ചൂണ്ടിയിടുന്നതിനിടെ പോലീസിനെ കണ്ട് കായലിലേയ്ക്ക് എടുത്ത് ചാടിയ യുവാവ് മുങ്ങി മരിച്ചു. കടവൂര്‍ കെപി നിവാസില്‍ പരേതനായ പ്രഭാകരന്‍പിള്ളയുടെ മകനും ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ കോച്ചുമായ പ്രവീണ്‍ ആണ് മരിച്ചത്. 41 വയസായിരുന്നു.
ഇന്നലെ 11 മണിയോടെ കൊല്ലം ബൈപാസില്‍ നീരാവില്‍ പാലത്തിനു താഴെ ലോക്ഡൗണ്‍ ലംഘിച്ച് ചൂണ്ടയിടലും ചീട്ടുകളിയും നടക്കുന്നുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഞ്ചാലുംമൂട് പോലീസ് എത്തി പരിശോധന നടത്തവെയാണ് യുവാവ് കായലിലേയ്ക്ക് എടുത്ത് ചാടിയത്. സ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവര്‍ ചിതറിയോടുകയും ചെയ്തു.
കായലിലേയ്ക്ക് ചാടിയ പ്രവീണിനോട് തിരിച്ചുകയറാന്‍ പോലീസ് നിര്‍ദേശിച്ചെങ്കിലും പ്രവീണ്‍ മറുകര ലക്ഷ്യമാക്കി നീന്തി. എന്നാല്‍, ലക്ഷ്യത്തിലെത്തും മുന്‍പ് കൈകാലുകള്‍ കുഴഞ്ഞ് മുങ്ങിത്താഴുകയായിരുന്നു. കരയ്ക്കുണ്ടായിരുന്നവര്‍ മതിലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അമ്മ: രത്‌നമ്മയമ്മ. സഹോദരങ്ങള്‍: പ്രീത, പ്രജീഷ്.
അർജുന ജേതാവായ ടേബിൾ ടെന്നിസ് താരം വി ചന്ദ്രശേഖർ അന്തരിച്ചു. 64 വയസ്സായിരുന്നു. ചെന്നൈയിലെ ഒരു ആശുപത്രിയിൽ കൊവിഡ് ചികിത്സക്കിടെയായിരുന്നു അന്ത്യം. മൂന്ന് തവണ ദേശീയ ചാമ്പ്യനായ ആളാണ് ചന്ദ്രശേഖർ. 1982ലെ കോമൺവെൽത്ത് ഗെയിംസിൽ അദ്ദേഹം സെമിഫൈനലിൽ പ്രവേശിച്ചിരുന്നു. 84ൽ കാല്മുട്ടിനേറ്റ പരുക്കിനെ തുടർന്ന് അദ്ദേഹത്തിൻ്റെ കരിയർ പാതിവഴിയിൽ അവസാനിച്ചിരുന്നു. പിന്നീട്, പരിശീലകനായി അദ്ദേഹം കളിക്കളത്തിലേക്ക് തിരികെയെത്തിയിരുന്നു.
ഭർത്താവുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു മരണം ഷെല്ലുകളുടെ രൂപത്തിൽ സൗമ്യയുടെ ജീവൻ കവർന്നത്. ഭർത്താവ് സന്തോഷ് തന്നെയാണ് നിറകണ്ണുകളോടെ ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
സംസാരിക്കുന്നതിനിടെ പെട്ടെന്നാണ് ഫോണ്‍ ഡിസ്കണക്ടായത്. വീണ്ടും വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. ഉടന്‍ തന്നെ സമീപത്തുള്ള ബന്ധുവിനെ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് സംഭവം അറിയുന്നതെന്ന് സന്തോഷ് പറഞ്ഞു.
ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് ഇടുക്കി കീഴിത്തോട് സ്വദേശി സൗമ്യ സന്തോഷ്(31) ഇസ്രയേലിൽ കൊല്ലപ്പെട്ടത്. കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഏഴ് വര്‍ഷമായി സൗമ്യ ഇസ്രയേലില്‍ ജോലി ചെയ്തു വരികയാണ്. ആക്രമണത്തിൽ ഇസ്രായേൽ സ്വദേശിയായ ഒരു യുവതിയും കൊല്ലപ്പെട്ടിട്ടുണ്ട്.
കാനറാ ബാങ്ക് ശാഖയില്‍ ജീവനക്കാരന്റെ കോടികളുടെ തട്ടിപ്പ്. കൊല്ലം സ്വദേശി വിജീഷാണ് വിവിധ അക്കൗണ്ടുകളില്‍നിന്ന് പണം തട്ടിയെടുത്തത്. ഏകദേശം 8.13 കോടി രൂപ നഷ്ടമായതായാണ് വിവരം. വിവിധ സമയങ്ങളിലായി പണം നഷ്ടമായതിനെ തുടര്‍ന്നു ബാങ്ക് നടത്തിയ ഓഡിറ്റിംഗിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
കംപ്യൂട്ടറുകള്‍ ദുരുപയോഗം ചെയ്തായിരുന്നു തട്ടിപ്പ്. സംഭവത്തില്‍ മാനേജര്‍ അടക്കം അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്‍ഡു ചെയ്തു. വിജീഷിനു വേണ്ടി പോലീസ് അന്വേഷണം ശക്തമാക്കി.
ബി.1.167 കോവിഡ് വൈറസ് വകഭേദത്തെ ഇന്ത്യന്‍ വകഭേദം എന്ന് വിളിക്കുന്നതിനെതിരേ കേന്ദ്ര സർക്കാർ. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) റിപ്പോര്‍ട്ടില്‍ വൈറസിനെ ഇന്ത്യന്‍ വകഭേദം എന്ന് ഉപയോഗിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ഇന്ത്യയിൽ കണ്ടെത്തിയ ബി.1617 വകഭേദം ആഗോളതലത്തിൽ ആശങ്കയുണ്ടാക്കുന്നതായി കഴിഞ്ഞ ദിവസം ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കിയിരുന്നു. എന്നാൽ ചില മാധ്യമങ്ങള്‍ ഇന്ത്യന്‍ വകഭേദമെന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. ഇതിനെതിരേയാണ് കേന്ദ്രം രംഗത്തെത്തിയത്.
ഇപ്പോൾ 44 രാജ്യങ്ങളിൽ ഈ വകഭേദം ഇതിനകം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഇന്ത്യയ്ക്ക് പുറത്ത് ഈ വകഭേദം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ബ്രിട്ടനിലാണ്. വൈറസിന് വ്യാപനശേഷി കൂടുതലുണ്ടെന്നാണ് കണ്ടെത്തൽ.
കൊല്ലം കുണ്ടറയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. മൺറോതുരുത്ത് സ്വദേശി എഡ്‌വേർഡിന്റെ ഭാര്യ വർഷ (26) മക്കളായ അലൻ (2 വയസ്), ആരവ് ( മൂന്നു മാസം) എന്നിവരാണ് മരിച്ചത്. എഡ്വേർഡിനെ ഗുരുതരാവസ്ഥയിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആറു വയസുകാരിയായ മൂത്ത മകൾ രക്ഷപ്പെട്ടു. ഭാര്യയ്ക്കും മക്കൾക്കും വിഷം കൊടുത്ത ശേഷം എഡ്വേർഡ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നു സംശയം
നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ പരാജയത്തിന് പിന്നാലെ ബി.ജെ.പി കേരള ഘടകത്തിൽ കലാപക്കൊടി ഉയരുന്നു. ബി.ജെ.പി ജില്ലാ നേതൃയോഗത്തിൽ നിന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ ഇറങ്ങി പോയി.ബിജെപി സംസ്ഥാന നേതൃത്വം പരാജയമെന്നും കേന്ദ്രമന്ത്രിയെക്കൊണ്ട് പാർടിക്ക് ഗുണമില്ലെന്നും ചൊവ്വാഴ്ച ചേർന്ന യോഗത്തിൽ ജില്ലാ ഭാരവാഹികൾ കൂട്ടത്തോടെ വിമർശിച്ചു.
ഇതോടെ ഓൺലൈൻ യോഗത്തിൽ നിന്നും വി. മുരളീധരൻ സംസാരിക്കാൻ പോലും തയ്യാറാവാതെ ലെഫ്റ്റ് അടിക്കുകയായിരുന്നു.സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും മുരളീധരനുമാണ് തോൽവിയുടെ ഉത്തരവാദികളെന്നാണ് കോഴിക്കോട് ജില്ലയിലെ ഭൂരിഭാഗം ഭാരവാഹികളുടെയും വിലയിരുത്തൽ.
കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ചേർന്ന ബിജെപി അവലോകന യോഗത്തിലും വാക്‌പോരുണ്ടായിരുന്നു.
കള്ളപ്പണക്കേസിൽ ജയിൽ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
അസുഖ ബാധിതനായ പിതാവ് കോടിയേരി ബാലകൃഷ്ണനെ പരിചരിക്കാൻ നാട്ടിലേക്ക് മടങ്ങണമെന്നാണ് ഹർജിയിലെ ആവശ്യം. കഴിഞ്ഞ ആഴ്ചയാണ് ബിനീഷ് ഹർജി സമർപ്പിച്ചത്.
ബിനീഷിന് ഇടക്കാല ജാമ്യം അനുവദിക്കുന്നതിനെ കുറിച്ച് കോടതി ആരാഞ്ഞിരുന്നു. ഇതിൽ ഇഡിയുടെ വാദം കോടതി ഇന്ന് കേൾക്കും.
ഉത്തരാഖണ്ഡിലെ ദേവപ്രയാഗില്‍ മേഘവിസ്ഫോടനം. റോഡുകള്‍ ഒലിച്ചുപോയതായും നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നതായും അധികൃതര്‍ അറിയിച്ചു.
ദെഹ്റാഡൂണില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ ചൊവ്വാഴ്ച വൈകുന്നേരമാണ് മേഘവിസ്ഫോടനമുണ്ടായത്. നദിയിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ പ്രദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി. ഇതുവരെ ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സംസ്ഥാന ദുരന്തനിവാരണ സേനാംഗങ്ങള്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഉത്തരാഖണ്ഡ് പോലീസ് മേധാവി അശോക് കുമാറിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ തുടരുന്നതിനാല്‍ ആളുകള്‍ പൊതുനിരത്തില്‍ ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കാന്‍ കാരണമായെന്ന് ഡിജിപി അശോക് കുമാര്‍ പറഞ്ഞു.
വളരെ കുറച്ച് സമയംകൊണ്ട് ഒരുപ്രദേശത്ത് പെയ്തിറങ്ങുന്ന അതിശക്തമായ മഴയാണ് മേഘവിസ്ഫോടനം. വെള്ളപ്പൊക്കത്തിന് കാരണമാകുന്ന ഈ പ്രതിഭാസം ജനജീവിതത്തെ കാര്യമായി ബാധിക്കുന്നു
ജനിതക വകഭേദം വന്ന ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ കോവിഡ് വൈറസിനെ ചൊല്ലി ആഗോളതലത്തിൽ ഉത്കണ്ഠ ഏറുകയാണെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ). ബി.1.617 വകഭേദം ആഗോള ഉത്കണ്ഠയാണെന്നും വകഭേദത്തിന്റെ വർധിച്ച രോഗവ്യാപനത്തെക്കുറിച്ച് ഗവേഷകർക്ക് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ പ്രതികരണം.
അതിനാൽ ആഗോളതലത്തിൽ ആശങ്കപ്പെടേണ്ട വകഭേദമായി ബി.1.617നെ വിലയിരുത്തിയെന്നും സംഘടനയിലെ കോവിഡ് സാങ്കേതിക വിഭാഗം മേധാവി മരിയ വാൻ കേർഖോവ് പറഞ്ഞു.
ഇതുവരെ കണ്ടെത്തിയ സാധാരണ കോവിഡ് വൈറസുകളെക്കാൾ അപകടകരവും വാക്‌സിൻ സുരക്ഷയെ മറികടക്കാനിടയുള്ളതുമാണ് ഇന്ത്യയിലെ വകഭേദം എന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. നേരത്തെ, ഇന്ത്യയിൽ പടരുന്ന വകഭേദത്തെക്കുറിച്ച് ഇത്തരമൊരു മുന്നറിയിപ്പ് ഡബ്ല്യുഎച്ച്ഒ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥനും നൽകിയിരുന്നു. രോഗലക്ഷണങ്ങൾ ഇതിലേക്കു വിരൽചൂണ്ടുന്നതായും അവർ അഭിപ്രായപ്പെട്ടു.
ഡബ്ല്യുഎച്ച്ഒ ആഗോള ഉത്കണ്ഠയായി തരംതിരിക്കുന്ന നാലാമത്തെ വകഭേദമാണിത്. കഴിഞ്ഞമാസം ഒക്ടോബറിലാണ് ബി.1.617 വൈറസുകളെ ആദ്യമായി കണ്ടെത്തിയത്. 20ഓളം രാജ്യങ്ങളിൽ ഇവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. ബി.1.617ന്റെ മൂന്ന് വകഭേദങ്ങളും ഇതുവരെ ഇന്ത്യയിൽ കണ്ടെത്തി. ബി.1.617.1, ബി.1.617.2, ബി.1.617.3 എന്നിവയാണവ. ഏറ്റവും രോഗവ്യാപനമുണ്ടായ മഹാരാഷ്ട്രയിലെ 50 ശതമാനം പേരെയും ബാധിച്ചത് ഇന്ത്യൻ വകഭേദമാണെന്നാണ് കണ്ടെത്തൽ.