ഇന്നലെ മൈതാനം കളിയുടേത് മാത്രമായിരുന്നില്ല, ഞെട്ടലിന്റെയും കൂടിയായിരുന്നു. യൂറോ കപ്പില്‍ ഡെന്മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്സണ്‍ തളര്‍ന്ന് വീണു. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ (പി.എസ്.എല്‍) മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡൂപ്ലസി ഫീല്‍ഡ് ചെയ്യുന്നതിനിടെ മറ്റൊരു താരവുമായി കൂട്ടിയിടിച്ച് ഗുരുതര പരുക്കേറ്റ് കളം വിട്ടു.
ക്വേറ്റ ഗ്ലാഡിയേറ്റേഴ്സും പെശാവാര്‍ സല്‍മിയും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. ഗ്ലാഡിയേറ്റേഴ്സ് താരമായ ഡൂപ്ലസി സഹതാരം മുഹമ്മദ് ഹാസ്നൈനുമായാണ് കൂട്ടിയിടിച്ചത്. 7-ാം ഓവറില്‍ ബൗണ്ടറി ഡൈവ് ചെയ്ത് തടഞ്ഞ ഡൂപ്ലസിയുടെ തല എതിരെ ഓടിയെത്തിയ ഹാസ്നൈനയുടെ കാലില്‍ ഇടിച്ചു. അല്‍പനേരം ബോധരഹിതനായ താരം പിന്നീട് ഉണര്‍ന്നു.
ഡൂപ്ലസിയെ കൂടുതല്‍ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. താരം കളം വിട്ടതോടെ സായിം അയൂബ് കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങി. പത്തൊന്‍പത് കാരനായ അയൂബ് അഞ്ച് ട്വന്റി-20 മത്സരങ്ങള്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. ലീഗിന്റെ ആദ്യ ഘട്ടത്തിലായിരുന്നു ഇവയൊക്കെ.
2021 ലാണ് ഡൂപ്ലസി ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിനൊപ്പം ചേര്‍ന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റി വച്ച പി.എസ്.എല്‍ ജൂണ്‍ 9-ാം തിയതിയാണ് പുനരാരംഭിച്ചത്.
കൊവിഡ് പ്രതിരോധത്തില്‍ മാസ്ക് ധരിക്കുന്നതിനും കൈകള്‍ അണുവിമുക്തമാക്കുന്നതിനും മറ്റുള്ളവരില്‍ നിന്നും അകലം പാലിക്കുന്നതും പ്രാഥമികവും ഏറ്റവും ശക്തമായിട്ടുള്ളതുമായ പ്രതിരോധമാര്‍ഗങ്ങളാണെന്ന് ക്ലിനിക്കലായി തന്നെ വ്യക്തമായിട്ടുള്ളതാണെന്ന് ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു.
കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും അടച്ചിടലുമൊക്കെ വളരെ വലിയതോതില്‍ പൊതുജനങ്ങള്‍ക്കിടയിലെ ജാഗ്രത വര്‍ദ്ധിപ്പിക്കാന്‍ സാഹായിച്ചിട്ടുണ്ട്. പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ പാലിക്കുമ്പോഴും അറിയാതെ പറ്റുന്ന വീഴ്ചകള്‍ രോഗം ക്ഷണിച്ചു വരുത്തുമെന്ന് ആലപ്പുഴ ജില്ല മെഡിക്കല്‍ ഓഫീസ് മുന്നറിയിപ്പു നല്‍കി.
വീടിന് മുന്നില്‍ മീന്‍, പച്ചക്കറി തുടങ്ങി ആവശ്യസാധനങ്ങള്‍ വില്‍ക്കാനെത്തുന്നവരുടെ അടുത്ത് മാസ്ക് ധരിക്കാതെ പോകരുത്. സാധനം വാങ്ങിയ ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക. ചെറിയ ആള്‍ കൂട്ടമുണ്ടാക്കി സംസാരിച്ചു നിൽക്കരുത്. ഓഫീസ് മുറി/ തൊഴിലിടം എന്നിവിടങ്ങളില്‍ ജനാലകള്‍ തുറന്നിടാന്‍ ശ്രദ്ധിക്കുക.
വീട്ടില്‍ കൊണ്ടുവരുന്ന പാഴ്സല്‍/ കൊറിയര്‍ എന്നിവ സാനിറ്റെെസര്‍ തളിച്ച് നന്നായി തുടച്ച് അണുവിമുക്തമാക്കുക. അവശ്യ സാധനമല്ലെങ്കില്‍ പാഴ്സല്‍ രണ്ടു ദിവസം കഴിഞ്ഞ് തുറക്കുക. ജോലി സ്ഥലത്ത് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കരുത്. മുഖാമുഖം ഇരുന്ന് സംസാരിക്കരുത്. ഫോണ്‍, പേന എന്നിവ കൈമാറരുത്. കടകളില്‍ തിരക്കുണ്ടെങ്കില്‍ പുറത്തു കാത്തു നില്‍ക്കുക.
സഞ്ചരിക്കുന്ന വാഹനങ്ങളുടെ ഗ്ലാസ്സ്/ഷട്ടര്‍ എന്നിവ താഴ്ത്തിയിടുക. മുറികളിലും, വാഹനങ്ങളിലും എ,സി ഒഴിവാക്കുക. സംസാരിക്കുമ്പോഴോ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ മാസ്ക് താഴ്ത്തരുത്. ദേഹത്തു പിടിച്ചു സംസാരിക്കുക, ഹസ്തദാനം എന്നിവ പാടില്ല. അയല്‍പക്ക സന്ദര്‍ശനം പാടില്ല.
കുട്ടികളെ മറ്റുവീടുകളിലെ കുട്ടികളുമായി ചേര്‍ന്ന് കളിക്കാന്‍ അനുവദിക്കരുത്. പുറത്തു പോകുമ്പോള്‍ അല്‍പസമയത്തേക്കാണ് ധരിക്കുന്നതെങ്കിലും, വസ്ത്രങ്ങള്‍ മടങ്ങിയെത്തിയാലുടന്‍ കഴുകുക. ഏത് വാഹനത്തില്‍ കയറുന്നതിനു മുമ്പും ഇറങ്ങിയ ശേഷവും കൈകള്‍ അണു വിമുക്തമാക്കുക.
പുതിയ വസ്ത്രങ്ങള്‍ വാങ്ങിയാല്‍ കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക. പ്രതിരോധ പാഠങ്ങള്‍ പഴുതുകളടച്ച് സാഹചര്യങ്ങള്‍ക്കുനുസരിച്ച് രോഗബാധയുണ്ടാകാനിടയുള്ള സാധ്യത തിരിച്ചറിഞ്ഞ് ശരിയായി പാലിച്ചാല്‍ മാത്രമേ സുരക്ഷിതരാകാന്‍ കഴിയൂ.
കൊവിഡ് മൂന്നാം തരംഗം മുതിര്‍ന്നവരേക്കാള്‍ കുട്ടികളില്‍ കൂടുതൽ ബാധിക്കുമെന്നതിന് തെളിവുകളൊന്നുമില്ലെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു.
ഒന്നും രണ്ടും തരംഗങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ പരിശോധിച്ചാൽ പഴയതോ പുതിയതോ ആയ വകഭേദങ്ങൾ കുട്ടികൾക്കിടയിൽ കൂടുതൽ അണുബാധയ്ക്ക് കാരണമായതായി കാണിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.
രണ്ടാമത്തെ തരംഗത്തിലെ റിപ്പോർട്ടുകൾ പരിശോധിച്ചാൽ കൊവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളിൽ 60-70 ശതമാനം പേരും അനുബന്ധ രോഗങ്ങളുള്ളവരോ പ്രതിരോധശേഷി കുറവുള്ളവരോ ആണ്. ചിലർ കീമോ തെറാപ്പി ചെയ്തവരാണ്.
രോഗം ബാധിച്ച ആരോഗ്യവാനായ മിക്ക കുട്ടികളും ആശുപത്രിയിൽ ചികിത്സ കൂടാതെ തന്നെ രോഗമുക്തി നേടിയിട്ടുണ്ടെന്നും ഗുലേറിയ വ്യക്തമാക്കി. ലോക്ക്ഡൗൺ കൊവിഡ് വ്യാപനം കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. എന്നാൽ ലോക്ക്ഡൗൺ പിൻവലിക്കുന്നത് രോഗവ്യാപനം വർധിപ്പിക്കുന്നതിന് ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ കേളകത്ത് ഒരുവയസുള്ള കുഞ്ഞിന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം. കണിച്ചാര്‍ ചെങ്ങോം കോളനിയില്‍ താമസിക്കുന്ന യുവതിയുടെ ഒരു വയസുള്ള പെണ്‍കുഞ്ഞിനെയാണ് രണ്ടാനച്ഛനായ രതീഷ് മര്‍ദിച്ചത്. തലയ്ക്കും മുഖത്തും പരിക്കേറ്റ കുഞ്ഞിനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുഞ്ഞ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കുഞ്ഞിന്റെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ മനുഷ്യാവകാശ കമീഷനും ഇടപെട്ടു. വിശദമായ അന്വേഷണം നടത്താന്‍ കമീഷന്‍ പൊലീസിന് നിര്‍ദേശം നല്‍കി.
ശനിയാഴ്ച വൈകീട്ടാണ് സംഭവം. കുട്ടിയെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചപ്പോഴാണ് വിവരം പുറത്ത് അറിഞ്ഞത്.
ഫിന്‍ലന്‍ഡിനെതിരെ ഇന്നലെ നടന്ന യൂറോ കപ്പ് മത്സരത്തിനിടെ മൈതാനത്തു കുഴഞ്ഞു വീണ മധ്യനിരതാരം ക്രിസ്റ്റ്യന്‍ എറിക്സണിന്റെ ആരോഗ്യസ്ഥിയില്‍ മികച്ച പുരോഗതി. എറിക്‌സണ്‍ ടീമിലെ സഹതാരങ്ങളുമായി സംസാരിച്ചുവെന്ന് ഡാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ ഡയറക്ടര്‍ പീറ്റര്‍ മോളേര്‍ സ്ഥിരീകരിച്ചു.
‘മൈതാനത്തു കുഴഞ്ഞുവീണ അദ്ദേഹത്തിന് ഫീല്‍ഡില്‍ വെച്ചു തന്നെ ശുശ്രൂഷ നല്‍കിയിരുന്നു. ഭാഗ്യവശാല്‍ സ്റ്റേഡിയം വിടുമ്പോള്‍ തന്നെ അദ്ദേഹത്തിനു ബോധമുണ്ടായിരുന്നു. ഞങ്ങള്‍ താരവുമായി ബന്ധപ്പെടുന്നുണ്ട്. മറ്റു കളിക്കാര്‍ അദ്ദേഹത്തോട് സംസാരിച്ചുവെന്ന സന്തോഷവാര്‍ത്തയുമുണ്ട്. സുഖം പ്രാപിച്ചു കൊണ്ടിരിക്കുന്ന അദ്ദേഹത്തിനു വേണ്ടിയാണ് അവര്‍ മത്സരം കളിക്കുന്നത്’ മോളര്‍ പറഞ്ഞു.
അതേസമയം എറിക്സനു കോവിഡ് വൈറസ് മൂലമോ വാക്സിനേഷന്‍ കാരണമോ അല്ല ഇത് സംഭവിച്ചതെന്ന് ഇറ്റാലിയന്‍ ക്ലബിന്റെ ഡയറക്ടറായ മറോട്ടയും വ്യക്തമാക്കി. താരത്തിന് കോവിഡ് ഇല്ലെന്നും ഇതുവരെയും വാക്സിനേഷന്‍ ചെയ്തിട്ടില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം ഡാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ നല്‍കുന്നതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും വ്യക്തമാക്കി.
ഇറ്റാലിയന്‍ സീരി എയില്‍ ഇന്റര്‍മിലാന്റെ അറ്റാക്കിങ് മിഡ്ഫീല്‍ഡറാണ് ഇരുപത്തൊന്‍പതുകാരനായ എറിക്‌സണ്‍. പാര്‍കെന്‍ സ്റ്റേഡിയത്തില്‍ ഇന്നലെ രാത്രി ഇന്ത്യന്‍ സമയം 9.30ന് ആരംഭിച്ച കളിയുടെ ആദ്യ പകുതി അവസാനിക്കാന്‍ 3 മിനിറ്റ് ശേഷിക്കെയാണ് താരം ഗ്രൗണ്ടില്‍ കുഴഞ്ഞുവീണത്. ഡാനിഷ് താരം തോമസ് ഡെലനി പന്ത് ത്രോ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് എറിക്‌സണ്‍ കുഴഞ്ഞു വീണത്. ഉടന്‍ തന്നെ കുതിച്ചെത്തിയ വൈദ്യസംഘം കൃത്രിമ ശ്വാസോച്ഛ്വാസം ഉള്‍പ്പെടെയുള്ള പ്രഥമശുശ്രൂഷ നല്‍കിയശേഷം താരത്തെ പുറത്തേയ്ക്ക് കൊണ്ടുപോയി.
അയര്‍ലണ്ടിലും ,ബ്രിട്ടണിലും ഡെല്‍റ്റാ വേരിയന്റ് വൈറസ് വര്‍ദ്ധിച്ച തോതില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ യാത്രകള്‍ക്ക് ഈ രാജ്യങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കുമെന്ന് സൂചനകള്‍. ഇരു രാജ്യങ്ങളും ഇപ്പോള്‍ തന്നെ ഹൈ റിസ്‌ക്ഇ കാറ്റഗറി റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇന്ത്യയില്‍ നിന്നും ഈ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്കും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും.
ബ്രിട്ടണില്‍ നിന്നും അയര്‍ലണ്ടിലേക്കുള്ള യാത്രാ നിയന്ത്രണങ്ങളും വര്‍ദ്ധിപ്പിച്ചേക്കും. നിലവില്‍ യൂ കെ യില്‍ നിന്നെത്തുന്നവര്‍ക്ക് അഞ്ച് ദിവസത്തെ ഹോം ക്വാറന്റൈന് ശേഷം നടത്തുന്ന പി സി ആര്‍ ടെസ്റ്റ് നെഗറ്റിവ് ആയാല്‍ ക്വാറന്റൈന്‍ വിടാവുന്ന സാഹചര്യമാണ് ഉള്ളത്.എന്നാല്‍ അത്തരംക്വാറന്റൈന്‍ ദിവസങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് അനൗദ്യോഗിക ധാരണ ഉണ്ടായിട്ടുണ്ട്.
ഇന്ന് ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ , ഡെല്‍റ്റാ വേരിയന്റ് വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ വീണ്ടും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.ഈ യോഗത്തിന് ശേഷം യാത്ര നിയന്ത്രണങ്ങള്‍ സംബന്ധിച്ച കൂടുതല്‍ തീരുമാനങ്ങള്‍ ഉണ്ടായേക്കും.
ഏതാനം ദിവസത്തെ കുറഞ്ഞ കോവിഡ് വ്യാപനം രാജ്യത്തിന് ആശ്വാസം നല്‍കിയിരുന്നു.എന്നാല്‍ ഇന്നലെ കോവിഡ് -19 പുതിയ 431 കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
58 പേര്‍ രോഗബാധിതരായി ആശുപത്രികളില്‍ ഇപ്പോഴുമുണ്ട്.. ഇവരില്‍ 22 പേര്‍ ഐസിയുവിലാണ്,
ഇംഗ്‌ളണ്ടില്‍
ഇംഗ്ലണ്ടിലുടനീളമുള്ള പുതിയ കൊറോണ വൈറസ് കേസുകളില്‍ 96% വരെ ഡെല്‍റ്റ വേരിയന്റാണെന്ന് കണക്കാക്കപ്പെടുന്നു,വരെ ഡെല്‍റ്റ വേരിയന്റിന്റെ വര്‍ദ്ധനവ് ഇംഗ്ലണ്ടിലെ ലോക് ഡൌണ്‍ നീട്ടുന്നതിന് കാരണമായേക്കും എന്നാണ് ആരോഗ്യ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ (പിഎച്ച്ഇ) ഏറ്റവും പുതിയ കണക്കുകള്‍ കാണിക്കുന്നത് ഡെല്‍റ്റ വേരിയന്റിലെ 42,323 കേസുകള്‍ യുകെയില്‍ സ്ഥിരീകരിച്ചതായാണ്. കഴിഞ്ഞ ആഴ്ചയേക്കാള്‍ 29,892 എണ്ണം കൂടുതലാണിത്.ഓരോ നാലര ദിവസത്തിലും ഇവ ഇരട്ടിയാവുന്നു എന്ന് കണക്കാക്കപ്പെടുന്നു.
ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് ഡബ്ല്യൂഡബ്ല്യുഇ സൂപ്പര്‍ സ്റ്റാര്‍ ജോണ്‍ സീന. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കോഹ്‌ലിയുടെ ചിത്രം സീന പങ്കുവെച്ചത്. അടിക്കൂറുപ്പ് ഒന്നും നല്‍കാതെ താരം ചിത്രം മാത്രം പങ്കുവെച്ചത് ആരാധകരെ കുഴച്ചു.
ചിത്രം മാത്രമാണ് സീന പങ്കുവെച്ചതെങ്കിലും ആരാധകര്‍ അതിന് കൃത്യമായ നിര്‍വ്വചനം നല്‍കി കഴിഞ്ഞു. പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമിനോപ്പമാണ് താനെന്ന് സീന പറയാതെ പറഞ്ഞെന്നുമാണ് ആരാധകര്‍ പറയുന്നത്.
ആദ്യമായല്ല സീന കോഹ് ലിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. ഇതിനു മുമ്പ് 2019 ലെ ലോക കപ്പില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് സെമി ഫൈനല്‍ പോരാട്ടത്തിന് മുമ്പും ഇതുപോലെ കോഹ്‌ലിയുടെ ചിത്രം ജോണ്‍സീന പങ്കുവെച്ചിരുന്നു.
ജൂണ്‍ 18നാണ് ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടം ആരംഭിക്കുന്നത്. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് മത്സരം.
View this post on Instagram
നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ദേശീയ നേതൃത്വത്തെ കാണാൻ ഡൽഹിയിലെത്തിയ കെ സുരേന്ദ്രൻ ഇന്ന് കേരളത്തിലേക്ക് മടങ്ങും.
സംസ്ഥാനത്ത് ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയരുമ്പോഴായിരുന്നു കെ സുരേന്ദ്രൻ ഡൽഹിയിലെത്തിയത്.
കഴിഞ്ഞ അഞ്ച് ദിവസമായി ഡൽഹിയിൽ തുടരുകയായിരുന്നു സുരേന്ദ്രൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കാണാനാവാതെയാണ് സുരേന്ദ്രൻ മടങ്ങുന്നത്.
ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, സംഘടനാ സെക്രട്ടറി ബി എൽ സന്തോഷ്, അഖിലേന്ത്യ ജനറൽ സെക്രട്ടറി അരുൺ സിംഗ് എന്നിവരുമായി സംസ്ഥാനത്തെ സംഘടനാ സ്ഥിതി ചർച്ച ചെയ്തു.
സുരേന്ദ്രന്റെ നേതൃത്വത്തിൽ ആർഎസ്എസിനും കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. വിവാദങ്ങളുമായി ബന്ധപ്പെട്ട് സുരേന്ദ്രന് ബിജെപി കേന്ദ്രനേതൃത്വം താക്കീത് നൽകിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
അധ്യക്ഷ സ്ഥാനത്ത് നിന്ന് സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യവുമായി മുരളീധര വിരുദ്ധ വിഭാഗം ശക്തമായി രംഗത്തുണ്ട്. ഈ മാസം 16ന് മുൻ സംസ്ഥാന ഭാരവാഹികളുടെ യോഗം ചേർന്ന് കെ സുരേന്ദ്രനെതിരെ നിലപാട് കടുപ്പിക്കാനാണ് മുരളീധര വിരുദ്ധ വിഭാഗം നേതാക്കളുടെ തീരുമാനം.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർക്ക് എതിരെ സംസാരിച്ചതിന്റെ പേരിൽ സ്വദേശിയും സംവിധായികയുമായ ഐഷ സുൽത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താനാകില്ല. ഐഷയ്ക്ക് എതിരായ രാജ്യദ്രോഹക്കുറ്റം നിലനിൽക്കില്ലെന്ന് അഭിഭാഷകൻ കാളീശ്വരം രാജ് പ്രതികരിച്ചു. 1962ലെ കേദാർനാഥ് സിംഗ് കേസിൽ വന്ന ഭരണഘടനാബെഞ്ചിന്റെ വിധിയും മാധ്യമപ്രവർത്തകൻ വിനോദ് ദുവാ കേസിലെ സുപ്രീം കോടതിവിധിയും അനുസരിച്ച് ഐഷയ്‌ക്കെതിരായ കേസ് നിലനിൽക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘കലാപമോ ആക്രമണമോ ലക്ഷ്യമിട്ടുള്ള ആഹ്വാനം മാത്രമേ രാജ്യദ്രോഹക്കുറ്റമായി മാറുന്നുള്ളൂവെന്ന് സുപ്രീംകോടതി ആവർത്തിച്ച് വ്യക്തമാക്കിയത്. ഐഷ സുൽത്താനയുടെ പ്രസ്താവനയിൽ രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന ഒറ്റ വാക്കുമില്ല,’ കാളീശ്വരം രാജ് പറഞ്ഞു.
മീഡിയ വൺ ചാനൽ ചർച്ചയിൽ ദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേലിനെ ജൈവായുധം (ബയോവെപ്പൺ) എന്ന് വിശേഷിപ്പിച്ച സംഭവത്തിലാണ് ഐഷയ്ക്ക് എതിരെ കേസെടുത്തിരിക്കുന്നത്. ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് അബ്ദുൽ ഖാദർ ഹാജി നൽകിയ പരാതിയിലാണ് ഐഷ സുൽത്താനക്കെതിരെ കവരത്തി പോലീസ് കേസെടുത്തത്.
ചൈന മറ്റ് രാജ്യങ്ങൾക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പൺ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സർക്കാർ ലക്ഷദ്വീപിന് നേരെ പ്രഫുൽപട്ടേലെന്ന ബയോവെപ്പൺ ഉപയോഗിച്ചത് എന്നായിരുന്നു ഐഷയുടെ പരാമർശം. എന്നാൽ പരാതി നൽകിയ ദ്വീപ് ബിജെപി പ്രസിഡന്റിന് എതിരെ പാർട്ടി നേതാക്കൾ തന്നെ രംഗത്തെത്തി. പലരും പാർട്ടി വിടുകയും ചെയ്തിരിക്കുകയാണ്. ലക്ഷദ്വീപിലെ ബിജെപിക്കും ക്ഷീണമായിരിക്കുകയാണ് ഇപ്പോൾ ഉയർന്ന വിവാദങ്ങൾ.
ദ്വീപ് അഡ്മിനിസ്‌ട്രേറ്ററായ പ്രഫുൽ പട്ടേലിനെതിരെ വിമർശനവുമായി ഐഷ സുൽത്താന ചാനൽ ചർച്ചകളിൽ എത്തിയത് ബി.ജെ.പിക്ക് വലിയ ക്ഷീണം ഉണ്ടാക്കിയിരുന്നു. കേരളവും ലക്ഷദ്വീപും തമ്മിലുള്ള ബന്ധം എങ്ങനെയെങ്കിലും ഇല്ലാതാക്കാനാണ് ദ്വീപ് അഡ്മിനിസ്‌ട്രേറ്ററായ പ്രഫുൽ പട്ടേൽ ശ്രമിക്കുന്നതെന്ന് ഐഷ സുൽത്താന പറഞ്ഞിരുന്നു.
ദ്വീപിന്റെ വികസനത്തിന് തങ്ങൾ എതിരല്ലെന്നും ഉത്തരേന്ത്യൻ സംസ്‌കാരം ദ്വീപ് നിവാസികളിൽ അടിച്ചേൽപ്പിക്കാനാണ് അഡ്മിനിസ്‌ട്രേറ്ററിന്റെയും സംഘത്തിന്റെയും ശ്രമമെന്നും ഐഷ പറഞ്ഞിരുന്നു.
നടൻ ഷിജു എആറിന് എതിരെ ഗുരുതരമായ വ്യക്തിഹത്യകൾ ഉൾപ്പടെയുള്ള മീടൂ ആരോപണങ്ങളുമായി നടി രേവതി സമ്പത്ത് രംഗത്ത്. പട്‌നഗർ എന്ന സിനിമയിൽ പുതുമുഖമായി താൻ അഭിനയിക്കുന്നതിനിടെ ഷിജുവും രാജേഷ് ടച്ച്‌റിവറും ഉൾപ്പടെയുള്ളവർ മാനസികമായി പീഡിപ്പിച്ചെന്നാണ് രേവതിയുടെ ആരോപണം. മൂവി സ്ട്രീറ്റ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ സിനിമാ ബാക്ക്ഗ്രൗണ്ടില്ലാതെ വളർന്നുവന്ന താരമെന്ന നിലയിൽ ഷിജുവിനെ വാഴ്ത്തിക്കൊണ്ടുള്ള പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ സ്‌ക്രീൻഷോട്ടുകൾ ഉൾപ്പടെ പങ്കുവെച്ചാണ് രേവതിയുടെ പ്രതികരണം.
അതേസമയം രേവതി സമ്പത്തിനുണ്ടായ മോശമായ അനുഭവത്തെ കുറിച്ചുള്ള മോശം പരാമർശത്തിന്റെ പശ്ചാത്തലത്തിൽ മൂവി സ്ട്രീറ്റ് ഗ്രൂപ്പിലേയും പേജിലേയും ഷിജുവിനെ കുറിച്ചുള്ള പോസ്റ്റുകൾ റിമൂവ് ചെയ്തതായി ഗ്രൂപ്പ് വക്താക്കൾ അറിയിച്ചു.
ഷിജുവിനെപ്പറ്റി വന്ന പല പോസ്റ്റുകളും മൂവി സ്ട്രീറ്റിന്റെ പേജിൽ മുമ്പ് ഷെയർ ചെയ്തിട്ടുണ്ടെന്നും ഇതുവഴി അയാളുടെ ഇമേജ് ബൂസ്റ്റ് ചെയ്യപ്പെടുകയും അയാൾ ചെയ്ത ചൂഷണങ്ങൾ മറച്ചുവെയ്ക്കാൻ ഒരു സ്‌പേസ് ആകുന്നത് തടയാൻ തീരുമാനിച്ചുവെന്നും മൂവി സ്ട്രീറ്റ് പറഞ്ഞു.
രേവതി സമ്പത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
മുമ്പ് പട്‌നഗർ എന്ന സിനിമയുമായി ബന്ധപ്പെട്ട് നേരിടേണ്ടി വന്ന അബ്യൂസുകളെ കുറിച്ച് #metoo വിൽ തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നു. അന്ന് എനിക്ക് നേരിടേണ്ടി വന്ന ട്രോമയ്ക്ക് കാരണക്കാരായവരിൽ ഷിജു. എ.ആർ അടക്കമുണ്ടായിരുന്നു. Patnagarh എന്ന സിനിമയിൽ ഷിജുവും ഭാഗമായിരുന്നു. അവിടെയുണ്ടായ ഒരു സംഭവം ഇവിടെ പങ്കു വയ്ക്കുകയാണ്.
സെറ്റിൽ പലപ്പോഴും അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെട്ടതിനെ തുടർന്നും, സെക്ഷ്വൽ /മെന്റൽ /വെർബൽ അബ്യൂസുകളെ എതിർത്തു സംസാരിക്കേണ്ടി വന്നിട്ടുണ്ട്. പുതുമുഖ നടി ഉറക്കെ ശബ്ദിക്കുന്നു എന്നതിന്റെ പേരിൽ പലപ്പോഴും ഹറാസ്‌മെന്റുകൾ നേരിടേണ്ടി വന്നിരുന്നു. ഒരു ദിവസം തിരിച്ചു സംസാരിക്കേണ്ടി വന്നതിന്റെ അന്ന് രാത്രി 2 മണിയോടടുത്ത് ഹേമന്ത് രമേശ് എന്ന അസിസ്റ്റന്റ് ഡയറക്ടർ മുറിലെത്തി വിളിച്ചു.
രാവിലെ സംസാരിക്കാമെന്നറിയിച്ചിട്ടും വല്ലാതെ നിർബന്ധിച്ചതിനെ തുടർന്ന് നേരേ മുന്നിലുള്ള മുറിയിലേക്ക് പോയി. അവിടെ രാജേഷ് ടച്ച്‌റിവർ, ഷിജു, തുടങ്ങി ചിലർ മദ്യപിക്കുകയായിരുന്നു. എന്നെ കുറ്റവിചാരണ ചെയ്യാനും മെന്റലി ടോർച്ചർ ചെയ്യാനുമായിരുന്നു അവർ വിളിച്ചത്. എന്തുകൊണ്ട് സെറ്റിൽ ശബ്ദമുയർത്തി, പുതുമുഖങ്ങൾക്ക് ഇത്രയും ധിക്കാരം വേണ്ട എന്നാക്കെ പറഞ്ഞ് മാപ്പ് പറയാൻ നിർബന്ധിച്ചതിന്റെ മുന്നിൽ ഷിജുവായിരുന്നു.എനിക്ക് ഞാൻ ചെയ്തതിൽ അങ്ങേയറ്റം ശരി ആണെന്നും, ഇനിയും ഇങ്ങനെ ഉണ്ടായാൽ ശബ്ദം ഉയർത്തുമെന്നും, മാപ്പ് പോയിട്ട് ഒരു കോപ്പും ഞാൻ പറയില്ല എന്നറിഞ്ഞപ്പോൾ അവസാനം അയാൾ എന്തൊക്കെയോ എന്നെ നോക്കി പുലമ്പി,എന്നിട്ട് Go and fuck yourself എന്ന് അലറിയതും അയാളാണ്. മാപ്പ് പറയിപ്പിക്കാൻ വേണ്ട പണിയൊക്കെ ആ റൂമിലെ ആണുങ്ങൾ ചെയ്തു. രാജേഷ് ടച്ച്‌റിവർ എന്ന ഊളയെ സംരക്ഷിക്കാൻ ഈ ഷിജുവും, ഹേമന്തും,ഹർഷയും തുടങ്ങി കുറെയണ്ണം ഉണ്ടായിരുന്നു.
അവിടത്തെ പീഢനങ്ങൾ സഹിക്കാനാകാതെ ആദ്യ ദിനങ്ങളിലെ ഒരു ദിവസം സ്റ്റെയറിൽ പലപ്പോഴും കരഞ്ഞുതളർന്നിരിക്കുമ്പോൾ ഷിജു പലപ്പോഴും എന്റെ മുന്നിലൂടെ കടന്നുപോയിട്ടുണ്ട്. പലപ്പോഴും അവരോടൊപ്പം ചേർന്ന് ഒരു സ്ത്രീയെ ഹറാസ്‌മെന്റ് ചെയ്യുന്നതിൽ കൂടെ നിന്നയാൾ.
ഇന്നയാൾ പുതുമുഖമായി കഷ്ടപ്പെട്ട് കടന്നുവന്ന വഴികളുടെ ചരിത്രം ആഘോഷിക്കുമ്പോൾ ഒരുപാട് പ്രതീക്ഷകളോടെ സിനിമയിലേക്ക് കടന്നുവന്ന ഒരു പെൺകുട്ടിയെ പീഡിപ്പിച്ചതിന് കൂട്ടുനിന്നു എന്ന കുറ്റസമ്മതം കൂടെ നടത്തണം.
പിന്നെ, ഷിജുവിനോട് ഒരു കാര്യം, അന്ന് പറയാൻ പറ്റിയില്ല.
സിനിമ എന്ന ഇടം നിന്റെയൊന്നും സ്വകാര്യ സ്വത്തല്ല, art is a democratic space. പുതിയതായി കടന്ന് വരുന്നവരിൽ നിയൊക്കെ ഇങ്ങനെ വ്യാകുലപ്പെടേണ്ട. എനിക്ക് അറിയാം എന്ത് ചെയ്യണം എന്ത് ചെയ്യണ്ട എന്നുള്ളത്. എനിക്ക് സിനിമ എന്നത് ഷിജുവിന്റെയോ, രാജേഷ് എന്ന ഊളയുടെയോ ഔദാര്യമല്ല. ഈ ഇടത്തിൽ ഞാൻ എങ്ങനെ ആകണം എന്നുള്ളതിന് വ്യക്തമായ/ ക്രിയാത്മകമായ കാഴ്ചപ്പാടുള്ള സ്ത്രീയാണ് ഞാനെന്ന് അഭിമാനത്തോടെ ഞാൻ പറയുന്നു. സ്വന്തം അഭിമാനം പണയം വെച്ചും, നിലപാടുകൾ പണയംവെച്ചും, ശബ്ദം പണയം വെക്കാനുമൊക്കെ സിനിമയിൽ പിടിച്ച് നിൽക്കാൻ നിങ്ങളൊക്കെ തന്ന ജീർണിച്ച ഉപദേശം വെറും മയിര് മാത്രമാണ് എനിക്ക്. ഈ ശബ്ദത്തിൽ തന്നെ ഈ ഇടത്തിൽ ഞാൻ കാണും, സിനിമ ഉണ്ടാക്കുകയും ചെയ്യും. നിങ്ങൾക്കൊക്കെ ചെയ്യാൻ പറ്റുന്നത് അങ്ങ് ചെയ്യ്…!!
Shame on MOVIE STREET for letting and making a space to celebrate these kind of abusers.
Unapologetically,
Revathy Sampath.
മൂവി സ്ട്രീറ്റിന്റെ കുറിപ്പ്:
ഗ്രൂപ്പിൽ വരുന്ന ചില പോസ്റ്റുകൾ മൂവി സ്ട്രീറ്റിന്റെ പേജ് വഴിയും നമ്മൾ പബ്ലിഷ് ചെയ്യാറുണ്ട്. ഷിജുവിനെ പറ്റി വന്ന പ്രസ്തുത പോസ്റ്റും നമ്മൾ അങ്ങനെ പേജിൽ പബ്ലിഷ് ചെയ്തിരുന്നു. അയാള്‍ക്കെതിരെയുയര്‍ന്ന Me too ആരോപണം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഗ്രൂപ്പിലും പേജിലും വന്ന പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്.
മൂവി സ്റ്റ്രീറ്റില്‍ പബ്ലിഷ് ചെയ്യപ്പെട്ട പോസ്റ്റുകള്‍ വഴി അയാളുടെ ഇമേജ് ബൂസ്റ്റ് ചെയ്യപ്പെടുകയും അതുവഴി അയാൾ ചെയ്ത abuseകൾ മറച്ചു വയ്ക്കാൻ ഒരു സ്പേസ് ഒരുങ്ങുകയും ചെയ്തു എന്ന തിരിച്ചറിവില്‍, ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധയില്‍ രേവതി സമ്പത്തിനോട് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.
എടത്വ:സഹജീവികളോടുള്ള കരുണയാണ് യഥാർത്ഥ ദൈവീകതയെന്നും സൗഹൃദ വേദിയുടെ സേവന പ്രവർത്തനങ്ങൾ സന്നദ്ധ സംഘടനകൾക്ക് മാതൃകയാണെന്നും എടത്വ എസ്.ഐ ശ്യാംനിവാസ്.സൗഹൃദ വേദിയുടെ ‘അകലെയാണെങ്കിലും നാം അരികെ ‘ എന്ന പദ്ധതിയിലൂടെ ജില്ലയിലെ വിഭിന്ന ലിംഗക്കാർക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് പ്രതിസന്ധി മൂലവും ലോക് ഡൗൺ സാഹചര്യത്തിലും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുകയാണ് ഇക്കൂട്ടർ. ഇവരുടെ ഉപജീവനമാർഗം അമ്പലങ്ങളിലെ ഘോഷയാത്രകളിൽ ശിവ പാർവ്വതി നൃത്തം ചെയ്യലും വീടുകളിൽ സഹായത്തിന് പോകുകയുമായിരുന്നു.കോവിഡ് സാഹചര്യത്തിൽ നിലവിൽ ആരും തിരിഞ്ഞു നോക്കാൻ ഇല്ലാതെ ഒറ്റപ്പെട്ട് സ്ഥലങ്ങളിൽ കഴിയുകയാണ്.മതിയായ രേഖകൾ ഇല്ലാത്തതിനാൽ ഗവൺമെന്റിൽ നിന്നു പോലും സഹായം ലഭിക്കുകയില്ല.പ്രായമായതോടു കൂടി കടുത്ത പ്രതിസന്ധിയിലാണ്.
വാലയിൽ ബെറാഖാ ഭവനിൽ നടന്ന ചടങ്ങ് എടത്വ എസ്.ഐ ശ്യാംനിവാസ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഭിന്ന ലിംഗക്കാർക്ക് ഉള്ള ഭക്ഷ്യധാന്യ കിറ്റുകൾ തലവടി ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം ജില്ലാ സാമൂഹ്യനീതി വകുപ്പ് ട്രാൻസ് ബോർഡ് മെമ്പർ ഹിമയ്ക്ക് കൈമാറി.സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി ഇടിക്കുള അധ്യക്ഷത വഹിച്ചു. സി.പി.ഒമാരായ ഇർഷാദ്, ശ്രീകുമാർ, ശ്യാമിലി എന്നിവർ കിറ്റുകൾ വിതരണം ചെയ്തു.വിൻസൻ പൊയ്യാലുമാലിൽ, സുരേഷ് പരുത്തിക്കൽ, എൻ.ജെ. സജീവ്, സുധീർ കൈതവന, സിജോയി ചാക്കോ, ഏബ്രഹാം വർഗ്ഗീസ് മംഗലത്ത് എന്നിവർ സംബന്ധിച്ചു.മാസ്ക്,സാനിറ്റൈസർ, സോപ്പ് , അരി,തേങ്ങ, ഭക്ഷ്യധാന്യങ്ങൾ, പച്ചക്കറി എന്നിവ അടങ്ങിയതാണ് കിറ്റ്.
‘അകലെയാണെങ്കിലും നാം അരികെ’ പദ്ധതിക്ക് സംമ്പാദ്യ കുടുക്ക സമ്മാനിച്ച ആര്യ കെ. സുധീറിനെ എസ്.ഐ: ശ്യാം നിവാസ് ഷാൾ അണിയിച്ച് അഭിനന്ദിച്ചു.’തലവടി നാട്ടുവഴിയോരം’ ഗ്രൂപ്പ് അഡ്മിൻ പാനൽ അംഗം പി. രൂപേഷ് ആണ് ഇവരുടെ ബുദ്ധിമുട്ടുകൾ സൗഹൃദവേദിയെ അറിയിച്ചത്.