സെലിബ്രിറ്റികളുടെ സ്വകാര്യജീവിതത്തിലേക്കു ഒളിഞ്ഞു നോക്കുന്ന പ്രവണത ഇന്ന് കൂടുതലാണ്. പ്രത്യേകിച്ചും സിനിമാ താരങ്ങളുടെ. നടീനടൻമാരുടെ കുടുംബ ജീവിതം, വിവാഹം, വിവാഹമോചനം, തർക്കങ്ങൾ ഇതെല്ലാം പൊടിപ്പും തൊങ്ങലും വച്ച് പ്രചരിക്കാറുണ്ട്. നടി അർഥന ബിനു തനിക്കു നേരിടേണ്ടി വന്ന ദുരനുഭവം വിവരിക്കുകയാണ്. ഇൻസ്റ്റഗ്രമിലൂടെ പത്തു മിനിറ്റിലേറെ വരുന്ന വിഡിയോയിലൂടെയാണ് നടി തനിക്കു പറയാനുള്ള കാര്യങ്ങൾ വിശദീകരിക്കുന്നത്.
എന്റെ ജീവിത സാഹചര്യങ്ങളോ ഞാൻ കടന്നു വന്ന വഴികളോ അറിയാത്ത ആളുകൾക്ക് ഒരു വ്യാജവാർത്ത കണ്ടിട്ട് എന്നെ ഇത്തരത്തിൽ പറയുവാൻ ഒരു അവകാശവുമില്ലെന്നു വിഡിയോയിൽ താരം പറയുന്നു. വളരെ തരംതാഴ്ന്ന സൈബർ ബുള്ളിയിങ് ആണ് നടക്കുന്നത്. ഞാൻ പറഞ്ഞിട്ടുള്ള കാര്യമാണെങ്കിൽ പോട്ടെ, അല്ലെങ്കിൽ ഒരു സാമൂഹ്യ പ്രശ്‍നമാകണം, ഇതിൽ നാട്ടുകാർക്ക് പല അഭിപ്രായങ്ങളും കാണും എന്നു തന്നെ വിചാരിക്കാം, പക്ഷേ എന്റെ കുടുംബത്തെക്കുറിച്ചോ എനിക്ക് വ്യക്തിപരമായി ബന്ധമുള്ളവരെക്കുറിച്ചോ പറയാൻ ഇവരൊന്നും ആരുമല്ല.
അർഥനയുടെ വാക്കുകള്‍:
നമസ്കാരം ഞാൻ അർത്ഥന ബിനു,
എന്റെ ആദ്യ മലയാള സിനിമയായ മുദ്ദുഗൗ ഇറങ്ങിയ സമയം മുതൽ ഒരു വ്യാജവാർത്ത പലപല തലക്കെട്ടുകളിലായി ഇടവേളകൾ വച്ച് ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ മാസം 19–ന് പ്രചരിച്ച ഒരു വാർത്തയാണ് ആണ് ഇതിൽ അവസാനത്തേത്. ആ വാർത്ത ഞാൻ കാണുന്നത് തന്നെ രണ്ടു ദിവസം കഴിഞ്ഞാണ്. ഇതുപോലുളള വാർത്താ ലിങ്കുകളുടെ അടിയിൽ വരുന്ന കമന്റുകൾ എന്നെയും എന്റെ വീട്ടുകാരെയും വളരെ മോശമാക്കി ചിത്രീകരിച്ചുകൊണ്ടുള്ളതാണ്. കുറച്ചു ദിവസം കഴിഞ്ഞാൽ ഇതിനൊരവസാനമാകും എന്ന് കരുതിയാണ് ഞാൻ ഇതുവരെ പ്രതികരിക്കാതിരുന്നത്.
പക്ഷേ ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ് പ്രതികരിക്കാതിരുന്നതാണെന്ന് ഇപ്പോൾ തോന്നുന്നു. ‘വിജയകുമാറിന്റെ പേരിൽ അറിയപ്പെടാൻ താല്പര്യപ്പെടുന്നില്ല എന്ന് മകൾ അർഥന’, ഇതാണ് ഒരു വാർത്തയുടെ തലക്കെട്ട്. തലക്കെട്ട് പോട്ടെ അതിന്റെ ഉള്ളില്‍ എഴുതിയിരിക്കുന്നത് “ഞാൻ വിജയകുമാറിന്റെ മകൾ അല്ല” എന്നാണു. ഈ രണ്ടു കാര്യങ്ങളും ഞാൻ എവിടെയും പറഞ്ഞിട്ടില്ല. എനിക്ക് ആരുടേയും പേരിൽ അറിയപ്പെടാൻ താല്പര്യമില്ല. ഇക്കാര്യം തുറന്ന് പറഞ്ഞ് നേരത്തെ തന്നെ അഭിമുഖം വാർത്താമാധ്യമത്തിൽ കൊടുത്തിട്ടുണ്ട്. അതിൽ ആരുടേയും പേര് പറഞ്ഞിട്ടില്ല. ആ കാര്യത്തിൽ ഞാൻ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. ആരുടേയും സഹായത്തോടെ അല്ല ഞാൻ ഇൻഡസ്ട്രിയിൽ വന്നത്.
2011–ൽ സ്കൂളിൽ പഠിക്കുന്ന കാലം മുതൽ മോഡലിങ്, ആങ്കറിങ് ഒക്കെ ചെയ്തിട്ടുണ്ട്. ചെറിയ റോൾ മുതൽ ചെയ്താണ് ഞാൻ കടന്നു വന്നത്. പൃഥ്വിരാജ് സാറിന്റെ ഒരു പരസ്യത്തിൽ ഞാൻ ഏറ്റവും പുറകിൽ ഒരു ബാഗ് പിടിച്ചുകൊണ്ടു നിൽക്കുന്ന കുട്ടിയായി അഭിനയിച്ചിരുന്നു. 2016–ൽ പുറത്തിറങ്ങിയ തെലുങ്ക് സിനിമയിലാണ് ഞാൻ ആദ്യം പ്രത്യക്ഷപ്പെടുന്നത്. അതിനു ശേഷവും ഞാൻ ഈ ഇൻഡസ്ട്രിയിൽ പിടിച്ചു നിൽക്കുന്നത് എന്റെ കഴിവിലും കഠിനാധ്വാനത്തിലും വിശ്വാസമുള്ളതുകൊണ്ടാണ്. എനിക്ക് ഞാൻ ആഗ്രഹിക്കുന്ന നിലയിൽ എത്താൻ കഴിയും എന്ന ആത്മവിശ്വാസമുണ്ട്.
അതിനിടയിൽ എന്നെ ഇമോഷനലി തകർത്ത് എന്റെ പ്രൊഫഷനൽ ജീവിതത്തിൽ നിന്നും ശ്രദ്ധ മാറ്റി വ്യക്തിപരമായ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വാർത്ത വരുന്നത് മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. അതാണ് ഇപ്പോൾ നടക്കുന്നത്. ഒരു സ്വതന്ത്രവ്യക്തിയായി ജീവിച്ച് കുടുംബത്തെ സപ്പോർട്ട് ചെയ്തു നിൽക്കുന്ന എന്നെപോലെ ഒരു കലാകാരിക്ക് വളരെ വിഷമമുണ്ടാക്കുന്ന കമന്റുകൾ ആണ് ഈ വാർത്തകൾക്കൊപ്പം വരുന്നത്.
എന്റെ ജീവിത സാഹചര്യങ്ങളോ ഞാൻ കടന്നു വന്ന വഴികളോ അറിയാത്ത ആളുകൾക്ക് ഒരു വ്യാജവാർത്ത കണ്ടിട്ട് എന്നെ ഇത്തരത്തിൽ പറയുവാൻ ഒരു അവകാശവുമില്ല. വളരെ തരംതാഴ്ന്ന സൈബർ ബുള്ളിയിങ് ആണ് നടക്കുന്നത്. ഞാൻ പറഞ്ഞിട്ടുള്ള കാര്യമാണെങ്കിൽ പോട്ടെ, അല്ലെങ്കിൽ ഒരു സാമൂഹ്യ പ്രശ്‍നമാകണം, ഇതിൽ നാട്ടുകാർക്ക് പല അഭിപ്രായങ്ങളും കാണും എന്നു തന്നെ വിചാരിക്കാം, പക്ഷേ എന്റെ കുടുംബത്തെക്കുറിച്ചോ എനിക്ക് വ്യക്തിപരമായി ബന്ധമുള്ളവരെക്കുറിച്ചോ പറയാൻ ഇവരൊന്നും ആരുമല്ല.
ഇതിനു മുൻപ് വന്ന പല തലക്കെട്ടുകളും കണ്ട്, വാർത്ത നോക്കിയാൽ അറിയാം ഇതൊന്നും ഞാൻ പറഞ്ഞതല്ലെന്ന്. പലതിലും എന്റെ പേര് പോലും ശരിയായി അല്ല പറയുന്നത്. ചിലതിൽ പറയുന്നത് എന്റെ അനിയത്തിയുടെ പേര് എൽസ എന്നാണ് എന്ന്. എന്റെ പേര് അർഥന ബിനു എന്നാണ് അതിനർഥം എന്റെ പേര് ബിനു എന്നാണന്നല്ല. അതുപോലെ അനിയത്തിയുടെ പേര് മേഖൽ എൽസ എന്നാണ്, അതുകൊണ്ടു എൽസ എന്നാകുന്നില്ല.
പിന്നെ പലതിലും പറയുന്നത് എന്റെ ആദ്യ സിനിമ മുദ്ദുഗൗ ആണ് എന്നാണ്. ഞാൻ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട് ആദ്യം അഭിനയിച്ചത് തെലുങ്ക് സിനിമയിലാണെന്ന്. എന്നെക്കുറിച്ച് ഒരു ധാരണയും ഇല്ലാത്തവരാണ് ഈ വാർത്തകൾ ഉണ്ടാക്കുന്നത്. ഈ വാർത്തകളുടെ ഉറവിടം എവിടെയാണെന്ന് എനിക്ക് ചെറിയ ഒരു ധാരണ ഉണ്ട്, പക്ഷേ അതാണോ എന്ന് ഉറപ്പുമില്ല. 2016 ൽ മുദ്ദുഗൗ റിലീസ് ആയ സമയത്ത് കുറച്ച് മാധ്യമങ്ങൾ എന്റെ അഭിമുഖം ചെയ്തിരുന്നു. ഒരു പത്രത്തിൽ നിന്നും വിളിച്ചപ്പോൾ എന്റെ പേര് ചോദിച്ചു ഞാൻ അർഥന ബിനു എന്ന് പറഞ്ഞു അപ്പൊ അവർ ചോദിച്ചു ‘എന്താണ് ഇങ്ങനെ ഒരു പേര്, നിങ്ങൾ വിജയകുമാറിന്റെ മകൾ അല്ലെ’ എന്ന്.
‘അച്ഛനെപ്പറ്റി കൂടുതൽ പറയാൻ താല്പര്യപെടുന്നില്ല, ഓരോരുത്തർക്കും ഓരോ വ്യക്തിപരമായ താല്പര്യമില്ലേ’ എന്നാണു ഞാൻ പറഞ്ഞത്. സിനിമയിൽ അഭിനയിക്കാൻ തയാറെടുക്കുമ്പോൾ വിജയകുമാർ എന്തൊക്കെ ഉപദേശങ്ങളാണ് തന്നിട്ടുള്ളത് എന്നായിരുന്നു അടുത്ത ചോദ്യം. ഞാൻ പറഞ്ഞു നമുക്ക് മറ്റു വല്ലതും സംസാരിക്കാം, വ്യക്തിപരമായ കാര്യങ്ങൾ പറയാൻ താല്പര്യമില്ല എന്ന്. പിന്നെ അവർ പലതും ചോദിച്ചു ഞാൻ മറുപടി പറഞ്ഞു. അതിനു ശേഷം ഞാൻ പല ഓൺലൈൻ മാധ്യമങ്ങളിലും കണ്ട വാർത്ത എനിക്ക് വിജയകുമാറിന്റെ മകളായി അറിയാൻ താല്പര്യമില്ല എന്നാണ്.
അങ്ങനെ പലപല തലക്കെട്ടുകളിലായി വാർത്തകൾ വരുന്നുണ്ട്. 2016–ൽ ആദ്യമായി ഇങ്ങനെ ഒരു വാർത്ത വന്നപ്പോൾ ഞാൻ വളരെ വിഷമിച്ചു. അന്ന് ഞാൻ അവരുടെ നമ്പർ കണ്ടുപിടിച്ച് അവരെ വിളിച്ചു, ഇങ്ങനെ ഒരു ന്യൂസ് കാണുന്നു അത് വ്യാജവാർത്തയാണ് അത് ഡിലീറ്റ് ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചു. അവർ പറഞ്ഞത് ഡിലീറ്റ് ചെയ്യാൻ പറ്റില്ല വേണമെങ്കിൽ “ഞാൻ വിജയകുമാറിന്റെ മകളാണ്” എന്ന് അർഥന പറയുന്നതായി ഒരു ഇന്റർവ്യൂ കൊടുക്കാം എന്നാണ്. അന്ന് ഞാൻ സിനിമയിലേക്ക് പ്രവേശിക്കുന്ന കാലമാണ്.
അഭിനയം കണ്ട് പ്രേക്ഷകർ എന്നെ വിലയിരുത്തിയാൽ മതി എന്നായിരുന്നു എന്റെ ആഗ്രഹം, ഞാൻ അന്ന് ആ കോൾ കട്ട് ചെയ്തു. പക്ഷേ ഈയിടെയായി ഈ വാർത്ത വരുന്ന മാധ്യമങ്ങളുടെ എണ്ണവും അത് എടുത്തു റീപോസ്റ്റ് ചെയ്യുന്നവരുടെ എണ്ണവും കൂടുകയാണ്. എന്റെ അമ്മയുടെ മാതാപിതാക്കളുടെ കൂടെയാണ് ഞങ്ങൾ താമസിക്കുന്നത്. ഇത്രയും നാൾ ഞങ്ങളുടെ കൂടെ അപ്പച്ചനും അമ്മച്ചിയും ഉണ്ടായിരുന്നു. ഇപ്പൊ അപ്പച്ചൻ ഞങ്ങളുടെ കൂടെ ഇല്ല. ഞാനും അമ്മയും അമ്മച്ചിയും അനുജത്തിയും അടങ്ങുന്ന കുടുംബമാണ് ഞങ്ങളുടേത്.
നിങ്ങളൊക്കെ ജോലി ചെയ്യുന്നതുപോലെ എന്റെ ആഗ്രഹങ്ങളെ പിന്തുടർന്നാണ് ഞാനും ജീവിക്കുന്നത്. ഇങ്ങനെയുള്ള വാർത്തകൾ ഇടയ്ക്കിടെ വരുന്നത് എന്നെ വേദനിപ്പിക്കുകയും മാനസികമായി തളർത്തുകയും ചെയ്യുന്ന കാര്യമാണ്. ഒരുപക്ഷേ നിങ്ങൾക്കാർക്കും എന്റെ ജീവിതത്തെപ്പറ്റി ഒന്നും അറിയില്ലായിരിക്കാം. ഒരു താരപുത്രിയുടെ ജീവിതം എങ്ങനെയാണു എന്ന് എനിക്കറിയില്ല, കാരണം ഞാൻ അത് അനുഭവിച്ചിട്ടില്ല.
പക്ഷേ സിനിമാമേഖലയിൽ എനിക്ക് ബന്ധമുള്ള ഒരാൾ എനിക്കെതിരെ പ്രവർത്തിക്കുകയും എനിക്ക് വരുന്ന ഓഫറുകൾ ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. അത് നേരിട്ട് മനസ്സിലാക്കിയ ഒരാളാണ് ഞാൻ. എന്നിട്ടും ഞാൻ ധൈര്യമായി നിൽക്കുന്നത് എനിക്ക് എന്റെ കഴിവിലും കഠിനാധ്വാനത്തിലും വിശ്വാസമുള്ളതുകൊണ്ടാണ്. അതുകൊണ്ടു മറ്റുള്ളവരുടെ കാര്യം അറിയില്ലെങ്കിൽ അവരെക്കുറിച്ച് ഇത്തരത്തിലുള്ള വാർത്തകളും കമന്റുകളും ഇടാതെ നോക്കുക. എല്ലാവരും പലതരത്തിലുള്ള പ്രശ്നങ്ങളുള്ളവരും അതിനെ അതിജീവിക്കാൻ നോക്കുന്നവരുമായിരിക്കും. മറ്റുള്ളവരെപ്പറ്റി അറിയാത്ത കാര്യങ്ങൾ പറയുന്നതിനേക്കാൾ നല്ലത് അവരെപ്പറ്റി മിണ്ടാതിരിക്കുകയാണ് അല്ലെങ്കിൽ പിന്തുണച്ച് നല്ല വാക്കുകൾ പറഞ്ഞാൽ അത് അവർക്ക് ഒരുപാടു സഹായകമായിരിക്കും.
സുനന്ദ പുഷ്കറിന്‍റെ ദൂരൂഹ മരണത്തില്‍ ഭര്‍ത്താവ് ശശി തരൂര്‍ വിചാരണ നേരിടേണ്ടി വരുമോ. അതോ വിചാരണയ്ക്ക് മുമ്പുതന്നെ കുറ്റവിമുക്തനാക്കപ്പെടുമോ. ഈ ചോദ്യങ്ങള്‍ക്കള്ള ഉത്തരം ഡല്‍ഹി റോസ് അവന്യൂ കോടതിയിലെ സ്പെഷ്യല്‍ ജഡ്ജ് ഗീതാഞ്ജലി ഗോയല്‍ ഇന്ന് നല്‍കും. ഐ.പി.സി 306 ആത്മഹത്യ പ്രേരണ, 498എ ഗാര്‍ഹിക പീഡനം എന്നീകുറ്റങ്ങളാണ് ശശി തരൂറിനെതിരെ കുറ്റപത്രത്തില്‍ ചേര്‍ത്തിരിക്കുന്നത്. കുറ്റക്കാരനെന്ന് തെളിയിക്കപ്പെട്ടാല്‍ പത്തുവര്‍ഷം വരെ തടവ് ലഭിക്കാം.
തരൂരിനെതിരെ കുറ്റം ചുമത്തുന്നിതില്‍ ഡൽഹി റോസ്അവന്യൂ കോടതി വിധി പറയും. ആത്മഹത്യ പ്രേരണാ കുറ്റമോ, കൊലക്കുറ്റമോ ചുമത്തണമെന്നതാണ് പ്രോസിക്യൂഷന്റെ ആവശ്യം. മരണകാരണം പോലും കണ്ടെത്താന്‍ കഴിയാത്ത കേസ് അവസാനിപ്പിക്കണമെന്ന് ശശി തരൂര്‍ ആവശ്യപ്പെടുന്നു.
ആത്മഹത്യ പ്രേരണക്കുറ്റത്തിനാണ് കേസെങ്കിലും കൊലപാതകത്തിനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ലെന്നാണ് വാദത്തിനിടെ പൊലീസ് പറഞ്ഞത്. തനിക്കെതിരെ തെളിവുകൾ ഇല്ല. മരണകാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും സുനന്ദയ്ക്ക് സംഭവിച്ചത് അപകട മരണമാകാമെന്നും ശശി തരൂര്‍ വാദിച്ചു. 2014 ജനുവരി പതിനേഴിനായിരുന്നു ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിൽ സുനന്ദയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആദ്യം കൊലപാതമാണെന്ന് അവകാശപ്പെട്ടെങ്കിലും തെളിവുകള്‍ കണ്ടെത്താന്‍ പൊലീസിനായില്ല. ഒടുവില്‍ ആത്മഹത്യപ്രേരണക്കുറ്റം ചേര്‍ത്ത് 2018 മേയ് 15ന് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.
ബാങ്കിനു മുന്നിൽ ക്യൂ നിന്നയാൾക്ക് കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരിൽ പെറ്റി എഴുതിയത് ചോദ്യം ചെയ്ത 18 വയസ്സുകാരിക്ക് എതിരെ ജോലി തടസ്സപ്പെടുത്തി എന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. പ്ലസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന ചടയമംഗലം അക്കോണം ഇടുക്കുപാറ സ്വദേശി ഗൗരിനന്ദയ്ക്ക് എതിരെയാണ് ചടയമംഗലം പൊലീസ് കേസ് എടുത്തത്.
പെറ്റി ലഭിച്ചയാളും പൊലീസും തമ്മിൽ തർക്കമുണ്ടാകുന്നതു കണ്ട ഗൗരിനന്ദ എന്താണ് പ്രശ്നം എന്ന് തിരക്കിയപ്പോൾ പൊലീസ് ഗൗരിക്ക് എതിരെയും പെറ്റി എഴുതാൻ ശ്രമിച്ചെന്നും അതു പറ്റില്ലെന്നു പറഞ്ഞപ്പോൾ അസഭ്യം വിളിച്ചെന്നും അതിൽ പ്രതിഷേധിച്ചപ്പോൾ കേസ് എടുത്തെന്നും യുവജന കമ്മിഷനു നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ദിവസങ്ങൾക്കു മുൻപ്, വാക്സീൻ വിതരണത്തിൽ ക്രമേക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധിച്ച വനിതാ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്ക് എതിരെ ചടയമംഗലം പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്തത് വിവാദമായിരുന്നു. ഇതെത്തുടർന്ന് അഞ്ച് വനിതാ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്ക് മൂന്നു ദിവസം ജയിൽ കഴിയേണ്ടിവന്നു. പൊലീസും പെൺകുട്ടിയും തമ്മിലുള്ള വാഗ്വാദത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
സംഭവത്തിൽ പരാതി ലഭിച്ചെന്നും കൊല്ലം റൂറൽ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതു ലഭിച്ച ശേഷം നടപടിയെടുക്കുമെന്നും യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോം പറഞ്ഞു. പൊലീസ് സ്റ്റേഷനിലെത്തി മാപ്പ് പറഞ്ഞാൽ കേസ് പിൻവലിക്കാമെന്ന് ചില രാഷ്ട്രീയ പ്രവർത്തകർ വഴി അറിയിച്ചെങ്കിലും മാപ്പ് പറയില്ലെന്ന് മറുപടി നൽകിയതായി ഗൗരിനന്ദ പറഞ്ഞു. ഗൗരിനന്ദ ചില ഹ്രസ്വചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
അമ്മയെ ആശുപത്രിയിൽ കൊണ്ടുപോയിട്ടു വരികയായിരുന്നു ഞാൻ. എടിഎമ്മിൽ നിന്നു പണമെടുക്കാനാണ് ബാങ്കിന് സമീപത്തേക്കു വന്നത്. ബാങ്കിലേക്കു കയറാനുള്ളവരുടെ ക്യൂ അവിടെ ഉണ്ടായിരുന്നു. ക്യൂവിൽ, നിന്നിരുന്ന പ്രായമുള്ള ഒരാളും പൊലീസുമായി വാക്കുതർക്കം നടക്കുന്നത് കണ്ട് ഞാൻ അദ്ദേഹത്തോട് എന്താണ് പ്രശ്നമെന്നു ചോദിച്ചു. അനാവശ്യമായി പെറ്റി എഴുതിയതാണെന്ന് അദ്ദേഹം പറഞ്ഞു.
അപ്പോൾ പൊലീസുകാർ എന്നോട് പേരും മേൽവിലാസവും ചോദിച്ചു. എന്തിനാണെന്നു ചോദിച്ചപ്പോൾ സാമൂഹിക അകലം പാലിക്കാത്തിന് എനിക്ക് പെറ്റി നൽകുകയാണെന്നു പറഞ്ഞു. ഇവിടെ സിസിടിവി ക്യാമറ ഉണ്ടല്ലോ എന്നും ഞാൻ സാമൂഹിക അകലം പാലിച്ചിട്ടുണ്ടല്ലോ എന്നും തിരിച്ചു ചോദിച്ചു. അപ്പോൾ അവർ എന്നെ ഒരു അശ്ലീല വാക്കു പറഞ്ഞു. നീ സംസാരിക്കാതെ കയറിപ്പോകാനും പറഞ്ഞു. എന്നെ തെറി പറഞ്ഞപ്പോൾ മാത്രമാണ് ഞാൻ ശബ്ദമുയർത്തി മറുപടി നൽകിയത്. നീ ഒരു ആണായിരുന്നെങ്കിൽ നിന്നെ പിടിച്ചു തള്ളുമായിരുന്നു എന്നും പൊലീസ് പറഞ്ഞു.’
വള്ളികുന്നത്ത് നവവധു തൂങ്ങിമരിച്ച കേസില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു. സ്ത്രീധന പീഡനമാണ് മരണത്തിന് കാരണമെന്ന് കാട്ടി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
സ്ത്രീധന പീഡനത്തിന് കേസെടുത്ത പോലീസ് സുചിത്രയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ മാതാപിതാക്കളായ ഉത്തമന്‍, സുലോചന എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് ഇവര്‍ നിരന്തരമായി നടത്തിയ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
പ്രതികള്‍ക്കെതിരെ സ്ത്രീധന പീഡന നിരോധന നിയമം, ആത്മഹത്യാ പ്രേരണ തുടങ്ങി ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി. അറസ്റ്റ്, നീതി നടപ്പാകുന്നുവെന്ന പ്രതീക്ഷ നല്‍കുന്നതായി സുചിത്രയുടെ അമ്മ പറഞ്ഞു.
ഓച്ചിറ സ്വദേശിനി 19 വയസുള്ള സുചിത്രയാണ് ഭര്‍ത്താവ് വിഷ്ണുവിന്റെ വീട്ടില്‍ ജൂണ്‍ 22ന് തൂങ്ങിമരിച്ചത്. 51 പവന്‍ സ്വര്‍ണമാണ് വിവാഹത്തിന് നല്‍കിയത്. ഇരുചക്ര വാഹനം നല്‍കാമെന്ന് സുചിത്രയുടെ പിതാവ് വാഗ്ദാനം ചെയ്തപ്പോള്‍ ആഡംബരക്കാര്‍ വേണമെന്ന് പ്രതി ഉത്തമന്‍ ആവശ്യപ്പെട്ടു. കാര്‍ നല്‍കിയ ശേഷമായിരുന്നു വിവാഹം.
വിവാഹശേഷം ഭര്‍ത്താവിന്റെ സഹോദരിയുടെ കടം തീര്‍ക്കാനായി 10 ലക്ഷം രൂപ കൂടി പ്രതികള്‍ ആവശ്യപ്പെട്ടു. പണത്തിനായുള്ള നിരന്തര സമ്മര്‍ദമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. വിവാഹം നടന്ന് വെറും മൂന്നു മാസം തികയുമ്പോള്‍ ആയിരുന്നു സംഭവം.
വിവാഹം കഴിഞ്ഞ് ഒരുമാസം കഴിഞ്ഞതോടെ സൈനികനായ ഭര്‍ത്താവ് ജാര്‍ഖണ്ഡിലെ ജോലി സ്ഥലത്തേക്ക് മടങ്ങിയിരുന്നു. അതിനു ശേഷമായിരുന്നു ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ ഉപദ്രവം രൂക്ഷമായത്.
സുചിത്രയെ വിവാഹം കഴിക്കും മുന്‍പ് വിഷ്ണുവിന്റെ ഒരു വിവാഹം മുടങ്ങിയിരുന്നു. വിവാഹത്തിന് ഏതാനും ദിവസം ബാക്കിനില്‍ക്കെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടതോടെയാണ് പെണ്‍കുട്ടിയുടെ കുടുംബം വിവാഹത്തില്‍ നിന്ന് പിന്‍മാറിയത്. അവരുടെ മൊഴിയും കേസില്‍ നിര്‍ണായകമായി.
ജൂണ്‍ 22ന് പ്രതി സുലോചന സുചിത്രയെ പണം ആവശ്യപ്പെട്ട് ശകാരിച്ചിരുന്നു. അസഭ്യവര്‍ഷം രൂക്ഷമായതോടെ സുചിത്ര മുറിയില്‍ കയറി കതകടച്ചു. ഏറെ നേരം പുറത്തു വരാതിരുന്നതോടെ വാതില്‍ ചവിട്ടിത്തുറന്ന് മുറിയില്‍ കയറിയപ്പോഴാണ് സുചിത്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കിടക്കയില്‍ പ്ലാസ്റ്റിക് സ്റ്റൂള്‍വച്ച് കയറി ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു.
ഹിമാചല്‍ പ്രദേശിലെത്തി ജന്മദിനം ആഘോഷിക്കുന്നതിനിടെ ജീവന്‍ പൊലിഞ്ഞ ഡോക്ടര്‍ ദീപ ശര്‍മ്മയുടെ അവസാന ചിത്രങ്ങള്‍ കണ്ണീരിലാഴ്ത്തുന്നു.
ജന്മദിനാഘോഷത്തിനാണ് രാജസ്ഥാന്‍ സ്വദേശിയായ ഡോ. ദീപ ശര്‍മ്മ ഹിമാചല്‍ പ്രദേശിലെത്തിയത്. ഞായറാഴ്ച ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ വാഹനാപകടത്തിലാണ് ഡോ. ദീപയുടെ ജീവന്‍ നഷ്ടമായത്. തന്റെ 38-ാം ജന്മദിനാഘോഷത്തിനായി ഏറെ സന്തോഷത്തോടെ പുറപ്പെട്ട യാത്രയിലാണ് അപകടം ഉണ്ടായത്.
മരിക്കുന്നതിന്റെ ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ഇന്ത്യയുടെ അതിര്‍ത്തിയില്‍ നിന്നും ദീപ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത്.
ദീപയുടെ വിയോഗത്തെ കുറിച്ച് സഹോദരന്‍ മഹേഷ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചത് ഇപ്രകാരമായിരുന്നു. ‘വരുന്ന ജൂലൈ 29നായിരുന്നു ദീപയുടെ 29-ാം ജന്മദിനം. അതിന്റെ ആഘോഷങ്ങള്‍ക്കായാണ് അവള്‍ ഒരു യാത്ര പോകുവാന്‍ തീരുമാനിച്ചത്. ഒത്തിരി സന്തോഷത്തോടെയും ആകാംഷയോടെയുമായിരുന്നു യാത്രയ്ക്ക് തയ്യാറായത്. അതിനായി അവള്‍ ഒരു പ്രൊഫെഷണല്‍ ക്യാമറയും പുതിയൊരു സ്മാര്‍ട്ട് ഫോണും വാങ്ങിയിരുന്നു. പ്രകൃതിയെ ഒത്തിരി സ്നേഹിച്ചിരുന്ന അവള്‍, പ്രകൃതിയുടെ മടിയില്‍ കിടന്നുതന്നെയാണ് തന്റെ പ്രാണന്റെ അവസാന ശ്വാസവും അവളെടുത്തത്. ദീപയുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ’, അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു.
സൈനീകരുടെ പ്രവേശനാനുമതിയുള്ള ഇന്ത്യന്‍ അതിര്‍ത്തിയുടെ ഐടിബിപി ചെക്ക്പോസ്റ്റില്‍ നിന്നാണ് ജൂലൈ 25 ന് ദീപ തന്റെ അവസാനത്തെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചത്. പോസ്റ്റില്‍ 80 കിലോമീറ്ററുകള്‍ കഴിയുമ്പോള്‍ ടിബറ്റ് എത്തുമെന്നും അവിടം ചൈന അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുകയാണെന്നും അവര്‍ പറയുന്നുണ്ട്.
Standing at the last point of India where civilians are allowed. Beyond this point around 80 kms ahead we have border with Tibet whom china has occupied illegally. pic.twitter.com/lQX6Ma41mG
— Dr.Deepa Sharma (@deepadoc) July 25, 2021
തെരഞ്ഞെടുപ്പ് കാലത്ത് സ്വന്തം കുടുംബത്തിലെ അന്തഛിദ്രം മറച്ചുവെച്ചാണ് നടനും എംഎല്‍എ യുമായ മുകേഷ് തനിക്കെതിരേ അസത്യ പ്രചരണം നടത്തിയതെന്നു കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണ. തന്റെ കുടുംബചിത്രത്തില്‍ പരിഹാസം എഴുതുന്ന സമയത്ത് സ്വന്തം കുടുംബം അകന്നുപോയത് അദ്ദേഹം മറച്ചു വെച്ചു ജനങ്ങളെ കബളിപ്പിച്ചെന്നും മുകേഷിനെതിരേ പോലീസും വനിതാകമ്മീഷനും കേസെടുക്കണമെന്നും പറഞ്ഞു.
കുടുംബ പ്രശ്നങ്ങൾ രാഷ്ട്രീയ ആയുധമാക്കാൻ ആഗ്രഹിക്കാത്തത് കൊണ്ടാണ് തെരഞ്ഞെടുപ്പില്‍ മുകേഷിന്റെ കുടുംബ പ്രശ്നങ്ങള്‍ പൊതു സമൂഹത്തില്‍ വലിച്ചിഴയ്ക്കാതിരുന്നതെന്നും തെരഞ്ഞെടുപ്പ് കാലത്ത് തന്നെ മുകേഷിന്റെ കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളുടെ വിവരം കിട്ടിയിരുന്നുവെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. മുകേഷിനെതിരെ കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് ബിന്ദൃകൃഷ്ണയായിരുന്നു.
താൻ കുടുംബത്തിനൊപ്പം നിൽക്കുന്ന ഒരു ചിത്രം ഫെയ്സ് ബുക്കിൽ പങ്കുവച്ചപ്പോൾ അതിൽ പരിഹാസരൂപത്തിൽ മുകേഷ് കമന്റ് എഴുതിയിരുന്നു. പരിഹാസ കമന്റുകൾ എഴുതി അന്യരെ പരിഹസിക്കുന്ന സമയത്തും സ്വന്തം കുടുംബം തന്നിൽ നിന്നും അകന്നു എന്ന യാഥാർത്ഥ്യം അദ്ദേഹം മറച്ചുവെച്ചു ജനങ്ങളെ കബളിപ്പിച്ചു. തനിക്കെതിരേ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത് തന്നെ അസത്യ പ്രചരണങ്ങൾകൊണ്ടാണെന്നും പറഞ്ഞു.
മുകേഷും ഭാര്യയും വേര്‍പിരിയാന്‍ പോകുന്നുവെന്നും വിവാഹബന്ധം അവസാനിപ്പിക്കാന്‍ ഹര്‍ജി നല്‍കിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ബിന്ദുകൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റും വന്നത്. 14 വയസ്സുള്ള വിദ്യാർഥിക്കെതിരെ വരെ വളരെ മോശമായി സംസാരിച്ച കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനെ വെല്ലുന്ന പൂരപ്പാട്ട് എം.മുകേഷിൽ നിന്നും പലപ്രാവശ്യം ഉണ്ടായിട്ടുള്ളത് കേരള ജനത കേട്ടിട്ടുള്ളതാണെന്നും പറഞ്ഞു.
മേതിൽ ദേവിക എന്ന വനിത അനുഭവിച്ച ദുരവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യാതിരിക്കാൻ കഴിയില്ലെന്നും തെരഞ്ഞെടുപ്പ് കാലത്ത് മേതില്‍ ദേവിക നിശബ്ദമായിരുന്നത് അവരുടെ സ്വഭാവത്തിലെ കുലീനത വെളിവാക്കുന്നതായിരുന്നു എന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് മുകേഷിന് എതിരെ ഒരു വാക്ക് കൊണ്ടു പോലും എതിരഭിപ്രായം പറയാൻ അവർ തയ്യാറായില്ല. ഭാര്യ എന്ന നിലയിൽ മുകേഷിനെ അത്രത്തോളം സംരക്ഷിച്ച ഒരു വ്യക്തിയെയാണ് അദ്ദേഹം വളരെ മോശമായ രീതിയിൽ കൈകാര്യം ചെയ്തിരിക്കുന്നത്.
മുന്‍ ഭാര്യ സരിതയുടെ കാര്യത്തില്‍ തന്നെ മുകേഷിന്റെ സ്ത്രീകളോടുള്ള പെരുമാറ്റം ചര്‍ച്ച ചെയ്യപ്പെട്ടതാണ്. എന്നാല്‍ അപ്പോഴെല്ലാം മുകേഷിന് സംരക്ഷണ കവചം ഒരുക്കി വെള്ളപൂശിയത് ഇടതുപക്ഷമാണെന്ന് ബിന്ദു കൃഷ്ണ കുറ്റപ്പെടുത്തി. സ്ത്രീ സംരക്ഷണത്തെക്കുറിച്ച് വായതോരാതെ സംസാരിക്കുന്ന ഇടതുപക്ഷ സർക്കാർ മുകേഷിന് എതിരെ നിയമനടപടികൾ സ്വീകരിക്കാൻ തയ്യാറാകണമെന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പില്‍ മുകേഷിന്റെ കുടുംബപ്രശ്നം യുഡിഎഫ് തെരഞ്ഞെടുപ്പ് ആയുധം ആക്കാതിരുന്നതും മേതില്‍ ദേവിക ഒന്നും പറയാന്‍ കൂട്ടാക്കാതിരുന്നതും സ്ത്രീകളുടെ കഴിവുകേടല്ല എന്ന് മനസ്സിലാക്കാൻ എം.മുകേഷിന് കഴിയാതെപോയി എന്നും പറയുന്നു. ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ ശരിയാണെങ്കിൽ എം.മുകേഷിന് എതിരെ ഗാർഹിക പീഡനത്തിന് കേസ് എടുക്കാൻ സംസ്ഥാന പൊലീസ് വകുപ്പ് തയ്യാറാകണം. ജനപ്രതിനിധി കൂടിയായ മുകേഷിന് എതിരെ സ്വമേധയാ കേസ് എടുക്കാൻ സംസ്ഥാന വനിതാ കമ്മീഷനും തയ്യാറാകണമെന്നും പറഞ്ഞു.
തനിക്കെതിരെ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത് തന്നെ അസത്യ പ്രചരണങ്ങൾകൊണ്ടാണ്. പച്ചക്കള്ളങ്ങൾ മാത്രം പറഞ്ഞും പ്രചരിപ്പിച്ചും അത് ജനങ്ങളെ അഭിനയിച്ച് വിശ്വസിപ്പിച്ചും അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിട്ടു. എം.മുകേഷിനെതിരെ അസത്യ പ്രചരണങ്ങൾ നടത്താനോ അദ്ദേഹത്തിന്റെ വാസ്തവ വിരുദ്ധമായ പ്രചരണങ്ങൾക്ക് മറുപടി പറയാനോ ഞങ്ങൾ ശ്രമിച്ചിരുന്നില്ല എന്നും പറയുന്നു.
മെട്രിസ് ഫിലിപ്പ്
മനുഷ്യ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടം അവരുടെ യൗവനകാലഘട്ടമാണ്. 15 വയസ്സ് മുതൽ 30വയസ് വരെ നീണ്ടുനിൽക്കുന്ന അതി സുന്ദരമായ വർഷങ്ങൾ. ആ സമയങ്ങളിൽ നേടുന്ന വിദ്യാഭ്യാസവും, അറിവും, പരിശീലനങ്ങളും, കൂട്ടുകെട്ടും, മാതാപിതാക്കളുമൊത്തുള്ള ജീവിതവും, കുടുംബവും എല്ലാം ഒത്തുചേർന്ന്, അവർക്കു ലഭിക്കുന്ന ആ വലിയ അനുഭവസമ്പത്തുകൊണ്ടാണ്, പിന്നീട് ഉള്ള അവരുടെ ജീവിതം സന്തോഷകരമായി തീരുന്നത്. അപ്പോൾ ലഭിക്കുന്ന ഓർമ്മകളെ താലോലിച്ചുകൊണ്ട്, 50 ലും 60കളിലും, സഞ്ചരിക്കുമ്പോൾ അവർ പറയും, ഹൊ, എന്റെ യൗവനകാലഘട്ടമെത്ര രസമായിരുന്നു. അന്ന് ചെയ്ത കുസൃതികൾ ഓർത്തു ചിരിക്കും.
പ്രിയമുള്ളവരെ, ഇപ്പോൾ 40ന് മുകളിലോട്ട് ഉള്ളവർ ഒന്ന് ചിന്തിച്ചേ, തങ്ങളുടെ ആ പഴയ യൗവനകാലഘട്ടത്തെകുറിച്ച്. ജീവിതത്തിൽ, ഇപ്പോൾ നമ്മൾ ഓരോരുത്തരും വ്യത്യസ്ത ചുറ്റുപാടുകളിൽ ജീവിക്കുന്നവർ ആവാം,എങ്കിലും, ആ പഴയ കാലഘട്ടമെല്ലാവർക്കും, ഏതാണ്ട് ഒരുപോലെ ആയിരിക്കും.
ജനിച്ചാൽ മരിക്കും, അത് പ്രകൃതിയുടെ നിയമം ആണ്. എല്ലാ ജീവജാലങ്ങൾക്കും, സസ്യങ്ങൾക്കും എല്ലാം എല്ലാം ആ പ്രതിഭാസം ഉണ്ട് താനും. ഏതു ജീവജാലങ്ങൾക്കും, കരുത്തുള്ള വളർച്ചയുടെ സമയത്ത് നല്ല ഫുഡും, നല്ല അറിവും കൊടുത്താൽ, അവരുടെ മുന്നോട്ടുള്ള ജീവിതം സുന്ദരമാകും.
നാട്ടുരീതികൾ അനുസരിച്ച്, 12th പഠിച്ചതിന് ശേഷം,മാതാപിതാക്കൾ 3-4 വർഷങ്ങൾകൊണ്ട് അവരെ തൊഴിൽ അധിഷ്ഠിത കോഴ്സ് പഠിപ്പിച്ച് ഒരു ജോലിക്കാരാക്കി തീർക്കും. 21/23 വയസ്സിനുള്ളിൽ, ഒരു ജോലി അവർ നേടും. പിന്നെ ഈ പറഞ്ഞവർ ജോലിതിരക്കായി. ജീവിതത്തിന്റെ മറ്റ് enjoyments എല്ലാം മാറ്റിവെച്ചുകൊണ്ട് തന്റെ ജോലിയിൽ അവർ മുഴുകുന്നു. പണം സമ്പാദിക്കുന്നു. പിന്നെ ഒരു വിവാഹം ആണ് ലക്ഷ്യം.
ആധുനിക യുഗത്തിൽ ഒരു ജോലി ലഭിക്കുക എന്നതാണ് ഏറ്റവും പ്രദാനം. അതുകൊണ്ട് തന്നെ നഴ്സിംഗ്, മെഡിക്കൽ കോഴ്സസ്, ഐറ്റി IT കോഴ് സുകൾക്കാണ് കൂടുതലായി ചൂസ് ചെയ്യപ്പെടുന്നത്. അവ പഠിച്ചിറങ്ങിയാൽ ഉടൻ തന്നെ ജോലി ലഭിക്കും, കൂടാതെ വിദേശത്തേയ്ക്കും പറക്കാം.
ഒരു വ്യക്തിയുടെ 30 വയസിന് മുന്നേ തന്നെ വിവാഹം ചെയ്തു കുടുംബജീവിതം തുടങ്ങും. പിന്നെ കുട്ടികൾ ആയി. ഒരു വീട് ഉണ്ടാക്കണം, കുട്ടികളെ പഠിപ്പിക്കണം. അങ്ങനെ ഭാര്യയും ഭർത്താവും ഒന്ന് ചേർന്ന് കുടുംബത്തെ സംരക്ഷിക്കുന്നു. വിദേശത്തുള്ളവരിൽ, ഭാര്യ മിക്കവാറൂം നൈറ്റ് ഷിഫ്റ്റ് ആയിരിക്കും. രാവിലെ, അങ്ങകലെ ഭാര്യയുടെ കാർ കണ്ട്, ഉടനെ ഭർത്താവ് മറ്റൊരു കാറിൽ ജോലിക്കു പോകുന്നു. അങ്ങനെ അങ്ങനെ അവരുടെ ജീവിതചക്രം 50/60 ലും എത്തുമ്പോഴേക്കും, അവരൊക്കെ എന്തെങ്കിലും ഒക്കെ രോഗം പിടിപെടും. മക്കൾ ഒക്കെ മാര്യേജ് ചെയ്ത് വിട്ട് കഴിഞ്ഞു ഒന്ന് റെസ്റ്റ് ചെയ്യാം എന്ന് വിചാരിക്കുമ്പോഴേയ്ക്കും, ഇവർ അവശരായിരിക്കും. സമ്പാദിച്ചു കൂട്ടിയ പണം എല്ലാം കണ്ട് സന്തോഷിക്കാം എന്നല്ലാതെ, മറ്റൊന്നും ചെയ്യാൻ സാധിക്കാതെ ഇരിക്കുന്ന എത്രയോ ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്.
അതിനാൽ ചെറുപ്പകാലത്തു മാക്സിമം എൻജോയ് ചെയ്യുവാൻ കുട്ടികൾ ശ്രദ്ധിക്കുക. പഠിക്കാൻ സാധിക്കുന്നിടത്തോളം പുതിയ പുതിയ കോഴ് സുകൾ ചെയ്യുക. പ്ലസ് 2 കഴിഞ്ഞു ഡിഗ്രി പഠിക്കുക. തുടർന്ന് യൂണിവേഴ്സിറ്റിയിൽ പോയി പഠിക്കുക. കൂടുതൽ അറിവ് നേടുന്നതിനൊപ്പം, നല്ല ഫ്രണ്ട്‌സിനെകൂടി നേടുക. അവരോടൊപ്പം യാത്രകൾ ചെയ്യുക. നല്ലതും ചീത്തയും ആയ അനുഭവങ്ങൾ ഉണ്ടായാൽ മാത്രമേ അതിൽ നിന്നും നന്മ തിന്മകളെ വേർതിരിച്ചെടുക്കാൻ കഴിയൂ .
ഈ കോവിഡ് കാലം ഒരുപാട് കാര്യങ്ങൾ നമ്മൾ പഠിച്ചു. കെട്ടിപൊക്കിയ സ്വപ്‍നങ്ങൾ എല്ലാം തകർന്നു വീണില്ലേ. 40/50/60 കളിലൊക്കെ ഉള്ളവർ ഇപ്പോൾ യൗവന കാലഘട്ട ഓർമ്മകൾ താലോലിച്ചുകൊണ്ട് ജീവിതം മുന്നോട്ട് പോകുന്നു. ഇനിയും ഉള്ള കാലം നന്മകൾ ചെയ്ത്, ഉള്ളത് കൊണ്ട് അടിപൊളി ആയി ജീവിക്കാം. Life is beautiful എന്ന് ഉറക്കെ പറയാം.
യൂറോപ്യന്‍ രാജ്യമായ നോര്‍വെയില്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ടത് വമ്പന്‍ തീഗോളം. നോര്‍വേയുടെ തലസ്ഥാന നഗരമായ ഓസ്‌ലോയുടെ ആകാശത്ത് വലിയ ശബ്ദത്തോടെയാണ് തീഗോളം പ്രത്യക്ഷപ്പെട്ടത്. ഒരു വമ്പന്‍ ഉല്‍ക്കയാണ് നോര്‍വെയെ വിറപ്പിച്ച ഈ സംഭവത്തിനു പിന്നില്‍.
ഞായറാഴ്ച രാത്രി ഒരു മണിയോടെയാണ് ഉല്‍ക്ക പ്രത്യക്ഷപ്പെട്ടത്. രാജ്യത്തിന്റെ വടക്കന്‍ മേഖലയായ ട്രോണ്ടെം വരെ ഈ ദൃശ്യം കാണാന്‍ സാധിച്ചതായാണു റിപ്പോര്‍ട്ടുകള്‍. സെക്കന്‍ഡില്‍ 20 കിലോമീറ്റര്‍ വേഗത്തില്‍ വന്ന ഉല്‍ക്ക പൊട്ടിത്തെറിച്ച പാടെ ഒരു വലിയ കൊടുങ്കാറ്റും സൃഷ്ടിച്ചു. എന്നാല്‍ ഇത് അധികസമയം നീണ്ടു നിന്നില്ല.ഇതേത്തുടര്‍ന്ന് രാജ്യത്ത് വലിയ ആശങ്ക ഉടലെടുത്തു. പൊലീസ് സ്‌റ്റേഷനുകളിലേക്ക് ലക്ഷക്കണക്കിന് എമര്‍ജന്‍സി ഫോണ്‍വിളികളാണ് എത്തിയത്.
സംഭവത്തില്‍ അത്യാഹിതങ്ങളോ അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ഉല്‍ക്ക പൂര്‍ണമായും കത്തിത്തീര്‍ന്നിരുന്നില്ലെന്നും ഇതിന്റെ ഒരു ഭാഗം ഭൂമിയില്‍ പതിച്ചെന്നുമാണു വിവരം. ഓസ്‌ലോ നഗരത്തിനു 60 കിലോമീറ്റര്‍ പടിഞ്ഞാറു സ്ഥിതി ചെയ്യുന്ന ഫിന്നമാര്‍ക്ക എന്ന വനമേഖലയിലാണ് ഉല്‍ക്ക വീണതെന്നാണു കരുതപ്പെടുന്നത്.
ഗ്രഹങ്ങളായ ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയ്ക്കുള്ള ഛിന്നഗ്രഹമേഖലയില്‍ നിന്നാണ് ഉല്‍ക്ക വന്നതെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു.10 കിലോഗ്രാം ഭാരം ഇതിനുണ്ടാകുമെന്നു കരുതുന്നു.
An “unusually large meteor” briefly lit up southern Norway on Sunday, creating a spectacular sound and light display as it rumbled across the sky, and a bit of it may have hit Earth, possibly not far from the capital, Oslo, experts said. – Reuters pic.twitter.com/KmEscPW3p3
— 💫Queen of 1️⃣7️⃣ (Post Apocalypse)🥃❤️🇺🇲✝️ (@AreYouAwaQe) July 25, 2021
മുകേഷിനോട് തനിക്ക് ഒരു വ്യക്തിവൈരാഗ്യവുമില്ലെന്ന് നര്‍ത്തകി മേതില്‍ ദേവിക. വിവാഹബന്ധം വേര്‍പെടുത്താനുള്ള തീരുമാനത്തോടാണ് ദേവികയുടെ പ്രതികരണം. തിരഞ്ഞെടുപ്പ് വരെ കാത്തു. അത് കഴിഞ്ഞ ഉടനെ അഭിഭാഷകനെ കണ്ടു. മുകേഷിന്‍റെ കുടുംബത്തോട് എനിക്ക് പ്രശ്നമില്ല. മുകേഷിനോടും പ്രശ്നമില്ല. കഴിഞ്ഞ ദിവസവും എന്നെ വിളിച്ചിരുന്നു. പുറത്തു കേള്‍ക്കുന്ന ഗോസിപ്പുകള്‍ ശരിയല്ലന്നും ദേവിക പറഞ്ഞു.
രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോള്‍ തന്നെ അതിന്‍റെ വരുംവരായ്കകള്‍ അദ്ദേഹം തന്നെ അനുഭവിക്കണം എന്ന് പറഞ്ഞിരുന്നു. ഞാന്‍ മനസ്സിലാക്കിയടത്തോളം അദ്ദേഹം നല്ല മനുഷ്യനാണ്. സ്നേഹിക്കാനൊക്കെ അറിയാവുന്ന മനുഷ്യനാണ്. രാഷ്ട്രീയത്തിലെ വിവാദങ്ങളെല്ലാം അദ്ദേഹം തന്നെ വരുത്തിവച്ചതാണ്. അത് തിരുത്താനൊന്നും അദ്ദേഹം തയാറല്ല.
ജീവിതത്തില്‍ അദ്ദേഹം നല്ല ഭര്‍ത്താവായിരുന്നില്ല. കുടുംബജീവിതം നല്ല രീതിയില്‍ കൊണ്ടുപോകാനായില്ല. എട്ടുവര്‍ഷം ഒരുമിച്ച് ജീവിച്ചിട്ടും അദ്ദേഹത്തെ എനിക്ക് മനസ്സിലാക്കാന്‍ പറ്റിയില്ല. ഇനി മനസ്സിലാക്കാന്‍ പറ്റുമെന്നും തോന്നുന്നില്ല. അതുകൊണ്ടാണ് ഈ തീരുമാനം– അവര്‍ പറഞ്ഞു. രണ്ട് പേരുടെ ആശയങ്ങള്‍ തമ്മില്‍ യോജിച്ച് പോകുന്ന സാഹചര്യമല്ല എന്ന് തോന്നിയതിനാലാണ് മുകേഷുമായുള്ള വിവാഹബന്ധം പിരിയുന്നതെന്നും മേതില്‍ ദേവിക. അതുകൊണ്ട് തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ വക്കീല്‍ നോട്ടീസയച്ചു. എറണാകുളത്ത അഭിഭാഷകന്‍ വഴിയാണ് നോട്ടീസ് അയച്ചത്. കല്ല്യാണം നടന്നതും അവിടെവച്ചാണ്. ഒന്നും വാങ്ങിയെടുക്കാനല്ല ഇത്. അങ്ങനെ ഒരു ഉദ്ദേശവുമില്ല. ഇനി നാളെ വേര്‍പിരിഞ്ഞാലും നല്ല സുഹൃത്തായി തുടരും– അവര്‍ കൂട്ടിച്ചേര്‍ത്തു.
യുകെയിൽ ട്രാഫിക് ലൈറ്റ് സംവിധാനത്തിലെ ആംബർ ലിസ്റ്റിൽ നിന്ന് ഫ്രാൻസിനെ മാറ്റാൻ നീക്കം. അടുത്തയാഴ്ച നടക്കാനിരിക്കുന്ന കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച അവലോകനത്തിൽ ഫ്രാൻസിൽ നിന്നുള്ള യാത്രാ ചട്ടങ്ങൾ പുതുക്കുമെന്നാണ് സൂചന. ഫ്രാൻസിൽ ബീറ്റ വേരിയൻറ് ഭീഷണി നിയന്ത്രണ വിധേയമായതായി ബ്രിട്ടീഷ് സർക്കാർ സ്ഥിരീകരിച്ചു.
കൂടാതെ കേസ് നിരക്കിൽ വർദ്ധനയുണ്ടെങ്കിലും ഗ്രീസിനെയും സ്‌പെയിനിനെയും ആംബർ പ്ലസ് പട്ടികയിൽ ഉൾപ്പെടുത്താൻ സാധ്യതയില്ലെന്നാണ് സൂചന. ഓഗസ്റ്റ് 5 ന് ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കും. നിലവിൽ ഫ്രാൻസിൽ നിന്ന് മടങ്ങിയെത്തുന്ന രണ്ട് ഡോസ് വാക്സിനും എടുത്തവർ പത്തുദിവസം വരെ ക്വാറന്റൈനിൽ കഴിയണം. എന്നാൽ രാജ്യം ആംബർ പ്ലസ് പട്ടികയിൽ നിന്ന് ആംബറിലേക്ക് മാറുമ്പോൾ ഈ നിബന്ധനയിൽ നിന്ന് യാത്രക്കാർക്ക് രക്ഷപ്പെടാം.
അതേസമയം ബ്രിട്ടനിൽ രൂക്ഷ വ്യാപനമുള്ള ഡെൽറ്റ വേരിയന്റ് യൂറോപ്പിലെ ബീറ്റ വേരിയന്റിനേക്കാൾ വേഗത്തിൽ പടരുകയാണെന്നും വരും ആഴ്ചകളിൽ ഇത് വീണ്ടും ഉയരുമെന്നും വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. സ്പെയിനിൽ ആശങ്ക പടർത്തുന്നതും കൂടുതൽ വാക്സിൻ പ്രതിരോധ ശേഷിയുമുള്ള ബീറ്റ അഥവാ ദക്ഷിണാഫ്രിക്കൻ വേരിയന്റ് ബ്രിട്ടനിൽ അത്ര പ്രബലമല്ല.
കഴിഞ്ഞ നാല് ആഴ്ചയ്ക്കിടെ ഫ്രാൻസിലെ 3.7 ശതമാനം കേസുകളും ബീറ്റ വേരിയന്റ് മൂലമാണ്. സ്പെയിനിൽ ഇത് 6.9 ശതമാനമാണ്. ഫ്രാൻസിലും കരീബിയൻ പ്രദേശങ്ങളിലെ മാർട്ടിനിക്, ഗ്വാഡലൂപ്പ് ദ്വീപുകൾ, ഇന്ത്യൻ മഹാസമുദ്രത്തിലെ റീയൂണിയൻ എന്നിവ ഉൾപ്പെടുന്ന മേഖല എന്നിവിടങ്ങളിൽ ബീറ്റയുടെ വ്യാപനവും ആംബർ ലിസ്റ്റ് പുതുക്കാാനൊരുങ്ങുന്ന യുകെ സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്.
അതിനിടെ ഇംഗ്ലണ്ടിൽ അതിശക്തമായ മഴ പെയ്തിറങ്ങിയതോടെ തലസ്ഥാന നഗരമായ ലണ്ടനിലെ റോഡുകളും വീടുകളും ട്യൂബ് സ്റ്റേഷനുകളും വെള്ളത്തില്‍ മുങ്ങി. ഇടിമിന്നലോട് കൂടിയ കൂടുതല്‍ മഴയാണ് രാജ്യത്തെ കാത്തിരിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലണ്ടനിലും ഏതാനും ഹോം കൗണ്ടികള്‍ക്കും കൊടുങ്കാറ്റിന് സാധ്യതയുള്ള ആംബര്‍ മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് നൽകിയിരിക്കുന്നത്.
നോര്‍വിച്ച് മുതല്‍ പ്ലൈമൗത്ത് വരെയുള്ള മേഖലകള്‍ക്ക് ഗതാഗത തടസ്സവും, വൈദ്യുതി തകരാറിനും കാരണമാകുന്ന കൊടുങ്കാറ്റിന് സാധ്യതയുള്ളതിനാല്‍ യെല്ലോ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ ഇത് ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്.
ഈസ്റ്റ് ലണ്ടനിലെ ന്യൂഹാം ഹോസ്പിറ്റലിന്റെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളുടെ ചില ഭാഗങ്ങളിൽ വെള്ളം കയറിയതിനാൽ ചികിത്സ ആവശ്യമുള്ളവര്‍ മറ്റേതെങ്കിലും ആശുപത്രിയില്‍ പോകാൻ അധികൃതർ ആവശ്യപ്പെട്ടു. വിപ്‌സ് ക്രോസ് ഹോസ്പിറ്റല്‍, ന്യൂഹാം ഹോസ്പിറ്റല്‍ എന്നിവിടങ്ങളിളും കനത്ത മഴയില്‍ പ്രശ്‌നങ്ങള്‍ തുടരുന്നതായി ബാര്‍ത്സ് ഹെല്‍ത്ത് എന്‍എച്ച്എസ് ട്രസ്റ്റ് അറിയിച്ചു.