UK

മസ്‌ക്കറ്റ്: മലയാളി നഴ്സിന്റെ മരണത്തിൽ ഞെട്ടി കൂട്ടുകാരും ബന്ധുക്കളും. മസ്ക്കറ്റിലെ ഇൻ്റെർനാഷണൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായി ജോലി ചെയ്‌തിരുന്ന  ഷീന ജോമോൻ(40) ആണ് ഇന്ന് പ്രാദേശിക സമയം 15.20 ന് മരണമടഞ്ഞിരിക്കുന്നത്. കോവിഡ് റിസൾട്ട് വരാനിരിക്കെയാണ് മരണം നടന്നിരിക്കുന്നത്.

ഹാർട്ട് അറ്റാക്കിനെ തുടർന്ന് സ്ട്രോക്ക് വരികയും കൗള ആശുപത്രിയിൽ കഴിഞ്ഞ 4 ദിവസമായി വെൻ്റിലേറ്ററിൽ ചികിത്സയിൽ ഇരിക്കെയാണ് ഇന്ന് മരണം സംഭവിച്ചിരിക്കുന്നത്. ഭർത്താവ് 3 വർഷം മുൻപ് മരണപ്പെട്ടിരുന്നു. പന്ത്രണ്ട് വയസ്സുള്ള ഒരു മകളുണ്ട്. തൃശ്ശൂർ സ്വദേശിയാണ് എന്നാണ് അറിയുന്നത്. അപ്പനും അമ്മയും നഷ്ടപ്പെട്ട പെൺകുട്ടിയെക്കുറിച്ചു ഓർത്താണ് സഹപ്രവർത്തകരുടെയും വിഷമം ഇരട്ടിക്കുന്നത്.

തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലെ സ്റ്റാഫായിരുന്നു മുൻപ്. ശവസംക്കാരം സംബന്ധിച്ചു തീരുമാനം ആയിട്ടില്ല. നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു എന്നാണ് അറിയുന്നത്.

ഷീന ജോമോന്റെ അകാല നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സഹപ്രവർത്തകരെയും അറിയിക്കുന്നു.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

കഴിഞ്ഞ കുറച്ചു നാളുകളായി നമ്മൾ മലയാളികൾക്ക് വല്യ പരിചയം ഇല്ലാത്ത അല്ലെങ്കിൽ പോകാൻ മടിക്കുന്നൊരിടത്ത് പ്രാക്ടീസ് ചെയ്തു വരുകയാണ് .

ഇതെഴുതാൻ കാരണമുണ്ട് . ഞാൻ പ്രാക്ടീസ്’ ചെയ്യുന്നത് സെക്ഷ്വൽ ഹെൽത്തിൽ ആണെന്ന് പറഞ്ഞപ്പോൾ തന്നെ കൂട്ടുകാരികളായ നേഴ്‌സുമാർ ഉൾപ്പെടെ ഒട്ടേറെപേർ വായ്പൊത്തി .. ഡീ നീയോ എന്ന് ചോദിച്ചു .
അതാണ് …..നമുക്ക് തീരെ പരിചയം ഇല്ലെന്ന് പറഞ്ഞത് . നമുക്കെന്തോ സെക്സ് എന്ന വാക്ക് കേൾക്കുമ്പോഴേ ചിലർക്കുള്ളിൽ എന്തോ ഉരുണ്ടു കയറ്റവും മറ്റുചിലർക്ക് കൂടുതലറിയാനുള്ള ലഡു പൊട്ടുകയും ചെയ്യുമെങ്കിലും ആരും ഒരക്ഷരം മിണ്ടില്ല.

പക്ഷെ നമ്മളൊക്കെ ഈ സെക്ഷ്വൽ ഹെൽത്ത് എന്താണെന്ന് അറിഞ്ഞിരിക്കണം . അറിയാവുന്നവർ ഉണ്ടാകാം . പക്ഷെ അറിയാത്തവർക്കായി ചില കാര്യങ്ങൾ ഷെയർ ചെയ്യുന്നു . ലൈംഗിക ആരോഗ്യ ക്ലിനിക്കുകളിൽ കൂടുതലായും വരുന്നത് നമ്മൾ മെന്റൽ ഹെൽത്തിനായി മെഡിറ്റേഷൻ ചെയ്യുന്നതുപോലെ ഫിസിക്കൽ ഹെൽത്തിനായി ജിമ്മിൽ പോകുന്നതുപോലെ സെക്ഷ്വൽ ഹെൽത്തിനായി മൂന്ന് മാസം കൂടുമ്പോൾ നമ്മളെല്ലാം പ്രായഭേദമന്യേ ചെക്കപ്പ് ചെയ്യേണ്ടത് ആവശ്യമാണ് . ഈ ചെക്കപ്പിൽ കൂടെ നമുക്കെന്തെങ്കിലും ലൈംഗികപരമായ അസുഖങ്ങൾ, അസാധാരണ മുഴകൾ അല്ലെങ്കിൽ HIV എന്നിവയൊക്കെ കണ്ടുപിടിക്കുന്നതിനും നേരത്തെ തന്നെ ചികിത്സ നേടുന്നതിനും ഇത് സഹായിക്കും .

ലൈംഗികപരമായ അസുഖങ്ങൾ എന്ന് പറയുമ്പോൾ നമ്മൾ വിചാരിക്കും ഞാൻ എന്റെ കെട്ടിയോൾ / കെട്ടിയോൻ മാത്രമായല്ലേ ബന്ധമുള്ളു അതിനാൽ എനിക്കത് വരാൻ ഒരു സാധ്യതയുമില്ലല്ലോ എന്ന് . പക്ഷെ ഇന്ന് മാർക്കറ്റുകളിൽ കണ്ടുവരുന്ന പല വാഷിംഗ് ഉൽപന്നങ്ങളും നമ്മളുടെ ഗുഗ്രഭാഗത്തെ PH ലെവലിൽ മാറ്റമുണ്ടാക്കുകയും അതുമൂലം പഴുപ്പ് കോശങ്ങൾ ഉല്പാദിപ്പിക്കപ്പെടുകയും ചെയ്യാം . അത് മിക്കവാറും പേരിൽ ടെസ്റ്റ് ചെയ്യാതെ കണ്ടുപിടിക്കുക സാധ്യമല്ല താനും .

ചില പൂപ്പൽ പോലുള്ള അസുഖങ്ങൾ ആൺ പെൺ വ്യത്യാസമില്ലാതെ (infertility ) കുഞ്ഞുങ്ങൾ ഉണ്ടാകാത്തതിനും അല്ലെങ്കിൽ ചിലപ്പോൾ ഉണ്ടാകുന്ന കുഞ്ഞുങ്ങളിലെ ബ്ലൈൻഡ്‌നെസ്സിനും കാരണമാകാം.

ഇങ്ങനെയുള്ള റെഗുലർ ചെക്കപ്പുകൾ മിക്കവാറും സ്ത്രീകളിലെ ഗർഭാശയ കാൻസറുകളും പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് കാൻസറുകളും നേരത്തെ കണ്ടുപിടിക്കാനും ചികിൽസിക്കാനും സാധിക്കുന്നു .

കൂടാതെ bisexual / straight /Gay ബന്ധപെടുന്നവർക്ക് കൂടുതലായും HIV കണ്ടുവരുന്നു . അവർക്കും അവരിൽ HIV പോസിറ്റീവ് ആയിട്ടുള്ളവരിൽ അവരുടെ വൈറസിനെ കൺട്രോളിൽ കൊണ്ടുവരുവാനും കൂടാതെ നമ്മൾ ബന്ധപ്പെടുന്ന ഒരാൾ HIV ഉള്ളവർ ആണെങ്കിൽ പോലും നമുക്ക് വരാതെ സൂക്ഷിക്കാനുമുള്ള മരുന്നുകൾ ഇന്ന് ലഭ്യമാണ് . അവ അറിയാനും ഉപയോഗപ്പെടുത്താനും ഇത്തരം ക്ലിനിക്കുകൾ സഹായിക്കുന്നു .

ഇനി ഏതെങ്കിലുമൊരുത്തരം chemsex ഉപയോഗിക്കുന്നവരാണെങ്കിൽ അവർ തീർച്ചയായും ഇങ്ങനത്തെ ക്ലിനിക്കുകൾ പതിവായി ഉപയോഗപ്പെടുത്തുകയും ആരോഗ്യമോടെ ജീവിക്കാനും നമുക്കാകും.

ഒന്നിൽ കൂടുതൽ പാർട്ണേഴ്സ് ഉള്ളവർ അവരുടെ അസുഖങ്ങൾ കൂടുതൽ പേരിലേക്ക് സ്‌പ്രെഡ്‌ ചെയ്യാതിരിക്കാൻ ബന്ധപ്പെട്ട ആൾക്കാരിലേക്ക് ബന്ധപെട്ടവരുടെ പേരോ ഫോൺ നമ്പറോ പറയാതെ തന്നെ അജ്ഞാത സന്ദേശങ്ങൾ അയച്ച് അവരെയും ചികിത്സയിലേക്ക് പോകാൻ സഹായിക്കുന്ന സൗകര്യങ്ങളും ഇന്ന് നിലവിലുണ്ട് .

Sexual health ക്ലിനിക്കിന്റെ മുദ്രാവാക്യമനുസരിച്ചു ആരെയും ഞങ്ങൾ ലൈംഗികത തെറ്റാണെന്നോ പിന്തിരിയണമെന്നോ പറഞ്ഞു പന്തിരിപ്പിക്കാൻ ശ്രമിക്കുന്നില്ല . മറിച്ച് എല്ലാവരും ആരോഗ്യ പ്രദമായി ജീവിക്കുന്നതിനായി അവരെ സഹായിക്കുക മാത്രമാണ് ചെയ്യുന്നത്. അതിനാൽ ഇവിടെ ഇങ്ങനത്തെ ക്ലിനിക്കുകളിൽ നിന്നും സഹായം നേടാൻ വിസയോ, സ്വന്തം പേരോ, ചികിത്സാ ഫീസോ ചോദിക്കാറില്ല . അതിനാൽ എല്ലാവരും എല്ലാ മൂന്നുമാസങ്ങളിലും അടുത്തുള്ള ലൈംഗിക ആരോഗ്യ ക്ലിനിക് വിസിറ്റ് ചെയ്യുക .
ആരോഗ്യത്തോടെ ജീവിക്കുക ..

( ആരാ എഴുതിയത് എന്ന് നോക്കണ്ട , മുഖം നോക്കാതെ ഷെയർ ചെയ്തോളു , അറിവില്ലാത്തവർ അറിയട്ടെ ❤️)

ജോസ്‌ന സാബു സെബാസ്റ്റ്യൻ

ഡല്‍ഹി ഹോളി ഫാമിലി ഹോസ്പിറ്റലിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഒത്തുചേരലും കൂടിക്കാഴ്ചയും ഫെബ്രുവരി 12 -ന് മാഞ്ചസ്റ്റര്‍ സെന്റ് ജോസഫ് ഹാളില്‍ നടക്കും. രാവിലെ 11ന് ആരംഭിക്കുന്ന പരിപാടിയില്‍ വിവിധ കലാപരിപാടികള്‍ സ്വാദിഷ്ടമായ മലയാളി ഭക്ഷണം തുടങ്ങിയവ ഉണ്ടായിരിക്കും. കുടുംബസഹിതം പങ്കെടുത്ത് മുന്‍കാല ഓര്‍മ്മകള്‍ പങ്കിടാമെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക

ജിന്‍സി എഡ്വാര്‍ഡ്: 07886536114, ബീനാ തോമസ്: 07741407617

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം

St. Joseph Church Hall, Portland Crescent, Manchester, M13 0BU

അനാമിക കെന്റ് യു കെ യുടെ മൂന്നാമത്തെ സംഗീത ആൽബം റിലീസിനൊരുങ്ങുന്നു. ‘സ്വരദക്ഷിണ’ എന്നു പേരു നൽകിയിരിക്കുന്ന ഈ ആൽബത്തിലൂടെ ഭാവസാന്ദ്രമായ ഒരു മെലഡിയാണ് ഇത്തവണ പ്രേക്ഷകരിലേക്കെത്തുന്നത്.

ശബ്ദമാധുര്യംകൊണ്ടും, ആലാപനമികവുകൊണ്ടും, സംഗീതസദസ്സുകളിൽ ശ്രദ്ധേയനായ യു.കെ യുടെ പ്രിയഗായകൻ ശ്രീ റോയ് സെബാസ്റ്റ്യനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. സ്വരദക്ഷിണയ്ക്ക് സംഗീതം പകർന്നിരിക്കുന്നത് മികച്ച സംഗീതസംവിധായകനും പ്രോഗ്രാമറുമായ ശ്രീ അനൂപ് വൈറ്റ്ലാന്റ് ആണ്.

വരികൾ എഴുതിയിരിക്കുന്നത് യു.കെയിലെ പ്രശസ്ത കവയിത്രിയും നോവലിസ്റ്റുമായ ബീനാ റോയ് ആണ്. ഭാവതരളവും മാനവികത നിറഞ്ഞതുമായ എഴുത്തുകളുടെ ഉടമയാണ് ബീനാ റോയ്. ‘ക്രോകസിന്റെ നിയോഗങ്ങൾ’, ‘പെട്രോഗ്രാദ് പാടുന്നു’ എന്ന രണ്ട് കവിതാസമാഹാരങ്ങളും, ‘സമയദലങ്ങൾ’ എന്ന ചിന്താപരമായ പുതിയ നോവലും വായനക്കാർ ഏറ്റുവാങ്ങിയിട്ടുണ്ട്. സാഹിത്യലോകത്ത് സുപരിചിതയായ ബീനാ റോയി എഴുതിയ പതിനൊന്നാമത്തെ ആൽബം സോങ്ങാണ് ‘സ്വരദക്ഷിണ’യിലേത്.

അനാമിക കെന്റ് യു കെയുടെ മുൻ ആൽബങ്ങളായ ‘ബൃന്ദാവനിയും’, ‘ഇന്ദീവരവും’, സംഗീതമേന്മക്കൊണ്ടും, ആലാപന മികവുകൊണ്ടും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. എല്ലാ സംഗീതപ്രേമികൾക്കും എക്കാലവും മനസ്സിൽ സൂക്ഷിക്കാൻ സംഗീത മധുരമായ ഈ ആൽബം ഗർഷോം ടീവിയിൽ ഉടൻതന്നെ റിലീസിനൊരുങ്ങുന്നു.

പ്രധാനമന്ത്രി ബോറിസ് ജോൺസൻ്റെ ഭാവി ഡൗണിംഗ് സ്ട്രീറ്റ് പാര്‍ട്ടികളെക്കുറിച്ചുള്ള സ്യൂ ഗ്രേയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര അന്വേഷണം റിപ്പോര്‍ട്ടിനെ ആശ്രയിച്ചിരിക്കുമെന്ന് സൂചന. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ സ്യൂ ഗ്രേയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷൻ്റെ റിപ്പോർട്ടിനായി കാക്കുകയാണ് എംപിമാര്‍. വിഷയത്തില്‍ പ്രധാനമന്ത്രിയ്ക്ക് വീഴ്ച സംഭവിച്ചെന്ന പരാമര്‍ശം ഉണ്ടായാല്‍ രാജി ആവശ്യം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെയും ടോറി വിമതരുടെയും തീരുമാനം.

എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതു തെളിയിക്കാൻ പോരാടുമെന്നും ബോറിസ് ജോണ്‍സണ്‍ പ്രതിജ്ഞ ചെയ്യുന്നു. ബുധനാഴ്ച പ്രതീക്ഷിച്ചിരുന്ന സ്യൂ ഗ്രേയുടെ അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍ പുറത്തുവന്നിട്ടില്ല. പ്രധാനമന്ത്രിയുടെ ചോദ്യങ്ങളില്‍, റിപ്പോര്‍ട്ട് പൂര്‍ണ്ണമായി പ്രസിദ്ധീകരിക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ ലേബര്‍ നേതാവ് സര്‍ കെയര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

ജോണ്‍സണിന് ലഭിക്കുന്ന ഫോര്‍മാറ്റില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുക എന്നത് ആണ് തങ്ങളുടെ ഉദ്ദേശ്യം എന്ന് ഡൗണിംഗ് സ്ട്രീറ്റ് പറഞ്ഞു. ഗ്രേയുടെ റിപ്പോര്‍ട്ട് അവര്‍ ഇതുവരെ പ്രധാനമന്ത്രിക്ക് അയച്ചിട്ടില്ല. റിപ്പോര്‍ട്ട് കാണാന്‍ എംപിമാര്‍ക്ക് വ്യാഴാഴ്ച വരെയോ അതിനുശേഷമോ കാത്തിരിക്കേണ്ടി വരുമെന്ന് തോന്നുന്നു. കോമണ്‍സ് പ്രസ്താവന നടത്തുന്നതിന് മുമ്പ് അതിന്റെ ഉള്ളടക്കം പഠിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സമയം നല്‍കുമെന്ന് ബോറിസ് പറഞ്ഞു.

ഡൗണിംഗ് സ്ട്രീറ്റ് പാര്‍ട്ടികളെക്കുറിച്ചു മെട്രോപൊളിറ്റന്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട് . ആദ്യ ലോക്ക്ഡൗണ്‍ സമയത്ത് പത്താം നമ്പറില്‍ നടന്ന പാര്‍ട്ടികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി മെറ്റ് പോലീസ് കമ്മീഷണര്‍ ക്രെസിഡ ഡിക്ക് ആണ് വെളിപ്പെടുത്തിയത്. 2020 മുതല്‍ ഡൗണിംഗ് സ്ട്രീറ്റിലും വൈറ്റ്ഹാളിലും ‘കോവിഡ് -19 ചട്ടങ്ങളുടെ ലംഘനങ്ങള്‍ ‘ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വരികയാണെന്ന് ക്രെസിഡ ഡിക്ക് പറഞ്ഞു. ലോക്ക്ഡൗണ്‍ പാര്‍ട്ടികളെക്കുറിച്ചു പോലീസ് അന്വേഷണം കൂടി പുറത്തുവന്നതോടെ പ്രതിപക്ഷം ബോറിസിന്റെ രാജിയാവശ്യം ശക്തമാക്കിയിരുന്നു.

ആദ്യ ലോക്ക്ഡൗണ്‍ നിലവിലിരിക്കെ ബോറിസ് ജോണ്‍സന്റെ ജന്മദിനം ആഘോഷിക്കാന്‍ 10-ാം നമ്പറില്‍ ജീവനക്കാര്‍ ഒത്തുകൂടിയെന്ന് ഡൗണിംഗ് സ്ട്രീറ്റ് കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ നേരാന്‍ ജീവനക്കാര്‍ ചെറുതായി ഒത്തുകൂടി എന്ന് നമ്പര്‍ 10 പറഞ്ഞു, അദ്ദേഹം 10 മിനിറ്റില്‍ താഴെ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ എന്നും ഡൗണിംഗ് സ്ട്രീറ്റ് കൂട്ടിച്ചേര്‍ത്തു. രണ്ടില്‍ കൂടുതല്‍ ആളുകളുടെ ഇന്‍ഡോര്‍ ഒത്തുചേരലുകള്‍ നിരോധിച്ചിരുന്ന സമയമായിരുന്നു അത്.

2020 ജൂണിലെ ഇവന്റില്‍ 30 പേര്‍ വരെ പങ്കെടുത്ത് ഹാപ്പി ബര്‍ത്ത്‌ഡേ പാടുകയും കേക്ക് വിളമ്പുകയും ചെയ്തതായി ഐടിവി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 ജൂണ്‍ 19 ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് ശേഷമാണ് കാബിനറ്റ് റൂമില്‍ ജന്മദിന പരിപാടി നടന്നതെന്ന് ഐടിവി ന്യൂസ് പറഞ്ഞു,

അന്നു വൈകുന്നേരം പ്രധാനമന്ത്രിയുടെ വസതിയില്‍ കുടുംബസുഹൃത്തുക്കള്‍ക്ക് ആതിഥ്യമരുളിയതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇത് തീര്‍ത്തും അസത്യമാണ് എന്നാണ് 10-ാം നമ്പര്‍ വക്താവ് പറഞ്ഞത് . അന്നത്തെ നിയമങ്ങള്‍ക്കനുസൃതമായി, ആ വൈകുന്നേരം പ്രധാനമന്ത്രി കുറച്ച് കുടുംബാംഗങ്ങള്‍ക്ക് പുറത്ത് ആതിഥേയത്വം വഹിച്ചു എന്നാണ് ന്യായീകരണം. ജോണ്‍സന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം നമ്പര്‍ 10 ഗാര്‍ഡനില്‍ ബാര്‍ബിക്യൂ നടത്തിയിരുന്നതായി ഈ രണ്ടാം സമ്മേളനത്തില്‍ ഒരു സ്രോതസ് ബിബിസിയോട് പറഞ്ഞു.

പ്രധാനമന്ത്രിയുടെ അന്നത്തെ പ്രതിശ്രുതവധു കാരി സിമണ്ട്സ് ക്യാബിനറ്റ് റൂമില്‍ കേക്ക് സംഘടിപ്പിച്ചുവെന്നും ദമ്പതികളുടെ ഡൗണിംഗ് സ്ട്രീറ്റ് ഫ്ലാറ്റിന്റെ നവീകരണം നടത്തിയ ഇന്റീരിയര്‍ ഡിസൈനറായ ലുലു ലൈറ്റിലിനൊപ്പം ചടങ്ങില്‍ എത്തിയെന്നും ഒരു ഉറവിടം ബിബിസിയോട് പറഞ്ഞു. സാന്‍ഡ്‌വിച്ചുകളും പിക്‌നിക് ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നതിനെക്കുറിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും 30 പേര്‍ വരെ പങ്കെടുത്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

2020 മെയില്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കവെ നടന്ന പാര്‍ട്ടി നടക്കുന്നതിന് മുന്‍പ് ബോറിസുമായി ഇക്കാര്യം ചര്‍ച്ച ചെയ്‌തെങ്കിലും തന്റെ ആശങ്കകള്‍ തള്ളിക്കളയുകയാണ് ഉണ്ടായതെന്ന് പ്രധാനമന്ത്രിയുടെ മുന്‍ ഉപദേശകന്‍ ഡൊമനിക് കമ്മിംഗ്‌സ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ദേശീയ ദുഃഖാചരണമായിട്ടും ഫിലിപ്പ് രാജകുമാരന്റെ സംസ്കാര ചടങ്ങിന് തലേന്നും ഡൗണിംഗ് സ്ട്രീറ്റ് പാര്‍ട്ടികള്‍ നടന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഫിലിപ്പ് രാജകുമാരന്റെ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് തലേന്ന് രാത്രി 10-ാം നമ്പറില്‍ രണ്ട് സ്റ്റാഫ് പാര്‍ട്ടികള്‍ക്ക് ഡൗണിംഗ് സ്ട്രീറ്റ് വേദിയായെന്ന് ദ ടെലഗ്രാഫ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വെസ്ററ് യോർക്ക്ഷെയറിലെ വെയ്ക്ഫീൽഡിൽ താമസിക്കുന്ന ഷൈനി ജേക്കബിൻെറ മാതാവ് ചമ്പക്കുളം, നടുഭാഗം, എതിരേറ്റ് വർഗീസ് ചാക്കോയുടെ (അപ്പച്ചൻ) ഭാര്യ മേരിക്കുട്ടി ജേക്കബ് (72 )നിര്യാതയായി. മൃത സംസ്‌കാര ശുശ്രൂഷകൾ ഇന്ന് പത്തുമണിക്ക് കളർ കോട് യൂണിയൻ പെന്തക്കോസ് ചർച്ചിൽ വച്ച് നടത്തപ്പെടുന്നതാണ്. മക്കൾ: ഷിബു ജേക്കബ് (ന്യൂസിലൻഡ്), ഷൈനി ജേക്കബ് (യുകെ) മരുമക്കൾ: ഹെസ്‌ബാ, ഉമ്മച്ചൻ (യുകെ) .

ഷൈനി ജേക്കബിൻെറ മാതാവിൻ്റെ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

സാലിസ്ബറി. മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റിന്റായ മേഴ്‌സി സജീഷിൻെറ മാതാവ് അന്നമ്മ ചാക്കോ (87) നാട്ടിൽ നിര്യാതയായി. പരേതനായ കെ വി ചാക്കോയുടെ ഭാര്യയാണ്. പരേത മണിമല കൂനംകുന്നേൽ കുടുംബാംഗമാണ്.

മേഴ്‌സി സജീഷിൻെറ മാതാവിൻ്റെ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയില്‍ നിന്ന് പുറത്തായത് മുസ്‌ലിമായതു കൊണ്ടാണെന്ന ആരോപണവുമായി വനിതാ മന്ത്രി. തന്റെ സ്വത്വം സഹപ്രവര്‍ത്തകരെ അസ്വസ്ഥപ്പെടുത്തിയിരുന്നെന്നും സണ്‍ഡേ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി നുസ്‌റത്ത് ഗനി പറഞ്ഞു. 49 കാരിയായ നുസ്‌റത്ത് ബോറിസ് മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്നു. ബ്രിട്ടനിലെ ആദ്യ മുസ്‌ലിം വനിതാ മന്ത്രിയായിരുന്നു ഇവര്‍.

2108ലാണ് അധികാരമേറ്റത്. എന്നാല്‍ 2020 ഫെബ്രുവരിയില്‍ നടന്ന പുനഃസംഘടനയില്‍ ഇവര്‍ക്ക് സ്ഥാനം നഷ്ടമാകുകയായിരുന്നു. ‘മുസ്‌ലിം വനിതാ മന്ത്രിയെന്ന എന്റെ സ്റ്റാറ്റസ് സഹപ്രവര്‍ത്തരെ അസ്വസ്ഥപ്പെടുത്തിയിരുന്നു. വയറ്റില്‍ അടിയേറ്റ പോലെയായിരുന്നു അത്. ഞാന്‍ അപമാനിതയായി. എന്നാല്‍ സംഭവം പാര്‍ട്ടിയിലുള്ള വിശ്വാസത്തെ ഉലച്ചിട്ടില്ല. എംപി സ്ഥാനം രാജി വയ്ക്കണമെന്ന് ആലോചിച്ചിരുന്നു’ അവര്‍ വ്യക്തമാക്കി.

അതേസമയം, നുസ്‌റത്തിന്റെ ആരോപണങ്ങള്‍ ഗവണ്‍മെന്റ് ചീഫ് വിപ്പ് മാര്‍ക് സ്‌പെന്‍സര്‍ തള്ളി. പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരമാണ് എന്നും അസംബന്ധമാണ് എന്നും അദ്ദേഹം പ്രതികരിച്ചു. ആരോപണം അന്വേഷിക്കണമെന്ന് മന്ത്രി നദിം സവാഹി ആവശ്യപ്പെട്ടു.

യുകെയിൽ നിർണായക മാറ്റങ്ങളുമായി പുതുക്കിയ ഹൈവേ കോഡ് ജനു. 29 മുതൽ പ്രാബല്യത്തിൽ. സൈക്കിൾ യാത്രക്കാർക്ക് ഡ്രൈവർമാരേക്കാൾ വ്യക്തമായ മുൻഗണന നൽകുന്നത് ഉൾപ്പെടെ സൈക്കിൾ യാത്രക്കാരെ ഓവർടേക്ക് ചെയ്യുമ്പോൾ എത്ര സ്ഥലം അനുവദിക്കണമെന്ന് വാഹനമോടിക്കുന്നവർക്ക് പ്രത്യേക നിർദ്ദേശങ്ങൾ അടങ്ങിയതാണ് പുതിയ കോഡ്.

യുകെയിലെ റോഡുകളിലെ ആളുകൾക്കുള്ള ഉപദേശങ്ങളുടെയും നിയമങ്ങളുടെയും പുതിയ ലിസ്റ്റ് ജനുവരി 29 മുതൽ അപ്‌ഡേറ്റ് ചെയ്യപ്പെടും, റോഡ് ഉപയോക്താക്കളുടെ അപകടസാധ്യത കുറയ്ക്കുന്നതിന് അടിസ്ഥാനമാക്കിയുള്ള നിയമങ്ങളാണ് അവതരിപ്പിക്കുക.

സൈക്ലിംഗ് പ്രചാരകർ ഈ മാറ്റങ്ങളെ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും, അവ ആശയവിനിമയം നടത്തുന്നതിൽ സർക്കാർ വളരെ നിശബ്ദത പാലിക്കുന്നുവെന്ന് ആക്ഷേപമുണ്ട്. കാൽനടയാത്രക്കാർ, കുട്ടികൾ, പ്രായമായവർ, വികലാംഗർ എന്നിവർക്ക് പ്രത്യേക ഊന്നൽ നൽകിക്കൊണ്ടാണ് നിയമങ്ങൾ.

ജംഗ്ഷനുകളിൽ കാൽനടയാത്രക്കാർക്ക് മുൻഗണന. ഒരു ജംഗ്ഷനിൽ, ഡ്രൈവർമാരും മോട്ടോർ സൈക്കിൾ യാത്രക്കാരും കാൽനടയാത്രക്കാർക്ക് ക്രോസ് ചെയ്യുന്നതിനോ ക്രോസ് ചെയ്യാൻ കാത്തിരിക്കുന്നവർക്കോ വഴി നൽകണം. മുമ്പ് ജംഗ്ഷനുകളിൽ വാഹനങ്ങൾക്കാണ് മുൻഗണന നൽകിയിരുന്നത്. കൂടാതെ, സൈക്കിൾ യാത്രക്കാർ പങ്കിട്ട സൈക്കിൾ ട്രാക്കുകളിൽ കാൽനടയാത്രക്കാർക്ക് വഴി നൽകണം.

ചില സാഹചര്യങ്ങളിൽ സൈക്കിൾ യാത്രക്കാർക്ക് മുൻഗണന നൽകേണ്ട ഡ്രൈവർമാർ ഉദാഹരണത്തിന് റൗണ്ട് എബൗട്ടിൽ, ജംഗ്ഷനിൽ നിന്ന് പുറത്തേക്കോ അകത്തേക്കോ തിരിയുമ്പോഴോ പാത മാറുമ്പോഴോ സൈക്കിൾ യാത്രക്കാർക്ക് മുൻഗണന നൽകണമെന്ന് പുതിയ നിയമങ്ങൾ ഡ്രൈവർമാരോടും മോട്ടോർ സൈക്കിൾ യാത്രക്കാരോടും ആവശ്യപ്പെടുന്നു. റൗണ്ട് എബൗട്ടുകളിലോ മന്ദഗതിയിലുള്ള ട്രാഫിക്കിലോ സൈക്കിൾ യാത്രക്കാർക്കിടയിൽ സുരക്ഷിതമായ ദൂരം നൽകാനും ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കുന്നു.

സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന ജോൺസന്റെ പിതാവും ഷിബിയുടെ ഭതൃപിതാവുമായ ദേവസ്യ തെങ്ങുംപറമ്പിൽ നാട്ടിൽ നിര്യതനായി.  പരേതന് (82) വയസ്സായിരുന്നു.  വെളുപ്പിന് (ഇന്ത്യൻ സമയം) 3.20 am ന് ആണ് മരണം സംഭവിച്ചത്. വാർദ്ധക്യസഹജമായ കാരങ്ങളാൽ ചികിത്സയിൽ ആയിരുന്നു.

ഇപ്പോൾ കാസർഗോഡ് ജില്ലയിൽ കൊടുമണി സെന്റ് മേരീസ് പള്ളിയിൽ ഇപ്പോൾ മരണാന്തര ചടങ്ങുകൾ പുരോഗമിക്കുന്നു.

സ്റ്റോക്ക് ഓൺ ട്രെന്റ് മിഷന്റെ 2022-2024 വർഷത്തെ നിയുകത ട്രസ്റ്റികളിൽ ഒരാളാണ് ജോൺസൻ. ജോൺസന്റെ പിതാവിന്റെ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെ  അറിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved