ലാ കമ്മിറ്റികളും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
ടൂര്‍ണമെന്റിനെപ്പറ്റി കൂടുതല്‍ അറിയുവാന്‍
ജസ്റ്റിന്‍ ജോസഫ്- 07833227738
രാജീവ് തോമസ്- 07877124805
ജെറി ജോസഫ്- 07861653060
ജോണ്‍സണ്‍ തോമസ്-07886367154
വിലാസം
Norton Knatchbull School
Hythe Road
Ashford
Kent, TN24 0QJ