മൂലമറ്റത്തിനടുത്ത് അപകടത്തില്‍പ്പെട്ടത് തന്റെ കാരവന്‍ അല്ലെന്ന് നടന്‍ ദിലീപ്. ജാവേദ് ചെമ്പ് എന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ് മറിഞ്ഞ കാരവന്റെ ഉടമയെന്നും സിനിമകളുടെ സെറ്റില്‍ വാടകയ്ക്ക് നല്‍കുന്നതാണിതെന്നും ദിലീപ് വ്യക്തമാക്കി. കമ്മാര സംഭവം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ തങ്ങള്‍ ഈ കാരവന്‍ ഉപയോഗിച്ചിരുന്നുവെന്നും ദിലീപ് വ്യക്തമാക്കി.മറിഞ്ഞത് ദിലീപിന്റെ കാരവന്‍ ആണെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് വിശദീകരണവുമായി ദിലീപ് രംഗത്തെത്തിയത്.
ദിലീപ് പറയുന്നത് ഇങ്ങനെ:
പ്രിയപ്പെട്ടവരെ, ഇന്ന് മൂലമറ്റത്തിനടുത്തുവച്ച് ഒരു കാരവന്‍ അപകടത്തില്‍ പെട്ടു, ഈ കാരവന്‍ എന്റേതാണു എന്നമട്ടില്‍ സോഷ്യല്‍ മീഡിയായിലും, എന്നെ ‘ഒരുപാട് ‘സഹായിക്കുന്ന ചില പത്രങ്ങളുടെ ഓണ്‍ലൈന്‍ പേജുകളിലും വാര്‍ത്തകള്‍ വരുന്നതായും, അതിനു സോഷ്യല്‍ മീഡിയായില്‍ മുഖമില്ലാത്ത ‘ചില മാന്മ്യാര്‍ ‘വേണ്ട രീതിയില്‍ പ്രചരണം നടത്തുന്നതായും അറിഞ്ഞു. അതുകൊണ്ട് എല്ലാവരുടേയും അറിവിലേക്കായ് പറയുന്നു.
എനിക്ക് സ്വന്തമായ് കാരവനില്ല. മറിഞ്ഞ കാരവാന്റെ ഉടമ ജാവേദ് ചെമ്പ് എന്ന പ്രൊഡകഷന്‍ കണ്‍ട്രോളറാണ്. സിനിമകളുടെ സെറ്റില്‍ വാടകയ്ക്കു നല്‍കുന്നതാണിത്. ‘കമ്മാരസംഭവം’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ഈ കാരവന്‍ ഞങ്ങള്‍ ഉപയോഗിച്ചിരുന്നു. ഈശ്വരകൃപയാല്‍ അതില്‍ ജോലിചെയ്യുന്ന പാവപ്പെട്ട തൊഴിലാളികള്‍ അപകടമൊന്നുമില്ലാതെ രക്ഷപ്പെട്ടു എന്നതാണു എന്നെ സംബന്ധിച്ച് ആശ്വാസം. എല്ലാവര്‍ക്കും ഉയര്‍ത്തേഴുന്നേല്‍പ്പിന്റെ വിശുദ്ധ ഈസ്റ്റര്‍ ആശംസകള്‍ .
ദുരൂഹ സാഹചര്യത്തിൽ ഡ്രോൺ കാമറ ഉപയോഗിച്ച് ക്ഷേത്രത്തിന്‍റെ ദൃശ്യങ്ങൾ ചിത്രീകരിച്ച ചൈനീസ് പൗരനെ പോലീസ് അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് നെട്ടൂരിലാണ് സംഭവം. എറണാകുളം- ആലപ്പുഴ തീരദേശ റെയിൽ പാതയോരത്തെ നെട്ടൂർ മഹാദേവർ ക്ഷേത്രസമുച്ചയത്തിന്റെ ദൃശ്യങ്ങളാണ് വിദൂര നിയന്ത്രിത റിമോട്ട് കാമറ ഉപയോഗിച്ച് ചൈന സ്വദേശി പകർത്തിയത്.
വൈകിട്ട് ആറോടെ ശ്രീകോവിലിന്റെ താഴികക്കുടത്തിനു ചുറ്റും എന്തോ വസ്തു വട്ടമിട്ടു പറക്കുന്നത് ഭക്തരുടെ ശ്രദ്ധയിൽ പെട്ടു. തുടർന്ന് പ്രദേശവാസികൾ നടത്തിയ തെരച്ചിലിലാണ് റെയിൽവേ ലൈനിനു സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് റിമോട്ട് ഉപയോഗിച്ച് നടത്തിയ ഡ്രോൺ കാമറാ ചിത്രീകരണം കണ്ടെത്താനായത്. കാമറ നിയന്ത്രിച്ചിരുന്ന ചൈനീസ് പൗരനെ നാട്ടുകാർ തടഞ്ഞുവച്ച് ചോദ്യം ചെയ്തു. വിവരം ലഭിച്ച് പനങ്ങാട് എസ്ഐയുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി. ദൃശ്യങ്ങൾ പകർത്തിയ വിദേശിയെ ചോദ്യം ചെയ്തെങ്കിലും ഇയാൾ തന്ത്രപൂർവം ഒഴിഞ്ഞു മാറാൻ ശ്രമിച്ചത് സംശയം ജനിപ്പിച്ചു. പിന്നീട് ഇയാളുടെ കൈവശമുണ്ടായിരുന്ന ഐ- ഫോൺ, കാമറ എന്നിവ പരിശോധിച്ചപ്പോഴാണ് ക്ഷേത്രത്തിന്റെയും, റെയിൽവേ ലൈനിന്റെയും മറ്റും ദൃശ്യങ്ങൾ കണ്ടെത്തിയത്.
നാട്ടുകാരിൽ നിന്നും, ക്ഷേത്ര സമിതിക്കാരിൽ നിന്നും പരാതി ലഭിച്ചതിനാൽ പനങ്ങാട് പോലീസ് കേസെടുത്തു. തുടർന്ന് വിദേശിയെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. അറസ്റ്റിലായ ചൈനീസ് പൗരനെ ചോദ്യം ചെയ്തതിനെ തുടർന്ന് സംഭവത്തിനു പിന്നിൽ ഇയാളെകൂടാതെ മൂന്നുപേരുകൂടിയുണ്ടെന്നും ഇവർ നെട്ടൂരിലെ വില്ലയിൽ അനധികൃതമായി വാടകയ്ക്കു താമസിച്ചു വരികയാണെന്നും ബോധ്യപ്പെട്ടതായി പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മറ്റു മൂന്നു ചൈനക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് തങ്ങളെന്നാണ് ഇവർ വെളിപ്പെടുത്തിയത്. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമകൾ, വീട് വാടകയ്ക്ക് നൽകിയയാൾ എന്നിവരോട് ഇന്ന് സ്റ്റേഷനിൽ ഹാജരാവാൻ ആവശ്യപ്പെട്ടതായി പോലീസ് പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട ചൈനക്കാരെ ചോദ്യം ചെയ്യാൻ ഉന്നത പോലീസ് സംഘം ഇന്ന് പനങ്ങാട് സ്റ്റേഷനിൽ എത്തും.
പത്തനംതിട്ട ഏഴംകുളത്ത് പാറമടയിലെ വെള്ളക്കെട്ടിൽ വീണ് ബന്ധുക്കളായ രണ്ട് കുട്ടികൾ മരിച്ചു. പാലാ സ്വദേശി ഷാബുവിന്റെ മകൻ അമിതും എറണാകുളം ചിറ്റൂർ സ്വദേശി സൊയൂസിന്റെ മകൾ അന്നയുമാണ് മരിച്ചത്. കുന്നിടയിലെ ബന്ധുവീട്ടിലെത്തിയ ഇരുവരും പാറക്കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. പാറമടയിൽ കുളിക്കുന്നതിനിടെ ഇരുവരും കയത്തിൽപ്പെടുകയായിരുന്നു. കുട്ടികളെ കാണാത്തതിനെത്തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ അമിത്ത് വെള്ളക്കെട്ടിൽ താഴുന്നത് കണ്ടു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ആദ്യം അമിത്തിനെയും തുടർന്ന് അന്നയെയും പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം തുടർ നടപടികൾക്കായി അടൂർ ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി. കഴിഞ്ഞദിവസമാണ് വേനലവധി ആഘോഷിക്കാൻ ഇരുവരും കുന്നിടയിലെ ബന്ധുവീട്ടിലെത്തിയത്.
കഴിഞ്ഞ ഒരാഴ്ചക്കിടയിൽ ജില്ലയിലെ വെള്ളക്കെട്ടിൽവീണുള്ള അഞ്ചാമത്തെ ദുരന്തമാണിത്
മദ്യത്തിനെതിരെ പോരാടുന്ന മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റ തിരുവനന്തപുരത്തെ വീടിന് സമീപം മദ്യവിൽപനശാല. കൺസ്യൂമർഫെഡിന്റ കുടപ്പനക്കുന്നിലെ മദ്യവിൽപനശാലയാണ് ജനവാസകേന്ദ്രമായ ഗൗരീശപട്ടത്തേക്ക് മാറ്റുന്നത്. ഇതിനെതിരെ സുധീരന്റ നേതൃത്വത്തിൽ നാട്ടുകാര്‍ സമരം തുടങ്ങി.
ഗൗരീശപട്ടം ജംഗ്ഷനു സമീപമാണ് മദ്യവിൽപനശാല വരുന്നത്.കെട്ടിടത്തിന്റ അറ്റകുറ്റപ്പണി നടക്കുന്നു.തൊട്ടടുത്ത് സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന കോളനി.വാഹനങ്ങൾക്ക്പോകാൻ പോലും വീതിയില്ലാത്ത റോഡ്. ഇതിനിടെ സമരത്തിനെതിരെ കെട്ടിട ഉടമയുടെ പ്രതിഷേധം
കെട്ടിട ഉടമയുടെ ആവശ്യത്തിനും സമരക്കാർ ഉടൻ തന്നെ പ്രതിവിധി കണ്ടു. കൺസ്യൂമർഫെഡ് എത്ര രൂപയാണോ,വാടകയായി നൽകുന്നത് അത്രയും തുക നൽകി കെട്ടിടം ഏറ്റെടുക്കാൻ തയാറാണന്ന് സുധീരൻ അറിയിച്ചു.പട്ടം സർവീസ് സഹകരണബാങ്കിന്റ നീതി സ്റ്റോർ ഇവിടെ ആരംഭിക്കാമെന്നും ഉറപ്പുനൽകി.എന്നാൽ കൺസ്യൂമർഫെഡുമായി നേരത്തെ തന്നെ കരാറെഴുതിയതാണന്നും മാറ്റാനാകില്ലെന്നുമായിരുന്നു ഉടമയുടെ മറുപടി.
മഹാരാഷ്ട്രയിൽ എട്ടു കോളജ് വിദ്യാർഥികൾ കടലിൽ മുങ്ങി മരിച്ചു. വിനോദ യാത്രയ്ക്ക് എത്തിയ സംഘത്തിലെ വിദ്യാർഥികളാണ് മരിച്ചത്. സിന്ധുദുർഗ് ജില്ലയിലെ വയ്റി ബീച്ചിലാണ് അപകടം ഉണ്ടായത്.
കർണാടകയിലെ ബെൽഗാമിലുളള മറാത്ത എൻജിനീയറിങ് കോളജിൽനിന്നുളള 40 പേരടങ്ങിയ സംഘമാണ് വിനോദയാത്രയ്ക്കായി മഹാരാഷ്ട്രയിൽ എത്തിയത്. ഇതിൽ കടലിൽ കുളിക്കാനിറങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. കോസ്റ്റ്ഗാർഡും നാട്ടുകാരും ചേർന്ന് മൂന്നുപേരെ രക്ഷപ്പെടുത്തി. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. മരിച്ച എട്ടു വിദ്യാർഥികളിൽ രണ്ടുപേർ പെൺകുട്ടികളാണ്.
അമേരിക്കയില്‍ ചേലാകര്‍മ്മം നടത്തിയ ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ പിടിയില്‍. ജുമാന നാഗര്‍വാല എന്ന 44കാരിയായ ഡോക്ടറെയാണ് മിഷിഗണില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ആറു മുതല്‍ എട്ട് വയസുവരെ പ്രായമുള്ള പെണ്‍കുട്ടികളിലാണ് ഇവര്‍ ചേലാകര്‍മ്മം നടത്തിയത്. എന്നാല്‍ ഇവര്‍ കുറ്റം നിഷേധിക്കുകയാണ് ചെയ്തത്. ഇവര്‍ ഗുജറാത്തിയും ഇംഗ്ലീഷും സംസാരിക്കുമെന്ന് അന്വേഷണ സംഘം തന്നെയാണ് വെളിപ്പെടുത്തിയത്.
രഹസ്യഭാഗത്തെ ചര്‍മ്മം ചെത്തി നീക്കുന്ന പ്രക്രിയയാണ് ചേലാ കര്‍മ്മം എന്നു പറയുന്നത്. ആണ്‍ കുട്ടികളേയും പെണ്‍കുട്ടികളേയും ഇതിന് വിധേയമാക്കാറുണ്ട്. പെണ്‍കുട്ടികള്‍ക്ക് ജീവന് ഭീഷണി നേരിടും എന്ന് കണക്കാക്കി 1996ല്‍ അമേരിക്കയില്‍ ഇതു നിരോധിച്ചിരുന്നു. അതിന് ശേഷം ആദ്യമായാണ് ചേലാകര്‍മം ചെയ്തതിന് ഒരു വനിതാ ഡോക്ടറെ പിടികൂടുന്നത്. അതീവ രഹസ്യമായാണ് ഇവര്‍ കൃത്യം ചെയ്തിരിക്കുന്നത് എന്നു പോലീസ് പറയുന്നു.
Also Read
കേരളത്തില്‍ നിന്നും ഐഎസില്‍ ചേരാന്‍ പോയ മലയാളികള്‍ ലോകത്തെ വിറപ്പിക്കുന്ന ഐഎസ് ഭീകരരെ പറ്റിച്ച് കടന്നുകളഞ്ഞതായി റിപ്പോര്‍ട്ടുകള്‍. നിരപരാധികളെ കഴുത്തറുത്തും പെണ്‍കുട്ടികളെ വിറ്റും ഐസിസ് സമ്പാദിച്ച കോടികളുമായി മലയാളികളടക്കമുള്ള അഞ്ച് ഭീകരര്‍ മുങ്ങിയത് ഐസിസിനെ ഞെട്ടിച്ചിരിക്കുകയാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുങ്ങിയ ഭീകരരെ കണ്ടെത്തി വധിക്കാന്‍ പ്രത്യേക നിര്‍ദ്ദേശം കൊടുത്തിരിക്കുകയാണ് സംഘടന ഇപ്പോള്‍ എന്നാണ് അറിയുന്നത്.ഐസിസിന്റ ധനകാര്യവിഭാഗം കൈകാര്യം ചെയ്തിരുന്ന അബു അല്‍ ബാര അല്‍ ഖഹ്താനി ഉള്‍പ്പെടെ അഞ്ചുപേരാണ് മുങ്ങിയത്. ഇറാഖ് സൈന്യവും സഖ്യസേനയും ചേര്‍ന്ന് മൊസൂളില്‍ ഐസിസിനെ തുരത്താനുള്ള പോരാട്ടത്തില്‍ ഏര്‍പ്പെടുന്നതിനിടെയാണ് മോഷണവിവരം പുറത്തുവരുന്നത്. ഇവരെ കണ്ടെത്തിയാല്‍ അപ്പോള്‍ത്തന്നെ വധിക്കാന്‍ ഐസിസ് നേതൃത്വം ഉത്തരവിട്ടിട്ടുണ്ട്.
അതേ സമയം മൊസൂളില്‍ ഐസിസിനെ തുരത്താന്‍ കനത്ത ആക്രമണമാണ് ഇറാഖ് സേന നടത്തുന്നത്. ശനിയാഴ്ചത്തെ പോരാട്ടത്തില്‍ മൊസൂളിലെ തന്ത്രപ്രധാന ഗ്രാമമായ ഹമാം അല്‍ അലില്‍ ഇറാഖ് സേന കൈവശപ്പെടുത്തി. ഇറാഖി പൊലീസും ആര്‍മിയും ചേര്‍ന്ന് നടത്തിയ ആക്രമണത്തിലാണ് ഗ്രാമം പിടിച്ചെടുത്തത്. അവിടെ ഇറാഖി പതാക ഉയര്‍ത്തുകയും ചെയ്തു.
വടക്കന്‍ പട്ടണമായ കിര്‍ക്കുക്കില്‍ നടന്ന സ്‌ഫോടനത്തില്‍ 32 ഐസിസ് ഭീകരര്‍ കൊല്ലപ്പെട്ടതായി അല്‍ സുമെയ്‌റ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വന്‍ ആയുധശേഖരവുമായി പോവുകയായിരുന്ന മൂന്ന് ഐസിസ് വാഹനങ്ങളും സൈന്യം ബോംബിട്ട് തകര്‍ത്തു. യുദ്ധം ശക്തമായതോടെ മൊസൂളില്‍ കുടുങ്ങിപ്പോയ ലക്ഷക്കണക്കിന് ജനങ്ങളെ രക്ഷിക്കാനുള്ള ശ്രമവും ഊര്‍ജിതമായിട്ടുണ്ട്. പതിനായിരക്കണക്കിനാളുകളെ ബന്ദികളാക്കിയ ഐസിസ് ഇവരെ മനുഷ്യ മതിലാക്കി ഉപയോഗിക്കുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കോഴിക്കോട് മൊഫ്യൂസ് ബസ് സ്റ്റാന്‍ഡിലെ കടയില്‍ നിന്നും വാങ്ങിയ ജെല്ലി മിഠായി കഴിച്ച നാലുവയസുകാരന്‍ മരിച്ചു. കൊയിലാണ്ടി കപ്പാട് പാലോടയില്‍ സുഹറാബിയുടെ മകന്‍ യൂസഫലി (നാല്) ആണ് മരിച്ചത്. മിഠായി കഴിച്ച സുഹറാബിയും ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ചയാണ് ഇവര്‍ കടയില്‍ നിന്നും മിഠായി വാങ്ങി കഴിച്ചത്.വീട്ടില്‍ എത്തിയതിന് ശേഷം ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ട യൂസഫലിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെയാണ് കുട്ടി മരിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു.
ഷാര്‍ജയില്‍ മലയാളികള്‍ താമസിക്കുന്ന 16 നില കെട്ടിടത്തില്‍ തീ പിടിച്ചു. അപകടത്തില്‍ മലപ്പുറം സ്വദേശി ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.അല്‍ അറൂബാ സ്ട്രീറ്റിലെ അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ വെള്ളിയാഴ്ച അര്‍ധ രാത്രിയായിരുന്നു അപകടമുണ്ടായത്. സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരാണ് മരിച്ച രണ്ടുപേരും. അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെ രണ്ടു നിലകള്‍ പൂര്‍ണമായി കത്തി നശിച്ചു.വിഷു പ്രമാണിച്ച് പല വീട്ടുകാരും പുറത്തായിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി.
കഴിഞ്ഞ രാത്രി സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തിരക്കായിരുന്നു. അതിനു പിന്നാലെയാണ് തീ പിടിത്തമുണ്ടായത്. വൈദ്യൂതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. ഹെലികോപ്റ്റര്‍ വഴിയാണ് കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ചത്. അടുത്ത കെട്ടിടങ്ങളില്‍ നിന്നും ആളുകളെ നീക്കിയിട്ടുണ്ട്.