“മനു അങ്കിൾ’ എന്ന മമ്മൂട്ടി ചിത്രത്തിൽ ലോതർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുര്യച്ചൻ ചാക്കോയുടെ അഭിമുഖം പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലാവുന്ന ഒരു ട്രോളുണ്ട്. കൂടെ അഭിനയിച്ച കുട്ടികളെല്ലാം വളർന്ന് വലുതായിട്ടും മനു അങ്കിളായി അഭിനയിച്ച മമ്മൂട്ടി മാത്രം ഇപ്പോഴും എവർഗ്രീൻ ലുക്കിൽ തന്നെയിരിക്കുന്നു എന്നാണ് ഈ വൈറൽ ട്രോളും പറഞ്ഞുവയ്ക്കുന്നത്.
1988 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘മനു അങ്കിൾ’. മമ്മൂട്ടി, മോഹൻലാൽ, സുരേഷ്ഗോപി തുടങ്ങി വൻതാരനിരയുള്ള ചിത്രത്തിലൂടെ കുറച്ച് ബാലതാരങ്ങളും ആ സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ചിത്രത്തിൽ ലോതർ/ഡാനി എന്ന കഥാപാത്രത്തെയായിരുന്നു കുര്യച്ചൻ ചാക്കോ അവതരിപ്പിച്ചത്. സൈക്കിൾ ചവിട്ടാൻ അറിയുന്ന കുട്ടികളെ സിനിമയിലേക്ക് ആവശ്യമുണ്ടെന്ന പത്രപരസ്യം കണ്ടാണ് അച്ഛൻ തന്നെ കോട്ടയത്ത് അഭിമുഖത്തിന് കൊണ്ടുപോയതും താൻ സിനിമയുടെ ഭാഗമായി മാറിയതുമെന്നും കുര്യച്ചൻ പറയുന്നു.
ഇപ്പോഴും ആളുകൾ തന്നെ ലോതർ എന്ന പേരു വിളിച്ച് തിരിച്ചറിയാറുണ്ടെന്നും കുര്യച്ചൻ പറയുന്നു. ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസ് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് ഡെന്നിസ് ജോസഫ് ആയിരുന്നു.
കോവിഡ് വാക്സീനുകൾ ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ മനുഷ്യരിലേക്ക് എത്തുമെന്ന ഉറച്ച പ്രഖ്യാപനങ്ങൾ പകരുന്ന ആശ്വാസത്തിലാണ് ലോകം. ഇതിന് പിന്നാലെ സ്വപ്നം കാണാൻ തുടങ്ങിക്കോളൂ എന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ് ലോകാരോഗ്യ സംഘടന. കോവിഡിന്റെ പരിസമാപ്തിയ്ക്കായി ലോകത്തിന് സ്വപ്‌നം കാണാനാരംഭിക്കാമെന്ന് ലോകാരോഗ്യസംഘടനാ മേധാവി തെദ്രോസ് അദനോം ഗബ്രെയേസിസ് പറഞ്ഞു. സ്വകാര്യസ്വത്തായി കാണാതെ വാക്‌സീന്‍ സൗകര്യം ലോകത്തെ എല്ലായിടത്തും സമാനരീതിയില്‍ വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
അതേസമയം വാക്സീനുകൾ തയാറാകും മുൻപു തന്നെ 160 കോടി ഡോസ് വാങ്ങാൻ വിവിധ കമ്പനികളുമായി ഇന്ത്യ ധാരണയുണ്ടാക്കി കഴിഞ്ഞു. ഇതു ലഭിച്ചാൽ 80 കോടിയോളം പേർക്ക് നൽകാൻ കഴിയും. സാമൂഹിക പ്രതിരോധം (ഹേർഡ് ഇമ്യൂണിറ്റി) ലഭിക്കാൻ ഇതു മതിയാകുമെന്നാണു വിലയിരുത്തൽ.
ഓക്സ്ഫഡ് വാക്സീൻ (ഇന്ത്യയിൽ കോവിഷീൽഡ്) 50 കോടിയാണ് ഇന്ത്യ വാങ്ങുന്നത്. ഇതിനു പുറമേ, യുഎസ് കമ്പനിയായ നോവാവാക്സ് 100 കോടി, റഷ്യയുടെ സ്പുട്നിക് 5 വാക്സീൻ 10 കോടി എന്നിവയും അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ഇന്ത്യയിലെത്തും. ഇതിനു പുറമേയാണ് ഭാരത് ബയോടെക്കിന്റെയും സൈഡസ് കാഡിലയുടെയും തദ്ദേശീയ വാക്സീനുകൾ.
ഫൈസർ വാക്സീൻ ചൊവ്വാഴ്ച മുതൽ ബ്രിട്ടനിൽ നൽകിത്തുടങ്ങുമെന്ന് റിപ്പോർട്ട്. സ്കോട്‍ലാൻഡിലായിരിക്കും ആദ്യ കുത്തിവയ്പ്. വയോജന കേന്ദ്രങ്ങളിലെ അന്തേവാസികൾക്കും ജീവനക്കാർക്കുമായിരിക്കും ആദ്യം നൽകുക.
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയും നടനുമായ ദിലീപ് തടസ്സഹര്‍ജിയുമായി സുപ്രീംകോടതിയിൽ. വിചാരണക്കോടതി മാറ്റണമെന്ന സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ തന്റെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.
വിചാരണ നടപടികള്‍ സ്റ്റേചെയ്യണമെന്ന് സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. കേസിലെ നാലാം പ്രതിയായ വി.പി. വിജീഷും തടസഹർജി ഫയൽ ചെയ്തിട്ടുണ്ട്. ദിലീപിന് വേണ്ടി മുതിർന്ന അഭിഭാഷനും മുന്‍ അറ്റോര്‍ണി ജനറലുമായ മുകുൾ റോഹ്തഗി ഹാജരാകും.
സംസ്ഥാന സർക്കാരിന്റെ ഹർജി ക്രിസ്മസ് അവധിക്ക് മുൻപ് പരിഗണിച്ചേക്കുമെന്നാണ് സൂചന. വിചാരണക്കോടതി ജഡ്ജിയെ മാറ്റില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിൽ വിചാരണ നടപടികൾ ബുധനാഴ്ചത്തേക്കു മാറ്റിയിരിക്കുകയാണ്.
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ പേരിലെടുത്ത ഇൻഷുറൻസ് പോളിസിയിൽ സിബിഐ അന്വേഷണം തുടങ്ങി. പോളിസി രേഖകളിലെ ബാലഭാസ്കറിന്റെ കൈയ്യൊപ്പ് വ്യാജമാണെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
ഇൻഷുറൻസ് കമ്പനി ജീവനക്കാരെ സിബിഐ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. നേരത്തെ ബന്ധുക്കളുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇന്‍ഷുറന്‍സ് പോളിസിയുടെ വിവരങ്ങള്‍ കമ്പനിയില്‍ നിന്നും ശേഖരിക്കുകയും ചെയ്തിരുന്നു.
ബാലഭാസ്കര്‍ മരിക്കുന്നതിന് മുമ്പാണ് 82 ലക്ഷം രൂപ ഇന്‍ഷുറന്‍സ് കവറേജുള്ള പോളിസി ബാലഭാസ്കറിന്റെ പേരില്‍ എടുക്കുന്നത്. പോളിസി രേഖകളില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി വിഷ്ണുവിന്റെ മൊബൈല്‍ നമ്പരും ഇമെയില്‍ വിലാസവുമാണ് രേഖപ്പെടുത്തിയിരുക്കുന്നത്.
പ്രണയിച്ച് വിവാഹം കഴിച്ചതിന് പിന്നാലെ വധ ശ്രമം നടത്തിയ സംഭവത്തില്‍ ബന്ധുക്കള്‍ക്കെതിരെ പരാതിയുമായി പെണ്‍കുട്ടി രംഗത്തെത്തി. കോഴിക്കോട് ജില്ലയിലാണ് സംഭവം. ആക്രമണ ഉണ്ടായപ്പോള്‍ തന്നെ പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ പോലീസ് നടപടി എടുത്തില്ലെന്നും പെണ്‍കുട്ടി ആരോപിച്ചു.
ഫര്‍ഹാന എന്ന പെണ്‍കുട്ടിയാണ് ബന്ധുക്കള്‍ക്കെതിരെ തുറന്നടിച്ച് രംഗത്തെത്തിയത്. സ്വാലിഹ് എന്ന യുവാവുമായുള്ള വിവാഹത്തിന് തന്റെ വാപ്പയ്ക്കും ഉമ്മയ്ക്കും സമ്മതമായിരുന്നുവെന്നുവെന്നും ഫര്‍ഹാന വ്യക്തമാക്കി. പെണ്‍കുട്ടിയുടെ അമ്മാവന്മാരാണ് ഇന്നലെ ദമ്പതികള്‍ക്കെതിരെ വധശ്രമം നടത്തിയത്.
ബന്ധുക്കളില്‍ നിന്നും ആക്രമണം ഉണ്ടായപ്പോള്‍ തന്നെ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് നടപടി എടുത്തില്ലെന്നും പെണ്‍കുട്ടി ആരോപിച്ചു. ജീവിക്കാന്‍ ഭയം തോന്നിയതിനാലാണ് പോലീസിനെ സമീപിച്ചതെന്ന് ഫര്‍ഹാന പറഞ്ഞു.
പ്രതികള്‍ നവ വരനായ സ്വാലിഹിനെ കൊല്ലും എന്ന് ഭീഷണി മുഴക്കിയിരുന്നുവെന്നും ഫര്‍ഹാന വെളിപ്പെടുത്തി. പ്രതികള്‍ സ്വാധീനമുള്ളവരാണ്. അവര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സമാധാനത്തോടെ ജീവിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലന്നും സ്വാലിഹ് പറഞ്ഞു.
ബ്രിട്ടന് പിന്നാലെ ഫൈസര്‍ കൊവിഡ് വാക്സിന്‍ അടിയന്തരമായി ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കി ബഹ്‌റൈന്‍. ഇതോടെ ഫൈസറിന് അനുമതി നല്‍കുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമായി ബഹ്റൈന്‍ മാറി.
അമേരിക്കന്‍ ഔഷധകമ്പനിയായ ഫൈസറിന്റെ കൊവിഡ് വാക്സിന്‍ ഉപയോഗിക്കുന്നതിന് ബുധനാഴ്ച ആണ് ബ്രിട്ടണ്‍ അനുമതി നല്‍കിയത്. അടുത്ത ആഴ്ച ബ്രിട്ടണില്‍ വാക്സിന്റെ വിതരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ബഹ്റൈന്‍ വാക്സിന്റെ വിതരണം എന്ന് ആരംഭിക്കുമെന്ന് ഫൈസര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ചൈനയുടെ സിനോഫാം വാക്സിന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നതിന് നവംബറില്‍ ബഹ്റൈന്‍ അംഗീകാരം നല്‍കിയിരുന്നു.ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഫൈസര്‍ വാക്‌സിനും അനുമതി നല്‍കിയിരിക്കുന്നത്.
കേരളത്തില്‍ ആദ്യമായി അപൂര്‍വ്വ രോഗാണുവിനെ കണ്ടെത്തി. അപൂര്‍വ്വമായ മലേറിയ രോഗാണുവിനെയാണ് കണ്ടെത്തിയത്. കണ്ണൂര്‍ സ്വദേശിയുടെ രക്തപരിശോധനയിലാണ് ഈ രോഗാണുവിനെ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.ഇയാള്‍ സുഡാനില്‍ നിന്നും വന്നതാണ്.
പ്ലാസ്‌മോഡിയം ഒവേല്‍ എന്ന വ്യത്യസ്ത മലമ്പനി രോഗാണുവിനെയാണ് കണ്ടെത്തിയത്. ഇന്ത്യയില്‍ തന്നെ ഇത് ആദ്യമായാണ് ഇത്തരം ഒരു രോഗാണുവിനെ കണ്ടെത്തുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ പരിശോധനയില്‍ ജില്ലാ ടി.ഒ.ടി ആയ ടി.വി അനിരുദ്ധനാണ് പ്ലാസ്‌മോഡിയം ഒവേല്‍ എന്ന വ്യത്യസ്ത മലമ്പനി രോഗാണുവിനെ കണ്ടെത്തിയതെന്ന് പ്രമുഖ മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ലോകാരോഗ്യ സംഘടനയുടെ മലേറിയ പരിശീലകനും സംസ്ഥാന ടി.ഒ.ടി.യും ആയ എം.വി സജീവ് വിശദ പരിശോധനയിലൂടെ രോഗാണുവിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് ആരോഗ്യവകുപ്പിനെ അറിയിക്കുകയും ചെയ്തു. സംസ്ഥാന എന്റമോളജി വിഭാഗത്തിലും ഒഡിഷയിലും പരിശോധിച്ചാണ് രോഗാണുവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.
സാധാരണ രോഗംബാധിച്ചാല്‍ ചുവന്ന രക്താണുവിന് വലുപ്പം കാണും. ഇവിടെ അത് കണ്ടെത്തിയില്ല. അനോഫലീസ് കൊതുകു വഴി പടരുന്ന മലേറിയയുടെ സാധാരണ രോഗലക്ഷണങ്ങള്‍ തന്നെയാണ് പ്ലാസ്‌മോഡിയം ഒവേല്‍ ബാധിച്ചാലും ഉണ്ടാവുക. ചികിത്സയും ഒന്നു തന്നെയാണ്.
ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ യു.എന്‍ ദൗത്യവുമായി ജോലിക്കു പോയ പട്ടാളക്കാരന്‍ പനി ബാധിച്ച് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയിരുന്നു. മലമ്പനിയുടെ ലക്ഷണങ്ങള്‍ കണ്ട് രക്തപരിശോധന നടത്തിയപ്പോഴാണ് പ്ലാസ്‌മോഡിയം ഒവേല്‍ ഇദ്ദേഹത്തിന്റെ ശരീരത്തില്‍ കണ്ടെത്തിയത്. ആഫ്രിക്കയെ ദുരിതത്തിലാക്കിയ ഈ രോഗാണു കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആദ്യമായാണ്.
തെന്നിന്ത്യന്‍ താരറാണി കീര്‍ത്തി സുരേഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ വീഡിയോ ആരാധകരുടെ ശ്രദ്ധ നേടുകയാണ്. കീര്‍ത്തി സംവിധായകന്‍ വെങ്കി അത്‌ലൂരിയെ ഓടിച്ചിട്ട് കുട വെച്ച് തല്ലുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം സിനിമാസെറ്റില്‍ ചിത്രീകരണത്തിനിടെ കിടന്നുറങ്ങുന്ന കീര്‍ത്തിയുടെ ചിത്രം നിഥിനും വെങ്കിയും ചേര്‍ന്ന് പകര്‍ത്തിയിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു. അതിന് മറുപടിയായാണ് ഇപ്പോള്‍ കീര്‍ത്തിയും രംഗത്തെത്തിയിരിക്കുന്നത്.
ഇനി മേലാല്‍ സെറ്റില്‍ കിടന്നുറങ്ങില്ല. തന്റെ ചിത്രമെടുത്തവര്‍ക്കെതിരെ പ്രതികാരം ചെയ്യുമെന്നും കീര്‍ത്തി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സംവിധായകനെ ഓടിച്ചിട്ട് തല്ലുന്ന വീഡിയോ കീര്‍ത്തി പങ്കുവച്ചത്. ഒരാളെ വീഴ്ത്തി. ഇനി ഒരാള്‍ കൂടിയുണ്ടെന്നാണ് കീര്‍ത്തി പറയുന്നത്.
അടുത്തത് നടന്‍ നിഥിനാണെന്ന് വ്യക്തം. താന്‍ കാത്തിരിക്കുകയാണെന്ന് നിഥിന്‍ മറുപടിയും നല്‍കുന്നുണ്ട് കമന്റിലൂടെ. എന്തായാലും ‘പ്രതികാര’ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.
View this post on Instagram
ജോൺ കുറിഞ്ഞിരപ്പള്ളി
രാത്രി പത്തരകഴിഞ്ഞു. പതിവ് ചീട്ടുകളിക്ക് ആള് തികയാതെ വന്നു. നമ്മുടെ കാഥികൻ കൊല്ലം രാധാകൃഷ്ണനും അയാളുടെ വാൽ എന്ന് ഞങ്ങൾ വിളിക്കുന്ന ഗോപാലകൃഷ്ണനും വരാം എന്ന് പറഞ്ഞതാണ്. ചീട്ടുകളിക്കാനെന്ന് പറഞ്ഞുവന്നിട്ടു കഥാപ്രസംഗം നടത്താം എന്നോ മറ്റോ പറഞ്ഞുകളഞ്ഞാൽ പിന്നെ അത് സഹിക്കണം. അതുകൊണ്ട് ഇന്ന് കളിയില്ല എന്ന് ഞങ്ങൾ ഐക്യകണ്ഠം തീരുമാനിച്ചു.
കഴിഞ്ഞ ദിവസത്തെ കഥാപ്രസംഗം കഴിഞ്ഞപ്പോൾ ഹൗസ് ഓണറിന്റെ ഭാര്യ വന്നു ഞങ്ങളോട് ഒരു ചോദ്യം,” അവമ്മാര് രണ്ടുപേർ അത്രയും സമയം നിങ്ങളെ വഴക്കുപറഞ്ഞിട്ടും നിങ്ങൾ ഒരക്ഷരം മിണ്ടിയില്ലല്ലോ” എന്ന്.
അത് ഞങ്ങളെ വഴക്കുപറഞ്ഞതല്ല കഥാ പ്രസംഗം നടത്തിയതാണ് എന്ന് പറഞ്ഞിട്ട് അവർക്കു വിശ്വാസം വരുന്നില്ല.
ലൈറ്റ് ഓഫ് ചെയ്‌ത് കിടക്കാൻ തുടങ്ങുകയായിരുന്നു. അതേ സമയത്ത് ആരോ വന്നു കതകിൽ ശക്തിയായി ഇടിച്ചു. ഞാൻ വാതിൽ തുറന്നു.
അതാ വാതിൽക്കൽ നിൽക്കുന്നു സാക്ഷാൽ ശിക്കാരി ശംഭു. ഇതെങ്ങനെ സംഭവിച്ചു.”ഞാൻ വളരെ ലോഹ്യമായിട്ടു ചോദിച്ചു,”എന്താ ശംഭു?”
“ശംഭു? ഞാൻ ശംഭു അല്ല, അപ്പണ്ണ, ഇവിടുത്തെ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ. “ഞങ്ങൾ സംസാരിക്കുന്നത് കേട്ട് ജോർജ് കുട്ടി അവിടേക്ക് വന്നു.”ഹലോ സാർ. ഇതെന്താ ഈ വഴി?”
ജോർജ് കുട്ടിയോട്,” ഇത് പുതിയ ആളാ അല്ലേ?”
അപ്പണ്ണ ഒരുതരം കൊഴഞ്ഞ ഭാഷയിലാണ് സംസാരം.
അയാൾ തോക്കും തോളിൽ വച്ച് അകത്തേക്ക് കയറി വന്നു. “താൻ വിചാരിക്കുന്നതുപോലെ ശംഭുവും കോപ്പും ഒന്നും അല്ലടോ. നമ്മുടെ പോലീസ് സ്റ്റഷനിലെ കോൺസ്റ്റബിൾ അപ്പണ്ണയാണ്. പുള്ളിക്കാരൻ കൊടഗുകാരനാ, മലയാളം പറയും.”
അപ്പണ്ണയോട് ,”എൻ്റെ സുഹൃത്താ. പാവമാണല്ലോ എന്ന് വിചാരിച്ചു് കൂടെ താമസിപ്പിച്ചിരിക്കുകയാണ്. മൂന്നുമാസം ആയതേയുള്ളു. സാർ കേറി വാ.”
അപ്പണ്ണ ചിരിച്ചുകൊണ്ട് പാൻറ്സിൻറെ പോക്കറ്റിൽ നിന്നും മാക്ഡോവെൽസിൻ്റെ ഒരു അര ബോട്ടിൽ വിസ്കി എടുത്തു മേശപ്പുറത്തുവച്ചു. തോക്ക് ഒരരികിലായി ചാരിവച്ചു.
“ജോർജ് കുട്ടി നീ വലിയ വെടിക്കാരനാണ് എന്ന് എനിക്കറിയാം. ഇത് നിറ തോക്കാണ്. എടുത്തു പരീക്ഷിച്ചേക്കരുത്.”
“ഓ,ഇല്ല. പിന്നെ സാറിനെ ഇയ്യിടെ ഒന്നും കാണാനില്ലല്ലോ”.
“സമയം കിട്ടണ്ടേ ജോർജ് കുട്ടി, വിനായക ബാറിനടുത്തുകൂടി വരുമ്പോൾ ഒരുത്തനെ വിരട്ടി അരക്കുപ്പി വിസ്‌കി കിട്ടിയതാ. നീ അച്ചാറെടുക്ക് .” മൂന്നു ഗ്ലാസും അച്ചാറും വെള്ളവും നിമിഷനേരംകൊണ്ട് റെഡി.
“ഇന്ന് നൈറ്റ് ഡ്യൂട്ടി ഇങ്ങനെ ആകട്ടെ”
നിമിഷ നേരം കൊണ്ട് കുപ്പി കാലി ആയി.
അപ്പണ്ണ എഴുന്നേറ്റു .” ഞാൻ ഇപ്പം വരാം. തോക്ക് ഇവടെ ഇരിക്കട്ടെ. മുട്ടിത്തടിപോലത്തെ ഈ സാധനം ചുമന്നോണ്ട് നടന്നിട്ടു എന്തുചെയ്യാനാണ്.?”
“സാറെങ്ങോട്ടാ ?” ജോർജ്‌കുട്ടി.
“ഒന്നും ആയ്യില്ലടോ അച്ചാറും വെള്ളം റെഡിയാക്കി വയ്ക്ക്. ഞാനാരെയെങ്കിലും വിരട്ടി ഒരു ഹാഫ് കൂടി സംഘടിപ്പിക്കട്ടെ..”
“സാറെ എന്നാൽ ഒരു ഡസൻ മുട്ടേം കൂടി വിരട്ടി മേടിച്ചോ.”
പുറത്തുപോയ അപ്പണ്ണ പത്തുമിനിറ്റായില്ല ,പറഞ്ഞ സാധനങ്ങളും കൂടെ ബ്രഡ് മുട്ട എല്ലാം വാങ്ങി വന്നു. ജോർജ് കുട്ടി വേഗം അടുക്കളയിൽ കയറി ,ഓംലറ്റുണ്ടാക്കാൻ തുടങ്ങി. അപ്പണ്ണ എങ്ങനെയാണ് ആളുകളെ വിരട്ടി കുപ്പി സംഘടിപ്പിക്കുന്നത് എന്ന് ഞാൻ ആലോചിച്ചുകൊണ്ടിരുന്നു.
അതാ വീണ്ടും കതകിൽ ആരോ മുട്ടുന്നു. അത് കോൺട്രാക്ടർ രാജനായിരുന്നു. കൂടെ മറ്റൊരു ചെറുപ്പക്കാരനുമുണ്ട്. രാജൻ പറഞ്ഞു, “ഇദ്ദേഹം ഒരു സിനിമ സംവിധായകൻ ആണ്.
ഉടനെ അപ്പണ്ണ പറഞ്ഞു, “ഹോ, മലയാളത്തിൽ എത്ര നല്ല സിനിമകളാണ് ഇറങ്ങുന്നത്. ഇന്നലെ ഞാൻ ഒരു ഉഗ്രൻ പടം കണ്ടു,പേര് പാവം ക്രൂരൻ”.
നമ്മുടെ സംവിധായകനും രാജനും അകത്തേക്ക് കയറി വന്നു, ഒരു കസേരയിൽ കയറി ഇരുന്നു. അപ്പോഴും അയാൾ ഹെൽമെറ്റ് തലയിൽ നിന്നും മാറ്റിയില്ല. മുഖം കാണാൻ പറ്റുന്നില്ല. ഞാൻ ചോദിച്ചു, എന്താ സാറിന്റെ പേര്?”
പറ്റിയാൽ ഒന്ന് സിനിമയിൽ തലകാണിക്കാമല്ലോ എന്നാണ് എൻ്റെ ചിന്ത. അയാൾ പറഞ്ഞ പേര് ഞങ്ങൾ ആരും കേട്ടിട്ടില്ല.
“സംവിധാനം ചെയ്ത സിനിമ ഏതാണ്? “അയാൾ രണ്ടു മൂന്ന് പേരുകൾ പറഞ്ഞു. സത്യൻ അന്തിക്കാടും രാജസേനനും സംവിധാനം ചെയ്ത സിനിമകൾ.
“ഹേയ് അത് സത്യന്റെ പടമല്ലേ?”
“അതെ,ഞാൻ അതിൻ്റെ തെലുങ്ക് പതിപ്പാണ് സംവിധാനം ചെയ്തത്”.
“തെലുങ്കിൽ എന്താണ് പേര്?”
“പേര് അതുതന്നെ.”
കോൺസ്റ്റബിൾ അപ്പണ്ണ ചാടി എഴുന്നേറ്റു തോക്കെടുത്തു അയാളുടെ നേരെചൂണ്ടി, എന്നിട്ടു പറഞ്ഞു, നീ കുറച്ചങ്ങോട്ടു മാറി നിക്ക്. എനിക്ക് തോക്കുചൂണ്ടാൻ സ്പേസ് വേണം “അയാൾ മാറി നിന്നു. ശരിയാണ്,പോലീസ്‌കാർ കൊണ്ടുനടക്കുന്ന തോക്കു ചൂണ്ടി വെടി വയ്ക്കണമെങ്കിൽ അവരെ ദൂരേയ്ക് മാറ്റി നിറുത്തണം. അപ്പണ്ണ പറഞ്ഞു, “എടുക്കടാ നിൻറെ ഹെൽമെറ്റ്.”
അയാളുടെ മുഖം ഞങ്ങൾ ഇതുവരെ കണ്ടിരുന്നില്ല. വിറച്ചുകൊണ്ട് അയാൾ ഹെൽമെറ്റ് തലയിൽ നിന്നും മാറ്റി.
ജോർജ് കുട്ടി ഉറക്കെ ചിരിക്കാൻ തുടങ്ങി. എന്താ ജോർജ് കുട്ടി ചിരിക്കുന്നത്? “അപ്പണ്ണ.
“അല്ല സാറിൻ്റെ തോക്ക് കണ്ടു ചിരിച്ചതാ”
“എന്താ അതിനു കുഴപ്പം.?”
“അത് തോക്കല്ല, ഉലക്കയാണ്.”
“ഓ,ശരിയാണല്ലോ, വീട്ടിൽ നിന്നും വരുമ്പോൾ തോക്കിനടുത്ത് ചാരിവച്ചിരുന്ന ഉലക്ക എടുത്തോണ്ട് പോന്നു” “ഇപ്പോൾ ആരാ ഉലക്ക ഉപയോഗിക്കുന്നത്? “ഞാൻ ചോദിച്ചു.
“കഴിഞ്ഞ ആഴ്ച നാട്ടിൽ പോയപ്പോൾ വെറുതെ ഒരു രസത്തിന് വീട്ടിൽ നിന്നും എടുത്തോണ്ട് വന്നതാ”.
സംവിധായകനെ നോക്കി അപ്പണ്ണ പറഞ്ഞു,”നിന്നെ ഞാൻ മുൻപ് കണ്ടിട്ടുണ്ടല്ലോ…….. “നീ ആ ബേക്കറിയിൽ ജോലി ചെയ്തിരുന്നതല്ലേ ?”
“അതെ,സാർ”
“എന്താ നിന്റെ പേര്”
പേര്…….ബാബു ……”
ജോർജ് കുട്ടി അകത്തുപോയി എയർ ഗൺ എടുത്തുകൊണ്ടു വന്നു. അത് അപ്പണ്ണയുടെ കയ്യിൽ കൊടുത്തു.
അത് കണ്ടപാടെ അയാൾ കരയാൻ തുടങ്ങി. “കോൺട്രാക്ടർ രാജൻപറഞ്ഞറിഞ്ഞതാ, രണ്ടു പേർക്കും സിനിമയിൽ അഭിനയിക്കാൻ താല്പര്യം ഉണ്ടെന്ന്. വട്ടച്ചെലവിനുള്ള കാശു സഘടിപ്പിക്കാമെന്നു വിചാരിച്ചു വന്നതാ.”
“ദുഷ്ടൻ,എന്നെ ചതിക്കുകയായിരുന്നു അല്ലേ? “രാജൻ
“നീ എങ്ങനെയാ കാശ് സംഘടിപ്പിക്കുക?”
“സ്ക്രീൻ ടെസ്റ്റ് എന്ന് പറഞ്ഞു അടുത്തുള്ള സ്റ്റുഡിയോയിൽ കൊണ്ടു പോയി രണ്ടു ഫോട്ടോ എടുപ്പിക്കും. സർവീസ് ചാർജ് എന്നു പറഞ്ഞു അയ്യായിരം രൂപ മേടിക്കും. എല്ലാവരും തരും”.
“തോക്ക് കയ്യിൽ വെറുതെ പിടിച്ചോണ്ടിരിക്കാതെ വെക്ക് സാറെ അവനെ വെടി. “ജോർജ് കുട്ടി.
“അയ്യോ അരുതേ സാറേ. പാവമാ വിട്ടേക്ക് “രാജൻ.
“എന്താ ജോർജ് കുട്ടി ,വിടണോ, വെടി വയ്ക്കണോ?”
“ഒരു കാര്യം ചെയ്യാം. ഇവിടെ അടുക്കളയെല്ലാം താറുമാറായിക്കിടക്കുവാ. അതെല്ലാം ക്ലീൻ ചെയ്തിട്ട് പൊയ്ക്കോ. എന്താ?”
“സമ്മതിച്ചു.”
“പാവം ക്രൂരൻ “അപ്പണ്ണ പറഞ്ഞു.
“സാറെ, ആ പടം ഞാൻ തെലുങ്കിൽ എടുത്തതാണ്: അല്ല എടുത്തതാണ് എന്ന് പലരോടും പറഞ്ഞിട്ടുള്ളതാണ്.”
“വർത്തമാനം പറയാതെ പോയിപാത്രം കഴുകടാ.”
(തുടരും)
യുവതിയെയും 3 മക്കളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ജില്ലയിലാണ് സംഭവം. എടവനക്കാട് കൂട്ടുങ്കല്‍ച്ചിറ മുണ്ടേങ്ങാട്ട് സനലിന്റെ ഭാര്യ വിനീത (25), മക്കളായ സവിനയ് (4), ശ്രാവണ്‍ (2), ശ്രേയ (4മാസം) എന്നിവരാണു മരിച്ചത്.
കടപ്പുറത്തോടു ചേര്‍ന്നു തന്നെയാണു കൂട്ടമരണം നടന്ന വീട്. അയല്‍വാസികളാണു മരണവിവരം പൊലീസില്‍ വിവരമറിയിച്ചത്. വിനീതയുടെ ഭര്‍ത്താവ് സനല്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍ രാത്രി വീട്ടിലുണ്ടായിരുന്നു. കുട്ടികള്‍ക്കു വിഷം നല്‍കിയ ശേഷം വിനീത ജീവനൊടുക്കുകയായിരുന്നുവെന്നാണു നിഗമനം.
വീടിന്റെ ഹാളില്‍ ഉറങ്ങിയിരുന്ന താന്‍ രാവിലെ മത്സ്യബന്ധനത്തിനു പോകാന്‍ വസ്ത്രം മാറുന്നതിനു മുറിയിലെത്തിയപ്പോഴാണു മൃതദേഹങ്ങള്‍ കണ്ടതെന്നു സനല്‍ പൊലീസിനോടു പറഞ്ഞു. കുട്ടികള്‍ കട്ടിലില്‍ കിടക്കുന്ന നിലയിലും വിനീത സമീപത്തു തന്നെ തൂങ്ങിയ നിലയിലുമായിരുന്നു.
വിനീത എഴുതിയതെന്നു കരുതപ്പെടുന്ന ആത്മഹത്യാക്കുറിപ്പ് വീടിനുള്ളില്‍ നിന്നു കണ്ടെടുത്തു. സംഭവത്തില്‍ ദുരൂഹതകളില്ലെന്നും കുടുംബപ്രശ്‌നങ്ങളാണു പ്രേരണയായതെന്നാണു സൂചനയെന്നും പൊലീസ് പറഞ്ഞു. വിഷം കഴിച്ചാണ് മരണമെന്ന് പോലീസ് പറയുന്നു.
എന്നാല്‍ ഫൊറന്‍സിക് വിഭാഗം നടത്തിയ പരിശോധനയില്‍ വിഷത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്നു പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ എറണാകുളം ഗവ.മെഡിക്കല്‍ കോളേജിലേക്കു മാറ്റി. ഇന്നു പോസ്റ്റ്‌മോര്‍ട്ടം നടക്കും.
കൊച്ചി ഞാറയ്ക്കലിൽ അമ്മയുടെയും മൂന്നു മക്കളുടെയും മരണത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഭർത്താവിനോടുള്ള സംശയമാണ് കൊടുംക്രൂരതയ്ക്ക് പ്രേരിപ്പിച്ചതെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു.
ഞാറയ്ക്കൽ എടവനക്കാട് അമ്മയും പിഞ്ചുകുട്ടികളും മരിച്ച സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. കുട്ടികളുടെ അമ്മയായ 25 കാരി വിനീത എഴുതിയ ഡയറിക്കുറിപ്പ് ആണ് കണ്ടെത്തിയത്. ഭർത്താവിനോടുള്ള സംശയം മൂലമുണ്ടായ കുടുംബ കലഹമാണ് മരണകാരണമെന്നാണ് കുറിപ്പിലൂടെ വ്യക്തമാകുന്നത്.
മത്സ്യത്തൊഴിലാളിയാണ് മരിച്ച വിനീതയുടെ ഭർത്താവ്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. മൂന്ന് മക്കളുണ്ട്. ഭർത്താവിന് അന്യ സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് വിനീത ഈ കടുംകൈ ചെയ്തത്. നാലും മൂന്നും മൂന്ന് മാസവും മാത്രം പ്രായമായ പിഞ്ചു കുഞ്ഞുങ്ങൾക്ക് വിഷം നൽകിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നു. മരണത്തിന് കാരണക്കാരിയെന്ന് ആരോപിക്കുന്ന സ്ത്രീയുടെ പേരും കുറിപ്പിലുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.