Latest News

നീനുവിന് മാനസിക പ്രശ്‌നം ഉണ്ടെന്നാരോപിച്ച്‌ അമ്മ രഹ്‌ന. കെവിന്‍ വധക്കേസില്‍ ഒളിവിലായിരുന്ന രഹ്‌ന കോട്ടയത്ത് അന്വേഷണ സംഘത്തിന് മുന്‍പാകെ മൊഴി നല്‍കാന്‍ ഹാജരായപ്പോഴാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ‘നീനുവിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നറിയുന്നത് കൊണ്ടാണ് പൊലീസ് സ്‌റ്റേഷനില്‍ നിന്നും കൊണ്ടു പോകാന്‍ ശ്രമിച്ചത്. നീനുവിനെ ചികിത്സക്ക് കൊണ്ടു പോയിട്ടുണ്ട്. നീനുവുമായി അടുപ്പം കാണിക്കുന്നവരെ ഭയപ്പെടുത്താറുണ്ടെന്ന ആരോപണം തെറ്റാണ്. കെവിനുമായി അടുപ്പമുണ്ടെന്ന് നീനു പറഞ്ഞിട്ടില്ല. അറിയിച്ചിരുന്നെങ്കില്‍ ഉറപ്പായും വിവാഹം നടത്തി കൊടുക്കുമായിരുന്നു.’

മകന്‍ ഷാനു ഗള്‍ഫില്‍ നിന്നും വന്ന കാര്യം അറിഞ്ഞിട്ടില്ലെന്നും, ഒളിവില്‍ പോയിട്ടില്ലെന്നും രഹ്‌ന പറഞ്ഞു. കെവന്‍ മരിച്ചതില്‍ ഭര്‍ത്താവും താനും മകനും കുറ്റക്കാരല്ല.

ചോദ്യം ചെയ്യലിനായി ഹാജരായ രഹ്‌നയെ കെവിന്‍ വധത്തില്‍ പ്രതി ചേര്‍ക്കേണ്ടതുണ്ടോയെന്ന് പൊലീസ് പരിശോധിക്കും. മൊഴിയെടുക്കല്‍ കഴിഞ്ഞതിന് ശേഷമേ രഹ്‌നയുടെ പങ്കിനെ കുറിച്ച്‌ അറിയാന്‍ കഴിയൂവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

തെന്മല സ്വദേശി നീനുവിനെ പ്രണയിച്ച്‌ വിവാഹം കഴിച്ച കെവിനെ നീനുവിന്റെ സഹോദരന്റെ നേതൃത്വത്തിലുളള സംഘം തട്ടികൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.

കൊലക്ക് മുന്‍പ് കെവിന്‍ ജോസഫിനെ നീനുവിന്റെ പിതാവ് ചാക്കോ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. കൊലക്ക് മുന്‍പ് ചാക്കോ കെവിനെ ഫോണില്‍ വിളിച്ച്‌ നീനുവുമായുളള ബന്ധം അവസാനിപ്പിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കേസില്‍ നീനുവിന്റെ അച്ഛനും സഹോദരനും പ്രതികളാണ്.

മസ്‌ക്കറ്റില്‍ വെച്ച്‌ മസ്തിഷ്‌കാഘാതം ഉണ്ടായ നടന്‍ ക്യാപ്ടന്‍ രാജുവിന്റെ നില വീണ്ടും ഗുരുതരമായി. ചികിത്സയിലിരിക്കെ നടന് വീണ്ടും മസ്തിഷ്‌കാഘാതം ഉണ്ടായതാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കിയത്. നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുകയാണെന്നാണ് ആശുത്രി അധികൃതര്‍ നല്‍കുന്ന വിവരം. ഐസിയുവില്‍ നിരീക്ഷണത്തിലുള്ള നടന്‍ അര്‍ധ ബോധാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കുന്നുണ്ട്. ഇതു രണ്ടാം തവണയാണ് അദ്ദേഹത്തിനു മസ്തിഷ്‌കാഘാതം ഉണ്ടാകുന്നത്.

മസ്‌കത്തില്‍ ചികില്‍സയിലായിരുന്ന രാജുവിനെ വിദഗ്ധ ചികില്‍സയ്ക്കായി തിങ്കളാഴ്ചയാണു കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞയാഴ്ച മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലേക്കു പോകുമ്ബോഴാണു വിമാനത്തിലായിരിക്കെ മസ്തിഷ്‌കാഘാതം ഉണ്ടായത്. ഭാര്യയും മകനുമൊത്തു കൊച്ചിയില്‍ നിന്നു ന്യൂയോര്‍ക്കിലേക്കുള്ള യാത്രയ്ക്കിടെ മസ്തിഷ്‌കാഘാതം ഉണ്ടായതിനെ തുടര്‍ന്ന കഴിഞ്ഞ തിങ്കളാഴ്ച രാവിലെ വിമാനം മസ്‌കത്തില്‍ അടിയന്തരമായി ഇറക്കി ക്യാപ്റ്റന്‍ രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

30 നായിരുന്നു ക്യാപ്റ്റന്‍ രാജുവിന്റെ മകന്‍ രവി രാജിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. അത് മുടങ്ങരുതെന്ന് അച്ഛന്‍ മനസ്സാ പ്രാര്‍ത്ഥിച്ചിരുന്നു. അതുകൊണ്ട് രവി രാജ് കഴിഞ്ഞ 27 ന് യുഎസിലേക്ക് മടങ്ങിയിരുന്നു. 30 ന് അദ്ദേഹം വിവാഹിതനാവുകയും ചെയ്തു.ബന്ധുക്കളെയും കൂട്ടുകാരെയുമെല്ലാം ക്ഷണിച്ച സാഹചര്യത്തില്‍ എല്ലാവര്‍ക്കും ഉണ്ടാകാവുന്ന അസൗകര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് വിവാഹം മാറ്റി വയ്ക്കേണ്ടെന്ന് തീരുമാനിച്ചത്.

ക്യാപ്റ്റന്‍ രാജു വിവാഹ സമയത്ത് ഒമാനിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഭാര്യ പ്രമീളയും കൂടെയുണ്ടായിരുന്നു. ഏതായാലും അമ്മയുടെയും അച്ഛന്റെയും മനസാ ഉള്ള ആശീര്‍വാദത്തോടെ വിവാഹം മംഗളമായി നടന്നു.നടന്റെ നില അല്‍പം മെച്ചപ്പെട്ടതോടെ തുടര്‍ചികില്‍സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവന്നു.വിദഗ്ധ ചികില്‍സയ്ക്കായി നാട്ടിലേക്ക് കൊണ്ടുവരണമെന്ന് ബന്ധുക്കള്‍ താല്‍പര്യപ്പെട്ടതിനെ തുടര്‍ന്നാണ് കൊച്ചിയിലേക്ക് ഒമാന്‍ എയര്‍ വിമാനത്തിലാണു കൊണ്ടുവന്നത്.

ഭാര്യ പ്രമീളയും ചികില്‍സിച്ച കിംസ് ഒമാന്‍ ആശുപത്രിയിലെ നഴ്സ് വിഷ്ണു ചന്ദ്രനും ഒപ്പമുണ്ടായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ രോഗികളോടൊത്തു പോകാന്‍ പ്രത്യേക പരിശീലനം ലഭിച്ച നഴ്സാണു മലയാളിയായ വിഷ്ണു ചന്ദ്രന്‍.അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നു നേരേ കൊച്ചിയിലെ ആശുപത്രിയിലേക്കു മാറ്റി.ക്യാപ്റ്റന്‍ രാജുവിന്റെ രക്തസമ്മര്‍ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും സാധാരണ നിലയിലാണെന്നും മറ്റു പ്രശ്നങ്ങളില്ലെന്നും ഒമാനിലെ ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കൊച്ചിയിലേക്ക് മാറ്റിയത്.

ആറ് വര്‍ഷത്തെ പ്രണയബന്ധത്തിനൊടുവില്‍ യുവതിയുടെ നിര്‍ബന്ധത്തിന് വഴങ്ങി വീട്ടുകാര്‍ വിവാഹ നിശ്ചയം നടത്തി. പിന്നീട് കല്യാണച്ചടങ്ങുകളെ ചൊല്ലി യുവാവും യുവതിയും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. വെള്ളനാട് പുനലാല്‍ തൃക്കണ്ണാപുരം സുരഭി സുമത്തില്‍ രാജഗോപാലന്‍ നായരുടേയും ചന്ദ്രജയയുടേയും മകള്‍ ആര്‍ദ്ര (22) ആണ് മരിച്ചത്.

ആത്മഹത്യ ചെയ്ത യുവതി ഉഴമലയ്ക്കല്‍ കാരനാട് സ്വദേശിയും പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരനുമായ യുവാവുമായി ആറ് വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹം ബന്ധുക്കള്‍ നിശ്ചയിച്ചിരുന്നു. വിവാഹമണ്ഡപവും ബുക്ക് ചെയ്തു. എന്നാല്‍ കതിര്‍മണ്ഡപത്തിലെ വിവാഹച്ചടങ്ങുകള്‍ ചെയ്യാന്‍ വരന്റെ കുടുംബം വിസമ്മതം അറിയിച്ചുവെന്നു പൊലീസ് പറഞ്ഞു.

മിശ്ര വിവാഹിതരാണ് വരന്റെ മാതാപിതാക്കള്‍. ഇതിനെ തുടര്‍ന്നു വിവാഹ മണ്ഡപത്തിന്റെ ബുക്കിങ് റദ്ദാക്കി. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഇരുകൂട്ടരും തീരുമാനിച്ചിരുന്നു. ആര്‍ദ്രയുടെ ജന്മദിനമായ 16നു വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്നാണ് ഇരുവരും തീരുമാനിച്ചിരുന്നതെന്നു ബന്ധുക്കള്‍ പറഞ്ഞു.

തിങ്കള്‍ രാവിലെ ഫോണ്‍ ചെയ്യുന്നതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമായതായി പൊലീസ് പറഞ്ഞു. ഇപ്പോള്‍ എത്തിയാല്‍ താന്‍ തൂങ്ങിനില്‍ക്കുന്നതു കാണാമെന്ന് ആര്‍ദ്ര വരനെ അറിയിച്ചുവെന്നാണു വരന്‍ പൊലീസിനു നല്‍കിയ മൊഴി. ആര്‍ദ്രയുടെ മാതാപിതാക്കള്‍ ജോലിക്കു പോയിരുന്നതിനാല്‍ സംഭവ സമയം വീട്ടില്‍ ആളില്ലായിരുന്നു. ആര്‍ദ്രയുടെ ഉള്ളില്‍ വിഷം ചെന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചതായും ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ ദൂരൂഹതയുണ്ടെന്ന് ആരോപിച്ച ബന്ധുക്കള്‍ ഇതു സംബന്ധിച്ച്‌ അന്വേഷണം ആവശ്യപ്പെട്ടു.

ചെങ്ങന്നൂരില്‍ സഹായിച്ച ഓര്‍ത്തഡോക്‌സ് സഭയെ പിണറായിക്ക് ഭയമോ. അറസ്റ്റിന് അനുമതി വൈകുമ്പോള്‍ വൈദികര്‍ക്ക് രക്ഷപെടാനുള്ള സമയമാണ് ലഭിക്കുന്നത്. അന്വേഷണ സംഘത്തലവന്‍ ഐജി ശ്രീജിത്ത് ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍ കാതോലിക്ക ബാവയുമായി കൂടിക്കാഴ്ച നടത്തിയത് അറസ്റ്റിന് സഭയുടെ സഹകരണം തേടി. കോട്ടയം ദേവലോകത്തെ അരമനയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. കേസന്വേഷണവുമായും നിയമനടപടികളുമായും പൂര്‍ണമായി സഹകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയതായി ഐജി വ്യക്തമാക്കി. അന്വേഷണ സംഘം വൈദികര്‍ക്കെതിരെ തിരുവല്ല ഫസ്റ്റ് ക്ലാസ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐ.ജി കൂടിക്കാഴ്ചയ്ക്ക് എത്തിയത്. കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി അന്വേഷണ സംഘം കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു.

കുമ്പസാര രഹസ്യം ദുരുപയോഗം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന കേസില്‍ ഓര്‍ത്തഡോക്‌സ സഭയിലെ അ!ഞ്ചു വൈദികരുടെ അറസ്റ്റ് തടയില്ലെന്ന് ഹൈക്കോടതി. കേസില്‍ കുറ്റാരോപിതരായ നാല് വൈദികരില്‍ ഒരാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. നിരണം ഭദ്രാസനത്തിലെ കുന്നന്താനം മുണ്ടിയപ്പള്ളി പൂത്തോട്ടില്‍ ഫാ. ഏബ്രഹാം വര്‍ഗീസാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. വെദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. പ്രതികള്‍ കോടതിയില്‍ ഹാജരാക്കിയ യുവതിയുടെ സത്യവാങ്മൂലം വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. സത്യവാങ്മൂലത്തില്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണെങ്കില്‍ ബാലിശമായ ആക്ഷേപങ്ങള്‍ മാത്രമേ വൈദികര്‍ക്കെതിരെയുള്ളുവെന്നും എന്നാല്‍ യുവതിയുടെ മൊഴി ലഭിക്കാതെ അത് വിശ്വാസത്തിലെടുക്കാന്‍ പറ്റില്ലെന്നും കോടതി അറിയിച്ചു. യുവതിയുടെ സത്യപ്രസ്താവന എന്ന നിലയില്‍ മുദ്രപത്രത്തില്‍ ഹാജരാക്കിയത് വിശ്വാസത്തിലെടുക്കാനാവില്ല. മൊഴി തന്നെയാണ് നിയമപരമായി നിലനില്‍ക്കുന്നത്. അതുകൊണ്ട് യുവതിയുടെ വിശദമായ മൊഴി ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.

പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. അത് ഗൗരവപരമായ കുറ്റമല്ല. അതുകൊണ്ട് അറസ്റ്റ് തടയണമെന്നാണ് വൈദികര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ എഫ്.ഐആര്‍ ഇട്ടതിന്റെ മഷി ഒണങ്ങിയിട്ടില്ലെന്നും അറസ്റ്റ് തടയുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മൊഴിയുടെ വിശദാംശങ്ങള്‍ ഇന്ന് തന്നെ നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. എന്നാല്‍ നാല് ദിവസം വേണമെന്ന് സര്‍ക്കാര്‍ അറിയ്ച്ചു. തുടര്‍ന്ന് വിശദമായ മൊഴിപ്പകര്‍പ്പ് ലഭിച്ച ശേഷം തിങ്കളാഴ്ച പരിഗണിക്കാനായി കോടതി കേസ് മാറ്റിവെക്കുകയായിരുന്നു.

പത്തനംതിട്ട: ഓര്‍ത്തഡോക്‌സ് സഭയുടെ റാന്നി ഭദ്രാസനത്തിലും വൈദികന്‍ പീഡിപ്പിച്ചെന്ന് പരാതി. ജൂണ്‍ നാലിന് വൈദികനെതിരെ നല്‍കിയ പരാതി സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് പിന്‍വലിച്ചുവെന്നാണ് വിവരം. പരാതി പിന്‍വലിപ്പിച്ചതിനെതിരെ വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പീഡനത്തിനിരയായ വീട്ടമ്മയുടെ ഭര്‍ത്താവാണ് പരാതി നല്‍കിയത്.

പരാതി നല്‍കിയതിനെത്തുടര്‍ന്ന് ആരോപണ വിധേയനായ വൈദികനെ സ്ഥലം മാറ്റിയിരുന്നു. അതിനു ശേഷമാണ് പരാതി പിന്‍വലിച്ചത്. എന്നാല്‍ ഇത് സമ്മര്‍ദ്ദത്തേത്തുടര്‍ന്നാണെന്ന് വിശ്വാസികള്‍ ആരോപിക്കുന്നു. സംഭവം പുറത്തു വന്നതോടെ യുവതി മാനസിക സമ്മര്‍ത്തിലാണെന്നും ചികിത്സ തേടിയെന്നും ഭര്‍ത്താവ് പറഞ്ഞു.

കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ നടത്തിയ പീഡനത്തെക്കുറിച്ചുള്ള പരാതിയില്‍ യുവതി മജിസ്‌ട്രേറ്റിനു മുന്നില്‍ ഇന്നലെ രഹസ്യമൊഴി നല്‍കി. വൈദികര്‍ പീഡിപ്പിച്ചുവെന്ന നിലപാടില്‍ യുവതി ഉറച്ചു നില്‍ക്കുകയാണ്. അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതിയും ഇന്നലെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ വൈദികരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന.

മോസ്‌കോന്മ മൂന്നു ലോകകപ്പുകളില്‍ പുറത്തേക്കുള്ള നിര്‍ഭാഗ്യത്തിന്റെ വാതില്‍ തുറന്ന ഷൂട്ടൗട്ട് ശാപത്തില്‍നിന്ന് രക്ഷപ്പെട്ട് ഇംഗ്ലണ്ട് റഷ്യന്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍. പൊരുതിക്കളിച്ച കൊളംബിയയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4–3ന് മറികടന്നാണ് ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടിയത്. മുഴുവന്‍ സമയത്തും എക്‌സ്ട്രാ ടൈമിലും ഇരുടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് വിജയികളെ നിശ്ചയിക്കാന്‍ ഷൂട്ടൗട്ട് വേണ്ടി വന്നത്. ക്വാര്‍ട്ടറില്‍ സ്വീഡനാണ് ഇംഗ്ലണ്ടിന്റെ എതിരാളി.

ഒരു കുടുംബത്തിലെ 11 പേര്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പോലീസ്.കുടുംബത്തിന്റെ അന്ധവിശ്വസവും വിഭ്രാന്തിയും ലോകാവസാന ഭീതിയുമാണ് തൂങ്ങിമരണത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. അന്വേഷണം 77 കാരി നാരായണ്‍ ദേവിയുടെ ഇളയമകന്‍ ലളിത് ഭാട്ടിയയിലേക്കാണ് നീളുന്നത്. ഭാട്ടിയയുടെ അന്ധവിശ്വാസവും ഉന്മാദവും അബദ്ധ വിശ്വാസവുമായിരുന്നു മരണത്തിലേക്ക നയിച്ചതെന്നാണ് സൂചനകള്‍. വീട്ടില്‍ നിന്നും കണ്ടെടുത്ത ഒരു കുറിപ്പാണ് ഈ നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ചിരിക്കുന്നത്.

ഡല്‍ഹിയിലെ ബുരാരിയിലെ വീട്ടില്‍ ഞായറാഴ്ചയാണ് 77 കാരി നാരായണ്‍ ദേവിയേയും മക്കളെയും കൊച്ചുമക്കളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാരായണ്‍ ദേവിയെ മാത്രം കിടക്കയില്‍ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ നിലയിലും മറ്റുള്ളവരെ കെട്ടിത്തൂങ്ങിയ നിലയിലും കണ്ടെത്തുകയായിരുന്നു. ഈ കൂട്ട ആത്മഹത്യ പ്‌ളാന്‍ ചെയ്തത് 45 കാരനായ ലളിത് ഭാട്ടിയയായിരുന്നു. ഏതാനും വര്‍ഷം മുമ്പ് മൗനവ്രതം പ്രഖ്യാപിച്ച ലളിത് അടുത്ത കാലത്ത് സംസാരം തുടങ്ങിയിരുന്നു.

മരണമടഞ്ഞ പിതാവിന്റെ ആത്മാവുമായി സംസാരിക്കുമായിരുന്നു എന്ന് അവകാശപ്പെട്ടിരുന്ന ലളിത് ഭാട്ടിയ പിതാവ് തനിക്ക് സന്ദേശങ്ങള്‍ നല്‍കാറുണ്ട് എന്ന് പറഞ്ഞ് മറ്റുള്ള കുടുംബാംഗങ്ങളെ വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന്റേത് എന്ന് കരുതുന്ന ഒരു കുറിപ്പില്‍ അന്ത്യവിധിയെക്കുറിച്ച്‌ പ്രവചിക്കുകയും അതില്‍ നിന്നും രക്ഷപ്പെടാന്‍ കുടുംബത്തെ ഉപദേശിക്കുകയും ചെയ്തിരുന്നു. ” അന്ത്യസമയത്ത് അന്ത്യാഭിലാഷം പൂര്‍ത്തീകരിക്കപ്പെടുമ്ബോള്‍ ആകാശത്തിന്റെ കിളിവാതില്‍ തുറക്കപ്പെടും. ഭൂമി കുലുങ്ങും. പക്ഷേ ഭയപ്പെടാതെ മന്ത്രോച്ചാരണങ്ങള്‍ ഉരുവിട്ടുകൊണ്ടിരിക്കണം. അപ്പോള്‍ ഞാന്‍ വന്ന നിന്നെയും മറ്റുള്ളവരെയും മുകളിലേക്ക് കൊണ്ടുപോകും.” പിതാവ് നല്‍കിയ സന്ദേശമായി രേഖപ്പെടുത്തിയ ലളിത് ഭാട്ടിയയുടെ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പത്തു വര്‍ഷം മുൻപ് മരിച്ച പിതാവില്‍ നിന്നുള്ള വെളിപാട് എന്നു പറഞ്ഞാണ് ലളിത് ഭാട്ടിയ എല്ലാം ചെയ്തതെന്നാണ് പോലീസ് പറയുന്നത്. പിതാവില്‍ നിന്നും തനിക്ക് സന്ദേശങ്ങള്‍ ലഭിക്കുന്നതായി ഇയാള്‍ കുടുംബാംഗങ്ങളെ പറഞ്ഞു ധരിപ്പിച്ചു. അന്ധവിശ്വാസികളായിരുന്ന കുടുംബം ലോകാവസാനം വരുമെന്നും വിശ്വസിച്ചു. മിക്കവാറും മൗനവൃതത്തിലായിരുന്ന ലളിത് തന്റെ പലചരക്ക് കടയില്‍ വരുന്നവരോട് പോലും കുറിപ്പിലൂടെയായിരുന്നു സംസാരിച്ചിരുന്നത്. സംഭവത്തില്‍ ലളിത് ഭാട്ടിയയ്ക്ക് നിര്‍ദേശം നല്‍കിയത് ഒരു ആള്‍ദൈവം ആണെന്നും ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതായും വിവരമുണ്ട്.

പ്രദേശത്ത് ഏറ്റവും സന്തോഷത്തോടെ ജീവിച്ചിരുന്ന കുടുംബമാണ് ഭാട്ടിയ കുടുംബം. തലേന്നു രാത്രിയും ഏറെ സന്തോഷത്തോടെ ഇവരെ സമീപവാസികള്‍ കണ്ടിരുന്നു. കുടുംബത്തില്‍ അടുത്തു തന്നെ ഒരു വിവാഹം നടക്കാനിരിക്കുകയായിരുന്നു ഈ ദുരന്തം.രാജസ്ഥാനില്‍ നിന്നുള്ള ഭാട്ടിയ കുടുംബം 22 വര്‍ഷം മുന്‍പാണു ബുരാരിയിലെ സന്ത് നഗറില്‍ എത്തിയത്.

എല്ലാ ദിവസവും രാവിലെ ആറിനു തന്നെ പലചരക്കു കട തുറക്കും. രാത്രി തെരുവിലെ എല്ലാവരും ഉറങ്ങിക്കഴിഞ്ഞാല്‍ മാത്രമേ കട അടയ്ക്കാറുള്ളൂ. അത്യാവശ്യക്കാര്‍ക്കു വേണ്ടി എപ്പോള്‍ വേണമെങ്കിലും കട തുറക്കാനും തയാറായിരുന്നു. എന്നാല്‍ ഞായറാഴ്ച രാവിലെ ഏഴരയായിട്ടും കട തുറക്കാതായതോടെയാണു അയല്‍വാസികള്‍ക്കു സംശയം തോന്നിയത്. ഗേറ്റും വാതിലും തുറന്നിട്ട നിലയിലായിരുന്നു. അയല്‍ക്കാരിലൊരാള്‍ രണ്ടാം നിലയിലേക്കു കയറിയപ്പോഴാണ് എല്ലാവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ നാരായണ്‍ ദേവി(77) യുടെ മൃതദേഹമാണ് കഴുത്തു ഞെരിച്ച നിലയില്‍ തറയില്‍ കിടന്നത്. ഇവരുടെ മകള്‍ പ്രതിഭ(57) ആണ്‍മക്കളായ ഭവ്‌നേഷ്(50) ലളിത് ഭാട്ടിയ(45) ഭവ്‌നേഷിന്റെ ഭാര്യ സവിത (48) ഇവരുടെ മക്കളായ മീനു(23) നിധി(25) ധ്രുവ്(15) ലളിതിന്റെ ഭാര്യ ടിന(42) മകള്‍ ശിവം, പ്രതിഭയുടെ മകള്‍ പ്രിയങ്ക(33) എന്നിവരാണ് കൊല്ലപ്പെട്ടത്.

 

അമ്മയ്ക്കും ഫെഫ്കയ്ക്കും സമാന്തരമായി സിനിമയില്‍ പുതിയ സംഘടന വരുന്നു. ഈ സംഘടനകളിലെ ജനാധിപത്യവിരുദ്ധതയും തൊഴില്‍ സ്വാതന്ത്ര്യം ഇല്ലായ്മയും മടുത്താണ് കൊച്ചി കേന്ദ്രീകരിച്ച് സംഘടന രൂപീകരിക്കുന്നത്. സംവിധായകരായ ആഷിഖ് അബു, രാജീവ് രവി, അമല്‍ നീരദ്, അന്‍വര്‍ റഷീദ്, ഷൈജു ഖാലിദ് തുടങ്ങി നരവധി പേര്‍ ഇതിന് പിന്നിലുണ്ട്. സംവിധായകനും നിര്‍മാതാവുമായ ലാലിന്റെ പിന്തുണ ഇവര്‍ക്കുണ്ടെന്ന് അറിയുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി സിനിമയുടെ എല്ലാ മേഖലയും ദിലീപ് നിയന്ത്രിക്കാന്‍ തുടങ്ങിയതോടെ ഇവരില്‍ പലരുടെയും സിനിമകളെ ബാധിച്ചിട്ടുണ്ട്. അതിനാല്‍ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തത് വിവാദമായത് മുതലെടുത്ത്, കാര്യങ്ങള്‍ അനുകൂലമാക്കാനാണ് നീക്കം.

സിനിമയുടെ സമസ്തമേഖലയിലും പ്രവര്‍ത്തിക്കുന്നവരെ അണിനിരത്തിയാണ് പുതിയ സംഘടന ഉണ്ടാക്കുന്നത്. സിനിമാ ചോറുണ്ണുന്നവരെല്ലാം സംഘടനയില്‍ ഉണ്ടാവണം എന്നതാണ് ഇതിന് നേതൃത്വം നല്‍കുന്നവര്‍ മുന്നോട്ട് വയ്ക്കുന്ന കാര്യം. എല്ലാവര്‍ക്കും സ്വതന്ത്രമായി തൊഴിലെടുക്കാന്‍ സാധിക്കണം. സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കണം. എല്ലാവര്‍ക്കും വേതനം കൃത്യമായി ലഭിക്കണം. തുല്യവേതനം ഉറപ്പാക്കണം. തുടങ്ങിയ നിരവധി കാര്യങ്ങളാണ് ഇവര്‍ മുന്നോട്ട് വയ്ക്കുന്നത്. അതേസമയം സിനിമയില്‍ സജീവമായി നില്‍ക്കുന്നവരല്ല പുതിയ സംഘടന രൂപീകരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഇത് പറയുന്നവരെ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഇടവേളയ്ക്ക് ശേഷം ഏത് സിനിമയിലാണ് അഭിനയിച്ചതെന്ന് ചോദിച്ചാണ് എതിര്‍പക്ഷം പരിഹസിക്കുന്നത്.

പുതിയ സംഘടനയുണ്ടായാല്‍ അതില്‍ പ്രവര്‍ത്തിക്കുന്നവരുടെ സിനിമകളുടെ റിലീസിംഗ് ഉള്‍പ്പെടെ പ്രശ്‌നമാകും. കാരണം ദിലീപിന്റെ നേതൃത്വത്തിലാണ് തിയേറ്റര്‍ ഉടമകളുടെ സംഘടന പ്രവര്‍ത്തിക്കുന്നത്. എവിടെ ആരുടെയൊക്കെ സിനിമകള്‍ കളിക്കണമെന്ന് തീരുമാനിക്കുന്നത് തിയേറ്റര്‍ ഉടമകളാണ്. സര്‍ക്കാര്‍ തിയേറ്ററുകളും ബി ക്ലാസ് തിയേറ്ററുകളും മള്‍ട്ടി പ്ലക്‌സുകളും താരതമ്യേന കുറവായതിനാല്‍ എ ക്ലാസ് തിയേറ്ററുകളെ ആശ്രയക്കാതെ പിടിച്ചുനില്‍ക്കാനാവില്ല. മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന് തിയേറ്റര്‍ കിട്ടാതാവുകയും റിലീസിംഗ് പ്രതിസന്ധി ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. അന്‍വര്‍ റഷീദിന്റെ സി.ഐ.എ തിയേറ്ററില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ തിയേറ്ററുകാര്‍ സമരം നടത്തുകയും സമരം തീര്‍ന്ന ശേഷം ആ സിനിമ വീണ്ടും പ്രദര്‍ശിപ്പിക്കാന്‍ തിയേറ്റര്‍ ഉടമകള്‍ തയ്യാറാകാതിരിക്കുകയും ചെയ്ത സ്ഥിതി വിശേഷം ഉണ്ടായിട്ടുണ്ട്.

അമ്മയും ഫെഫ്കയും സാമ്പത്തികമായി പിടിച്ച് നില്‍ക്കാന്‍ കെല്‍പ്പുള്ളവരാണ്. അവരോട് പിടിച്ച് നില്‍ക്കാന്‍ പുതിയ സംഘടന ഏറെ പ്രയാസപ്പെടേണ്ടി വരും. അംഗങ്ങള്‍ കുറവാണെങ്കില്‍ ഏറെ പ്രയാസപ്പെടേണ്ടിവരും. ദിലീപ് മാത്രം ഏറെ വിയര്‍പ്പൊഴുക്കിയാണ് അമ്മയെ സാമ്പത്തിക ഭദ്രതയിലെത്തിച്ചത്. മമ്മൂട്ടിയും മോഹന്‍ലാലും പോലും അതിന്റെ റിസ്‌ക്ക് ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. അതുകൊണ്ടാണ് ദിലീപിനെ പല താരങ്ങളും തള്ളിക്കളയാത്തത്.

ജലന്ധര്‍ ബിഷപിനെതിരെ പീഡനപരാതി നല്‍കിയ കന്യാസ്്ത്രീയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. രഹസ്യമൊഴി എടുക്കുന്നതിനുളള പൊലീസിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. രഹസ്യമൊഴി ലഭിച്ച ശേഷം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാനുളള നീക്കം പൊലീസ് തുടങ്ങും. തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി അന്വേഷണസംഘം ചാലക്കുടിയിലും പരിശോധന നടത്തും.

കന്യാസ്ത്രിയുടെ മൊഴിയെ തുടര്‍ന്ന് പീഡനം, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ജലന്തര്‍ ബിഷപ്പിനെതിരെ കേസെടുത്തിട്ടുള്ളത്. കുറവിലങ്ങാട് മഠത്തില്‍വെച്ച് 13 തവണ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കന്യാസ്ത്രിയുടെ മൊഴി. ഇത് സാധൂകരിക്കുന്ന തെളിവുകള്‍ കൂടി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബിഷപ്പിന്റെ അറസ്റ്റിന് സാധ്യത തെളിയുന്നത്. 13 തവണയും ബിഷപ്പ് കുറവിലങ്ങാട് മഠത്തിലെത്തിയതിന്് വിസിറ്റേഴ്‌സ് റജിസ്റ്റര്‍ തെളിവാണ്. വൈദ്യപരിശോധന റിപ്പോര്‍ട്ടും പീഡനം നടന്നതായി സ്ഥിരീകരിക്കുന്നു. ഇത് കൂടാതെ ബിഷപ്പ് ഫോണ്‍ സെക്‌സിന് പ്രേരിപ്പിച്ചെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും കന്യാസ്ത്രി മൊഴി നല്‍കിയിട്ടുണ്ട്.

കന്യാസ്ത്രിയുടെ ഫോണും പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു. 2014 ഏപ്രില്‍ അഞ്ചിനാണ് ആദ്യ പീഡനത്തിന് ഇരയായതെന്നാണ് കന്യാസ്ത്രിയുടെ മൊഴി. ചാലക്കുടിയില്‍ സഭയുടെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോളാണ് ബിഷപ്പ് കുറവിലങ്ങാട്ടെ മഠത്തിലെത്തിയത്. ഇത് സ്ഥിരീകരിക്കുന്നതിനാണ് അന്വേഷണം സംഘം ചാലക്കുടിയിലെത്തുക. കന്യാസ്ത്രിയുടെ രഹസ്യമൊഴിയും ബിഷപ്പിന്റെ അറസ്റ്റില്‍ നിര്‍ണായകമാകും. പീഡനത്തിനിരയായ കാലയളവില്‍ പരാതിക്കാരിക്കൊപ്പം മൂന്ന് കന്യാസ്ത്രികളാണ് കുറവിലങ്ങാട് മഠത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. മറ്റു രണ്ടുപേരുടെ മൊഴിയും അടുത്ത ദിവസങ്ങളില്‍ രേഖപ്പെടുത്തും. തെളിവുകള്‍ ശേഖരിച്ച ശേഷം ബിഷപ്പിനെ ജലന്തറിലെത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ഫുട്ബോൾ വസന്തത്തിന്റെ നിറവിൽ ലോകം പൂത്ത് നിൽക്കുമ്പോൾ കേന്ദ്രമന്ത്രി കിരൺ റിജ്ജുവിന് സംഭവിച്ചത് വൻ അബദ്ധം. ആറുവയസുള്ള കുട്ടി ഫുട്ബോൾ കളിക്കുന്ന വിഡിയോ പങ്കുവച്ചുകൊണ്ട് അദ്ദേഹം ചെയ്ത ട്വീറ്റാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. ”നമ്മുടെ പ്രധാനമന്ത്രി മോദി കായിക വിനോദങ്ങള്‍ക്ക് പ്രത്യേകിച്ചും ഫുട്ബോളിനു വളരെയേറെ പ്രാധാന്യം നല്‍കുന്നുണ്ട്. അതിനാലാണ് നമ്മുടെ ഈ ചെറുതലമുറ ഇത്രയും നന്നായി കളിക്കുന്നത്” ഇങ്ങനെയായിരുന്നു അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. എന്നാൽ പങ്കുവച്ച വിഡിയോയിലെ ആറുവയസുകാരൻ ബ്രസീലുകാരനാണ്.

ബ്രസീലിയന്‍ ബാലന്റെ ചിത്രം ഇന്ത്യന്‍ ബാലന്റേതെന്ന് കരുതിയാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. എന്നാൽ അബദ്ധം സോഷ്യൽ ലോകം കയ്യോടെ പിടിച്ചതോടെ ട്വീറ്റ് അദ്ദേഹം പിൻവലിച്ചു. കിരണ്‍ റിജ്ജു പങ്കുവച്ച വീഡിയോ ദൃശ്യങ്ങള്‍ അടുത്ത നെയ്മറെന്നു ബ്രസീലിയന്‍ ആരാധകര്‍ വിശേഷിപ്പിക്കുന്ന ആറു വയസുകാരന്‍ മാര്‍കോ ആന്റോണിയോയുടെ ആയിരുന്നു. മാര്‍ക്കോയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് കേന്ദ്രമന്ത്രി ഇന്ത്യൻ ബാലനാണെന്ന് പറഞ്ഞ് ട്വീറ്റ് ചെയ്തത്.

A post shared by Marco Antonio 04/02/2011 🇧🇷 (@marcoantonionf11) on

RECENT POSTS
Copyright © . All rights reserved