പത്തനംതിട്ട മഴുവന്നൂർ തട്ടാംമുകളിൽ അമ്മ കുട്ടിയെ കെഎസ്ആർടിസി ബസിനിടയിലേയ്ക്ക് വലിച്ചെറിഞ്ഞു. ആറ് വയസുള്ള ആൺകുട്ടിയെയാണ് വലിച്ചെറിഞ്ഞത്. നാട്ടുകാരുടെ സമയോചിത ഇടപെടൽ മൂലം കുട്ടി രക്ഷപ്പെട്ടു. നാട്ടുകാർ ചേർന്ന് സ്ത്രീയെ തടഞ്ഞ് വെച്ച് പോലീസിന് കൈമാറി.
അതേസമയം, ഇവർക്ക് അഞ്ച് കുട്ടികളുണ്ടെന്നും ഇനി ഒരു കുട്ടിയെ വളർത്താൻ പറ്റില്ലെന്ന് പറഞ്ഞാണ് വലിച്ചെറിഞ്ഞതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇവർ പ്രദേശത്ത് വാടകവീട്ടിൽ താമസിക്കുന്ന കുടുംബമാണ് എന്നാണ് അറിയുന്നത്. രാവിലെ 11 മണിയ്ക്കാണ് സംഭവം.
കുന്നത്തുനാട് പോലീസ് സ്ഥലത്തെത്തി. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി യുവതിയെ കസ്റ്റഡിയിലെടുത്തു.
പ്രതി സെല്ലിനകത്തിരുന്ന മലമൂത്ര വിസര്‍ജ്ജനം നടത്തിയ ശേഷം പോലീസുകാര്‍ക്ക് നേരെ വാരിയെറിഞ്ഞു. നേമം പോലീസുകാര്‍ക്ക് നേരെയായിരുന്നു സ്വദേശി ഷാനവാസാണ് സ്റ്റേഷനുള്ളില്‍ പരാക്രമം നടത്തിയത്.
മാറനല്ലൂരിലെ ഒരു വീട്ടില്‍ കയറി അതിക്രമം കാട്ടിയതിനാണ് ഷാനവാസിനെ നേമം പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ സ്റ്റേഷനില്‍ വെച്ച് പോലീസുകാരെ അസഭ്യം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഷാനവാസിനെ സെല്ലില്‍ അടയ്ക്കുകയായിരുന്നു. തുടര്‍ന്ന് പ്രതി സെല്ലിനകത്ത് മലമൂത്രവിസര്‍ജ്ജനം നടത്തി അവ പോലീസുകാര്‍ക്ക് നേരെ വാരിയെറിയുകയായിരുന്നു.
ഇതിനു പിന്നാലെ, പ്രതി സെല്ലിനകത്തുള്ള ശുചിമുറി അടിച്ച് പൊട്ടിക്കുകയും തല സെല്ലിന്റ അഴികളില്‍ ഇടിച്ച് തകര്‍ക്കാനും ശ്രമം നടത്തി. ഗതികെട്ട പോലീസ് ഒടുവില്‍ പ്രതിയുടെ കൈയില്‍ വിലങ്ങണിയിക്കുകയും തലയില്‍ ഹെല്‍മെറ്റ് ധരിപ്പിക്കുകയും ചെയ്തതിനു ശേഷമാണ് പരാക്രമത്തിന് അവസാനമായത്.
നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണ് ഷാനവാസ്. അടുത്തിടെ ലോറി ഡ്രൈവറെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ച കേസിലും പ്രതിയാണ്. കഞ്ചാവ് മാഫിയാ സംഘത്തിലെ പ്രധാന ഇടപാടുകാരന് കൂടിയാണ് ഷാനവാസെന്ന് പോലീസ് അറിയിച്ചു.
130 കോടി വരുന്ന ജനങ്ങളുടെ കാത്തിരിപ്പ്, ആ സ്വപ്നം സഫലമായി നന്ദി ചോപ്ര നന്ദി ഹൃദയത്തിൽ തൊട്ടുള്ള നന്ദി. ഇന്ത്യയ്ക്ക് ഒളിമ്പിക്‌സില്‍ ഒരു അത്‌ലറ്റിക് സ്വര്‍ണം സമ്മാനിച്ച് ചരിത്രം കുറിച്ചതിന്. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ 87.58 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് ചോപ്ര എന്ന കരസേനയിലെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ സ്വര്‍ണമണിഞ്ഞത്.
ഒളിമ്പിക്‌സിന്റെ ചരിത്രത്തില്‍ ഒരു ഇന്ത്യക്കാരന്‍ നേടുന്ന ആദ്യ മെഡലാണിത്. അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം ഹരിയാണക്കാരനായ സുബേദാര്‍ നീരജ് ചോപ്ര. ബെയ്ജിങ്ങിനുശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുന്നത്.
ഫൈനലില്‍ തന്റെ രണ്ടാമത്തെ ശ്രമത്തിലാണ് നീരജ് സ്വര്‍ണദൂരം കണ്ടെത്തി. ആദ്യ ശ്രമത്തില്‍ 87.03 മീറ്ററും മൂന്നാം ശ്രമത്തില്‍ 76.79 മീറ്ററുമാണ് എറിഞ്ഞത്. നാലാമത്തെയും അഞ്ചാമത്തെയും ശ്രമങ്ങള്‍ ഫൗളായി. ചെക്ക് റിപ്പബ്ലിക്കിന്റെ ചെക്ക് താരങ്ങളായ യാക്കുബ് വാഡ്‌ലിച്ച് (86.67 മീറ്റര്‍) വെള്ളിയും വിറ്റെസ്‌ലാവ് വെസ്‌ലി (85.44 മീറ്റര്‍) വെങ്കലവും നേടി.
എന്നാല്‍, നീരജിന്റെ കരിയറിലെ ഏറ്റവും മികച്ച ദൂരം ദേശീയ റെക്കോഡായ 88.07 മീറ്ററാണ്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പട്യാലയില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍പ്രീയിലാണ് നീരജ് ഈ ദൂരം താണ്ടിയത്. ഇതിന് മുന്‍പ് ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും 88 മീറ്റര്‍ പിന്നിട്ടിരുന്നു. 88.06 മീറ്റര്‍ എറിഞ്ഞാണ് അന്ന് സ്വര്‍ണമണിഞ്ഞത്.
ഇന്ത്യയ്ക്കുവേണ്ടി മത്സരിച്ച ഇംഗ്ലീഷുകാരന്‍ നോര്‍മന്‍ പ്രിച്ചാര്‍ഡ് മാത്രമാണ് ഇതിന് മുന്‍പ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കുവേണ്ടി മെഡല്‍ നേടിയത്. 1900 പാരിസ് ഗെയിംസില്‍. അതിനുശേഷം മില്‍ഖാസിങ്ങിനും പി.ടി.ഉഷയ്ക്കും നാലാം സ്ഥാനം കൊണ്ടും അഞ്ജു ബോബി ജോര്‍ജ് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു.
ഒളിമ്പിക്‌സിന്റെ സുദീര്‍ഘമായ ചരിത്രത്തില്‍ ഇന്ത്യ സ്വന്തമാക്കുന്ന പതിനൊന്നാമത്തെ സ്വര്‍ണമാണിത്.
അമ്പലപ്പുഴ: നിറകണ്ണുകളോടും കൂപ്പുകൈകളോടും വിങ്ങിയ ഹൃദയത്തോടും ദൈവത്തിനും സുമനസ്സുകൾക്കും നന്ദി പറഞ്ഞ് ബാലകൃഷ്ണൻ ആശുപത്രി വിട്ടു. തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രി കിടക്കയിൽ നിന്നും ആരോഗ്യത്തോടെ പുന്നപ്രയിലെ വീട്ടിലേക്ക് മടങ്ങും വഴി സൗഹൃദ വേദി പ്രസിഡൻറ് ഡോ.ജോൺസൺ വി. ഇടിക്കുളയുടെ വസതിയിലെത്തി ചികിത്സക്ക് ആവശ്യമായ സഹായം ചെയ്തതിന് എല്ലാവർക്കും നന്ദി അറിയിച്ചത് ഹൃദയഭേദകമായി. 21 ദിവസത്തെ ആശുപത്രി ജീവിതത്തിന് ശേഷം ആഗസ്റ്റ് 6 രാത്രി 7 മണിയോട് കൂടിയാണ് പുന്നപ്ര തെക്ക് ‘ശ്രീചന്ദ്രിക’യിൽ ബാലകൃഷ്ണൻ ഡോ.ജോൺസൺ വി. ഇടിക്കുളയുടെ വസതിയിലെത്തിയത് .” വീട്ടിലേക്ക് പോകുന്നതിനിടയിൽ ഇവിടെയെത്തി നന്ദി പറയാൻ തീരുമാനിച്ചു. എൻ്റെ ജീവൻ മടക്കി തന്ന ദൈവത്തോടും എന്നെ സഹായിച്ചവരോടും എത്ര നന്ദി പറഞ്ഞാലും മതിയാകയില്ല. എനിക്ക് കാറിൽ നിന്നും ഇറങ്ങാൻ സാധിക്കില്ല. ഞാൻ സുഖം പ്രാപിച്ച് വരും സർ. അങ്ങയെ കാണാൻ….. ” ബാലകൃഷ്ണൻ്റെ വാക്കുകൾ കൊണ്ട് ഉരുണ്ടുകൂടിയ കണ്ണുനീർ തുള്ളികൾ കൊണ്ട് ഏവരുടെയും കാഴ്ച അല്പ സമയത്തേക്ക് മറച്ചു.
12 വയസ്സുള്ള ഒരു മകളും 11 വയസ്സുള്ള ഒരു മകനും ഭാര്യയുമടങ്ങിയ ബാലകൃഷ്ണൻ കുടുംബം പുലർത്തിയിരുന്നത് വണ്ടാനം മെഡിക്കൽ കോളജിന് സമീപം ഒരു സ്റ്റുഡിയോ നടത്തുന്നതിൽ നിന്നും ലഭിക്കുന്ന ഏക വരുമാനത്തിൽ നിന്നായിരുന്നു.ഒരു മാസം മുമ്പ് ബാലകൃഷ്ണൻ്റെ കാലിൽ ചെറിയ ഒരു മുറിവ് ഉണ്ടാകുകയും യഥാസമയം ഉചിതമായ ചികിത്സ നല്കുവാൻ സാധിച്ചില്ല. ഭാര്യപിതാവ് ആയ തലവടി പഞ്ചായത്ത് 4-ാം വാർഡിൽ അമ്പ്രയിൽ ലക്ഷംവീട് രാജപ്പൻ മരണമടഞ്ഞത് ജൂലൈ 1ന് ആണ്. ഭാര്യപിതാവിനോടൊപ്പം ഹോസ്പിറ്റലിലും തുടർന്ന് ഭാര്യപിതാവിൻ്റെ സംസ്ക്കാര ചടങ്ങുകൾ ഉൾപ്പെടെ എല്ലാം ഏറ്റെടുത്ത് ഉത്തരവാദിത്വത്തോടെ നടത്തിയത് ബാലകൃഷ്ണൻ ആണ്.
കാലിൽ ഉണ്ടായ ചെറിയ മുറിവ് വ്യണമാകുകയും പല ഹോസ്പിറ്റലിൽ ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല. ഗുരുതരനിലയിലായ ബാലകൃഷ്ണനെ ഒടുവിൽ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു.ശക്തമായ അണുബാധ മൂലം രണ്ട് ശസ്ത്രകിയകളിലൂടെ വലത് കാലിൻ്റെ മുട്ടിൻ്റ മുകളിൽ വെച്ച് മുറിച്ചുകളഞ്ഞ് ബാലകൃഷ്ണൻ്റെ ജീവൻ രക്ഷിക്കുകയായിരുന്നു. ചികിത്സ ചെലവുകൾക്ക് മാർഗ്ഗമില്ലാതിരുന്ന ഇവർ സൗഹൃദവേദി പ്രസിഡൻ്റ് ഡോ.ജോൺസൺ വി. ഇടിക്കുളയെ സമീപിക്കുകയായിരുന്നു.സുഹൃത്തുക്കളും സുമനസ്സുകളും ചേർന്ന് ചില സഹായങ്ങൾ ചെയ്തു.
ബാലകൃഷ്ണൻ്റെ അവസ്ഥ മനസ്സിലാക്കിയ തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ലഭിച്ച പരിചരണവും മാനേജ്മെൻ്റ് നല്കിയ കരുതലും ജീവിതത്തിൽ മറക്കാനാവില്ലെന്ന് ബാലകൃഷ്ണൻ്റെ ഭാര്യ സന്ധ്യ പറഞ്ഞു.ആശുപത്രി വാസം തീർന്ന് വീട്ടിലെത്തിയ ബാലകൃഷ്ണൻ വീട്ടുചെലവിനും തുടർ ചികിത്സക്കും മക്കളുടെ വിദ്യാഭ്യാസത്തിനും യാതൊരു നിർവാഹവും ഇല്ലാത്ത അവസ്ഥയിലാണ്.സുമനസ്സുകൾ കനിഞ്ഞാൽ ബാലകൃഷ്ണൻ്റെ ഇരുളടഞ്ഞ ജീവിതത്തിന് പ്രതീക്ഷ നല്കാൻ സാധിക്കും.നമ്മുടെ ചെറിയ സഹായം ഈ കുടുംബത്തിന് വലിയ ആശ്വാസമാണ്.
SANDYA RAJAN Account No. 196701000002521 IOBA0001967 9961666170. Google Pay
ന്യൂസ് ഡെസ്ക് മലയാളം യുകെ
കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച പ്രണയ പ്രതികാര കൊലപാതകം നടത്തി ആത്മഹത്യ ചെയ്ത രഖിലിന് തോക്ക് നൽകിയ സോനു കുമാർ മോദി ( 21 )യെ കേരള പോലീസ് സാഹസികമായി അറസ്റ്റ് ചെയ്തു. ഇയാളെ ബീഹാറിൽ നിന്നാണ് കോതമംഗലം എസ് ഐ മാഹിനിന്റെ നേതൃത്വത്തിൽ പിടികൂടിയത്. മൂന്നംഗ കേരള പോലീസിന് ബിഹാർ പോലീസിൻറെ സഹായം ലഭിച്ചിരുന്നു. സോനുവിൻറെ അറസ്റ്റ് തടയാൻ പ്രതിയുടെ സംഘം ശ്രമിച്ചെങ്കിലും പൊലീസ് വെടിയുതിർത്തതോടെ സംഘങ്ങൾ പിൻമാറുകയായിരുന്നു. കേസന്വേഷണത്തിൽ തോക്ക് നൽകിയ ആളെ കണ്ടെത്തിയത് നിർണ്ണായകമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഹൗസ് സർജൻസിക്ക് കോതമംഗലം ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസസിൽ പഠിക്കുകയായിരുന്ന കണ്ണൂർ നാരത്ത് രണ്ടാം മൈൽ സ്വദേശിനി ഡോക്ടർ പി.വി. മാനസ(24)യെ കണ്ണൂർ മേലൂർ പാലയാട് സ്വദേശിയായ രാഖിൽ രഘൂത്തമൻ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഇയാളും സ്വയം വെടിവച്ച് മരിച്ചു. മാനസി ഏതാനും സഹപാഠികൾക്കൊപ്പം വാടകയ്ക്കു താമസിച്ച വീട്ടിൽ രാഖിൽ അതിക്രമിച്ചു കയറി വെടിവയ്ക്കുകയായിരുന്നു. തോക്ക് ഇടപാടിൽ രഖിലിനും സോനു കുമാറിനും ഇടയിൽ കണ്ണിയായി പ്രവർത്തിച്ചതായി കരുതുന്ന ഊബർ ടാക്സി ഡ്രൈവറെ പോലീസ് തിരയുന്നുണ്ട്. ഇയാൾ ഒളിവിലാണ്.
കൊച്ചി : വിശാല കൊച്ചി വികസന അഥോറിറ്റി (ജിസിഡിഎ) ചെയര്മാന് സ്ഥാനത്തേയ്ക്ക് എം. സ്വരാജിന്റെ പേര് സജീവ പരിഗണനയില്‍. ചെല്ലാനം മുതല്‍ കറുകുറ്റി വരെ നീളുന്ന ഒട്ടേറെ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന ജിസിഡിഎ അധ്യക്ഷ സ്ഥാനത്തേയ്ക്ക് സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും മുന്‍ എംഎല്‍എയുമായ സ്വരാജിന് തിളങ്ങാനാവുമെന്നാണ് പാര്‍ട്ടി കണക്ക് കൂട്ടുന്നത്.
തൃപ്പൂണിത്തുറ എംഎല്‍എയായിരുന്നപ്പോള്‍ വികസന കാര്യങ്ങളില്‍ നടത്തിയ ദീര്‍ഘവീക്ഷണവും മുന്നേറ്റവും ജിസിഡിഎയ്ക്ക് മുതല്‍ക്കൂട്ടാവുമെന്നും കരുതപ്പെടുന്നു. നിലവിലെ അധ്യക്ഷനായിരുന്ന വി.സലിം സിപിഎം ആലുവ ഏരിയാ സെക്രട്ടറിയായിരുന്നപ്പോഴാണ് പദവിയിലേയ്ക്കെത്തിയത്.
രണ്ടാം പിണറായി സര്‍ക്കാര്‍ വന്നപ്പോള്‍ വിവിധ ബോര്‍ഡുകളിലെയും മറ്റും നിലവിലെ അധ്യക്ഷന്മാരൊഴിയണമെന്ന പാര്‍ട്ടി തീരുമാനത്തെ തുടര്‍ന്നാണ് സലിം ജിസിഡിഎ ചെയര്മാന് പദവിയില്‍ നിന്ന് രാജിവച്ചത്. അതിനു മുന്‍പ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം എം.സി. ജോസഫൈനും ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി സി.എന്‍.മോഹനനും ചെയര്മാന് പദവി അലങ്കരിച്ചിട്ടുണ്ട്.
അതേസമയം ജിസിഡിഎ അധ്യക്ഷ സ്ഥാനത്തേയ്ക്ക് മുന്‍ മേയര്‍ സി.എം. ദിനേശ് മണിയുടെയും അടുത്ത ദിവസങ്ങളില്‍ സിപിഎമ്മിലേയ്ക്ക് വന്ന എ.ബി. സാബുവിന്റെയും പേരുകള്‍ പറയപ്പെടുന്നുണ്ട്. ഇതില്‍ത്തന്നെ ദിനേശ് മണി ഔദ്യോഗിക പക്ഷത്തല്ലാത്തതിനാല്‍ സാധ്യത കുറവാണ് കല്പിക്കപ്പെടുന്നത്.
അധ്യക്ഷ സ്ഥാനത്തേയ്ക്ക് ജില്ലാ കമ്മിറ്റി നല്കുന്ന ശിപാര്‍ശകളില്‍ സംസ്ഥാന സെക്രട്ടേറിയറ്റാണ് തീരുമാനമെടുക്കുന്നത്. എന്തായാലും ഓണത്തിന് മുമ്പ് പുതിയ നിയമനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം: കടയിൽ പോകാൻ വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി സംസ്ഥാന സർക്കാർ. രണ്ടാം തരംഗത്തിൽ വകഭേദം വന്ന ഡെൽറ്റ വൈറസാണ് പടരുന്നതെന്നും ജനങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുള്ളതുകൊണ്ടാണ് നിബന്ധന കർശനമാക്കിയതെന്നും ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയിൽ വ്യക്തമാക്കി. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ജനങ്ങളുടെ രക്ഷയ്ക്കാണ്. നിയന്ത്രണം മറികടക്കുമ്പോൾ തടയാനുള്ള ബാധ്യത പൊലീസിന് ഉണ്ടെന്നും മന്ത്രി പറഞ്ഞു.
എന്നാൽ, വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടിയെ പ്രതിപക്ഷം രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. സർക്കാർ ജനങ്ങളെ കളിയാക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്.
കേരള സർക്കാർ പെറ്റി സർക്കാർ ആണ്. സംസ്ഥാനത്ത് ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവർ അമ്പത് ശതമാനത്തിലും താഴെയാണ്. ബാക്കിയുള്ള 57.86ശതമാനം പേർക്കും കടയിൽ പോകണമെങ്കിൽ അഞ്ഞൂറ് രൂപ കൊടുത്ത് ആർ ടി പി സി ആർ പരിശോധന സർട്ടിഫിക്കറ്റ് എടുക്കണം. ഇതെന്തുതരം നിയന്ത്രണമാണെന്നും വി ഡി സതീശൻ ചോദിച്ചു. പ്രമുഖ വ്യക്തികൾ വരെ നിയന്ത്രണത്തെ വിമർശിക്കുന്നത് കാണാതെ പോകരുതെന്നും വി ഡി സതീശൻ സഭയിൽ പറഞ്ഞു.
പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി.സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ നിബന്ധനകൾക്കെതിരെ വ്യാപാരികൾ ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.
ഇന്ത്യയുടെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റുന്നു. ഇനി മുതൽ പുരസ്‌കാരം മേജർ ധ്യാൻ ചന്ദ് ഖേൽരത്‌ന പുരസ്‌കാരം എന്ന പേരിൽ അറിയപ്പെടും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്.
41 വർഷത്തിന് ശേഷം ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യ മെഡൽ നേടിയതിന് പിന്നാലെയാണ് ഹോക്കി ഇതിഹാസമായ ധ്യാൻ ചന്ദിന്റെ പേര് പരമോന്നത കായിക പുരസ്‌കാരത്തിന് നൽകുന്നത്. 25 ലക്ഷം രൂപയാണ് സമ്മാനത്തുക.
അതേസമയം തീരുമാനം രാഷ്ട്രീയ പോരിനും വഴിവെച്ചിട്ടുണ്ട്. രാജീവ് ഗാന്ധിയുടെ പേര് വെട്ടിയതിനെ ചോദ്യം ചെയ്ത് നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്.
കരിപ്പൂര്‍ വിമാനാപകടത്തിന് ഒരാണ്ട്. രാതി 7.41 നാണ് രാജ്യത്തെ നടുക്കിയ ദുരന്തം. ദുബായില്‍ നിന്ന് കരിപ്പൂരില്‍ പറന്നിറങ്ങിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്.അഞ്ചു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാവശ്യപ്പെട്ട് രൂപവത്കരിച്ച അന്വേഷണ കമ്മിഷൻ ഒരുവർഷമായിട്ടും റിപ്പോർട്ട് പുറത്തുവിട്ടില്ല. നീട്ടി നൽകിയ സമയപരിധിയിലും കമ്മിഷന് പ്രാഥമിക റിപ്പോർട്ടുപോലും സമർപ്പിക്കാൻ കഴിയുന്നില്ല.
2020 ഓഗസ്റ്റ് ഏഴിന് വൈകീട്ട് 7.20-നാണ് ദുബായിൽനിന്ന് കരിപ്പൂരെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽപ്പെട്ടത്. അപകടത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ 2020 ഡിസംബർ 15 വരെയാണ് സമയമനുവദിച്ചിരുന്നത്. എന്നാൽ സമയപരിധിക്കകത്ത് റിപ്പോർട്ട് നൽകാൻ കമ്മിഷനായില്ല. തുടർന്ന് കാലാവധി രണ്ടുമാസം കൂടി നീട്ടിനൽകി.
അപകടംനടന്ന് അഞ്ചുമാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് ഡി.ജി.സി.എ. (ഡയറക്ടർ ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ) ആക്‌സിഡൻറ്് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയോട് ആവശ്യപ്പെട്ടിരുന്നത്.
അപകടം കഴിഞ്ഞ് ആറാംദിവസമാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം അന്വേഷണ കമ്മിഷനെ പ്രഖ്യാപിച്ചത്. ജെറ്റ് എയർവെയ്സിന്റെ ബോയിങ് പൈലറ്റുമാരുടെ എക്സാമിനർ ആയിരുന്ന ക്യാപ്റ്റൻ എസ്.എസ്. ചഹാറിന്റെ നേതൃത്വത്തിൽ അഞ്ചംഗസംഘമാണ് അന്വേഷണ കമ്മിഷൻ.
വിമാനാപകടമുണ്ടായാൽ മൂന്നോ നാലോ ആഴ്ചയ്ക്കുള്ളിൽ ഇടക്കാല അന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിക്കുക എന്ന പതിവും കരിപ്പൂർ അപകടത്തിൽ തെറ്റിച്ചിരിക്കുകയാണ്.
കോക് പിറ്റ് വോയ്സ് റിക്കോർഡറിലുള്ള, പൈലറ്റുമാരുടെ അവസാന മിനിറ്റുകളിലെ സംസാരത്തിന്റെ ട്രാൻസ്‌ക്രിപ്റ്റ്, അത് കേട്ടു കഴിഞ്ഞാലുടൻ പ്രസിദ്ധീകരണത്തിനു നൽകുക എന്ന കീഴ്‌വഴക്കവും അന്വേഷണസംഘം പാലിച്ചിരുന്നില്ല.
അപകടമുണ്ടായതിൽ എയർലൈനിന് ഉത്തരവാദിത്വമുണ്ടോ ഇല്ലയോ എന്ന കാര്യം മോൺട്രിയാൾ കൺവെൻഷൻ അനുസരിച്ചുനൽകേണ്ട നഷ്ടപരിഹാരത്തുകയെ ബാധിക്കുന്ന കാര്യമാണ്. അതിനാൽതന്നെ അപകടറിപ്പോർട്ട് എത്രയുംവേഗം പ്രസിദ്ധീകരിക്കേണ്ടത് അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കളുടെ അടിയന്തരാവശ്യമാണ്.
അതേസമയം കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാലാണ് റിപ്പോട്ട് വൈകുന്നതെന്നാണ് വ്യോമയാന മന്ത്രാലയം കഴിഞ്ഞദിവസം കേരളത്തിൽനിന്നള്ള എം.പി.മാരെ അറിയിച്ചിരിക്കുന്നത്.
വിമാനം മുന്നോട്ടു നീങ്ങി 40 അടി താഴ്ചയുളള ഗര്‍ത്തത്തിലേക്ക് പതിക്കുകയായിരുന്നു. നാട്ടുകാരുടെ അവസരോചിതമായ ഇടപെടലാണ് അപകടത്തിന്റെ ആഘാതം കുറച്ചത്. ഒരു നിമിഷം പോലും കളയാതെ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ 21 പേരെ മാത്രം മരണത്തിനു വിട്ടുകൊടുത്ത് 169 പേരേയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വന്നു.
വിമാന അപകടത്തിന്റെ കാരണം കണ്ടെത്താന്‍ ചുമതലപ്പെടുത്തിയ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും സമര്‍പ്പിക്കാത്തത് വലിയ വിമാനങ്ങളുടെ വരവു മുതല്‍ അപകടത്തില്‍പ്പെട്ടവരുടെ നഷ്ടപരിഹാരത്തെ വരെ ബാധിച്ചിരിക്കുകയാണ്. അപകടത്തിനു ശേഷം വലിയ വിമാനങ്ങളുടെ വരവു കുറഞ്ഞത് കരിപ്പൂരിനെ ക്ഷീണിപ്പിച്ചതിനൊപ്പം കാര്‍ഗോ കയറ്റുമതിയേയും ദോഷകരമായി ബാധിച്ചു.
ആ മാസ്‌ക് ഒന്നു മാറ്റൂ, ഈ മുഖം കാണാന്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്നുവെന്ന യുവതിയുടെ അപേക്ഷയില്‍ ചെറുപുഞ്ചിരിയോടെ മാസ്‌ക് മാറ്റി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.
അകമ്പടി വാഹനങ്ങളോടെ എത്തിയ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഇരുവശത്തും കൂടി നിന്ന ജനങ്ങളെ വാഹനത്തിനുള്ളില്‍ ഇരുന്ന് കൈവീശി കാണിച്ച് കടന്നു പോവുകയായിരുന്നു. ഇതിനിടെയിലാണ് വേറിട്ട ഒരു അഭ്യര്‍ഥനയുമായി യുവതി എത്തിയത്. കൃഷ്ണഗിരിയില്‍ നിന്നും ചെന്നൈയ്ക്ക് പോകും വഴിയാണ് മുഖ്യമന്ത്രിയെ യുവതി തടഞ്ഞുനിര്‍ത്തിയത്.
‘സാര്‍ മാസ്‌ക് മാറ്റൂ, ഒന്ന് കണ്ടോട്ടെ..’ ഈ വാക്ക് കേട്ടതോടെ സ്റ്റാലിന്‍ കാര്‍ നിര്‍ത്തി. അപ്പോഴും മാസ്‌ക് മാറ്റാന്‍ അദ്ദേഹം തയാറായില്ല. ‘സര്‍, ഒരു സെക്കന്‍ഡ് എങ്കിലും മാസ്‌ക് മാറ്റൂ സര്‍, എത്ര വര്‍ഷങ്ങളായി ഈ മുഖം നേരില്‍ കാണാന്‍ കാത്തിരിക്കുന്നു..’ സ്‌നേഹത്തോടെയുള്ള അപേക്ഷ കേട്ടതോടെ മാസ്‌ക് മാറ്റി ചിരിക്കുകയായിരുന്നു സ്റ്റാലിന്‍.