വയനാട് സീറ്റിനായുള്ള എ, ഐ ഗ്രൂപ്പുകളുടെ അവകാശവാദത്തിൽ വഴിമുട്ടിയ നാല് മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. ടി.സിദ്ദിഖിന് സീറ്റ് നല്കണമെന്ന എ ഗ്രൂപ്പിന്റെ ആവശ്യം അംഗീകരിക്കാൻ ഐ ഗ്രൂപ്പ് ഒരുക്കമല്ല. വിഷയത്തിൽ പരിഹാരം കാണാൻ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുമായി ദേശീയ നേത്യത്വം ഇന്ന് ഡൽഹിയിൽ ചർച്ച നടത്തും.
ഡൽഹിയിൽ മണിക്കൂറുകൾ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലും വയനാട് സീറ്റിന്റെ കാര്യത്തിൽ ഇന്നലെ തർക്കപരിഹാരമായില്ല. വയനാടിന്റെ കാര്യത്തിൽ എ ഐ ഗ്രൂപ്പുകൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത് വടകര, ആലപ്പുഴ, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയം അനിശ്ചിതത്വത്തിലാക്കി. വയനാട് ടി.സിദ്ദിഖിന് നൽകണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഉമ്മൻ ചാണ്ടി. വയനാട് ഇല്ലെങ്കിൽ മത്സരിക്കില്ലെന്ന് സിദ്ദിഖ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ വർഷങ്ങളായി കൈവശമുള്ള സീറ്റ് വിട്ടു കൊടുക്കില്ലെന്ന് ആവർത്തിക്കുന്ന ഐ ഗ്രൂപ്പ്, ഷാനിമോൾ ഉസ്മാന്റെ അടക്കം മൂന്ന് പേരുകൾ മുന്നോട്ട് വയ്ക്കുന്നു. ഉമ്മൻ ചാണ്ടിയുടെ അഭാവത്തിൽ പ്രതിസന്ധി ഒഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെ, അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ അന്തിമ ചർച്ച നടത്താൻ നേതൃത്വം തീരുമാനിച്ചു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കുമായി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഇന്ന് ചർച്ച നടത്തി സമവായത്തിലെത്തുന്ന പേര് ഹൈക്കമാൻഡ് അംഗീകരിച്ചേക്കും.
തർക്കം നിലനിൽക്കുന്ന വയനാടിന്റെ കാര്യം തീരുമാനിച്ചാല് മറ്റിടങ്ങളില് കാര്യങ്ങള് എളുപ്പമാകും. പ്രചാരണം തുടങ്ങിയ സാഹചര്യത്തിൽ ആറ്റിങ്ങലിൽ അടൂർ പ്രകാശിന്റെ കാര്യത്തിൽ ഇനി മാറ്റമുണ്ടായേക്കില്ല.
അതേസമയം, വടകരയിൽ ഉയർന്നുകേട്ട വിദ്യ ബാലകൃഷ്ണനുള്ള സാധ്യത മങ്ങി. ഇവിടെ ബിന്ദു കൃഷ്ണയെ മൽസരിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും അവർ വഴങ്ങിയിട്ടില്ല. യുഡിഎഫിന് ആർ എം പി പരസ്യ പിന്തുണ പ്രഖ്യാപിച്ചതോടെ വടകരയിൽ മൽസരിക്കാൻ മുല്ലപ്പള്ളിക്ക് മേൽ സമ്മർദ്ധം ഏറിയിട്ടുണ്ട്. എന്നാൽ മൽസരിക്കാനില്ലെന്ന നിലപാടിൽ ഉറച്ചാണ് മുല്ലപ്പള്ളി.
വടകരയിൽ പി. ജയരാജൻ സിപിഎമ്മിനായി പോരിനിറങ്ങിയത് മുതൽ ബൽറാമും സജീവമായി രംഗത്തുണ്ട്. ജയരാജന്റെ പ്രചാരണത്തിന്റെ ഭാഗമായി ഒട്ടിച്ച ഒരു പോസ്റ്ററുമായിട്ടാണ് ബൽറാം എത്തിയത്. തിരഞ്ഞെടുപ്പിന്റെ ചുവരെഴുത്തും പ്രചാരണങ്ങളും വലിയ മേളത്തോടെ മുന്നേറുകയാണ്. ഇക്കൂട്ടത്തിൽ സ്ഥാനാർഥിയുടെ പേരെഴുതുമ്പോൾ വരുന്ന തെറ്റുകൾ അടക്കം ചൂണ്ടിക്കാട്ടി ട്രോളുകളും സജീവമാണ്.
അക്കൂട്ടത്തിൽ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് വി.ടി ബൽറാം എംഎൽഎ. ഫെയ്സ്ബുക്കിലൂടെയാണ് പി. ജയരാജനെ ട്രോളി കൊണ്ട് ബൽറാമിന്റെ ചിത്രവും കുറിപ്പും.ചുവരിലെ സിനിമാ പോസ്റ്ററിന് മുകളിലാണ് ജയരാജനെ വിജയിപ്പിക്കുക എന്ന പോസ്റ്റർ പതിച്ചത്. ഇപ്പോൾ തിയറ്ററിൽ പ്രദർശിപ്പിക്കുന്ന വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമാ പോസ്റ്ററിന് മുകളിലാണ് പോസ്റ്റര് പതിച്ചത്. എന്നാൽ പോസ്റ്ററിലെ വാചകമാണ് ട്രോളിന് ആധാരം.
‘പൊട്ടിച്ചിരിയുടെ കൊലപാതക കഥ ഫൺ ഫാമിലി ത്രില്ലർ’ എന്ന വാചകത്തിന് തൊട്ടുതാഴെയാണ് ജയരാജൻ ചിരിച്ചുകൊണ്ടിരിക്കുന്ന പോസ്റ്റർ പ്രചാരണത്തിനായി പതിച്ചത്. ഇൗ ചിത്രം പങ്കുവച്ച് ബൽറാം നൽകിയ തലക്കെട്ട് ട്രോളൻമാരും ഏറ്റെടുത്തു. ‘പോസ്റ്റർ ഒട്ടിച്ചവന്റെ വീട്ടുമുറ്റത്ത് ഇന്ന് രാത്രി ഇന്നോവ തിരിയും’ എന്നായിരുന്നു ബൽറാം നൽകിയ കുറിപ്പ്.
ആദ്യഘട്ട വോട്ടെടുപ്പിനുളള തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. പതിനെട്ട് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലെയും തൊണ്ണൂറ്റിയൊന്ന് ലോക്സഭാ മണ്ഡലങ്ങളിലാണ് ഏപ്രില്‍ പതിനൊന്ന് വോട്ടെടുപ്പ് നടക്കുന്നത്. നാല് സംസ്ഥാനങ്ങളിലെ ഇരുനൂറ്റി തൊണ്ണൂറ്റിയഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ആദ്യഘട്ടമാണ് വോട്ടെടുപ്പ്.
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ എട്ട് മണ്ഡലങ്ങള്‍ ഏപ്രില്‍ പതിനൊന്നിന് പോളിങ് ബൂത്തിലെത്തും. 2014ല്‍ ബി.ജെ.പിയാണ് എട്ടുമണ്ഡലങ്ങളിലും ജയിച്ചുകയറിയത്. എന്നാല്‍, കൈറാനയില്‍ 2018ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയം സമാജ്‍വാദി പാര്‍ട്ടിക്കായിരുന്നു. ഒറ്റഘട്ടമായി നടക്കുന്ന ആന്ധ്രയിലെ ഇരുപത്തിയഞ്ചും തെലങ്കാനയിലെ പതിനേഴും അരുണാചലിലെയും മേഘാലയയിലെയും രണ്ടും ലോക്സഭാ മണ്ഡലങ്ങളില്‍ ഏപ്രില്‍ പതിനൊന്നിനാണ് വോട്ടെടുപ്പ്.
ആദ്യഘട്ടത്തിലെ മറ്റു സംസ്ഥാനങ്ങളുടെ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം ഇങ്ങനെ. മഹാരാഷ്ട്ര…ഏഴ്, ബിഹാര്‍..നാല്, കശ്മീര്‍ രണ്ട്, ഉത്തരാഖണ്ഡ് അഞ്ച്. ജമ്മുകശ്മീരിലെയും പശ്ചിമബംഗാളിലെയും രണ്ടും, നാല് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഓരോ മണ്ഡലങ്ങളും ബൂത്തിലെത്തും. കേന്ദ്രഭരണപ്രദേശങ്ങളായ ആന്‍ഡമാന്‍ നിക്കോബാറിലെയും ലക്ഷദ്വീപിലെയും ഏക മണ്ഡലങ്ങളും ഏപ്രില്‍ പതിനൊന്നിന് വോട്ടുചെയ്യും.
നാമനിര്‍ദേശം സമര്‍പ്പിക്കാനുളള അവസാനതീയതി മാര്‍ച്ച് ഇരുപത്തിയഞ്ചാണ്. പിന്‍വലിക്കാനുളള തീയതി ഇരുപത്തിയെട്ടും. മേയ് ഇരുപത്തിമൂന്നിനാണ് വോട്ടെണ്ണല്‍. ഒറ്റഘട്ടമായി നടക്കുന്ന ആന്ധ്ര, സിക്കിം, അരുണാചല്‍ സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പിനും ഇതേ സമയക്രമം തന്നെയാണ്.
സമൂഹമാധ്യമങ്ങൾ അടക്കം ഓൺലൈൻ മേഖലകളിലെ ചതിവലകളിൽ നിന്നും കുട്ടികളെ രക്ഷിക്കാൻ ലക്ഷ്യമിട്ടു പുതിയ പദ്ധതിയുമായി യു.എ.ഇ. അധ്യാപകരേയും രക്ഷിതാക്കളേയും കുട്ടികളേയും പങ്കാളികളാക്കിയുള്ള ചൈൽഡ് ഡിജിറ്റൽ പദ്ധതിക്കു തുടക്കം കുറിച്ചു.
ഇന്റർനെറ്റിലെ കെണികൾ കുട്ടികൾക്കു ഭീഷണിയാകുന്ന സാഹചര്യത്തിലാണ് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്.ജനറൽ ഷെയ്ഖ് സെയിഫ് ബിൻ സായിദ് അൽ നഹ്യാൻറെ നേതൃത്വത്തിൽ പുതിയ പദ്ധതിക്കു തുടക്കംകുറിച്ചത്. മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ സുരക്ഷാ നടപടികൾ ശക്തമാക്കുകയും വ്യാപക ബോധവൽകരണം തുടങ്ങുകയും ചെയ്യും.
ലൈംഗികമായും മറ്റും കുട്ടികളെ ചൂഷണം ചെയ്യുന്ന വെബ് സൈറ്റുകൾക്കു പുറമെ വ്യക്തികളും ചില ഗ്രൂപ്പുകളും കെണിയൊരുക്കുന്നുവെന്നും ഇത്തരം ചൂഷണങ്ങൾക്കു വിധേയരാകുന്നതിൽ എല്ലാ പ്രായക്കാരുമുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. പ്രധാനമായും 5 മുതൽ 18 വയസു വരെയുള്ള കുട്ടികളെ ലക്ഷ്യമിട്ടു 4 തലങ്ങളിലാണു പദ്ധതി നടപ്പാക്കുക. ഇന്റർനെറ്റ് സുരക്ഷിതമായി ഉപയോഗിക്കുന്നതിനെക്കുറിച്ചു കുട്ടികൾക്കായി പ്രത്യേക ക്യാംപുകൾ, ഇന്റർനെറ്റ് സുരക്ഷയെക്കുറിച്ച് വ്യക്തമാക്കുന്ന പോർട്ടൽ, അധ്യാപകർക്കും രക്ഷിതാക്കൾക്കുമായി ബോധവൽക്കരണം തുടങ്ങിവയാണ് ലക്ഷ്യമിടുന്നത്. യുഎഇയിൽ ഒരാൾ എട്ടു മണിക്കൂർ ഒാൺലൈനിൽ ചെലവഴിക്കുന്നതായാണു കണക്ക്. ഇതിൽ മൂന്നു മണിക്കൂറും സമൂഹമാധ്യമങ്ങളിലാണ് ചെലവഴിക്കുന്നത്.
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയും തട്ടിക്കൊണ്ട് പോകലും. കുപ്രസിദ്ധ ക്രിമിനലായ പഞ്ചായത്ത് ഉണ്ണിയാണ് എതിർ സംഘാംഗമായ മേനംകുളം സ്വദേശി ഉണ്ണിക്കുട്ടനെ ബൈക്കിൽ തട്ടിക്കൊണ്ടു പോയത്. ഞായറാഴ്ച രാത്രി ഏഴു മണിക്ക് മേനംകുളത്തെ ഉൽസവപറമ്പിൽ നിൽക്കുകയായിരുന്ന ഉണ്ണിക്കുട്ടനെ ബൈക്കിലെത്തിയ പഞ്ചായത്ത് ഉണ്ണിയും സംഘവും മദ്യപിക്കാൻ വിളിച്ചെങ്കിലും നിരസിച്ച ഉണ്ണിക്കുട്ടനെ ബലമായി ബൈക്കിൽ പിടിച്ചു കയറ്റി കൊണ്ടുപോവുകയായിരുന്നു.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. പോലീസിന്റെ പിടിയിലാകുമെന്ന് മനസ്സിലായ ഗുണ്ടാസംഘം ഉണ്ണിക്കുട്ടനെ മർദ്ദിച്ചവശനാക്കി വെട്ടുറോഡിൽ കൊണ്ടിറക്കി വിടുകയായിരുന്നു. ഉണ്ണിക്കുട്ടനെ പോലീസ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തട്ടിക്കൊണ്ടു പോകലറിഞ്ഞ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും ഡിസിപി ആർ ആദിത്യയും സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി. കരമനയിൽ കഴിഞ്ഞ ദിവസം ലഹരി സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സാഹചര്യത്തിൽ പൊലീസ് ഗൗരവത്തോടെയാണ് ഈ കേസും അന്വേഷിക്കുന്നത്.
ചങ്ങനാശേരി തൃക്കൊടിത്താനം കുന്നുംപുറം സെന്‍റ് സേവ്യേഴ്സ് പള്ളിയിൽ വൈദികരെ പൂട്ടിയിട്ട് ആറുലക്ഷം രൂപാ കവര്‍ച്ച നടത്തിയ സംഘം പിടിയിൽ. അന്തര്‍ സംസ്ഥാന മോഷ്ടാക്കളായ തലശ്ശേരി സ്വദേശി റൗഫ്, ബംഗലൂരുവിൽ താമസിക്കുന്ന എറണാകുളം സ്വദേശി അലക്സ് സൂര്യ എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാര്‍ച്ച് എട്ടിന് അര്‍ധ രാത്രിയോടെയായിരുന്നു സംഭവം. രണ്ടു ബൈക്കുകളിലായി എത്തിയ മോഷ്ടാക്കള്‍ ഓഫീസ്റൂം സ്ഥിതിചെയ്യുന്ന കെട്ടിടത്തിലുണ്ടായിരുന്ന വൈദികരുടെ മുറിക്കുള്ളില്‍ പൂട്ടിയിട്ടു. തുടര്‍ന്ന് ഓഫീസ് റൂം തകര്‍ത്ത് അകത്തു കയറിയ സംഘം ഇരുമ്പ് അലമാരയില്‍ സൂക്ഷിച്ചിരുന്ന ആറ് ലക്ഷത്തോളം രൂപ അപഹരിച്ചു. പള്ളി പരിസരത്ത് സിസിടിവി ക്യാമറ ഇല്ലായിരുന്നതും മോഷ്ടാക്കള്‍ തെളിവുകള്‍ അവശേഷിപ്പിക്കാതെ കടന്നുകളഞ്ഞതും കേസന്വേഷണത്തിന്റെ പ്രാഥമികഘട്ടത്തില്‍ അന്വേഷണ സംഘത്തിന് വലിയ വെല്ലുവിളിയായി.10 അംഗ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്.
കോട്ടയത്തും സമീപ ജില്ലകളിലുമായി 40 കിലോമീറ്റര്‍ ചുറ്റളവില്‍ ചെറിയ റോഡുകളിലുള്‍പ്പെടെ സഞ്ചരിച്ച് ഇരുന്നൂറില്‍പ്പരം സിസിടിവി ക്യാമറ ദൃശ്യ ങ്ങള്‍ പരിശോധിച്ചു. സംശയം തോന്നിയ സ്ഥലങ്ങളിലെല്ലാം കോട്ടയം സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് അന്‍പതിനായിരത്തിലധികം കോളുകള്‍ പരിശോധിച്ചും അവയില്‍ സംശയമെന്ന് തോന്നിയ നമ്പരുകള്‍ തുടര്‍ച്ചയായ നിരീക്ഷണത്തില്‍ വെച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് ധാരണ ലഭിച്ചത്. സമാന രീതിയില്‍ ചെങ്ങന്നൂര്‍ കേന്ദ്രീകരിച്ച് മറ്റൊരു പള്ളിയില്‍ കവര്‍ച്ചയ്ക്കു തയ്യാറെടുക്കുമ്പോഴാണ് പ്രതികള്‍ വലയിലാവുന്നത്.
തൃക്കൊടിത്താനം മേഖലയില്‍ മോഷണത്തിനായി ലക്ഷ്യമിട്ട ചില വീടുകളില്‍ ആളനക്കവും വെളിച്ചവും കണ്ടതിനെത്തുടര്‍ന്ന് ശ്രമം ഉപേക്ഷിച്ച് ഇവര്‍ പള്ളിമേടയില്‍ കയറുകയായിരുന്നു . പള്ളിയിലെ കാണിക്ക വഞ്ചി പൊളിക്കാന്‍ ലക്ഷ്യമിട്ട് കയറിയതായിരുന്നു സംഘം. മോഷണത്തിന് ശേഷവും പതിവുപോലെ അലക്‌സ് തിരികെ ബാംഗ്ലൂരിലേയ്ക്ക് പോയിരുന്നുവെങ്കിലും സമാന മാതൃകയില്‍ പ്ലാന്‍ ചെയ്ത മോഷണത്തിനായി റൗഫ് വിളിച്ചതിനെ തുടര്‍ന്ന് തിരികെ എത്തി ഒരുക്കങ്ങള്‍ നടത്തിവരുമ്പോഴാണ് ഇരുവരും അന്വേഷണ സംഘത്തിന്റെ പിടിയിലാകുന്നത് . മോഷ്ടിച്ച തുക ഇരുവരും തുല്യമായി വീതിച്ചതിനു ശേഷം സ്വര്‍ണ്ണം വാങ്ങുന്നതിന് അഡ്വാന്‍സ് കൊടുത്തതിന്റെയും കടം വീട്ടിയതിന്റെയും ബാക്കി തുക ബാങ്കില്‍ നിക്ഷേപിച്ചതായും പ്രതികള്‍ പോലീസിനോട് സമ്മതിച്ചു
ലോകത്തിലെ ഏറ്റവും വിലയേറിയ പെർഫ്യൂം ദുബായിൽ വിൽപ്പനയ്ക്ക്. എട്ടുകോടി അൻപതുലക്ഷത്തോളം രൂപയാണ് ഷുമുഖ് പെർഫ്യൂമിൻറെ വില. മൂന്നുവർഷത്തെ പരിശ്രമത്തിനൊടുവിലാണ് പെർഫ്യൂം മാർക്കറ്റിൽ അവതരിപ്പിക്കുന്നത്.
യു.എ.ഇയിലെ പ്രശസ്ത പെർഫ്യൂം ബ്രാൻഡായ നബീലാണ് ഷുമുഖ് എന്ന ലോകത്തെ ഏറ്റവും വിലയേറിയ പെർഫ്യൂം അവതരിപ്പിച്ചിരിക്കുന്നത്. 4.572 ബില്യൺ ദിർഹം, അതായത് എട്ടുകോടി അൻപത്തിയെട്ടുലക്ഷത്തി നാൽപ്പത്തിരണ്ടായിരത്തോളം രൂപയാണ് വില. 3571 രത്നങ്ങൾ, 2,479 ഗ്രം 18 കാരറ്റ് സ്വർണം, അഞ്ചു കിലോ വെള്ളി എന്നിവയാൽ അലങ്കരിച്ചാണ് ഷുമുഖ് വിൽക്കുന്നത്. പന്ത്രണ്ടു മണിക്കൂറോളം ശരീരത്തിലും മുപ്പതു ദിവസത്തോളം വസ്ത്രങ്ങളിലും ഈ സുഗന്ധം നിലനിൽക്കുമെന്നു നബീൽ പെർഫ്യൂംസ് ചെയർമാൻ അഷ്ഗർ ആദം അലി വ്യക്തമാക്കി.
മൂന്നു വർഷത്തോളം 494 പരീക്ഷണങ്ങൾ നടത്തിയാണ് അമൂല്യമായ സുഗന്ധക്കൂട്ട് തയ്യാറാക്കിയത്. പെർഫ്യൂം ബോട്ടിലിനു ഒരുമീറ്റർ 97 സെൻറീമീറ്ററാണ് നീളം. ദുബായ് മോളിലെ പാർക്ക് അവന്യൂവിൽ ഈ മാസം മുപ്പതുവരെ ഷുമുഖ് പ്രദർശനത്തിനുണ്ടാകും. ഉപഭോക്താക്കളുടെ താൽപര്യമനുസരിച്ച് വിവിധ ഡിസൈനുകളിൽ പെർഫ്യൂം നിർമിച്ചുനൽകും. അതേസമയം, ഒരു ഇന്ത്യൻ വ്യവസായിയാണ് പെർഫ്യൂമിനു ആദ്യ ഓർഡർ നൽകിയതെന്നു നബീൽ കമ്പനി വ്യക്തമാക്കി.
ഐഐടി മുംബൈയിലെ പഠനത്തിന് ശേഷം, ഗോവൻ അങ്ങാടികളിലൂടെ ചണം കൊണ്ട് നിർമിച്ച ചാക്ക് വിൽക്കാൻ അവസരമുണ്ടോയെന്ന് തിരിഞ്ഞു നടന്നത്. ലോഹ-സംസ്‌കരണത്തിൽ ബിരുദധാരിയായ ഒരുവൻ, പരുക്കന്‍ വസ്‌ത്രത്തിന്റെ വ്യാപാരത്തിൽ ഭാഗ്യം കണ്ടെത്താൻ ശ്രമിക്കുന്ന ചിത്രം യുക്തിയ്ക്ക് നിരക്കാത്തതായിരിക്കാം, എന്നാൽ പരീക്കർ തന്റെ പ്രയത്നവുമായി മുന്നോട്ട് തന്നെ പോയി. വെറും മൂന്ന് മാസം കൊണ്ട്, അമ്മയുടെ അടുക്കൽ നിന്നും തിരികെ നൽകാമെന്ന് ഉറപ്പ് പറഞ്ഞു കടമായി വാങ്ങിയ പണം, ലാഭവും ചേർത്ത് തിരികെ കൊടുക്കാൻ അദ്ദേഹത്തിന് സാധിച്ചു.
മുന്നോട്ടു തന്നെ പോകാനുള്ള ഈ അഭിരുചിയും, ഒന്നും സ്പഷ്ടമായി വെളിവാക്കാത്ത സമീപനവും, സ്വതന്ത്രമായ ശൈലിയും, പെട്ടെന്ന് തീരുമാനം എടുക്കാൻ സാധിക്കുന്ന സ്വാഭാവവുമാണ് പിന്നീട് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ നിർവ്വചിച്ചതും. ഇതിന്റെ അടിസ്ഥാനത്തിലാണ്, പരീക്കറിന്റെ മാര്‍ഗ്ഗദര്‍ശിയും ആർ എസ് എസ് ഗുരുവുമായ സുബാഷ് വേലിങ്കർ, ഗോവയിലെ ബിജെപി യുടെ ഭാവി മുഖമായി മനോഹർ പരീക്കറിനെ തിരഞ്ഞെടുത്തതും.
തന്റെ ബന്ധുവുമായി നടത്തി പോന്ന വ്യവസായം വഴിയേ ഉപേക്ഷിച്ച അദ്ദേഹം, ഉചിതമായ ഒരു മറ്റൊരു സമയത്ത്, സ്ഥലവാസിയായ ഒരു മുസ്ലിമുമൊത്ത് മറ്റൊരു വ്യവസായം (ഹൈഡ്രോലിക്സ് ഫാക്ടറി) ആരംഭിച്ചു; വ്യക്തിപരവും രാഷ്ട്രീയപരവുമായ കാര്യങ്ങളിൽ നിന്നും വ്യവസായത്തെ വേർതിരിച്ചു കാണേണ്ടതെങ്ങനെയെന്ന് ജീവിതാരംഭത്തിൽ തന്നെ സുവ്യക്തമാക്കിക്കൊണ്ട് .
ഒരു സമയത്ത്, തന്റെ വ്യവസായത്തിൽ ഉറച്ചു നിൽക്കാൻ തീരുമാനമെടുത്തു കൊണ്ട്, രാഷ്ട്രീയത്തിലേക്ക് കടക്കാൻ വൈമനസ്യം കാട്ടിയ ആളായിരുന്നു പരീക്കർ. മുപ്പത് വർഷങ്ങൾക്കിപ്പുറം, അതേയാൾ ഇന്ത്യയുടെ പ്രതിരോധമന്ത്രിയായ ആദ്യ ഗോവനും, നാല് തവണ ഗോവയുടെ മുഖ്യമന്ത്രിയുമായി. ചിലപ്പോഴെങ്കിലും വേലിങ്കറിനെ പശ്ചാത്താപത്തിലും ആഴ്ത്തിയിരുന്നു ആ വളർച്ച. അവസാന ശ്വാസം വരെയും സംസ്ഥാനത്തെ ഉയർന്ന ഭരണസ്ഥാനം ഉപേക്ഷിക്കാനോ, രാജി വയ്ക്കാനോ, വിരമിക്കാനോ പരീക്കർ സന്നദ്ധനായില്ല.
ഭരണത്തിലെ കാര്യങ്ങൾ എല്ലാം ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്ന ശൈലിയൊഴിച്ച്, പരീക്കറിനെ സംബന്ധിച്ചുള്ള എല്ലാ തന്നെ, 2012-ലെ ഗോവ നിയമസഭാ തെരെഞ്ഞെടുപ്പിൽ വിജയിച്ചു അഭൂതപൂർവമായ അധികാരത്തിലേക്ക് കയറിയതോടെ മാറി, എന്നതാണ് വേലിങ്കറിന്റെ പശ്ചാത്താപത്തിന്റെ അടിസ്ഥാനം. ഉയരത്തിലേക്കുള്ള വഴിയിൽ താൻ പ്രതിനിധീകരിച്ചിരുന്ന എല്ലാറ്റിനും എതിരായാണ് അധികാരത്തിൽ എത്തിയ ശേഷം പരീക്കർ പ്രവർത്തിച്ചത്. ഒരു രാഷ്ട്രീയ വിരോധാഭാസം ആയി മാറിയ അദ്ദേഹം, തന്റെ ‘കരിസ്മ’, സഹജമായ രീതികൾ, സാധാരണക്കാരുടെ ഇടയിൽ ഉണ്ടായിരുന്ന ‘അപ്പീൽ’, എന്ന് തുടങ്ങി സ്വന്തം ഭരണത്തെ വരെ വഞ്ചിച്ചു. തന്നെ പ്രത്യാശയോടെ നോക്കിയ സമൂഹത്തിന്റെ പ്രതീക്ഷകൾ അസ്ഥാനത്താക്കി. പ്രതിപക്ഷത്തു നിന്നപ്പോൾ നൽകിയതും നിറവേറ്റാത്തതുമായ വാഗ്‌ദാനങ്ങൾ- സുസ്ഥിര വികസനം ഉറപ്പാക്കുന്നതു മുതൽ, ഗോവ സംസ്ഥാനത്തിന് അതിന്റെ സ്വത്വം ഉറപ്പാക്കുന്ന നയങ്ങളും, പരിഷ്കാരങ്ങളും കൊണ്ട് വരിക – സ്വന്തം നാട്ടുകാരുടെ മുന്നിൽ അദ്ദേഹത്തെ ഒരു ‘ക്യാരിക്കേച്ചർ’ ആക്കി തീർത്തു.
ഡൽഹിയിലെ എൻഡിഎയുടെ ഏറ്റവും വലിയ വിജയമായി അദ്ദേഹം പ്രഖ്യാപിച്ചത്, ഇടനിലക്കാരും ആയുധ ഏജന്റുമാരും പ്രതിരോധമന്ത്രാലയവും തമ്മിലുള്ള വഴിവിട്ട ബന്ധം തകർത്തു എന്നതാണ്. 2012 മുതലുള്ള ഗോവയിലെ അദ്ദേഹത്തിന്റെ ഭരണമാകട്ടെ, ഗൗഡ സരസ്വത് ബ്രാഹ്മൻസുമായി സഖ്യം ചേർന്ന്, പരിസ്ഥിതി പ്രവർത്തകർക്കും, ബിജെപിയ്ക്ക് എതിരായി വോട്ട് ചെയ്യുന്നവർക്കും പ്രതികൂല അന്തരീക്ഷം സൃഷ്ടിച്ചു. നിയമപരമല്ലാത്ത റിയൽ എസ്റ്റേറ്റ് പ്രോജെക്റ്റുകൾ, ഖനനങ്ങൾ, കാസിനോകൾ, എന്നിവ ഇല്ലാതാക്കുമെന്ന വാഗ്‌ദാനവും അദ്ദേഹം നിറവേറ്റിയിട്ടില്ല. തെരെഞ്ഞെടുപ്പിൽ ഇനി ഒരിക്കലും പങ്കെടുക്കില്ല, ഒരു ബാലറ്റ് സംഗ്രഹത്തിലേക്ക് ഒതുക്കപ്പെടാൻ അഗ്ഗ്രഹിക്കുന്നില്ല തുടങ്ങിയ 2010 മുതലുള്ള ഭീഷണികൾ, മുംബൈ, ന്യൂയോർക്ക്, ന്യൂഡൽഹി, ഗോവ എന്നിടങ്ങളിലെ ആശുപത്രി മെത്തകളിൽ നിന്നും അദ്ദേഹത്തിന്റെ സാന്നിദ്ധ്യമറിയിച്ചു കൊണ്ട് വന്ന വെറും സൗണ്ട് ബെറ്റുകൾ മാത്രമായി ചുരുങ്ങി.
നേതൃസ്ഥാനത്തിലെ കഴിവുറ്റവരുടെ അഭാവം ഒരിക്കൽ കൂടി അടിവരയിടുന്നതാണ് മനോഹർ പരീക്കറിന്റെ മരണം. അദ്ദേഹമോ ബിജെപി പാർട്ടിയോ, പരീക്കറിന്റെ ഒഴിവ് നികത്തനായി ആരേയും സജ്ജമാക്കിയിട്ടില്ല താനും.
2012- ന് മുൻപേയുള്ള പരീക്കർ സംസ്ഥാനത്തിന്റെ അന്നന്നുള്ള ആവശ്യങ്ങൾ നിറവേറ്റാൻ പ്രാപ്തിയുള്ളൊരു നേതാവായിരുന്നെങ്കിൽ, 2012-ന് ശേഷമുള്ള പരീക്കർ, രാഷ്ട്രീയ നിരീക്ഷകരുടെ ഭാഷയിൽ, ഖനനത്തിനു ഏർപ്പെടുത്തിയ വിലക്കിന് ശേഷം സംസ്ഥാനത്തിന്റെ കടങ്ങൾ കൊണ്ട് പിന്നോട്ട് വലിക്കപ്പെടുകയും, നഗരത്തിലെ കാസിനോകളിലും, ഗോവൻ വനഭൂമിയിലും, കൃഷിയിടങ്ങളിലും നിക്ഷേപം നടത്തിയ ശക്തരായ പ്രവാസി മുതലാളിത്ത ലോബികളുടെ മുന്നിൽ തലകുനിക്കേണ്ടിയും വന്നൊരു നേതാവായി മാറി. അവസാനത്തെ ഒന്നര വർഷം, ഭരണകർത്തവ്യങ്ങൾ മന്ത്രിസമിതിയിലെ സഹപ്രവർത്തകർക്ക് നൽകാതെ, പരീക്കർ തന്നെ തനിക്ക് വിശ്വസ്തരായ കുറച്ചു ഉദ്യോഗസ്ഥരോടൊപ്പം കൈകാര്യം ചെയ്യുന്നത് കണ്ടു. ഈ ഉദ്യോഗസ്ഥരിൽ പലരുടെയും തീരുമാനങ്ങൾ, അവരെ കോടതി മുൻപാകെ എത്തിക്കാൻ സാധ്യതയുള്ളയാണ്.
എല്ലാ വൈരുദ്ധ്യങ്ങൾക്കിടയിലും ലളിതമായ ജീവിതശൈലിയുള്ള, എപ്പോഴും അമ്മയുടെയും തന്റെ ഇഷ്ട ദേവതയായ മഹാലക്ഷ്മിയുടെയും അനുഗ്രഹം തേടുന്ന, ചില സമയങ്ങളിൽ റോഡരികിൽ നിന്നും ചിക്കൻ ഗ്രേവിയോടൊപ്പം ഓംലെറ്റ് കഴിക്കുന്ന, വഴിയരികിൽ കാണുന്ന തന്റെ മണ്ഡലത്തിലെ ഓരോ വോട്ടറുടെയും, അവരുടെ ഒൻപതു വയസായ മകന്റെയുൾപ്പെടെ, പേരുകളും ഗ്രാമങ്ങളും അറിയാവുന്ന പരീക്കർ, ഗോവ സംസ്ഥാനത്തിന്റെ, ഏറ്റവും നല്ല രാഷ്ട്രീയ ‘എക്സ്പോർട്ട്’ തന്നെയാണ്. ബിജെപി സർക്കാർ ഒരു മുദ്രാവാക്യം കണക്കെ പറഞ്ഞു നടക്കുന്ന, ഇന്ത്യ അയൽവാസിക്ക് ‘സർജിക്കൽ സ്ട്രൈക്ക്’ എന്ന പേരിലൊരു മറുപടി നൽകിയ നേരത്ത് രാജ്യത്തിൻറെ പ്രതിരോധ മേഖലയ്ക്ക് ചുക്കാൻ പിടിച്ച പരീക്കർ.
അതിനു ശേഷമുള്ള എല്ലാ പൊതുപരിപാടികളിലും പരീക്കർ അവകാശപ്പെട്ടത്, തങ്ങളെ വിമോചിപ്പിച്ചതിനുള്ള നന്ദി സൂചകമായി ഗോവ ഇന്ത്യൻ ആർമിയ്ക്കു നൽകിയതാണ് ‘സർജിക്കൽ സ്ട്രെയ്ക്കുകൾ’ എന്നാണ്.
വിനയപൂർവ്വമായ ശൈലിയ്ക്ക് പേരു കേട്ട അദ്ദേഹം, പതിമൂന്ന് എന്ന തന്റെ ജനനതീയതി ഭാഗ്യ അക്കമായി കണക്കാക്കിയ ഏക മന്ത്രിയായിരിക്കും. അദ്ദേഹത്തിന്റെ ഔദ്യോഗിക അകമ്പടി വാഹനങ്ങളിൽ എല്ലാം തന്നെ ഈ അക്കം നമ്പർ പ്ലേറ്റ് ആയി ഉപയോഗിച്ചു.
വിരോധാഭാസം എന്തെന്നാൽ, അദ്ദേഹം ആദ്യം മുഖ്യമന്ത്രിയായ വർഷമായ 2000-ൽ അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ പതിമൂന്നു ബിജെപി എംഎൽഎമാരാണ് ഉണ്ടായിരുന്നത്. 2019 മാർച്ച് മാസം പതിനാറാം തീയതി വൈകുന്നേരം വരെ ബിജെപിയുടെ കൂട്ടുമന്ത്രിസഭയിലെ പതിമൂന്നാമൻ അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടെ അത് പന്ത്രണ്ടായി കുറഞ്ഞു.
ഡൽഹിയിലെ രാഷ്ട്രീയ വൃത്തങ്ങൾക്കുള്ളിൽ പ്രശസ്തനാകുന്നതിന് മുൻപ്, ഇംഗ്ലീഷ് സ്കൂളിൽ പഠിച്ചു വന്ന ആ പയ്യൻ, സംഘ് പരിവാറിന്റെ പ്രിയപുത്രനായിരുന്നു. അനുസരണയുള്ളൊരു കുട്ടിയെ പോലെ മാർഗനിർദേശങ്ങൾ എല്ലാം പാലിച്ചു, ‘സംഘ’ത്തിന്റെ ഗോവയിലെ ‘റീച്ച്’ വളർത്താൻ അദ്ദേഹത്തിന് സാധിച്ചു. വിനോദസഞ്ചാരികൾക്ക് ഏറ്റവും ഇഷ്ടമുള്ള ആഘോഷങ്ങൾ – ഇന്ത്യ രാജ്യാന്തര ചലച്ചിത്രോത്സവം (IFFI), സെറെൻഡിപിറ്റി തുടങ്ങിയവ, ഗോവയിലേക്ക് എത്തിക്കാനായി നിയമസഭാംഗങ്ങളെ സ്വാധീനിക്കാനുള്ള അദ്ദേഹത്തിന്റെ പാടവവും അദ്ദേഹത്തിന് ആരാധാകരെ നൽകി.
അദ്ദേഹത്തെ നേതൃസ്ഥാനത്തേക്ക് എത്തിക്കാൻ സഹായിച്ച ക്രിസ്ത്യൻ പള്ളികളും, ബീഫ് നിരോധനത്തെ പറ്റി സംസാരിക്കാൻ അദ്ദേഹത്തിനടുത്തേക്ക് വന്ന ഖുറേഷി സമൂഹവും, വർഷങ്ങൾക്ക് മുൻപ് അദ്ദേഹം ആർഎസ്എസ് കാര്യകർത്താവായിരുന്ന കാലത്ത് അയോധ്യയിലെ ബാബറി മസ്‌ജിദ് പൊളിക്കാൻ പോയത് ഗൗരവത്തോടെ കണക്കാക്കാത്തത് പരീക്കറിന്റെ ആകർഷണീയമായ സ്വഭാവം കാരണമാണ്. മരണത്തിനു മാസങ്ങൾക്ക് മുൻപ്, ബിജെപി ആസ്ഥാനത്ത് അദ്ദേഹത്തിന് വേണ്ടി ഖുർആൻ ഖവാനി വായിക്കാനായി പത്ത് മൗലാനമാർ എത്തിയിരുന്നു, അതോടൊപ്പം തന്നെ സംസ്ഥാന മെത്രപ്പോലീത്താ ഫിലിപ്പ് നേരി ഫെറാവോ സ്വയം വിശ്വാസികളോട് അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കാനായി അപേക്ഷിച്ചു. അതായിരുന്നു അദ്ദേഹത്തിന്റെ പ്രഭാവം, ഒരു മതേതര നേതാവെന്ന പേര് നേടിയെടുത്ത ചുരുക്കം ചില ബിജെപി നേതാക്കളിൽ ഒരാളാണ് അദ്ദേഹം.
2000-ൽ പതിമൂന്ന് ബിജെപി എംഎൽഎമാരുടെയും, ഒരു മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി (MGP) എംഎൽഎയുടെയും ശക്തിയോടെ കൂട്ടുമന്ത്രിസഭ വഴി പരീക്കർ ആദ്യമായി മുഖ്യമന്ത്രിയായപ്പോൾ മന്ത്രിസഭാ സമുച്ചയത്തിൽ അദ്ദേഹം ബിജെപിയുടെ പ്രവേശന വിളംബരം നടത്തി. നേതൃസ്ഥാനത്തിരുന്നു കൊണ്ട് പരീക്കർ തന്റെ കോൺവോയെ, അന്നത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് ആയിരുന്ന ആദിൽ ഷാ പാലസിലേക്ക് നയിച്ച യാത്ര ജനങ്ങൾക്ക് ഇന്നും ഓർമയുണ്ട്. പാർട്ടിയുടെ ഗോവയിലെ ഭാവി ആര് നിർണയിക്കും എന്നതിന് ഒരു സംശയവും ബാക്കി വെച്ചില്ല ഗോവക്കാർക്കും, ഉദ്യോഗസ്ഥർക്കും പുതുമയുണ്ടാക്കിയ ആ കാഴ്ച്ച.
മുൻ കേന്ദ്രനിയമ മന്ത്രിയും കോൺഗ്രസ് നേതാവുമായ രമാകാന്ത് ഖലാപ് പരീക്കറിന്റെ ബിജെപിയിലേക്കുള്ള പ്രവേശനത്തെക്കുറിച്ചു പറയുന്നതിങ്ങനെയാണ്. ഗോവാ സ്വദേശികൾ നിറഞ്ഞ തന്റെ സൗഹൃദവലയത്തെ മഹാരാഷ്ട്രകാരായ ഗോപിനാഥ് മുണ്ടേയിലേക്കും, പ്രമോദ് മഹാജനിലേക്കും വ്യാപിപ്പിച്ചു. കൂട്ടുമന്ത്രിസഭയ്ക്ക് മുൻപേ ഉണ്ടായിരുന്ന അന്നത്തെ ബിജെപി, സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കയറാനുള്ള ഇടവഴികൾ അന്വേഷിക്കുകയായിരുന്നു. ‘കോസ്‌മോപൊളിറ്റൻ’ ഗോവയിലെ ഹിന്ദുത്വ മനോവികാരങ്ങളുള്ളവരുമായി സഖ്യമുണ്ടാക്കാനുള്ള അവസരം, ഈ ത്രയം ഒട്ടും സമയം നഷ്ടപ്പെടുത്താതെ ആരംഭിച്ചു.
“പുതുമയുള്ള ഒന്ന് അന്ന് കണ്ടതായി ഓർക്കുന്നു. അത് പിടിച്ചു പറിക്കപ്പെട്ടതല്ല, MGP -യിൽ നിന്നും മത്സരിച്ചവർ പോലും വ്യത്യസ്തമായൊരു പ്രത്യയശാസ്‌ത്രതോടെയാണ് നിന്നത്. ഞങ്ങൾ അറിയാതെ തന്നെ ബിജെപി ഞങ്ങളുടെ പാർട്ടിയിലേക്ക് നുഴഞ്ഞു കയറിയിരുന്നു. അവരെല്ലാരും ഒരുമിച്ച് പ്രശ്നം ഉണ്ടാക്കിയപ്പോഴും ഞങ്ങൾക്ക് അറിയാമായിരുന്നു ആ ഭരണ അട്ടിമറി നടത്താൻ കെൽപ്പുള്ള ഒരേയൊരു വ്യക്തി പരീക്കർ ആയിരുന്നുവെന്ന്” 1994-ലെ പൊതു തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് ഖലാപ് പറയുന്നു. പരീക്കറും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ‘റാം ടിക്കറ്റ്’ ഉപയോഗിക്കാൻ തുടങ്ങിയതോടെ, വലിയ ബഹുജൻ- ഹിന്ദു അടിത്തറയുണ്ടായിരുന്ന MGP വിഘടിക്കാൻ തുടങ്ങി. “ഈ രാജ്യത്ത് ആർക്കും റാമുമായി മത്സരിക്കാൻ സാധിക്കില്ല, അങ്ങനെ ഞങ്ങൾ തിരിച്ചയക്കപ്പെട്ടു,” ഖലാപ് ഓർത്തു.
പരീക്കർ മുഖ്യമന്ത്രിയായി തുടരുന്ന കാലം വരെ മാത്രമേ തങ്ങൾ ബിജെപിയോടൊത്തു സഖ്യകക്ഷികളായി തുടരുകയുള്ളുവെന്ന് അദ്ദേഹം മുഖ്യമന്ത്രിയായ കാലം മുതൽ 2017-ലെ നിയമസഭാ തെരഞ്ഞെടുപ്പ് വരെ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നവർ പറയുന്നു. ബിജെപി പ്രതിപക്ഷ എംഎൽഎമാരെ മോഷ്ടിച്ചു കൊണ്ടിരിക്കുമ്പോഴും, അദ്ദേഹത്തിന്റെ മന്ത്രിസഭയ്ക്കുള്ളിൽ പോരാട്ടങ്ങൾ നടക്കുമ്പോഴും രാഷ്ട്രീയപരമായ ‘വിസിബിലിറ്റിയുടെ’ ഗുണം എന്താണെന്നു പരീക്കറിനെക്കാളും അറിയാവുന്ന മറ്റാരും കാണില്ല. 2000-ൽ അന്നത്തെ മുഖ്യമന്ത്രിയായ സാർഡിൻഹ ഒരു വാരാന്ത്യത്തിൽ വിദേശ യാത്രയ്ക്ക് പോയപ്പോൾ പരീക്കർ ആ ‘ഗോൾഡൻ’ മണിക്കൂറുകൾ ഉപയോഗപ്പെടുത്തി.
അവസാന കുറച്ചു മാസങ്ങളിൽ, ബജറ്റ് പ്രഖ്യാപിക്കുന്നതിനാണെങ്കിലും, പാർട്ടി നൽകിയ വാക്കിന്റെ അടിസ്ഥാനത്തിൽ ഒരു പാലം പരിശോധിക്കുന്നതാണെങ്കിലും, ഗോവക്കാരോട് ബിജെപിയ്ക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട ഒരു ബൂത്തിലെ യോഗത്തിൽ പങ്കെടുക്കുമ്പോഴാണെങ്കിലും, പ്രത്യക്ഷമായി തന്നെ ക്ഷീണിതനായ പരീക്കർ തന്റെ ഡോക്ടറിനോടൊപ്പം ഒരു വീൽചെയറിൽ സംസ്ഥാനത്ത് തന്റെ സാന്നിദ്ധ്യം അറിയിച്ചു കൊണ്ടേയിരുന്നു. മന്ത്രിസഭാ യോഗങ്ങൾ വീട്ടിലിരുന്നു കൊണ്ടു ചെയർ ചെയ്യുന്നതിന്റെ ചിത്രങ്ങൾ തുടർച്ചയായി പുറത്തു വന്നു കൊണ്ടിരുന്നു. തന്ത്രപരമായ അദ്ദേഹത്തിന്റെ പ്രത്യക്ഷപ്പെടലുകളും ട്വീറ്റുകളും, തന്റെ രാജി ആവശ്യപ്പെട്ടു കൊണ്ട് പൊതു സമ്മേളനങ്ങൾ നടത്തിക്കൊണ്ടിരുന്ന പ്രതിപക്ഷത്തെ ചൊടിപ്പിച്ചു കൊണ്ടേയിരുന്നു. അടൽ സേതു പാലത്തിന്റെ ഉദ്‌ഘാടന ദിവസം ഗോവക്കാരോട് ‘ഹൌ ഈസ് ദി ജോഷ്?’ (സർജിക്കൽ സ്ട്രൈക്കിനെ ഓർമ്മപ്പെടുത്തുന്ന, എങ്ങനെയുണ്ട് ആവേശം? എന്ന ചോദ്യം) എന്നു വരെ അദ്ദേഹം ചോദിക്കുകയുണ്ടായി.
അദ്ദേഹത്തിന്റെ പൂര്‍വ്വികന്മാര്‍ വസിച്ചിരുന്ന പറ എന്ന ഗ്രാമത്തിൽ ഒരു കഥ ഇപ്പോൾ അവർത്തിക്കപ്പെടും. തണ്ണീർമത്തന് പേരുകേട്ട പറ എന്ന ഗ്രാമം കർഷകരായ ഒരു അച്ഛന്റെയും മകന്റെയും കലഹത്തിനു സാക്ഷിയായി. അന്ന് ചെറുപ്പമായിരുന്ന പരീക്കർ ഉൾപ്പെടെയുള്ള ചെറിയ കുട്ടികളെ തണ്ണീർമത്തൻ കഴിച്ചു വിത്തുകൾ ചുറ്റിനും തുപ്പി കളയാൻ അദ്ദേഹം അനുവദിച്ചു. നല്ലൊരു വിളവിനെ വെറുതെ കളയുന്നത് പോലെയാണ് ഇതെന്ന് തോന്നിയ മകൻ അച്ഛനോട് ആ തണ്ണീർമത്തൻ കയറ്റുമതി ചെയ്യാൻ ആവശ്യപ്പെട്ടു. 2017-ൽ പ്രതിരോധ മന്ത്രിയായിരുന്ന കാലത്ത് ഡൽഹിയിൽ ഒറ്റപ്പെട്ടിരുന്ന ഒരു നേരത്താണ്, അദ്ദേഹം ഈ കഥ ഓർത്തെടുത്തതെന്ന് പറയുന്നു.
“അദ്ദേഹത്തിന് നഷ്ടമുണ്ടായിട്ടു പോലും എന്തിനാണ് അച്ഛൻ ഞങ്ങളോട് ആ തണ്ണീർമത്തൻ കഴിക്കാൻ പറഞ്ഞത് എന്ന് നിങ്ങൾക്ക് അറിയാമോ?” ആകാംഷയോടെ ഇരുന്ന സദസ്സിനോട് അദ്ദേഹം ചോദിച്ചു. “ആ വിത്തുകൾ സ്വദേശത്ത് തന്നെ നില നിന്നു, പറയിലെ തണ്ണീർമത്തനുകളുടെ പാരമ്പര്യം അവിടെത്തന്നെ നിലനിക്കുകയും വളരുകയും ചെയ്യുന്നുവെന്ന് ആ പ്രായമായ മനുഷ്യൻ ഉറപ്പ് വരുത്തിയത് ഇങ്ങനെയാണ്,” അദ്ദേഹം ഓർത്തു. എന്നാൽ മക്കളുടെ ആർത്തി ആ വിത്തുകളെ ദൂരങ്ങളിലേക്ക് വിടുകയും, ആ വിളവിനു മറ്റു നാടുകളിൽ മികച്ച പ്രതിയോഗികൾ ഉണ്ടാവുകയും ചെയ്തു. ” കുറച്ചു സമയം കഴിയുമ്പോൾ മാത്രമേ ചില കണക്കുകൂട്ടലുകളെ കുറിച്ച് നമുക്ക് മനസ്സിലാവുകയുള്ളൂ, വലിയ ആദായങ്ങൾക്ക് വേണ്ടി ചെറിയ റിസ്‌ക്കുകൾ എടുക്കേണ്ടി വരും,” മനോഹർ പരീക്കർ പറഞ്ഞതായി വിശ്വസിക്കപ്പെടുന്നു. പറയിൽ നിന്നുള്ള ബാലന്‍ വിട പറഞ്ഞതോടെ വലിയ ചില ചോദ്യങ്ങൾ ബാക്കി നിൽക്കുകയാണ്, ആരാകും അദ്ദേഹത്തിന്റെ സ്ഥാനം ഏറ്റെടുക്കുക, ഭാരതീയ ജനത പാർട്ടിക്ക് അദ്ദേഹം എന്ത് പൈതൃകമാകും ബാക്കി വെച്ചു പോകുക, തുടങ്ങിയവ.
ബിജെപി നേതാവും ഗോവ മുഖ്യമന്ത്രിയുമായ മനോഹർ പരീക്കർ അന്തരിച്ചു. ഗോവ സംസ്ഥാന ഭരണം നടത്താൻ ചൂടേറിയ രാഷ്ട്രീയ ചർച്ചകൾ നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ മരണം. 63 വയസായിരുന്നു. പാൻക്രിയാസിൽ അർബുദം ബാധിച്ചതിനെ തുടർന്ന് ഡൽഹി എയിംസിലും സ്വകാര്യ ആശുപത്രിയിലും പിന്നീട് അമേരിക്കയിലും ചികിത്സ തേടിയ അദ്ദേഹം ഏറെ നാളായി വീട്ടിൽ വിശ്രമത്തിലായിരുന്നു.
പരീക്കറിന്റെ ആരോഗ്യനില വഷളായതറിഞ്ഞ് ബന്ധുക്കൾ അദ്ദേഹത്തിന്റെ വീട്ടിലേക്ക് എത്തിത്തുടങ്ങി. ഗോവ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ ഹാന്റിൽ വഴിയാണ് ആരോഗ്യവിവരം പുറത്തുവിട്ടത്. വീടിന് ചുറ്റും കനത്ത സുരക്ഷാ വലയമാണ്.
മോദി സർക്കാരിൽ പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്തിരുന്നു. ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ നിർബന്ധിതനായി. ഘടകകക്ഷികളെ അനുനയിപ്പിക്കാൻ വേണ്ടിയാണ് കേന്ദ്ര പ്രതിരോധ മന്ത്രിസ്ഥാനം രാജിവച്ച് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം തിരികെ ഏറ്റെടുത്തത്.
മൂന്ന് തവണ ഗോവ മുഖ്യമന്ത്രിയായിരുന്നു. അമേരിക്കയിൽ ചികിത്സയ്ക്ക് ശേഷം മടങ്ങിയെത്തിയ അദ്ദേഹം മൂക്കിലൂടെ കുഴലിട്ട സ്ഥിതിയിൽ അവശനായാണ് സഭയിൽ എത്തിയത്. ഇതേ ചൊല്ലി പ്രതിപക്ഷം പലപ്പോഴും പ്രതിഷേധം ഉയർത്തിയിരുന്നു.
ക്രിസ്ത്യൻ മതവിഭാഗത്തിന് സ്വാധീനമുളള ഗോവയിൽ ബിജെപിക്ക് ഭരണം നേടിക്കൊടുക്കാൻ മുഖ്യ പങ്ക് വഹിച്ചയാളാണ് പരീക്കർ. ആർഎസ്എസിന് പ്രിയങ്കരനായ ഇദ്ദേഹം ഗോവയുടെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായാണ് അറിയപ്പെടുന്നത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് 2013 ൽ മോദിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ചത് പരീക്കറായിരുന്നു. ടെക്നോക്രാറ്റായ നന്ദൻ നീലേകനിയുടെ സഹപാഠിയായ ഇദ്ദേഹം 1978 ൽ മുംബൈ ഐഐടിയിൽ നിന്നും എഞ്ചിനീയറിങിൽ ബിരുദം നേടി.
ഭാര്യ മേധ 2000 ത്തിൽ അർബുദം ബാധിച്ച് മരിച്ചു. രണ്ട് മക്കളാണ്. 1955 ൽ പോർച്ചുഗീസ് അധീനതയിലായിരുന്ന ഗോവയിലെ മാപുസയിലാണ് അദ്ദേഹം ജനിച്ചത്. മർഗോവയിലെ ലൊയോള ഹൈസ്കൂളിലായിരുന്നു പഠനം.
അതേസമയം ഗോവയിൽ സർക്കാർ രൂപീകരിക്കാനുളള ഭൂരിപക്ഷം തങ്ങൾക്കുണ്ടെന്ന വാദം കൂടുതൽ ശക്തമാക്കിയ ബിജെപി, ഗവർണർ മൃദുല സിൻഹ ബിജെപി നേതാവിനെ പോലെ പെരുമാറുന്നുവെന്ന് കുറ്റപ്പെടുത്തി. മനോഹർ പരീക്കറിന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിടണമെന്ന് ഗവർണറോട് കോൺഗ്രസ് ആവശ്യപ്പെട്ടു.
അതേസമയം മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ദിഗംബർ കാമത്ത്, ബിജെപിയിലേക്ക് ചേക്കേറുന്നുവെന്ന വാർത്ത അദ്ദേഹം തളളി. ഡൽഹിയിലായിരുന്നു താനെന്നും ബിജെപി നേതാക്കൾ ആരെയും ബന്ധപ്പെട്ടിട്ടില്ലെന്നും പറഞ്ഞ അദ്ദേഹം പാർട്ടി വിടുന്നത് ആത്മഹത്യാപരമാണെന്നും പറഞ്ഞു.
ഷിബു മാത്യൂ
കേംബ്രിഡ്ജ്: വാഴ കുലയ്ക്കുന്നത് സർവ്വസാധാരണമാണെങ്കിലും വീടിനുള്ളിലെ ചെടിച്ചട്ടിയിൽ അവിശ്വസനീയമായ ഉയരത്തിൽ ഒരു വാഴ കുലയ്ക്കുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമായിരിക്കും. ആറ് പടലകളോടുകൂടിയ വാഴക്കുല ഒമ്പതടി ഉയരത്തിലാണുള്ളത്. ഇലകളുടെ നീളം ഏഴടിയ്ക്കുംമേൽ. കൺസർവേറ്ററിയിലെ ചെടിച്ചട്ടിയിൽ വളരുന്ന വാഴയ്ക്ക് ഒരാൾ പൊക്കത്തോളമുള്ള രണ്ട് തൈകളും കൂടിയുണ്ട്. അമിത ഉയരത്തിലേയ്ക്ക് വളർന്ന വാഴയിലകൾ വളച്ച് നാലു സൈഡിലേയ്ക്കുമായി ഒതുക്കിയപ്പോൾ സാമാന്യം വലുപ്പമുള്ള ഒരു കൺസർവേട്ടറി ഒരു വാഴത്തോട്ടത്തിന്റെ പ്രതീതിയായി മാറി.
യുകെയിലെ കേംബ്രിഡ്ജിൽ താമസിക്കുന്ന ബിനോയ് തോമസ്സിന്റെ വീടിനുള്ളിലാണ് ആരെയും അമ്പരിപ്പിക്കുന്ന ഭീമൻ വാഴ കുലച്ചത്. മൂന്നു വർഷവും അഞ്ച് മാസവും എടുത്ത് കുലച്ച ഈ വാഴ റോഗസ്റ്റാ ഇനത്തിൽപ്പെട്ടതാണ്. 2015ൽ അടുത്ത ഒരു സുഹൃത്തിൽ നിന്നും സംഘടിപ്പിച്ച ടിഷ്യൂ കൾച്ചറൽ വാഴച്ചെടിയായിരുന്നു ഇത്. കൈയ്യിൽ കിട്ടുമ്പോൾ ഒരു ടേബിൾ സ്പൂണിന്റെ വലുപ്പമേയുണ്ടായിരുന്നുള്ളുവെന്ന് ബിനോയ് തോമസ് പറയുന്നു. മണ്ണ് നിറച്ച ഒരു ചെറിയ പ്ലാസ്റ്റിക് ബാഗിലാണ് വാഴത്തൈ കിട്ടിയത്. പിന്നീടത് ഒരു ചെറിയ ചെടി ചട്ടിയിലേയ്ക്ക് മാറ്റി. ഒരു ഭംഗിക്കെന്നുവോളം വീടിന്റെ കൺസർവേറ്ററിയിൽ മറ്റുള്ള ചെടികളോടൊപ്പം ഈ വാഴച്ചെടിയും പതിയെ വളർന്നുതുടങ്ങി. മറ്റുള്ള ചെടികൾക്കപ്പുറം പ്രത്യേകിച്ചൊരു പരിഗണന ഈ വാഴച്ചെടിയ്ക്ക് നൽകിയിരുന്നില്ല എന്ന് ബിനോയ് തോമസ്സ് മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. മുരടിച്ച അവസ്ഥയിലായിരുന്നു തുടക്കം. ഇതിനിടയിൽ മൂന്നു തണുപ്പുകാലവും കടന്നു പോയി. തണുപ്പ് കാലങ്ങളിൽ ചെടികൾക്ക് പൊതുവേ വളർച്ച കുറവാണല്ലോ! കൂടാതെ ഇടവിട്ടുള്ള നാട്ടിൽപോക്കും വാഴച്ചെടിയുടെ വളർച്ചയെ കാര്യമായി ബാധിച്ചു. അയൽപക്കക്കാരായ അനീഷും അനുവും പ്രകാശും ഡെന്നിയുമൊക്കെ ഇടയ്ക്കു വന്ന് അവധിക്കാലത്ത് വാഴയെ പരിചരിച്ചിരുന്നു. അവധിക്കാലം കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ പലപ്പോഴും ഇലകൾ വാടി ഒടിഞ്ഞു വീണു കിടക്കുന്ന അവസ്ഥയിലായിരുന്നു. വെള്ളമൊഴിച്ച് വീണ്ടും പരിചരിക്കുമ്പോൾ വാഴ വീണ്ടും വളർന്നു തുടങ്ങും. എന്നാൽ കഴിഞ്ഞ വർഷത്തെ വേനൽക്കാലത്താണ് വാഴച്ചെടിയുടെ വളർച്ചയിൽ കാര്യമായ വ്യത്യാസം കണ്ടുതുടങ്ങിയതെന്ന് ബിനോയ് പറയുന്നു. ഇതിനോടകം ചെറിയ രണ്ടു വാഴച്ചെടികളും കൂടി പൊട്ടി മുളയ്ക്കാൻ തുടങ്ങി. തുടർന്ന് വാഴ ചെറിയ ചട്ടിയിൽ നിന്നും അല്പം കൂടി വലിയ ചട്ടിയിലേയ്ക്ക് മാറ്റേണ്ടതായി വന്നു. ചട്ടിയിൽ നിറച്ച സാധാരണ കിട്ടാറുള്ള കംമ്പോസ്ററും മണ്ണും ചേർന്ന മിശ്രിതത്തിലാണ് വാഴ വളരുന്നത്. ആവശ്യത്തിന് വെള്ളവുമൊഴിക്കും. കഴിഞ്ഞ ഒരു വർഷമായിട്ട് ക്രമാതീതമായ വളർച്ചയായി രുന്നു. ഏകദേശം എട്ടടിപ്പൊക്കത്തിന് മുകളിലായപ്പോൾ കുലയ്ക്കാനുള്ള ലക്ഷണങ്ങൾ കണ്ടുതുടങ്ങി. കഴിഞ്ഞ മാസം ആദ്യത്തോടെ വാഴ കുലച്ചു. ആറ് പടലകൾ. ഓരോ പടലയിലും പന്ത്രണ്ട് കായ്കൾ വീതമുണ്ട്. ദിവസങ്ങൾ പിന്നിടുമ്പോഴും കായ്കൾ വലുതായിക്കൊണ്ടിരിക്കുകയാണ്.
വാഴക്കുലയുടെ പ്രശക്തി കേംബ്രിഡ്ജിന് പുറത്തേയ്ക്കും വ്യാപിച്ച് തുടങ്ങി. കേംബ്രിഡ്ജിന് അകത്തും പുറത്തു നിന്നുമായി പാശ്ചാത്യർ ഉൾപ്പെടെ നിരവധിയാളുകൾ ഇതിനോടകം ബിനോയിയുടെ വീട്ടിലേയ്ക്ക് എത്തിക്കഴിഞ്ഞു. കുലച്ചു നിൽക്കുന്ന വാഴയോടൊപ്പം നിന്ന് ഫോട്ടോയെടുക്കുന്നവരും ധാരാളം. വാഴക്കുലയും വാഴച്ചുണ്ടും സ്വന്തമാക്കുന്നതിന് പലരും ഇതോടെ ശ്രമമാരംഭിച്ചു കഴിഞ്ഞു. വാഴത്തൈ ആവശ്യപ്പെടുന്നവരും ധാരാളം.ഈ വാഴയോട് ഒരു പ്രത്യേക മമതയുണ്ടെന്ന് തികഞ്ഞ കർഷക സ്നേഹിയായ ബിനോയ് തോമസ് പറയുന്നു. കഴിഞ്ഞ രണ്ടു വർഷമായി ഈ വാഴയുടെ ഇലയിലാണ് ബിനോയിയും കുടുംബവും ഓണസദ്യ ഉണ്ണുന്നത്. അത്യാവശ്യം സുഹൃത്തുകൾക്കും വാഴയില കൊടുക്കാറുണ്ട്. കോട്ടയം ജില്ലയിലെ വി. കന്തീശങ്ങളുടെ നാടായ കോതനല്ലൂർ വെള്ളാമറ്റം കുടുംബാംഗമാണ് ബിനോയ് തോമസ്സ്. ഐഡിയലിസ്റ്റിക് ഫൈനാൻഷ്യൽ സർവ്വീസ് അഡ്‌വൈസറായി ജോലി ചെയ്യുന്നു. മഞ്ചുവാണ് ഭാര്യ. ലിയോൺ, ക്രിസ് എന്നിവർ മക്കളാണ്. കൂടാതെ ബിനോയിയുടെ സഹോദരൻ സിനോയ് തോമസും കുടുംബവും കേംബ്രിഡ്ജിൽ തന്നെയാണ് താമസം.
