കണ്ണൂർ: സ്പൈനൽ മസ്കുലാർ അട്രോഫിയെന്ന ജനിതക വൈകല്യത്തിന് മരുന്ന് വാങ്ങാൻ വേണ്ടി സഹായം തേടിയ കണ്ണൂർ പഴയങ്ങാടിയിലെ ഒന്നര വയസുകാരൻ മുഹമ്മദിനായി കൈകോർത്ത് കേരളം. ചികിത്സയ്ക്കാവശ്യമായ 18 കോടി രൂപ ലഭിച്ചുവെന്ന് മുഹമ്മദിന്റെ കുടുംബം അറിയിച്ചു. ഇനി ആരും പണം അയക്കേണ്ടതില്ലെന്നാണ് കുടുംബം അറിയിച്ചത്.
പതിനായിരത്തിലൊരാൾക്ക് മാത്രം വരുന്ന അപൂർവ രോഗമാണ് സ്പൈനൽ മസ്കുലാർ അട്രോഫി. രോഗം ബാധിച്ച് നടക്കാനാവാത്ത സ്ഥിതിയിലാണ് കുഞ്ഞ്. മുഹമ്മദിന്റെ സഹോദരി 15 വയസ്സുകാരി അഫ്രക്ക് നേരത്തെ ഈ അസുഖം സ്ഥിരീകരിച്ചിരുന്നു. അതിനു പിന്നാലെ കുഞ്ഞനുജൻ മുഹമ്മദിനും രോഗം സ്ഥിരീകരിച്ചതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു കുടുംബം. അപൂർവ രോഗം ബാധിച്ച കുഞ്ഞിനെ ചികിത്സിക്കാൻ സോൾജെൻസ്മ എന്ന മരുന്നാണ് വേണ്ടത്. ഈ മരുന്ന് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യാൻ 18 കോടി രൂപ ചെലവ് വരും.
എന്നാൽ ഈ തുക സമാഹരിക്കാനാവാതെ ദുരിതത്തിലായിരുന്നു കുടുംബം. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച വാർത്തയോട് കേരളം ഒറ്റക്കെട്ടായി പ്രതികരിച്ചു. പ്രമുഖരെല്ലാം മുഹമ്മദിന്റെ വാർത്ത സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. ഫെയ്സ് ബുക്കിലൂടേയും വാട്സാപ്പിലൂടേയും കുഞ്ഞു മുഹമ്മദിന്റെ ജീവൻ നിലനിർത്താൻ കേരളത്തിന്റെ സഹായം വേണമെന്ന വാർത്ത പ്രചരിച്ചതോടെ രണ്ട് ദിവസങ്ങൾക്കുള്ളിലാണ് 18 കോടി രൂപ ഒഴുകിയെത്തിയത്.
ഷെറിൻ പി യോഹന്നാൻ
പ്രസവിക്കാൻ തീരെ താല്പര്യം ഇല്ലാത്ത ആളാണ് സാറാ. സിനിമയിൽ അസോസിയേറ്റ് ഡയറക്ടറായി വർക്ക് ചെയ്തതിനു ശേഷം സ്വന്തമായി തിരക്കഥയെഴുതി സിനിമ സംവിധാനം ചെയ്യാൻ സാറാ ഒരുങ്ങുകയാണ്. അതാണ് അവളുടെ ലക്ഷ്യം. എന്നാൽ അതിന് മുമ്പ് തന്നെ അവളുടെ വിവാഹം നടക്കുന്നു. വിവാഹശേഷം നമ്മുടെ നാട്ടിൽ ഉയരുന്ന സ്ഥിരം ചോദ്യം സാറായുടെ ജീവിതത്തിലും ഉയരുന്നു. “വിശേഷം ഒന്നും ആയില്ലേ മോളെ?”
ജൂഡ് ആന്തണിയുടെ മറ്റു രണ്ട് ചിത്രങ്ങളിളെയും (ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗദ) പോലെ തന്നെ സ്ത്രീപക്ഷത്തുനിന്നുള്ള കഥപറച്ചിലാണ് ‘സാറാ’യും നടത്തുന്നത്. സമൂഹം ഇന്ന് ചർച്ച ചെയ്യുന്ന വിഷയത്തെ രസകരമായി, എന്നാൽ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. “ഒരു ചെറു ചിത്രം പ്രതീക്ഷിച്ചു പ്ലേ ബട്ടൺ ഞെക്കുക” എന്ന സംവിധായകന്റെ വാക്ക് പരിഗണനയിലെടുത്ത് പ്രതീക്ഷയുടെ അമിതഭാരം ഒഴിവാക്കി സമീപിച്ചാൽ ‘സാറാസ്’ തൃപ്തികരമായ ചലച്ചിത്രാനുഭവം ആയി മാറും.
അന്ന ബെന്നിന്റെ മികച്ച പ്രകടനമാണ് സിനിമയുടെ ജീവൻ. ജീവിതത്തിൽ ലക്ഷ്യങ്ങളുള്ള, പ്രതിസന്ധികളിൽ അടിപതറാത്ത സാറായെ മികച്ചതായിട്ടുണ്ട് അന്ന. ആധുനിക കാലത്തെ ഒരു ശരാശരി മലയാളി പുരുഷന്റെ പ്രതീകമാണ് സാറായുടെ ഭർത്താവ് ജീവൻ. പുരോഗമനപരമായി നീങ്ങുമ്പോഴും ചുറ്റുമുള്ള സമൂഹത്തിന്റെ സ്വാധീനത്തിൽ അയാൾ പെട്ടുപോകുന്നുണ്ട്. ആന്റണിയിൽ നിന്നും ജീവനിലേക്ക് എത്തുമ്പോൾ സണ്ണി വെയ്ൻ മെച്ചപ്പെട്ടിട്ടുണ്ടെന്നതു തന്നെ ആശ്വാസം. മല്ലിക സുകുമാരൻ, ധന്യ വർമ തുടങ്ങിയവരുടെ പ്രകടനങ്ങളും നന്നായിരുന്നു.

മാതൃത്വം, പേരന്റിങ്ങ് എന്നിവയെക്കുറിച്ച് ഗൗരവമായി സംസാരിക്കുമ്പോഴും കഥയുടെ രസച്ചരട് മുറിഞ്ഞുപോകാതിരിക്കാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്. മികച്ച പ്രമേയവും പ്രകടനങ്ങളും മോശമല്ലാത്ത മേക്കിങ്ങും ചിത്രത്തിന്റെ നല്ല വശങ്ങളിൽ പെടുന്നു. രണ്ടാം പകുതിയിലെ ചില രംഗങ്ങളും ഗാനങ്ങളും അനാവശ്യമാണെന്ന് തോന്നിയാലും പൂർണമായ കാഴ്ചയിൽ ആ കുറവ് മറന്നുകളയാവുന്നതേ ഉള്ളൂ. സിദ്ധിഖ് കഥാപാത്രത്തിന്റെ ക്ലൈമാക്സ് സന്ദേശം നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതിനാൽ അതൊരു കല്ലുകടിയായി തോന്നിയതുമില്ല.
സ്വഭാവികമായി, പതിഞ്ഞ താളത്തിൽ പുരോഗമിക്കുന്ന ചിത്രമാണ് ‘സാറാസ്’. ഒട്ടേറെ ജീവിതങ്ങളെ സ്വാധീനിക്കാനും അവരുമായി കണക്ട് ആവാനും ശക്തിയുള്ള ചിത്രം. കുറവുകൾ നിലനിൽക്കുമ്പോഴും പ്രമേയ സ്വീകരണത്തിലും വിഷയാവതരണത്തിലും കൈവന്ന ക്വാളിറ്റി ചിത്രത്തെ മനോഹരമാക്കുന്നു, പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്നു.
ആറുവയസ്സുകാരിയുടെ മരണം കൊലപാതകം എന്ന് കണ്ടെത്തി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തപ്പോൾ നാട് നടുങ്ങി. കേട്ടാൽ ആരുടെയും കണ്ണ് നനയിക്കുന്ന ക്രൂര പീഡനമാണ് 3 വയസ്സുമുതൽ ചുരക്കുളം എസ്റ്റേറ്റിലെ കുട്ടി നേരിടേണ്ടിവന്നത്. ഒടുവിൽ കഴുത്തിൽ കയറുമുറുക്കി ആ കുഞ്ഞുമോളെ കൊന്നുകളഞ്ഞ ശേഷം പ്രതി അർജുൻ (22) എസ്റ്റേറ്റിലെ ലയത്തിൽ സമാധാനത്തോടെ താമസിച്ചു.
കൊല്ലപ്പെട്ട പെൺകുട്ടിയെ മൂന്നു വർഷത്തോളം പ്രതി അർജുൻ പീഡിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു. മിക്ക ദിവസങ്ങളിലും ഇയാൾ കുട്ടിക്ക് മിഠായി വാങ്ങി നൽകിയിരുന്നു. അശ്ലീല വിഡിയോകൾ പതിവായി കാണുന്ന അർജുൻ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നതായി പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി.
വീട്ടിൽനിന്നു കണ്ടെടുത്ത യുവാവിന്റെ മൊബൈൽ ഫോണിലെ അശ്ലീല വീഡിയോകളുടെ വൻ ശേഖരം ഇതിനു തെളിവാണെന്ന് പൊലീസ് പറഞ്ഞു. 30ന് പകൽ പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കി അർജുൻ സുഹൃത്തുക്കളുടെ കണ്ണുവെട്ടിച്ചു ലയത്തിലെ മുറിയിൽ കയറി. ഈ സമയം കുട്ടിയുടെ സഹോദരൻ ഉൾപ്പെടെ ഇയാളുടെ സുഹൃത്തുക്കൾ സമീപത്ത് മുടി വെട്ടിക്കുകയായിരുന്നു.
ക്രൂരമായ പീഡത്തിനിടെ പെൺകുട്ടി ബോധരഹിതയായി വീണു. എന്നാൽ കുട്ടി മരിച്ചു എന്നു കരുതിയ അർജുൻ മുറിയിൽ കെട്ടിയിട്ടിരുന്ന കയറിൽ കെട്ടിത്തൂക്കി. ഇതിനിടെ പെൺകുട്ടി കണ്ണ് തുറന്നിരുന്നു എന്ന് ചോദ്യം ചെയ്യലിനിടെ അർജുൻ പൊലീസിനോടു വെളിപ്പെടുത്തി.
മരണം ഉറപ്പു വരുത്തിയശേഷം മുൻവശത്തെ കതക് അടച്ചിട്ടു. തുടർന്ന് ജനാല വഴി ചാടി രക്ഷപ്പെടുകയായിരുന്നു. മൂന്നു മണിയോടെ കുട്ടിയുടെ സഹോദരൻ വീട്ടിൽ എത്തിയപ്പോൾ ആണ് സംഭവം കണ്ടത്. വീട്ടിൽനിന്നു നിലവിളി ഉയർന്നതിനു പിന്നാലെ ഇവിടേക്ക് ഓടി എത്തിയവരുടെ കൂട്ടത്തിൽ അർജുനും ഉണ്ടായിരുന്നു.
മരണ വീട്ടിൽ പന്തൽ കെട്ടുന്നതിനു പടുത വാങ്ങി കൊണ്ടു വന്ന അർജുൻ സംസ്കാര ചടങ്ങുകൾക്ക് ഇടയിലും ശേഷവും കുട്ടിയുടെ വേർപാടിൽ മനംനൊന്ത് വിലപിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി കുട്ടി മരിച്ചതെന്ന പ്രചാരണം ശക്തമായി. ഇതു തനിക്ക് തുണയാകുമെന്ന് അർജുൻ കരുതിയിരുന്നതായി പൊലീസ് പറഞ്ഞു.
മനസ്സിൽ മുഴുവൻ കൊടും ക്രൂരത ഒളിപ്പിച്ചു വച്ച ശേഷം നാട്ടിൽ ജനകീയ പരിവേഷത്തിൽ ആണ് അർജുൻ വിലസിയിരുന്നത്. സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ തമിഴ്നാട്ടിൽനിന്നു എത്തിയ ബന്ധുക്കൾക്ക് ഭക്ഷണം തയാറാക്കുന്നതിനു വെള്ളം എത്തിച്ചതും ഇവിടെ ഭക്ഷണം വിളമ്പുന്നതിനും അർജുൻ നേതൃത്വം നൽകി. സംസ്കാര ചടങ്ങിനിടെ പെൺകുട്ടിയുടെ വേർപാടിന്റെ ദുഃഖം വിളിച്ചുപറഞ്ഞു പലതവണ അലമുറയിട്ടു കരഞ്ഞു.
കുട്ടിയുടെ മരണാനന്തര ചടങ്ങുകളിലും സജീവമായി പങ്കെടുത്ത ഇയാളെ ഇതിനു പിന്നാലെ ആണ് പൊലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തത്. ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് ആയിരുന്ന അർജുൻ ചുരക്കുളം എസ്റ്റേറ്റിലും പരിസരങ്ങളിലും അറിയപ്പെടുന്ന പൊതു പ്രവർത്തകനാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
അടുത്തിടെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച റീ സൈക്കിൾ ശേഖരണ പരിപാടിയുടെ പ്രവർത്തനങ്ങളിൽ മുൻനിരക്കാരൻ ആയി വീടുകളിൽ എത്തി സാധനങ്ങൾ സംഘടിപ്പിച്ചതു ഇയാളെന്ന് നാട്ടുകാർ ഓർത്തെടുക്കുന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളാണ് ഇയാൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പാർട്ടി ജാഥകളിലും പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തിരുന്ന ഇയാൾ ഇത്തരം ചിത്രങ്ങളും പതിവായി പങ്കുവച്ചിട്ടുണ്ട്. വണ്ടിപ്പെരിയാറിലെ കുറിയർ കമ്പനിയിലെ ജീവനക്കാരനായും ജോലി ചെയ്തിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സ്ത്രീധന പീഡനത്തെ തുടർന്ന് മെഡിക്കൽ വിദ്യാർത്ഥിനിയായ വിസ്മയയുടെ മരണം ലോകമെങ്ങുമുള്ള മലയാളി പൊതു സമൂഹത്തിൽ സ്ത്രീധനത്തിനെതിരെ വൻ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇതിനിടെ ഇന്ത്യയിലെ സ്ത്രീധന സമ്പ്രദായത്തെ കുറിച്ച് ലോകബാങ്ക് നടത്തിയ പഠനത്തെ വാർത്ത ആക്കിയിരിക്കുകയാണ് ബിബിസി. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇന്ത്യയിൽ സ്ത്രീധനസമ്പ്രദായം എല്ലാ സ്ഥലങ്ങളിലും സമുദായങ്ങളിലും നിലനിൽക്കുന്ന ഏർപ്പാട് ആണെന്നാണ് ലോക ബാങ്കിൻറെ പ്രധാന കണ്ടെത്തൽ. 1960 നും 2008 നും ഇടയിൽ ഇന്ത്യയിൽ നടന്ന 40000 ത്തോളം വിവാഹങ്ങൾ പരിശോധിച്ചാണ് ഗവേഷകർ പഠന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 1961 മുതൽ സ്ത്രീധനം ഇന്ത്യയിൽ നിയമ വിരുദ്ധമാണ്. എന്നാലും 90% വിവാഹങ്ങളിലും സ്ത്രീധനം നൽകിയതായാണ് കണ്ടെത്തൽ.

സാമൂഹിക തിന്മ എന്ന് വിശേഷിപ്പിക്കുമ്പോഴും സ്ത്രീധന സമ്പ്രദായം കൂടുതൽ ശക്തി പ്രാപിക്കുകയാണ് . വിവാഹശേഷം ഗാർഹിക പീഡനത്തിനും മരണത്തിനും വരെ ഇടയാക്കുന്നതിൻെറ മുഖ്യകാരണം സ്ത്രീധനമാണെന്നാണ് ഗവേഷണം ചൂണ്ടി കാണിക്കുന്നത് . ഇന്ത്യയിൽ സ്ത്രീധനം നൽകുന്നതും സ്വീകരിക്കുന്നതും നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യമാണ് . ഇന്ത്യയിലെ ജനസംഖ്യയുടെ 96 ശതമാനം വരുന്ന 17 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീധന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം. സാമ്പത്തിക വിദഗ്ധരായ എസ് അനുക്രിതി, നിഷിത് പ്രകാശ്, സുൻഹോ ക്വോൺ എന്നിവരാണ് പഠനത്തിന് നേതൃത്വം നൽകിയത് . ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങളിലും സ്ത്രീധനം വ്യാപകമാണെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. എന്നിരുന്നാലും ക്രിസ്ത്യാനികളിലും സിക്കുകാരിലുമാണ് മറ്റു സമുദായങ്ങളെ അപേക്ഷിച്ച് സ്ത്രീധനത്തിൽ വർദ്ധനവ് കാണിക്കുന്നത്.1970 മുതൽ കേരളത്തിൽ സ്ത്രീധന തുക ഗണ്യമായി ഉയർന്നതായും പഠനം ചൂണ്ടിക്കാണിക്കുന്നു.
ഗുജറാത്തിലെ നർമദ ജില്ലയിൽ സർദാർ പട്ടേൽ പ്രതിമയ്ക്കു സമീപമുള്ള പാഞ്ച്മുലി തടാകത്തിലെ 194 മുതലകളെ സന്ദർശകരുടെ സുരക്ഷിതത്വം പരിഗണിച്ച് അവിടെ നിന്നു മാറ്റി. ഗാന്ധിനഗർ, ഗോധ്‍ര എന്നിവിടങ്ങളിലേക്കാണ് മുതലകളെ മാറ്റിയത്. തടാകത്തിൽ ഇനിയും മുതലകളുണ്ട്.‘ഐക്യ പ്രതിമ’ കാണാനെത്തുന്ന സഞ്ചാരികൾക്കായി സർദാർ സരോവർ അണക്കെട്ടിൽ വികസിപ്പിച്ചെടുത്തതാണ് ‘ഡൈക് 3’ എന്നറിയപ്പെടുന്ന പാഞ്ച്മുലി തടാകം. ഇവിടെ ബോട്ട് സവാരിയുമുണ്ട്.
ഗുജറാത്തിലെ നര്‍മദ നദിയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനു സമീപമുള്ള കെവാഡിയ ഗ്രാമത്തിൽ 2989 കോടി രൂപ മുതല്‍മുടക്കില്‍ ഉയർന്ന ‘ഏകതാ പ്രതിമ’ രാജ്യത്തെ മാതൃക വിനോദ സഞ്ചാര കേന്ദ്രമായി വളരണമെന്നുള്ളത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഗ്രഹവും ദീർഘ വീക്ഷണവുമായിരുന്നു.
പട്ടേല്‍ സ്മാരക പൂന്തോട്ടം, സാധു ദ്വീപും നര്‍മദാ നദിക്കരയുമായി ബന്ധപ്പെടുത്തുന്ന പാലം, മ്യൂസിയം, അഞ്ചു കിലോമീറ്റര്‍ റോഡ്, ഭരണനിര്‍വഹണ കേന്ദ്രം തുടങ്ങിയവയും ഇതിന്റെ മറ്റു പ്രധാന ആകര്‍ഷണങ്ങളാണ്. ലിഫ്റ്റില്‍ പ്രതിമയുടെ ഹൃദയഭാഗത്ത് എത്തിയാല്‍ കാഴ്ചകള്‍ കാണാന്‍ വിശാലമായി ഗ്യാലറിയുണ്ട്.
200 പേര്‍ക്ക് ഒരേസമയം ഗ്യാലറിയില്‍ നില്‍ക്കാം. കൂടാതെ പട്ടേലിന്റെ ജീവിത മുഹൂര്‍ത്തങ്ങൾ ഉള്‍ക്കൊള്ളിച്ചുള്ള ലേസര്‍ ലൈറ്റ്- സൗണ്ട് ഷോ, 500 അടി ഉയരത്തില്‍നിന്നു സര്‍ദാര്‍ സരോവര്‍ അണക്കെട്ട് കാണാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്.2018ലെ സർദാർ വല്ലഭായ് പട്ടേലിന്‍റെ ജന്മദിനമായ ഒക്ടോബർ 31നാണു പ്രതിമ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്.
മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന ബിലാലിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് മനസ്സ് തുറന്ന് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ബാല. ബിലാല്‍ എന്ന ഒറ്റപ്പടത്തിന് വേണ്ടി നൂറ് പടങ്ങള്‍ വിടാനും താന്‍ തയ്യാറാണെന്നാണ് ബാല പറയുന്നത്. ബിലാല്‍ 2 ഇറങ്ങുന്നതിന് മുമ്പ് പ്രിവ്യൂ കാണാന്‍ വിളിക്കുമ്പോള്‍ പോവില്ലെന്നും ഒരു പക്ക ലോക്കല്‍ തിയേറ്ററില്‍ പോയി ഓഡിയന്‍സിനൊപ്പം പടം കാണാനാണ് തന്റെ തീരുമാനമെന്നും ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ ബാല പറഞ്ഞു.
മമ്മൂക്കയുടെ അത്രയും വലിയ ഫാനാണ് താനെന്നും അദ്ദേഹം പറഞ്ഞു. കഥാപാത്രങ്ങള്‍ ചോദിച്ച് ആരെയും വിളിക്കാറില്ലെന്നും എന്നാല്‍ നല്ല കഥാപാത്രങ്ങളുണ്ടെങ്കില്‍ ചോദിക്കുന്നതില്‍ തെറ്റില്ലെന്നും ബാല പറയുന്നു.
അമല്‍ നീരദ് തന്നെയാണ് ബിലാലിന്റെ രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. രാം ഗോപാല്‍ വര്‍മ ചിത്രങ്ങളുടെ ഛായാഗ്രാഹകനായി ബോളിവുഡില്‍ തിളങ്ങിയ അമല്‍ നീരദ് 2007ലാണ് ബിഗ് ബി സംവിധാനം ചെയ്യുന്നത്. അക്ഷന്‍ ത്രില്ലറായ ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് തിയേറ്ററില്‍ നിന്ന് ലഭിച്ചത്.
ടോറന്റിലും മറ്റും പ്രദര്‍ശിപ്പിച്ച ചിത്രം കൂടിയാണ് ബിഗ്ബി. ഛായാഗ്രഹണം സമീര്‍ താഹിറും സംഭാഷണം ഉണ്ണി ആറുമാണ് നിര്‍വഹിക്കുന്നത്.
കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കാസർകോട് സ്വദേശി കാനഡയിൽ മുങ്ങി മരിച്ചു. ആൽബെർട്ട പ്രോവിൻസിലെ എഡ്‌മണ്ടൻ സിറ്റിക്കടുത്തുള്ള നോർത്തേൺ ആൽബെർട്ട സിറ്റി ലേക്കിൽ സുഹൃത്തുക്കളോടൊപ്പം ബോട്ടിങ്ങിനിറങ്ങിയ ഉവൈസ് മുഹമ്മദ് കാസിം ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് നടന്ന അപകടത്തിൽ കൂടെ തടാകത്തിൽ വീണ കുട്ടികളെ രക്ഷപ്പെടുത്താൻ ഉവൈസിനും മറ്റു സുഹൃത്തുക്കൾക്കും കഴിഞ്ഞെങ്കിലും അപകടത്തിനിടയിൽ ഉവൈസ് മുങ്ങിത്താഴുകയായിരുന്നു.
റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസിന്റെ നേതൃത്വത്തിൽ ഇന്നലെ മുതൽ നടന്ന തിരച്ചിൽ രാത്രിയോടെ നിർത്തിവെക്കുക്കയും ഞായറാഴ്ച പുനഃരാരംഭിക്കുകയും ചെയ്തു. ആൽബെർട്ട ഫിഷ് ആൻഡ് വൈൽഡ് ലൈഫ്, ആൽബെർട്ട പാർക്കുകൾ, റോയൽ കനേഡിയൻ മൌന്റ് പൊലീസിന്റെ എയർ സർവീസുകളും സേർച്ച് ആൻഡ് റെസ്ക്യൂ ഡൈവേഴ്‌സും സംയുക്തമായി നടത്തിയ തിരച്ചിലിൽ ഞാറായ്ച്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തി.
കെഎംസിസി കാനഡയുടെ പ്രവർത്തനങ്ങളിലും സമൂഹത്തിലെ എല്ലാ പൊതുവായ കാര്യങ്ങൾക്കും മുൻപന്തിയിൽ ചുറു ചുറുക്കോടെ ഉണ്ടായിരുന്ന ഉവൈസിന്റെ വിയോഗം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും കനത്ത ആഘാതമായി. തുടർ നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് വൃത്തങ്ങൾ അ റിയിച്ചു.
ജനിച്ച നാൾ മുതൽ ഒരു മനസായി ജീവിച്ച ഇരട്ടകളെ വിവാഹത്തിന്റെ ഒരുക്കങ്ങൾക്കിടയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശ്രീരംഗ പട്ടണം ഹനസനഹള്ളി ഗ്രാമത്തിൽ സുരേഷ്-യശോദ ദമ്പതികളുടെ മക്കളായ ദീപികയേയും ദിവ്യയേയുമാണ് (19) കതിർമണ്ഡപത്തിൽ എത്തും മുൻപേ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഊണിലും ഉറക്കിലും യാത്രകളിലും തുടങ്ങി ജീവിതസഞ്ചാരത്തിൽ ഒന്നായിരുന്ന സഹോദരിമാർ മരണത്തിലും ഒന്നാവുകയായിരുന്നു. ഇരുവരുടേയും വിവാഹം നിശ്ചയിച്ച് ഒരുക്കങ്ങൾ നടക്കുമ്പോൾ അവരുടെ മുഖങ്ങളിൽ സന്തോഷമല്ല കണ്ടതെന്ന് ബന്ധുക്കൾ പറയുന്നു.
ജനിച്ചത് മുതൽ എപ്പോഴും ഒരുമിച്ച് ഉണ്ടായിരുന്ന ഇരുവരുടെയും വിവാഹം നിശ്ചയിച്ചത് വ്യത്യസ്ത കുടുംബങ്ങളിലെ യുവാക്കളുമായിട്ടായിരുന്നു. വിവാഹശേഷം വേർപിരിയുന്നതിനെക്കുറിച്ചുള്ള ചിന്ത സഹോദരിമാർക്ക് സഹിക്കാനായില്ല, ഇതാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് കുടുംബം പറയുന്നത്.
ഇരുവരെയും രണ്ട് വ്യത്യസ്ത മുറികളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ മലയാളി മരിച്ചു. പുനലൂര്‍ കരവാളൂര്‍ സ്വദേശി ജയഘോഷ് ജോണ്‍(42)ആണ് ഹായിലിലെ ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി ഇവിടെ ചികിത്സയില്‍ കഴിയുകയായിരുന്നു ജയഘോഷ്.
സ്വകാര്യ ബേക്കറിയില്‍ സെയില്‍സ് മാനായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. പിതാവ് ജോണ്‍ ചാക്കോ, മാതാവ് മിയ ജോണ്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു.
പ്രിയദര്‍ശന്‍ ഒരുക്കുന്ന ബോളിവുഡ് ചിത്രം ‘ഹംഗാമ 2’ ഈ മാസം 23ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസാവുകയാണ്. ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിയ മലയാളിയായ സംഗീത സംവിധായകന്‍ റോണി റാഫേല്‍ തനിക്ക് കിട്ടിയ അവസരത്തെ കുറിച്ച് പറയുകയാണ്.
അനുഗ്രഹീത സംഗീത പ്രതിഭ ഒ.വി റാഫേലിന്റെ മകന്‍ റോണി റാഫേല്‍ ഇന്നേറെ അഭിമാനത്തിലും സന്തോഷത്തിലുമാണ്. അപ്രതീക്ഷിതമായി തന്റെ ജീവിതത്തില്‍ വന്ന ഈ വലിയ നേട്ടത്തിന് പിന്നില്‍ സംവിധായകന്‍ പ്രിയദര്‍ശനാണെന്ന് റോണി റാഫേല്‍ പറയുന്നു.
മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും ബിഗ് ബജറ്റ് ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം അഞ്ചുഭാഷകളില്‍ റിലീസിന് ഒരുങ്ങിയപ്പോള്‍ ചിത്രത്തിലെ അഞ്ച് ഗാനങ്ങള്‍ക്കും സംഗീതം നിര്‍വ്വഹിച്ചത് റോണി റാഫേലാണ്. പിന്നാലെയാണ് പ്രിയദര്‍ശന്റെ ഹംഗാമ 2-വിനും റോണി റാഫേല്‍ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.
റോണി റാഫേലിന്റെ വാക്കുകള്‍:
പ്രിയന്‍ സാറിന്റെ സീ 5-ല്‍ റിലീസ് ചെയ്ത 40 മിനിട്ടുള്ള ‘അനാമിക’യ്ക്ക് വേണ്ടി സംഗീതം നിര്‍വ്വഹിച്ചപ്പോഴാണ് മരയ്ക്കാറിലെ പാട്ടുകള്‍ക്ക് സംഗീതം നല്‍കാന്‍ സാര്‍ എനിക്ക് അവസരം നല്‍കിയത്. പ്രിയന്‍ സാറിലേക്ക് ഞാന്‍ അടുക്കുന്നത് എം.ജി ശ്രീകുമാര്‍ചേട്ടന്‍ വഴിയാണ്. അതുപോലെ തന്നെ എം.ജി രാധാകൃഷ്ണന്‍ ചേട്ടന്റെ മകന്‍ രാജകൃഷ്ണനും എനിക്കേറെ സഹായകമായി നിന്നിട്ടുണ്ട്.
മരക്കാറിലെ പാട്ടുകള്‍ക്ക് ഈണം നല്‍കണമെന്ന് പ്രിയന്‍ സാര്‍ പറഞ്ഞത് കേട്ടപ്പോള്‍ അന്ന് അതെനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ശരിക്കും ഞെട്ടിപ്പോയി. പക്ഷേ അദ്ദേഹം നല്ല സപ്പോര്‍ട്ട് ചെയ്തു. ഗാനങ്ങളെ കുറിച്ച് നല്ല ധാരണയുണ്ട് സാറിന്. എല്ലാം കൃത്യമായിട്ട് പറഞ്ഞു തരും.
മറ്റു സംവിധായകരില്‍ കാണാത്ത ഒട്ടേറെ സവിശേഷതകള്‍ ഇക്കാര്യങ്ങളില്‍ പ്രിയന്‍ സാറിനുണ്ട്. ടെന്‍ഷനില്ലാതെ നമുക്ക് വര്‍ക്ക് ചെയ്യാം. എന്തു വേണം എന്തു വേണ്ട എന്ന് സാറിനറിയാം ഒട്ടും പേടി വേണ്ട. സാറിനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ നല്ല പോസിറ്റീവ് എനര്‍ജിയാണ്. അങ്ങനെയാണ് ഞാന്‍ മരയ്ക്കാറിലെ പാട്ടുകള്‍ ചെയ്തത്.
അഞ്ച് ഭാഷകളിലുള്ള ചിത്രത്തിലെ അഞ്ച് പാട്ടുകള്‍ക്കും ഞാന്‍ തന്നെയാണ് സംഗീതമൊരുക്കിയത്. പ്രിയന്‍സാറിനൊപ്പം ഞാന്‍ അഞ്ച് ചിത്രങ്ങളില്‍ തുടര്‍ച്ചയായി വര്‍ക്ക് ചെയ്തു. അതെല്ലാം ദൈവാനുഗ്രഹമായിട്ടാണ് ഞാന്‍ കാണുന്നത്. ഇപ്പോള്‍ പ്രിയന്‍സാര്‍ ഒരുക്കുന്ന ബോളിവുഡ് ചിത്രം ഹംഗാമ 2-വിന്റെ പശ്ചാത്തല സംഗീതമൊരുക്കാനും എനിക്ക് അവസരം കിട്ടി.
ഹംഗാമ 2-വില്‍ വെസ്റ്റേണ്‍ സ്‌റ്റൈലിലാണ് സംഗീതം ഒരുക്കിയത്. എല്ലാം പ്രിയന്‍ സാറിന്റെ നിര്‍ദേശ പ്രകാരമായിരുന്നു. അതു കൊണ്ടു തന്നെ ആ വര്‍ക്കും ഏറെ ആത്മവിശ്വാസത്തോടും സംതൃപ്തിയോടും കൂടി എനിക്ക് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ജീവിതത്തില്‍ ഏറ്റവും അധികം സന്തോഷിക്കുന്ന നിമിഷങ്ങളാണിത്.
ശരിക്കും ദൈവവിളി പോലെയാണ് പ്രിയന്‍ സാര്‍ എന്നെ വിളിച്ചത്. വലിയ ഭാഗ്യം തന്നെയാണ്. പക്ഷേ വലിയ ഉത്തരവാദിത്വം കൂടിയാണത്. അങ്ങനെ ജീവിതത്തില്‍ വലിയൊരു ടേണിംഗ് പോയിന്റ് എനിക്ക് ലഭിച്ചതില്‍ ഞാന്‍ ദൈവത്തിനോടും പ്രിയന്‍ സാറിനോടും നന്ദി പറയുന്നു.
ഞാന്‍ വളരെ ശ്രദ്ധിക്കപ്പെടുന്ന സംഗീതജ്ഞനാകണമെന്ന് അമ്മയുടെ വലിയ ആഗ്രഹമായിരുന്നു. ദൈവം ഇന്നീ സൗഭാഗ്യങ്ങള്‍ തന്നപ്പോള്‍ അത് കാണാന്‍ അമ്മ കൂടെയില്ല. ഈ സന്തോഷത്തിനിടയിലും ആ ഒരു ദുഖം മാത്രം മനസിലുണ്ട്. ഒട്ടേറെ പുതിയ പ്രോജക്റ്റുകള്‍ എന്നെ തേടിയെത്തിയിട്ടുണ്ട്. എല്ലാം സന്തോഷത്തിന്റെ വഴികള്‍, അനുഗ്രഹത്തിന്റെ വഴികള്‍.
1994 ല്‍ റിലീസ് ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം മിന്നാരത്തിന്റെ റീമേക്കാണ് ഹംഗാമ 2. മോഹന്‍ലാലും ശോഭനയും അവതരിപ്പിച്ച ബോബി, നീന എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ഹംഗാമ 2 ന്റെ കഥ വികസിക്കുന്നത്. ജൂലൈ 23 ന് ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്യും. 300 കോടിക്കാണ് ഹോട്ട് സ്റ്റാര്‍ ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയത്.