ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ബാൽമോറലിൽ നിന്ന് മടങ്ങിയെത്തിയ ചാൾസ് രാജാവിനെ കണ്ടുമുട്ടിയപ്പോൾ പ്രധാനമന്ത്രി പ്രോട്ടോക്കോൾ ലംഘിച്ചതായി ആക്ഷേപം. കൊട്ടാരത്തിലെ പുതിയ രാജാവുമായുള്ള ആദ്യ സദസ്സിലാണ് പ്രോട്ടോക്കോൾ ലംഘിച്ചുകൊണ്ടുള്ള ലിസ് ട്രസിന്റെ ഇടപെടൽ. എന്നാൽ ഇത് പിന്നീട് പ്രശംസയ്ക്ക് കാരണമായി. സംസാരിക്കുമ്പോൾ രാജാവിന്റെ ഇടതു കൈ മുറുകെ പിടിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ ചർച്ചയാവുകയാണ്. റോയൽ പ്രോട്ടോക്കോൾ പ്രകാരം പ്രധാനമന്ത്രി രാജാവിന്റെ കയ്യിൽ ഇപ്രകാരം പിടിക്കരുതെന്നാണ്. എന്നാൽ അമ്മയുടെ വിയോഗത്തിൽ ദുഃഖിച്ചിരിക്കുന്ന രാജാവിനോട് അനുകമ്പാപൂർണ്ണമായ സമീപനമാണ് ട്രസ് നടത്തിയത്.

രാജകുടുംബമാണ് ബന്ധം ആരംഭിക്കേണ്ടത്. നിങ്ങൾ ഒന്നും ചെയ്യരുതെന്ന് പ്രോട്ടോകോളിൽ പറയുന്നു. രാജാവിനെ കണ്ട് ലിസ് അനുശോചനം രേഖപ്പടുത്തി. തന്റെ അമ്മയുടെ മരണമാണ് ഏറ്റവും ഭയപ്പെട്ടിരുന്ന നിമിഷം എന്ന് രാജാവ് തുറന്നുപറഞ്ഞു. അതേസമയം പ്രധാനമന്ത്രി തന്റെ കൈയിൽ സ്പർശിച്ച് പ്രോട്ടോക്കോൾ ലംഘിച്ചപ്പോൾ, രാജാവ് കാര്യമാക്കിയില്ലെന്ന് ചരിത്രകാരൻ ഹ്യൂഗോ വിക്കേഴ്‌സ് പറഞ്ഞു.

ട്രസിന്റെ ദയാപൂർവമായ ആംഗ്യം രാജാവിനെ വിഷമിപ്പിക്കില്ലായിരുന്നുവെന്ന് ഉറപ്പായിരുന്നു. “ഇത് വളരെ മാനുഷിക നിമിഷമായിരുന്നു – അമ്മയെ നഷ്ടപ്പെട്ട ഒരു മകനോട് തന്റെ അഗാധമായ അനുശോചനം പ്രകടിപ്പിക്കാൻ ലിസ് ആഗ്രഹിച്ചു.” എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നത്.