റോമി കുര്യാക്കോസ്
പീറ്റർബറോ: ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളായി നിലനിന്നുവരുന്ന പരമ്പരാഗത ശക്തിസമവാക്യങ്ങൾക്കെതിരെ പുതിയ രാഷ്ട്രീയ തരംഗം ഉയർന്നുവരുന്നുവെന്ന സൂചനകളാണ് ഇപ്പോൾ ദൃശ്യമാകുന്നത്. ആ മാറ്റത്തിന്റെ മുഖമായി ശക്തിപ്രാപിച്ച് മുന്നേറുകയാണ് റീഫോം യു കെ. പ്രധാന പാർട്ടികളായ കൺസർവേറ്റീവ്-ലേബർ ആധിപത്യത്തിന് ഇടയിൽ ഒരു ബദൽ രാഷ്ട്രീയ ശബ്ദമായി ഉയർന്ന് വരുന്ന ഈ പാർട്ടിയുടെ വളർച്ച, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രാദേശിക തെരഞ്ഞെടുപ്പുകളെയും കൂടുതൽ ശ്രദ്ധേയമാക്കുകയാണ്.
ഈ സാഹചര്യത്തിലാണ് മെയ് 7ന് നടക്കുന്ന പീറ്റർബറോ സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പിൽ റാവൻസ്‌തോർപ്പ് വാർഡിൽ നിന്ന് മത്സരിക്കുന്ന മലയാളി സ്ഥാനാർത്ഥിയായ ആഷ്‌ലി ഫിലിപ്പ് ശ്രദ്ധാകേന്ദ്രമാകുന്നത്. യു കെയിലെ മലയാളി പ്രവാസി സമൂഹത്തിനുള്ളിൽ മാത്രമല്ല, പ്രാദേശിക രാഷ്ട്രീയ വൃത്തങ്ങളിലും ആഷ്‌ലിയുടെ സ്ഥാനാർത്ഥിത്വം ചർച്ചയാകുകയാണ്.

പീറ്റർബറോ എൻ എച് എസ് ആശുപത്രിയിൽ സ്പെഷ്യലിസ്റ്റ് നഴ്സായി പ്രവർത്തിക്കുന്ന ആഷ്‌ലി, ആരോഗ്യരംഗത്ത് സമ്പാദിച്ച അനുഭവവും മനുഷ്യസ്നേഹപരമായ സമീപനവും പൊതുജന സേവനത്തിലേക്ക് വിപുലീകരിക്കണമെന്ന ലക്ഷ്യത്തോടെ രാഷ്ട്രീയത്തിലേക്ക് കടന്നിരിക്കുകയാണ്. സാധാരണക്കാരുടെ പ്രശ്നങ്ങൾ അടുത്തറിഞ്ഞ് പ്രവർത്തിച്ച അനുഭവമാണ് തനിക്ക് ഏറ്റവും വലിയ ശക്തിയെന്ന് ആഷ്ലി വിശ്വസിക്കുന്നു.
കഴിഞ്ഞ എട്ട് വർഷമായി യു കെയിൽ സ്ഥിരതാമസമാക്കിയ ആഷ്‌ലി, കേരളത്തിലെ അടൂർ പെരിങ്ങനാട് സ്വദേശിനിയാണ്. ഭർത്താവ് മുറിപ്പാലയിൽ ബഥേൽ ബിജോ ഭവനിൽ സൈമൺ ചെറിയാൻ; മക്കൾ എസ്തർ എസ് ചെറിയാൻ, ഇമ്മാനുവേൽ എസ് ചെറിയാൻ. ആലപ്പുഴ മുതുകുളം നടുക്കേപ്പുരയിൽ കെ. ഫിലിപ്പോസിന്റെയും ശാന്തി ഫിലിപ്പോസിന്റെയും മകളാണ് ആഷ്‌ലി. കുടുംബ പിന്തുണയും പ്രവാസി സമൂഹത്തിന്റെ ഉത്സാഹകരമായ പിന്തുണയും ചേർന്നാണ് അവരുടെ തെരഞ്ഞെടുപ്പ് പ്രവർത്തനം മുന്നേറുന്നത്.
‘ഗുണകരമായ മാറ്റത്തിനായി – നിങ്ങളുടെ പ്രാദേശിക ശബ്ദം’ എന്ന മുദ്രാവാക്യവുമായി ജനങ്ങളിലേക്ക് എത്തുന്ന ആഷ്‌ലി, വാഗ്ദാനങ്ങൾ മാത്രം നൽകുന്ന രാഷ്ട്രീയത്തേക്കാൾ പ്രവർത്തനക്ഷമതയും ഉത്തരവാദിത്വവും മുൻനിർത്തുന്ന സമീപനമാണ് അവതരിപ്പിക്കുന്നത്.
പൊതുജനങ്ങളുടെ ദൈന്യംദിന ജീവിത സാഹചര്യങ്ങളെ പൂർണ്ണമായി ഉൾകൊള്ളുന്ന വ്യക്തവും ശക്തവുമായ ആശയങ്ങളും വാഗ്ദാനങ്ങളുമാണ് ആഷ്ലിയെ മറ്റു സ്ഥാനാർഥികളിൽ നിന്നും വ്യത്യസ്തയാക്കുന്നത്. ‘ജനങ്ങൾക്കൊപ്പം നിന്നു പ്രവർത്തിക്കുന്ന, കാണാവുന്നതും ഉത്തരവാദിത്വമുള്ളതുമായ പ്രാദേശിക ഭരണമാണ് എന്റെ ലക്ഷ്യം’ എന്നതാണ് ആഷ്‌ലിയുടെ നിലപാട്.
കൂടുതൽ ദൃശ്യവും ഉത്തരവാദിത്വപരവുമായ പോലീസ് സംവിധാനത്തിന് മുൻഗണന നൽകൽ, സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി, പരിസ്ഥിതി സൗകര്യങ്ങളുടെ മെച്ചപ്പെടുത്തൽ, കമ്മ്യൂണിറ്റി പങ്കാളിത്തവും ശാക്തീകരണവും, അനധികൃത മാലിന്യ നിക്ഷേപത്തിനെതിരെ ശക്തമായ നടപടി തുടങ്ങി ആഷ്ലി വിജയിച്ചാൽ നടപ്പിൽ വരുത്തുവാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ഇപ്പോൾ തന്നെ വാർഡിലെ ജനങ്ങൾ ഏറെ പ്രതീക്ഷയോടെ ഏറ്റെടുത്തിട്ടുണ്ട്.
പീറ്റർബറോയിൽ നടക്കുന്ന ഈ തിരഞ്ഞെടുപ്പ് ഒരു സാധാരണ പ്രാദേശിക മത്സരമെന്നതിലുപരി, ബ്രിട്ടനിൽ വളർന്നു വരുന്ന പുതിയ രാഷ്ട്രീയ പ്രവണതകളുടെ പരീക്ഷണവേദിയായി മാറുകയാണ്. ‘റീഫോം യുകെ’യുടെ വളർച്ചയും പ്രവാസി സമൂഹത്തിന്റെ രാഷ്ട്രീയ സാന്നിധ്യവും ചേർന്നപ്പോൾ, ഈ തിരഞ്ഞെടുപ്പ് ഫലം ഭാവിയിലെ രാഷ്ട്രീയ നീക്കങ്ങൾക്ക് വഴികാട്ടിയാകുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.
മലയാളി സമൂഹത്തിന്റെ രാഷ്ട്രീയ പങ്കാളിത്തം കൂടുതൽ ദൃഢമാകുന്ന പുതിയ ഘട്ടത്തിലേക്കാണ് ഈ സ്ഥാനാർത്ഥിത്വം വിരൽചൂണ്ടുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.











Leave a Reply