Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : തന്റെ പേരിലുള്ള ലൈംഗികാതിക്രമ കേസ് ഒത്തുതീർപ്പാക്കി ആൻഡ്രൂ രാജകുമാരൻ. യുഎസ് കോടതിയിൽ ആൻഡ്രൂ രാജകുമാരനെതിരെ വിർജീനിയ ജിയുഫ്രെ കൊണ്ടുവന്ന ലൈംഗികാതിക്രമ കേസ് തീർപ്പാക്കിയതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. ഇന്നലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിൽ സമർപ്പിച്ച കത്തിൽ ആൻഡ്രൂവും ജിയുഫ്രെയും കോടതിക്ക് പുറത്ത് ഒത്തുതീർപ്പിലെത്തിയതായി പറയുന്നു. കേസ് പിൻവലിക്കാനായി ആൻഡ്രൂ രാജകുമാരൻ 12 മില്യൺ പൗണ്ട് നൽകും. യുഎസ് ജഡ് ജി ലൂയിസ് എ കപ്ലാന് അയച്ച കത്തിൽ, ജിയുഫ്രെയുടെ അഭിഭാഷകൻ ഡേവിഡ് ബോയ് സ് ആൻഡ്രൂ രാജകുമാരന്റെ അഭിഭാഷകരുമായി ഒത്തുതീർപ്പിലെത്തിയതായി അറിയിച്ചു.

ജിയുഫ്രെയ്ക്കും അവരുടെ ചാരിറ്റിക്കുമായി 12 മില്യൺ പൗണ്ട് നൽകുമെന്ന് ടെലിഗ്രാഫ് റിപ്പോർട്ട്‌ ചെയ്തു. ഇപ്പോഴത്തെ കരാറിൽ ആൻഡ്രൂവിന് നിയമപരമായ ബാധ്യത ഉണ്ടാവില്ല. എന്നാൽ വിർജീനിയ ജിയുഫ്രെ ഇരയായിരുന്നുവെന്ന് ആൻഡ്രൂ സമ്മതിക്കും. ഒപ്പം എപ്സ്റ്റീനുമായുള്ള ബന്ധത്തിൽ പശ്ചാത്താപം രേഖപ്പെടുത്തും. അതേസമയം, തന്റെ പേരിലുള്ള ലൈംഗികാതിക്രമ ആരോപണം ആൻഡ്രൂ വീണ്ടും നിഷേധിച്ചു.

തനിക്ക് പതിനേഴ് വയസ് പ്രായമുള്ളപ്പോൾ ആൻഡ്രൂ രാജകുമാരൻ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് വിർജീനിയ ജിയുഫ്രെ കോടതിയെ സമീപിച്ചിരുന്നു. വിർജീനിയയുടെ സിവിൽ സ്യുട്ടിനു ന്യൂയോർക്ക് കോടതി അനുമതി നൽകിയതിന് തൊട്ടു പിന്നാലെയാണ് രാജകുമാരന്റെ അധികാരങ്ങൾ കൊട്ടാരം നീക്കം ചെയ്തത്. തന്റെ നിരപരാധിത്വം തെളിയിക്കാൻ ഒരു സാധാരണ പൗരനെന്ന നിലയിൽ കേസ് വാദിക്കാമെന്നായിരുന്നെങ്കിലും ഇനി അത് വേണ്ടിവരില്ല. ഒപ്പം ജയിൽവാസം കൂടിയാണ് ഒഴിവാകുന്നത്.

യുഎസ് ഫിനാന്‍സറായ എപ്‌സ്റ്റൈൻ ഉള്‍പ്പെട്ട ലൈംഗികാതിക്രമ വിവാദം പുറത്തുവന്നതോടെയാണ് ആന്‍ഡ്രൂ രാജകുമാരന്‍ പ്രതിരോധത്തിലായത്. രാജകുമാരന്‍റെ അടുത്ത സുഹൃത്താണ് എപ്‌സ്റ്റൈൻ. പതിനേഴ് വയസുള്ളപ്പോൾ എപ്‌സ്റ്റൈൻ തന്നെ രാജകുമാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിതയാക്കിയെന്ന വിർജീനിയയുടെ ആരോപണം വലിയ വിവാദങ്ങൾക്ക് കാരണമായി. ലണ്ടനിലെ ഗിസ്‌ലെയ്‌ൻ മാക്‌സ്‌വെല്ലിന്റെ വീട്ടിലും ന്യൂയോർക്കിലെ എപ്‌സ്റ്റൈന്റെ മാളികയിലും യു.എസ് വിർജിൻ ഐലൻഡിലെ എപ്‌സ്റ്റൈന്റെ സ്വകാര്യ ദ്വീപിലും വെച്ച് ആൻഡ്രൂ രാജകുമാരൻ തന്നെ മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചതായി ജിയുഫ്രെ വെളിപ്പെടുത്തിയിരുന്നു. എലിസബത്ത് രാജ്ഞിയെയും കൊട്ടാരത്തെയും സമ്മർദ്ദത്തിലാക്കിയ ഒരു കേസാണ് ഇപ്പോൾ ഒത്തുതീർപ്പിലെത്തിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു എസ് :- ഉക്രൈനിനുമേൽ റഷ്യയുടെ ആക്രമണം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അത്തരം ഒരു നീക്കം റഷ്യയുടെ ഭാഗത്തുനിന്ന് ഉണ്ടായാൽ, നിർണായകമായ തീരുമാനങ്ങൾ യു എസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഉക്രൈനിൽ അതിർത്തിയിൽ ഇപ്പോൾതന്നെ 150,000 ത്തോളം സൈനികരെ റഷ്യ വിന്യസിച്ചിട്ടുള്ളതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ കുറച്ചധികം സൈനികരെ പിൻവലിച്ചതായി റഷ്യൻ പ്രതിരോധമന്ത്രി കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. എന്നാൽ ഈ നീക്കം സ്ഥിരീകരിക്കാനാവില്ലെന്ന് ജോ ബൈഡൻ പറഞ്ഞു. അത്തരത്തിൽ പിൻമാറ്റം ഉണ്ടെങ്കിൽ അത് സന്തോഷകരമായ വാർത്തയാണെന്നും, എന്നാൽ സൈനികർ പിന്മാറിയതായി സ്ഥിരീകരിക്കാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്ക റഷ്യയുമായി നേരിട്ട് ഒരു യുദ്ധത്തിന് ആഗ്രഹിക്കുന്നില്ലെന്നും, എന്നാൽ ഉക്രൈനിന് ആവശ്യമെങ്കിൽ സഹായങ്ങൾ നൽകുമെന്നും അദ്ദേഹം ഉറപ്പ് പറഞ്ഞു. എന്തു സാഹചര്യം ഉണ്ടായാലും നേരിടുവാൻ യുഎസും നാറ്റോ രാജ്യങ്ങളും സന്നദ്ധമാണെന്നും ബൈഡൻ തന്റെ പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ ഇനിയൊരു യുദ്ധം റഷ്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന സൂചനയാണ് പ്രസിഡന്റ്‌ വ്ളാഡിമിർ പുടിൻ നൽകിയത്.


റഷ്യൻ സൈനികരുടെ പിൻമാറ്റത്തിന്റെ വാർത്തയോട് പ്രതീക്ഷയോടെയാണ് നാറ്റോയും പ്രതികരിച്ചിരിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് വ്യക്തമായ തെളിവുകളോടെയുള്ള വിശദീകരണം ആവശ്യമാണെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മാറുന്ന ജീവിത രീതിയുടെയും ഭക്ഷണക്രമത്തിൻെറയും ഭാഗമായി ജീവിതശൈലി രോഗങ്ങൾ ആധുനികകാലത്ത് 50 വയസ്സിനു മുകളിലുള്ളവരുടെ പേടിസ്വപ്നമാണ്. വാർധക്യത്തിലെത്തുന്നവർക്ക് ഹൃദയസംബന്ധമായ ഗുരുതരപ്രശ്നങ്ങൾ സർവ്വ സാധാരണമായി കഴിഞ്ഞു. ജീവിതശൈലി രോഗങ്ങളെ ഭയപ്പെടുന്നവർക്ക് വളരെ ആശ്വാസ പ്രദമായ വാർത്തയാണ് ബ്രിട്ടനിൽ നിന്നുള്ള ഗവേഷകർ പങ്കുവയ്ക്കുന്നത്. 70 വയസിൽ വെറും 20 മിനിറ്റ് പതിവായി വ്യായാമം ചെയ്യുന്നത് ഹൃദ്രോഗസാധ്യത പകുതിയായി കുറയ്ക്കുമെന്നാണ് പഠനത്തിലെ കണ്ടെത്തൽ.

70 നും 75 നും ഇടയിൽ പ്രായമുള്ള പുരുഷന്മാർ സ്ഥിരമായി ഏതെങ്കിലും രീതിയിലുള്ള വ്യായാമം ചെയ്യുന്നത് വ്യായാമം ചെയ്യാത്തവരെ അപേക്ഷിച്ച് ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത 52 ശതമാനം കുറവാണെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. വ്യായാമം ചെയ്യുന്ന സ്ത്രീകളിൽ അപകടസാധ്യതയ്ക്ക് കുറവ് ഉണ്ടെങ്കിലും ഇത് വ്യായാമം ചെയ്യാത്തവരെ അപേക്ഷിച്ച് അത് 8 ശതമാനം മാത്രമാണ്.

ബ്രിട്ടീഷ് ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. ഇതുവരെ വ്യായാമം ചെയ്യാത്ത വാർധക്യത്തിലെത്തിയവർ അതിന് തുടക്കം കുറിക്കാൻ തങ്ങളുടെ ഗവേഷണഫലങ്ങൾ പ്രചോദനം നൽകട്ടെ എന്ന് ഗവേഷകർ പറഞ്ഞു. 50 വയസിന് മുകളിലുള്ള ഏകദേശം 6000 ബ്രിട്ടീഷുകാരിലാണ് പഠനം നടത്തിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലെസ്റ്റർഷെയർ : ലെസ്റ്റർഷെയറിൽ രണ്ടു പേരുടെ മരണത്തിനിടയാക്കിയ കാറപകടത്തിൽ പ്രമുഖ ടിക്ടോക് താരത്തിനും അമ്മയ്ക്കും എതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പോലീസ്. ഹാഷിം എന്നറിയപ്പെടുന്ന മുഹമ്മദ് ഹാഷിം ഇജാസുദ്ദീനും സാഖിബ് ഹുസൈനുമാണ് വെള്ളിയാഴ്ച പുലർച്ചെ 1:30 ന് എ 46-ൽ ഉണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത്. ഇവർക്കൊപ്പം മറ്റു രണ്ട് കാറുകൾ ഉണ്ടായിരുന്നു. അപകടത്തിന് മുമ്പ് കാറുകളെല്ലാം അമിത വേഗത്തില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രണ്ടുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ലെസ്റ്റർഷയർ പോലീസ് പറഞ്ഞു.

പ്രമുഖ ടിക്ടോക് താരം മഹെക് ബുഖാരി (22), അമ്മ അൻ‌സ്‌രീൻ ബുഖാരി (45), ബിർമിങ്ഹാം സ്വദേശി നതാഷ അക്തർ (21) എന്നിവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ടിക്ടോക്കിൽ 120,000-ലധികം ഫോളോവേഴ്‌സും ഇൻസ്റ്റാഗ്രാമിൽ 43,000 ഫോളോവേഴ്‌സുമുള്ള മഹെക് ബുഖാരി, ജനപ്രിയ ബ്രാൻഡുകളുടെ പരസ്യങ്ങളിൽ അഭിനയിക്കുന്നുണ്ട്. മെയ് ബി വ്ലോഗ്‌സ് എന്ന പേരിൽ ഒരു യുട്യൂബ് ചാനലും സ്വന്തമായുണ്ട്.

സ്റ്റോക്ക്-ഓൺ-ട്രെന്റ് ആസ്ഥാനമായുള്ള സിറ്റി സെക്യൂരിറ്റി പ്ലസ് എന്ന സുരക്ഷാ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറാണ് അമ്മയായ അൻസ്രീൻ ബുഖാരി. കുറ്റാരോപിതരായ മൂന്ന് സ്ത്രീകളെയും നാളെ ലെസ്റ്റർ ക്രൗൺ കോടതിയിൽ ഹാജരാക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : റഷ്യ – യുക്രൈൻ സംഘർഷം ഒഴിവാക്കാനായി നയതന്ത്ര വഴികളിലൂടെ ശ്രമം തുടരുമെന്ന് ബോറിസ് ജോൺസും ജോ ബൈഡനും. റഷ്യ, യുക്രൈൻ ആക്രമിക്കുമെന്ന ആശങ്കകൾക്കിടെ ഇന്നലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡനും തമ്മില്‍ ഫോണിൽ സംസാരിച്ചു. 40 മിനിറ്റോളം ഇരു നേതാക്കളും തമ്മില്‍ സംസാരിച്ചു. റഷ്യൻ അധിനിവേശ മുന്നറിയിപ്പുകൾക്കിടയിലും ഒരു കരാർ ഇപ്പോഴും സാധ്യമാണെന്ന് ജോ ബൈഡനും ബോറിസ് ജോൺസണും സമ്മതിച്ചു. പ്രതീക്ഷകൾ ഇപ്പോഴുമുണ്ടെന്ന് ഇരു നേതാക്കളും പറഞ്ഞു. എന്നാൽ, പുടിന്റെ സൈന്യം ഏത് നിമിഷവും യുക്രൈനിലേക്ക് ഇരച്ചുകയറുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.

ഒരാക്രമണം തടയാൻ 48 മണിക്കൂറിൽ താഴെ സമയം മാത്രമേ ഉള്ളെന്നും ബോറിസ് ജോൺസൻ വ്യക്തമാക്കി. പ്രതിസന്ധികൾക്കിടയിൽ റഷ്യൻ ഗ്യാസ് ഇറക്കുമതിയെ ആശ്രയിക്കുന്ന യൂറോപ്യൻ രാജ്യങ്ങളെ ജോൺസൻ കുറ്റപ്പെടുത്തി. പ്രകൃതി വാതകത്തിനായി റഷ്യയെ കൂടുതലായി ആശ്രയിക്കുന്നത് പാശ്ചാത്യ രാജ്യങ്ങൾ അവസാനിപ്പിക്കണമെന്ന് ഇരു നേതാക്കളും അഭിപ്രായപ്പെട്ടു. റഷ്യൻ സൈനിക ശക്തിയുടെ 60 ശതമാനത്തോളം ഇപ്പോഴും യുക്രൈൻ അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.

അതേസമയം, കൈവിലെ യുഎസ് എംബസി പൂർണമായും ഒഴിപ്പിച്ച് പടിഞ്ഞാറൻ നഗരമായ ലിവിവിലേക്ക് മാറ്റി സ്ഥാപിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പറഞ്ഞു. നാറ്റോ എയർ പട്രോളിംഗിൽ പങ്കെടുക്കാൻ എട്ട് എഫ് -15 യുദ്ധവിമാനങ്ങൾ കൂടി യുഎസ് പോളണ്ടിലേക്ക് അയച്ചു. മേഖലയിൽ നാറ്റോ സൈനിക ശക്തി വർധിപ്പിക്കുന്നതിനായി അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ 3,000 സൈനികരെ കൂടി പോളണ്ടിലേക്ക് അയക്കുമെന്ന് യുഎസ് നേരത്തെ പറഞ്ഞിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യുകെയിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ എല്ലാ ദിവസവും കുറഞ്ഞത് രണ്ട് എൻഎച്ച്എസ് സ്റ്റാഫുകളെങ്കിലും രോഗികളുടെ മെഡിക്കൽ റെക്കോർഡുകൾ ദുരുപയോഗം ചെയ്തതിന് നടപടി നേരിട്ടതായി പുതിയ അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. അക്യൂട്ട് ആൻഡ് മെന്റൽ ഹെൽത്ത് ട്രസ്റ്റുകളിലെ എൻ എച്ച് എസ് സ്റ്റാഫുകൾക്കിടയിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ 652 തവണയാണ് ഇത്തരത്തിൽ റെക്കോർഡുകൾ ദുരുപയോഗം ചെയ്തതിന് നടപടി ഉണ്ടായിരിക്കുന്നത്. ഇതോടൊപ്പംതന്നെ സ്റ്റാഫുകൾ തങ്ങളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അയൽക്കാരുടെയുമെല്ലാം മെഡിക്കൽ റിപ്പോർട്ടുകൾ അനുവാദമില്ലാതെ പരിശോധിക്കുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇത്തരത്തിൽ പല സെലിബ്രിറ്റികളുടെയും മെഡിക്കൽ റിപ്പോർട്ടുകൾ എൻഎച്ച് എസ് സ്റ്റാഫുകൾ പരിശോധിച്ചതായാണ് രേഖകൾ വ്യക്തമാക്കുന്നത്. ലീഡ്‌സ് ടീച്ചിങ് ഹോസ്പിറ്റലിലാണ് ഇത്തരത്തിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇവിടെ 2017 മുതൽ 2018 വരെയുള്ള കാലഘട്ടത്തിനിടയിൽ 28 സ്റ്റാഫുകൾക്കാണ് നടപടി നേരിട്ടിരിക്കുന്നത്. ഈസ്റ്റ്‌ സഫോക്കിലെയും, നോർത്ത് എസ്സെക്സിലെയും ഫൗണ്ടേഷൻ ട്രസ്റ്റുകളാണ് ഇത്തരം കേസുകളിൽ രണ്ടാമത് നിൽക്കുന്നത്. ഇവിടെ ഇതേ കാലഘട്ടത്തിൽ 19 സ്റ്റാഫുകളാണ് നടപടി നേരിട്ടതായി റിപ്പോർട്ട് വ്യക്തമാക്കുന്നത്.

രോഗികളുടെ ആരോഗ്യ വിവരങ്ങളും മറ്റും രഹസ്യമായി സൂക്ഷിക്കണം എന്നുള്ളത് എൻ എച്ച് എസിന്റെ കടമയാണെന്നും, ഇതിനെതിരെ പ്രവർത്തിക്കുന്നവർക്ക് ശക്തമായ നടപടികളാണ് ഉണ്ടാകുന്നതെന്നും ഈസ്റ്റ്‌ സഫോക് & നോർത്ത് എസെക്‌സ് എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റ് മേധാവി ഡോക്ടർ മാർട്ടിൻ മാൻസ് ഫീൽഡ് വ്യക്തമാക്കി. മെയിൽ ഓൺലൈൻ നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങൾ എല്ലാം തന്നെ പുറത്തുവന്നിരിക്കുന്നത്. ഇത്തരം കേസുകളിൽ 14 ശതമാനം മാത്രമാണ് ഡോക്ടർമാരും ഡെന്റിസ്റ്റുകളും മറ്റും ഉൾപ്പെടുന്നത്. 86 ശതമാനം കേസുകളിലും നോൺ- മെഡിക്കൽ സ്റ്റാഫുകളായ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്നവർ, നേഴ്സുമാർ, ഫിസിയോതെറാപ്പിസ്റ്റുകൾ എന്നിവരാണ് ഉൾപ്പെട്ടിരിക്കുന്നത്.


നിരവധി സെലിബ്രിറ്റികളുടെ വിവരങ്ങളും ഇത്തരത്തിൽ സ്റ്റാഫുകൾ പരിശോധിച്ചതായാണ് റിപ്പോർട്ടുകൾ. 2017 ഒക്ടോബറിൽ ഇപ്‌സ്‌വിച്ച് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞ എഡ് ഷീരന്റെ വിവരങ്ങളും ഇത്തരത്തിൽ ചോർത്തിയതായാണ് റിപ്പോർട്ട്. ഇതോടൊപ്പംതന്നെ 2018 മെയ് മാസത്തിൽ സാൽഫോഡ് റോയൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന സർ അലക്സ്‌ ഫെർഗുസന്റെയും വിവരങ്ങൾ എൻഎച്ച്എസ് സ്റ്റാഫുകൾ പരിശോധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള കേസുകൾ ഉണ്ടാകാതെ നോക്കേണ്ടത് എൻ എച്ച് എസിന്റെ ചുമതലയാണെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ പെട്രോളിൻെറയും ഡീസലിൻെറയും വില കുതിച്ചുയർന്നത് യുകെ മലയാളികളുടെ ജീവിത ചിലവ് അനിയന്ത്രിതമായി ഉയരാൻ കാരണമാകും. നിലവിൽ ബ്രിട്ടനിലെ പെട്രോളിൻെറയും ഡീസലിൻെറയും വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ്. കഴിഞ്ഞ ദിവസം പെട്രോളിന് ലിറ്ററിന് 148.02 പെൻസ് ആയി ഉയർന്നിരുന്നു. ഇതിനു മുമ്പ് 2021 നവംബറിൽ പെട്രോളിൻെറ വില 147.7 2 പെൻസിൽ എത്തിയതായിരുന്നു ഏറ്റവും കൂടിയ വില. ഡീസലിൻെറ വിലവർദ്ധിച്ച് ലിറ്ററിന് 151.57 പെൻസ് ആയത് ചരക്ക് ഗതാഗതത്തിൻെറ ചിലവിൽ വർദ്ധനവിന് കാരണമാകുമെന്നാണ് വിലയിരുത്തുന്നത്.

ഇന്നലെ ക്രൂഡ് ഓയിൽ വില ബാരലിന് 95.4 0 ഡോളറിലേയ്ക്ക് (70 .59 പൗണ്ട്) കുതിച്ചുയർന്നതാണ് ഇന്ധനവില ഉയരാൻ കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. റഷ്യ ഉക്രയിൻ സംഘർഷമാണ് പ്രധാനമായും ക്രൂഡ് ഓയിൽ വില വർദ്ധനവിലേയ്ക്ക് നയിച്ചത്. റഷ്യ ലോകത്തിലെ തന്നെ മൂന്നാമത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യമാണ്. കോവിഡ് മൂലം എണ്ണയുടെ ഉൽപാദനം പൊതുവിൽ കുറഞ്ഞതും ക്രൂഡോയിൽ വിലവർധനവിന് മറ്റൊരു കാരണമാണ് .

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ആരോഗ്യ സംവിധാനത്തിലുടനീളം വംശീയ അസമത്വം നിലനിൽക്കുന്നതായി പുതിയ പഠന റിപ്പോർട്ട്. ഇംഗ്ലണ്ടിലെ എൻ എച്ച് എസിൽ വർഷങ്ങളായി കറുത്ത വർഗക്കാർക്കും ഏഷ്യൻ, ന്യൂനപക്ഷ വംശജർക്കും ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് എൻ എച്ച് എസ് റേസ് ആൻഡ് ഹെൽത്ത് ഒബ്സർവേറ്ററിയുടെ അവലോകനത്തിൽ കണ്ടെത്തി. വംശീയത, വംശീയ വിവേചനം, ആരോഗ്യ സംരക്ഷണം ലഭിക്കുന്നതിലുള്ള തടസ്സങ്ങൾ എന്നിവ പ്രധാന പ്രശ്നങ്ങളാണ്. വംശീയ ന്യൂനപക്ഷങ്ങൾ അഭിമുഖീകരിക്കുന്ന ആരോഗ്യ അസമത്വങ്ങളുടെ തോത് ഇതാദ്യമായാണ് ഒരു പഠനത്തിലൂടെ വ്യക്തമാകുന്നത്. 166 പേജുള്ള പഠന റിപ്പോർട്ട് പൂർണമായി ഈ ആഴ്ച പ്രസിദ്ധീകരിക്കും.

മാനസികാരോഗ്യം മുതൽ പ്രസവ പരിപാലനം വരെയുള്ള മേഖലയിൽ ഈ അസമത്വം പ്രകടമാണ്. ആരോഗ്യസംരക്ഷണ സംവിധാനത്തിലെ വംശീയ അസമത്വത്തിൽ സമൂലമായ നടപടിയെടുക്കാൻ എത്രയും വേഗം തയ്യാറാകണമെന്ന് എൻഎച്ച്എസ് റേസ് ആൻഡ് ഹെൽത്ത് ഒബ്സർവേറ്ററി ഡയറക്ടർ ഹബീബ് നഖ് വി പറഞ്ഞു. കോവിഡ് തീവ്ര വ്യാപന ഘട്ടത്തിൽ ഈ അസമത്വം കൂടുതൽ പ്രകടമായി. ന്യൂനപക്ഷ വംശജരോടുള്ള എൻ എച്ച് എസ് ജീവനക്കാരുടെ മോശമായ പെരുമാറ്റം, നവജാത ശിശുക്കളുടെയും അമ്മയുടെയും ആരോഗ്യ സംരക്ഷണത്തിലുണ്ടായ വീഴ്ച, ജനിതക പരിശോധനയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ, കൃത്യമായ വിവര ശേഖരണത്തിലുള്ള പിഴവ് എന്നിവയും പ്രധാന പ്രശ്നങ്ങളാണ്.

മാനസികാരോഗ്യ സംരക്ഷണത്തിൽ ഏറ്റവും വലിയ അസമത്വം പ്രകടമാണ്. വെളുത്ത വർഗ്ഗക്കാരെ അപേക്ഷിച്ച് സൈക്കോളജിക്കൽ തെറാപ്പിസ് പ്രോഗ്രാമിലേക്ക് റഫർ ചെയ്യപ്പെട്ട വംശീയ ന്യൂനപക്ഷ രോഗികളുടെ എണ്ണം കുറവാണ്. യൂണിവേഴ്സിറ്റി ഓഫ് മാഞ്ചസ്റ്റർ, യൂണിവേഴ്സിറ്റി ഓഫ് ഷെഫീൽഡ്, യൂണിവേഴ്സിറ്റി ഓഫ് സസെക്സ് എന്നിവരുമായി ചേർന്നാണ് പഠനം പൂർത്തിയാക്കിയത്. നിർണായക മാറ്റത്തിനുള്ള സമയമാണിതെന്ന് മാഞ്ചസ്റ്റർ സർവകലാശാലയിലെ ഡോ. ധർമി കപാഡിയ ട്വിറ്ററിൽ കുറിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിൽ കോവിഡ് കാലത്ത് മാമ്മോഗ്രാം പോലുള്ള ടെസ്റ്റുകൾ ചെയ്യുന്നതിന് ഉണ്ടായ കാലതാമസം മൂലം എഴുനൂറോളം പേർ ബ്രെസ്റ്റ് ക്യാൻസർ വന്ന് മരണപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്ന് പുതിയ പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മൂലം ടെസ്റ്റുകളും മറ്റും ചെയ്യുവാൻ സാധിക്കാതെ രോഗം കണ്ടുപിടിക്കാതെ പോയവരും അനേകരാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്രമമായുള്ള ചെക്കപ്പുകളും മറ്റും വളരെ മാസങ്ങൾ ഭൂരിഭാഗം രോഗികൾക്കും നീണ്ടുപോയി. ജൂലൈ 2020 മുതൽ 2021 ജൂലൈ വരെയുള്ള കാലഘട്ടത്തിൽ യു കെ യിൽ മാത്രം 1.5 മില്യൺ സ്ത്രീകൾക്കാണ് മമ്മോഗ്രാം ടെസ്റ്റ് ഏഴ് മാസം വരെ നീണ്ടു പോയത്. ഡിപ്പാർട്ട്മെന്റ് ഫോർ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ, യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി, ക്വീൻ മേരി യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരാണ് പുതിയ പഠനങ്ങൾ നടത്തിയിരിക്കുന്നത്. ഇതോടൊപ്പം തന്നെ രോഗലക്ഷണങ്ങൾ ഉള്ള നിരവധി പേർക്കും ടെസ്റ്റുകൾ നടത്തുവാൻ സാധിച്ചിരുന്നില്ല. ഇത് രോഗം മൂർച്ഛിച്ച ഘട്ടത്തിൽ മാത്രമാണ് ചികിത്സ ലഭ്യമാക്കുന്നതിന് ഇത്തരം രോഗികളെ ഇടയാക്കിയത്.

ഗവൺമെന്റ് ഭാഗത്തുനിന്നും എൻ എച്ച് എസ് സ്റ്റാഫുകളുടെ കുറവ് പരിഹരിക്കുന്നതിൽ ആവശ്യമായ നടപടികൾ ഉണ്ടാകണമെന്ന ശക്തമായ ആവശ്യം പ്രമുഖ ക്യാൻസർ ചാരിറ്റി അസോസിയേഷനുകൾ നടത്തിയിട്ടുണ്ട്. പഠനറിപ്പോർട്ടിൽ പുറത്തുവന്നിരിക്കുന്ന കാര്യങ്ങൾ തികച്ചും വേദനാജനകമാണെന്ന് ” “ബ്രസ്റ്റ് കാൻസർ നൗ ” ചീഫ് എക്സിക്യൂട്ടീവ് ബറോനെസ്സ് മോർഗൻ വ്യക്തമാക്കി. എൻ എച്ച് എസിൽ ഉണ്ടാകുന്ന കാലതാമസം പരിഹരിക്കുന്നതിനാവശ്യമായ അടിയന്തര നടപടികൾ ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കുട്ടികളെ പീഡിപ്പിച്ച കേസിൽ എൻഎച്ച്എസ് ഡോക്ടർ അറസ്റ്റിൽ. പീഡനത്തിനിരയായ ഒൻപത് കുട്ടികളെ തിരിച്ചറിഞ്ഞ ശേഷമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. റോയൽ സ്‌റ്റോക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ എ ആൻഡ് ഇ ക്ലിനിക്കായി ജോലി ചെയ്യുന്നതിനിടെ 2018 -ലാണ് ഡോക്ടർക്കെതിരെ ലൈംഗിക പീഡന പരാതി ഉയർന്നത്. ഇതിനെ തുടർന്ന് ഡോക്ടറെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ അന്വേഷണം ആരംഭിച്ച പോലീസ്, തെളിവുകളുടെ അഭാവത്തിൽ ഡോക്ടറെ തിരികെ ജോലിയിൽ പ്രവേശിക്കാൻ അനുവദിച്ചു. എന്നാൽ ഡിസംബറിൽ, വെസ്റ്റ് മിഡ്‌സിലെ ഡഡ്‌ലിയിലെ റസ്സൽസ് ഹാൾ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നതിനിടെ ഇദ്ദേഹം പോലീസ് പിടിയിലായി. ഏഴും പതിനഞ്ചും വയസുള്ള കുട്ടികളുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.

ഇതിനെ തുടർന്ന് പീഡനത്തിനിരയായ ഒൻപത് കുട്ടികളെ തിരിച്ചറിഞ്ഞ സ്റ്റാഫോർഡ്ഷയർ പോലീസ്, ഓപ്പറേഷൻ അൻസു എന്ന പേരിൽ അന്വേഷണം പുനരാരംഭിച്ചു. 2020 ഓഗസ്റ്റിനും 2021 മാർച്ചിനും ഇടയിൽ രണ്ട് ആശുപത്രികളിലെയും എ&ഇ വിഭാഗങ്ങളിലും റസ്സൽസ് ഹാളിലെ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജിയിലും ജോലി ചെയ്യുന്നതിനിടയിൽ 800-ലധികം രോഗികളെ ഇദ്ദേഹം പരിശോധിച്ചു. ഇതിൽ 350-ലധികം കുട്ടികളുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ ജനറൽ മെഡിക്കൽ കൗൺസിൽ ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തു.

കുട്ടികളുടെ ക്ലിനിക്കൽ റെക്കോർഡുകൾ പോലീസ് പരിശോധിക്കുകയാണ്. ഡോക്‌ടർ ചികിത്സിച്ച രോഗികളുടെ മെഡിക്കൽ റെക്കോർഡുകളുടെ വിദഗ്ധ പരിശോധനയും നടക്കുന്നു. തന്റെ പേരിലുള്ള എല്ലാ ആരോപണങ്ങളും നിരസിക്കുന്നതായി പ്രതി അറിയിച്ചു. പോലീസ് അറസ്റ്റ് രേഖപ്പെടുത്തി ഇദ്ദേഹത്തെ ജാമ്യത്തിൽ വിട്ടയച്ചു. എന്നാൽ വിശദമായ അന്വേഷണത്തിൽ കൂടുതൽ തെളിവുകൾ ലഭിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved