Latest News

കല്യാണ കുറിയിലൂടെ വൈറലായിരിക്കുകയാണ് സേലത്തൊരു കല്യാണം. കല്യാണക്കുറിയില്‍ വധുവിന്റേയും വരന്റേയും പേരുകളില്‍ കണ്ട കൗതുകം കൊണ്ട് ആരോ ഈ കത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഇവരുടെ കല്യാണം വൈറലായത്.

വരന്റെ പേര് സോഷ്യലിസമെന്നും വധുവിന്റെ പേര് മമത ബാനര്‍ജിയെന്നുമാണ്. ഇതുതന്നെയാണ് ഈ കല്യാണക്കുറിയും അതോടൊപ്പം ഈ കല്യാണവും വൈറലാകാന്‍ കാരണവും. ഈ കല്യാണത്തിന് ആശംസ അറിയിച്ചിരിക്കുന്നത് കമ്യൂണിസവും ലെനിനിസവുമാണ് എന്നതും വ്യത്യസ്തത തന്നെ.

ഇനിയുമുണ്ട് ഈ കല്യാണത്തിന് പ്രത്യേകത. സോഷ്യലിസം ഇടത് കുടുംബത്തിലെ അംഗമാണ്. ഇടതിനോടുള്ള ആഭിമുഖ്യം തന്നെയാണ് സി പി ഐയുടെ സേലം ജില്ലാ സെക്രട്ടറിയായ എ മോഹനന് മക്കള്‍ക്ക് പേര് നല്‍കുമ്പോഴും ഉണ്ടായിരുന്നത്. ഒരു മകന്റെ പേര് സോഷ്യലിസം എന്നാണെങ്കില്‍ മറ്റുമക്കള്‍ക്ക് നല്‍കിയത് കമ്യൂണിസം എന്നും ലെനിനിസം എന്നുമാണ്.

അതുകൊണ്ടും തീരുന്നില്ല ഈ കല്യാണത്തിലെ പ്രത്യേകത. ഇടത് കുടുംബത്തിലേക്കുള്ള വധുവിനെ തെരഞ്ഞെടുത്തതാകട്ടെ കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നും. കോണ്‍ഗ്രസി നോടുള്ള താത്പര്യവും ആഭിമുഖ്യവും കാരണമായിരുന്നു മകള്‍ക്ക് മമതയെന്ന് പേര് നല്‍കാന്‍ കാരണമായതെന്ന് മമതയുടെ കുടുംബവും പറയുന്നു. ബാനര്‍ജി പശ്ചിമ ബംഗാളിനു വേണ്ടി ചെയ്ത നല്ല കാര്യങ്ങളില്‍ ആരാധന തോന്നിയാണ് അത്തരമൊരു പേര് മകള്‍ക്കു നല്‍കിയതെന്നു വധുവിന്റെ കുടുംബവും പറയുന്നു. മമത ബാനര്‍ജി ബംഗാളില്‍ കോണ്‍ഗ്രസിന്റെ തീപ്പൊരി നേതാവായിരുന്ന കാലത്താണ് കുടുംബത്തില്‍ ഈ മമത ബാനര്‍ജിയുടെ ‘പിറവി’.

അതേസമയം വളരെ ലളിതമായിട്ടാണ് വിവാഹ ചടങ്ങ് നടത്താന്‍ തീരുമാനിച്ചതെങ്കിലും ലോകം മുഴുവന്‍ അറിയുന്ന തരത്തിലേക്ക് വരന്റേയും വധുവിന്റെയും പേരിലെ കൗതുകം വിവാഹത്തെ എത്തിച്ചിരിക്കുകയാണ്. എന്നാല്‍ ക്ഷണക്കത്ത് ആരോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ മോഹനന്റെ ഫോണിനു വിശ്രമമേയില്ല.

കൊച്ചിയിലെ ഫ്ളാറ്റില്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ച മാര്‍ട്ടിന്‍ ജോസഫ് പിടിയില്‍. തൃശൂര്‍ കിരാലൂരിലെ ഒളിത്താവളത്തില്‍ നിന്ന് നാടകീയമായാണ് പൊലീസ് പിടികൂടിയത്. വിജനമായ പറമ്പുകളും പാടങ്ങളും കടന്ന് ഒളിച്ചോടിയ മാര്‍ട്ടിനെ കുടുക്കിയത് പൊലീസിന്റെ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന കൂടിയായിരുന്നു. മാര്‍ട്ടിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഫ്ളാറ്റ് പീഢനക്കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫ് സ്വന്തം നാടായ തൃശൂരില്‍‍തന്നെയുണ്ടെന്ന് കൊച്ചി, തൃശൂര്‍ പൊലീസ് സംഘങ്ങള്‍ക്കു വിവരം കിട്ടിയിരുന്നു. ഇതു തിരിച്ചറിഞ്ഞ ഉടനെ, പൊലീസ് സംഘം ആദ്യം ചെയ്തത് മാര്‍ട്ടിന്റെ ഒളിയിടം കണ്ടെത്താന്‍ ഡ്രോണ്‍ പറത്തി പരിശോധന നടത്തലായിരുന്നു. സ്വന്തം വീട്ടിലോ ബന്ധുവീട്ടിലോ മാര്‍ട്ടിനെ കണ്ടവരില്ല. അതേസമയം, നാടിന്റെ ചില വിജനമായ ഇടങ്ങളില്‍ മാര്‍ട്ടിന്റെ സാന്നിധ്യം കണ്ടു. ഇതിനിടെ, മാര്‍ട്ടിന്‍ ഉപയോഗിച്ച ഫോണ്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് പിന്‍തുടര്‍ന്നു. അതിരാവിലെ തുടങ്ങിയ തിരച്ചില്‍ രാത്രിയും തുടര്‍ന്നു.

ഇടവേളകള്‍ ഇല്ലാതെ പൊലീസ് നടത്തിയ പരിശോധന അവസാനം വിജയം കണ്ടത് രാത്രി എട്ടരയോടെയായിരുന്നു. കിരാലൂരിലെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പരിസരത്തെ പൊന്തക്കാടുകള്‍ നിറഞ്ഞ പ്രദേശത്ത് മാര്‍ട്ടിനെ കണ്ടു. പിന്നാലെ, പൊലീസും നാട്ടുകാരും ഓടി. മാര്‍ട്ടിനാകട്ടെ ഓട്ടം നിര്‍ത്തിയില്ല. ഇതിനിടെ, നാട്ടുകാരും പൊലീസും എതിര്‍ വശത്ത് കൂടെ എത്തി. ചുറ്റുപാടും വളഞ്ഞെന്ന് മനസിലായതോടെ മാര്‍ട്ടിന്റെ ഓട്ടത്തിന് വേഗം കുറഞ്ഞു.

പിന്നാലെ, പൊലീസിന്റെ പിടിവീണു. പ്രതിയെ പിടിച്ച ഉടനെ നാട്ടുകാരാകട്ടെ കയ്യേറ്റം ചെയ്യാന്‍ തുനിഞ്ഞു. പെണ്‍കുട്ടിയെ ക്രൂരമായി പീഢിപ്പിച്ചതിലുള്ള നൊമ്പരമായിരുന്നു നാട്ടുകാരുടെ മനസില്‍. പൊലീസ് സമയോചിതമായി ഇടപ്പെട്ട് പ്രതിയെ വേഗം ജീപ്പില്‍ കയറ്റി നേരെ മെഡിക്കല്‍ കോളജ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. പ്രതിയെ പിടികൂടിയതിന്റെ നാടകീയത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വയനാടിനെ നടുക്കി മുഖംമൂടി സംഘത്തിന്റെ ആക്രമണം. അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍ വൃദ്ധ ദമ്പതികള്‍ കുത്തേറ്റ് മരിച്ചു. പനമരം നെല്ലിയമ്പം കവാടത്ത് പത്മാലയത്തില്‍ കേശവന്‍ മാസ്റ്റര്‍, ഭാര്യ പത്മാവതി എന്നിവരാണ് അജ്ഞാത സംഘത്തിന്റെ മുഖംമൂടി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കേശവന്‍ മാസ്റ്റര്‍ സംഭവ സ്ഥലത്തും പത്മാവതി ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.

റോഡില്‍ നിന്നും മാറി വിജനമായൊരു പ്രദേശത്തായിരുന്നു ഇവരുടെ വീട്. മുകള്‍ നിലയിലൂടെയാണ് പ്രതികള്‍ വീട്ടിലേക്ക് പ്രവേശിച്ചത് എന്നാണ് സൂചന. മുകള്‍ നിലയിലൂടെ വീട്ടിലേക്ക് പ്രവേശിച്ച് ഇരുട്ടാകുന്നത് വരെ വീടിന്റെ മുകളിലത്തെ നിലയില്‍ തന്നെ ഒളിച്ചിരിക്കുകയായിരുന്നു. രാത്രിയായതോടെ താഴെയിറങ്ങി ഇരുവരെയും അക്രമിക്കുകയായിരുന്നു. പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. മോഷണ ശ്രമമാണെന്നാണ് സൂചന. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഘം ദമ്പതികളെ ആക്രമിച്ചത്. കേശവന്‍ നായര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചെങ്കിലും പത്മാവതി ഇന്ന് രാവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ശബ്ദം കേട്ട് അയല്‍ക്കാര്‍ എത്തിയപ്പോഴേക്കും സംഘം ഓടി രക്ഷിപ്പെട്ടിരുന്നു. നാട്ടുകാര്‍ തന്നെയാണ് പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. കൊലപാതകികളെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. എന്നാല്‍ പ്രതികളെ നേരിട്ട് കണ്ട ഇരുവരും മരണപ്പെട്ടതോടെ അന്വേഷണം പ്രതിസന്ധിയിലായിരിക്കുകയാണ്. അഞ്ചുകുന്ന് സ്‌കൂളിലെ കായികാധ്യാപകനായിരുന്നു മരണപ്പെട്ട കേശവന്‍ മാസ്റ്റര്‍.

മരണപ്പെട്ട ദമ്പതികളുടെ ബന്ധുവും അയല്‍വാസിയും പൊലീസുകാരനുമായ അജിത് എന്നയാളാണ് കരച്ചില്‍ കേട്ട് വീട്ടിലേക്ക് ആദ്യം ഓടിയെത്തിയത്. എന്നാല്‍ ഇയാള്‍ എത്തിയപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു. ഈ സമയത്ത് കേശവന്‍ മാസ്റ്റര്‍ മരണപ്പെടുകയും ചെയ്തിരുന്നു. പിന്നീട് പത്മാവതിയമ്മ ഇയാളോട് പറഞ്ഞത് രണ്ട് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത് എന്നാണ്.

കേശവന്‍ മാസ്റ്റര്‍ക്ക് നെഞ്ചിനും വയറിലുമാണ് കുത്തേറ്റത്. പത്മാവതിക്ക് നെഞ്ചിനും കഴുത്തിനുമിടയിലാണ് ആഴത്തില്‍ കുത്തേറ്റിട്ടുള്ളത്. ശബ്ദം കേട്ട് ഓടിയെത്തിയപ്പോള്‍ ഇരുവരും രക്തത്തില്‍ കുളിച്ച് കിടക്കുന്നതാണ് കണ്ടത് എന്ന് അജിത് പറയുന്നു. ഇത് മാത്രമാണ് അക്രമികളെ കുറിച്ചുള്ള ഏക വിവരം. പിന്നീട് പത്മാവതിയമ്മ പറഞ്ഞ കാര്യങ്ങളെല്ലാം അവ്യക്തമായിരുന്നു എന്നാണ് അജിത് പറയുന്നത്.

ഇരുനില വീട്ടില്‍ വൃദ്ധ ദമ്പതികള്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത്. ആളൊഴിഞ്ഞ വിജനമായൊരു പ്രദേശത്താണ് വീട്. മൂന്ന് മക്കളാണ് ഇരുവര്‍ക്കുമുള്ളത്. ഇതില്‍ മഹേഷ് എന്ന മകന്‍ മാനന്തവാടിയിലും മുരളി എന്ന മകന്‍ കോഴിക്കോടും ഏക മകള്‍ മിനിജ ഭര്‍ത്താവിന്റെ വീട്ടിലുമാണ് താമസം. മോഷണ ശ്രമമാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്നാണ് സംശയിക്കുന്നത് എങ്കിലും വീട്ടില്‍ നിന്നും വിലപിടിപ്പുള്ളതൊന്നും കാണാതായിട്ടില്ല എന്നതും ദുരൂഹതയുണര്‍ത്തുന്നു.

 

കടൽക്കൊല കേസിൽ ഇറ്റാലിയൻ നാവികർക്കെതിരായ ഇന്ത്യയിലെ ക്രിമിനൽ കേസ് സുപ്രീംകോടതി റദ്ദാക്കും. മത്സ്യത്തൊഴിലാളികളെ കൊന്ന കുറ്റത്തിന് നാവികർക്കെതിരായ കേസ് റദ്ദാക്കാനുള്ള ഉത്തരവ് സുപ്രീം കോടതി വരുന്ന ചൊവ്വാഴ്ച പുറപ്പെടുവിക്കും. ഇരകൾക്ക് നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളിൽ സംസ്ഥാന സ‍ർക്കാരിന് തീരുമാനമെടുക്കാമെന്ന് കേന്ദ്രസ‍ർക്കാർ ഇന്ന് സുപ്രീം കോടതിയെ അറിയിച്ചു.

2012 ഫെബ്രുവരിയിൽ കേരള തീരത്ത് ഇറ്റാലിയൻ നാവികർ കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന രണ്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്ക് 10 കോടി രൂപ നഷ്ടപരിഹാരം നൽകുന്നതിന് ജൂൺ 15 ന് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. കടൽക്കൊല കേസിൽ നാവികർക്കെതിരെ വിചാരണ നടപടികൾ ഇറ്റലി സ്വീകരിക്കുമെന്നും കോടതി അറിയിച്ചു.

കോടതി തീരുമാനം അനുസരിച്ചുള്ള 10 കോടി രൂപ നഷ്ടപരിഹാരം ഇറ്റലി കൈമാറിയെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. കടൽക്കൊല കേസിൽ ബോട്ടിലുണ്ടായിരുന്ന എല്ലാവർക്കും നഷ്ടപരിഹാരം വേണമെന്ന ആവശ്യത്തെ എതിർക്കുന്നില്ലെന്നും കേന്ദ്രസർക്കാർ പറഞ്ഞു. നഷ്ടപരിഹാരം എങ്ങനെ വിഭജിക്കണം എന്ന് കേരള സർക്കാരിന് തീരുമാനിക്കാം.

കടൽക്കൊല കേസിൽ നാവികർക്കെതിരെയുള്ള നടപടികൾ ഇറ്റലി സ്വീകരിക്കുമെന്നാണ് കേന്ദ്രസ‍ർക്കാർ അറിയിച്ചിരിക്കുന്നത്. നാവികർക്കെതിരായ കേസിന്റെ നടപടികൾ അവസാനിപ്പാക്കാമെന്ന് സുപ്രീംകോടതി ഇതോടെ നിലപാടെടുക്കുകയായിരുന്നു. ഇരകളുടെ അവകാശികൾക്ക് നഷ്ടപരിഹാരം കൃത്യമായി വിതരണം ചെയ്യുന്നത് ഉറപ്പാക്കാൻ കേരള ഹൈക്കോടതിയോട് ആവശ്യപ്പെടാമെന്ന് ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, എം ആർ ഷാ എന്നിവരുടെ അവധിക്കാല ബെഞ്ച് പറഞ്ഞു.

തനിക്കൊപ്പം ടൂറിന് വന്നാല്‍ ഒരു മത്സരം പോലും കളിക്കാതെ മടങ്ങേണ്ടി വരില്ലെന്ന് ഇന്ത്യന്‍ എ ടീം താരങ്ങളോട് താന്‍ പറയാറുണ്ടായിരുന്നെന്ന് ഇന്ത്യന്‍ മുന്‍ താരം രാഹുല്‍ ദ്രാവിഡ്. ബെഞ്ചിലിരുന്നും റോഡില്‍ കളിച്ചും ക്രിക്കറ്റ് താരമാവാന്‍ സാധിക്കില്ലെന്നും അതിലൂടെ കളിയെ ഇഷ്ടപ്പെടുന്ന ഒരാള്‍ മാത്രമാവുകയേ ഉള്ളുവെന്നും ദ്രാവിഡ് പറയുന്നു. ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെ കോച്ചെന്ന നിലയിൽ നയിക്കുന്നത് ദ്രാവിഡാണ്.

‘എ ടീമിനൊപ്പം ടൂറിന് പോയിട്ട് കളിക്കാന്‍ അവസരം ലഭിക്കാത്ത അവസ്ഥ മോശമാണ്. 700-800 റണ്‍സ് സ്‌കോര്‍ ചെയ്ത് ടീമിലേക്ക് എത്തുന്ന നിങ്ങള്‍ക്ക് നിങ്ങളുടെ മികവ് കാണിക്കാനുള്ള അവസരം ലഭിക്കണം. അതിനായി അണ്ടര്‍ 19ല്‍ ഓരോ കളിക്കിടയിലും സാധ്യമെങ്കില്‍ 5-6 മാറ്റങ്ങള്‍ വരെ ഞങ്ങള്‍ വരുത്തിയിട്ടുണ്ട്.’

‘വെറുതെ ബെഞ്ചിലിരുന്നും റോഡില്‍ കളിച്ചും ക്രിക്കറ്റ് താരമാവാന്‍ സാധിക്കില്ല. ഇതിലൂടെ കളിയെ ഇഷ്ടപ്പെടുന്ന ഒരാള്‍ മാത്രമാവുകയേ ഉള്ളു നിങ്ങള്‍. കളിയെ ഇഷ്ടപ്പെടുന്ന ഒരുപാട് പേര്‍ നമുക്ക് ചുറ്റുമുണ്ട്. അവര്‍ക്ക് ഭേദപ്പെട്ടൊരു വിക്കറ്റ് കളിക്കാന്‍ ലഭിക്കണം. ഭേദപ്പെട്ട കോച്ചിങ് ലഭിക്കണം.’

‘1990ലും രണ്ടായിരത്തിലുമൊന്നും ഇതുപോലെ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല. അറിവിനായി ഞങ്ങള്‍ ദാഹിച്ചിരുന്നു. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഓസ്‌ട്രേലിയന്‍, സൗത്താഫ്രിക്കന്‍ കളിക്കാരേയും അവരുടെ ട്രെയിനര്‍മാരേയുമാണ് ഞങ്ങള്‍ നോക്കിയിരുന്നത്’ ദ്രാവിഡ് പറഞ്ഞു.

കാനഡയിൽ ബസ് കയറ്റി ഒരു കുടുംബത്തിലെ നാലു പേരെ വധിച്ചെന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് ലോകം കേട്ടത്. സൽമാൻ അഫ്സലും കുടുംബവുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അറസ്റ്റിലായിരിക്കുന്നത് 20–കാരനായ കാഡഡ സ്വദേശിയായ യുവാവാണ്. കൊലപാതകത്തിന് പ്രേരിപ്പിച്ച കാരണം കടുത്ത വംശീയതയെന്നാണ് കണ്ടെത്തൽ. പിടികൂടുന്ന സമയത്ത് കയ്യിൽ സ്വസ്തിക അടയാളം പച്ചകുത്തിയിരുന്ന ഇയാൾ പൊട്ടിച്ചിരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

പാകിസ്താനിൽ നിന്ന് കാനഡയിലേക്ക് കുടിയേറിയ മുസ്‍ലിം കുടുംബത്തിന് നേരെയാണ് അതിക്രൂരമായ ആക്രമണം നടത്തിയത്. 46–കാരനായ സൽമാൻ അഫ്സൽ, ഭാര്യ 44–കാരിയായ മദിഹ, 15–കാരി മകൾ യമുന, 74–കാരിയായ അഫ്സലിന്റെ അമ്മ എന്നിവരാണ് മരിച്ചത്. അഫ്സലിന്റെ മകൻ ഫായെസ് പരുക്കേറ്റ് ആശുപത്രിയിൽ ചികിൽസയിലാണ്.

നതാനിയൽ വെൾട്ട്മാൻ എന്ന ഒൻടാറിയോ സ്വദേശിയാണ് അറസ്റ്റിലായത്. നാലു പേര്‍ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരുക്കേൽക്കുയും ചെയ്ത കുറ്റത്തിനാണ് അറസ്റ്റ്. ഇരകളുടെ മതവിശ്വാസമാണ് പകയ്ക്ക് കാരണമെന്നാണ് അന്വേഷണസംഘം പറയുന്നത്.
പകയും വിദ്വേഷവും കാരണം ഉണ്ടായ ഭീകരാക്രമണമാണിതെന്നാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൽ ട്രൂഡോ പറഞ്ഞത്. വംശീയതയും വിദ്വേഷവും നമ്മുടെ രാജ്യത്ത് നിലനിൽക്കില്ലെന്ന് കരുതുന്നവരോട് പറയാനുള്ളത് ഇതാണ്: ആശുപത്രിയിൽ കഴിയുന്ന ആ കുട്ടിയോട് ഈ ക്രൂരതയെക്കുറിച്ച് എങ്ങനെ വിവരിക്കും? അവരുടെ കുടുംബങ്ങളുടെ കണ്ണിൽ നോക്കി നമുക്ക് പറയാനാകുമോ ഇവിടെ ഇസ്ലാം വിരുദ്ധത എന്നത് വാസ്തവവിരുദ്ധമാണെന്ന്…? ട്രൂഡോ ചോദിക്കുന്നു.

കൊലയാളിയായ വെൾട്മാൻ വാഹനം ഇടിച്ച ശേഷം പുറത്തേക്കിറങ്ങിയത് അതി സന്തോഷവാനായാണ്. പൊലീസിനെ വിളിക്കാൻ അയാൾ തന്നെയാണ് അവിടെയുള്ളവരോട് ആവശ്യപ്പെട്ടത്. പൊലീസെത്തി അയാളെ വാഹനത്തിൽ നിന്ന് പുറത്തിറക്കിയപ്പോൾ അയാൾ പൊട്ടിച്ചിരിക്കുകയായിരുന്നു. ദൃക്സാക്ഷിയായ ടാക്സി ഡ്രൈവർ പറയുന്നു.

ഒരു കാലത്ത് മലയാളികൾക്ക് സുപരിചിതയായ നടിയായിരുന്നു രംഭ. വിജയ ലക്ഷ്മി എന്നാണ് രംഭയുടെ യഥാർത്ഥ പേര്. ആദ്യ കാലങ്ങളിൽ അമൃത എന്നായിരുന്നു താരം അറിയപ്പെട്ടിരുന്നത്. പിന്നീട് അത് മാറിയാണ് രംഭ എന്നാകുന്നത്. 1992ൽ സർഗം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് എത്തുന്നത്. പിന്നീട് ഉടനെ തന്നെ മലയാളത്തിലെ മുൻനിര താരങ്ങളിൽ ഒരാളായി മാറിയ താരം. ക്രോണിക് ബാച്ചിലർ എന്ന ചിത്രത്തിലെ പ്രകടനം ആർക്കെങ്കിലും മറക്കാൻ സാധിക്കുമോ?

ഒരു സൂപ്പർ ഹിറ്റ് സിനിമയായിരുന്നു ഇത്. വിനീത് ആയിരുന്നു ഈ ചിത്രത്തിലെ നായകൻ. അതിനു ശേഷം ഒരു തെലുങ്ക് ചിത്രത്തിൽ താരത്തിന് അവസരം ലഭിച്ചു. ആ ഒക്കത്തി അടക്കൂ എന്ന ചിത്രമായിരുന്നു അത്. അതിലൂടെ അവസരങ്ങളുടെ വലിയൊരു ജാലകമാണ് രംഭയ്ക്ക് മുന്നിൽ തുറന്നത്. പിന്നീട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. എങ്കിലും മലയാള സിനിമയെ താരം പൂർണമായും കഴിഞ്ഞില്ല. ഒരിടയ്ക്ക് ചെമ്പക്കുളം തച്ഛൻ എന്ന ചിത്രത്തിൽ അഭിനയിക്കാൻ താരം വീണ്ടും എത്തി. ഇതിലും വിനീത് തന്നെയായിരുന്നു നായകൻ.

തെന്നിന്ത്യയിലെയും, ബോളിവുഡിലെയും പല സൂപ്പർ സ്റ്റാറുകളോടൊപ്പം താരം അഭിനയിച്ചു. സൽമാൻ ഖാൻ, അക്ഷയ് കുമാർ, അനിൽ കപൂർ രജനീകാന്ത്, ചിരഞ്ജീവി, കമലഹാസൻ തുടങ്ങിയവരുടെ കൂടെയൊക്കെ അഭിനയിച്ചിട്ടുണ്ട് രംഭ. ഒരിടയ്ക്ക് നിർമ്മാണ രംഗത്ത് സജീവമാകാൻ നോക്കിയെങ്കിലും അതൊരു പരാജയമായി. പിന്നീട് ഐറ്റം ഡാൻസുകളിൽ കൂടുതൽ രംഭയെ കണ്ടു വന്നു. സിനിമയിൽ വളരെ സജീവമായി ഇരിക്കുമ്പോഴാണ് താരത്തിൻ്റെ വിവാഹം കഴിയുന്നത്. 2010ലാണ് ഇന്ദ്ര കുമാർ പത്മനാഭനും ആയി താരം വിവാഹിതയാകുന്നത്.

പിന്നീട് ഇരുവരും ന്യൂ യോർക്കിൽ സ്ഥിര താമസം ആയി. ലാനിയ, സാഷ, ഷിവിൻ എന്ന് പേരുള്ള 3 മക്കൾ ആണ് ഇരുവർക്കും ഉള്ളത്. ഇരുവരും വേർ പരിഞ്ഞു എന്ന് പലപ്പോഴും വാർത്തകൾ പ്രചരിച്ചു. കുട്ടികളെ വിട്ടു കിട്ടാൻ രംഭ കോടതിയെ സമീപിച്ചു എന്നുവരെ വാർത്തകളുണ്ടായി. ഇതെല്ലാം അടിസ്ഥാന രഹിതമാണെന്ന വാർത്ത രംഭയും, അടുത്ത സുഹൃത്തായ കുശ്ബുവും വ്യക്തമാക്കിയിരുന്നു. താരത്തിൻറെ 45 ആം ജന്മ ദിനം ആയിരുന്നു കഴിഞ്ഞ ദിവസം. നിരവധി ആരാധകരാണ് താരത്തിന് ആശംസകൾ നേർന്നു എത്തിയത്.

ചലച്ചിത്ര പ്രവർത്തക ഐഷാ സുൽത്താനക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്തി ലക്ഷദ്വീപ് പോലീസ്. കേന്ദ്രം ദ്വീപിൽ ബയോ വെപ്പൺ പ്രയോഗിക്കുകയാണെന്ന ചാനൽ ചർച്ചയിലെ പരാമർശത്തിനെതിരെയാണ് കേസ്.

ബിജെപി ലക്ഷദ്വീപ് നേതാവ് അബ്ദുൽ ഖാദർ നൽകിയ പരാതിയിന്മേലാണ് കേസെടുത്തിട്ടുള്ളത്.കവരത്തി പോലീസ് ആണ് ഐഷാ സുൽത്താനക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.124 A , 153 B വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഐഷക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം ഉയർന്നു. ആയിഷയെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിനെതിരെ രംഗത്ത് വന്ന ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘം കഴിഞ്ഞദിവസം ആയിഷക്ക് ഐക്യദാർഢ്യം അറിയിച്ചിരുന്നു.

പ്രഫുൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ച് തന്നെയാണ് ബയോവെപ്പൺ എന്ന പ്രയോഗം.പ്രഫുൽ പട്ടേലും അയാളുടെ നയങ്ങളും അങ്ങനെയായി തനിക്ക് തോന്നിയെന്നും ഐഷ സുൽത്താന കഴിഞ്ഞ ദിവസം എഫ് ബിയിൽ കുറിച്ചിരുന്നു. കോവിഡ് കേസുകൾ പൂജ്യമായ ലക്ഷദ്വീപിൽ പ്രഫുൽ പട്ടേലിന്റെ വരവോടുകൂടിയാണ് വൈറസ് വ്യാപിച്ചതെന്നും അവർ പറയുന്നു. കൂടാതെ ആശുപത്രി സൌകര്യങ്ങൾ ഇല്ലായെന്ന് അറിയിച്ച മെഡിക്കൽ ഡയറക്ടറെ ഡീ പ്രമോട്ട് ചെയ്ത പ്രഫുൽ പട്ടേലിനെയാണ് താൻ ബയോ വെപ്പണായി താരതമ്യം ചെയ്‌തെന്നും അല്ലാതെ രാജ്യത്തെയും ഗവൺമെന്റിനെയും അല്ലെന്നും ഐഷ തന്റെ ഫെയ്‌സ്ബിക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.

അടുത്തമാസം 13 മുതൽ നടക്കുന്ന ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി 20യുമാണ് പര്യടനത്തിലുള്ളത്. സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചതോടെ ശിഖർ ധവാനാണ് ശ്രീലങ്കയിൽ ഇന്ത്യയെ നയിക്കുക. പേസർ ഭുവനേശ്വർ കുമാറാണ് വൈസ് ക്യാപ്റ്റൻ.

മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിലെത്തിയിട്ടുണ്ട്. ഐ.പി.എല്ലിലെ മികച്ച പ്രകടനമാണ് സഞ്ജുവിനെ ടീമിലെത്തിച്ചത്. സഞ്ജുവിനൊപ്പം ഇഷാൻ കിഷനും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.

കർണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കലും 25 അംഗ ടീമിൽ ഇടംപിടിച്ചു. ഇന്ത്യൻ ടെസ്റ്റ് ടീം ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്നതിനാൽ ഏകദിന, ട്വന്റി20 സ്‌പെഷലിസ്റ്റുകൾ ഉൾപ്പെട്ട ടീമാണ് ശ്രീലങ്കയിലേക്കു പോകുന്നത്.

ബിജോ തോമസ് അടവിച്ചിറ

ഗോകുല ആർ എന്ന 29 കാരൻ ആണ് സുമനസുകളുടെ കാരുണ്യത്തിനായി കാത്തിരിക്കുന്നത്. വൃക്ക രോഗ ബാധിതനായി ചികിത്സയ്‌ക്കിടയിൽ കൊറോണ പിടിപെട്ടു ഗുരുതരാവസ്ഥയിൽ അമൃത ഹോസ്പിറ്റലിൽ വെറ്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തുന്ന ഈ ചെറുപ്പക്കാരന് ദിവസം വലിയ ഒരു തുക തന്നെ ചികിത്സ ചിലവാകുന്നു. സ്വന്തം സഹോദരൻ പകുത്തു നൽകിയ ഒരു വൃക്കയിലൂടെ ജീവൻ നിലനിർത്തി ചികിത്സയുമായി മുന്നോട്ടു പോകുമ്പോൾ ആണ് കൊറോണയും പിടിപെടുന്നത്.

ആ ചികിത്സയ്ക്ക് തന്നെ വലിയൊരു തുക ചിലവായ കുടുംബം സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കാരുണ്യം കൊണ്ട് മാത്രമാണ് ഇപ്പോൾ കാര്യങ്ങൾ നടന്നുപോകുന്നത്. യുവാവിന് ജനിച്ചു പതിനാലു ദിവസം മാത്രം പ്രായം ആയ കുട്ടിയുണ്ട്. ബസേലിയസ് കോളേജിൽ സുവോളജി വിദ്യാർത്ഥിയായിരുന്ന ഗോകുൽ കോട്ടയം പാമ്പാടി സ്വദേശിയാണ്. ഗുരുതരാവസ്ഥയിൽ കഴിയുന്ന ഗോകുലിന്റെ ചികിത്സാച്ചെലവ് അവരുടെ കുടുംബത്തിന്റെ പരിധിക്കപ്പുറമാണ്. അഭ്യുദയകാംക്ഷികളുടെ സാമ്പത്തിക സഹായത്തിലാണ് കുടുംബത്തിന്റെ പ്രതീക്ഷ.

ഗോകുലിന്റെ സഹോദരൻ രാഹുലിന്റെ അക്കൗണ്ട് നമ്പർ

Rahul R Ac നമ്പർ: 30908548534 IFSC: SBIN0013665

G pay / Phone pe – 9961617742

RECENT POSTS
Copyright © . All rights reserved