കുഴല്‍പ്പണവിവാദങ്ങള്‍ ബിജെപിയെ മുമ്പെങ്ങുമില്ലാത്തവിധം നാണക്കേടിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഇതിന്റെയെല്ലാം ഉത്തരവാദിത്തം ഏറ്റെടുത്ത് കെ. സുരേന്ദ്രന്‍ പ്രസിഡന്റ് സ്ഥാനം രാജിവക്കണമെന്ന ആവശ്യം സംസ്ഥാന ബി.ജെ.പിയില്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്.

തോല്‍വി, കുഴല്‍പ്പണ വിവാദങ്ങളില്‍ സംസ്ഥാന നേതൃത്വംതന്നെ മറുപടി പറയെട്ടയെന്നും ആവശ്യമില്ലാതെ ഇടപെടേണ്ടതില്ലെന്നുമുള്ള നിലപാടിലാണ് വിമത വിഭാഗം. നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി നേരിട്ട കനത്ത തിരിച്ചടിയില്‍ ആര്‍.എസ്.എസ് നേതൃത്വവും അതൃപ്തിയിലാണ്.

നിയമസഭ തെരഞ്ഞെടുപ്പില്‍ ചില സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ പാര്‍ട്ടിയില്‍നിന്ന് ശ്രമമുണ്ടായെന്ന ആക്ഷേപവും ശക്തമാണ്. പാലക്കാട് ഇ. ശ്രീധരെന്റ പരാജയത്തിലേക്ക് നയിച്ചത് ഇത്തരം ഇടപെടലുകളാണെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

ശ്രീധരന് 60,000 വോട്ട് ലഭിക്കേണ്ടതായിരുന്നെന്നും പാര്‍ട്ടിയിലെ ചിലരുടെ ഇടപെടലാണ് ആ വോട്ട് കുറയാന്‍ കാരണമെന്നുമാണ് ആക്ഷേപം. ഇതെല്ലാം വരുംദിവസങ്ങളില്‍ ബി.ജെ.പിയിലെ പ്രതിസന്ധി രൂക്ഷമാക്കും. ഫണ്ട് വിനിയോഗം ഉള്‍പ്പെടെ വിഷയങ്ങളിലേക്ക് ആര്‍.എസ്.എസിനെ വലിച്ചിഴക്കുന്നനിലയില്‍ കാര്യങ്ങള്‍ മാറുന്നതിലും അവര്‍ക്ക് ആശങ്കയുണ്ട്.

ഇക്കാര്യത്തില്‍ തങ്ങള്‍ക്കുള്ള അതൃപ്തി ആര്‍.എസ്.എസ് ബി.ജെ.പി ദേശീയ നേതൃത്വത്തോട് അറിയിച്ചതായാണ് വിവരം. കെ. സുരേന്ദ്രന്‍ നേതൃസ്ഥാനം ഒഴിയണമെന്ന നിലപാട് ആര്‍.എസ്.എസിലെ ചില മുതിര്‍ന്ന നേതാക്കള്‍ക്കുണ്ട്. കുഴല്‍പ്പണക്കേസില്‍ സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെ നേതാക്കളെ ചോദ്യംചെയ്യാനുള്ള ഒരുക്കത്തിലാണ് കേരള പൊലീസ്. വിഷയത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടുമെന്ന പ്രതീക്ഷയിലാണ് വിമതര്‍.

അതേസമയം, കെ. സുരേന്ദ്രനുമേല്‍ ആരോപണങ്ങള്‍ കെട്ടിവെക്കാനുള്ള നീക്കം വിലപ്പോകില്ലെന്ന് സംസ്ഥാന നേതൃത്വം പറയുന്നു. മാധ്യമങ്ങളെ കൂട്ടുപിടിച്ച് എതിര്‍പാര്‍ട്ടികള്‍ തെറ്റായ പ്രചാരണം നടത്തുകയാണെന്നും അവര്‍ ആരോപിക്കുന്നു.

ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്.

അഴിമതി കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ തേടിയാണ് പരിശോധന. ഒരു കോടി രൂപയിലധികം സംസ്ഥാന ഖജനാവില്‍നിന്ന് ചെലവാക്കിയെന്നും പണം ദുര്‍വ്യയം നടത്തിയെന്നുമാണ് ഉയരുന്ന ആരോപണം. ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ്. 2016ല്‍ കണ്ണൂര്‍ എംഎല്‍എ ആയിരുന്ന കാലത്തായിരുന്നു പദ്ധതി നടപ്പാക്കിയത്.

കോട്ട നവീകരിക്കുന്നതിന്റെ ഭാഗമായി ഡിടിപിസിയുമായി ചേര്‍ന്ന് വലിയ പദ്ധതി ആയിരുന്നു വിഭാവനം ചെയ്തിരുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തിരക്കുപിടിച്ചായിരുന്നു പദ്ധതി കൊണ്ടുവന്നത്. പദ്ധതിക്കായി ഉപകരണങ്ങളും മറ്റും വാങ്ങുന്നതിന് ഒരു കോടി രൂപ ചെലവഴിച്ചിരുന്നു. എന്നാല്‍ 2018-ല്‍ കണ്ണൂര്‍ കോട്ടയില്‍ ഒരു ദിവസത്തെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ നടത്തിയതൊഴിച്ചാല്‍ മറ്റൊന്നും ചെയ്തിരുന്നില്ല. ഈ ഇനത്തില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടക്കുന്നത്.