Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇന്നലെ കേരളത്തിൽനിന്ന് യുകെയിലുള്ള മലയാളികളുടെ വീടുകളിലേയ്ക്ക് ഫോൺവിളികളുടെ ബഹളമായിരുന്നു. എല്ലാവർക്കും സംസാരിക്കാനുള്ളത് മലയാളി നേഴ്സിന്റെയും കുഞ്ഞുങ്ങളുടെയും ദാരുണമായ കൊലപാതകത്തെക്കുറിച്ചായിരുന്നു. ഒപ്പം അങ്ങ് ദൂരെയായിരിക്കുന്ന തങ്ങളുടെ മക്കളുടെ ജീവിതത്തെ കുറിച്ചുള്ള ആശങ്കയും എല്ലാ മാതാപിതാക്കളുടെയും സംസാരത്തിൽ നിഴലിച്ചിരുന്നു.

യുകെയിലെ മലയാളി സമൂഹം അഭിമുഖീകരിച്ച ഏറ്റവും വലിയ ദുരന്ത വാർത്തയാണ് കെറ്ററിംഗിൽ അഞ്‌ജു അശോകിനെയും (40 ) , മകനായ ജീവ (6)നെയും മകളായ ജാൻവി (4) യെയും ഭർത്താവ് സാജു കൊലപ്പെടുത്തിയ സംഭവം. ഒരു വർഷം മാത്രമേ ആയുള്ളൂ സാജുവും കുടുംബവും യുകെയിലെത്തിയിട്ട് . കെറ്ററിംഗ് ജനറൽ ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സ് ആയിരുന്നു അഞ്ജു . ഡ്യൂട്ടിക്ക് അഞ്ജു വരാതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്രൂരമായ കൊലപാതകത്തെക്കുറിച്ച് പുറംലോകം അറിഞ്ഞത്.

അഞ്‌ജുവും ഭർത്താവും യുകെയിലേയ്ക്ക് പോയപ്പോൾ മക്കളുടെ സംരക്ഷണം അഞ്ജുവിന്റെ പിതാവ് അശോകന്റെയും രണ്ടാനമ്മ കൃഷ്ണമ്മയുടെയും സംരക്ഷണത്തിലായിരുന്നു. കൊല്ലപ്പെട്ട മകളുടെയും കൊച്ചുമക്കളുടെയും ഓർമ്മയിൽ തേങ്ങുകയാണ് പിതാവ് അശോകൻ . അഞ്‌ജുവും ഭർത്താവും യുകെയിൽ ജോലി ചെയ്തിരുന്നതിനാൽ കൊച്ചുമക്കൾ അശോകന്റെ സംരക്ഷണയിലായിരുന്നു. അതുകൊണ്ടുതന്നെ ഒക്കത്ത് വച്ച് ലാളിച്ചു വളർത്തിയ കൊച്ചുമക്കളുടെയും മകളുടെയും ദാരുണ ദുരന്തത്തിനെ എങ്ങനെ അഭിമുഖീകരിക്കുമെന്നറിയാതെ പകച്ചു നിൽക്കുകയാണ് ആ പിതാവ്.

അഞ്ജുവിനേറ്റ ദുരന്തം കനത്ത ആഘാതമാണ് സഹപ്രവർത്തകരിലും സുഹൃത്തുക്കളിലും സൃഷ്ടിച്ചത്. ഓർത്തോപീഡിക് വാർഡിൽ ജോലി ചെയ്യുന്ന തങ്ങളുടെ സഹപ്രവർത്തകയെ കുറിച്ച് ഒട്ടേറെ പേരാണ് അനുശോചന സന്ദേശങ്ങൾ കുറിച്ചത്. ഒട്ടേറെ പേർ അഞ്ജുവിന്റെ താമസസ്ഥലത്ത് എത്തി പൂക്കളും സന്ദേശങ്ങളും അർപ്പിച്ചു. അഞ്ജു ഏറ്റുവാങ്ങിയ ദുരന്തത്തിൽ സഹപ്രവർത്തകരുടെ വേദനയെക്കുറിച്ചും അവർ പങ്കുവെച്ച അനുസ്മരണ സന്ദേശങ്ങളെകുറിച്ചും ഡെയ്ലി മെയിൽ ഉൾപ്പെടെയുള്ള ബ്രിട്ടീഷ് മാധ്യമങ്ങൾ ഒട്ടേറെ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

30 വയസ്സ് മാത്രം പ്രായമുള്ള മലയാളി ഡോക്ടർ ലണ്ടനിൽ മരണമടഞ്ഞു. ഡോ. നിഷ എബ്രഹാമാണ് ഹൃദയ സ്തംഭനം മൂലം അകാലത്തിൽ വിട പറഞ്ഞത്. കൊട്ടാരക്കര പുത്തൂർ മൈലംകുളം ശാലോം ഇമ്മനുവേൽ മാർത്തോമാ പള്ളി വികാരി ചെങ്ങന്നൂർ വാഴാർമംഗലം തോണിൽക്കണ്ടത്തിൽ വീട്ടിൽ റവ. മാത്യു ജേക്കബ് ബെന്നിയാണ്   ഭർത്താവ്. 25 വർഷമായി ബ്രിട്ടനിൽ താമസമാക്കിയ തിരുവല്ല ചാത്തങ്കേരി കോടിക്കൽ നിഷ ഭവനിൽ കെ.എ.എബ്രഹാമിന്റെയും അന്നമ്മ എബ്രഹാമിന്റെയും ഏക മകളാണ്  ഡോ. നിഷ

എം ഡി പഠനം പൂർത്തിയാക്കി ഗ്രാജുവേഷൻ സെറിമണിക്കായി കാത്തിരിക്കെയാണ് അകാലത്തിൽ മരണം നിഷയുടെ ജീവൻ തട്ടിയെടുത്തത്.   കിംഗ്സ് യൂണിവേഴ്സിറ്റിയിൽ പിജി വിദ്യാർത്ഥിനിയായ നിഷ നേരത്തെ ലണ്ടനിലെ ഗയ്സ് ആശുപത്രിയിൽ ഡോക്ടറായി സേവനം അനുഷ്ഠിച്ചിരുന്നു. കഴിഞ്ഞവർഷം ഫെബ്രുവരി 26 നായിരുന്നു നിഷയുടെ വിവാഹം. ലണ്ടൻ സെന്റ് തോമസ് മാർത്തോമാ പള്ളി അംഗങ്ങളാണു നിഷയുടെ കുടുംബം. മൃതസംസ്കാര ശുശ്രൂഷകൾ നാട്ടിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്

ഡോ. നിഷ എബ്രഹാമിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബെർലിനിലെ റാഡിസൺ ബ്ലൂ ലോബി ഹോട്ടലിൽ അക്വേറിയം പൊട്ടിത്തെറിച്ചു. ഒരു ദശലക്ഷം ലിറ്റർ വെള്ളമുള്ള വലിയ അക്വേറിയമാണ് പൊട്ടിത്തെറിച്ചത്. സംഭവത്തെ തുടർന്ന് സമീപത്തെ കടകൾ ഉൾപ്പെടെ വെള്ളത്തിനടിയിലായി. 1500 മത്സ്യങ്ങൾ ഉൾപ്പെടുന്ന അക്വേറിയത്തിനു 14 മീറ്റർ ഉയരമുണ്ട്. അതുകൊണ്ട് തന്നെ വലിയ ഞെട്ടലാണ് സമീപവാസികൾക്ക് ഉണ്ടായിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സിലിണ്ടർ അക്വേറിയമെന്നും ഇത് അറിയപ്പെടുന്നു.

അപകടത്തെ തുടർന്ന് നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, ഗ്ലാസ്‌ കഷണങ്ങൾ കൊണ്ട് രണ്ട് പേർക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നുമാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങളിൽ ഇവ വ്യക്തമാക്കുന്നുണ്ട്. രണ്ട് വർഷം മുൻപാണ് അക്വേറിയം നവീകരിച്ചത്. സന്ദർശകർക്ക് കാണുവാൻ ഇവിടെ പ്രത്യേക ക്രമീകരണം ചെയ്തിട്ടുണ്ടായിരുന്നു. അപകടത്തിന് എന്താണ് കാരണമെന്ന് അറിയില്ലെന്നും, നിലവിലെ സാഹചര്യത്തെ നേരിടാൻ 100 ലധികം ഉദ്യോഗസ്ഥർ സന്നദ്ധരാണെന്നും ബെർലിൻ അഗ്നിശമന സേന ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഹോട്ടലിനുള്ളിൽ ആരെങ്കിലും കുടുങ്ങി കിടപ്പുണ്ടോ എന്നറിയാൻ റെസ്ക്യൂ ഡോഗ്സിനെ ഉപയോഗിച്ചു പരിശോധന നടത്തിയിരുന്നു. സമീപ പ്രദേശങ്ങളിലേക്ക് വലിയ അളവിൽ വെള്ളം ഒഴുകുന്നുണ്ട്. അതിനാൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും പോലീസ് പറഞ്ഞു. ആസൂത്രിതമായ ആക്രമണമാണെന്ന് പറയാൻ ആകില്ലെന്നും, വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെ മലയാളികൾക്ക് ഇന്നലെ കാളരാത്രിയായിരുന്നു. യുകെ മലയാളി നേഴ്സിനെയും രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും ഭർത്താവ് വെട്ടി കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലായിരുന്നു എല്ലാവരും . ഭാര്യയും ഒരു കുട്ടിയും ദാരുണമായി കൊല്ലപ്പെട്ട വാർത്തയാണ് ആദ്യം പുറത്തുവന്നത്. പിന്നീട് കുറെ കഴിഞ്ഞാണ് രണ്ടാമത്തെ കുട്ടിയും മരണമടഞ്ഞ വാർത്ത പുറത്തുവന്നത് കടുത്ത വേദനയോടെയാണ് മലയാളി സമൂഹം ഏറ്റുവാങ്ങിയത്.


ഒരു വർഷം മുമ്പ് മാത്രം യുകെയിലെത്തിയ മലയാളി നേഴ്സിനെയും രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും മിഡ്ലാൻഡിലെ കെറ്ററിങ്ങിലാണ് കണ്ണൂർ സ്വദേശിയായ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയത് . സംഭവത്തെ തുടർന്ന് ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ആൺകുട്ടിക്ക് 6 വയസ്സും ഇളയ പെൺകുട്ടിക്ക് 4 വയസ്സും ആയിരുന്നു പ്രായം . അറസ്റ്റു ചെയ്ത 52 വയസ്സുകാരനായ ഭർത്താവിനെ നിലവിൽ ചോദ്യം ചെയ്തു വരികയാണ് എന്ന് മാത്രമാണ് പോലീസ് സംഭവത്തെക്കുറിച്ച് പുറത്തുവിട്ടിരിക്കുന്ന വിവരം.

എന്തെങ്കിലും കുടുംബ കലഹങ്ങൾ ഉണ്ടാവുകയാണെങ്കിൽ പരിഹാരം കാണാൻ കേരളത്തിൽ ബന്ധുമിത്രാദികളുടെയും സുഹൃത്തുക്കളുടെയും സഹായം ലഭിക്കുന്നതിൽ നിന്ന് വ്യത്യസ്തമായ സാഹചര്യമാണ് യുകെയിൽ ജീവിക്കുന്ന മലയാളി സമൂഹം അഭിമുഖീകരിക്കുന്നത്. പലപ്പോഴും സാമൂഹികവും മനഃശാസ്ത്രപരവുമായ കാരണങ്ങൾ മൂലം കുടുംബത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എങ്ങനെ തരണം ചെയ്യണമെന്നുള്ള പ്രതിസന്ധി പല മലയാളി കുടുംബങ്ങളുടെ ഇടയിലും വളരെ രൂക്ഷമാണ്. ഭർത്താവിൻറെ അമിത മദ്യപാനം മൂലമുള്ള പ്രശ്നങ്ങൾ പല കുടുംബങ്ങളിലും ആഴത്തിലുള്ള വിള്ളലുകൾ സൃഷ്ടിച്ചിട്ടുണ്ട്. ഭാര്യയും ഭർത്താവും ജോലിക്ക് പോകുന്ന സാഹചര്യത്തിൽ പരസ്പരം മനസ്സിലാക്കി കുടുംബത്തെ മുന്നോട്ട് നയിക്കാൻ വിട്ടുവീഴ്ചകൾക്ക് തയ്യാറാകാൻ ഇരുവരും പലപ്പോഴും തയ്യാറാകാത്തതും കുടുംബകലഹങ്ങൾക്ക് വഴിവെക്കാറുണ്ട്

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ക്രിസ്മസ് കാലത്ത് വിപണിയിൽ തട്ടിപ്പിനുള്ള അവസരവും ഏറി. വ്യാജ ഡെലിവറിയും ക്രിപ്റ്റോകറൻസിയുമൊക്കെ ഇതിൽ ഉൾപ്പെടുന്നു. പ്രധാനപ്പെട്ട തട്ടിപ്പിനെക്കുറിച്ച് എച്ച്എസ്ബിസി മുന്നറിയിപ്പ് നൽകുന്നു. ക്രിസ്മസ് ആഘോഷങ്ങൾക്കായി തിരയുന്ന ആളുകളെ കുടുക്കാൻ തട്ടിപ്പുകാർ ഓൺലൈനിൽ സാധനങ്ങൾ പരസ്യം ചെയ്യുന്നു. കൂടാതെ നിലവിലില്ലാത്ത ഇനങ്ങൾക്ക് പണം നൽകാൻ ആളുകളോട് ആവശ്യപ്പെടുന്നു. കൂടാതെ, ഡെലിവറി കമ്പനിയുടേതാണെന്ന് അവകാശപ്പെട്ട് തട്ടിപ്പുകാർ വ്യാജ സന്ദേശങ്ങളും ഇമെയിലുകളും അയക്കുന്നു.

അവർ ഒരു പാഴ്‌സൽ ഡെലിവർ ചെയ്യാൻ ശ്രമിച്ചുവെന്നും കൂടുതൽ കണ്ടെത്താൻ ലിങ്കിൽ ക്ലിക്ക് ചെയ്യാനും ആവശ്യപ്പെടുന്നു. ഇത് തട്ടിപ്പാണ്. ആളുകൾ ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ വ്യക്തിഗത വിവരങ്ങൾ നൽകുകയോ ചെയ്യരുതെന്ന് എച്ച്എസ്ബിസി അറിയിച്ചു. ഓഫ് ഗം പോലുള്ള റെഗുലേറ്റർമാരിൽ നിന്നുള്ള ആളാണെന്നു തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തുന്നവരുന്നുണ്ട്. വ്യക്തിഗത വിശദാംശങ്ങൾ ആവശ്യപ്പെട്ടാവും അവർ തട്ടിപ്പ് നടത്തുക. തട്ടിപ്പുകാർ വ്യാജ ക്രിപ്‌റ്റോകറൻസി നിക്ഷേപം വാഗ്ദാനം ചെയ്യും.

നിങ്ങൾ എന്താണ് നിക്ഷേപിക്കുന്നതെന്ന് മനസിലാക്കുക. കമ്പനിയെക്കുറിച്ച് എപ്പോഴും ഗവേഷണം നടത്തുകയും അത് ഫിനാൻഷ്യൽ കണ്ടക്‌ട് അതോറിറ്റിയുടെ നിയന്ത്രണവും അംഗീകാരവുമാണോയെന്ന് പരിശോധിക്കുകയും ചെയ്യുക. ഡേറ്റിംഗ് വെബ്‌സൈറ്റുകൾ , ആപ്പുകൾ, സോഷ്യൽ മീഡിയകൾ എന്നിവയിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി പണം ആവശ്യപ്പെടുന്നവരുടെ എണ്ണത്തിലും വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ആളുകൾ അവരുടെ ഡിജിറ്റൽ വാലറ്റിനെക്കുറിച്ചുള്ള സന്ദേശങ്ങൾ ശ്രദ്ധിക്കണമെന്ന് എച്ച്എസ്ബിസി പറഞ്ഞു. പ്രത്യേകിച്ചും അവർ അടുത്തിടെ അത് ഉപയോഗിച്ചിട്ടില്ലെങ്കിൽ. വാലറ്റ് സസ്പെൻഡ് ചെയ്യപ്പെടുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്‌തുവെന്ന സന്ദേശങ്ങൾ അയച്ചുകൊണ്ട് തട്ടിപ്പുകാർ ആൾമാറാട്ടം നടത്തുന്നുണ്ടെന്നും എച്ച്എസ്ബിസി മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ചരിത്രത്തിലെ ഏറ്റവും വലിയ സമരത്തിനാണ് എൻഎച്ച്എസും രാജ്യവും ഇന്നലെ സാക്ഷ്യം വഹിച്ചത്. ഇതോടെ മികച്ച സേവന വേതന വ്യവസ്ഥകൾക്കായി രാജ്യത്തെ നേഴ്സുമാർ പ്രഖ്യാപിച്ചിരുന്ന രണ്ട് ദിവസത്തെ സമരത്തിന് തുടക്കമായി. സർക്കാരിൽ നിന്ന് അനുകൂല സമീപനം ഉണ്ടായില്ലെങ്കിൽ ഡിസംബർ 20-ാം തീയതി അടുത്ത പണിമുടക്ക് നടക്കും. ബ്രിട്ടനിലെ ഏറ്റവും വലിയ നേഴ്സിങ് യൂണിയനായ റോയൽ കോളേജ് ഓഫ് നേഴ്സിംഗിന്റെ നേതൃത്വത്തിലാണ് സമരത്തിന് മലയാളികൾ ഉൾപ്പെടെയുള്ള രാജ്യത്തെ നേഴ്സുമാർ അണി ചേർന്നത്.

നേഴ്സുമാർ സമരം നടത്തിയതോടെ 76 സർക്കാർ ആശുപത്രികളുടെയും നല്ലൊരു ശതമാനം ആരോഗ്യ കേന്ദ്രങ്ങളുടെയും പ്രവർത്തനം പൂർണമായോ ഭാഗികമായോ തടസ്സപ്പെട്ടതായാണ് റിപ്പോർട്ടുകൾ . പണിമുടക്കിൽ നിന്ന് കീമോതെറാപ്പി, ഡയാലിസിസ്, ഇന്റൻസീവ് കെയർ മേഖലകളെ ഒഴിവാക്കിയിരുന്നു. പണപെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവുകൾക്കും ആനുപാതികമായിട്ടുള്ള ശമ്പള വർദ്ധനവ് വേണമെന്നുള്ളതാണ് നേഴ്സിങ് യൂണിയനുകളുടെ പ്രധാന ആവശ്യം . എന്നാൽ ശമ്പള വർദ്ധനവ് നിർണയിക്കുന്ന സമിതി നിശ്ചയിച്ച 4-5 ശതമാനത്തിൽ കൂടുതൽ നൽകാൻ പറ്റില്ലെന്ന കടുംപിടുത്തമാണ് സർക്കാരിന് . സർക്കാരിൻറെ ഭാഗത്തുനിന്നും ചർച്ചകളും അനുകൂല നിലപാടുകളും ഉണ്ടാകുകയാണെങ്കിൽ പണിമുടക്കിൽ നിന്ന് പിന്മാറാമെന്ന് യൂണിയനുകൾ അറിയിച്ചിട്ടുണ്ട്.

യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. അതുകൊണ്ടുതന്നെ സമരത്തിൻറെ ഓരോ ചലനങ്ങളും യുകെ മലയാളി സമൂഹത്തിൽ നന്നായി പ്രതിഫലിക്കുന്നുണ്ട്. ജീവിത ചിലവ് വർദ്ധനവ് മൂലം നേരിടുന്ന പ്രശ്നങ്ങൾ കടുത്ത പ്രതിസന്ധി യുകെയിലെ മിക്ക മലയാളി കുടുംബങ്ങളെയും കടുത്ത പ്രതിസന്ധിയിലേക്ക് തള്ളി വിട്ടിരിക്കുകയാണ്. ശൈത്യകാലം അതിൻറെ ആക്കം കൂട്ടിയിട്ടുണ്ട്. പലരും കനത്ത ബില്ലുകളെ ഭയന്ന് വീട്ടിലെ ഹീറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നത് കുറച്ചിരിക്കുകയാണ്. ഒരു സാധാരണ കുടുംബത്തിന് 300 പൗണ്ട് ആണ് എനർജി ബില്ലിനായി ഇപ്പോൾ തന്നെ ചിലവഴിക്കേണ്ടതായി വരുന്നത്. യുകെയിൽ എത്തിയ ഒട്ടേറെ നേഴ്സുമാർ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾക്കും ശമ്പളത്തിനുമായി ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളിലേക്ക് കുടിയേറുന്ന പ്രവണത നിലവിലുണ്ട്. നിലവിൽ ജീവനക്കാരുടെ കുറവ് മൂലം എൻഎച്ച്എസ് നേരിടുന്നത് കടുത്ത പ്രതിസന്ധിയാണ്. സമരം തീവ്രമാവുകയാണെങ്കിൽ അത് എൻഎച്ച്എസിന്റെ പ്രവർത്തനത്തെ താളം തെറ്റിക്കുമെന്ന ആശങ്ക ശക്തമാണ്

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- 14 വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ ഉയർത്തിയിരിക്കുകയാണ്. തുടർച്ചയായി ഒൻപതാം തവണയാണ് ഇത്തരത്തിൽ ബാങ്ക് പലിശ നിരക്കുകൾ ഉയർത്തുന്നത്. 3 ശതമാനത്തിൽ നിന്നും 3.5 ശതമാനത്തിലേക്കാണ് വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ ഉയർത്തിയതിന് തുടർന്ന് ലോണുകൾ എടുത്തിട്ടുള്ളവർ കൂടുതൽ ബുദ്ധിമുട്ടിലാകും.

ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞ വർഷം അവസാനം മുതൽ തന്നെ വിലക്കയറ്റം കുറയ്ക്കാൻ ശ്രമിച്ചുവരികയാണ്. അവശ്യ ഭക്ഷ്യ സാധനങ്ങളുടെയും ഇന്ധനത്തിന്റെയും ക്രമാതീതമായ വില വർദ്ധനവ് മൂലം പണപ്പെരുപ്പം കഴിഞ്ഞ 14 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരിക്കുകയാണ്. പണപ്പെരുപ്പം കുറയ്ക്കുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് ബാങ്കുകൾ പലിശ നിരക്കുകൾ ഉയർത്തിയിരിക്കുന്നത്. അടുത്തവർഷവും ഇതേ രീതിയിൽ പലിശ നിരക്കുകൾ വർദ്ധിപ്പിക്കാനുള്ള സാധ്യതയും നിലവിലുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.


ഉയർന്ന പലിശനിരക്ക് ആളുകളുടെ ജീവിതത്തിൽ കടുത്ത സ്വാധീനം ചെലുത്തുമെന്നുള്ള ധാരണയുണ്ടെന്നും, എന്നാൽ ഇത്തരത്തിൽ പലിശ നിരക്ക് ഉയർത്തുന്നതിലൂടെ പണപ്പെരുപ്പം വേഗത്തിൽ കുറയ്ക്കാൻ കഴിയുമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്ലി വ്യക്തമാക്കി. അടുത്ത വർഷം പകുതിയോടെ പണപ്പെരുപ്പം കുത്തനെ കുറയുമെന്നാണ് ബാങ്ക് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുതിച്ചുയരുന്ന വിലയുടെ ആഘാതം ബിസിനസുകളിലും ഉപഭോക്താക്കളിലും അനുഭവപ്പെടുന്നതിനാൽ യുകെ ഇതിനകം തന്നെ മാന്ദ്യത്തിലാണെന്ന് വിശ്വസിക്കപ്പെടുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ഏറ്റവും മികച്ച ഒരു ചുവടുവെപ്പ് തന്നെയാണ് ബാങ്ക് എടുത്തതെന്നാണ് വിലയിരുത്തൽ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: 2008 ന് ശേഷം ജനിച്ചവർക്ക് സിഗരറ്റ് ഉൾപ്പടെയുള്ള ലഹരി പദാർത്ഥങ്ങൾ വിൽക്കരുതെന്ന നിർണായക തീരുമാനത്തെ സ്വാഗതം ചെയ്ത് ഭൂരിപക്ഷം ആളുകളും. യൂഗോവ് നടത്തിയ സർവ്വേയിലാണ് ഇക്കാര്യം പുറത്തുവന്നത്. പുകവലിയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ വാങ്ങുന്നതിൽ നിന്ന് യുവതലമുറയെ തടയുന്നതിനുള്ള നിയമനിർമ്മാണത്തെ 57 ശതമാനം ബ്രിട്ടീഷ് ജനത പിന്തുണയ്ക്കുന്നെന്നാണ് പഠനം ചൂണ്ടികാണിക്കുന്നത്. 2009 ന് ശേഷം ജനിച്ചവർക്ക് പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കാൻ പറ്റില്ലെന്ന ന്യൂസീലാൻഡിൻെറ നിർണായക തീരുമാനത്തിന് പിന്നാലെയാണിത്.

2025 ഓടെ രാജ്യത്ത് സിഗരറ്റിന്റെ ഉപയോഗം പൂർണമായും നിർമാർജനം ചെയ്യാനാണ് പരിശ്രമം. അതിന്റെ ഭാഗമായാണ് പ്രാഥമിക ഘട്ടം എന്ന നിലയിൽ 2008 ന് ശേഷം ജനിച്ചവർക്ക് പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കാൻ പറ്റില്ലെന്ന നിയമം കൊണ്ടുവന്നത്. 2019 ൽ തന്നെ യുകെ സമാനമായ നടപടികൾ കൈകൊണ്ടിട്ടുണ്ട്. പുകയില നിരോധന നിയമങ്ങളും, നിയന്ത്രണങ്ങളും നടപ്പിലാക്കിയിട്ടുണ്ടെങ്കിലും, 2030 ൽ രാജ്യം പൂർണമായും ഇവയിൽ നിന്ന് മോചനം നേടുമെന്ന് അധികൃതർ പറയുന്നു.

കുട്ടികളുടെ മുന്നിൽ നിന്ന് സിഗരറ്റ് വലിക്കുന്നത് നേരത്തെ മുതൽ തന്നെ കുറ്റകരമാണ്. 2008ൽ സിഗരറ്റ് പാക്കറ്റുകൾക്ക് മുകളിൽ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പുകവലിയിൽ നിന്ന് ജനങ്ങളെ പുറത്ത് കൊണ്ടുവരാൻ ഗവണ്മെന്റ് നടത്തുന്ന ശ്രമങ്ങൾ 2037 ഓടെ പൂർണതയിൽ എത്തുമെന്നാണ് ക്യാൻസർ റിസർച്ച് യുകെ പറയുന്നത്. അതേസമയം, 2021-ൽ, ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് നടത്തിയ പഠനത്തിൽ പ്രായപൂർത്തിയായ എട്ടിൽ ഒരാൾ പുകവലിക്കുന്നുണ്ടെന്നും സാക്ഷ്യപ്പെടുത്തുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: നാല് വർഷം മുമ്പ് പൂച്ചയുടെ കടിയേറ്റ യുവാവിന് ദാരുണാന്ത്യം. ഹെൻറിക് ക്രീഗ്ബോം പ്ലെറ്റ്നർ എന്നയാളാണ് മരണപ്പെട്ടത്. 2018 ലാണ് സംഭവം. പൂച്ചയെയും പൂച്ചക്കുട്ടികളെയും ഇയാളൊരു കേന്ദ്രത്തിൽ നിന്ന് ഏറ്റെടുക്കുകയായിരുന്നു. എന്നാൽ പിന്നീട് കൂട്ടത്തിൽ ഒരാളെ മാറ്റാൻ നടത്തിയ ശ്രമമാണ് ആക്രമണത്തിലേക്ക് നയിച്ചത്. കയ്യിൽ ചൂണ്ടുവിരലിലാണ് പൂച്ച കടിച്ചത്. മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ രക്തത്തിൽ കടന്നതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം.

ആക്രമണത്തിന് ശേഷം വിരൽ തടിച്ചു പൊങ്ങുന്നത് പോലെ തോന്നിയ ഇയാൾ, ഡോക്ടറുമായി ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ ഒരു ദിവസം കാത്തിരിക്കാൻ ഡോക്ടർ പറയുകയാണ് ചെയ്തത്. എന്നാൽ പിന്നീട് ഇയാൾ ഡെൻമാർക്കിലെ കോൾഡിംഗ് ഹോസ്പിറ്റലിൽ എത്തി. ഒരു മാസത്തോളം ആശുപത്രിയിൽ ചികിത്സയുടെ ഭാഗമായി കിടന്ന പ്ലെറ്റ്നർ 15 ഓപ്പറേഷനുകൾക്ക് വിധേയനായി. എന്നാൽ ചികിത്സകൾകൊണ്ട് കാര്യമായ മാറ്റങ്ങൾ ഉണ്ടാവാത്തതിനെ തുടർന്ന് വിരൽ മുറിച്ചു മാറ്റാൻ ഡോക്ടർമാർ തീരുമാനിച്ചു.

എന്നാൽ ഇതെല്ലാം അദ്ദേഹത്തിന്റെ ആരോഗ്യത്തെ തളർത്തി കളഞ്ഞു. മുപ്പത്തിമൂന്നുകാരനായ പ്ലെറ്റ്നർ സന്ധിവാതം, ന്യൂമോണിയ എന്നിങ്ങനെ നിരവധി രോഗങ്ങൾക്ക് കീഴ് പ്പെട്ടുവെന്ന് അദ്ദേഹത്തിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. കടിയേറ്റ ഉടൻ തന്നെ രക്തത്തിൽ പ്രവേശിച്ച ബാക്റ്റീരിയ വ്യാപിക്കാൻ തുടങ്ങിയതാണ് മരണകാരണം.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ചരിത്രത്തിലെ ഏറ്റവും വലിയ നേഴ്സിങ് സമരമാണ് ഇന്ന് എൻഎച്ച്എസിൽ അരങ്ങേറുന്നത്. ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങളിലെ നേഴ്സുമാർ ഇന്ന് രാവിലെ 8 മണി മുതൽ സമരത്തിൽ പങ്കെടുക്കും. ജീവനക്കാരുടെ അഭാവം മൂലം പ്രതിസന്ധി നേരിടുന്ന രാജ്യത്തെ ആരോഗ്യ സംവിധാനത്തിന് ഇന്നത്തെ സമരം കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകൾക്കാണ് നേഴ്സുമാർ സമര രംഗത്ത് ഇറങ്ങിയിരിക്കുന്നത്. പണപ്പെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനകൾക്കും ആനുപാതികമായുള്ള ശമ്പള വർദ്ധനവാണ് നേഴ്സിങ് യൂണിയനുകൾ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ. എന്നാൽ ജീവനക്കാരുടെ ആവശ്യങ്ങളോട് തികച്ചും പുറംതിരിഞ്ഞു നിൽക്കുന്ന സമീപനമാണ് ഗവൺമെൻറിൻറെ ഭാഗത്തുനിന്ന് സ്വീകരിച്ചിരിക്കുന്നത്. ശമ്പള വർദ്ധനവിനെ കുറിച്ചുള്ള ചർച്ചകൾ പുനരാരംഭിക്കാൻ മന്ത്രിമാർ വിസമ്മതിച്ചതിനെ തുടർന്ന് ജീവനക്കാരുടെ മുന്നിൽ സമരമല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലെന്ന് റോയൽ കോളേജ് ഓഫ് നേഴ്സിങ് അറിയിച്ചു. എന്നാൽ 19 % ശമ്പള വർദ്ധനവ് എന്ന യൂണിയനുകളുടെ ആവശ്യം താങ്ങാനാവുന്നതല്ലെന്നാണ് ഗവൺമെന്റിന്റെ വാദം.

യുകെയിലേക്ക് കുടിയേറിയ മലയാളികളിൽ മിക്കവരും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് . അതുകൊണ്ടുതന്നെ സമരത്തിൻറെ മുന്നണി പോരാളികളായി ഒട്ടേറെ യു കെ മലയാളികളും രംഗത്തുണ്ട്. ഇന്നത്തെ സമരത്തിന് ഫലം കണ്ടില്ലെങ്കിൽ ഡിസംബർ 20-ാം തീയതി രണ്ടാംഘട്ട സമരവുമായി മുന്നോട്ടു പോകുമെന്ന് നേഴ്സിങ് യൂണിയനുകൾ അറിയിച്ചിട്ടുണ്ട്

RECENT POSTS
Copyright © . All rights reserved