ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം 

യു കെ :-മെയിൽ പത്രം നടത്തിയ അന്വേഷണത്തിൽ സിറിയയിലെ ഐ എസ് ക്യാമ്പുകളിൽ കഴിയുന്ന യൂറോപ്യൻ ജിഹാദി സ്ത്രീകളുടെ മോചനത്തിനായി ഫണ്ട് സമാഹരണം നടത്തുന്നതായി കണ്ടെത്തി. എന്നാൽ ഇത്തരത്തിലുള്ള പണം സ്ത്രീകളുടെ മോചനത്തിനായി മാത്രമല്ല, സംഘടനയുടെ പ്രവർത്തനങ്ങൾക്കായും മറ്റുമാണ് ഉപയോഗിക്കുന്നത്. പത്രത്തിന്റെ ഒരു ലേഖകൻ പണം നൽകാൻ എന്ന വ്യാജേന തുർക്കിയിലെ ഡീലറുമായി സംസാരിച്ചതിന്റെ തെളിവുകളെല്ലാം തന്നെ പത്രമധികൃതർ പുറത്തു വിട്ടിട്ടുണ്ട്. നിരവധി സ്ത്രീകളാണ് ബ്രിട്ടനിൽ നിന്നും ഐഎസ് ഭീകരതയ്ക്ക് ആയി ഓരോ വർഷവും പോകുന്നത്. ഇതിൽ ഒരാളാണ് 5 വർഷം മുന്നേ തന്റെ പതിനഞ്ചാമത്തെ വയസ്സിൽ സംഘടനയിൽ അംഗമായ ഷമീന ബീഗം എന്ന പെൺകുട്ടി.

ഇത്തരത്തിലുള്ള ക്യാമ്പുകളിൽ പതിമൂവായിരത്തി അഞ്ഞൂറോളം വിദേശ വനിതകളും കുട്ടികളും നിലവിലുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സിറിയയിലെ അൽ -ഹോൾ എന്ന് ക്യാമ്പിൽ നിന്നും ആണ് സ്ത്രീകൾ ഇത്തരം പണം സമാഹരണത്തിനായി ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും മറ്റും പോസ്റ്റുകൾ ഷെയർ ചെയ്യുന്നത്. സുമയ്യ ഹോംസ് എന്ന സ്ത്രീ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ബുർഖ ധരിച്ച സ്ത്രീകൾ തങ്ങളുടെ രക്ഷയ്ക്കായി പണം നൽകണമെന്ന പ്ലാകാർഡുകൾ പിടിച്ച ഫോട്ടോകളും മറ്റും ഷെയർ ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ ഒരു ഫോട്ടോയ്ക്ക് മറുപടിയായി ലേഖകൻ മറുപടി അയച്ചതിനെ തുടർന്നാണ് പുതിയ തെളിവുകൾ പുറത്തു വന്നിരിക്കുന്നത്. ഇത്തരത്തിൽ പണം സമാഹരിക്കുന്ന സ്ത്രീകൾ ഇപ്പോഴും സംഘടനയിൽ തന്നെ പ്രവർത്തിക്കുന്നവരാണ് എന്നാണ് അധികൃതർ പറയുന്നത്.