മോഹന്‍ലാല്‍ കാര്‍ റേസറായി അഭിനയിച്ച നടക്കാതെ പോയ സിനിമയെ കുറിച്ച് സംവിധായകന്‍ രാജീവ് അഞ്ചല്‍. സ്‌പോര്‍ട്‌സ് ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ പേര് ‘ഓസ്‌ട്രേലിയ’ എന്നായിരുന്നു. അക്കാലത്ത് പ്രധാനമായും കാര്‍ റേസ് നടക്കുന്ന ശ്രീ പെരുമ്പത്തൂരാണ് ഓസ്‌ട്രേലിയയുടെ ചിത്രീകരണം നടത്തിയത്.
റിസ്‌കി ഷോട്ടുകള്‍ ചിത്രീകരിക്കാന്‍ താല്‍പര്യമുള്ള ജെ വില്യംസ് ആയിരുന്നു ഛായാഗ്രാഹകന്‍. വേറിട്ട ലുക്കിലായിരുന്നു മോഹന്‍ലാല്‍ ആ രംഗങ്ങളില്‍ അഭിനയിച്ചത്. കാര്‍ റേസില്‍ ഭ്രാന്ത് പിടിച്ച നായകനായി മോഹന്‍ലാല്‍ എത്തിയപ്പോള്‍ റേസിംഗില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന കാമുകിയാണ് നായികയായി എത്തിയത്.
കാമുകിയുടെ ഭയം മാറാന്‍ നായകന്‍ കാര്‍ വേഗത്തില്‍ ഓടിക്കുകയും അപകടം ഉണ്ടാവുകയും ചെയ്യുന്നുണ്ട് എന്നാണ് സംവിധായകന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ഓസ്‌ട്രേലിയ നടന്നില്ലെങ്കിലും അതിലെ രംഗങ്ങള്‍ ബട്ടര്‍ഫ്‌ളൈസ് എന്ന ചിത്രത്തിന് ഉപയോഗിച്ചെന്നും സംവിധായകന്‍ വ്യക്തമാക്കി.
ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഒരു കാര്‍ ഒക്കെ ഡിസൈന്‍ ചെയ്തിരുന്നു. നായകന്റെ വര്‍ക്ക്‌ഷോപ്പും ഉണ്ടായിരുന്നു. ആ രംഗങ്ങളും ചിത്രീകരിച്ചു. എന്നാല്‍ സിനിമ ഉപേക്ഷിക്കുകയായിരുന്നു. ചിത്രീകരിച്ച രംഗങ്ങളൊക്കെ ബട്ടര്‍ഫ്‌ളൈസിന് വേണ്ടി ഉപയോഗിച്ചു.
ബട്ടര്‍ഫ്‌ളൈസിലെ നായകന്‍ കാര്‍ റേസിന് പോകുന്ന ആളാണ് എന്ന് സൂചിപ്പിച്ചു. ബട്ടര്‍ഫ്‌ളൈസിന്റെ ടൈറ്റില്‍ സോംഗിനാണ് ശ്രീ പെരുമ്പത്തൂരില്‍ ചിത്രീകരിച്ച രംഗങ്ങള്‍ ഉപയോഗിച്ചത്. അക്കാലത്ത് ആ സിനിമ ഹിറ്റായി എന്നും രാജീവ് അഞ്ചല്‍ വ്യക്തമാക്കി.
തൃശൂർ ചേറ്റുവയിൽ 30 കോടിയുടെ തിമിംഗല ഛർദി പിടികൂടി. സംഭവത്തിൽ മൂന്ന് പേർ വനം വിജിലൻസിന്‍റെ പിടിയിലായി. കേരളത്തിൽ ആദ്യമായാണ് ഇത്തരം ഒരു കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സ്പേം തിമിംഗലത്തിന്‍റെ ഛർദി അഥവാ ആംബർ ഗ്രീസിന് കോടികൾ വിലമതിക്കും. സുഗന്ധദ്രവ്യങ്ങളുടെ നിർമാണത്തിനാണ് ഇത് ഉപയോഗിക്കുന്നത്. വന്യജീവി സംരക്ഷണ നിയമപ്രകാരം ഈ വസ്തു കൈവശം വെക്കുന്നത് ശിക്ഷാർഹമാണ്.
രഹസ്യവിവരത്തെ തുടർന്നാണ് തൃശൂർ വനം വിജിലൻസ് ചേറ്റുവയിൽ നിന്നും തിമിംഗല ചർദിയുമായി മൂന്ന് പേരെ പിടികൂടിയത്. ആവശ്യക്കാർ എന്ന വ്യാജേന സമീപിച്ചപ്പോൾ പ്രതികൾ കോടികൾ വില പറഞ്ഞു. ഇതോടെ മൂന്നുപേരെ വനം വിജിലൻസ് പിടികൂടി. വാടാനപ്പള്ളി സ്വദേശി റഫീഖ്, പാലയൂർ സ്വദേശി ഫൈസൽ, എറണാകുളം സ്വദേശി ഹംസ എന്നിവരാണ് പിടിയിലായത്. പിടിച്ചെടുത്ത ആംബർ ഗ്രിസിന് 18 കിലോ ഭാരമുണ്ട്. 30 കോടി വിലമതിക്കും എന്ന് കണക്കാക്കുന്നു.
സോഷ്യല്‍ മീഡിയയില്‍ ഉപയോഗിക്കുന്ന ഫോട്ടോകളും വീഡിയോകളും പെണ്‍കുട്ടികള്‍ അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമായി ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ പോലീസ്. അശ്ലീല സൈറ്റുകളിലും ആപ്ലിക്കേഷനുകളിലും പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു എന്ന പരാതികള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ഇത്തരം അനേകം പരാതികളാണ് വരുന്നതെന്നും പെണ്‍കുട്ടികള്‍ പ്രൊഫൈലില്‍ സ്വന്തം ഫോട്ടോയോ വീഡിയോയോ പങ്കുവെക്കുമ്പോള്‍ അവ അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രം കാണാവുന്ന രീതിയില്‍ സെറ്റിങ്‌സ് ക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്. പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പറയുന്നു.
സമൂഹമാധ്യമങ്ങളിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത ഫോട്ടോകൾ അശ്‌ളീല സൈറ്റുകളുടെയും അപ്പ്ളിക്കേഷനുകളുടെയും പരസ്യങ്ങളിൽ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന പരാതികൾക്ക് മേൽ അന്വേഷണം നടന്നു വരുന്നു.
പ്രൊഫൈലിൽ സ്വന്തം ഫോട്ടോയോ വീഡിയോയോ പങ്കുവയ്ക്കുമ്പോൾ അവ അടുത്ത സുഹൃത്തുക്കൾക്ക് മാത്രം കാണാവുന്ന രീതിയിൽ സെറ്റിങ്സ് ക്രമീകരിക്കുക. ഇത്തരത്തിൽ നിങ്ങൾ ഇരയായാൽ ഉടൻ പോലീസ് സഹായം തേടുക.
പരസ്പരം സീരിയലിലെ പത്മാവതി എന്ന കഥാപാത്രത്തിൽ കൂടി പ്രേക്ഷക ശ്രദ്ധ നേടിയ താരം ആണ് രേഖ രതീഷ്. രേഖയുടെ സ്വകാര്യ ജീവിതം എന്നും സോഷ്യൽ മീഡിയയിൽ വലിയ വാർത്ത ആയി മാറാറുണ്ട്. കാരണം നാല് വിവാഹം ആണ് രേഖ തന്റെ ജീവിതത്തിൽ ഇതുവരെ കഴിച്ചത്.
എന്നും എല്ലാവർക്കും രേഖയുടെ കുടുംബ ജീവിതം ഒരു അത്ഭുതം തന്നെ ആണ്. പ്രായം അധികമില്ലെങ്കിൽ കൂടിയും തനിക്ക് ലഭിക്കുന്ന വേഷങ്ങൾ ഏറെയും അമ്മവേഷങ്ങൾ ആണെങ്കിൽ കൂടിയും തനിക്ക് ചെയ്യാൻ യാതൊരു വിധ മടിയും ഇല്ലെന്ന് രേഖ പറയുന്നു.
ഇപ്പോൾ മകനൊപ്പം സന്തോഷത്തോടെ കഴിയുന്ന രേഖ തന്റെ ജീവിതത്തിൽ ഇനി ഒരു വിവാഹം ഉണ്ടാവില്ല എന്ന് പറയുന്നു. അതോടൊപ്പം താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടതും തനിക്ക് പ്രണയം തോന്നിയതും ആദ്യ ഭർത്താവിനോട് മാത്രമായിരുന്നു എന്ന് രേഖ പറയുന്നു.
വ്യക്തി ജീവിതത്തിൽ എന്റെ തീരുമാനങ്ങൾ പലതും പാളി പോയി. അച്ഛനും അമ്മയും പിരിഞ്ഞു. വീടില്ല കുടുംബമില്ല എന്ന അവസ്ഥ വന്നപ്പോൾ എല്ലായിടത്തും അഭയം തേടാൻ വെമ്പുന്ന മനസ്സ് ആയിരുന്നു എന്റേത്. അതൊക്കെ ഒരു അബദ്ധങ്ങൾ ആയിരുന്നു. എല്ലാവര്ക്കും എന്റെ പണം മാത്രം ആയിരുന്നു വേണ്ടത്. ആരും എന്നെ ആത്മാർത്ഥമായി സ്നേഹിച്ചില്ല.
ഒരു കാര്യവുമില്ലാതെ ആണ് ഇവരൊക്കെ എന്നെ ഉപേക്ഷിച്ചു പോയത്. എന്താണ് എന്റെ തെറ്റ് എന്നോ എന്താണ് കാരണം എന്നോ ആരും പറഞ്ഞില്ല. അല്ല അങ്ങനെ പറയാൻ എന്തേലും വേണ്ടേ ഞാൻ പ്രണയിച്ചത് ആദ്യ ഭർത്താവിനെ മാത്രം ആയിരുന്നു. അത്ര കടുത്ത അഡിക്ഷൻ ആയിരുന്നു അയാളോട്.
പിന്നീട് മൂന്നു പേര് കൂടി ജീവിതത്തിലേക്ക് വന്നു എങ്കിൽ കൂടിയും അവരോടു എനിക്ക് ഒന്നും തോന്നിയില്ല. കഴിഞ്ഞ എട്ടു വര്ഷമായി ഞാൻ എന്റെ കുഞ്ഞിന് വേണ്ടി മാത്രം ആണ് ജീവിക്കുന്നത്. അതും അടിച്ചു പൊളിച്ചു. ഇനി ഒരു വിവാഹം കഴിക്കില്ല ഉറപ്പ്. മകനു വേണ്ടിയാണ് എന്റെ ജീവിതം.
ബാക്കി ദൈവത്തിന്റെ കൈയിലാണ്. മറ്റൊന്ന് യൂട്യൂബിലും ഫേസ്ബുക്കിലും മറ്റു സോഷ്യല്‍ മീഡിയയിലുമൊക്കെ എന്നെക്കുറിച്ച് കഥകൾ മെനഞ്ഞ് എന്റെ വ്യക്തി ജീവിതം ചികഞ്ഞ് വാർത്തയുണ്ടാക്കാൻ ശ്രമിക്കുന്നവർ ഒരു കാര്യം മനസ്സിലാക്കുക ഞാൻ ഒരു അമ്മയാണ്.
എനിക്ക് ഒരു മകനുണ്ട്. ഒന്നുമറിയാത്ത ഒരു കുഞ്ഞിന്റെ ജീവിതം കൂടി വച്ച് കളിക്കരുത്. മറ്റൊരു കാര്യം ഞാൻ ആരിൽ നിന്നും സഹതാപം പ്രതീക്ഷിക്കുന്നില്ല എന്നതാണെന്നും രേഖ പറഞ്ഞ് നിർത്തുന്നു.
യുകെയിൽ വിദേശത്തു നിന്ന് വാക്സിനെടുത്തവർക്ക് ക്വാറൻ്റീൻ ഒഴിവാക്കാൻ നീക്കം. വിദേശത്ത് നിന്ന് വാക്സിൻ എടുക്കുന്നവരെ യുകെയിലേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ വിശദാംശങ്ങൾ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ വെളിപ്പെടുത്തുമെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ് അറിയിച്ചു.
യുകെക്ക് പുറത്ത് വാക്സിൻ സ്വീകരിച്ചവർ ആംബർ ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് രാജ്യത്തേക്ക് യാത്ര ചെയ്യുമ്പോൾ ക്വാറൻ്റീൻ നിയമങ്ങളിൽ നിന്ന് ഒഴിവാക്കാനാണ് സർക്കാർ ഉന്നം വക്കുന്നത്. കഴിയുന്നത്ര വേഗം ഇക്കാര്യത്തിൽ അന്തിമ രൂപമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ യൂറോപ്യൻ യൂണിയനുള്ളിൽ താമസിക്കുന്നവരെ യുഎസിൽ നിന്നുള്ളവരേക്കാൾ വേഗത്തിൽ യുകെയിലേക്ക് പ്രവേശനാനുമതി നൽകിയേക്കും. ഇയു ബ്ലോക്ക് യുകെയുമായി ചേർന്ന് ഏകീകൃത ഡിജിറ്റൽ വാക്സിൻ പാസ്‌പോർട്ട് പദ്ധതി മുന്നോട്ട് വച്ചതിനാലാണിത്.
ആംബർ ലിസ്റ്റ് രാജ്യങ്ങളിൽ നിന്നു വരുന്ന, രണ്ടു ഡോസ് വാക്സിനെടുത്തവർക്ക് ഈ മാസം 19 മുതൽ ക്വാറന്റീൻ ബാധകമാകില്ല. എന്നാൽ ഇവർ സ്വന്തം ചെലവിൽ യാത്രയ്ക്കു മുമ്പും ശേഷവും മുൻകൂറായി പണമടച്ച് കോവിഡ് ടെസ്റ്റിനു വിധേയരാകണം. 18 വയസിൽ താഴെ പ്രായമുള്ള വാക്സിനെടുക്കാത്തവർക്കും ക്വാറന്റീൻ ഇളവ് അനുവദിക്കും.
പുതിയ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത ട്രാവൽ ഇൻഡസ്ട്രി നേതാക്കൾ, കൂടുതൽ രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ നിന്നു മാറ്റി ആംബർ ലിസ്റ്റിലാക്കണമെന്നു സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്. ഈ മാസം 15 നാണ് സർക്കാർ ആംബർ ലിസ്റ്റ് ഉൾപ്പെടെയുള്ള ട്രാഫിക് ലൈറ്റ് സംവിധാനം പുതുക്കുന്നത്. ഇത്തവണ ഇന്ത്യയെ റെഡ് ലിസ്റ്റിൽ നിന്നും മാറ്റി ആംബർ ലിസ്റ്റിലാക്കിയാൽ വാക്സിനെടുത്തവർക്കു നാട്ടിൽ പോയിവരുമ്പോൾ ക്വാറന്റീൻ വേണ്ടിവരില്ല.
റെഡ് ലിസ്റ്റിൽ നിന്നും മാറിയാൽ വിമാനക്കമ്പനികൾക്കു കൂടുതൽ സർവീസുകൾ ആരംഭിക്കുകയും ചെയ്യാം. ഇന്ത്യക്കാർ നാട്ടിലേക്ക് യാത്രചെയ്യുമ്പോൾ പ്രധാന ട്രാൻസിറ്റ് ഡെസ്റ്റിനേഷനുകളാകുന്ന യുഎഇ, ഖത്തർ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളും ഇപ്പോൾ ബ്രിട്ടന്റെ റെഡ് ലിസ്റ്റിലാണ്. ഇവരെക്കൂടി ഒഴിവാക്കിയാൽ നാട്ടിലേക്ക് ഖത്തർ എയർവേസ്, എമിറേറ്റ്സ്, എത്തിഹാത് തുടങ്ങിയ വിമാനക്കമ്പനികൾക്ക് സർവീസ് ആരംഭിക്കാമെന്നാണ് പ്രതീക്ഷ.
കരിയറിലെ ഏറ്റവും ഇഷ്ട്ടപെട്ട സിനിമകളെ കുറിച്ച് നടൻ പൃഥ്വിരാജ്. നന്ദനം, വെള്ളിത്തിര, വർഗ്ഗം, ലൂസിഫർ, അയ്യപ്പനും കോശിയും തുടങ്ങിയ അഞ്ച് ചിത്രങ്ങൾ ചില പ്രത്യേക കാരണങ്ങൾ കൊണ്ട് തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് പൃഥ്വിരാജ് പറയുന്നു. അഭിമുഖത്തിലാണ് തന്റെ പ്രിയപ്പെട്ട സിനിമകളെ കുറിച്ച് പൃഥ്വിരാജ് വെളിപ്പെടുത്തിയത്.
എന്റെ ആദ്യ ചിത്രമായത് കൊണ്ട് തന്നെ നന്ദനം ഏറെ പ്രിയപ്പെട്ടതാണ്. പുസ്തകത്തോട് ഏറെ താത്പര്യമുള്ളതിനാൽ ഞാൻ സിവിൽ സർവീസ് എടുക്കുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത് . മറ്റൊരിടത്ത് നിന്നും എന്നെക്കൊണ്ട് വന്ന സിനിമയാണ് നന്ദനം.
ഭദ്രൻ സാർ സംവിധാനം ചെയ്ത വെള്ളിത്തിരയാണ് വ്യക്തിപരമായി താത്പര്യമുള്ള മറ്റൊരു ചിത്രം. ചിത്രത്തിന്റെ റിലീസിന്റെ അന്ന് കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലിൽ ആയിരുന്നു താമസിച്ചിരുന്നത്. ഹോട്ടലിന്റെ ചുമരിനോട് ചേർന്നാണ് കവിത തിയേറ്റർ. സംവിധായകൻ ജയരാജ് സാർ അന്നെന്റെ റൂമിലേക്ക് വന്നു. ചിത്രത്തിന്റെ പ്രതികരണം എങ്ങനെയുണ്ടെന്നറിഞ്ഞോ എന്നു ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോൾ അദ്ദേഹം ജനലിലെ ബ്ലൈൻഡ്സ് നീക്കി കാണിച്ചു തന്നു. താഴെ കവിത തിയേറ്ററിനു മുന്നിൽ സിനിമ കാണാൻ നിൽക്കുന്നവരുടെ നീണ്ട ക്യൂ, ക്യൂ നീണ്ട് എംജി റോഡോളം എത്തിയിരുന്നു. എന്നെ കാണാനല്ല, ഭദ്രൻ സാറിന്റെ സിനിമയ്ക്കായാണ് ആ ക്യൂ എന്നറിയാമായിരുന്നു, പക്ഷേ എന്നെ സംബന്ധിച്ച് മറക്കാനാവാത്തൊരു അനുഭവമായിരുന്നു .
നടനെന്നതിനപ്പുറത്തേക്ക് ഞാൻ കൂടുതൽ ഇൻവോൾവ് ചെയ്ത സിനിമയായിരുന്നു വർഗ്ഗം. അതിന്റെ സംവിധായകനായ പത്മകുമാർ എന്റെ ആദ്യ ചിത്രമായ നന്ദനത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. ഒരർത്ഥത്തിൽ ഒന്നിച്ച് വളരുകയായിരുന്നു ഞങ്ങൾ. ആ സിനിമയുടെ ലൊക്കേഷനും ഷൂട്ടിങ്ങുമെല്ലാം ഞാനൊരുപാട് ആസ്വദിച്ചിട്ടുണ്ട്.
ലൂസിഫറാണ് മറ്റൊരു ചിത്രം. മനോഹരമായ ചിത്രം, മികച്ച തിരക്കഥ, ഐക്കോണിക് കഥാപാത്രങ്ങൾ, ഒരുപാട് നല്ല മുഹൂർത്തങ്ങൾ എന്നിവയെല്ലാം കൊണ്ട് അയ്യപ്പനും കോശിയും എനിക്ക് മാത്രമല്ല സച്ചിയുടെയും പ്രിയപ്പെട്ട ചിത്രമാണ്. അയാളും ഞാനും തമ്മിൽ, മെമ്മറീസ്, മുംബൈ പൊലീസ് തുടങ്ങി കരിയറിൽ മറക്കാനാവാത്ത ചിത്രങ്ങൾ വേറെയുമുണ്ടെന്നും എന്നാൽ ചില പ്രത്യേക കാരണങ്ങൾ കൊണ്ട് ഏറ്റവും പ്രിയപ്പെട്ടതാവുന്നത് മേല്പറഞ്ഞവയാണെന്നും പൃഥ്വിരാജ് പറഞ്ഞു.
അന്ന ബെന്‍, സണ്ണി വെയ്ന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ‘സാറാസ്’ സിനിമയിലെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. മല്ലിക സുകുമാരന്‍ കാറില്‍ കയറി പോകുന്ന സീനില്‍ ഡ്രൈവര്‍ക്ക് പൃഥ്വിരാജിന്റെ സാദൃശ്യം ഉണ്ടെന്ന ചര്‍ച്ചകളും ട്രോളുകളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്.
അമ്മയെ വിളിക്കാന്‍ വന്ന പൃഥ്വിരാജിനെ ജൂഡ് ആന്റണി ഷൂട്ട് ചെയ്തതാണോ എന്നതാണ് ചിലരുടെ സംശയം. അതുമായി ബന്ധപ്പെട്ട് ട്രോളുകളും വന്നിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ മറുപടിയുമായി എത്തുകയാണ് ജൂഡ് ആന്റണി. ”ഷൂട്ട് കഴിഞ്ഞ് മടങ്ങുന്ന അമ്മയെ പിക് ചെയ്യാന്‍ പൃഥ്വിയെ ഷൂട്ട് ചെയ്ത ജൂഡ് ആന്റണി” എന്ന ട്രോള്‍ പങ്കുവച്ചാണ് സംവിധായകന്റെ പ്രതികരണം.
”മല്ലികാമ്മ എനിക്ക് അമ്മയെ പോലെയാണ്, അവര്‍ക്ക് ഞാനൊരു മകനെ പോലെയാണെന്ന് പറയുന്നതിലും അഭിമാനമുണ്ട്. അതുകൊണ്ട് തന്നെ രാജു എനിക്ക് സഹോദരനെ പോലെയാണ്, എന്നാല്‍ സിനിമയിലെ ആ ചെറുപ്പക്കാരന്‍ രാജുവല്ല” എന്നാണ് ജൂഡ് കുറിച്ചത്.
ജൂലൈ 5ന് ആണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. വിനീത് ശ്രീനിവാസന്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ, പ്രശാന്ത്, ധന്യ വര്‍മ്മ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും ചിത്രത്തില്‍ ഒന്നിച്ച് ഗാനം ആലപിച്ചിട്ടുണ്ട്.
View this post on Instagram
ജമ്മുകശ്മീരിൽ സുന്ദർഭനി സെക്ടറിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ മലയാളി സൈനികൻ ഉൾപ്പെടെ രണ്ടു പേർക്ക് വീരമൃത്യു.
കോഴിക്കോട് കൊയിലാണ്ടി പൂക്കാട് സ്വദേശിയായ നായിക് സുബേദാർ എം. ശ്രീജിത്ത് (42) ആണ് ഭീകരുമായുള്ള ഏറ്റുമുട്ടലിൽ മരിച്ചത്. രണ്ട് ഭീകരരെയും വധിച്ചു. ഭീകരരുടെ നുഴഞ്ഞ് ക്കയറ്റ ശ്രമം സൈന്യം തടഞ്ഞു.
മേഖലയിൽ ഭീകരർ ഉള്ളതായി വീണ്ടും വിവരം ലഭിച്ചതോടെ ഇവരെ കണ്ടെത്തി നശിപ്പിക്കാൻ സേന വീണ്ടും തിരച്ചിൽ തുടങ്ങുകയായിരുന്നെന്ന് സേനാ വക്താവ് പറഞ്ഞു.
ജമ്മു വിമാനത്താവളത്തിനു നേരേ പാക്കിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തിയതിനു പിന്നാലെ ഇന്ത്യൻ സേന മേഖലയിൽ വ്യാപക പരിശോധനയാണു നടത്തുന്നത്. ജൂൺ 29നു രാജൗരി ജില്ലയിൽ സേന പരിശോധന നടത്തിയിരുന്നു.
ഇടുക്കി വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പരമാവധി ശാസ്ത്രീയ തെളിവുകൾ കണ്ടെത്താൻ അന്വേഷണസംഘം. പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയുമായി കൂടുതൽ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തും. ആറുവയസുകാരിയെ കൂടാതെ മറ്റ് കുട്ടികളെ ഇത്തരത്തിൽ ചൂഷണം ചെയ്തിട്ടുണ്ടോയെന്നും അറിയാൻ വിശദമായി ചോദ്യം ചെയ്യും.
റിമാൻഡിലായിരുന്ന പ്രതി അർജുനെ കസ്റ്റഡിയിൽ ലഭിച്ചതോടെ കൂടുതൽ തെളിവു ശേഖരണത്തിലേക്ക് നീങ്ങിയിരിക്കുകയാണ് അന്വേഷണസംഘം. പെൺകുഞ്ഞിന് മിഠായിയും പലഹാരവും വാങ്ങി നൽകിയായിരുന്നു പീഡനമെന്നാണ് പ്രതിയുടെ മൊഴി. വണ്ടിപ്പെരിയാറിലെ കടകളിൽ നിന്ന് പൊലീസ് തെളിവുകൾ ശേഖരിക്കും. കട ഉടമകളെ കേസിൽ സാക്ഷികളാക്കും. കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾക്കായി മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. കൊലപാതകത്തിനു ശേഷം പ്രതിക്ക് ആരെങ്കിലും സഹായം നൽകിയിട്ടുണ്ടോയെന്നും പരിശോധിക്കും.
ഇതുപോലെ മറ്റാർക്കങ്കിലും പ്രതിയിൽ നിന്ന് ദുരനുഭവം ഏറ്റിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കുട്ടിയുടെ ശരീരത്തിൽ നിന്നു കണ്ടെത്തിയ മുടിയിഴകൾ പ്രതിയുടേതാണെന്നു ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായി. ഇത് കേസിലെ നിർണായക തെളിവാകും.
ജൂൺ 30ന് ലയത്തിലെ മുറിയിൽ കെട്ടിയിരുന്ന കയറിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങിയെന്നാണ് ആദ്യം കരുതി. പോസ്റ്റ്മോർട്ടത്തിലാണു പീഡനവിവരം വ്യക്തമായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇരുപത്തിരണ്ടുകാരനായ അർജുൻ കുറ്റം സമ്മതിക്കുകയായിരുന്നു.
ചങ്ങനാശ്ശേരി വാഴൂര്‍ റോഡില്‍ മാമ്മൂടിനു സമീപം കൊച്ചുറോഡില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.മാമ്മൂട് ചൂരനോലി പള്ളിക്കുന്നേല്‍ അജിത് (22) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു അപകടം. ചങ്ങനാശ്ശേരി ഭാഗത്തു നിന്നും കറുകച്ചാല്‍ ഭാഗത്തേക്കു പോവുകയായിരുന്ന അജിത്തിന്റെ ബൈക്ക് എതിര്‍ ദിശയിലെത്തിയ സ്‌കൂട്ടറുമായി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അജിത്തിനെ നാട്ടുകാർ ചേർന്ന് ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിലും ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.