ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിന്റെ സുരക്ഷാ ചുമതല വഹിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കിടെ ഉറങ്ങിയതായും സുരക്ഷാ പോസ്റ്റുകൾ ഒഴിഞ്ഞതായും ആരോപണം ഉയർന്നതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചു. രാജകുടുംബാംഗങ്ങൾ പതിവായി താമസിക്കുകയും സന്ദർശിക്കുകയും ചെയ്യുന്ന വിൻഡ്സർ കാസിലിലെ സുരക്ഷാ ചുമതല നിർവഹിച്ചിരുന്ന മെട്രോപൊളിറ്റൻ പൊലീസിന്റെ റോയൽറ്റി ആൻഡ് സ്പെഷലിസ്റ്റ് പ്രൊട്ടക്ഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് അന്വേഷണ വിധേയരായത്. 30ഓളം ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടക്കുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് .

ഡ്യൂട്ടിക്കിടെ ഉറങ്ങുക, സുരക്ഷാ സ്ഥാനങ്ങൾ ആളില്ലാതെ വിടുക തുടങ്ങിയ ഗുരുതര വീഴ്ചകളെക്കുറിച്ച് പരാതി ലഭിച്ചതിനെ തുടർന്നാണ് മെട്രോപൊളിറ്റൻ പൊലീസിന്റെ ഡയറക്ടറേറ്റ് ഓഫ് പ്രൊഫഷണൽ സ്റ്റാൻഡേർഡ്സ് അടിയന്തിര അന്വേഷണം ആരംഭിച്ചത്. വിഷയം ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പൊലീസ് കണ്ടക്റ്റിനെയും അറിയിച്ചതായും പൊലീസിന്റെ വിശദീകരണത്തിൽ പറയുന്നു. അന്വേഷണത്തിനിടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലയിലേക്ക് മാറ്റണോ എന്നതും പരിശോധിക്കുന്നുണ്ട്.

രാജകുടുംബത്തെ സംഭവവികാസങ്ങൾ അറിയിച്ചതായി പൊലീസ് അറിയിച്ചു. സുരക്ഷാ ചുമതലയിൽ ഇത്തരം പെരുമാറ്റം പ്രതീക്ഷിക്കുന്ന നിലവാരത്തിനു താഴെയാണെന്നും പ്രത്യേകിച്ച് മുൻനിര സുരക്ഷാ ഡ്യൂട്ടികളിൽ വീഴ്ച ഗൗരവമായി കാണുന്നുവെന്നുമാണ് മെട്രോപൊളിറ്റൻ പൊലീസിന്റെ പ്രതികരണം. അതേസമയം വിഷയത്തിൽ പ്രതികരിക്കാൻ ബക്കിങ്ഹാം പാലസ് തയ്യാറായില്ല.











Leave a Reply