UK

ശ്രീനാരായണ കുടുംബ യൂണിറ്റ് വൂസ്റ്ററിന്റെ നേതൃത്വത്തില്‍ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ ജനുവരി 5 നു ഡ്രോയ്ട്വിച്ചില്‍ വച്ച് നടത്തുവാന്‍ കഴിഞ്ഞ പ്രാര്‍ഥന യോഗത്തില്‍ തീരുമാനിച്ചു. യോഗത്തില്‍ 2018 പ്രാര്‍ഥന വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെയും തിരഞ്ഞെടുത്തു. റോബിന്‍ കരുണാകരന്‍ കണ്‍വീനറായും, ഷൈബി സുജിത് ജോയിന്റ് കണ്‍വീനറായും, ഷിബുസ് വിശ്വംഭരന്‍ ട്രെഷറര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു.

വൈകുന്നേരം 6 മുതല്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ യൂണിറ്റ് അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ക്കൊപ്പം ഗാനമേളയും നടത്തുവാന്‍ തീരുമാനിച്ചു

ജോണ്‍സണ്‍ ജോസഫ്

യുകെയിലെ സീറോ മലങ്കര കത്തോലിക്കാ സഭയുടെ ക്രിസ്തുമസ് ശുശ്രൂഷകള്‍ ഡിസംബര്‍ 24ന് ക്രോയ്ഡന്‍, ബ്രിസ്റ്റോള്‍, ലിവര്‍പൂള്‍, ഈസ്റ്റ് ലണ്ടന്‍, മാഞ്ചസ്റ്റര്‍, നോട്ടിങ്ഹാം എന്നീ മിഷന്‍ സെന്ററുകളില്‍ കേന്ദീകരിച്ചു നടത്തപ്പെടും. ക്രോയ്ഡന്‍ സെന്റ് ജെത്രൂഡ് ദേവാലയത്തിലും, ബ്രിസ്റ്റോള്‍ സെന്റ് വിന്‍സെന്റ് ഡീപോള്‍ ദേവാലയത്തിലും ഉച്ചക്ക് രണ്ടിനാണ് ശുശ്രൂഷ. ലിവര്‍പൂള്‍ സെന്റ് ജോസഫ് കോണ്‍വെന്റില്‍ വൈകിട്ട് നാലരക്കും, നോട്ടിങ്ഹാം ഔവര്‍ ലേഡി ദേവാലയത്തില്‍ വൈകിട്ട് എട്ടു മണിക്കും, ഈസ്റ്റ് ലണ്ടന്‍ സെന്റ് അന്ന ദേവാലയത്തില്‍ വൈകിട്ട് എട്ടരക്കും, മാഞ്ചസ്റ്റര്‍ സെന്റ് ഹില്‍ഡാ ദേവാലയത്തില്‍ വൈകിട്ട് ഒമ്പതിനുമാണ് ശുശ്രൂഷകള്‍ ആരംഭിക്കുക. യുകെ സീറോ മലങ്കര സഭയുടെ കോര്‍ഡിനേറ്റര്‍ ഫാ. തോമസ് മടുക്കമൂട്ടില്‍, വിവിധ രൂപതകളിലെ മലങ്കരസഭാ ചാപ്ലൈന്‍മാരായ ഫാ. രഞ്ജിത് മടത്തിറമ്പില്‍, ഫാ. ജോണ്‍ അലകസ് എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

ലണ്ടന്‍: യുകെ ക്രിസ്തുമസ് തിരിക്കില്‍ മുങ്ങുമ്പോള്‍ സാധാരണക്കാരുടെ ചെലവുകള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട് ഇന്ധന വില ഉയര്‍ന്നു. നാല് വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അവധിക്കാല യാത്രകള്‍ക്കായി ഒട്ടേറെപ്പേര്‍ തയ്യാറെടുക്കുന്ന സമയത്ത് ഇന്ധനവില ഉയര്‍ന്നത് വാഹന ഉടമകള്‍ക്ക് ആഘാതമായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ 23നും ന്യൂ ഇയറിനുമിടയില്‍ ഒട്ടേറെ ലെഷര്‍ ട്രിപ്പുകള്‍ നടക്കാറുള്ളതാണ്.

      

120.69 പെന്‍സ് ആണ് ശരാശരി പെട്രോള്‍ വില. കഴിഞ്ഞ വര്‍ഷം ഇത് 115.8 പെന്‍സ് മാത്രമായിരുന്നു. 2015ല്‍ 103.4 പെന്‍സ് ആയിരുന്നു ക്രിസ്തുമസ് കാലത്തെ പെട്രോള്‍ വില. 2013ലാണ് ഇതിനു മുമ്പ് ക്രിസ്തുമസ് കാലത്ത് ഇന്ധനവില ഉയര്‍ന്നിട്ടുള്ള്. അന്ന് പെട്രോളിന് 131 പെന്‍സും ഡീസലിന് 138.4 പെന്‍സും ആയിരുന്നു വില. ഡീസല്‍ വില ഈയാഴ്ച ശരാശരി 123.2 പെന്‍സ് ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 118.4 പെന്‍സും 2015ല്‍ 106.8 പെന്‍സും ആയിരുന്നു.

ഇത്തരത്തിലുള്ള വില വര്‍ദ്ധനവ് ക്രിസ്തുമസ് പോലെയുള്ള ആഘോഷങ്ങളുടെ അവസരങ്ങളിലും മറ്റും യാത്രക്കാര്‍ക്കു മേല്‍ കടുത്ത സമ്മര്‍ദ്ദമാണ് സൃഷ്ടിക്കുന്നതെന്ന് ഓട്ടോമൊബൈല്‍ അസോസിയേഷന്‍ വ്യക്തമാക്കുന്നു. ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ അടുത്ത വര്‍ഷത്തോടെ 3.4 ശതമാനം വര്‍ദ്ധിക്കും. മോട്ടോര്‍വേ പമ്പുകളിലെ ഇന്ധനവില സൂപ്പര്‍മാര്‍ക്കറ്റുകളിലേതിനേക്കാള്‍ കൂടുതലാണ്. ഇങ്ങനെ ജനങ്ങള്‍ക്കു മേല്‍ കടുത്ത സാമ്പത്തിക ഭാരമാണ് ഏല്‍പ്പിക്കുന്നതെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നു.

ജോണ്‍സണ്‍ മാത്യൂസ്

ആഷ്‌ഫോര്‍ഡ്: തപ്പിന്റെയും, കിന്നരത്തിന്റെയും കൈത്താളത്തിന്റെയും അകമ്പടിയോടെ നവീന ഗാനങ്ങളുമായി കഴിഞ്ഞ മൂന്നാഴ്ചക്കാലം ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ പ്രവര്‍ത്തകര്‍ ദിവ്യരക്ഷകന്റെ തിരുപ്പിറവിയുടെ ദൂത് നല്‍കിയും, പുതുവത്സര ആശംസകള്‍ നേര്‍ന്നും അസോസിയേഷന്‍ അംഗങ്ങളായ മുഴുവന്‍ കുടുംബാംഗങ്ങളേയും പങ്കെടുപ്പിച്ച് ആഷ്‌ഫോര്‍ഡിലെ എല്ലാ മലയാളി ഭവനങ്ങളും സന്ദര്‍ശിച്ചു. കുട്ടികളും സ്ത്രീകളും മുതിര്‍ന്നവരുടെയും ശക്തമായ സഹകരണം കരോള്‍ സര്‍വ്വീസിന് ഉണ്ടായിരുന്നുവെന്ന് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

പിറവി

2018 ജനുവരി 6 ശനിയാഴ്ച വൈകിട്ട് 3 മണി മുതല്‍ ആഷ്‌ഫോര്‍ഡ് നോര്‍ട്ടന്‍ നാച്ച്ബുള്‍ സ്‌കൂളില്‍ (NORTON KNATCHBULL) വച്ച് ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ (പിറവി) നടത്തപ്പെടുന്നു. ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷത്തില്‍ 100ല്‍ പരം ആളുകളെ പങ്കെടുപ്പിച്ച് വന്‍ വിജയം വരിച്ച ഫ്‌ളാഷ് മോബുകള്‍ മെഗാതിരുവാതിരയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് 50ല്‍ പരം യുവതികളെ അണിനിരത്തി ഗുജറാത്തി പരമ്പരാഗത ഫോക്ക് ഡാന്‍സായ ദാണ്ടിയ നൃത്തത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും.

്തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം പ്രസിഡന്റ് സോനു സിറിയക്ക് ഉദ്ഘാടനം ചെയ്യും. മാര്‍ത്തോമ്മാ സഭയുടെ മുന്‍ മണ്ഡലാംഗവും ലണ്ടന്‍ സെന്റ് ജോണ്‍സ് പള്ളിയുടെ മുന്‍ ഇടവക കമ്മിറ്റി അംഗവും പ്രശസ്ത വാഗ്മിയുമായ ഷാബു വര്‍ഗീസ് ക്രിസ്തുമസ് ദൂത് നല്‍കും.

5 മണിക്ക് ‘പിറവി’ ആഘോഷങ്ങള്‍ക്ക് തിരശീല ഉയരും. കുട്ടികളുടെ മെഴുകുതിരി നൃത്തത്തോടെ പരിപാടികള്‍ ആരംഭിക്കും. 70ല്‍ പരം കലാകാരന്മാരും കലാകാരികളും ചേര്‍ന്ന് അവതരിപ്പിക്കുന്ന പിറവി നൃത്ത സംഗീത ശില്‍പവും ആഷ്‌ഫോര്‍ഡില്‍ ആദ്യമായി ക്രിസ്ത്യന്‍ നൃത്തരൂപമായ മാര്‍ഗ്ഗംകളിയും വേദിയില്‍ അരങ്ങേറും. ക്ലാസിക്കല്‍ ഡാന്‍സ്, സ്‌കിറ്റ്, സിനിമാറ്റിക് ഡാന്‍സ് എന്നിവയാല്‍ പിറവി സമ്പന്നമായ ഒരു കലാവിരുന്നും വ്യത്യസ്ത അനുഭവങ്ങളും ആയിരിക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ മാത്യൂസ് അറിയിച്ചു. പിറവിയുടെ വിജയത്തിനായി എല്ലാ അംഗങ്ങളുടെയും സാന്നിധ്യ സഹകരണമുണ്ടാകണമെന്ന് ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഭാരവാഹികളും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും അഭ്യര്‍ത്ഥിച്ചു.

ബ്രസല്‍സ്: നിലവിലുള്ള ബര്‍ഗന്‍ഡി നിറത്തിലുള്ള പാസ്‌പോര്‍ട്ടുകള്‍ക്ക് പകരം നീല നിറത്തിലുള്ള പാസ്‌പോര്‍ട്ടുകള്‍ ഏര്‍പ്പെടുത്തുന്നതോടെ ബ്രീട്ടീഷ് പൗരന്‍മാര്‍ക്ക് യൂറോപ്യന്‍ യാത്രകളില്‍ ലഭിക്കുന്ന പ്രത്യേക പരിഗണനകള്‍ നഷ്ടമാകും. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിന്റെയും ബ്രിട്ടന്റെ പരമാധികാരത്തിന്റെയും ചിഹ്നം എന്ന നിലയിലാണ് നീല പാസ്‌പോര്‍ട്ടുകള്‍ വീണ്ടും അവതരിപ്പിക്കാന്‍ തെരേസ മേയ് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഈ നീക്കം ബ്രിട്ടീഷ് യാത്രക്കാരെ പിന്‍നിരയിലേക്ക് നയിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നാണ് യൂറോപ്യന്‍ യൂണിയന്‍ ഔദ്യോഗിക നേതൃത്വം സൂചിപ്പിക്കുന്നത്.

ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ യാത്രാ സ്വാതന്ത്ര്യം സംബന്ധിച്ച് തീരുമാനങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ഇപ്പോള്‍ ബ്രിട്ടീഷ് ജനതയ്ക്ക് ലഭിക്കുന്ന വിസ ഇളവുകളും ഫാസ്റ്റ് ട്രാക്ക് സൗകര്യങ്ങളും നഷ്ടമാകും. ഇത് ഏത് നിറത്തിലുള്ള പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്കും ബാധകമാകുമെന്നും വിവരമുണ്ട്. യൂറോപ്യന്‍ യാത്രകള്‍ക്കായി അമേരിക്കന്‍ എസ്റ്റ പദ്ധതിയുടെ മാതൃകയില്‍ യൂറോപ്യന്‍ യൂണിയന്‍ ട്രാവല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സിസ്റ്റം (എറ്റിയാസ്) നടപ്പാക്കാന്‍ സാധ്യയുണ്ടെന്നും സൂചനയുണ്ട്. ഇതനുസരിച്ച് യൂറോപ്യന്‍ യൂണിയനില്‍ നിശ്ചിത തുകയടച്ച് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും.

നീല നിറത്തിലുള്ള പാസ്‌പോര്‍ട്ട് വീണ്ടും അവതരിപ്പിക്കാനുള്ള നീക്കത്തെ ബ്രെക്‌സിറ്റ് അനുകൂലികള്‍ ആവേശത്തോടെയാണ് സ്വാഗതം ചെയ്തത്. 1988ല്‍ അവതരിപ്പിച്ച യൂറോപ്യന്‍ യൂണിയന്‍ ശൈലിയിലുള്ള ബര്‍ഗന്‍ഡി നിറത്തിലുള്ള പാസ്‌പോര്‍ട്ടുകള്‍ക്ക് പകരം അതിനു മുമ്പ് ഒരു നൂറ്റാണ്ടോളം കാലം നിലവിലുണ്ടായിരുന്ന നീല പാസ്‌പോര്‍ട്ട് അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

ലണ്ടന്‍: സെയിന്‍സ്ബറിയിലെ പ്രീമിയം ബീഫ് ബര്‍ഗറായ ടേസ്റ്റ് ദി ഡിഫറന്‍സ് അബര്‍ദീന്‍ ആന്‍ഗസ് ക്വാര്‍ട്ടര്‍ പൗണ്ടേഴ്‌സ് കഴിക്കരുതെന്ന് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ്. ഇവയില്‍ ഇ-കോളി ബാക്ടീരിയ ബാധയുണ്ടെന്ന സംശയത്തേത്തുടര്‍ന്നാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ഈ ബര്‍ഗര്‍ കഴിച്ച പന്ത്രണ്ടോളം പേര്‍ അസ്വസ്ഥതകളെത്തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. ഇതേത്തുടര്‍ന്ന് സെയിന്‍സ്ബറിയിലെ ഷെല്‍ഫുകളില്‍ നിന്ന് ഈ ബര്‍ഗറുകള്‍ നീക്കം ചെയ്തു. ക്രിസ്തുമസിന് മുമ്പായി ഇവ വാങ്ങി ശേഖരിച്ചിരിക്കുന്നവര്‍ ഉപയോഗിക്കരുതെന്ന് ഫുഡ് സ്റ്റാന്‍ഡാര്‍ഡ് ഏജന്‍സി മുന്നറിയിപ്പ് നല്‍കി.

വയറിളക്കം, കടുത്ത വയര്‍ വേദന, മലത്തില്‍ രക്തത്തിന്റെ അംശം കാണുക എന്നിവയാണ് ഇ-കോളി ബാധയുടെ പ്രധാന ലക്ഷണങ്ങള്‍. ഈ ബാക്ടീരിയ ബാധിച്ചാല്‍ വൃക്കകളുടെ പ്രവര്‍ത്തനം നിലക്കുകയും മരണം സംഭവിക്കുകയും ചെയ്യാം. 12 പേര്‍ ചികിത്സ തേടിയതായി പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് അറിയിച്ചു. എല്ലാവരും സുരക്ഷിതരാണെന്നും പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് വ്യക്തമാക്കി. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി സെയിന്‍സ്ബറി അറിയിച്ചു.

തങ്ങള്‍ ബര്‍ഗറുകള്‍ വിതരണം ചെയ്യുന്ന സപ്ലയറുമായി ചേര്‍ന്ന് സംഭവം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും മുന്‍കരുതലെന്ന നിലയില്‍ ഈ ബര്‍ഗറുകള്‍ വാങ്ങിയിട്ടുള്ളവര്‍ അവ കഴിക്കരുതെന്നും സൂപ്പര്‍മാര്‍ക്കറ്റ് ചെയിന്‍ പറഞ്ഞു. വാങ്ങിയിട്ടുള്ളവര്‍ അവ തിരികെ സ്റ്റോറുകളില്‍ എത്തിച്ചാല്‍ പണം തിരികെ നല്‍കുമെന്നും പ്രസ്താവനയില്‍ സെയിന്‍സ്ബറി വ്യക്തമാക്കി. 2018 ജൂലൈ, സെപ്റ്റംബര്‍, ഒക്ടോബര്‍ എന്നീ മാസങ്ങള്‍ വരെ എക്‌സ്പയറിയുള്ള പാക്കറ്റുകളാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.

ന്യൂസ് ഡെസ്ക്

ബ്രെക്സിറ്റ് നടപ്പായാലുടൻ പഴയ പ്രതാപത്തിലേക്ക് ബ്രിട്ടീഷ് പാസ്പോർട്ടിനെ മടക്കിക്കൊണ്ടുവരാൻ ഹോം ഓഫീസ് നടപടികൾ ആരംഭിച്ചു. നിലവിൽ യൂറോപ്യൻ യൂണിയന്റെ എംബ്ളത്തോടു കൂടിയ ബർഗണ്ടി നിറത്തിലുള്ള പാസ്പോർട്ട് നീല നിറമായി മാറും. യൂറോപ്യൻ യൂണിയന്റെ എംബ്ളം പുതിയതായി നടപ്പാക്കുന്ന പാസ്പോർട്ടിൽ നിന്ന് നീക്കപ്പെടും. യുകെയിൽ കഴിഞ്ഞ മുപ്പതു വർഷത്തോളമായി ബർഗണ്ടി നിറത്തിലുള്ള പാസ്പോർട്ടാണ് ഉപയോഗത്തിലിരിക്കുന്നത്. അതിനു മുമ്പ് നൂറ് വർഷത്തോളം നീല നിറത്തിലുള്ള പാസ്പോർട്ട് ആണ് ബ്രിട്ടൻ ഉപയോഗിച്ചിരുന്നത്. സമ്പൂർണമായ സുരക്ഷാ മുൻകരുതലുകൾ ഉൾപ്പെടുത്തിയാണ് പുതിയ പാസ്പോർട്ട് പുറത്തിറക്കുന്നത്.

ഇമിഗ്രേഷൻ മിനിസ്റ്റർ മാർട്ടിൻ ലൂയിസാണ് പുതിയ പാസ്പോർട്ട് നിലവിൽ വരുന്ന കാര്യം പുറത്തു വിട്ടത്. 2019 മാർച്ചിൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തു വരുമെങ്കിലും തുടർന്നും ബർഗണ്ടി നിറത്തിലുള്ള പാസ്പോർട്ടായിരിക്കും പുതിയതായി അപേക്ഷിക്കുന്നവർക്കും പുതുക്കുന്നവർക്കും നല്കുന്നത്. എന്നാൽ അതിൽ യൂറോപ്യൻ യൂണിയന്റെ യാതൊരു റഫറൻസും ഉണ്ടാവില്ല. 2019 ഒക്ടോബർ മുതൽ നല്കപ്പെടുന്ന പാസ്പോർട്ടുകൾ നീല നിറത്തിലുള്ളതായിരിക്കും. ബർഗണ്ടി കളറിലുള്ള പാസ്പോർട്ട് ഉള്ളവർക്ക് അവയുടെ പുതുക്കൽ തീയതി വരെ നിലവിലുള്ള പാസ്പോർട്ട് ഉപയോഗിക്കാവുന്നതാണ്.

നിലവിൽ ഇന്ത്യയsക്കം 76 രാജ്യങ്ങളിൽ നീല നിറത്തിലുള്ള പാസ്പോർട്ടാണ്  ഉപയോഗിക്കുന്നത്. ഓസ്ട്രേലിയ, അമേരിക്ക, ക്യാനഡ തുടങ്ങി മിക്ക കോമൺവെൽത്ത് രാജ്യങ്ങളിലും നീല  നിറത്തിലുള്ള പാസ്പോർട്ടാണ് നിലവിലുള്ളത്. യൂറോപ്യൻ യൂണിയനിൽ നിന്ന് സ്വതന്ത്രമാകുന്ന അവസരം നമ്മുടെ ദേശീയത ഉയർത്തിക്കാട്ടാനുള്ള അവസരമാണെന്നും അതിന്റെ  പ്രതീകമായി പുതിയ പാസ്പോർട്ട് നടപ്പിലാക്കുന്നത് തികച്ചും ഉചിതമാണെന്നും മാർട്ടിൻ ലൂയിസ് പറഞ്ഞു. ഇതിന്റെ അച്ചടിക്കായി പുതിയ കോൺട്രാക്ട് ഉടൻ നിലവിൽ വരുമെന്നും അദ്ദേഹം അറിയിച്ചു.

ലണ്ടന്റെ ചരിത്രത്തിലേക്ക് പുതിയഒരു അധ്യായം കൂടി. ആദ്യമായി ഒരു വനിതയെ ബിഷപ്പ് സ്ഥാനത്തേക്ക് നിയമിച്ചുകൊണ്ടാണ് ലണ്ടന്‍ ചരിത്രം രചിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലെ ആംഗ്ലിക്കന്‍ ചര്‍ച്ച് ആണ് വിപ്ലവാത്മകമായ ഈ നിയമനം നടത്തിയിരിക്കുന്നത്. റവ. സാറാ മുലാലിയാണ് ലണ്ടനിലെ ആദ്യത്തെ വനിതാ ബിഷപ്പായിരിക്കുന്നത്. അമ്പത്തിയഞ്ചുകാരിയ സാറാ ഫെബ്രുവരിയില്‍ റിട്ടയറാകുന്ന റവ. ഡോ റിച്ചാര്‍ഡ് ചാര്‍ട്രെസിന്റെ പിന്‍ഗാമിയായിട്ടാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്. 2014 മുതല്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് വനിതകളുടെ മെത്രാന്‍ സ്ഥാനത്തിന് അംഗീകാരം നല്‍കിയിരുന്നു.

സാറാ ആദ്യകാലത്ത് നാഷനല്‍ ഹെല്‍ത്ത് സര്‍വീസില്‍ നഴ്‌സായി ജോലി ചെയ്തിരുന്നു. 1999 ല്‍ ചീഫ് നഴ്‌സിങ്ങ് ഓഫീസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പിന്നീടാണ് പൗരോഹിത്യവൃത്തിയിലേക്ക് തിരിഞ്ഞത്. 2001 ല്‍ പുരോഹിതയായി അഭിഷേകം ചെയ്യപ്പെട്ടു. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ 133–ാമത് മെത്രാനാണ് സാറ. വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമാണ്.
എഴുപതിനായിരത്തോളം അംഗങ്ങളും ആയിരത്തോളം വൈദികരും ഇംഗ്ലണ്ടിലെ ഈ സഭയ്ക്കുണ്ട്. 150 സ്‌കൂളുകളും പരിധിയിലുണ്ട്. സെന്റ് പോള്‍ കത്തീഡ്രലില്‍ ഒരു വര്‍ഷം 1.5 മില്യന്‍ സന്ദര്‍ശകര്‍ എത്താറുണ്ട്.

” ഇത് എനിക്ക് നല്‍കിയ വലിയൊരു അംഗീകാരമാണ്. വീട്ടില്‍ തിരികെയെത്തിയ അനുഭവമാണ് ഇതെനിക്ക് സമ്മാനിക്കുന്നത്”. 32 വര്‍ഷമായി ലണ്ടനില്‍ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ബിഷപ് സാറ തന്റെ സ്ഥാനലബ്ധിയെക്കുറിച്ച് പറയുന്നു.

മുന്‍ വര്‍ഷങ്ങളില്‍ എന്നത് പോലെ തന്നെ സമഗ്രവും സമ്പൂര്‍ണ്ണവുമായ കലണ്ടര്‍ പുറത്തിറക്കി മലയാളം യുകെ ഓണ്‍ലൈന്‍ ന്യൂസ് പേപ്പര്‍ യുകെ മലയാളികളുടെ ഭവനങ്ങളിലേക്ക് എത്തുന്നു. യുകെയിലെയും കേരളത്തിലെയും അവധി ദിനങ്ങളും മറ്റ് പ്രധാന കാര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള കലണ്ടര്‍ തികച്ചും സൗജന്യമായാണ് ഇത്തവണയും വിതരണം ചെയ്യുന്നത്.

മലയാളം യുകെ ന്യൂസ് ടീമംഗങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ എല്ലാം അവരുടെ നേതൃത്വത്തില്‍ കലണ്ടര്‍ വിതരണം ആരംഭിച്ചു കഴിഞ്ഞു. നിങ്ങളുടെ സൗജന്യ കോപ്പി ഉറപ്പ് വരുത്തുവാന്‍ അതാത് സ്ഥലങ്ങളിലെ ന്യൂസ് ടീം അംഗങ്ങളെ ബന്ധപ്പെടാവുന്നതാണ്. പതിനായിരം കലണ്ടറുകള്‍ ആണ് ഇത്തവണ വിതരണത്തിനു തയ്യാറായിരിക്കുന്നത്.

മികച്ച രീതിയില്‍ തയ്യാറാക്കിയിരിക്കുന്ന കലണ്ടറുകള്‍ തങ്ങളുടെ ഏരിയയില്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/സംഘടനകള്‍/അസോസിയേഷനുകള്‍ എന്നിവര്‍ക്ക് 07951903705 എന്ന നമ്പറില്‍ കോണ്ടാക്റ്റ് ചെയ്‌താല്‍ ആവശ്യമുള്ള കലണ്ടറുകള്‍ തപാലില്‍ എത്തിച്ച് നല്കുന്നതായിരിക്കും. പതിനായിരം കലണ്ടറുകള്‍ മാത്രം തയ്യാറാക്കിയിരിക്കുന്നതിനാല്‍ ആദ്യം സമീപിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കിയായിരിക്കും കലണ്ടറുകള്‍ അയയ്ക്കുന്നത്.

ലണ്ടന്‍: ബ്രെക്‌സിറ്റ് ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാണ് ഏല്‍പ്പിക്കുന്നതെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റീന്‍ ലഗാര്‍ദ്. ഹിതപരിശോധനാ ഫലത്തിന്റെ സാമ്പത്തിക പ്രത്യാഘാതത്തെക്കുറിച്ച് ഐഎംഎഫ് ശരിയായ നിര്‍ണ്ണയമല്ല നടത്തിയതെന്ന ബ്രെക്‌സിറ്റ് അനുകൂലികളുടെ കുറ്റപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അവര്‍. യുകെ സമ്പദ് വ്യവസ്ഥയുടെ വാര്‍ഷിക വിശകലനത്തിനിടെ സംസാരിക്കുകയായിരുന്ന ലഗാര്‍ദ്. ഹിതപരിശോധനയ്ക്ക് മുമ്പ് ഐഎംഎഫ് നടത്തിയ പ്രവചനങ്ങള്‍ സത്യമായിരുന്നുവെന്ന് ലഗാര്‍ദ് സമര്‍ത്ഥിച്ചു.

ബ്രിട്ടീഷ് ഇക്കോണമി ഇപ്പോള്‍ നടത്തുന്ന പ്രകടനം ഒന്നര വര്‍ഷം മുമ്പ് തങ്ങള്‍ പറഞ്ഞതിനു തുല്യമാണ്. ബ്രിട്ടനില്‍ ആവശ്യത്തിന് വിദഗ്ദ്ധന്‍മാരുണ്ടെന്ന മൈക്കിള്‍ ഗോവിന്റെ പരാമര്‍ശത്തെയും അവര്‍ പരിഹസിച്ചു. നിങ്ങള്‍ വിദഗ്ദ്ധരായിട്ടും സാമ്പത്തിക വ്യവസ്ഥയുടെ അവസ്ഥയെക്കുറിച്ച് വ്യക്തമായിരുന്നില്ലേ എന്നാണ് അവര്‍ ചോദിച്ചത്. പൗണ്ടിന്റെ വിലയിടിയുകയും നാണ്യപ്പെരുപ്പം ഉയരുകയും ചെയ്തു. വേതനം കുറയുകയും നിക്ഷേപങ്ങളുടെ നിരക്ക് കുറയുകയും ചെയ്തു. തങ്ങള്‍ പ്രവചിച്ചതിലും താഴെയാണ് ഇവയെന്നാണ് ലഗാര്‍ദ് വിലയിരുത്തുന്നത്.

ബ്രെക്‌സിറ്റ് നടപടികളുടെ ഭാഗമായി യൂറോപ്യന്‍ യൂണിയനുമായി പ്രശ്‌നരഹിതമായ വ്യാപാര ചര്‍ച്ചകള്‍ തുടങ്ങാനായാലും യുകെയുടെ ജിഡിപി 2017ല്‍ 2.2 ശതമാനം മുതല്‍ 1.4 ശതമാനം വരെയും 2018ല്‍ 2.2 ശതമാനം മുതര്‍ 1.8 ശതമാനം വരെയും ഇടിയാന്‍ സാധ്യതയുണ്ടെന്ന് ഹിതപരിശോധനയ്ക്ക് മുമ്പ് ഐഎംഎഫ് പ്രവചിച്ചിരുന്നു. ഏറ്റവും പുതിയ വിലയിരുത്തല്‍ അനുസരിച്ച് 2017ല്‍ 1.6 ശതമാനവും 2018ല്‍ 1.5 ശതമാനവും വളര്‍ച്ച മാത്രമാണ് ഐഎംഎഫ് പ്രവചിക്കുന്നത്.

RECENT POSTS
Copyright © . All rights reserved