India

തന്റെ പുതിയ യൂട്യൂബ് ചാനലില്‍ ‘മമ്മൂക്ക മാപ്പ്’ എന്ന് പേരിട്ട വീഡിയോയിലാണ് മുകേഷിന്റെ വാക്കുകള്‍. മമ്മൂട്ടിയുടെ പേരില്‍ പട്ടാള ഉദ്യോഗസ്ഥരോട് പറഞ്ഞ് കുറഞ്ഞ വിലയ്ക്ക് മദ്യം വാങ്ങിയതിനെ കുറിച്ചാണ് മുകേഷ് വീഡിയോയില്‍ പറയുന്നത്. ഈ കഥ ഇതിലൂടെയാവും മമ്മൂക്ക അറിയുന്നത് എന്നും മുകേഷ് പറയുന്നു.

മുകേഷിന്റെ വാക്കുകള്‍:

നായര്‍ സാബ് എന്ന സിനിമയുടെ ഷൂട്ടിംഗ് കാശ്മീരിലാണ് നടക്കുന്നത്. ഒരു ദിവസം കാശ്മീരിലെ ഒരു പുല്‍മേടയില്‍ വച്ച് പരേഡ് എക്‌സൈസ് സീന്‍ അഭിനയിക്കുകയാണ്. അപ്പോള്‍ ആ റെജിമെന്റിന്റെ ഏറ്റവും വലിയ ഒരു ഉദ്യോഗസ്ഥന്‍ അതുവഴി വന്നു. ഞങ്ങളത് ശ്രദ്ധിച്ചില്ല. മമ്മൂക്ക മാര്‍ച്ച് ചെയ്ത് നില്‍ക്കുന്ന ഞങ്ങള്‍ 9 പേര്‍ നിന്ന് സല്യൂട്ട് ചെയ്യുന്നു. ആ ഉദ്യോഗസ്ഥന്‍ ഞങ്ങളെ പരിചയപ്പെടാനായി വന്നു. ഇത്രയും ഊര്‍ജസ്വലനും സുന്ദരനുമായ ഉദ്യോഗസ്ഥന്‍ ഞങ്ങളുടെ ഇടയില്‍ ഇല്ലെന്ന് അദ്ദേഹം മമ്മൂക്കയുടെ ചെവിയില്‍ പറഞ്ഞ് പൊട്ടിചിരിച്ചു.

അടുത്ത ഷോട്ട് എങ്ങനെയാകും, അടുത്ത ഡയലോഗ് എങ്ങനെയകും എന്ന് 24 മണിക്കൂറും ചിന്തിച്ച് ഇരിക്കുന്ന ഒരാളാണ് മമ്മൂക്ക. ഒരു പട്ടാള ചിത്രത്തിന്റെ ഷൂട്ടിംഗിന് പോയപ്പോള്‍ അവിടെ ഉണ്ടായിരുന്നത് മലയാളിയായ ഉദ്യോഗസ്ഥന്‍ ആയിരുന്നു. മമ്മൂട്ടിയുടെ ആരാധകനായിരുന്നു അദ്ദേഹം. ആ ഉദ്യോഗസ്ഥന്‍ തന്റെ ജൂനിയര്‍ ഉദ്യോഗസ്ഥനെ ഞങ്ങള്‍ക്ക് എല്ലാ സഹായങ്ങളും ചെയ്യണമെന്ന് പറഞ്ഞ് നിര്‍ത്തി. അദ്ദേഹവും ഒരു മലയാളിയായിരുന്നു. അവിടെയുള്ള കാന്റീനില്‍ എല്ലാം പകുതി വിലയ്ക്ക് കിട്ടും.

കമാന്റോയായി അഭിനയിക്കുന്ന ഒരു നടന്റെ പിറന്നാള്‍ ഉണ്ടായിരുന്നു. ജൂനിയര്‍ ഉദ്യോഗസ്ഥനോട് മദ്യം കിട്ടുമോയെന്ന് ചോദിച്ചപ്പോള്‍ നെപ്പോളിയന്‍ ബ്രാണ്ടി 100 രൂപയ്ക്ക് വാങ്ങി തന്നു. അതിന് പുറത്ത് 300 രൂപയാണ് വില. നല്ലൊരു ഡ്രിങ്ക് ഇത്രയും കുറഞ്ഞ വിലയ്ക്ക് കിട്ടിയ സന്തോഷത്തിലായിരുന്നു എല്ലാവരും. പിറ്റേ ദിവസം കമാന്‍ഡോസ് എല്ലാവരും ചര്‍ച്ചയായി, ഇത് എങ്ങനെയെങ്കിലും ഒരു കുപ്പി കൂടി വേണം. ഇനി ഞാന്‍ ചോദിക്കില്ലെന്ന് പറഞ്ഞു. നിര്‍ബന്ധം സഹിച്ച് ജൂനിയര്‍ ഓഫീസറോട് പറഞ്ഞു.

ഒരു ചെറിയ കാര്യമുണ്ട്. ബര്‍ത്ത് ഡെ സെലിബ്രേഷനില്‍ മമ്മൂക്കയും വന്നിരുന്നു. പുള്ളി കഴിക്കാത്തതാണ്. വളരെ അപൂര്‍വ്വമായെ കഴിക്കാറുള്ളു. ഞങ്ങള്‍ നിര്‍ബന്ധിച്ചപ്പോള്‍ ഒരു സിപ് കഴിച്ചു,. അദ്ദേഹം പറഞ്ഞു കൊള്ളവല്ലോന്ന്. ഒരു ബോട്ടില്‍ കിട്ടുമോയെന്ന്. ജൂനിയര്‍ ഓഫീസര്‍ പറഞ്ഞു, രണ്ട് ബോട്ടില്‍ തരാം എന്റെ കെയര്‍ ഓഫില്‍ തന്നെ, പൈസ വേണ്ട എന്ന്. പൈസ വേണം എന്ന് പറഞ്ഞ് 200 രൂപ കൊടുത്ത് 2 കുപ്പി വാങ്ങി. ഒരു തുള്ളി പോലും കഴിക്കാത്ത മമ്മൂക്ക ഇതൊന്നും തന്നെ അറിയുന്നില്ല. ജൂനിയര്‍ ഓഫീസര്‍ക്ക് മമ്മൂക്കയോടുള്ള ആരാധന കൂടി വന്നു. താന്‍ എല്ലാം നോക്കുന്നുണ്ടെന്ന് അയാള്‍ക്ക് മമ്മൂക്കയെ അറിയിക്കണം.

ഞാന്‍ പറഞ്ഞിട്ടുണ്ട്, മമ്മൂക്ക ഒരു സിപ് എടുത്ത് വാങ്ങിച്ചത് ഒന്നും അദ്ദേഹത്തിന്റെ മുന്നില്‍ പറയരുതെന്ന്. ഞാനും മമ്മൂക്കയും ഇരിക്കുമ്പോള്‍ ഓഫീസര്‍ വന്നു ചോദിച്ചു, എങ്ങനെയുണ്ടായിരുന്നു എന്ന്. ഞാന്‍ ഒന്ന് കിടുങ്ങി. മമ്മൂക്ക പറഞ്ഞു, ആ എല്ലാം ഓകെയാണെന്ന്. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ പറയണം എന്ന് പറഞ്ഞ് പോയി. മമ്മൂക്ക പിന്നെയും സിനിമയെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. ജൂനിയര്‍ ഓഫീസറോട് ഞാന്‍ പോയി രണ്ട് ബോട്ടില്‍ കൂടി പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു. അപ്പോള്‍ തന്നെ എടുത്തു തന്നു.

പിറ്റേന്ന് ഞാനും മമ്മൂക്കയും നടന്നു വന്നപ്പോള്‍ ചോദിച്ചു, ഇന്നലെ എങ്ങനെ ഗംഭീരമായിരുന്നല്ലോ? മമ്മൂക്ക പറഞ്ഞു, എല്ലാം ഗംഭീരമെന്ന്. നല്ലതാണെന്നും ഓഫീസര്‍ പറഞ്ഞു. മമ്മൂക്ക പിന്നെയും സിനിമയിലേക്ക്. പിറ്റേന്ന് മമ്മൂക്കയും ഞാനും ഇരിക്കുമ്പോള്‍ കുറച്ച് സാധനങ്ങള്‍ പുതുതായി വന്നിട്ടുണ്ട്. നല്ല ഇനമാണ്, ഞാന്‍ എല്ലാം റെഡി ന്നെ് അപ്പോള്‍ മമ്മൂക്ക പറഞ്ഞു, എന്ത് ആവശ്മുണ്ടെങ്കിലും ഞങ്ങള്‍ ചോദിക്കും, താങ്ക്യൂ വെരിമച്ച്, എല്ലാം ഗംഭീരമാവുന്നുണ്ട് എന്ന്.

ഷൂട്ടിംഗ് തീരാറായി. അവസാന ദിവസം ഓഫീസര്‍ മമ്മൂക്കയോട് വന്നു പറഞ്ഞു, കാറിനകത്ത് കുറച്ച് കേറ്റി വെക്കട്ടെ എന്ന്. മമ്മൂക്ക ചോദിച്ചു എന്ത്, അല്ല കാന്റീനില്‍ നല്ല ഇനം വന്നിട്ടുണ്ട്. മമ്മൂക്ക പറഞ്ഞു കാറിനകത്ത് ഒന്നും കേറ്റി വെക്കണ്ടെന്ന്. മമ്മൂക്ക അന്ന് തന്നോട് ആദ്യമായി ചോദിച്ചു, അദ്ദേഹം എന്താണ് പറഞ്ഞതെന്ന്. ഞാന്‍ പറഞ്ഞു, ആത്മാര്‍ത്ഥ കൂടി പോയതാണ് ജ്യൂസ് അടിക്കുന്ന രണ്ടു മിക്‌സി കാറില്‍ കയറ്റി വെക്കട്ടെ എന്നാണ് ചോദിച്ചത്.

ഇന്നലെ എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു, മമ്മൂക്കയുടെ വീട്ടില്‍ 200 മിക്‌സി ഉണ്ടെന്ന്. ലോകത്തിന്റെ പല ഭാഗത്തു നിന്നും വാങ്ങിയതെന്ന്. മമ്മൂക്ക പറഞ്ഞു 200 ഉണ്ടെന്ന് പറയണ്ടായിരുന്നുെന്ന്. ഞാന്‍ പറഞ്ഞു നൂറ് എന്ന് പറഞ്ഞിരുന്നേല്‍ പുള്ളി മിക്‌സി കാറില്‍ വച്ചേനെ എന്ന്. ഞാന്‍ ഏതായാലും ഒരു മിക്‌സി വാങ്ങുന്നുണെന്നും മമ്മൂക്കയോട് പറഞ്ഞു. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്ന് ഇപ്പോള്‍ ഈ കഥ കേള്‍ക്കുമ്പോഴാകും അദ്ദേഹത്തിന്റെ പേരില്‍ ഞങ്ങള്‍ കുപ്പികള്‍ വാങ്ങിയത് അറിയുക.

പത്തുകോടി രൂപയുടെ തട്ടിപ്പ് കേസിൽ പ്രവാസി വ്യവസായി അറസ്റ്റിൽ. ചേർത്തല സ്വദേശിയും പ്രവാസി മലയാളി ഫെഡറേഷൻ രക്ഷാധികാരിയും രാജ്യാന്തര വ്യവസായിയുമായ മോൺസൺ മാവുങ്കലാണ് പിടിയിലായത്. പത്തുകോടി വിലമതിക്കുന്ന പുരാവസ്തുക്കൾ കയ്യിലുണ്ടെന്ന് അവകാശപ്പെട്ട് കോടികള്‍ തട്ടിയ കേസിലാണ് മോൺസൺ മാവുങ്കലിനെ തൃപ്പുണിത്തുറ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

അഞ്ചു പേരിൽ നിന്ന് 10 കോടി രൂപയാണ് തട്ടിയെടുത്തത്. സംസ്ഥാനത്തെ നിരവധി പ്രമുഖരുമായി ബന്ധമുള്ളയാളാണ് മോൺസൻ മാവുങ്കൽ. ഇയാളുടെ എറണാകുളം കലൂരിലെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി.

2,62,000 കോടി രൂപ തന്റെ ബാങ്ക് അക്കൗണ്ടിലെത്തിയിട്ടുണ്ടെന്നും അത് തിരിച്ചെടുക്കുന്നതിന് കുറച്ച് പണത്തിന്റെ ആവശ്യമുണ്ടെന്നുമാണ് ഇയാള്‍ പറഞ്ഞിരുന്നത്. അതിനുവേണ്ടി സഹായം ചെയ്തു നൽകിയാൽ ബിസിനസ് സംരംഭങ്ങൾക്ക് താൻ പലിശ രഹിതവായ്പ നൽകാമെന്ന വാഗ്ദാനം നൽകിയാണ് മോൺസൻ തട്ടിപ്പ് നടത്തിയത്.

ചേർത്തലയിലുള്ള വീട്ടിൽവച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊച്ചി കേന്ദ്രീകരിച്ച് പുരാവസ്തു കേന്ദ്രം നടത്തുകയായിരുന്നു ഇയാൾ. പുരാവസ്തു കേന്ദ്രത്തിലുള്ള പല വസ്തുക്കളും അതി പുരാതനവും കോടിക്കണക്കിന് രൂപ വിലവരുന്നതും ആണെന്നാണ് ഇയാൾ പ്രചരിപ്പിച്ചിരുന്നത്. എന്നാൽ ഇതിൽ പലതിലും തട്ടിപ്പുണ്ടെന്നാണ് ആരോപണം. പ്രതിയെ കോടതിയിൽ ഹാജരാക്കി.

കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. കണ്ണൂര്‍ ജില്ലയിലെ വള്ളിത്തോടാണ് സംഭവം. പെരിങ്കിരി സ്വദേശി ചെങ്ങനശ്ശേരി ജസ്റ്റിനാണ് മരിച്ചത്. പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലേക്ക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ കാട്ടാന ആക്രമിക്കുകയായിരുന്നു.

ജസ്റ്റിന്റെ ഭാര്യ ജിനിക്ക് കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇവര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. ജനവാസ കേന്ദ്രത്തിലിറങ്ങിയ ആനയെ നാട്ടുകാരും വന വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് വനത്തിലേക്ക് തിരികെ ഓടിക്കാന്‍ ഉള്ള ശ്രമം തുടരുന്നു.

അതിനിടെ, നിര്‍ത്തിയിട്ടിരുന്ന ജെ സി ബി ക്കെതിരെ യും ആന ആക്രമണത്തിന് മുതിര്‍ന്നിട്ടുണ്ട്. ജെസിബി കുത്തിമറിയ്ക്കാനുള്ള ശ്രമത്തിനിടെ ആനയുടെ കൊമ്പ് ഒടിയുകയും ചെയ്തിട്ടുണ്ട്. ഇപ്രദേശത്ത് കാട്ടുമൃഗങ്ങളുടെ ശല്യം വര്‍ധിച്ചുവരികയാണെന്ന് നാട്ടുകാര്‍ പറയുന്നു.

 

ബൈക്കിനെ ഓവര്‍ടേക്ക് ചെയ്തു പോയ സ്‌കൂട്ടര്‍ യാത്രികയെ യുവാവ് തള്ളി വീഴ്ത്തി. നിയന്ത്രണം വിട്ട് രണ്ട് വാഹനങ്ങളും മറിഞ്ഞ് ഇരുവര്‍ക്കും പരിക്കേറ്റു. സ്ത്രീക്കാണ് അപകടത്തില്‍ സാരമായി പരിക്കേറ്റത്. ഇവര്‍ക്ക് ചുണ്ടിന് ശസ്ത്രക്രിയ വേണ്ടി വന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം, യുവാവിന്റെ കൈവിരലും ഒടിഞ്ഞു.

തയ്യല്‍കട നടത്തുകയായിരുന്ന കുന്നന്താനം സ്വദേശിയായ യുവതിയാണ് ആക്രമണത്തിന് ഇരയായത്. ജോലി കഴിഞ്ഞ് ഇവര്‍ വീട്ടിലേക്ക് മടങ്ങിപ്പോകുന്ന വഴിയില്‍ ജയകൃഷ്ണന്‍ സഞ്ചരിച്ച ബൈക്കിനെ മറികടന്നു. ഇതില്‍ പ്രകോപിതനായ ജയകൃഷ്ണന്‍ പിന്നാലെയെത്തി മല്‍സരഓട്ടത്തിന് ക്ഷണിച്ചു. വേഗം നിയന്ത്രിച്ച് ഓടിച്ച സ്ത്രീയെ തോളില്‍ പിടിച്ച് തള്ളി.

ഇതോടെ ബൈക്കിന്റെ നിയന്ത്രണം വിട്ട് ജയകൃഷ്ണന്‍ റോഡില്‍ വീണു. ബൈക്ക് നിരങ്ങിച്ചെന്ന് ഇടിച്ച് സ്‌കൂട്ടറും മറിഞ്ഞു. സംഭവത്തില്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ജയകൃഷ്ണനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസിന്റെ ഹൃദയം പ്രേംചന്ദിൽ മിടിച്ചുതുടങ്ങി. കണ്ണൂർ സ്വദേശിയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പ്രേംചന്ദ്. അദ്ദേഹത്തിന് മാറ്റിവച്ച ഹൃദയം സ്വന്തമായി മിടിക്കാൻ തുടങ്ങിയെന്നും രോഗി പൂർണമായും ബോധവാനാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഇദ്ദേഹമടക്കം ഏഴ് പേർക്ക് പുതുജീവനേകിയാണ് നേവിസ് യാത്രയാവുന്നത്.

എട്ട് മണിക്കൂർ നീണ്ട സങ്കീർണമായ ശസ്ത്രക്രിയക്കൊടുവിലാണ് നേവിസിൻറെ ഹൃദയം 59കാരനായ പ്രേംചന്ദിന് വിജയകരമായി വച്ച് പിടിപ്പിച്ചത്. ഇന്നലെ രാത്രി ഏഴരയ്ക്ക് തുടങ്ങിയ ശസ്ത്രക്രിയ പുലർച്ചെ മൂന്നരയ്ക്കാണ് പൂർത്തിയായത്. രോഗി വെന്റിലേറ്ററിൽ തുടരുകയാണെങ്കിലും പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ പറഞ്ഞു. എറണാകുളത്ത് നിന്ന് മൂന്ന് മണിക്കൂർ കൊണ്ടാണ് നേവിസിന്റെ ഹൃദയവും വഹിച്ചുള്ള ആംബുലൻസ് കോഴിക്കോട്ടെത്തിയത്.

എറണാകുളം മുതൽ കോഴിക്കോടുവരെ സർക്കാർ റോഡിൽ ഗ്രീൻ ചാനൽ ക്രമീകരണമൊരുക്കിയിരുന്നു. വഴിയിൽ ജനങ്ങൾ സഹകരിക്കണമെന്ന് ആരോഗ്യമന്ത്രിയടക്കം ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ചിരുന്നു.

ഹൃദയം കൂടാതെ നേവിസിന്റെ കരളും കിഡ്‌നിയും കൈകളുമടക്കം ആറ് അവയവങ്ങൾ എറണാകുളത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവർക്ക് ദാനം ചെയ്തിട്ടുണ്ട്. ഫ്രാൻസിൽ വിദ്യാർത്ഥിയായിരുന്ന നേവിസ് രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞതിനെ തുടർന്ന് സെപ്റ്റംബർ പതിനാറിന് കുഴഞ്ഞു വീഴുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച കോട്ടയത്തെ ആശുപത്രിയിൽവച്ച് മസ്തിഷ്‌ക മരണം സംഭവിച്ചു. കേരളത്തിൽ അപൂർവമായാണ് ഒരാളുടെ ഏഴ് അവയവങ്ങളും ദാനം ചെയ്യുന്നത്.

തന്റെ ഭര്‍ത്താവ് ഐ.എസിലെത്തുമെന്ന് ഒരിക്കലും കരുതിയില്ലെന്നും കേരളത്തിലോ പുറത്തോ എവിടെയെങ്കിലും മറ്റാരെയെങ്കിലും വിവാഹം ചെയ്ത് കഴിയുകയായിരിക്കുമെന്നാണ് കരുതിയതെന്നും ബാലുശ്ശേരി സ്വദേശി പ്രജുവിന്റെ ഭാര്യ. പ്രജു ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞാണ് കേട്ടതെന്നും സംഭവം വിശ്വസിക്കാനാവുന്നില്ലെന്നും യുവതി പറയുന്നു.

കുടുംബത്തിന് ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യത വരുത്തിവെച്ചാണ് പ്രജു എട്ടു വര്‍ഷം മുമ്പ് നാടുവിട്ടതെന്നും തങ്ങള്‍ ആത്മഹത്യയുടെ വക്കിലാണെന്നും യുവതി പറയുന്നു. മതം മാറിയ പ്രജു എന്ന മുഹമ്മദ് അമീനുമായി 2008ലാണ് യുവതിയുടെ വിവാഹം നടന്നത്. 2013 മുതല്‍ ഇയാളെ കാണാതായി.

മുജാഹിദ് ആശയത്തില്‍ വിശ്വസിച്ചിരുന്ന ഭര്‍ത്താവിന് പ്രഭാഷകനായ മുജാഹിദ് ബാലുശ്ശേരിയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് യുവതി പറയുന്നു. സലഫി മതപ്രചാരണ സംഘമായ തബ്ലീഗ് ജമാഅത്തിലേക്ക് വരാന്‍ തന്നെ ഭര്‍ത്താവ് ക്ഷണിച്ചിരുന്നുവെന്നും പക്ഷെ സുന്നി വിശ്വാസിയായതിനാല്‍ പറ്റില്ലെന്ന് അറിയിച്ചുവെന്നും യുവതി വ്യക്തമാക്കി.

യുവതിയുടെ വാക്കുകള്‍

‘വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ പ്രജു മതം മാറിയിരുന്നു. പക്ഷെ പ്രജുവിന്റെ വീട്ടുകാരുമായും നല്ല ബന്ധത്തിലായിരുന്നു. നല്ല മാന്യമയാണ് പെരുമാറിയിരുന്നത്. അതുകൊണ്ടാണ് വിവാഹം കഴിക്കാന് തയ്യാറായത്. മുജാഹിദ് വിഭാഗത്തിന്റെ ആശയവുമായി നല്ല ബന്ധമായിരുന്നു. മുജാഹിദ് ബാലുശ്ശേരയുടെ പ്രഭാഷണങ്ങളാണ് സ്ഥിരം കേട്ടിരുന്നത്. സുന്നി പണ്ഡിതന്മാരുമായുള്ള സംവാദങ്ങള്‍ സ്ഥിരമായി കേള്‍ക്കുമായിരുന്നു. ഇടക്ക് തബ്ലീഗ് ജമാഅത്തില്‍ ആകൃഷ്ടനായി.

തന്നോടും മകനോടും തബ്ലീഗില്‍ ചേരാന്‍ ആവശ്യപ്പെട്ടിരുന്നു. ഞങ്ങള്‍ സുന്നികളാണ്. അതുവിട്ട് ഒരിടത്തേക്കുമില്ലെന്ന് പറഞ്ഞു’- പ്രജുവിന്റെ ഭാര്യ പറയുന്നു. ഐ.എസ് ആശയങ്ങളൊന്നും വീട്ടില്‍ പറഞ്ഞിരുന്നതായി ഓര്‍ക്കുന്നില്ല. ഒരു കൊലപാതകക്കേസില്‍ പ്രതിയായിരുന്നുവെങ്കിലും കോടതി നിരപരാധിയാണെന്ന് കണ്ട് വിട്ടയച്ചതാണെന്നും യുവതി വ്യക്തമാക്കി.

കേസ് നടത്തിപ്പിനായി യുവതിയുടെ മാതാവിന്റെ പേരിലുണ്ടായിരുന്ന സ്ഥലം പണയപ്പെടുത്തുകയും സ്വര്‍ണ്ണം വില്‍ക്കുകയും ചെയ്തു. ഇയാള്‍ മറ്റ് പല വിവാഹങ്ങളും കഴിച്ചിരുന്നതായി പിന്നീട് മനസ്സിലായയതായും യുവതി വ്യക്തമാക്കി. പിതാവ് ഐ.എസിലാണെന്ന വാര്ത്ത വന്ന സാഹചര്യത്തില്‍ ഏക മകന്റെ ഭാവിയോര്‍ത്ത് ആശങ്കയിലാണെന്നും യുവതി പറയുന്നു.

2013ല്‍ തന്റെ ഇരുചക്രവാഹനവുമായി വീട്ടില്‍ നിന്നിറങ്ങിയതാണ് പ്രജു. പിന്നീട് വന്നിട്ടില്ല. ഇതോടെ തന്റെ വാഹനവും നഷ്ടപ്പെട്ടു. ഈ വാഹനത്തിന്റെ വായ്പയും തന്റെ ബാധ്യതയായി മാറി. ഭര്‍ത്താവ് വരുത്തിവെച്ച കടക്കെണിയില്‍ നിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും യുവതി പറഞ്ഞു.

എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസിന്റെ (25) ഹൃദയം വൈകുന്നേരം 7.15ന് കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലെത്തിച്ചു. ശസ്ത്രക്രിയ പുരോഗമിക്കുകയാണ്.എന്ത് കൊണ്ട് എയര്‍ ആംബുലന്‍സ് ഉപയോഗിച്ചില്ല എന്ന നിരവധി ചോദ്യമാണ് ഉയരുന്നത്. 4 മണിക്കൂര്‍ മുതല്‍ 6 മണിക്കൂറിനുള്ളില്‍ (Cold ischemia time) ഹൃദയം എത്തിച്ചാല്‍ മതിയാകും.

സാധാരണ 4 മണിക്കൂറില്‍ കൂടുതല്‍ യാത്ര ചെയ്യേണ്ട അവസരങ്ങളില്‍ മാത്രമേ എയര്‍ ആംബുലന്‍സ് ഉപയോഗിക്കാറുള്ളൂ. വിമാന മാര്‍ഗം പോകുകയാണെങ്കില്‍ എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്നും നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്കും തുടര്‍ന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്കും മാത്രമേ പോകാന്‍ കഴിയൂ. എയര്‍പോര്‍ട്ടുകളില്‍ കുറച്ച് സമയം പാഴാകാന്‍ സാധ്യതയുണ്ട്.

എറണാകുളത്ത് നിന്നും കോഴിക്കോടേക്ക് ആംബുലന്‍സ് മുഖേന 3 മണിക്കൂറോളം യാത്ര മതിയാകുമെന്ന് വിലയിരുത്തിയിരുന്നു. ഇത് സര്‍ക്കാരിനെ അറിയിച്ചതിനെ തുടര്‍ന്ന് അതിനനുസരിച്ചുള്ള ഗ്രീന്‍ ചാനല്‍ ക്രമീകരണം സര്‍ക്കാര്‍ ഒരുക്കിയിരുന്നു. അതനുസരിച്ച് ശസ്ത്രക്രിയയ്ക്കുള്ള ക്രമീകരണങ്ങള്‍ ആശുപത്രിയിലും നടത്തിയിരുന്നു.

4.10ന് എറണാകുളത്ത് നിന്നും പുറപ്പെട്ട ആംബുലന്‍സ് 7.15ന് കോഴിക്കോടെത്തി. 3 മണിക്കൂറും 5 മിനിറ്റുമാണ് എടുത്തത്. കൃത്യ സമയത്ത് ആംബുലന്‍സ് എത്താന്‍ സഹായിച്ച കേരള പോലീസ്, മറ്റ് ഉദ്യോഗസ്ഥര്‍, ആംബുലന്‍സ് ജീവനക്കാര്‍, മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ സുഹൃത്തുക്കള്‍ തുടങ്ങി എല്ലാ സുമനസുകളോടും ആരോഗ്യ വകുപ്പിന്റെ നന്ദി അറിയിക്കുന്നു.

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി. ബാറുകള്‍ക്കും ഇളവുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. നിയന്ത്രണങ്ങളില്‍ ഇളവ് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കും.

ഇന്നു ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് പുതിയ ഇളവുകളുടെ കാര്യത്തില്‍ തീരുമാനമായത്. വൈകീട്ട് ആറിന് വാര്‍ത്താസമ്മേളനത്തിലൂടെ മുഖ്യമന്ത്രി പുതിയ ഇളവുകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.

നിബന്ധനകളോടെയാകും ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാനുമുള്ള അനുമതി നല്‍കുക. പ്രവേശനം 50 ശതമാനം പേര്‍ക്ക് മാത്രമായിരിക്കും. രണ്ട് ഡോസ് വാക്‌സിനെടുക്കുകയും വേണം. എ.സി പ്രവര്‍ത്തിക്കാനും പാടില്ലെന്നും നിര്‍ദേശമുണ്ട്.

വിദ്യാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. അതേസമയം, തിയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കില്ലെന്നാണ് അറിയുന്നത്. കൂടുതല്‍ ഇളവുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവരും.

പതിമൂന്നു വയസ്സുകാരനെ കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വാഴവര പരപ്പനങ്ങാടി മടത്തുംമുറിയില്‍ ബിജു ഫിലിപ്പ്-സൗമ്യ ദമ്പതികളുടെ മകന്‍ ജെറോള്‍ഡാണ് മരിച്ചത്. ഏതെങ്കിലും മൊബൈല്‍ ഗെയിമിന്റെ ഭാഗമായുള്ള ടാസ്‌ക് ചെയ്യുന്നതിനിടെ ഉണ്ടായ അപകടമാണോയെന്ന് പൊലീസ് സംശയിക്കുന്നു.

ബന്ധുവീട്ടില്‍ താമസിക്കാനെത്തിയതായിരുന്നു ജെറോള്‍ഡ്. ഒരു മാസമായി ജെറോള്‍ഡ് ഇവിടെ താമസിച്ചുവരികയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക്‌ശേഷം 3.45 ഓടെ ടെറസില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ കഴുത്തില്‍ കയര്‍ മുറുകിയ നിലയിലായിരുന്നു.

കൂടാതെ ഇരുകാലുകളിലും കയര്‍ വരിഞ്ഞുമുറുക്കി കൂട്ടിക്കെട്ടിയിരുന്നു. കുട്ടിയെ ഉടന്‍ തന്നെ നെടുങ്കണ്ടത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസമയം മറ്റ് കുട്ടികള്‍ വീടിന്റെ താഴത്തെ നിലയില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുകയായിരുന്നു.

വീട്ടുകാരുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തി. കുട്ടിയെ രക്ഷിക്കുന്നതിനിടെയാണ് കാലുകള്‍ ബന്ധിച്ചതായി ശ്രദ്ധയില്‍പെട്ടത്. സമീപത്ത് കസേരയും ഉണ്ടായിരുന്നു. നെടുങ്കണ്ടം പൊലീസെത്തി പരിശോധന നടത്തി. കാല്‍ കെട്ടിയിരുന്ന കയര്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തി. വിശദമായ പരിശോധനയ്ക്കായി കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുക്കും.

ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ വിപുലമാക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബന്ധം ദൃഢപ്പെടുത്തുന്നതില്‍ ബൈഡന്റെ പങ്ക് നിര്‍ണായകമാണെന്നും മോഡി പറഞ്ഞു.

രാജ്യാന്തര തലത്തില്‍ പല വെല്ലുവിളികളും നേരിടാന്‍ ഇന്ത്യ-യുഎസ് സഹകരണത്തിന് കഴിയുമെന്ന് ജോ ബൈഡന്‍ വ്യക്തമാക്കി.”നാല് ദശലക്ഷത്തോളം വരുന്ന ഇന്ത്യന്‍-അമേരിക്കന്‍ ജനതയാണ് യുഎസിനെ ഓരോ ദിവസവും ശക്തിപ്പെടുത്തുന്നത്. അക്രമ രാഹിത്യം എന്ന ഗാന്ധിജിയുടെ സന്ദേശം ഇന്ന് എന്നത്തേക്കാളും പ്രസക്തമാണ്. ഞാന്‍ വൈസ് പ്രസിഡന്റായിരുന്ന 2006ല്‍ തന്നെ 2020ഓടെ ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളായി മാറുമെന്ന് പറഞ്ഞിരുന്നു.” ബൈഡന്‍ അറിയിച്ചു.

ഇന്‍ഡോ-പസഫിക് മേഖല സ്വതന്ത്രവും സുരക്ഷിതവുമാക്കുമെന്നും ബൈഡന്‍ അഭിപ്രായപ്പെട്ടു. ബൈഡന്‍ യുഎസ് പ്രസിഡന്റ് ആയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. കോവിഡ് പ്രതിരോധം, കാലാവസ്ഥാ വ്യതിയാനം, അഫ്ഗാനിലെ താലിബാന്‍ ഭരണം എന്നിവയായിരുന്നു ചര്‍ച്ചയിലെ പ്രധാന വിഷയങ്ങള്‍. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് മോഡി അമേരിക്കയിലെത്തിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കുറി വൈറ്റ് ഹൗസിലെത്തിയത് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഇന്ത്യന്‍ ബന്ധത്തിന്റെ ദുരൂഹത നീക്കുന്ന രേഖകളുമായി. ഗൗരവമേറിയ ചര്‍ച്ചയ്ക്കു വേണ്ടിയുള്ള കൂടിക്കാഴ്ചയിലാണ്, ഇന്ത്യയിൽ ബൈഡന്റെ പൂര്‍വികരെക്കുറിച്ചു ഇരുനേതാക്കളും തമ്മില്‍ രസകരമായ ആശയവിനിമയം നടന്നത്.

‘ഇന്ത്യയിലെ ബൈഡന്‍ നാമധാരികളായവരെക്കുറിച്ച് താങ്കള്‍ എന്നോടു പറഞ്ഞിരുന്നല്ലോ. അന്നു മുതല്‍ അതേക്കുറിച്ച് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ചില രേഖകള്‍ ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്. അത് ഉപകാരപ്പെടുമോ എന്നു നോക്കാം’ – ചിരിച്ചു കൊണ്ടു മോദി ഹിന്ദിയില്‍ പറഞ്ഞു. ഇത് ഇംഗ്ലിഷിലേക്കു തര്‍ജമ ചെയ്തതോടെ ബൈഡന്‍ പൊട്ടിച്ചിരിച്ചു.

ശരിക്കും രേഖകള്‍ കൊണ്ടുവന്നിട്ടുണ്ടോയെന്ന് ബൈഡന്‍ ആശ്ചര്യപ്പെട്ടതോടെ തലകുലുക്കി മോദി പുഞ്ചിരിച്ചു. ബൈഡന് ഇന്ത്യയില്‍ ബന്ധുക്കളുണ്ടെന്നു മോദി സ്ഥിരീകരിച്ചുവെന്നും റിപ്പോർട്ടുണ്ട്. 1972ല്‍ സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മുംബൈയില്‍നിന്ന് ഒരു ബൈഡന്‍ തനിക്ക് കത്തയച്ചിരുന്നുവെന്ന് ജോ ബൈഡന്‍ വെളിപ്പെടുത്തിയിരുന്നു.

തന്റെ അഞ്ചാം തലമുറ മുത്തച്ഛന്‍ ഈസ്റ്റ് ഇന്ത്യ കമ്പനി വഴി ഇന്ത്യയിലെത്തിയിട്ടുണ്ടാകാമെന്ന് ബൈഡന്‍ മുൻപു പറഞ്ഞിരുന്നു. നിലവില്‍ അഞ്ച് ബൈഡന്മാര്‍ ഇന്ത്യയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ആരാണ് ഇന്ത്യയിലെ ബൈഡന്മാര്‍?

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇയാന്‍ ബൈഡന്‍, സഹോദരി സോണിയ ഫ്രാന്‍സിസ് നീ ബൈഡന്‍, അമ്മ ആഞ്ജലീന ബൈഡന്‍, ഇയാന്റെ ഫസ്റ്റ് കസിന്‍ റൊവേന ബൈഡന്‍ എന്നിവരാണ് ഇപ്പോള്‍ ഇന്ത്യയിലുള്ളത്. 1972ല്‍ തനിക്ക് കത്തയച്ചുവെന്ന ബൈഡന്‍ പറഞ്ഞയാള്‍ ഇയാന്‍ ബൈഡന്റെ മുത്തച്ഛനായ ലെസ്‌ലി ബൈഡന്‍ ആണ്. ഇവര്‍ നാഗ്പുരിലാണു കഴിയുന്നത്. കത്തയച്ചത് മുംബൈയില്‍നിന്നായതിനാലാണ് ഇവര്‍ മുംബൈയിലാണെന്ന് ബൈഡന്‍ കരുതിയത്. മറുപടിക്കത്ത് ബൈഡന്‍ നാഗ്പുര്‍ വിലാസത്തിലാണ് അയച്ചത്.

മുംബൈയില്‍നിന്നുള്ള കത്ത്

1972ല്‍ യുഎസിലെ ഏറ്റവും പ്രായം കുറഞ്ഞ സെനറ്റര്‍മാരിലൊരാളായി ജോ ബൈഡന്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആദ്യം ലഭിച്ച കത്തുകളിലൊന്ന് മുംബൈയില്‍നിന്നാണ്. ആശംസ അറിയിച്ച് കത്തയച്ചയാളുടെ അവസാന പേരും ബൈഡന്‍ എന്നായിരുന്നു. അന്ന് 29കാരനായ ബൈഡന്‍ ഈ കത്തിന്റെ പിന്നാലെ പോകാന്‍ ആഗ്രഹിച്ചെങ്കിലും കുടുംബ, രാഷ്ട്രീയ ജീവിതത്തിലെ തിരക്കുകള്‍ മൂലം സാധിച്ചില്ല. പിന്നീട് ബൈഡന്‍ ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരെയും ഇന്ത്യന്‍ നേതാക്കളെയും കാണുമ്പോള്‍ ‘മുംബൈയില്‍നിന്നുള്ള ബൈഡന്‍’ വിഷയം സംസാരിക്കാറുണ്ടായിരുന്നു.

യുഎസ് വൈസ് പ്രസിഡന്റായിരിക്കെ ഇന്ത്യയിലെ പ്രഥമ സന്ദര്‍ശനത്തില്‍ 2013 ജൂലൈ 24ന് മുംബൈയില്‍ ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചിനെ അഭിസംബോധന ചെയ്യവെ, എഴുതിത്തയാറാക്കിയ പ്രസംഗത്തില്‍നിന്നു വ്യതിചലിച്ച് ‘മുംബൈയില്‍നിന്നുള്ള ബൈഡന്‍’ വിഷയം അദ്ദേഹം പ്രതിപാദിച്ചു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭാഗമായോ മറ്റോ ഇന്ത്യയിലെത്തി ജോലി ചെയ്തിരുന്ന പൂര്‍വികരുടെ പിന്‍ഗാമികളാകാം താനും മുംബൈയില്‍നിന്നുള്ള ബൈഡനുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം വാഷിങ്ടന്‍ ഡിസിയില്‍ നടത്തിയ പ്രസംഗത്തില്‍, ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന തങ്ങളുടെ പൂര്‍വികര്‍ ഒന്നാണെന്ന് ബൈഡന്‍ പറഞ്ഞു. 2015 സെപ്റ്റംബര്‍ 21ന് യുഎസ് – ഇന്ത്യ ബിസിനസ് കൗണ്‍സിലിനെ അഭിസംബോധന ചെയ്തുള്ള പ്രസംഗത്തില്‍ ‘പൂര്‍വ പിതാമഹന്‍ ഈസ്റ്റ് ഇന്ത്യ ടീ കമ്പനിയിലെ ബ്രിട്ടിഷ് ക്യാപ്റ്റനായിരുന്നു. ഇന്ത്യക്കാരിയെ വിവാഹം ചെയ്ത് ഇന്ത്യയില്‍ താമസിച്ചു’ എന്നും പറഞ്ഞിട്ടുണ്ട്. 5 ബൈഡന്‍മാര്‍ മുംബൈയിലുണ്ടെന്ന് തന്റെ മുംബൈയിലെ പ്രസംഗത്തിനുശേഷം ഒരു മാധ്യമ പ്രവര്‍ത്തകന്‍ അറിയിച്ചെന്ന കാര്യവും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ബന്ധം ഈസ്റ്റ് ഇന്ത്യ കമ്പനി വഴി

ഈസ്റ്റ് ഇന്ത്യ കമ്പനി ക്യാപ്റ്റനും 19 വര്‍ഷം മദ്രാസിന്റെ മാസ്റ്റര്‍ അറ്റന്‍ഡന്റുമായിരുന്ന ക്രിസ്റ്റഫര്‍ ബൈഡന്‍ ജോ ബൈഡന്റെ അഞ്ചാം തലമുറ മുത്തച്ഛനാണെന്നാണു ചരിത്രകാരന്‍മാര്‍ പറയുന്നത്. ചെന്നൈ തുറമുഖത്തെത്തുന്ന കപ്പലുകളുടെ മേല്‍നോട്ട ചുമതലയുണ്ടായിരുന്ന ക്രിസ്റ്റഫര്‍ ബൈഡന്‍ 68–ാം വയസ്സില്‍ 1858 ഫെബ്രുവരി 25ന് ചെന്നൈയിലാണു മരിച്ചത്.

അദ്ദേഹത്തെ അടക്കിയ സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ ആ പേരു കൊത്തിയ ശിലാഫലകം ഇന്നുമുണ്ട്. ഇംഗ്ലിഷ്, ഐറിഷ്, ഫ്രഞ്ച് വംശാവലിയാണു ബൈഡന്‍ കുടുംബചരിത്രത്തിലുള്ളത്.

 

RECENT POSTS
Copyright © . All rights reserved