കൊച്ചി ∙ കേന്ദ്ര ബജറ്റ് പ്രവാസികൾക്കുള്ള തല്ലായിരുന്നെങ്കിൽ സംസ്ഥാന ബജറ്റ് തലോടലാണ്. പ്രവാസികൾക്കായി ഒട്ടേറെ പദ്ധതികൾ തോമസ് ഐസക്കിന്റെ ബജറ്റിലുണ്ട്. തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസത്തിന് ഏറ്റവും വലിയ പരിഗണന നൽകുമെന്ന ഉറപ്പ് ബജറ്റിലുണ്ട്. ഇതിനായുള്ള സാന്ത്വനം പദ്ധതിക്കായി 27 കോടി രൂപ വകയിരുത്തി. സഹായം ലഭിക്കുന്നതിനുള്ള വരുമാന പരിധി 50,000 രൂപ ഉയർത്തി. നേരത്തെ പരിധി ഒരു ലക്ഷം രൂപായിരുന്നു. പ്രവാസി ക്ഷേമനിധിക്ക് 9 കോടിയും പ്രഖ്യാപിച്ചിട്ടുണ്ട്.

ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ മൂലധന സബ്സിഡിയും 4 വർഷത്തേക്ക് പലിശ രഹിത വായ്പയും നൽകും. ഇതിനായി 18 കോടി മാറ്റിവച്ചു. വിദേശത്തു സ്ഥിര താമസമാക്കിയ മലയാളി കുടുംബത്തിലെ വയോജനങ്ങൾക്കു വേണ്ടി കെയർ ഹോം അല്ലെങ്കിൽ ഗാർഡൻ ഓഫ് ലൈഫ് പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു. വിദേശത്തു ലഭിക്കുന്ന സൗകര്യങ്ങൾ ഇവിടെയും ഉറപ്പുവരുത്തും.

നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന് 2 കോടി രൂപ പ്രഖ്യാപിച്ചു. വിദേശ ജോലിക്കു പ്രോത്സാഹനം നൽകാൻ വിദഗ്ധ സംഘത്തിന്റെ സഹായത്തോടെ ജോബ് പോർട്ടൽ തുടങ്ങും. ഇതിന് ഒരു കോടി രൂപ വകയിരുത്തി. വൈവിധ്യ പോഷണത്തിന് രണ്ടുകോടി രൂപയും അനുവദിച്ചു. 10,000 നഴ്സുമാർക്ക് ഈ വർഷം വിദേശജോലി ലഭ്യമാക്കാൻ ക്രാഷ് ഫിനിഷിങ് നൽകും. ഇതിന് 5 കോടി രൂപ നൽകും. വിവിധ ഭാഷകളിൽ പരിശീലനം, സാങ്കേതിക പരിശീലനം, സോഫ്ട്സ്കിൽ എന്നിവ ഉൾപ്പെടുന്നതാണ് ക്രാഷ് ഫിനിഷിങ് കോഴ്സ്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അസാപ്പ് വഴി പദ്ധതി നടപ്പാക്കും.

വിദേശത്തെ മലയാളികൾക്കായി 24 മണിക്കൂർ ഹെൽപ്‌ലൈനും ലീഗൽ സെല്ലും ആരംഭിക്കും. ഇതിനായി മൂന്നുകോടി രൂപ മാറ്റിവയ്ക്കും. പ്രവാസി സംഘടനകൾക്കുവേണ്ടി രണ്ടു കോടി രൂപ നൽകും. എയർപോർട്ട് ആംബുലൻസിനും എയർപോർട്ട് ഇവാക്വേഷനും വേണ്ടി ഒന്നരക്കോടി രൂപ നൽകും. ലോക കേരള സഭയ്ക്കും ലോക സാംസ്കാരിക മേളയ്ക്കും 12 കോടി രൂപ നൽകും. പ്രവാസി ഡിവിഡന്റ്, പ്രവാസി ചിട്ടി എന്നീ പദ്ധതികൾ ഈ വർഷം പൂർണമായി പ്രവർത്തനം ആരംഭിക്കുമെന്നും ബജറ്റിൽ തോമസ് ഐസക്ക് വ്യക്തമാക്കുന്നു. പദ്ധതികളൊട്ടേറെയുണ്ടെങ്കിലും അതിനായി മാറ്റിവച്ച തുക പര്യാപ്തമാണോയെന്ന കാര്യത്തിൽ ആശങ്കയുണ്ട്.