Latest News

കാക്കനാട്‌: മുട്ടാര്‍ പുഴയില്‍ മകള്‍ വൈഗയെ ജീവനോടെയെറിഞ്ഞു കൊലപ്പെടുത്തി നാടുവിടുമ്പോള്‍ സനു മോഹന്റെ പക്കലുണ്ടായിരുന്നത്‌ 9 ലക്ഷം രൂപ. അന്വേഷണസംഘത്തോട്‌ സനു മോഹന്‍ തന്നെയാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌.

ഏറെനാളത്തെ പ്രാര്‍ഥനകള്‍ക്കും വഴിപാടുകള്‍ക്കും ശേഷമുണ്ടായ മകളോട്‌ സനുവിന്‌ വൈകാരികമായ അടുപ്പമുണ്ടായിരുന്നു. വൈഗയ്‌ക്കും അച്‌ഛനോടായിരുന്നു കൂടുതല്‍ ഇഷ്‌ടം. ആലപ്പുഴയിലെ ബന്ധുവീട്ടില്‍നിന്നും അച്‌ഛനൊപ്പം കാറില്‍ മടങ്ങുമ്പോള്‍ അവസാനയാത്രയാണെന്ന്‌ വൈഗ പ്രതീക്ഷിച്ചു കാണില്ല.

കങ്ങരപ്പടിയിലെ ഫ്‌ളാറ്റില്‍ എത്തിയശേഷം ഒരുമിച്ചു മരിക്കാമെന്ന്‌ സനു പറഞ്ഞപ്പോഴും വേണ്ടച്‌ഛാ എനിക്കു പേടിയാണെന്നാണ്‌ മകള്‍ പറഞ്ഞതെന്ന്‌ സനു ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി. ആദ്യം ശ്വാസംമുട്ടിച്ചു. ബോധരഹിതയായ വൈഗ മരിച്ചെന്നു കരുതി കിടക്കവിരിയില്‍ പൊതിഞ്ഞ്‌ തോളിലിട്ടാണ്‌ പടിയിറങ്ങിയതും കാറില്‍ കയറിപ്പോയതും. എന്നാല്‍, മകളെ കൊന്നശേഷം ആത്മഹത്യ ചെയ്യണമെന്ന ചിന്ത ഇയാളില്‍ ഒരിക്കല്‍പോലും ഉണ്ടായിട്ടില്ലെന്നാണ്‌ അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. സേലത്ത്‌ മള്‍ട്ടിപ്ലക്‌സ്‌ തീയറ്ററില്‍ സനു മോഹന്‍ രണ്ടു സിനിമകള്‍ കണ്ടത്‌ വൈഗയുടെ മൃതദേഹം കണ്ടെത്തിയ മാര്‍ച്ച്‌ 22-ന്‌ വൈകുന്നേരമാണ്‌.

ആത്മഹത്യ ചെയ്യണമെന്നുറപ്പിച്ചിരുന്നെങ്കില്‍ കാറില്‍ വിലകൂടിയ മദ്യവും സിഗററ്റും വാങ്ങി ശേഖരിക്കില്ലായിരുന്നു. മദ്യത്തിനു പുറമേ ലഹരിമരുന്നിനും സനു അടിമയാണെന്നും അന്വേഷണസംഘം സംശയിക്കുന്നു.

പുഴയില്‍ എറിയുംമുമ്പ്‌ വൈഗയുടെ ആഭരണങ്ങള്‍ അഴിച്ചെടുത്ത്‌ കോയമ്പത്തൂരില്‍ പണയംവച്ചതും ഗോവയിലെ ചൂതാട്ടകേന്ദ്രത്തിലെത്തി ചൂത്‌ കളിച്ചതിനും പിന്നിലും ദുരൂഹതയുണ്ട്‌. ഒമ്പതു ലക്ഷം വിലമതിക്കുന്ന പുതിയ ഫോക്‌സ്‌ വാഗണ്‍ ആമിയോ കാര്‍ കോയമ്പത്തൂരിലെ പൊളിക്കല്‍ കേന്ദ്രത്തില്‍ എത്തിച്ചു വിറ്റു.

ഈ കാര്‍ പോലീസ്‌ തൃക്കാക്കരയില്‍ എത്തിച്ചിട്ടുണ്ട്‌. കോയമ്പത്തൂര്‍, സേലം, ഗോവ, ഊട്ടി, മഹാരാഷ്ര്‌ട, കൊല്ലൂര്‍, ഉഡുപ്പി, കാര്‍വാര്‍ എന്നിവിടങ്ങളിലെ തെളിവെടുപ്പ്‌ ഇന്നു പൂര്‍ത്തിയാക്കും. സനുവിന്റെ ഭാര്യ രമ്യ, അടുത്ത ബന്ധുക്കള്‍ എന്നിവരെയും വൈകാതെ ചോദ്യംചെയ്യും.

ന്യൂസ് ഡെസ്‌ക് മലയാളം യുകെ.
ഇത് സിസ്റ്റര്‍ ആനി മരിയ.
പുഞ്ചിരിയുടെ രാജകുമാരി.
ആ പുഞ്ചിരി ഇനി ഭൂമിയിലില്ല. കര്‍ത്താവിന്റെ സന്നിധിയില്‍ മാലാഖമാര്‍ക്കൊപ്പം സ്തുതി പാടും..

ഇതൊരു ഓര്‍മ്മക്കുറിപ്പാണ്. ചങ്ങനാശ്ശേരി അതിരൂപതയിലെ ഏറ്റവും ചെറുതെന്നു വിശേഷിപ്പിക്കാവുന്ന കോട്ടയ്ക്കുപുറം ഇടവകക്കാരുടെ സ്വന്തം സിസ്റ്റര്‍ ആനി മരിയ. പൂവന്‍ നില്‍ക്കുന്നേല്‍ തെക്കേത്തോട്ടത്തില്‍ കുടുംബത്തില്‍ ഔസേപ്പിന്റേയും മേരിയുടെയും മകളായി ആയിരത്തി തൊള്ളായിരത്തി ഇരുപത്തിനാലില്‍ കോട്ടയ്ക്കുപുറത്തു ജനിച്ചു. സഭാ വസ്ത്രം ധരിക്കുമ്പോള്‍ ഞാന്‍ ജനിച്ചിട്ടു പോലുമില്ല. നാല്‍പത്തിമൂന്നു വര്‍ഷം സെന്റ് ആന്‍സ് കോണ്‍വെന്റില്‍ സേവനമനുഷ്ഠിച്ചു. ദീര്‍ഘവീക്ഷണമുള്ള വ്യക്തിയായിരുന്നു സിസ്റ്റര്‍.


എബിസണ്‍ ജോസ്

കോട്ടയ്ക്കുപുറത്ത് ഒരു ഹൈസ്‌കൂള്‍ വരണം എന്ന് ആഗ്രഹിച്ച് അതിനുള്ള പ്രാഥമിക നടപടികളും നടത്തിയിരുന്നു. സമൂഹത്തിന്റെ വളര്‍ച്ചയായിരുന്നു ജീവിത ലക്ഷ്യം. പാവങ്ങളോടുള്ള കരുണയായിരുന്നു സിസ്റ്ററിനെ ജനഹൃദയങ്ങളിലെത്തിച്ചത്. സിസ്റ്ററിന്റെ വേര്‍പാട് ഒരു തീരാ ദുഖമായി തലമുറകളില്‍ തുടരും ഇതൊരാമുഖം മാത്രം…

ചുട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ!
എന്നാല്‍ ചുട്ടയിലെ ശീലം നമുക്ക് ഉണ്ടാക്കി തരുന്നവരെ പലപ്പോഴും നാം ഓര്‍മ്മിക്കാറില്ല എന്നതാണ് വാസ്തവം.
പക്ഷേ ബാല്യത്തിലെ എന്റെ ശീലങ്ങളില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുള്ള ഒരു മാതൃകാ അധ്യാപികയാണ് സിസ്റ്റര്‍ ആനി മരിയ.

എന്നും സുഗന്ധമുള്ള ഓര്‍മ്മകളാണ് സിസ്റ്റര്‍ ആനി മരിയയെ ഓര്‍ക്കുമ്പോള്‍….
എന്റെ കുട്ടിക്കാലം.
ബാല്യത്തിലെ ഏറ്റവും വലിയ ഓര്‍മ്മയാണല്ലോ അദ്യകുര്‍ബാന സ്വീകരണം. എന്നാല്‍
ആദ്യകുര്‍ബാന സ്വീകരണത്തിന് വളരെ മുമ്പേ തന്നെ അധ്യാപനത്തിലൂടെ എന്നെ ഈശോയെ പരിചയപ്പെടുത്തിയ വ്യക്തിത്വമാണ് സിസ്റ്റര്‍ ആനി മരിയ.

ആദ്യ കുര്‍ബാന സ്വീകരണ പരിശീലനം സിസ്റ്റര്‍ ആനി മരിയയുടെ കീഴില്‍ എനിക്കും എന്റെ മൂത്ത മകള്‍ക്കും സാധിച്ചു എന്നുള്ളത് അത്ഭുതത്തോടെയാണ് ഇന്നു ഞാന്‍ ഓര്‍ക്കുന്നത്. ഈശോയുടെ മുഖത്തേയ്ക്ക് നോക്കുന്നവര്‍ പ്രകാശിതരാകുമെന്ന് സിസ്റ്റര്‍ എപ്പോഴും പറയുമായിരുന്നു.

സിസ്റ്റര്‍ ആനി മരിയ എന്നാല്‍ ‘പുഞ്ചിരിയുടെ രാജകുമാരി’ എന്ന് വിശേഷിപ്പിക്കാം. അപരിചിതര്‍ക്കും അങ്ങനെ തന്നെ. പ്രതിസന്ധിഘട്ടങ്ങളെ നേരിടുന്ന ആ പുഞ്ചിരി മൂന്ന് വര്‍ഷം മുമ്പ് കേരളത്തില്‍ വന്നപ്പോള്‍ എനിക്ക് വീണ്ടും കാണുവാന്‍ സാധിച്ചു. ഇത്രയും വേഗം അത് അസ്തമിക്കും എന്ന് ഞാനോര്‍ത്തില്ല. സിസ്റ്ററിനെ അറിയാവുന്ന ആര്‍ക്കും പ്രത്യേകിച്ച് കോട്ടയ്ക്കുപുറംകാര്‍ക്ക് ആ പുഞ്ചിരി ഒരിക്കലും മറക്കാന്‍ ആവുന്നതല്ല.

തങ്ങള്‍ക്കുള്ള ചെറുതും വലുതുമായ കഴിവുകള്‍ ദൈവസ്തുതിക്കായി ഉപയോഗിക്കണമെന്ന് ഞങ്ങളെ വ്യക്തമായി ചെറുപ്പത്തില്‍ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തത് ഞാനോര്‍ക്കുന്നു.
ദൈവ സ്‌തോത്രം ആലപിക്കുവാന്‍ ആരും യേശുദാസ് ആകേണ്ട കാര്യമില്ല എന്ന് ഞങ്ങളെ എപ്പോഴും ഓര്‍മിപ്പിക്കുമായിരുന്നു… തങ്ങളാല്‍ കഴിയാവുന്നതുപോലെ ആത്മാര്‍ത്ഥമായി പാടി ദൈവത്തെ സ്തുതിക്കുക എന്നായിരുന്നു ഞങ്ങളെ എപ്പോഴും ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നത്. സംഗീതത്തില്‍ എളിയരീതിയില്‍ എങ്കിലും വലിയ ഒരു ആത്മവിശ്വാസം ഉണ്ടാക്കി തരുവാന്‍ സിസ്റ്റര്‍ ആനി മരിയയുടെ സ്വാധീനം എനിക്ക് ഉപകരിച്ചിട്ടുണ്ട് എന്ന് ഞാന്‍ നന്ദിയോടെ ഓര്‍ക്കുന്നു…
മത പഠന കാര്യങ്ങളില്‍ മാത്രമല്ല നല്ല പാഠ്യേതര വിഷയങ്ങളും ഞങ്ങള്‍ക്ക് സിസ്റ്റര്‍ പറഞ്ഞു മനസ്സിലാക്കി തരുമായിരുന്നു. ചെറുപുഷ്പ മിഷന്‍ ലീഗ് അനിമേറ്റര്‍ ആയിരുന്ന സമയത്ത് കുടമാളൂര്‍ പദയാത്രയില്‍, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജന്മ ഗൃഹത്തിലേക്ക് ഞങ്ങളെ നയിച്ചിരുന്നത് സിസ്റ്റര്‍ ആയിരുന്നു. ഫൊറോനാ തലത്തിലും രൂപതാ തലത്തിലുമുള്ള മത്സരങ്ങളില്‍ പങ്കെടുക്കുകയും വിജയിക്കുകയും വിജയിച്ചുളള മടക്കയാത്രയില്‍ ഒപ്പമുള്ള ഉള്ള ബസിലെ യാത്രക്കാരെ വരെ അമ്പരപ്പിച്ചുകൊണ്ട് ജയഘോഷങ്ങളും മുദ്രാവാക്യങ്ങളും വിളിച്ചു സമ്മാനങ്ങള്‍ നേടിയുള്ള ആ തിരിച്ചുവരവുകള്‍ എനിക്ക് ഒരു നാളിലും മറക്കാന്‍ പറ്റുന്നതല്ല. ആ യാത്രകള്‍ ഒത്തിരി തിരിച്ചറിവുകള്‍ തരുകയും പല കാര്യങ്ങളിലും പക്വത നേടിത്തരുകയും ചെയ്തു.

നാല് സുവിശേഷകന്മാരുടെ പേരിലുള്ള ഉള്ള നാല് ഹൗസുകള്‍ തമ്മില്‍ സണ്‍ഡേ സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും തിരിക്കുമ്പോള്‍ ഞാന്‍ ലീഡര്‍ ആയിരുന്ന ഗ്രൂപ്പിനെ മുന്നോട്ടു നയിക്കുവാനും മത്സരത്തില്‍ ജയിക്കുവാനും വളരെയധികം നിര്‍ദേശങ്ങള്‍ തരികയും പ്രോത്സാഹിപ്പിക്കുകയും ചെയ്തത് മറക്കാന്‍ പറ്റുന്നതല്ല.

പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള തീപ്പെട്ടി അരി ശേഖരണം, സ്‌നേഹിതരെയും ശത്രുക്കളെയും ഉള്‍പ്പെടെ പത്ത് പേരെ ഉള്‍പ്പെടുത്തിയുള്ള പ്രാര്‍ത്ഥനാ ശൃംഖല വഴി ശത്രുക്കള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുവാന്‍ ഉള്ള കഴിവ് നേടിയെടുക്കുവാന്‍ സാധിച്ചു.
സിസ്റ്റര്‍ ആനി മരിയ സണ്‍ഡേ സ്‌കൂളിന്റെ അസിസ്റ്റന്റ് ഹെഡ്മിസ്ട്രസ് ആയിരുന്നപ്പോള്‍, സിസ്റ്ററിന്റെ നിര്‍ദ്ദേശാനുസരണം ഒരു കൈയെഴുത്തു മാസിക ‘പ്രകാശം’ ഞാന്‍ പ്രതിനിധാനംചെയ്യുന്ന യോഹന്നാന്‍ ഹൗസിനു വേണ്ടി ചെയ്യുവാന്‍ സാധിച്ചു. അതിനു വേണ്ട സകല പിന്തുണയും പ്രോത്സാഹനവും തന്നു സഹായിച്ചത് സിസ്റ്റര്‍ ആനി മരിയ മാത്രമാണ്.

ചുരുക്കത്തില്‍, കുട്ടികളായിരുന്ന ഞങ്ങള്‍ക്ക് ഒരു നേര്‍ വഴികാട്ടിയും, നല്ല മനസ്സോടെ നല്ല ഹൃദയത്തോടെ നല്ല ആത്മാവോടെ നല്ല ചിന്തകളോടെ ജീവിക്കുവാന്‍ ഏറ്റവുമധികം പ്രോത്സാഹനം ഞങ്ങള്‍ക്ക് പങ്കിട്ടു തന്ന, സ്‌നേഹത്തിന്റെയും പുഞ്ചിരിയോടെയും മുഖമായ ഞങ്ങളുടെ ആനി മരിയ സിസ്റ്റര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന ബാഷ്പാഞ്ജലികള്‍ ഹൃദയപൂര്‍വ്വം നേരട്ടെ!

ആനി മരിയ സിസ്റ്റര്‍ ഒരിക്കലും മരിക്കുന്നില്ല… എന്നും ഞങ്ങള്‍ കോട്ടയ്ക്കുപുറംകാരുടെ സ്വകാര്യ അഹങ്കാരമായി ഓര്‍മ്മകളിലൂടെ കോട്ടയ്ക്കുപുറത്തു ജീവിക്കുന്നു. ഞങ്ങളുടെ പ്രവര്‍ത്തികളിലൂടെ സിസ്റ്ററിന്റെ സ്വാധീനം മറ്റുള്ളവരിലേക്ക് പകരുവാന്‍ ശിഷ്യരായ ഞങ്ങള്‍ക്കും എന്നും സാധിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു…

ഞങ്ങള്‍ കോട്ടയ്ക്കുപുറംകാര്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നത് ഒന്നു മാത്രം.
ഒരു സ്വര്‍ഗ്ഗീയ മധ്യസ്ഥയായി, പ്രത്യേകിച്ച് സിസ്റ്ററിന്റെ കുഞ്ഞുങ്ങളായിരുന്ന ഞങ്ങളുടെ പ്രത്യേക മധ്യസ്ഥയായി, ഞങ്ങള്‍ക്കുവേണ്ടി എന്നും തമ്പുരാനോട് മാധ്യസ്ഥം പ്രാര്‍ത്ഥിക്കുമെന്നുള്ള വിശ്വാസം.

ആദരപൂര്‍വ്വം…
എബിസണ്‍ ജോസ്.

നോബി ജെയിംസ്

1 1/2 കിലോ ചിക്കൻ
1 ടേബിൾസ്‌പൂൺ കുരുമുളകുപൊടി
1 ടേബിൾസ്പൂൺ മല്ലിപൊടി
1 ടേബിൾ സ്പൂൺ ഗാർലിക് പൊടി
1 ടീസ്പൂൺ ഇഞ്ചി പൊടി (ചുക്കുപൊടി )
1 ടേബിൾസ്പൂൺ പാപ്രിക /കാശ്മീരി മുളകുപൊടി
1 ടീസ്പൂൺ കറുവ പൊടി /cinnamon powder
1 ടീസ്പൂൺ ഓർഗാനോ
1 ടീസ്പൂൺ മിക്സ് സ്‌പൈസസ്
1 ടീസ്പൂൺ ജീരക പൊടി
4 ടേബിൾസ്പൂൺ തൈര്
1 നാരങ്ങാ നീര്
ഉപ്പ്
3 ടേബിൾസ്പൂൺ എണ്ണ

ഇവയെല്ലാംകൂടി ഒന്നിച്ചിളക്കി മസാല ആക്കി വയ്ക്കുക. ചിക്കൻ അല്ലങ്കിൽ ലാമ്പോ മുട്ടനോ ഇതേ മസാല തിരുമ്മി ചിക്കൻ വീഡിയോയിൽ കാണുന്നതുപോലെ കട്ട് ചെയ്തു മസാല തിരുമ്മി വയ്ക്കുക. കുറച്ചു സമയത്തിന് ശേഷം വീഡിയോയിൽ കാണുന്നതുപോലെ കുത്തി ഓവനിൽ ഇട്ടു ഗ്രില്ല് ചെയ്തു എടുക്കുക. ഓവൻ ഇല്ല എങ്കിൽ പാനിൽ ഫ്രൈ ചെയ്തു ഗാർലിക് സോസും (ഇതിനു മുൻപ് യൂട്യൂബിൽ എന്റെ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് അത് ഉണ്ടാക്കി ഫ്രിഡ്ജിൽ വച്ചാൽ കേടുകൂടാതെ ഇരിക്കും ) ചിക്കൻ പാകം ചെയ്തു സലാഡും സോസും ഒഴിച്ചു പൊതിഞ്ഞു തനതായ ഷവർമ കഴിക്കാം. ഇതു എല്ലാവരും ഒന്ന് ഉണ്ടാക്കി നോക്കണേ .

മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……

ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .

    നോബി ജെയിംസ്

യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ  ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.

കെ.സി.ബി.സിയും യാക്കോബായ സഭയും ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കി. പള്ളികളില്‍ ജനപങ്കാളിത്തം കുറയ്ക്കണമെന്ന് കെ.സി.ബി.സിയും വിശ്വാസികള്‍ ഓണ്‍ലൈനിലൂടെ കുര്‍ബാനയില്‍ പങ്കെടുത്താല്‍ മതിയെന്ന് യാക്കോബായ സഭയും അറിയിച്ചു.

പെരുന്നാളുകളില്‍ ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ സഭ നിര്‍ദ്ദേശം നല്‍കി. കൊവിഡ് തീവ്രത കുറയുന്നത് വരെ ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനയുടെ ദൈര്‍ഖ്യം കൂടരുതെന്നും നിര്‍ദേശമുണ്ട്. കഴിയുന്നത്രയും വിശ്വാസികള്‍ ഓണ്‍ലൈനിലൂടെ കുര്‍ബ്ബാനയില്‍ പങ്കെടുത്താല്‍ മതി.
കൊവിഡ് തീവ്രത കുറയുന്നത് വരെ വിവാഹം, മാമോദീസ ഉള്‍പ്പെടെയുള്ള കൂദാശകള്‍ നീട്ടിവയ്ക്കണമെന്നും സഭ നിര്‍ദ്ദേശിച്ചു.

സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സക്കായി 25 % കിടക്കകൾ മാറ്റി വെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്കിടെയാണ് മുഖ്യന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ചികിത്സക്ക് അമിത നിരക്ക് ഈടാക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. എല്ലാ ആശുപത്രികളും കുറഞ്ഞത് 25 ശതമാനം കിടക്കകളെങ്കിലും കൊവിഡ് ചികിത്സക്കായി മാറ്റി വെക്കണമെന്ന് യോഗത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സാഹചര്യമനുസരിച്ച് ഇത് വർദ്ധിപ്പിക്കണം.

പരമാവധി ഐസിയു കിടക്കകളും വെന്റിലേറ്ററുകളും സജ്ജമാക്കണം. ഒഴിവുള്ള കിടക്കകളുടെ എണ്ണം ദിവസേന സർക്കാരിനെ അറിയിക്കണം. പല ആശുപത്രികളും കൊവിഡ് ചികിത്സക്ക് വലിയ തുക ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അമിത നിരക്ക് ഈടാക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കൊച്ചി ∙ സംസ്ഥാനത്ത് ഏറ്റവും മികച്ച ആരോഗ്യ, ചികിത്സാ സംവിധാനങ്ങളുള്ള ജില്ലയാണ് എറണാകുളം. സർക്കാർ സംവിധാനങ്ങൾക്കു പുറമേ സ്വകാര്യ മേഖലയിൽ വളരെയേറെ മൾട്ടി സ്പെഷ്യൽറ്റി ആശുപത്രികളുള്ള ജില്ല. കോവി‍ഡ് ഒന്നാം തരംഗ കാലം മുതൽ വൈറസ് വ്യാപനം നിയന്ത്രിക്കാനുള്ള വിപുലമായ പദ്ധതികൾ ആവിഷ്കരിച്ചതാണെങ്കിലും ഇപ്പോൾ കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം അനുദിനം കുതിച്ചുയരുകയാണ് എറണാകുളത്ത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ കോവിഡ് പോസിറ്റീവായതും ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളതും എറണാകുളത്തു തന്നെ.

ജനസംഖ്യാനുപാതികമായി പരിശോധിച്ചാൽ രാജ്യത്തുതന്നെ വൈറസ് വ്യാപനം ഏറ്റവും രൂക്ഷമായ ജില്ലയാണ് എറണാകുളം. 35 ലക്ഷം ജനസംഖ്യയുള്ള ജില്ലയിൽ 1.65 ലക്ഷം പേർക്ക് ഇതിനോടകം കോവിഡ് ബാധിച്ചു കഴിഞ്ഞു. അതായത് 21ൽ ഒരാൾ വീതം ജില്ലയിൽ ഇതിനകം കോവിഡ് പോസിറ്റീവായിക്കഴിഞ്ഞു. പ്രതിദിനം പത്തു ലക്ഷത്തിൽ 1300 പേർക്ക് എന്ന തോതിലാണ് ഇപ്പോൾ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. രാജ്യത്തെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് ഇത് ഏറെ ഉയർന്ന നിലയിലാണ്. കോവിഡ് വ്യാപനം രൂക്ഷമായ ഡൽഹി, മുംബൈ എന്നീ നഗരങ്ങളിൽ പോലും ജനസംഖ്യാനുപാതികമായി പരിശോധിച്ചാൽ എറണാകുളത്തേക്കാൾ കുറഞ്ഞ തോതിലാണു രോഗ വ്യാപനമെന്ന് ആരോഗ്യ വിദഗ്ധൻ ഡോ. പത്മനാഭ ഷെണോയ് പറഞ്ഞു.

വൈറസ് പകരാനുള്ള സാധ്യത കൂടുതലുള്ളവരെ കേന്ദ്രീകരിച്ചു കൂട്ട പരിശോധന നടത്തുന്നതു കൊണ്ടാണ് എറണാകുളം ജില്ലയിലെ കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്നു നിൽക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. പരിശോധനയുടെ എണ്ണം കൂടുമ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ‌) കുറയുകയാണു വേണ്ടത്. പരിശോധനകളുടെ എണ്ണം വർധിക്കുന്നതിനൊപ്പം ടിപിആറും വർധിക്കുന്നുവെങ്കിൽ സമൂഹത്തിലെ രോഗവ്യാപനം അത്രത്തോളം രൂക്ഷമാണെന്നു തന്നെയാണു വ്യക്തമാകുന്നത്.

ജില്ലയിലെ ചില മേഖലകളിൽ രോഗവ്യാപന തോത് 48% വരെ ഉയർന്നു. കീഴ്മാട് പഞ്ചായത്തിലാണു ടിപിആർ 48% എത്തിയത്. അതായത് 100 പരിശോധനകൾ നടത്തുമ്പോൾ 48 പേർ പോസിറ്റീവാകുന്നു. എന്നാൽ തുടർച്ചയായ പരിശോധനയിലൂടെ ഇവിടെ ടിപിആർ 20 ശതമാനമായി കുറഞ്ഞു. ചിറ്റാറ്റുകരയിൽ 30% ടിപിആർ ആയിരുന്നത് 17 ശതമാനമായും കളമശേരിയിലേത് 33 ശതമാനത്തിൽ നിന്ന് 12% ആയും കുറഞ്ഞിട്ടുണ്ട്. ടിപിആർ ഉയർന്നു നിൽക്കുന്ന സ്ഥലങ്ങളിൽ അടുത്തയാഴ്ചയോടെ രോഗവ്യാപന തോത് കുറയുമെന്നു കലക്ടർ എസ്.സുഹാസ് പറഞ്ഞു.

കൊറോണ വൈറസിനെതിരെയുള്ള നമ്മുടെ ജാഗ്രതയിൽ ഇടക്കാലത്തു വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം ഇടക്കാലത്തു കുറഞ്ഞപ്പോൾ സ്വാഭാവികമായും ഇനിയൊരു തരംഗം ഇവിടെയുണ്ടാകില്ലെന്നുള്ള തെറ്റായ ധാരണയും ജനങ്ങൾക്കുണ്ടായി. കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം വർധിക്കാൻ 2 കാരണങ്ങളുണ്ടാകാമെന്നു ഡോ. പത്മനാഭ ഷെണോയ് പറയുന്നു.

1. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നമ്മുടെ ജാഗ്രതയിൽ വലിയ കുറവുണ്ടായി. ഇതു വൈറസ് വ്യാപനത്തിനു സഹായിച്ചു.

2. ജനിതക വ്യതിയാനം സംഭവിച്ച വൈറസ് വേരിയന്റ് കൂടുതൽ പേരിലേക്കു രോഗമെത്തിക്കാനുള്ള സാധ്യതയുണ്ട്. ഒരേ സമയം കൂടുതൽ പേരിലേക്കു വൈറസ് വ്യാപിക്കാനിടയാക്കിയ സാഹചര്യം ഇത്തരമൊരു ശക്തമായ വേരിയന്റിന്റെ സാന്നിധ്യത്തിലേക്കു തന്നെയാണു വിരൽ ചൂണ്ടുന്നത്. ഇതു സംബന്ധിച്ചുള്ള പഠനങ്ങൾ ഇപ്പോഴും നടക്കുന്നതേയുള്ളൂ.

കോവിഡിനെ പ്രതിരോധിക്കാനുള്ള അടിസ്ഥാന മാർഗങ്ങൾ തുടരുന്നതിനൊപ്പം ചികിത്സാ രംഗത്തും ശക്തമായ ഇടപെടൽ നടത്തേണ്ട സമയമാണിത്. രോഗികളുടെ എണ്ണം ഇനിയും ഉയർന്നാൽ ജില്ലയിൽ ചികിത്സയ്ക്ക് കിടക്കകൾ ലഭിക്കാത്ത സാഹചര്യമുണ്ടാകും. ഇപ്പോൾ തന്നെ ഐസിയു കിടക്കകൾ മതിയായ തോതിൽ ലഭ്യമാകാത്ത സാഹചര്യമുണ്ട്. രോഗികളുടെ എണ്ണം ഇനിയും ഉയരാമെന്നതു മനസ്സിലാക്കി കൂടുതൽ ഐസിയു, ഓക്സിജൻ സൗകര്യമുള്ള കിടക്കകൾ അടിയന്തരമായി തയാറാക്കണം.

സർക്കാർ മേഖലയിൽ 9 ആശുപത്രികളിലായി 639 കിടക്കകൾ മാത്രമാണു ചികിത്സയ്ക്കു ലഭ്യമായിട്ടുള്ളത്. ഇതിൽ 416 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗ തീവ്രതയുള്ളവരെ ചികിത്സിക്കാനായി വിവിധ ആശുപത്രികളിലായി 223 കിടക്കകളാണു ലഭ്യമായിട്ടുള്ളത്. രോഗ തീവ്രതയുള്ളവരുടെ എണ്ണം ഉയർന്നാൽ ഈ കിടക്കകൾ തികയാതെ വരും.

English Summary: High Surge in Covid Cases: Ernakulam is Top District in Coronavirus Spread in India

സീരിയല്‍ താരങ്ങളായ അമ്പിളി ദേവിയുടേയും ആദിത്യന്‍ ജയന്റെയും വിവാഹ വാര്‍ത്ത മുതല്‍ പല വിവാദങ്ങളും പ്രചരിച്ചിരുന്നു. തങ്ങള്‍ മനോഹരമായ കുടുംബ ജീവിതമാണ് നയിക്കുന്നതെന്നായിരുന്നു ഇരുവരും വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആദിത്യന്‍ ജയനെതിരെ കടുത്ത ആരോപണങ്ങളുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ അമ്പിളി ദേവി എത്തിയിരുന്നു. ഇതിന് മറുപടിയായി അമ്പിളി ദേവിക്കെതിരെ ആദിത്യനും കഴിഞ്ഞ ദിവസം ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അമ്പിളിയ്ക്ക് വേറെയൊരാളുമായി ബന്ധമുണ്ടെന്നും, ഇതിന്റെ ചില സ്‌ക്രീന്‍ ഷോട്ടുകളുമായിരുന്നു ആദിത്യന്‍ പുറത്ത് വിട്ടത്.

ആദിത്യന്റെ ഈ ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിയ്ക്കുകയാണ് അമ്പിളി ദേവി. ” അത്ര മോശം സ്ത്രീ ആയിരുന്നെങ്കില്‍ എന്തിനാ കല്യാണം കഴിച്ചത്. ഷിജു മേനോന്റേത് പ്രൊപ്പോസല്‍ വന്നതാണ്. ഡിവോഴ്സ് കഴിഞ്ഞ ശേഷം എന്റെ ഡാന്‍സ് ടീച്ചര്‍ വഴി ഒരു പ്രൊപ്പോസല്‍ വന്നിരുന്നു. അത് എന്റെ അച്ഛനും അമ്മയ്ക്കും ഈ പറയുന്ന ഷിജു മേനോന്‍ എന്ന് പറയുന്നയാളുടെ കുടുംബത്തിനുമൊക്കെ അറിയാവുന്ന റിലേഷനാണ്. പക്ഷേ പോകെപ്പോകെ എന്റെ മകന്റെ ഒരു കാര്യം വച്ച്, കുഞ്ഞിനെക്കൊണ്ടു പോകാന്‍ പറ്റില്ലെന്ന് വന്നപ്പോള്‍ അത് അവിടെ വെച്ച് കട്ട് ചെയ്യുകയായിരുന്നു. കല്യാണത്തിലെത്തുമെന്ന് പറഞ്ഞ് സംസാരിച്ചു തുടങ്ങിയതാണ്.

ഒരു സ്ത്രീ കൊള്ളില്ല എന്നുണ്ടെങ്കില്‍ എന്തായാലും കല്യാണം കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ അറിയാന്‍ പറ്റുമല്ലോ. അത്രയും മോശപ്പെട്ട ഒരു സ്ത്രീയാണ് ഞാനെങ്കില്‍ അന്നേ എന്നെ കളഞ്ഞിട്ട് പോകാമല്ലോ. ഓരോ പ്രശ്നങ്ങളുണ്ടാക്കി പല തവണ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിട്ടുണ്ട്. ഗര്‍ഭിണിയായിരുന്നപ്പോള്‍ പോലും… വായില്‍ നിന്ന് വരുന്ന ഭാഷകള്‍ പോലും നമുക്ക്, മനുഷ്യര്‍ പറയുമോ അങ്ങനെയൊക്കെ…എനിക്ക് ആദിത്യനെക്കുറിച്ച് അറിയാവുന്ന രണ്ട് കാര്യങ്ങളുണ്ടായിരുന്നു. ലീഗലായിട്ട് ഒരു കല്യാണവും, ലിവിംഗ് റിലേഷനില്‍ ഒരു മോനുമുണ്ടെന്ന് അറിയാമായിരുന്നു. വേറെയൊന്നും അറിയില്ലായിരുന്നു. എന്റെ കുഞ്ഞിന്റെയടുത്ത് ഭയങ്കര ജീവനായിരുന്നെന്നൊക്കെ പറഞ്ഞപ്പോള്‍ വിശ്വസിച്ചു പോയി. അത്രയ്ക്ക് പൊട്ടന്മാരായിപ്പോയി ഞങ്ങള്‍.’- അമ്പിളി ദേവി പറയുന്നു.

 

ന്യൂഡൽഹി: സ്വകാര്യ ആശുപത്രികൾക്ക് വാക്‌സിൻ നൽകാൻ സെറം ഇൻസ്‌റ്റിറ്റ്യൂട്ട് നിശ്ചയിച്ച വില ലോകത്തെ തന്നെ ഏറ്റവും ഉയർന്നതെന്ന് വിവരം. ഡോസിന് അറുന്നൂറ് രൂപയ്‌ക്ക് സ്വകാര്യ ആശുപത്രികൾക്ക് വാക്‌സിൻ നൽകുമെന്നാണ് സെറം അറിയിച്ചിട്ടുളളത്.

ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രാ സെനക്കയും ചേർന്നു വികസിപ്പിച്ച വാക്‌സിൻ ആണ് കൊവിഷീൽഡ് എന്ന പേരിൽ ഇന്ത്യയിൽ സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്നത്. മേയ് ഒന്നു മുതലാണ് വാക്‌സിന് പുതിയ വില പ്രഖ്യാപിച്ചിട്ടുളളത്. സ്വകാര്യ ആശുപത്രികൾക്ക് അറുന്നൂറു രൂപയ്‌ക്കും സംസ്ഥാന സർക്കാരുകൾക്ക് നാന്നൂറ് രൂപയ്‌ക്കുമാണ് മേയ് ഒന്ന് മുതൽ വാക്‌സിൻ നൽകുക.

സംസ്ഥാന സർക്കാരുകൾക്ക് നൽകുന്ന വില പോലും ആസ്ട്രാ സെനക്ക വാക്‌സിൻ മറ്റു രാജ്യങ്ങളിൽ ഈടാക്കുന്ന വിലയേക്കാൾ കൂടുതലാണ്. അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ എന്നിവ ആസ്ട്രാ സെനക്കയിൽ നിന്നും നേരിട്ടാണ് വാക്‌സിൻ വാങ്ങുന്നത്.

സ്വകാര്യ ആശുപത്രികൾക്ക് സെറം ഇൻസ്റ്റിറ്റ്യൂട്ട് നിശ്ചയിച്ച വില എട്ടു ഡോളറോളം വരും. സംസ്ഥാന സർക്കാരുകൾക്ക് നിശ്ചയിച്ചിട്ടുളളത് അഞ്ചര ഡോളറിന് മുകളിലാണ്. അമേരിക്കയിൽ ഒരു ഡോസ് വാക്‌സിന് നൽകേണ്ടത് നാലു ഡോളർ മാത്രമാണ്. ബ്രിട്ടനിൽ ഇത് മൂന്നു ഡോളറും. ബംഗ്ലാദേശിൽ സെറം ഇൻസ്റ്റിറ്ര്യൂട്ട് തന്നെ നാലു ഡോളറിനാണ് വാക്‌സിൻ നൽകുന്നത്. സൗദി അറേബ്യയിൽ ഒരു ഡോസ് വാക്‌സിന്റെ വില അഞ്ചേകാൽ ഡോളറാണ്. ദക്ഷിണ ആഫ്രിക്കയിലും ഇതേ വിലയ്‌ക്ക് വാക്‌സിൻ കിട്ടും.

പൗരന്മാർക്ക് സൗജന്യമായി വാക്‌സിൻ നൽകുമെന്ന് ഉറപ്പുനൽകാത്ത കേന്ദ്ര സർക്കാരിന്റെ പുതിയ നയത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നിരിക്കുന്നതിനിടെയാണ് വാക്‌സിൻ വില താരതമ്യം ചെയ്തുകൊണ്ടുളള പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.

ജോൺ കുറിഞ്ഞിരപ്പള്ളി

ഞങ്ങൾ ജോലി കഴിഞ്ഞു വീട്ടിൽ വരുമ്പോൾ ജോർജ് കുട്ടിയെ അന്വേഷിച്ച് ആരോ രണ്ടുപേർ വന്നിരുന്നു എന്ന് ഹൗസ് ഓണർ പറഞ്ഞു. അസോസിയേഷൻ കാര്യങ്ങൾ സംസാരിക്കാൻ ആരെങ്കിലും വന്നതായിരിക്കും, എന്ന നിഗമനത്തിൽ എത്തി ഞങ്ങൾ. ഓണം ഫണ്ട് പിരിവിനായി പലരേയും ചുമതലപ്പെടുത്തിയിരുന്നു. ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അവർ വീണ്ടും ഞങ്ങളെ അന്വേഷിച്ചുവന്നു.

അവർ ഹോസ്‌കോട്ടയിൽ നിന്നും ജോർജ് കുട്ടിയെ തേടി വരണമെങ്കിൽ എന്തോ കാര്യമായ പ്രശ്നമുണ്ട്. അതിൽ ഒരാളെ ജോർജ് കുട്ടിക്ക് പരിചയം ഉണ്ട്. അവർ പ്രശ്നം അവതരിപ്പിച്ചു. അവരുടെ മലയാളി അസോസിയേഷൻ വാർഷിക ആഘോഷത്തിനായി തയ്യാറെടുപ്പിലായിരുന്നു. അതിനുവേണ്ടി ഒരു നാടകം പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു അവർ. എന്നാൽ നിർഭാഗ്യവശാൽ സംവിധായകനും അഭിനേതാക്കളും തമ്മിൽ വഴക്കായി അടിയിൽ അവസാനിച്ചു. സംവിധായകൻ നാടകം ഉപേക്ഷിച്ചുപോയി. അടുത്ത ശനിയാഴ്ച പരിപാടി നടത്തേണ്ടതാണ്. നിങ്ങളുടെ അസോസിയേഷനിൽ കഥാപ്രസംഗം പറയുന്നവരും നല്ല അഭിനയേതാക്കളും മറ്റും ഉണ്ടെന്ന് കേട്ടു. അതുകൊണ്ട് പ്രോഗ്രാം നടത്താൻ സഹായിക്കണം, അതാണ് അവരുടെ ആവശ്യം.
എങ്ങനെയെങ്കിലും പരിപാടി നടത്തണം. പറ്റിയ ആരെങ്കിലും നാടകം സംവിധാനം ചെയ്യാൻ അറിയാവുന്നവർ ജോർജ് കുട്ടിയുടെ പരിചയത്തിൽ ഉണ്ടോ എന്നാണ് അവർക്ക് അറിയേണ്ടത്. ജോർജ് കുട്ടി പറഞ്ഞു,”ഞാൻ ഒന്ന് ആലോചിക്കട്ടെ.”.
എന്നിട്ട് എന്നെ വിളിച്ചുമാറ്റിനിർത്തി ഒരു ചോദ്യം “സഹായിക്കണ്ടേ?”
“പക്ഷെ ആരെ കണ്ടുപിടിക്കും?കൊല്ലം രാധാകൃഷ്ണൻ?”
“ഛെ ,അയാൾ? നമ്മുടെ അടുത്ത് ഒരാളുണ്ട്.”
ഞാൻ ചോദിച്ചു,” ആരാ.?”
“താൻ തന്നെ അല്ലാതെ ആരാ.”
“ഞാനോ?”
“അതെ താൻ. ഇനി ഒരാഴ്ച ഷേവ് ചെയ്യണ്ട. അപ്പോൾ തനിക്ക് ഒരു ഓഞ്ഞ നാടക സംവിധായകൻറെ ലുക്ക് വരും.”
“എന്നെക്കൊണ്ടെങ്ങും പറ്റില്ല .”
“അങ്ങനെ പറഞ്ഞാൽ എങ്ങനെയാ?.ഇങ്ങനെയല്ലേ ഓരോ പണിയും പഠിക്കുന്നത്. അറിയാത്ത ആളുകളാകുമ്പോൾ ബഹുമാനം കൂടും. ഡോണ്ട് വറി .”
ഞാൻ ഒന്നും മിണ്ടിയില്ല.
“ഞാനും കൂടെ വരാം.”
ഞാൻ ഗൗരവം നടിച്ചിരുന്നു അവരുടെ സിറ്റുവേഷൻ ഒക്കെ ഒരിക്കൽക്കൂടി വന്നവർ വിശദീകരിച്ചു, ഇനിയൊരാഴ്ചമാത്രം.
ഞങ്ങൾ ശനിയാഴ്ച ഉച്ചയാകുമ്പോൾ വന്നേക്കാം എന്ന് പറഞ്ഞെങ്കിലും അവർക്ക് അത്ര വിശ്വാസം വരുന്നില്ല.
കാലത്തു തന്നെ വരണം,ഞങ്ങൾ ടാക്സി അയക്കാം എന്നായി അവർ.
ജോർജ് കുട്ടി എന്നെ ഗൗരവത്തിൽ ഒന്ന് നോക്കി.
അവർ പോയിക്കഴിഞ്ഞപ്പോൾ ജോർജ് കുട്ടി പറഞ്ഞു,”തൻ്റെ ആ ഓഞ്ഞ മോന്തയും കാണിച്ച് പാവത്തിനെപോലെ ഇരിക്കരുത്. താൻ ഒരു സംവിധായകനാണ് എന്ന് ഓർമ്മ വേണം.”
അവർ പറഞ്ഞിരുന്ന പോലെ ശനിയാഴ്ച കാലത്ത് ഞങ്ങൾ എഴുന്നേൽക്കുന്നതിന് മുമ്പുതന്നെ ഒരു ടാക്സിയുമായി വന്നു. ഞങ്ങൾ മുങ്ങുമോ എന്ന് അവർക്ക് പേടിയുള്ളതുപോലെ തോന്നി. വേഗം റെഡിയായി കാറിൽ കയറുമ്പോൾ ജോർജ് കുട്ടി പറഞ്ഞു,”സമയം ഉണ്ടായിട്ടല്ല, പിന്നെ നിങ്ങളെ ഒഴിവാക്കാൻ പറ്റില്ലല്ലോ എന്ന് വിചാരിച്ചിട്ടാണ്.”
ജോർജുകുട്ടി വീണ്ടും എന്നോട് പറഞ്ഞു,” താൻ നല്ല ഗൗരവത്തിൽ ഇരുന്നോണം. നിൻറെ വളിച്ച ചിരി ഒന്നും അവരുടെ അടുത്ത് കാണിച്ചേക്കരുത്.”
ഞാൻ നല്ല ഗൗരവത്തിൽ ഇരുന്നു ഒരു സംവിധായകനായി പോയില്ലേ?.
പത്തു മണിയായപ്പോൾ ഞങ്ങൾ നാടകം നടത്തുന്ന ഓഡിറ്റോറിയത്തിൽ എത്തി. എല്ലാ കലാകാരന്മാരും കലാകാരികളും അടിയന്തര പ്രാധാന്യം മനസ്സിലാക്കി നേരത്തെ വന്നിരുന്നു. ഇനി റിഹേഴ്സലിന് സമയമില്ല. ഞാൻ നാടകപുസ്തകം വാങ്ങി നോക്കി. മലയാളത്തിലെ പ്രസിദ്ധമായ ഒരു നാടകമാണ്, അല്പം പഴയതാണ്. നടീനടന്മാർക്ക് നിർദ്ദേശങ്ങൾ കൊടുത്തു.
സ്റ്റേജിലേക്ക് ആവശ്യമായ പ്രോപ്പർട്ടീസ്സ് തയ്യാറാക്കി രംഗസംവിധാനം ചെയ്യാൻ ഒരാളെ ഏർപ്പെടുത്തി. ഏതോ ഹനുമാൻ ചവിട്ടുനാടകക്കാരുടെ ഒരു കട്ട് ഔട്ടർ സ്റ്റേജ് സെറ്റിങ്ങിനായി അവർ എത്തിച്ചിരുന്നു. പട്ടിക കഷണങ്ങളും വിറകു തടിയും മുളയും എല്ലാം ഉപയോഗിച്ച് ഞങ്ങൾ അത് കെട്ടി ഒരു തരത്തിൽ സ്റ്റേജ് സെറ്റ് ചെയ്തു .
കർട്ടണിൽ ഒരു വലിയ കുരങ്ങിൻറെ ചിത്രവും അവരുടെ കലാസമിതിയുടെ പേരും ഉണ്ടായിരുന്നത് ഒരു വലിയ ചിത്രം ഒട്ടിച്ച് മറച്ചു.
വാർഷികാഘോഷ പരിപാടികൾ ആരംഭിച്ചു.
നാടകം ആരംഭിക്കുന്നതിന് അനൗൺസ്മെൻറ് തുടങ്ങി. എനിക്കും ജോർജ് കുട്ടിക്കും പ്രത്യേകം സ്വാഗതവും നന്ദിയും ഒട്ടും കുറയ്ക്കാതെ അവർ വിളമ്പി. പ്രശസ്ത സംവിധായകൻ എന്ന് പറയുന്നത് കേട്ട് രോമാഞ്ചകഞ്ചുകമണിഞ്ഞു,എന്നുപറയുന്നതാണ് ശരി.
നാടകം ആരംഭിച്ചു, ആദ്യത്തെ രംഗം വലിയ കുഴപ്പമില്ലാതെ പോയി.
രണ്ടാമത്തെ രംഗത്തിൽ സ്റ്റേജ് സെറ്റിംഗ് മാറ്റണം. സാധാരണ അമച്വർ നാടകങ്ങളിൽ ചെയ്യുന്നതുപോലെ ഭിത്തിയിലെ കലണ്ടർ മാറ്റുകയും ജനൽ കർട്ടൻ മാറ്റുകയുമാണ് ഞങ്ങളും പ്ലാൻ ചെയ്തിരുന്നത്. അപ്പോൾ രംഗം മാറും,വീടും മാറും.
രണ്ടാമത്തെ രംഗം ഒരു തൊഴിലാളിയുടെ വീടാണ്. ജനൽ കർട്ടൻ മാറ്റി ചിത്രങ്ങൾ മാറ്റി.
രംഗം സെറ്റ് ചെയ്തു .
ഒരു റൗഡി സ്റ്റേജിലേക്ക് വരികയാണ്. അയാൾക്ക് പറഞ്ഞിരിക്കുന്ന വേഷം ലുങ്കിയും തലയിൽ ഒരു കെട്ടും ആണ്. നടൻ വസ്ത്രം നോക്കുമ്പോൾ അയാളുടെ ലുങ്കി ജനൽ കർട്ടൻ ആയി ഫിറ്റു ചെയ്തു വെച്ചിരിക്കുകയാണ്. അടി വസ്ത്രം മാത്രമേ ഇപ്പോൾ നടൻ ധരിച്ചിട്ടുള്ളു..അയാൾ ഒറ്റ വലിക്ക് ജനൽ കർട്ടനാക്കി വച്ചിരുന്ന ലുങ്കി വലിച്ചെടുത്തു.
അയാളുടെ ലുങ്കിയുടെ കൂടെ ജനലിന്റെ ഒരു കഷണവും ഒടിഞ്ഞു പോയി..അയാൾ സ്റ്റേജിലേക്ക് ഓടി വന്നത് ജനലിന്റെ ഒരു ഭാഗവും വലിച്ചുകൊണ്ടാണ്.കൂടാതെ അയാൾ ലുങ്കി വലിച്ചെടുത്ത ശക്തിയിൽ കുരങ്ങൻറെ മുകളിൽ ഒട്ടിച്ചുവച്ചിരുന്ന കലണ്ടർ ഇളകി വീണു.
കാണികൾ കൂവി വിളിച്ചു, കൈയ്യടിച്ചു .”കുരങ്ങൻ,കുരങ്ങൻ”, എന്ന് ആർത്തുവിളിച്ചു ചിരിക്കാൻ തുടങ്ങി..
റൗഡി കഷത്തിലിരുന്ന കുപ്പി തുറന്ന് മദ്യം വലിച്ചുകുടിക്കുന്നതാണ് സീനിൽ.
അയാൾ ജോജി എന്ന സിനിമയിൽ ഫഹദ് ഫാസിൽ പറഞ്ഞ തെറിയും പറഞ്ഞു വായിലെ മദ്യം സ്റ്റേജിലേക്ക് തുപ്പി.
കാണികൾ എല്ലാവരും കുറുക്കൻറെ ജോലി ഏറ്റെടുത്തതുപോലെ തോന്നുന്നു..
സ്റ്റേജിൽ രംഗ സംജ്ജീകരണം നടത്തിയ ആൾ ഷർട്ടിൻ്റെ കയ്യും കയറ്റി സ്റ്റേജിലേക്ക് വന്നു.
“എന്താടാ നിനക്ക് ? ”
“ഇത് താനൊന്നും കുടിച്ചു നോക്ക്.”
അയാൾ കുപ്പി വാങ്ങി വായിലേക്ക് ഒഴിച്ചതും ഒറ്റ തുപ്പ് അടുത്തുനിന്ന നടൻറെ മുഖത്തേക്ക്.
മദ്യമായി നിറച്ചത് ആരോ മണ്ണെണ്ണ കൊണ്ടുവന്ന കുപ്പിയിലായിരുന്നു. പരിചയക്കുറവുകൊണ്ട് ആരും അത് ശ്രദ്ധിച്ചില്ല. സദസ്സിൽനിന്നും കുരങ്ങൻ എന്ന് വിളിക്കുന്നതുകേട്ട് കാര്യമറിയാത്ത നടൻ ഒന്നാംതരം “ജോജി ബ്രാൻഡ്”തെറി സദസ്സിനെ നോക്കി വിളിച്ചുപറഞ്ഞു.”ആരാടാ കുരങ്ങൻ?ധൈര്യം ഉണ്ടെങ്കിൽ കയറിവാടാ ,”
അയാൾ വെല്ലുവിളിച്ചു.
രംഗം തയ്യാറാക്കിയ ആൾ മൈക്കിൻ്റെ അടുത്തുവന്നു വിശദീകരണം ആരംഭിച്ചു.”സുഹൃത്തുക്കളെ,നമ്മളുടെ നാടകം സംവിധാനം ചെയ്തിരുന്ന വ്യക്തി വഴക്കിട്ടുപോകുകയും പകരം നമ്മൾ ഒരാളെ അവസാന നിമിഷത്തിൽ സംഘടിപ്പിക്കുകയും ആണ് ചെയ്തത് എന്ന് നിങ്ങൾക്ക് അറിയാമല്ലോ. പരിചയക്കുറവുകൊണ്ട് എനിക്ക് തെറ്റ് പറ്റിപ്പോയി. എന്നാൽ പകരം വന്ന സംവിധായകന് ഇതെല്ലം ശ്രദ്ധിക്കാമായിരുന്നു.”
ജോർജ് കുട്ടി പതുക്കെ എൻ്റെ ചെവിയിൽ പറഞ്ഞു,”അവൻ തടിയൂരാനുള്ള ലക്ഷണമാണ് കാണിക്കുന്നത്. നമ്മൾ വന്ന ടാക്സി അപ്പുറത്തു കിടപ്പുണ്ട്.
നമുക്ക് മുങ്ങാം” .
രണ്ടു ചെറുപ്പക്കാർ സ്റ്റേജിലേക്ക് കയറി വന്നു.”എവിടെ നാടകം സംവിധാനം ചെയ്യുവാൻ കൊണ്ടുവന്നവർ?”രണ്ടുപേരുടെയും കാൽ നിലത്തുറയ്ക്കുന്നില്ല.
ചോദ്യം ജോർജ് കുട്ടിയോടാണ്.
“വരൂ കാണിച്ചുതരാം”. ജോർജ് കുട്ടി പറഞ്ഞു.”താനും വാ എൻ്റെ കൂടെ.”
ഞങ്ങൾ നാലുപേരും കൂടി സ്റ്റേജിന് പുറത്തിറങ്ങി. സ്റ്റേജിനു പുറത്തായി ഒരു പച്ച ഷർട്ടുകാരൻ്റെ നേതൃത്വത്തിൽ മൂന്നു നാലുപേർ മദ്യപിച്ചുകൊണ്ടിരിക്കുന്നു. “ആ പച്ച ഷർട്ടുകാരനാണ് “ജോർജ് കുട്ടി പറഞ്ഞു.
അവർ രണ്ടുപേരും പച്ച ഷർട്ടുകാരനെ ലക്ഷ്യമാക്കി ഓടി .ജോർജ്‌കുട്ടി എന്നോടായി പറഞ്ഞു,”തോമസ് കുട്ടി വിട്ടോടാ തിരിഞ്ഞു നോക്കണ്ട.”

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി

ഷിബു മാത്യൂ.
ലീഡ്‌സ്. തമിഴ്‌നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ലീഡ്‌സിലെ പെട്രോള്‍ സ്റ്റേഷനില്‍ വന്‍ കവര്‍ച്ച. ആസൂത്രിതമായി നടത്തിയ കവര്‍ച്ചയില്‍ നഷ്ടപ്പെട്ടത് പതിനയ്യായിരത്തോളം പൗണ്ട്. രണ്ട് മിനിറ്റ് നീണ്ട് നിന്ന മോഷണത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ മലയാളം യുകെ ന്യൂസിന് ലഭിച്ചു. ലീഡ്‌സില്‍ ഇന്ത്യാക്കാരെ, പ്രത്യേകിച്ചും മലയാളികളെ ലക്ഷ്യംവെച്ചു കൊണ്ടുള്ള മോഷണങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. ഇതുവരെ നടന്ന ഒരു മോഷണത്തിനും ഒരു തുമ്പും ഇതുവരെ കിട്ടിയിട്ടില്ല. പ്രാരംഭ ദിശയിലെ പോലീസിന്റെ സമീപനമൊഴിച്ചാല്‍ പോലീസ് നിഷ്‌ക്രിയരാവുന്നു എന്ന് പരക്കെ ആക്ഷേപമുണ്ട്.

മലയാളം യുകെ ന്യൂസിന് ലഭിച്ച കവര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇങ്ങനെ!
ഏപ്രില്‍ 21 ബുധന്‍. സമയം 7.42pm.
സാമാന്യം തിരക്കുള്ള പെട്രോള്‍ സ്റ്റേഷനാണെങ്കിലും ഈ സമയം തിരക്ക് വളരെ കുറവായിയിരുന്നു. മലയാളി സ്റ്റാഫുകള്‍ എല്ലാം ഏഴു മണിക്ക് ഷിഫ്റ്റ് പൂര്‍ത്തിയാക്കി പോയി. അതിനു ശേഷം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഗുജറാത്തി പെണ്‍കുട്ടി സ്റ്റോറിലെ ഷെല്‍ഫില്‍ സാധനങ്ങള്‍ നിറയ്ക്കുന്ന തിരക്കിലായിരുന്നു. പെട്ടന്ന് അഞ്ച് പേരടങ്ങുന്ന ഒരു സംഘം കാറില്‍ പെട്രോള്‍ സ്റ്റേനിലെ സ്റ്റോറിന്റെ മുമ്പിലെത്തി. നാല് പേര്‍ കാറില്‍ നിന്നിറങ്ങി. ഡ്രൈവര്‍ കാര്‍ റെഡിയാക്കി കാറില്‍ തന്നെയിരുന്നു. ഇറങ്ങിയ നാലുപേരിലൊരാള്‍ സ്റ്റോറിന്റെ ഓട്ടോമാറ്റിക് ഡോറിന്റെ സെന്‍സര്‍ കൈ കൊണ്ട് മറച്ചു പിടിച്ചു. രക്ഷപെടാന്‍ ഡോര്‍ എപ്പോഴും തുറന്നിരിക്കണം എന്നതായിരിക്കണം അവരുടെ ഉദ്ദേശം. ബാക്കി മൂന്നു പേര്‍ സ്റ്റോറിനുള്ളില്‍ കടന്നു. അതില്‍ രണ്ട് പേര്‍ കൗണ്ടര്‍ ലക്ഷ്യമാക്കി പോയി. ഒരാള്‍ സ്റ്റോറിലെ ഷെല്‍ഫില്‍ സാധനങ്ങള്‍ നിറയ്ക്കുന്ന പെണ്‍കുട്ടിയുടെ അടുത്തേയ്ക്കും പോയി. അയാള്‍ ആ കുട്ടിയെ കത്തികാട്ടി വലിച്ചിഴയ്ച്ച് കൗണ്ടറില്‍ കൊണ്ടുവന്നു. കൗണ്ടറില്‍ പൂട്ടിയിട്ടിരിക്കുന്നതൊക്കെ തുറന്നുകൊടുക്കുവാനാണ് അങ്ങനെ ചെയ്തത്. ഈ സമയം ആദ്യം കൗണ്ടറിലെത്തിയവര്‍ പരമാവധി സാധനങ്ങള്‍ സഞ്ചിയിലാക്കിയിരുന്നു. കൗണ്ടറിലെത്തിയ പെണ്‍കുട്ടി ഇതിനിടയില്‍, അടിയന്തിരമായി അപകടസമയത്ത് പൊലീസിനെ വിവരമറിയ്ക്കാനായി തയ്യാറാക്കിയിരിക്കുന്ന സ്വിച്ചിലമര്‍ത്തി. അതോടെ സ്റ്റോറിലെ എമര്‍ജന്‍സി അലാറങ്ങള്‍ അടിച്ചു തുടങ്ങി. ഇതിനോടകം അപകടം മണത്തറിഞ്ഞ മോഷ്ടാക്കള്‍ കിട്ടിയതെല്ലാം ചാക്കിലാക്കി സ്ഥലം വിട്ടു. അലാറം അടിച്ച് ഒരു മിനിറ്റിനുള്ളില്‍ പൊലീസ് എത്തി. എങ്കിലും മോഷ്ടാക്കളെ പിടിക്കാന്‍ സാധിച്ചില്ല. സാഹചര്യതെളിവുകള്‍ വെച്ച് മോഷ്ടാക്കള്‍ പ്രാദേശികരാണെന്ന് പോലീസ് പറയുന്നു.
മലയാളികള്‍ ഉള്‍പ്പെട്ട ഇന്ത്യാക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപനമാണിത്. സ്വന്തം ജീവിതം അപകടമായപ്പോഴും അവസരോചിതമായി പ്രവര്‍ത്തിച്ച ഇന്ത്യന്‍ പെണ്‍കുട്ടിയെ അഭിനന്ദിക്കാനും പോലീസ് മറന്നില്ല.
(കേസിന് ആസ്പദമായ അന്വേഷണങ്ങള്‍ നിലനില്ക്കുന്നതു കൊണ്ട് ആധികാരിക വിവരങ്ങള്‍ പുറത്തു വിടാന്‍ മലയാളം യുകെ ന്യൂസിന് സാധിക്കില്ല എന്ന് വിനയപൂര്‍വ്വം അറിയ്ക്കുന്നു)

RECENT POSTS
Copyright © . All rights reserved