തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കോൺഗ്രസിലെ ഉൾപ്പോര് തെരുവിലേക്കെത്തിയതോടെ പാർട്ടി ഉന്നത നേതൃത്വത്തിൽ കടുത്ത അതൃപ്തി. വിവിധ നേതാക്കൾക്ക് അനുകൂലമായി പ്രവർത്തകർ ചേരി തിരിഞ്ഞ് സ്വീകരണങ്ങൾ സംഘടിപ്പിച്ചതും പരസ്യപ്രചാരണങ്ങൾ ശക്തമാക്കിയതുമാണ് ഹൈക്കമാൻഡിനെ അസ്വസ്ഥരാക്കുന്നത്. സംഭവവികാസങ്ങളെക്കുറിച്ച് രാഹുൽ ഗാന്ധി നേരിട്ട് വിവരം തേടിയതായാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
മുഖ്യമന്ത്രിയാരാകണമെന്ന വിഷയത്തിലുള്ള നിലപാട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോ രാഹുൽ ഗാന്ധിയോ ഇപ്പോഴും വ്യക്തമായി അറിയിച്ചിട്ടില്ലെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. കെ.സി. വേണുഗോപാലിനെ ദില്ലിയിൽ നിന്ന് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചയക്കണമോയെന്ന കാര്യത്തിലും അന്തിമ തീരുമാനം രാഹുൽ ഗാന്ധിയുടേതായിരിക്കും. ഇതിനായി നിരീക്ഷകർ സമർപ്പിക്കുന്ന റിപ്പോർട്ടിന് നേതൃത്വം കാത്തിരിക്കുകയാണ്.
മുഖ്യമന്ത്രി തിരഞ്ഞെടുപ്പിൽ നിർണായകമായ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന് ചേരും. എഐസിസി നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവർ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയിരുന്നു. മുതിർന്ന നേതാക്കളുടെയും ഘടകകക്ഷി പ്രതിനിധികളുടെയും അഭിപ്രായം കേട്ട ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക.











Leave a Reply