സ്വന്തം മകളെ നാളുകളോളം പീഡിപ്പിച്ച പിതാവിന് 12000 വര്ഷം തടവ്‌ ശിക്ഷ. മലേഷ്യയിലാണ് ഈ അപൂര്‍വ്വവിധി വന്നത്. സംഭവം ഇങ്ങനെ:

ഭാര്യയുമായി വേര്‍പിരിഞ്ഞതിനെ തുടര്‍ന്ന് മൂത്ത മകളുടെ ഉത്തരവാദിത്വം അച്ഛനായിരുന്നു. ഇളയ രണ്ട് കുട്ടികളുടെ ഉത്തരവാദിത്വം അമ്മയ്ക്കും. തുടര്‍ന്നാണ് പീഡനം ആരംഭിക്കുന്നത്. 15 വയസുകാരിയായ മൂത്ത മകളെ 36കാരനായ പിതാവ് ആറുമാസത്തിനിടെ ബലാത്സംഗം ചെയ്തത് 600 തവണയാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

പെണ്‍കുട്ടിയെ പിതാവ് ലൈംഗിക അടിമയാക്കി മാറ്റുകയായിരുന്നുവെന്നാണ് മലേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേസില്‍ ഇയാളെ കോടതി 12,000 വര്‍ഷത്തേക്ക് തടവിന് വിധിച്ചു. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതിയുടേതാണ് ഉത്തരവ്. 631 കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ഇക്കൊല്ലം ജനുവരിക്കും ജൂലൈക്കും മധ്യേയാണ് പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. ദിവസം മൂന്നുതവണ വീതം പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായതായി പൊലീസ് പറയുന്നു. 2015ല്‍ വിവാഹമോചനത്തിനുശേഷം ഇയാള്‍ക്കൊപ്പം പെണ്‍കുട്ടി താമസിക്കാന്‍ തുടങ്ങിയതുമുതല്‍ ഇയാള്‍ അവളെ ഉപദ്രവിച്ചിരുന്നു. 13 വയസ്സുള്ളപ്പോഴാണ് ആദ്യമായി ബലാല്‍സംഗം ചെയ്യപ്പെട്ടത്. അന്നൊന്നും സംഭവം പരാതിയാവുകയോ കേസെടുക്കുകയോ ചെയ്തിരുന്നില്ല.

ക്വാലാലംപുരിന് അടുത്തുള്ള ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഇവിടെവച്ചാണ് പെണ്‍കുട്ടി നിരന്തരം പീഡിപ്പിക്കപ്പെട്ടത്. ഇളയ രണ്ട് പെണ്‍മക്കളെക്കൂടി തനിക്ക് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഇയാള്‍ നിയമനടപടിക്കൊരുങ്ങവെ, പെണ്‍കുട്ടി താന്‍ നേരിടുന്ന പീഡനത്തെക്കുറിച്ച് അമ്മയോട് പറയുകയായിരുന്നു. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്. മലേഷ്യയില്‍ സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചിരിക്കുകയാണെന്ന് സ്ത്രീസംഘടനകള്‍ പറയുന്നു. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുന്നില്ലെന്നതാണ് പീഡനങ്ങള്‍ കൂടാന്‍ കാരണം. 2005നും 2014നും മധ്യേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 28741 ബലാല്‍സംഗക്കേസ്സുകളില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെട്ടത് മൂന്നുശതമാനം കേസുകളില്‍ മാത്രമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.