Latest News

മുഹമ്മദ് റാഷിക്ക് കെ.പി.

മൈലാഞ്ചിപുതച്ച മീസാങ്കല്ലിന് മുകളിൽ പലപ്പൊഴുമൊരു ശലഭം വന്നിരിക്കാറുണ്ട്.
ഖബറിൽ നിന്നുള്ള കഥകൾ കേട്ടു,
ചിറകുകൾ കല്ലോട് ചേർത്തു
അതനങ്ങാതെ കിടക്കും.

കോലായിൽ കാലു നീട്ടിയിരുന്നാണ്
വലിയുമ്മ മുറുക്കുന്നതും, കഥ പറയുന്നതും.
നിലത്തിട്ടാൽ പാമ്പാവുന്ന വടിയുടെ കഥ
ദൈവകല്പനയേറ്റാൻ കത്തിയെടുത്ത
ത്യാഗിയായ ഉപ്പയുടെ കഥ..
കല്ലേറേറ്റു ചോര പൊടിഞ്ഞിട്ടും
അവർക്ക് പൊറുതുകൊടുക്കണമേയെന്നു പ്രാർത്ഥിച്ച
നന്മയുടെ രാജാവിന്റെ കഥ.

എങ്കിലും പറയാതെയൊളിപ്പിച്ച കഥകൾ
വലിയുമ്മയുടെ ചുണ്ടുകൾക്കിടയിൽ വീർപ്പുമുട്ടും.
കിടാങ്ങളുറങ്ങിക്കഴിയുമ്പോൾ മെല്ലെ കണ്ണുകളടച്ചു ദൂരെയെങ്ങോട്ടോ ഉമ്മാമ്മ യാത്ര പോകും.
അവർ പറയാതെ വിട്ട കഥകളിലധികവും
ഉമ്മയാണ്‌ പറഞ്ഞത്, കഥയായല്ല, പയ്യാരമായി.
അപ്പോഴൊക്കെ
വിളക്ക് നോക്കി ഒരു നേർച്ചപ്പൂമ്പാറ്റ ചുവരിൽ
പറ്റിപ്പിടിച്ചു കിടക്കും…

ഖബറാളികൾ കഥ പറയുമോ..?
അവരുടെ കഥകളിലധികവും കാൽവിരലുകളോടൊപ്പം കൂട്ടിക്കെട്ടി
മൂന്നുകഷ്ണം തുണി പൊതിഞ്ഞു മൂടപ്പെട്ടതല്ലേ.?
പിന്നെ മിണ്ടാനും പറയാനുമവർക്ക്
റത്തുബിന്റെ പൊഴിയാത്ത തളിരുകൾ മാത്രം..
അവയോ തസ്ബീഹ് കൊണ്ടു ജന്നതിലേക്കു
വഴിവെട്ടുന്നു,
ദുനിയവിയായ കഥകൾ അവിടെ മരിക്കുന്നു…

അസറുകഴിഞ്ഞാൽ
നേർത്ത തണുപ്പുള്ളൊരു കാറ്റുവീശാറുണ്ട്.
അതിനു ശേഷമാണ് ശലഭങ്ങൾ
അടുക്കളയുടെ, കോലായുടെ ചുവരുകൾ-
തേടി വന്നിരിക്കാറുള്ളത്.
അവരറിയുന്ന കഥകളും
അവർകേട്ട വാർത്തകളും
നമ്മോടു പറയാൻ വരുന്നതാവാം.
മീസാങ്കല്ലിന്റെ തണുപ്പുള്ള,
മൈലാഞ്ചിമണമുള്ള കഥകൾ…

ഉമ്മാമ്മയുടെ മീസാങ്കല്ലിൽ
ഞാൻ കണ്ട കരിയില നിറമുള്ള പൂമ്പാറ്റ
ഇടക്കൊക്കെ അടുക്കളച്ചുവരിൽ
പറ്റിപ്പിടിച്ചിരിക്കുന്നത്‌ കാണാം..
അതു കാണുമ്പോഴേതോ നേർച്ചക്കടമുണ്ടെന്നോതി,യുമ്മ മെല്ലെ
ഖുർആനിലോ മൗലൂദിലോ സ്വയം മറക്കും.
സുബ്ഹിക്ക് മുന്പാ ശലഭം പറന്നു പോകും.

കഥകളാണല്ലോ വിശ്വാസങ്ങൾക്കാധാരം.
ഇപ്പോഴൊന്നും അവയെ കാണാറില്ല..
മരിച്ചവർ മരിച്ചവരാണ്, അവരോടൊപ്പം അക്കഥകളും…
ഇരുളിലെവിടെയോ ഒരു ശലഭം
വഴിതെറ്റി പറക്കുന്നുണ്ടാവണം…
ചരിത്രങ്ങളും, സ്വപ്നങ്ങളും
കഥകളായുറഞ്ഞു കൂടി ഒരു
മൈലാഞ്ചി മൊട്ടിൽ വിടരാൻ കാത്തു കിടക്കുന്നുണ്ടാവും…

ആരറിയാൻ…
ആരറിയാൻ
ഖബറാളികൾ കഥപറയുമോ എന്ന്…
നവയുഗത്തിലെന്നും ഈ സമയമല്ലോ വലുത്…
അതിലെവിടെ ഖബറാളികൾക്കൊരിടം.?
അവരെയും നാം ഖല്ബിന്റെ പള്ളിക്കാട്ടിൽ
മറമാടിയതല്ലേ…
അതു കൊണ്ടാണല്ലോ
മരിച്ചവർ മരിച്ചവരായതും
ശലഭങ്ങൾക്ക് വഴി തെറ്റിയതും….

 

 

 

 

 

 

 

 

മുഹമ്മദ് റാഷിക്ക് കെ.പി. : മലപ്പുറം സ്വദേശി . ഒരു സ്വകാര്യ ലാബിൽ അറ്റൻഡറായി ജോലി ചെയ്യുന്നു 

കീൽ ക്രിസ്ത്യൻ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ബയോമെഡിക്കൽ ഡിപ്പാർട്മെന്റിൽ മെഡിസിൻ ലൈഫ് സയൻസ് വിദ്യാർത്ഥിനി നികിത ബെന്നി (22 ) യുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം ആരംഭിച്ചു. കോട്ടയം കടുത്തുരുത്തി ആപ്പാഞ്ചിറ പൂഴിക്കോൽ മുടക്കാമ്പുറത്ത് വീട്ടിൽ ബെന്നി ഏബ്രഹാമിന്റെയും ട്രീസ ബെന്നിയുടെയും മകൾ നികിതയെ വ്യാഴാഴ്ച രാവിലെയാണ്‌ സ്റ്റുഡന്റ്സ് ഹോസ്റ്റലിലെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

നികിതയെ കാണാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് സ്വന്തം മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച രാത്രി മരണം സംഭവിച്ചതായാണ് ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നാൽ മാത്രമേ മരണ കാരണത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ .

ഡിഗ്രി പഠനത്തിനു ശേഷം 9 മാസം മുൻപാണ് നികിത, കീൽ ക്രിസ്ത്യൻ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ബയോമെഡിക്കൽ ഡിപ്പാർട്മെന്റിൽ മെഡിസിൻ ലൈഫ് സയൻസ് പഠനത്തിനായി ജർമനിയിൽ എത്തിയത്. ഛത്തീസ്ഗഡിൽ സൈനിക ആശുപത്രിയിൽ നേഴ്സാണ് നികിതയുടെ മാതാവ് ട്രീസ. പിതാവ് ബെന്നിയും സഹോദരൻ ആഷിഷും അടങ്ങുന്ന കുടുംബം ഛത്തീസ്ഗഡിലാണ് താമസം.

മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം ആരംഭിച്ചതായി നികിതയുടെ ബന്ധുക്കളെ സന്ദർശിച്ച മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. കേന്ദ്ര മന്ത്രി വി.മുരളീധരനുമായി ഫോണിൽ ബന്ധപ്പെട്ടു വിവരങ്ങൾ കൈമാറി.

ഒമാനില്‍ കൊവിഡ് ബാധിച്ച് മലയാളി ഡോക്ടര്‍ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ഡോ. ജയപ്രകാസ് കുട്ടന്‍ ആണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. 51 വയസായിരുന്നു. ഒമാനിലെ ബുറൈമിയിലായിരുന്നു അന്ത്യം. ബുറൈമിയിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ ജോലിചെയ്തുവരികയായിരുന്നു.

കഴിഞ്ഞ 12 വര്‍ഷമായി ഒമാനിലെ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നിരുന്ന അദ്ദേഹം അറ്റ്‌ലസ് ഹോസ്പിറ്റല്‍, എന്‍എംസി ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലും സലാലയിലെ ഒരു സ്വകാര്യ ആശുപത്രിയിലും ജോലി ചെയ്തിട്ടുണ്ട്.

കൊവിഡ് ബാധിച്ച് ബുറൈമി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒന്നര മാസം മുമ്പാണ് അവധിക്ക് നാട്ടില്‍ പോയി തിരികെയെത്തിയത്. ഭാര്യ – സബിത, മക്കള്‍ – ജയ കൃഷ്ണന്‍, ജഗത് കൃഷ്ണന്‍ . സംസ്‌കാരം സോഹാറില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

കാനഡയിലെ ആദിവാസി, ഗോത്രവിഭാഗ കുട്ടികളെ താമസിപ്പിച്ചു പഠിപ്പിച്ചിരുന്ന പ്രത്യേക സ്കൂളുകളോടു ചേർന്നു വീണ്ടും കൂട്ടകുഴിമാടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വൻ പ്രതിഷേധം. ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയിലാണു റഡാർ ഉപയോഗിച്ചു ഭൂമിക്കടിയിൽ നടത്തിയ പരിശോധനയിൽ 182 മൃതദേഹാവശിഷ്ടങ്ങൾ കൂടി കണ്ടെത്തിയത്.

സർക്കാർ ധനസഹായത്തോടെ കത്തോലിക്കാ സഭ നടത്തിയിരുന്ന മറ്റു 2 റസിഡൻഷ്യൽ സ്കൂളുകളിലും സമാനമായ നൂറുകണക്കിന് കുഴിമാടങ്ങൾ കഴിഞ്ഞ ആഴ്ചകളിൽ കണ്ടെത്തിയിരുന്നു. പ്രതിഷേധം ആളിപ്പടരുന്നതിനിടെ കാനഡയുടെ ദേശീയ ദിനമായ ജൂലൈ 1ന് പല സംസ്ഥാനങ്ങളും ആഘോഷപരിപാടികൾ റദ്ദാക്കിയിരുന്നു.

ഗോത്രവർഗക്കാരായ കുട്ടികളെ സംസ്​കാരം പഠിപ്പിക്കാനെന്ന പേരിൽ കൊണ്ടുവന്ന്​ കൊടുംപീഡനങ്ങൾക്കിരയാക്കി മരണത്തിന്​ വിട്ടുകൊടുത്ത സംഭവങ്ങൾ വ്യാപകമായി പുറത്തുവന്നു തുടങ്ങിയതോടെ പ്രതിഷേധം അണപൊട്ടുകയാണെന്നാണ് റിപ്പോർട്ടുകൾ. ‘വംശഹത്യയിൽ അഭിമാനമില്ല’ എന്ന്​ മുദ്രാവാക്യമുയർത്തി ആയിരങ്ങളാണ്​ പ്രതിഷേധ പരിപാടികളിൽ പ​ങ്കെടുക്കുന്നത്.

ഇതിൻ്റെ തുടർച്ചയായിട്ടാണ്​ കോളനി കാലത്തി​െൻറ ഓർമകളായ രാജ്​ഞിമാരുടെ പ്രതിമകൾ തകർത്തത്​​. വിന്നിപെഗിൽ നടന്ന പ്രതിഷേധത്തിനിടെയാണ്​ വിക്​ടോറിയ രാജ്​ഞിയുടെ പ്രതിമ തകർത്തത്​. ഗോത്രവർഗക്കാരുടെ വേഷമണിഞ്ഞെത്തിയവർ പ്രതിമ മറിച്ചിട്ട്​ ചുറ്റുംനിന്ന്​ നൃത്തം ചെയ്​തു.

തൊട്ടടുത്ത്​ സ്​ഥാപിച്ചിരുന്ന എലിസബത്ത്​ രാജ്​ഞിയുടെ പ്രതിമയും മറിച്ചിട്ടു. കാനഡ ബ്രിട്ടീഷ്​ സാമ്രാജ്യത്തി​െൻറ ഭാഗമായിരുന്ന കാലത്താണ്​ വിക്​ടോറിയ രാജ്​ഞി ജീവിച്ചിരുന്നതെങ്കിൽ, രാജ്യം സ്വതന്ത്രമായ ഇക്കാലത്തും പേരിനെങ്കിലും പരമോന്നത മേധാവിയാണ്​ എലിസബത്ത്​​ രാജ്​ഞി.

അടുത്തിടെ നടന്ന ഖനനങ്ങളിൽ മാത്രം ബ്രിട്ടീഷ്​ കൊളംബിയയിലും സാസ്​കചെവാനിലുമായി 1,000 ഓളം ശ്​മശാനങ്ങളാണ്​ കണ്ടെത്തിയത്​. സർക്കാർ സാമ്പത്തിക സഹായത്തോടെ കത്തോലിക സഭ നടത്തിയ റസിഡൻഷ്യൽ സ്​കൂളുകളിലാണ്​ നിരവധി കുരുന്നുകൾ മരണത്തിന്​ കീഴടങ്ങിയിരുന്നത്​. 1996 വരെ 165 വർഷം നിലനിന്ന സ്​കൂളുകളിൽ നടന്നത്​ സാംസ്​കാരിക വംശഹത്യയാണെന്നായിരുന്നു ട്രൂത്​ ആൻറ്​ റീകൺസിലിയേഷൻ കമീഷൻ ക​ണ്ടെത്തൽ.

ഉഷ്ണതരംഗം രൂക്ഷമാകുന്നതിനിടെ പടിഞ്ഞാറൻ കാനഡയിൽ മരണസംഖ്യ കുത്തനെ ഉയരുന്നു. ബ്രിട്ടീഷ്​ കൊളംബിയ പ്രവിശ്യയിൽ മാത്രം ഒരാഴ്​ചക്കിടെ 719 പേർ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ചൂട്​ കൂടിയതോടെ പലയിടങ്ങളിലും വൻതോതിൽ അഗ്​നിബാധയും റിപ്പോർട്ട്​ ചെയ്തിട്ടുണ്ട്. 130 തീപിടിത്ത സംഭവങ്ങളാണ്​ കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്.

ആയിരം വര്‍ഷങ്ങള്‍ക്കിടെ ഏറ്റവും കഠിനമായ ചൂടാണ് പ്രവിശ്യയിലെ ലിട്ടൻ നഗരത്തിൽ രേഖപ്പെടുത്തിയത്. 49.6 ഡിഗ്രിയാണ്​ കഴിഞ്ഞ ദിവസം ലിട്ടണിൽ​ രേഖപ്പെടുത്തിയ ചൂട്​. ​ഇവിടെ രണ്ടു പേരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. പടിഞ്ഞാറൻ കാനഡയിലും വടക്കുകിഴക്കൻ യുഎസിലുമാണു പ്രകൃതിയുടെ സംഹാര താണ്ഡവം ഏറ്റവും രൂക്ഷം.

അതേസമയം, നിരന്തരം സംഭവിക്കുന്ന ഇടിമിന്നലുകളാണ്​ അഗ്​നിബാധ വർധിപ്പിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. 12,000 ഇടിമിന്നലുകളാണ്​ ബ്രിട്ടീഷ്​ കൊളംബിയയിൽ രേഖപ്പെടുത്തിയത്​. രാജ്യം ഭീതിയിലായതോടെ വിഷയം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി ജസ്​റ്റിൻ ട്രൂഡോ അടിയന്തര യോഗം വിളിച്ചുചേർത്തിട്ടുണ്ട്​.

കാനഡയിലെ അല്‍ബേര്‍ട്ട, സസ്‌കെച്വാന്‍, മനിടോബ, വടക്ക്- പടിഞ്ഞാറന്‍ മേഖലകള്‍, നോര്‍ത്തേണ്‍ ഒണ്ടാറിയോ എന്നിവിടങ്ങളിലെല്ലാം ഉഷ്ണതരംഗം ശക്തമായി തുടരുകയാണ്. കാനഡയ്ക്ക് പുറമേ അമേരിക്കയിലും ഉഷ്ണതരംഗം ശക്തമാണ്. ഒറിഗനിലും വാഷിങ്ടണിലും നിരവധി പേര്‍ മരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കിയിരുന്നു.

ഇത്ര വലിയ ചൂട് ഒരുകാലത്തും അനുഭവിച്ചിട്ടില്ലാത്ത സിയാറ്റിലും വാൻകൂവറിലും മറ്റും പല വീടുകളിലും എസി ഇല്ല. ഇതിനിടെ, വാൻകൂവറിനു വടക്കുള്ള ചിൽകോറ്റിൻ പ്രദേശം മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം മഞ്ഞുരുകി വെള്ളപ്പൊക്ക ഭീഷണിയിലാണെന്നും റിപ്പോർട്ടുകളുണ്ട്. ബ്രിട്ടിഷ് കൊളംബിയയിലെ ലിറ്റൻ പട്ടണത്തിൽ ചൊവ്വാഴ്ച 49.6 ഡിഗ്രി സെൽഷ്യസ് ചൂടു രേഖപ്പെടുത്തിയത് കാനഡയിലെ സർവലകാല റെക്കോർഡാണ്.

പ്രതിസന്ധികളെ തരണം ചെയ്ത് സബ് ഇൻസ്പെക്ടർ പദവിയിലെത്തി വാർത്തകളിൽ ഇടംനേടിയ ആനി ശിവയെ പ്രബേഷൻ കാലത്ത് സി.കെ.ആശ എംഎൽഎ ഓഫിസിൽ വിളിച്ചു വരുത്തി സല്യൂട്ട് ചെയ്യിച്ചെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചാരണം. പ്രചാരണം തെറ്റാണെന്ന് സി.കെ.ആശയും സംഭവത്തിൽ പ്രതികരിക്കാനില്ലെന്ന് എസ്ഐ ആനി ശിവയും പറഞ്ഞു. ബിജെപി നേതാവ് രേണു സുരേഷാണ് ഇതെപ്പറ്റി സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടത്.

ആനി ശിവയോട് ഇത്രയും മോശമായി പെരുമാറാനും കഴിയും എന്ന് കാണിച്ചു തന്ന ഇടത് എംഎൽഎ വൈക്കത്ത് ഉണ്ടെന്നു കേൾക്കുന്നുവെന്നാണു ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷ് ഫെയ്സ്ബുക്കിൽ കുറിച്ചത്. രാത്രി ഡ്യൂട്ടി കഴിഞ്ഞു താമസ സ്ഥലത്തേക്കു പോകുന്നതിനിടെ എംഎൽഎയെ കണ്ടപ്പോൾ ആനി ശിവ സല്യൂട്ട് ചെയ്തില്ലെന്ന കാരണത്തിൽ പിറ്റേന്ന് വിളിച്ചു വരുത്തി സല്യൂട്ട് ചെയ്യിച്ചെന്നാണ് ഫെയ്സ്ബുക് കുറിപ്പ്.

തിരഞ്ഞെടുപ്പിന് മുൻപ് ആനി ശിവ വൈക്കം പൊലീസ് സ്റ്റേഷനിൽ പ്രബേഷൻ എസ്ഐ ആയി ജോലി ചെയ്യുന്ന കാലത്താണ് സംഭവം.

സി.കെ.ആശ പറയുന്നു: ‘നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ഒരുദിവസം രാത്രിയാണ് സംഭവം. എൻസിസി യൂണിഫോമിൽ ഒരാൾ തനിച്ചു നടന്നു വരുന്നത് കണ്ട് എവിടെ പോകുകയാണെന്ന് കാർ നിർത്തി ചോദിച്ചു. ഡ്യൂട്ടിക്കു പോകുകയാണെന്ന് അവർ മറുപടി പറഞ്ഞു. എൻസിസി കുട്ടികൾക്ക് എന്ത് ഡ്യൂട്ടി എന്നു ചോദിച്ചപ്പോൾ എസ്ഐ ആണെന്നു പറഞ്ഞു. പൊലീസുകാർക്ക് പ്രത്യേക സമയമുണ്ടോയെന്നും അവർ എന്നോടു തിരികെ ചോദിച്ചു. മൂന്നു വട്ടം ചോദിച്ചപ്പോഴാണ് പേരു പറഞ്ഞത്. എന്നെ മനസ്സിലായോ എന്നു ചോദിച്ചപ്പോൾ നിങ്ങളുടെ പരിപാടിക്ക് ഡ്യൂട്ടി നോക്കിയിട്ടുണ്ട് എന്നാണ് മറുപടി പറഞ്ഞത്.

ഈ സംഭവം വൈക്കം ഡിവൈഎസ്പിയെയും സിഐയെയും അന്ന് രാത്രി തന്നെ അറിയിച്ചു. മറുപടിയൊന്നും ലഭിച്ചില്ല. മുഖ്യമന്ത്രിക്കു പരാതി നൽകി. പിന്നീട് ആനി ശിവയെയും കൂട്ടി വൈക്കം സിഐ എന്റെ വീട്ടിലെത്തി. എംഎൽഎ ആണെന്നു മനസ്സിലായില്ലെന്ന് ആനി ശിവ അന്ന് പറഞ്ഞു. പൊലീസ് വാഹനത്തിന്റെ ഡ്രൈവർ വരാൻ വൈകിയതിന്റെ ദേഷ്യത്തിൽ ആയിരുന്നു. അതിനാലാണ് അങ്ങനെ സംഭവിച്ചത് എന്നാണ് അവർ പറഞ്ഞത്. സൗഹൃദത്തിലാണ് പിരിഞ്ഞത്.’ എന്നാൽ ‘ഇതിനെക്കുറിച്ച് അറിയില്ല. പ്രതികരിക്കാനുമില്ല’ എന്നായിരുന്നു ആനി ശിവയുടെ പ്രതികരണം.

കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവും പ്രഫഷനൽ നാടക-സീരിയൽ-സിനിമാ നടനുമായ മണി മായമ്പിള്ളി (മണികണ്ഠൻ-47) അന്തരിച്ചു. ചേന്ദമംഗലം തെക്കുംപുറത്തെ വീട്ടിൽ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം. തൃശൂർ കോട്ടപ്പുറം മായമ്പിള്ളി ഇല്ലത്ത് നീലകണ്ഠൻ ഇളയതിന്‍റെയും ദേവകി അന്തർജ്ജനത്തിന്‍റെയും മകനാണ്. 15 വർഷത്തോളമായി പറവൂർ ചേന്ദമംഗലത്താണ് താമസം.

തൃശൂർ മണപ്പുറം കാർത്തിക നാടകവേദിയുടെ കുട്ടനും കുറുമ്പനും എന്ന നാടകം മുതൽ ഇദ്ദേഹം നാടകരംഗത്തു സജീവമായിരുന്നു. തൃശൂർ യമുന എന്‍റർടെയ്‌നേഴ്‌സിന്‍റെ കടത്തനാടൻ പെണ്ണ് തുമ്പോലാർച്ച എന്ന നാടകത്തിലെ അഭിനയത്തിനായിരുന്നു 2015-16 വർഷത്തെ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നാടകനടനുള്ള അവാർഡ് ലഭിച്ചത്. ഈ നാടകത്തിൽ തുമ്പോലാർച്ചയുടെ ഭർത്താവ് പാക്കനാരും മുത്തച്ഛനുമായി ഇരട്ടവേഷത്തിൽ മികച്ച പ്രകടനമാണ് അവാർഡ് നേടികൊടുത്തത്.

നാടകരംഗത്ത് ദീർഘകാലം തിരുവനന്തപുരം കേന്ദ്രീകരിച്ചും പ്രവർത്തിച്ചിരുന്നു. തിരുവനന്തപുരം സംഘചേതന, ഓച്ചിറ നിള, രാജൻ പി. ദേവിന്‍റെ ചേർത്തല ജൂബിലി തുടങ്ങി ഒട്ടേറെ നാടകസമിതികളുടെ നാടകങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കുങ്കുമപ്പൂവ്, ഇന്ദുലേഖ, ചന്ദനമഴ, ദേവീ മാഹാത്മ്യം, ഭാഗ്യജാതകം, നിലവിളക്ക്, അൽഫോൻസാമ്മ, ബാലഗണപതി, അലാവുദ്ദീനും അത്ഭുതവിളക്കും തുടങ്ങി നിരവധി സീരിയലുകളിലും ചൈതന്യം, സത്യൻ അന്തിക്കാടിന്‍റെ ജോമോന്‍റെ സുവിശേഷങ്ങൾ തുടങ്ങിയ ഏതാനും സിനിമകളിലും ചെറിയ റോളുകളിൽ അഭിനയിച്ചിട്ടുണ്ട്.

ഭാര്യ: ശ്രീകുമാരി. മക്കൾ: അക്ഷയ്, അഭിനവ്. ശവസംസ്‌കാരം ശനിയാഴ്ച 12ന് ചേന്ദമംഗലം കോട്ടയിൽകോവിലകം പൊതുശ്മശാനത്തിൽ.

ഇന്ന് രാവിലെയും പതിവുപോലെ ഗുഡ്‌മോര്‍ണിംഗ് മെസേജ് അയച്ച ചേട്ടന്‍ കുറച്ച് കഴിഞ്ഞു മരിച്ചു എന്ന് പറയുമ്പോള്‍ താങ്ങാന്‍ ആവുന്നില്ല… എന്നാണ് നടി സീമ ജി നായര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

വാക്കുകള്‍ കിട്ടുന്നില്ല വിടപറയാന്‍. പ്രായം നോക്കാതെ എല്ലാവരെയും മേനോനെ എന്ന് വിളിച്ചുകൊണ്ടു തമാശ പറഞ്ഞു എപ്പോഴും ഖനഗംഭീര ശബ്ദത്തില്‍ എല്ലാവരോടും സ്‌നേഹത്തോടെ നിറഞ്ഞു നിന്നു മുഖം നോക്കാതെ ചിലപ്പോള്‍ പെരുമാറും. കുറച്ചു കഴിഞ്ഞാല്‍ പറയും അപ്പോള്‍ അങ്ങനെ അങ്ങ് പറഞ്ഞു പോയി ഒന്നും മനസ്സില്‍ വയ്ക്കരുത് എന്നാണ് നടി ഉമ നായര്‍ കുറിച്ചിരിക്കുന്നത്.

മണി മായമ്പിള്ളിയെ കുറിച്ച് നീണ്ട കുറിപ്പാണ് നടന്‍ ആനന്ദ് നാരായന്‍ പങ്കുവച്ചത്. പ്രണാമം മണി ചേട്ടായെന്ന് പറഞ്ഞാണ് ആനന്ദ് നാരായന്റെ കുറിപ്പ് തുടങ്ങുന്നത്. മണി മായമ്പള്ളി എന്ന എന്റെ മണി ചേട്ടന്‍ ഒരു സഹപ്രവര്‍ത്തകന്‍ മാത്രമായിരുന്നില്ല എനിക്ക്. എനിക്ക് എന്നല്ല മണി ചേട്ടനെ അറിയാവുന്നവര്‍ക്ക് എല്ലാം ഒരു കൂട്ടുകാരനായിരിന്നു അദ്ദേഹം.

മണിച്ചേട്ടന്റെ സ്വന്തം ശൈലിയില്‍ ഉള്ള ഒരു ചിരി ഉണ്ട് ഉള്ളു കൊണ്ടു മനസ്സു നിറഞ്ഞു ചിരിക്കുന്ന ഒരു ചിരി, ആ ചിരിയും തമാശയും ചേട്ടന്റെ ആ ശബ്ദവും ലൊക്കേഷനില്‍ നിറഞ്ഞു നില്‍ക്കും. ഏതാണ്ട് ഒരേ ടൈമില്‍ ഷൂട്ട് നടന്നുകൊണ്ടിരുന്ന രണ്ടു സീരിയലുകള്‍ ഞങ്ങള്‍ക്ക് ഒരുമിച്ച് അഭിനയിക്കാന്‍ സാധിച്ചു.

സ്വാതി നക്ഷത്രം ചോതി ഇവിടെ തിരുവന്തപുരം ലൊക്കേഷനില്‍ നിന്നും ഉണ്ണിമായ എറണാകുളം ലൊക്കേഷനിലേയ്ക്ക് ഞങ്ങള്‍ ഒരുമിച്ച് എന്റെ കാറില്‍ ആണു യാത്ര, നാല് മണിക്കൂര്‍ ഡ്രൈവ് എനിക്ക് വെറും 40 മിനിറ്റു ഡ്രൈവ് ആയി തോന്നിയ നാളുകള്‍, മണി ചേട്ടന്‍ പറയാറുണ്ട് അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ തട്ടേല്‍ വീണു മരിക്കണം അതാണ് ഒരു നടന് ദൈവം തരുന്ന ഓസ്‌കര്‍ എന്ന്.

പരിചയപെട്ട ആ നാള്‍ മുതല്‍ (ജൂണ്‍ 2)ഇന്നലെ വരെ മണി ചേട്ടന്‍ മെസ്ജ് അയക്കാത്ത ദിവസങ്ങള്‍ ഇല്ല, രാവിലെ ഫോണ്‍ എടുക്കുമ്പോ ആദ്യം കാണുന്നത് മേന്‍നെ,, നെ എന്നൊരു നീട്ടി വിളിയുടെ വോയിസ് മെസ്ജ് അല്ലേല്‍ ഗുഡ് മോര്‍ണിംഗ്, സുപ്രഭാതം ഇതൊക്കെ ആണു. ഇന്നലെ മണിച്ചേട്ടന്‍ നമ്മളെ ഒക്കെ വിട്ടു പോയി എന്ന് കേട്ടപ്പോള്‍ തന്നെ എന്റെ മനസ്സില്‍ തോന്നിയ ഒരു കാര്യം നാളെ മുതല്‍ എനിക്ക് മണി ചേട്ടന്റെ മെസ്ജ് ഇല്ലഎന്നായിരുന്നു.

പക്ഷെ ഇന്നും( 03/06/21)പതിവ് പോലെ എനിക്ക് ഒരു മെസ്ജ് വന്നു മണി ചേട്ടന്‍ ഈ ലോകത്ത് ഇല്ലല്ലോ എന്ന് ചിന്തിച്ച എനിക്ക് എന്റെ മണി ചേട്ടന്റെ ആത്മാവ് മകനിലൂടെ അയച്ച മെസേജ്. ചേട്ടാ, ചേട്ടന്‍ മരിച്ചിട്ടില്ല ചേട്ടാ. ഞങ്ങളുടെ ഒക്കെ മനസ്സില്‍ മണി ചേട്ടന് ഞങ്ങള്‍ മരിക്കും വരെയാണു ആയുസ്സ്. മണി ചേട്ടന് ആയിരം പ്രണാമമെന്നുമായിരുന്നു ആനന്ദ് കുറിച്ചത്.

മക്കളെ സ്‌നേഹിക്കുന്നതില്‍ ഒരു പരിധിയുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് മോഹന്‍ലാല്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു അഭിമുഖത്തിലാണ് അദ്ദേഹം തന്റെ മനസ്സുതുറന്നത്. ‘മകനെയും മകളെയും സ്‌നേഹിക്കുന്നതില്‍ ഒരു പരിധിയുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന്’ ലാലേട്ടന്‍ പറയുന്നു. ‘അതില്‍ കൂടുതല്‍ എപ്പോഴും അവരെ കുറിച്ച് വിചാരിച്ച്, അവരില്‍ നിന്നും ഒരു മോശം പ്രതികരണം നമുക്കുണ്ടായാല്‍ നമ്മള്‍ കൂടുതല്‍ വേദനയിലേക്ക് പോകും’.അദ്ദേഹം പറയുന്നു.

‘അവര്‍ക്ക് അവരുടെതായ ജീവിത ശൈലി ഉണ്ടാവട്ടെ എന്ന് വിചാരിക്കുന്ന ആളാണ് ഞാന്‍. അവരുടെ ബുദ്ധിയില്‍ നിന്നും അവര് കണ്ടെത്തട്ടെ. നമുക്ക് അവരെ ഗൈഡ് ചെയ്യാനെ പറ്റൂളളൂ’, മോഹന്‍ലാല്‍ പറയുന്നു. ‘ഇപ്പോ എന്റെ കാര്യത്തില്, എന്റെ അച്ഛന് ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നത് ഇഷ്ടമാണോ അല്ലയോ എന്നുളളത് എനിക്കറിയില്ലായിരുന്നു.

ഞാന്‍ പോയി ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് നീ നിന്റെ ഡിഗ്രി കംപ്ലീറ്റ് ചെയ്യൂ. എന്നിട്ട് നിന്റെ ഇഷ്ടം പോലെ ചെയ്യു എന്നാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

ബാലതാരമായി തുടങ്ങി പിന്നീട് നായകനടനായി മാറിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയമാണ് നിലവില്‍ പ്രണവിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.
മകള്‍ വിസ്മയ എഴുത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

മെട്രിസ് ഫിലിപ്പ്

കേരള കത്തോലിക്കാസഭ വി. തോമാശ്ലീഹായുടെ “ദുക്‌റാന തിരുനാൾ” ജൂലൈ 3 ന് ആചരിക്കുന്നു. ശ്ലീഹൻമാരിൽ ഏറ്റവും അധികമായി യേശു, സ്നേഹിച്ചിരുന്നത് തോമസിനെ ആയിരുന്നു എന്ന് ബൈബിളിൽ വിവരിക്കുന്നുണ്ട്. അത് കൊണ്ടാകാം യേശു ഉയർത്തെഴുന്നേറ്റു എന്നറിഞ്ഞിട്ടും, എനിക്ക് കണ്ട്‌ വിശ്വസിച്ചു, സാക്ഷ്യപെടുത്തണം എന്ന ഉറച്ച തീരുമാനം തോമസ് എടുത്തത് തന്നെ. യേശു, തോമസിന്റെ ആഗ്രഹം സാധിച്ചു കൊടുത്തത്, സ്നേഹം കൂടുതൽ ഉള്ളത് കൊണ്ട് തന്നെയാണ് എന്ന് നമുക്ക്‌ മനസിലാക്കാം. എന്നാൽ തോമസ് ഒരു അവിശ്വാസി എന്ന പേരിൽ ആണ് അറിയപ്പെടുന്നത്.

“തോമസിന്റെ സംശയം” എന്നപേരിൽ വി. യോഹന്നാൻ ഇപ്രകാരം വി. ബൈബിളിൽ എഴുതിയിരിക്കുന്നു. “പന്ത്രണ്ടുപേരിലൊരുവനും ദിദിമോസ് എന്ന് വിളിക്കപ്പെടുന്നവനുമായ തോമസ് യേശു വന്നപ്പോൾ അവരോട്കൂടെ ഉണ്ടായിരുന്നില്ല. അതൊകൊണ്ട് മറ്റ് ശിഷ്യൻമാർ അവനോട് പറഞ്ഞു, ഞങ്ങൾ കർത്താവിനെ കണ്ടു. എന്നാൽ, അവൻ പറഞ്ഞു, അവന്റെ കൈകളിൽ ആണികളുടെ പഴുതുകൾ ഞാൻ കാണുകയും, അവയിൽ എന്റെ വിരൽ ഇടുകയും അവന്റെ പാർശ്വത്തിൽ എന്റെ കൈ വയ്ക്കുകയും ചെയ്താൽ അല്ലാതെ ഞാൻ വിശ്വസിക്കുകയില്ല. എട്ട് ദിവസങ്ങൾക്കു ശേഷം വീണ്ടും അവന്റെ ശിഷ്യൻമാർ വീട്ടിൽ ആയിരുന്നപ്പോൾ തോമസും അവരോടുകൂടെയുണ്ടായിരുന്നു. വാതിലുകൾ അടച്ചിരുന്നു. യേശു അവരുടെ മധ്യത്തിൽ നിന്നുകൊണ്ട് പറഞ്ഞു, നിങ്ങൾക്ക് സമാധാനം. അവൻ തോമസിനോട് പറഞ്ഞു, നിന്റെ വിരൽ ഇവിടെ കൊണ്ടു വരുക, എന്റെ കൈകൾ കാണുക, നിന്റെ കൈ നീട്ടി എന്റെ പാർശ്വത്തിൽ വയ്ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക. തോമസ് പറഞ്ഞു എന്റെ കർത്താവെ എന്റെ ദൈവമേ. യേശു അവനോട് പറഞ്ഞു, നീ എന്നെ കണ്ടത് കൊണ്ട് വിശ്വസിച്ചു, കാണാതെ തന്നെ വിശ്വസിക്കുന്നവർ ഭാഗ്യവാൻമാർ.”(യോഹന്നാൻ 20: 24-29).

‘”തോറാന” എന്ന പേരിൽ ഈ ദിവസം അറിയപ്പെടുന്നുമുണ്ട്. കാരണം, ഇന്നേ ദിവസം തോരാതെ മഴ പെയ്യും എന്ന് വിശ്വസിക്കുന്നു. കല്ലുരുട്ടി മഴ എന്നും പണ്ട് കാലത്ത് ഈ ദിവസം അറിയപ്പെട്ടിരുന്നു.

AD 52ൽ കൊടുങ്ങല്ലൂരിൽ, കപ്പലിൽ, വന്നിറങ്ങി തന്റെ പ്രേഷിതയാത്ര, തുടങ്ങിയത്, അവസാനിച്ചത്, മദ്രാസിലെ, മൈലാപൂരിലെ ചിന്നമലയിൽ ആണ്. 7 അര പള്ളികൾ, ഭാരതത്തിൽ, സ്ഥാപിച്ചുകൊണ്ട്, യേശുവിന്റെ വിശ്വാസം ഉറപ്പിച്ചു. സഭയുടെ പിതാവിന്റെ, തിരുനാൾ ആയത്, കൊണ്ട്, കടമുള്ള, ദിവസം കൂടിയാണ് ഇന്ന്.

“ഭാരതത്തിന്റെ അപ്പസ്തോലൻ” എന്നപേരിൽ തോമാ ശ്ലീഹ വിളിക്കപ്പെടുന്നുമുണ്ട്. മലയാറ്റൂർ മലയിൽ തോമാ ശ്ലീഹ പ്രത്യക്ഷപെട്ടിരുന്നു. ശ്ലീഹയുടെ കാൽപാദം പതിഞ്ഞ സ്ഥലത്ത് ഒരു കുരിശുപള്ളി സ്ഥാപിക്കുകയും, വിശ്വാസികൾക്ക് ആ സ്ഥലം കാണുവാൻ അവസരം നൽകിവരുന്നുണ്ട്.

കേരളാ കത്തോലിക്കാ സഭയുടെ ആസ്ഥാനത്തിന്റെ പേര് “St Thomas Mount” എന്നാണ്. കേരളത്തിൽ പള്ളികളും, സ്ഥാപനങ്ങളും St. Thomasന്റെ പേരിൽ ഉണ്ട്. ഇന്ന്, സീറോ മലബാർ സഭയിലെ എല്ലാ പള്ളികളിലും ദുക്‌റാന തിരുനാൾ ആചരിക്കും. ഇന്ന് തോമസ് നാമധാരികളുടെ തിരുനാൾ കൂടിയാണ്. അവർക്കെല്ലാം തിരുനാൾ ആശംസകൾ.

തോമാ ശ്ലീഹ സഭയുടെ മധ്യസ്ഥൻ ആയി നിലകൊണ്ട്, സഭയ്ക്കും നാടിനും, എല്ലാ വിശ്വവാസികൾക്കും, നന്മകൾ ചെയ്തും, സ്നേഹിച്ചും, ജീവിച്ചുകൊണ്ട്, നമുക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട്, ദുക്‌റാന തിരുനാൾ ആഘോഷിക്കാം. തോമാ ശ്ലീഹയുടെ ജീവിതം പോലെ, പ്രേക്ഷിതചൈതന്യത്തിൽ നിലകൊണ്ടു നമുക്ക് ജീവിതം മുന്നോട്ട് കൊണ്ട് പോകാം. എല്ലാവർക്കും ദുക്‌റാന തിരുനാൾ ആശംസകൾ, പ്രാർത്ഥനകൾ…

കൊല്ലം കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച കേസില്‍ രേഷ്മയോട് കാമുകനെന്ന പേരില്‍ ചാറ്റ് ചെയ്തത് ആത്മഹത്യചെയ്ത യുവതികള്‍. രേഷ്മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മയുമാണ് ചാറ്റ് ചെയ്തിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. കാമുകനുവേണ്ടി കുഞ്ഞിനെ ഉപേക്ഷിച്ചുവെന്നായിരുന്നു രേഷ്മ പൊലീസിന് നല്‍കിയിരുന്ന മൊഴി. കാമുകന്‍ ആരാണെന്ന് കണ്ടെത്താനാണ് രേഷ്മയുടെ ഭര്‍ത്താവിന്റെ ബന്ധുവായ ആര്യയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എന്നാല്‍ ആര്യയും മറ്റൊരു ബന്ധുവായ ഗ്രീഷ്മയും ഇത്തിരക്കരയാറില്‍ ചാടി ആത്മഹത്യ ചെയ്തു. ഇതിന് പിന്നാലെയാണ് കാമുകനെന്ന പേരില്‍ രേഷ്മയോട് ചാറ്റ് ചെയ്തിരുന്നത് ഗ്രീഷ്മയും ആര്യയുമാണെന്ന് പൊലീസ് കണ്ടെത്തിയത്.

രേഷ്മ അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായി രഞ്ജിത്ത് അന്വേഷണ സംഘത്തിനു നേരത്തെ മൊഴി നല്‍കിയിരുന്നു. വീട്ടിലെ ജോലികള്‍ പോലും ചെയ്യാതെ സദാസമയവും ഫോണ്‍ ഉപയോഗിക്കുക പതിവായിരുന്നു. വിഷ്ണുവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.

ചാത്തന്നൂര്‍ എസ്പി വൈ.നിസാമുദ്ദീന്‍, പാരിപ്പള്ളി ഇന്‍സ്‌പെക്ടര്‍ ടി.സതികുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. അറസ്റ്റിലായ രേഷ്മ കോവിഡ് പോസിറ്റീവായി അട്ടക്കുളങ്ങര വനിതാ ജയിലിലാണ്. മൊഴി രേഖപ്പെടുത്താന്‍ വിളിപ്പിച്ച കല്ലുവാതുക്കല്‍ മേവനക്കോണം, തച്ചക്കോട്ട് വീട്ടില്‍ രഞ്ജിത്തിന്റെ ഭാര്യ ആര്യ (23), രേഷ്മ ഭവനില്‍ രാധാകൃഷ്ണപിള്ളയുടെ മകള്‍ ഗ്രീഷ്്മ (ശ്രുതി-22) എന്നിവരെ ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഡി.എൻ.എ. പരിശോധന അടക്കം നടത്തിയ ശേഷമാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. പ്രസവിച്ചയുടൻ രേഷ്മ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. പ്രസവ വിവരം വീട്ടുകാരിൽ നിന്നു പോലും രേഷ്മ മറച്ചുവയ്ക്കുകയായിരുന്നു. കരിയില കൂനയിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് പിറ്റേന്ന് തന്നെ മരിച്ചിരുന്നു.

ജനുവരി അഞ്ചാം തീയതിയാണ് സംഭവം. നടയ്ക്കൽ ഊഴായിക്കോട് ക്ഷേത്രത്തിനു സമീപമുള്ള വീടിന്റെ പറമ്പിലാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അന്ന് വൈകിട്ട് തന്നെ കുഞ്ഞ് മരണപ്പെട്ടു. തുടർന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് ആരെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചത്.

അന്വേഷണത്തിന്റെ ഭാഗമായി പരിസര പ്രദേശത്തുള്ള സ്ത്രീകളുടെ രക്ത സാമ്പിളുകൾ ഡി.എൻ.എ. പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഈ പരിശോധനയിലാണ് കുഞ്ഞ് രേഷമയുടേതാണെന്ന് കണ്ടെത്തിയത്.

RECENT POSTS
Copyright © . All rights reserved