ഒമിക്രോൺ റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവർ നിർബന്ധമായും 14 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണം എന്ന് ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീ അറിയിച്ചു. കളക്ടറുടെ ഈ നിർദ്ദേശം ക്രിസ്തുമസ് അവധിയ്ക്ക് നാട്ടിലെത്തുന്ന പ്രവാസികൾക്ക് വൻ തിരിച്ചടിയാകുമെന്ന അഭിപ്രായവും ശക്തമാണ് . കോവിഡ് അനുബന്ധ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ പ്രദേശത്തെ ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും വേണം. ഇവർ ഒരു കാരണവശാലും ഈ കാലയളവിൽ പൊതുചടങ്ങുകളിൽ പങ്കെടുക്കുകയോ, പൊതുസ്ഥലങ്ങൾ സന്ദർശിക്കുകയോ ചെയ്യരുത്.
ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ട ഹൈ റിസ്ക് വിഭാഗത്തിൽപെട്ട രാജ്യങ്ങളിൽ നിന്ന് എത്തുന്ന എല്ലാവരെയും എയർപോർട്ടിൽ വെച്ചുതന്നെ കോവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമാണ് വീടുകളിലേക്ക് അയക്കുന്നത്. ഇവർ ഏഴു ദിവസം വീടുകളിൽ പൊതു സമ്പർക്കം ഒഴിവാക്കി ക്വാറന്റൈനിൽ കഴിയണം. എട്ടാം ദിവസം വീണ്ടും കോവിഡ് പരിശോധന നടത്തണം. ഫലം നെഗറ്റീവ് ആയാലും ഇവർ 7 ദിവസം കൂടി സ്വയം നിരീക്ഷണം തുടരണം.
മാർഗനിർദേശങ്ങൾ ലംഘിക്കുന്നത് പൊതുജനാരോഗ്യ നിയമപ്രകാരം കുറ്റകരമാണ്.
സംയുക്തസേനാ മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യ മധുലികയും ഉൾപ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ തമിഴ്നാട്ടിലെ കൂനൂർ ഹെലികോപ്റ്റർ അപകടത്തിന്റെ അന്വേഷണം 15 ദിവസത്തിനുള്ളിൽ പൂർത്തിയാകും.
സാക്ഷി മൊഴികൾ രേഖപ്പെടുത്താനും അന്വേഷണവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ പരിശോധിക്കാനുമുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. അടുത്ത 15 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാകുമെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ അറിയിച്ചതായി റിപ്പോർട്ട്.
വ്യോമസേന എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര് ചൗധരിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണ സംഘം പ്രവര്‍ത്തിക്കുന്നത്. അന്വേഷണത്തിലെ പുരോഗതികള്‍ ഓരോ ദിവസവും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്.
ഡിസംബര്‍ എട്ടിനാണ് വ്യോമസേനയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് ബിപിന്‍ റാവത്തുള്‍പ്പെടെ 14 പേര് മരിച്ചത്. സുലൂരില്‍ നിന്ന് വെല്ലിംഗ്ടണിലേക്ക് പോകവെയായിരുന്നു അപകടം.
ദേശീയ ഷൂട്ടിംഗ് താരം കനിക ലായകിനെ (26) മരിച്ചനിലയിൽ കണ്ടെത്തി. കോൽക്കത്തയ്ക്കടുത്ത ബല്ലി (ഹൗറ) യിലെ ഗസ്റ്റ് ഹൗസിൽ ബുധനാഴ്ച വൈകുന്നേരമാണ് ലായകിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. പല തവണ വിളിച്ചിട്ടും പ്രതികരിക്കാത്തതിനെത്തുടർന്നു വാതിൽ തകർത്താണ് പോലീസ് അകത്തുകയറിയത്.
ആത്മഹത്യയാണെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. മുറിയിൽനിന്നു കണ്ടെത്തിയ കുറിപ്പിൽ ഷൂട്ടിംഗ് വേദികളിൽ മികവ് പുറത്തെടുക്കാൻ കഴിയാത്തതിന്റെ വിഷമം ലായക് പങ്കുവയ്ക്കുന്നുണ്ട്. ജാർഖണ്ഡിലെ ധൻബാധ് സ്വദേശിയായ കനിക ലായക് ഹൂഗ്ലിയിലെ ഉത്തർപാരയിൽ ഒളിന്പ്യൻ ജയ്ദീപ് കർമാകർക്കു കീഴിലാണു പരിശീലനം നടത്തിയിരുന്നത്.
ഫോര്‍മുല വണ്ണില്‍ ഏഴു തവണ ചാമ്പ്യനായ ലൂയിസ് ഹാമില്ട്ടന് സര് പദവി നല്‍കി ആദരിച്ച് ഗ്രേറ്റ് ബ്രിട്ടണ്. ബ്രിട്ടീഷ് രാജകുമാരന് ചാള്‍സില്‍ നിന്ന് ലൂയിസ് ഹാമില്ട്ടണ് നൈറ്റ് വുഡ് പദവി സ്വീകരിച്ചു.
ബുധനാഴ്ചയാണ് മോട്ടോര്‍ സ്പോര്‍ട്സ് രംഗത്തെ നേട്ടങ്ങള്‍ക്ക് വിന്‍ഡ്സര്‍ കൊട്ടാരത്തില്‍ വച്ച് ആദരം നല്‍കിയത്. അമ്മ കാര്മെന്നിനൊപ്പമാണ് അംഗീകാരം സ്വീകരിക്കാനായി ലൂയിസ് ഹാമില്ട്ടണ് വിന്‍ഡ്സര്‍ കൊട്ടാരത്തിലെത്തിയത്.
നൈറ്റ് വുഡ് പദവി ലഭിക്കുന്ന നാലാമത്തെ എഫ് വണ്‍ ഡ്രൈവറാണ് ലൂയിസ് ഹാമില്ട്ടൺ. 2009ല്‍ ഹാമില്ട്ടണ് മെമ്പര്‍ ഓഫ് ബ്രിട്ടീഷ് എംപയര്‍ പദവി നല്‍കിയിരുന്നു.
ജോൺ എഫ് കെന്നഡിയുടെ കൊലപാതകത്തെക്കുറിച്ചുള്ള രഹസ്യ രേഖകൾ പുറത്തുവിട്ട് യു.എസ് ഭരണകൂടം. 1963 ൽ നടന്ന കെന്നഡി വധത്തെക്കുറിച്ച് സിഐഎ രഹസ്യസന്ദേശങ്ങൾ ഉൾപ്പെടെ 1,500 രേഖകളാണ് പുറത്തുവിട്ടത്.
1963 നവംബർ 22ൽ യുഎസ് സംസ്ഥാനമായ ഡാളസിൽ ലീ ഹാർവി ഓസ്വാൾഡ് എന്ന യുവാവാണ് കെന്നഡിയെ വധിച്ചത്. കൊലപാതകത്തിനു മുമ്പ് മെക്സികോ സിറ്റിയിലെ റഷ്യൻ, ക്യൂബ എംബസികളിലേക്ക് ഓസ്വാൾഡ് യാത്ര ചെയ്തിരുന്നതും മറ്റും സിഐഎ രേഖകളിലുണ്ട്.
കൊലപാതകത്തിന് സംഭവത്തിന് ഒരു മാസം മുമ്പാണ് ടെക്സസ് അതിർത്തി കടന്ന് ഓസ്വാൾഡ് യു.എസിലെത്തുന്നത്. അതിന് മുമ്പ് റഷ്യൻ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥനുമായി ഓസ്വാൾഡ് ബന്ധപ്പെട്ടതും സിഐഎ കണ്ടെത്തി.
റഷ്യൻ വിസ അന്വേഷിച്ച് എംബസിയിലേക്ക് വിളിച്ചതും ക്യൂബ യാത്രയ്ക്ക് അനുമതി തേടിയതും രേഖകൾ വെളിപ്പെടുത്തുന്നു.
പുല്‍വാമയില്‍ കഴിഞ്ഞ വര്‍ഷം വീരമൃത്യു വരിച്ച ജവാന്റെ സഹോദരിയുടെ വിവാഹം സഹോദരന്റെ സ്ഥാനത്ത് നിന്നും നടത്തി ജാവാന്മാര്‍. ശൈലേന്ദ്ര പ്രതാപ് സിങ്ങിന്റെ സഹോദരി ജ്യോതിയുടെ വിവാഹമാണ് സഹോദരന്റെ കുറവില്ലാതെ ജവാന്മാരെല്ലാം ചേര്‍ന്ന് നടത്തിയത്. ഉത്തര്‍പ്രദേശില്‍ വച്ചായിരുന്നു ചടങ്ങുകള്‍.
യൂണിഫോമിലായിരുന്നു ജവാന്‍മാരെത്തിയത്. വിവാഹത്തില്‍ പങ്കെടുക്കുന്നതും കാര്യങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതുമെല്ലാം ചടങ്ങുകള്‍ ചെയ്യുന്നതിന്റെയുമെല്ലാം ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
മുതിര്‍ന്ന യൂണിഫോം ധരിച്ച് ജവാന്‍മാര്‍ കല്യാണത്തില്‍ പങ്കെടുക്കുന്നതും സഹോദരന്‍ ചെയ്യേണ്ട എല്ലാ ചടങ്ങുകളും ജവാന്‍മാര്‍ ചെയ്യുന്നതും സിആര്‍പിഎഫ് പങ്കുവച്ച ചിത്രങ്ങളിലുണ്ട്. സഹോദരന്‍മാര്‍ എന്ന നിലയില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ ശൈലേന്ദ്ര പ്രതാപ് സിങ്ങിന്റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നു എന്നായിരുന്നു സിആര്‍പിഎഫിന്റെ ട്വീറ്റ്.
വായുനിറച്ച കളിയുപകരണങ്ങൾ പാർക്കുകളിൽ സുലഭമാണ്. അവയിൽ കുട്ടികൾ ചാടികളിക്കുന്നതും കുത്തിമറയുന്നതും ഏറെ ആസ്വദിച്ച് കണ്ടുനിൽക്കുന്നവരാണ് മാതാപിതാക്കൾ. ഇത്തരത്തിൽ തങ്ങളുടെ കൺമുന്നിൽ കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ നടന്ന ദുരന്തത്തിൽ നിന്ന് വിട്ടുമാറാതെ പകച്ചുനിൽക്കുകയാണ് ഒരു കൂട്ടം മാതപിതാക്കൾ. ഓസ്‌ട്രേലിയയിൽ വ്യാഴാഴ്ചയുണ്ടായ അപകടത്തിൽ മാതാപിതാക്കൾക്ക് നഷ്ടപ്പെട്ടത് നാല് കുട്ടികളെയാണ്.
സ്‌കൂളിൽ അദ്ധ്യയന വർഷം അവസാനിച്ചതിന്റെ ഭാഗമായി നടന്ന ആഘോഷ പരിപാടിക്കിടെയാണ് അപകടമുണ്ടായത്. ഡ്രാഗൺ രൂപത്തിലുള്ള ബൗൺസിംഗ് കാസിലിൽ കുട്ടികൾ കളിക്കുകയായിരുന്നു. പെട്ടെന്നാണ് ശക്തിയായ കാറ്റുവീശിയത്. ഇതോടെ ഏകദേശം പത്ത് മീറ്ററോളം ഉയരത്തിൽ ബൗൺസിംഗ് കാസിൽ പറന്നുയർന്നു. തലകീഴായി പറന്ന കാസിലിൽ നിന്നും കുട്ടികൾ പലരും താഴേക്ക് പതിച്ചു. നിരവധി കുട്ടികൾക്കും മൂന്ന് മാതാപിതാക്കൾക്കും പരിക്കേറ്റു. സൈന്യം ഉൾപ്പടെയാണ് രക്ഷാപ്രവർത്തനത്തിനായി എത്തിയത്. ഒടുവിൽ നാല് കുട്ടികളുടെ മരണം അധികൃതർ സ്ഥിരീകരിച്ചു.
പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് മരിച്ചത്. ടാസ്മാനിയയിലെ ദിവോൺപോർട്ടിൽ രാവിലെ 10 മണിയോടെയാണ് അപകടം. അഞ്ച് കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ നാല് പേരുടെയും നില അതീവ ഗുരുതരമാണ്. എല്ലാവരും ഹിൽക്രസ്റ്റ് പ്രൈമറി സ്‌കൂളിലെ വിദ്യാർത്ഥികളാണ്. സ്‌കൂളിലെ ഇക്കൊല്ലത്തെ അവസാന ദിനം മാതാപിതാക്കളോടൊപ്പം ആഘോഷിക്കവെയാണ് നാടിനെ നടുക്കുന്ന ദുരന്തമുണ്ടായത്. അപകടം ഹൃദയഭേദകമാണെന്നാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ പ്രതികരിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
അതിമാരക മയക്കുമരുന്ന് വിഭാഗത്തില്‍പ്പെട്ട എല്‍എസ്ഡി സ്റ്റാമ്പുമായി സിനിമ-സീരിയല്‍ അഭിനേതാവ് പൊലീസ് പിടിയില്‍. പഴയ വൈത്തിരിയിലെ ഹോം സ്‌റ്റേയില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി പിടിയിലായത്. എറണാകുളം കടമക്കുടി മൂലമ്പള്ളി പനക്കല്‍ വീട്ടില്‍ പി ജെ ഡെന്‍സണ്‍(44) ആണ് പിടിയിലായത്.
ഇയാളുടെ പക്കല്‍ നിന്ന് 0.140 ഗ്രാം എല്‍എസ്ഡി സ്റ്റാമ്പുകള്‍ കണ്ടെടുത്തു. ഓര്‍മശക്തിയെ സാരമായി ബാധിക്കുന്ന അതിമാരക മയക്കുമരുന്നാണ് എല്‍എസ്ഡി സ്റ്റാമ്പുകള്‍. 40,000 രൂപയോളം വില വരുന്നതാണിത്. ഇയാള്‍ക്കെതിരെ എന്‍ഡിഎസ് വകുപ്പ് പ്രകാരം കേസെടുത്തു.
രഹസ്യ വിവരത്തെ തുടര്‍ന്നു വൈത്തിരി എസ്.ഐ ഇ. രാംകുമാറും സംഘവും വയനാട് പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി രജികുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ഉറക്കത്തില്‍ ഭര്‍ത്താവിനെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ(Murder) കേസിലെ പ്രതി റോസന്നയെ പുതുപ്പള്ളി പെരുങ്കാവിലെ ഇവരുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പുതുപ്പള്ളി പെരുങ്കാവ് പടനിലത്ത് മാത്യു ഏബ്രഹാമിനെ(കൊച്ച്-48) ചൊവ്വാഴ്ച രാവിലെയാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊലനടത്തിയ ശേഷം വീട്ടില്‍നിന്നുപോയ മാത്യുവിന്റെ ഭാര്യ റോസന്നയെ മണര്‍കാട്ടുനിന്നാണ് പോലീസ് പിടികൂടിയത്. ഭര്‍ത്താവ് മദ്യപാനിയായിരുന്നെന്നും വീട്ടില്‍ വഴക്ക് പതിവായിരുന്നുവെന്ന് റോസന്ന പൊലീസിന് മൊഴി നല്‍കി. സ്വന്തം വീട്ടിലേക്കാള്‍ സഹോദരന്റെ വീട്ടിലേക്ക് മാത്യു സഹായങ്ങള്‍ ചെയ്തുകൊടുത്തിരുന്നുവെന്നും ഇത് നാളുകളായി ഭര്‍ത്താവിനോട് വൈരത്തിനിടയാക്കിയെന്നും പൊലീസിനോട് യുവതി പറഞ്ഞു.
വഴക്കിട്ട് മൂന്നു ദിവസം വീട്ടില്‍ ഭക്ഷണം ഉണ്ടാക്കിയിരുന്നില്ല. ഈ സമയം സഹോദരന്റെ വീട്ടില്‍ നിന്ന് ആഹാരം കൊണ്ടുവന്നായിരുന്നു ഭര്‍ത്താവും മകനും കഴിച്ചത്. സംഭവദിവസം ബിരിയാണി വീട്ടില്‍ കൊണ്ടുവരികയും റോസന്നയ്ക്ക് നല്‍കാതെ ഭര്‍ത്താവും മകനും കഴിച്ചു. ബാക്കി വന്നത് സഹോദരന്റ വീട്ടിലേക്കും കൊടുത്തു. ഇത് പ്രകോപനത്തിന് കാരണമായെന്ന് പൊലീസ് പറഞ്ഞു.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവരുടെ മകനെ സഹോദരന്റെ വീട്ടിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം അരമണിക്കൂര്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വെള്ളൂക്കുട്ട പള്ളിയില്‍ സംസ്‌കരിച്ചു.
യൂട്യൂബറെ ആക്രമിച്ച കേസില്‍ നടി ഭാഗ്യലക്ഷ്മി അടക്കം മൂന്നുപേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. തമ്പാനൂര്‍ പോലീസാണ് തിരുവനന്തപുരം അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഭാഗ്യലക്ഷ്മിക്ക് പുറമേ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍.
യൂട്യൂബറായ വിജയ് പി.നായരെ ലോഡ്ജില്‍ അതിക്രമിച്ച് കയറി മര്‍ദിച്ചെന്നും ശേഷം ദേഹത്ത് മഷിയൊഴിച്ചെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. അതിക്രമിച്ചുകയറിയതിനും മര്‍ദിച്ചതിനും വധഭീഷണി മുഴക്കിയതിനുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. അതേസമയം, ഡിസംബര്‍ 22-ന് ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
2020 സെപ്റ്റംബറിലാണ് ഏറെ വിവാദമായ സംഭവമുണ്ടായത്. യൂട്യൂബ് ചാനലിലെ വീഡിയോകളിലൂടെ വിജയ് പി.നായര്‍ സ്ത്രീകളെ അധിക്ഷേപിക്കുന്നതായി ആരോപിച്ചാണ് ഭാഗ്യലക്ഷ്മിയും കൂട്ടരും ഇയാളെ മര്‍ദിച്ചത്. സംഭവം ഫെയ്‌സ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ട ഇവര്‍ വിജയ് പി.നായരെ കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തിരുന്നു.