കൊച്ചി: പ്രശസ്ത മിമിക്രി കലാകാരനും സിനിമ നടനുമായ അബി(52) അന്തരിച്ചു. രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം നാളെ.ഏറെ നാളായി രോഗബാധിതനായിരുന്ന അബി രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ്‌സ് കുറയുന്ന രോഗം മൂലമാണ് പലപ്പോഴും സിനിമയില്‍ നിന്നും ഷോകളില്‍ നിന്നും വിട്ടു നിന്നത്. ഹബീബ് മുഹമ്മദ് എന്ന അബി മലയാളത്തില്‍ 50ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

കലാഭവനിലും കൊച്ചിന്‍ സഗറിലും ഹരിശ്രീയിലും കലാകാരനായി പ്രവര്‍ത്തിച്ച പരിചയത്തില്‍ നിന്നാണ് സിനിമയിലേക്കുള്ള ചുവടുവെപ്പ്. മഴവില്‍ക്കൂടാരം, സൈന്യം, രസികന്‍, കിരീടമില്ലാത്ത രാജാക്കന്‍മാര്‍ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. ‘തൃശ്ശിവപേരൂര്‍ ക്ലിപ്ത’മാണ് അവസാന സിനിമ. ഭാര്യ സുനില. മക്കള്‍: ഷെയ്ന്‍ നിഗം, അഹാന, അലീന.

മലയാളത്തില്‍ മിമിക്രി കസെറ്റുകള്‍ക്കു സ്വീകാര്യത നല്‍കിയ അബി അന്‍പതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ആമിനതാത്ത എന്ന കഥാപാത്രത്തിലൂടെയാണു അബി മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയത്. നയം വ്യക്തമാക്കുന്നു എന്നതാണ് ആദ്യസിനിമ. ഹബീബ് അഹമ്മദ് എന്നാണു യാഥാര്‍ഥ പേര്. മിമിക്രിക്കാരനായിട്ടായിരുന്നു തുടക്കം. മൃഗങ്ങളുടെയും താരങ്ങളുടെയും ശബ്ദം അനുകരിച്ചായിരുന്നു മിമിക്രി ആരംഭിച്ചത്. മുംബൈയില്‍ സാനിട്ടറി ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് പഠിക്കുമ്പോഴും മിമിക്രിയില്‍ സജീവമായിരുന്നു.