യുഎസ് വീസയോ ഗ്രീൻ കാർഡോ ഉള്ള ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്കായി വീസ ഓണ്‍ അറൈവൽ പദ്ധതിക്ക് യുഎഇ ഭരണകൂടം അംഗീകാരം നൽകി. ബുധനാഴ്ചയാണ് യുഎഇ കാബിനറ്റ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ആറു മാസമെങ്കിലും കാലാവധിയുള്ള പാസ്പോർട്ടുകൾക്കായി 14 ദിവസത്തേക്കാണ് വീസ ഓണ്‍ അറൈവലിന്‍റെ ആനുകൂല്യം ലഭിക്കുന്നത്.
ഇന്ത്യയുമായി സാന്പത്തിക-രാഷ്ട്രീയ-വ്യാപാര രംഗത്തെ മികച്ച ബന്ധം ലക്ഷ്യമിട്ടാണ് യുഎഇ കാബിനറ്റിന്‍റെ നീക്കം. അടുത്തിടെ പുറത്തിറക്കിയ കണക്കുപ്രകാരം ഇരുരാജ്യങ്ങളും തമ്മിൽ 6000 കോടി ഡോളറിന്‍റെ വ്യാപാരം നടക്കുന്നതായാണ് കണക്ക്.
ആഗോള ടൂറിസം രംഗത്ത് വൻ ശക്തിയാകാനുള്ള താത്പര്യവും യുഎഇയുടെ തീരുമാനത്തിനു പിന്നിലുണ്ട്. കഴിഞ്ഞ വർഷം 16 ലക്ഷം ഇന്ത്യക്കാർ വിനോദ സഞ്ചാരികളായി യുഎഇയിൽ എത്തിയതായാണ് കണക്ക്. ഇതേകാലാവധിയിൽ 50,000 യുഎഇ പൗരൻമാരും ഇന്ത്യയിലെത്തിയെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. ദിവസവും ഇന്ത്യൻ നഗരങ്ങളിലേക്കും തിരിച്ചുമായി 143 വിമാനങ്ങളാണ് സർവീസ് നടത്തുന്നത്.
മൂന്നാറിലെ കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് എം.എം.മണി നടത്തിയ പ്രസ്താവനയ്കക്കെതിരെ ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ രംഗത്ത്. വിഎസിന്റെ ഓർമ ശക്തിക്ക് കുറവുണ്ടെന്ന് പരിഹസിച്ച എം.എം.മണിയുടെ പരാമർശത്തിന് എതിരെയാണ് വിഎസിന്റെ മറുപടി. മൂന്നാറിൽ കൈയ്യേറ്റമില്ലെന്നാണോ ആ വിദ്വാൻ പറയുന്നത്, കാര്യങ്ങൾ പഠിക്കാതെ ആരാണ് സംസാരിക്കുന്നത് എന്ന് ജനങ്ങൾക്ക് മനസ്സിലാകും എന്നും വിഎസ് അച്യുതാനന്ദൻ തുറന്നടിച്ചു. എം.എം.മണിയുടെ നിലപാട് ഭൂമാഫിയയെ സഹായിക്കാനാണെന്നും വിഎസ് പറഞ്ഞു. മൂന്നാറിലെ ഭൂമി കേസുകളിൽ സർക്കാർ കൂടുതൽ ജാഗ്രത കാട്ടണം എന്നും, കയ്യേറ്റങ്ങളെ സർക്കാർ ന്യായീകരിക്കുന്നത് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കും എന്നും വിഎസ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. വേണ്ടി വന്നാൽ മൂന്നാറിലേക്ക് പോകുമെന്നും വിഎസ് പറഞ്ഞിരുന്നു.
ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രനെ പിന്തുണച്ചും വിഎസിന്റെ പരാമര്‍ശങ്ങള്‍ തളളിയും ഇന്നലെ മന്ത്രി എം.എം.മണി രംഗത്തെത്തിയിരുന്നു. മൂന്നാറില്‍ ഭൂമി കൈയേറ്റമില്ല. എസ്.രാജേന്ദ്രന്‍ എംഎല്‍എ അവകാശപ്പെടുന്നത് അദ്ദേഹത്തിന് പട്ടയമുണ്ടെന്നാണ്. വെറുതെ അദ്ദേഹത്തിന്റെ മെക്കിട്ടുകയറുകയാണെന്നും മണി ഇന്നലെ പറഞ്ഞിരുന്നു, വിഎസിനെക്കുറിച്ച് താന്‍ എന്തെങ്കിലും പറഞ്ഞാല്‍ വയ്യാവേലിയാകും. വിഎസ് മൂന്നാറിനെക്കുറിച്ച് ശരിക്ക് പഠിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട്. പൂച്ചയും പട്ടിയും എന്നുപറഞ്ഞുവരുന്നവരെ മുന്‍പും ഓടിച്ചിട്ടുണ്ടെന്നും മണി പറഞ്ഞിരുന്നു.
രാജേന്ദ്രന്റേത് വ്യാജ പട്ടയമാണെന്നും പൊതുമരാമത്ത് വകുപ്പ് പുറമ്പോക്കിലുൾപ്പെടുന്ന സ്ഥലത്താണ് വീടു നിർമിച്ചിരിക്കുന്നതെന്നും ആരോപണം ഉയർന്നിരുന്നു. എന്നാൽ തനിക്ക് എട്ടു സെന്റ് ഭൂമിയുണ്ടെന്നും പട്ടയമുണ്ടെന്നുമാണു രാജേന്ദ്രന്റെ അവകാശവാദം. രാജേന്ദ്രനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. രാജേന്ദ്രന്റെ വീട് പട്ടയഭൂമിയിലാണെന്നും അതു കയ്യേറ്റ ഭൂമിയാണെന്ന പ്രചാരണം നേരത്തേയുള്ളതാണെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രിയുടെ ഈ അഭിപ്രായത്തിനു എതിരായ നിലപാടാണ് വിഎസ് സ്വീകരിച്ചത്.
അതേസമയം, പട്ടയഭൂമിയിലാണ് തന്റെ വീടെന്ന ദേവികുളം എംഎൽഎ എസ്.രാജേന്ദ്രന്റെ വാദം പൊളിയുന്ന രേഖകൾ പുറത്തുവന്നിരുന്നു. ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയം നൽകിയതെന്ന രാജേന്ദ്രന്റെ വാദം തെറ്റാണെന്നു പൊളിഞ്ഞു. 2000 ൽ എ.കെ.മണി ലാൻഡ് അസൈൻമെന്റ് കമ്മിറ്റി ചെയർമാനായിരുന്ന കാലയളവിലാണു പട്ടയം നൽകിയതെന്നായിരുന്നു വാദം. എന്നാൽ രാജേന്ദ്രൻ പറയുന്ന കാലയളവിൽ കമ്മിറ്റി യോഗം ചേർന്നിട്ടില്ലെന്നാണ് ദേവികുളം താലൂക്കിൽനിന്നും ലഭിച്ചിരിക്കുന്ന വിവരാവകാശ രേഖയിൽനിന്നും വ്യക്തമായി. എ.കെ.മണി താലൂക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റി ചെയർമാനായിരുന്നതു 2001 മുതൽ 2006 വരെയാണ്. ഭൂമി കയ്യേറ്റ വിവാദങ്ങളെ തുടർന്ന് ഈ കാലയളവിൽ ലാൻഡ് അസൈൻമെന്റ് കമ്മിറ്റി കൂടേണ്ടെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു.
മംഗളം ചാനൽ നടത്തിയത് അധാർമിക പ്രവർത്തനം ആണെന്ന് ആരോപിച്ച് ചാനലിലെ ജീവനക്കാരി രാജിവച്ചു. ചാനലിലെ സബ് എഡിറ്ററായ അൽ നീമ അഷ്റഫാണ് രാജിവച്ചത്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് രാജിക്കാര്യം അറിയിച്ചത്. ചാനൽ തുടങ്ങുന്നതിനു മുൻപ് ബ്രേക്കിങ് വാർത്തകൾ കണ്ടെത്താൻ അഞ്ചംഗ ഇൻവെസ്റ്റിഗേഷൻ സംഘത്തെ നിയോഗിച്ചിരുന്നുവെന്നും, ഈ സംഘമാണ് എ.കെ.ശശീന്ദ്രന്റെ ഫോൺ സംഭാഷണം പുറത്ത് വിട്ടതെന്നും തനിക്ക് സംശയമുളളതായി അൽ നീമ അഷ്റഫ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ആ പരാതിക്കാരിയായ സ്ത്രീ? എന്ത് പരാതി പറയാനാണ് മന്ത്രിയെ സമീപിച്ചത്? ഫോണിന്റെ മറുതലക്കൽ ഉള്ള ആ സ്ത്രീയുടെ സംഭാഷണം എന്തിനാണ് എഡിറ്റ് ചെയ്ത് മാറ്റിയത്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം എല്ലാവരെയും പോലെ എനിക്കും അറിയാൻ ആഗ്രഹമുണ്ട്. മംഗളം ഈ വാർത്ത പുറത്തുവിട്ടതോടെ സംസ്ഥാനത്തെ മുഴുവൻ വനിതാ മാധ്യമ പ്രവർത്തകരും സംശയത്തിന്റെ നിഴലിലാകുകയും അപമാനിതരാകുകയും ചെയ്യുന്ന സാഹചര്യം ഉണ്ട്. ഇത് സങ്കടകരമാണെന്നും അതിനാൽ രാജിവയ്ക്കുകയാണെന്നുമാണ് അൽ നീമ പറയുന്നത്.
അൽ നീമയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇന്നലെ വരെ മംഗളത്തിൽ ജോലി ചെയ്ത ഞാൻ ഇന്ന് രാജി വച്ചു.രാജി കത്ത് ബന്ധപ്പെട്ടവർക്ക് കൈമാറിയതിന് ശേഷമാണ് ഈ പോസ്റ്റ് എഴുതുന്നത്. ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്ത ജോലിയായിരുന്നു ഇത്. പ്രധാനപ്പെട്ട മീഡിയ ഹൗസിന്റെ ഭാഗമായ ചാനലിൽ ജോലി കിട്ടിയപ്പോൾ സന്തോഷിക്കുകയും ചെയ്തു. പക്ഷേ മാധ്യമ പ്രവർത്തക എന്ന നിലയിൽ മാത്രമല്ല സ്ത്രീയെന്ന നിലയിലും അസഹ്യമായ സാഹചര്യമായതിനാലാണ് രാജി വച്ചത്.ആദ്യ വാർത്ത തന്നെ അവിടെ ജോലി ചെയ്യുന്നവരെ അപാമനകരമായ സാഹചര്യത്തിലാണ് എത്തിച്ചിരിക്കുന്നത്. ഇത് ഒരു അളവോളം പ്രതീക്ഷിച്ചിരുന്നു.എന്നാൽ ഇത്രക്കു തരം താഴ്ന്ന രീതിയിൽ ആകുമെന്ന് കരുതിയിരുന്നേയില്ല.
കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ഞാൻ മംഗളത്തിൽ ജോയിൻ ചെയ്തത്.ആ ഘട്ടത്തിൽ തന്നെ 5 റിപ്പോർട്ടർമാരെ ഉൾപ്പെടുത്തി ഒരു ഇൻവെസ്റ്റിഗേഷൻ ടീമിനെ രൂപീകരിച്ചിരുന്നു. ആ സംഘത്തിലേക്ക് എന്നെയും നിർദ്ദേശിച്ചിരുന്നു.എന്നാൽ ഞാൻ അതിന് തയ്യാർ അല്ല എന്ന് അറിയിച്ചിരുന്നു. ഇൻവെസ്റ്റിഗേഷൻ ടീമിന്റെ ഉദ്ദേശങ്ങൾ എന്റെ പ്രതീക്ഷയിലെ മാധ്യമ പ്രവർത്തനം അല്ല എന്ന് അപ്പോൾ തന്നെ തോന്നിയതിനാലാണ് അങ്ങനെ പറഞ്ഞത്.
മന്ത്രി എ.കെ ശശിന്ദ്രനുമായി ബന്ധപ്പെട്ട വിവാദ വാർത്ത, ചാനൽ പുറത്ത് വിട്ടപ്പോളാണ് ഞാനും അറിഞ്ഞത്. എന്നാൽ വലിയ ചാനൽ ബ്രേക്കിംഗ് ന്യൂസ് ഉണ്ടാകുമെന്ന് സൂചന തന്നിരുന്നുവെങ്കിലും, പക്ഷേ ഇങ്ങനെ ഒരു വാർത്ത ആണ് എന്ന് അറിയില്ലായിരുന്നു.തുടക്കത്തിൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ രൂപീകരണ സമയത്ത് പറഞ്ഞ കാര്യങ്ങളുമായി ചേർത്ത് ആലോചിച്ചപ്പോൾ ഇതിലെ ശരികേട് പൂർണമായും ബോധ്യപ്പെട്ടത്. എന്റെ മനസ്സിൽ പല ചോദ്യങ്ങളും ഉണ്ട്. ആരാണ് ആ പരാതിക്കാരിയായ സ്ത്രീ ? ,എന്ത് പരാതി പറയാനാണ് ട്രാൻസ്‌പോർട് മന്ത്രിയെ സമീപിച്ചത്?, ഫോണിന്റെ മറുതലക്കൽ ഉള്ള ആ സ്ത്രീയുടെ സംഭാഷണം എന്തിനാണ് എഡിറ്റ് ചെയ്ത് മാറ്റിയത്?.ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം എല്ലാവരെയും പോലെ എനിക്കും അറിയാൻ ആഗ്രഹമുണ്ട്. മറ്റ് ചില ചോദ്യങ്ങൾ കൂടി എന്റെ ഉള്ളിൽ ഉണ്ട്.
ഈ സംഭവത്തോടെ സംസ്ഥാനത്തെ മുഴുവൻ വനിതാ മാധ്യമ പ്രവർത്തകരും സംശയത്തിന്റെ നിഴലിലാക്കുകയും അപമാനിതരാക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ട്.അത് സങ്കടകരമാണ്.
ഞാൻ പഠിക്കുമ്പോഴും ജോലി ചെയ്ത് തുടങ്ങിയപ്പോഴും മാധ്യമ പ്രവർത്തനത്തെ കുറിച്ച് എനിക്ക് ഉണ്ടായിരുന്ന സങ്കൽപങ്ങൾ ഏതായാലും ഇവിടെ ഇപ്പോൾ നടക്കുന്നത് അല്ല. ഇവിടുന്ന് പുറത്ത് ഇറങ്ങിയാലും യഥാർത്ഥ ജേർണലിസം ചെയ്യാൻ ആകുമെന്ന പ്രതീക്ഷ എനിക്ക് ഉണ്ട്. എല്ലാവർക്കും നന്ദി.
മാസം തികയാതെ ജനിച്ച കുഞ്ഞിനു മതിയായ ചികിത്സ ലഭ്യമാക്കാതെ മറവു ചെയ്ത കേസിൽ വീട്ടമ്മ അറസ്റ്റിൽ. പറക്കോട് ടിബി ജംഗ്ഷനിൽ സബ് സ്റ്റേഷനു സമീപമുള്ള വീടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്താണ് ഒരു കാൽ ഇല്ലാത്ത നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്നു നടന്ന അന്വേഷണത്തിലാണ് വീട്ടമ്മ അറസ്റ്റിലായത്. ഇവരെ ഇന്നലെ അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.എന്നാല്‍ വീട്ടമ്മ പറയുന്ന വിചിത്ര കഥ കേട്ട് ഞെട്ടിയത് പോലിസ് ആയിരുന്നു .
താന്‍ ഗര്‍ഭിണിയാണെന്ന് അറിയില്ലായിരുന്നു എന്നാണ് വീട്ടമ്മ പറയുന്നത് .കഴിഞ്ഞ 18 നാണ് വീടിന്റെ ടോയ്‌ലറ്റിൽ പ്രസവം നടന്നത്. രാത്രി പത്തരയോടെ കഠിനമായ വയറുവേദന തോന്നി ടോയ്‌ലറ്റിൽ കയറിയപ്പോഴാണ് പ്രസവം നടന്നത്. അമിതരക്തസ്രാവം ഉണ്ടാവുകയും കുട്ടി പുറത്തേക്ക് വരികയുമായിരുന്നു. ഉടൻ തന്നെ ആശ പൊക്കിൾ കെടി മുറിച്ചു മാറ്റി. തുടർന്ന് വീടിന് അരികിലായി തന്നെ മൃതദേഹം മറവു ചെയ്തു.
നാലു ദിവസത്തിന് ശേഷമാണ് തെരുവനായ്ക്കൾ മൃതദേഹം വലിച്ചു പുറത്തിട്ടത്. ഇവരുടെ ഭർത്താവ് അജി വിദേശത്താണ്. രണ്ടു കുട്ടികളുമുണ്ട്. കുഞ്ഞ് ഭർത്താവിന്റേത് തന്നെയാണെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. കഴിഞ്ഞ മൂന്നു ദിവസമായി പത്തനംതിട്ട വനിതാ സെല്ലിൽ ആശയെ ചോദ്യം ചെയ്തു വരികയായിരുന്നു. നാണക്കേട് കാരണമാണ് മൃതദേഹം ആരെയും അറിയിക്കാതെ മറവു ചെയ്തത്. മൂത്ത കുട്ടികൾ സ്‌കൂളിൽ പഠിക്കുന്നു.
അവർക്കും ഭർത്താവിനും തനിക്കുമുണ്ടാകുന്ന നാണക്കേട് ഓർത്തപ്പോൾ ആരെയും അറിയിക്കാൻ തോന്നിയില്ല. കുട്ടി പുറത്തു വന്നത് മരിച്ചായിരുന്നു. ഡിഎൻഎ ടെസ്റ്റ് നടത്താൻ താൻ ഒരുക്കമാണെന്നും ആശ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ജൂൺ-ജൂലൈ മാസങ്ങളിൽ അജി നാട്ടിലുണ്ടായിരുന്നു. എന്നാൽ, പിന്നീട് ഗർഭിണിയായ വിവരം ആശ ആരോടും പറഞ്ഞിരുന്നില്ല. കുട്ടിയുണ്ടായതുംമരിച്ചതും ഇവർ അജിയെ അറിയിച്ചില്ല. താൻ പോലും ഗർഭിണിയാണെന്ന് അറിയുന്നത് കുഞ്ഞ് ഉണ്ടായതിന് ശേഷമാണെന്ന വിചിത്രമായ മൊഴിയാണ് ആശയ്ക്ക്. അതേസമയം, ഇക്കാര്യം ഡോക്ടർമാർ തള്ളിക്കളഞ്ഞു. ഗർഭിണിയായ ഒരു സ്ത്രീയ്ക്ക് അഞ്ചാം മാസം മുതൽ ഇക്കാര്യം അറിയാൻ കഴിയും. അതിന് മുൻപും ഇതിനുള്ള സംവിധാനങ്ങളുണ്ട്.
23 ന് വൈകിട്ട് നാലിനാണ് വീടിന് സമീപത്ത് നിന്ന് മൃതദേഹം ലഭിക്കുന്നത്. നാലുദിവസം പഴക്കമുള്ള മൃതദേഹം ജീർണിച്ചു തുടങ്ങിയിരുന്നു. ഒരു കാൽ അറ്റു പോയ നിലയിലായിരുന്നു. സംശയം തോന്നിയ പൊലീസ് ഉടൻ തന്നെ ആശയെ കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയിൽ ഇവർ പ്രസവിച്ചുവെന്ന കാര്യം വ്യക്തമായി. കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തിലാണ് ഇവർ ജോലി ചെയ്യുന്നത്. വിവമറിഞ്ഞ് ഭർത്താവ് നാട്ടിലെത്തിയിട്ടുണ്ട്. ഗർഭിണിയായിട്ടും വേണ്ട ചികിൽസ നൽകാതിരുന്നതിനും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ഒന്നും ചെയ്യാത്തതിനും വിവരം മറച്ചുവച്ചതിനുമാണ് കേസെടുത്തിട്ടുള്ളത്.കുഞ്ഞ് ജനിച്ചപ്പോഴേ മരിച്ചിരുന്നോ അതോ കൊലപ്പെടുത്തിയതാണോ എന്ന് മനസിലാക്കാൻ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കഴിഞ്ഞിട്ടില്ല. മൃതദേഹം ജീർണിച്ചിരുന്നതാണ് ഇതിന് കാരണം. കോടതിയിൽ ഹാജരാക്കിയ ആശയെ റിമാൻഡ് ചെയ്തു.
മന്ത്രി ശശീന്ദ്രനെ കുടുക്കിയ മാധ്യമപ്രവര്‍ത്തക എന്ന പേരില്‍ ഒരു മലയാള ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്തയില്‍ തന്റെ ചിത്രം ഉപയോഗിച്ചതിനു എതിരെ മാധ്യമപ്രവര്‍ത്തക സുനിത ദേവദാസ് രംഗത്ത് വന്നു . ആരോപണവിധേയമായ ഓണ്‍ലൈന്‍ പത്രം തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും തന്റെ അറിവോ സമ്മതമോ ഇല്ലാത്ത ചിത്രം എടുക്കുകയും അത് മുഖം മറച്ച നിലയില്‍ വാര്‍ത്തയില്‍ ചേര്‍ക്കുകയും ചെയ്തതിനു എതിരെയാണ് സുനിത ശക്തമായ പ്രതികരണവുമായി വന്നത് .
മാധ്യമപ്രവര്‍ത്തനം എന്നാല്‍ എന്നു മുതലാണ് ഇങ്ങനെയൊക്കെയായത്? എന്ന് കടുത്ത ഭാഷയില്‍ ചോദിച്ചു കൊണ്ടാണ് സുനിത പരസ്യമായി ഓണ്‍ലൈന്‍ മാധ്യമത്തിനു എതിരെ ഫേസ്ബുക്കില്‍ പ്രതികരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ തന്‍റെ ഫോട്ടോ ദുരുപയോഗം ചെയ്ത മാധ്യമത്തിനെതിരെ നിയമ നടപടികള്‍ക്കൊരുങ്ങുകയാണ് സുനിത ഇപ്പോള്‍. അയര്‍ലണ്ടില്‍ താമസിക്കുന്ന സിബി സെബാസ്റ്റ്യന്‍ എന്ന ആളുടെ ഉടമസ്ഥതയിലുള്ള ഈ പത്രം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ആസ്ട്രേലിയയിലാണ്.
മന്ത്രിയെ കുടുക്കിയ മാധ്യമപ്രവര്‍ത്തകയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് എന്ന് പറഞ്ഞാണ് സുനിതയുടെ ചിത്രം ചേര്‍ത്ത വാര്‍ത്ത വന്നിരിക്കുന്നത്.മന്ത്രിയുമായി ഫോണില്‍ സംസാരിച്ച വീട്ടമ്മയായ റിപ്പോര്‍ട്ടര്‍ എന്നും വാര്‍ത്തയില്‍ പറയുന്നുണ്ട് .നേരത്തെയും നടി സാന്ദ്ര തോമസിന്റെ ചിത്രം തെറ്റായി ഉപയോഗിച്ചു എന്ന ആരോപണം ഈ ഓണ്‍ലൈന്‍ മാധ്യമം നേരിട്ടിട്ടുണ്ട്. മറ്റൊരു സാന്ദ്ര തോമസിന്റെ വാര്‍ത്തയ്ക്ക് ഒപ്പം നടിയും നിര്‍മ്മാതാവും ആയ സാന്ദ്ര തോമസിന്റെ ചിത്രം വാര്‍ത്തയില്‍ വന്നതിനു എതിരെ അന്ന് നടി രൂക്ഷപ്രതികരണവുമായി രംഗത്ത് വന്നിരുന്നു. സമാനമായ സംഭവം ആണ് ഇപ്പോള്‍ സുനിത ദേവദാസിനും ഉണ്ടായത്.
ഓസ്‌ട്രേലിയയിലുള്ള തങ്ങളുടെ കുട്ടികളെയും പേരക്കുട്ടികളെയും കാണാനും അവര്‍ക്കൊപ്പം കുറച്ച് കാലം താമസിക്കാനും മാതാപിതാക്കള്‍ക്ക് അവസരമേകുന്ന വിസ പദ്ധതി ഓസ്ട്രേലിയ നടപാക്കാന്‍ ഒരുങ്ങുന്നു .ഓസ്‌ട്രേലിയക്കാരുടെ മാതാപിതാക്കന്‍മാര്‍ക്കായി ഒരു പുതിയ ടെംപററി വിസ ഏര്‍പ്പെടുത്താനുള്ള ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ പദ്ധതി ജൂലൈ 2017 മുതല്‍ ഇത് നടപ്പിലാകുമെന്നാണ് അറിയുന്നത് .
ഈ പദ്ധതിയെ കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായം അറിയാന്‍ അടുത്തിടെ ഒരു സര്‍വേ നടത്തിയിരുന്നു .ഓസ്‌ട്രേലിയയിലെ തങ്ങളുടെ കുടുംബത്തിനൊപ്പം അഞ്ച് വര്‍ഷം വരെ താമസിക്കാന്‍ സ്‌പോണ്‍സേഡ് പാരന്റ്‌സിന് നിലവിലുളള വിസ സിസ്റ്റം പരിഷ്‌കരിക്കുമെന്ന് കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനിടെ ഗവണ്‍മെന്റ് വാഗ്ദാനം ചെയ്തിരുന്നു. ഓസ്‌ട്രേലിയയിലുള്ള തങ്ങളുടെ കുട്ടികളെയും പേരക്കുട്ടികളെയും കാണാനും അവര്‍ക്കൊപ്പം കുറച്ച് കാലം താമസിക്കാനും മാതാപിതാക്കള്‍ക്ക് അവസരമേകുന്നതിനൊപ്പം അവര്‍ ഓസ്‌ട്രേലിയന്‍ സമൂഹത്തിന് ഒരു ഭാരമാകാതിരിക്കാനും ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് ഈ വിസ സമ്പ്രദായമെന്നാണ് ഡിഐബിപി വക്താവ് വെളിപ്പെടുത്തിയിരിക്കുന്നത്.നിലവില്‍ ഓസ്‌ട്രേലിയയിലെ മക്കളോടൊപ്പം കഴിയാന്‍ പാരന്റ്‌സിന് മറ്റ് നിരവധി വിസ ഓപ്ഷനുകള്‍ നിലവിലുണ്ടെങ്കിലും ഇക്കാര്യത്തില്‍ പുതിയൊരു സമീപനം ആവശ്യമാണെന്നാണ് സമൂഹത്തില്‍ നിന്നുള്ള ഫീഡ് ബാക്ക് വെളിപ്പെടുത്തിയിരിക്കുന്നതെന്നും അതനുസരിച്ചാണ് അഞ്ച് വര്‍ഷം വരെ തങ്ങാനനുവദിക്കുന്ന പുതിയ വിസ നടപ്പിലാക്കാന്‍ ഒരുങ്ങുന്നതെന്നും ഡിഐബിപി വക്താവ് വെളിപ്പെടുത്തുന്നു.
ഇത് പ്രകാരം നിലവിലുള്ള ടെംപററി സ്റ്റേ പാരന്റ് വിസ ദീര്‍ഘിപ്പിക്കുന്നതിനായി ആളുകള്‍ ഒരു എഴുതിത്തയ്യാറാക്കിയ സബ്മിഷന്‍ സമര്‍പ്പിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്.അല്ലെങ്കില്‍ [email protected].വിലേക്ക് ഇക്കാര്യം സൂചിപ്പിച്ച് കൊണ്ട് ഒരു ഇമെയില്‍ അയക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.
അടുത്ത വര്‍ഷത്തെ ഇത്തരം വിസക്കുള്ള സബ്മിഷനുകള്‍ 2016 ഒക്ടോബര്‍ 31ന് അര്‍ധരാത്രി വരെയായിരുന്നു സ്വീകരിച്ചിരുന്നത്.2018ലേക്കുള്ള അപേക്ഷകള്‍ ഈ വര്‍ഷം സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ നിശ്ചിത എണ്ണം പേര്‍ക്ക് മാത്രമേ ഈ വിസ അനുവദിക്കുന്നുള്ളൂ. അതായത് 2016-2017 കാലത്തേക്ക് 8675 പേര്‍ക്കാണ് ഇത്തരം വിസ അനുവദിക്കുന്നത്. ഇതിനുള്ള ഡിമാന്‍ഡ് ലഭ്യമായ വിസകളേക്കാള്‍ വളരെ കൂടുതലായതിനാല്‍ ഓരോ വര്‍ഷവും പരിധി നിശ്ചയിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയാണ്.
ഒന്നരകോടിയുടെ കാര്‍ വാങ്ങിയ ദിവസം തന്നെ കട്ടപുറത്തു കയറിയാലോ ? കോണ്‍ഗ്രസ്സിന്റെ മാംഗ്ലൂര്‍ സിറ്റി നോര്‍ത്ത് എംഎല്‍എ മൊയ്തീന്‍ ബാവയ്ക്കാണ് ഈ അവസ്ഥ വന്നത് .ആര്‍ക്കും അധികം ഇല്ലാത്ത കാര്‍ വാങ്ങണം എന്ന മോഹത്തില്‍ ആണ് അദ്ദേഹം വോവോയുടെ XC90 T9 എക്സ്സെല്ലന്‍സ് കാര്‍ സ്വന്തമാക്കിയത് .
1.69 കോടിയാണ് വാഹനത്തിന്റെ വില. കഴിഞ്ഞ ശനിയാഴ്ച്ച വാങ്ങിയ കാര്‍ ഇതുവരെയും ഓടിക്കാന്‍ ഭാഗ്യം കിട്ടിയില്ല എന്ന് പറഞ്ഞാല്‍ മതിയല്ലോ .കാര്‍ ഇപ്പോള്‍ സര്‍വീസ് സെന്ററിലാണ്. ഇന്ധനം നിറയ്ക്കാന്‍ വേണ്ടി പമ്പില്‍ പോയപ്പോള്‍ പറ്റിയ ചെറിയ അബദ്ധം. പെട്രോളിന് പകരം ഡീസല്‍ നിറച്ചു. ബാവയുടെ മകനാണ് ഇന്ധനം നിറയ്ക്കാന്‍ പമ്പില്‍ പോയിരുന്നത്. മകന്‍ പെട്രോള്‍ നിറയ്ക്കണമെന്ന് കൃത്യമായി പറഞ്ഞിരുന്നുവെങ്കിലും പമ്പ് ജീവനക്കാരന് ഡീസല്‍ അടിയ്ക്കുകയായിരുന്നു.പെട്രോള്‍ നിറയ്ക്കണമെന്ന വ്യക്തമായ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും പണമടച്ച് വരുമ്പോള്‍ മകന്‍ കണ്ടത് പമ്പ് ജീവനക്കാരന്‍ ഡീസില്‍ നിറച്ചിരിക്കുന്നതാണ്.
ഡീസല്‍ നിറച്ച പമ്പ് ജീവനക്കാരനോട് എംഎല്‍എയ്ക്ക് രോഷമൊന്നുമില്ല. തെറ്റുകള്‍ മനുഷ്യസഹജമാണെന്നും യന്ത്രങ്ങളേക്കാള്‍ തങ്ങള്‍ മനുഷ്യരെ ബഹുമാനിക്കുന്നു എന്നാണ് ബാവയുടെ പ്രതികരണം. സംഭവത്തില്‍ ജീവനക്കാരന്‍ ക്ഷമാപണം നടത്തി. കാര്‍ അറ്റകുറ്റ പണികള്‍ക്കായി സര്‍വീസ് സെന്ററിലേക്ക് അയച്ചിരിക്കുകയാണ്.മാഗ്ലൂരിലെ ബാവ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ മാനേജിങ് ഡയറക്ടറും ചെയര്‍മാനുമാണ് ബാവ. 15 കോടിയുടെ ആസ്തി ഉണ്ടെന്നായിരുന്നു 2013ലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ബാവ വെളിപ്പെടുത്തിയിരുന്നത്. 2008ല്‍ ഉണ്ടായിരുന്ന ആസ്തി ഒരു കോടിയും. അഞ്ച് വര്‍ഷത്തിനിടെ ആസ്തി 15 മടങ്ങ് വര്‍ധിച്ചു.
പ്രശ്നങ്ങള്‍ എല്ലാം ഒന്ന് കെട്ടടങ്ങിയതോടെ ജയിലില്‍ ചിന്നമ്മയ്ക്ക് സുഖവാസം എന്ന് ആരോപണം .അനധികൃത സ്വത്ത് സമ്പാദന കേസില്‍ തടവുശിക്ഷയനുഭവിക്കുന്ന അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ.ശശികലയ്ക്ക് പാരപ്പന അഗ്രഹാര ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് സഹതടവുകാരുടെ ആരോപണം.
ജയില്‍ വസ്ത്രമായ വെള്ള സാരിക്ക് പകരം ശശികല ചുരിദാറാണ് ധരിക്കുന്നത്. ജയില്‍ഭക്ഷണത്തിന് പകരം ശശികലയ്കക്് വീട്ടില്‍ നിന്നുള്ള ആഹാരം ലഭിക്കുന്നു. ഭാരിച്ച ജോലികള്‍ ഒഴിവാക്കി ഒഴിവുസമയങ്ങളില്‍ തോട്ടം നനയ്ക്കലാണ് ഇവര്‍ക്കു നല്‍കിയിരിക്കുന്നതത്രേ. ജയിലിലേക്കു പ്രവേശിക്കുന്നതിനും പുറത്തു കടക്കുന്നതിനും മറ്റു തടവുകാരെപ്പോലെ പൊക്കം കുറഞ്ഞ ബിഗേറ്റുകളല്ല ഉപയോഗിക്കുന്നതെന്നും പരാതിയുണ്ട്.നടുവളച്ചു കുനിഞ്ഞു കടക്കേണ്ട ബി-ഗേറ്റുകള്‍ക്ക് പകരം ഉദ്യോഗസ്ഥരും മറ്റും ഉപയോഗിക്കുന്ന വഴിയിലൂടെയാണ് ശശികലയുടെ യാത്രയെന്നാണ് ആരോപണം. എന്നാല്‍ ഇത്തരം ഇളവുകള്‍ മുന്‍പും പലര്‍ക്കും നല്‍കിയിട്ടുണ്ടെന്നും അസ്വാഭാവികമായി ഒന്നുമില്ലെന്നുമാണ് ജയില്‍ അധികൃതരുടെ നിലപാട്. ജയിലില്‍ സഹോദരഭാര്യ ജെ. ഇളവരശിയുടെ സഹായത്തോടെ ശശികല ആത്മകഥാ രചനയ്ക്കുള്ള ഒരുക്കങ്ങളിലാണെന്നും റിപ്പോര്‍ട്ടുണ്ട്.
കൊല്ലത്ത് ഗുരുതരാവസ്ഥയിലുള്ള രോഗിയെ കൊണ്ട് പോകാനുള്ള ആംബുലന്‍സിന്റെ താക്കോല്‍ വനിതാ ഡോക്ടര്‍ ഊരിയ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കേസ്. രോഗിയെ മരണത്തിലേക്ക് നയിച്ചേക്കാവുന്ന കുറ്റത്തിനാണ് കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തത്. തന്റെ ആഡംബര കാറില്‍ ആംബുലന്‍സ് ഉരഞ്ഞെന്ന് ആരോപിച്ചാണ് വനിതാ ഡോക്ടര്‍ ആംബുലന്‍സിന്റെ താക്കോല്‍ ഊരിയത്. കൊല്ലം നഗരത്തില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് സംഭവമുണ്ടായത്. ഹൃദയാഘാതത്തെത്തുടര്‍ന്ന് അത്യാസന്ന നിലയിലായ രോഗയിയുമായി കരുനാഗപള്ളിയില്‍ നിന്നും കൊല്ലം ജില്ലാ ആശുപത്രിയിലെത്തിയ ആംബുലന്‍സിന്റെ താക്കോല്‍ വനിതാ ഡോക്ടര്‍ ഊരിക്കൊണ്ട് പോയി. തന്റെ ആഡംബര കാറില്‍ ആംബുലന്‍സ് ഉരഞ്ഞെന്ന് ആരോപിച്ചായിരുന്നു ഡോക്ടറുടെ നടപടി. താക്കോല്‍ ഡോകടര്‍ കൊണ്ട് പോയത് മൂലം രോഗിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റാനുള്ള നീക്കം 20 മിനിറ്റ് വൈകി. മറ്റൊരു ആംബുലന്‍സ് വിളിച്ച് വരുത്തിയാണ് രോഗിയെ തിരുവനന്തപുരത്തേക്ക് എത്തിച്ചത്. കുറ്റം ചെയ്‌തെന്ന് വ്യക്തമായതോടെ വനിതാ ഡോക്ടര്‍ക്കെതിരെ കൊല്ലം ഈസ്റ്റ് എസ്‌ഐ രൂപേഷ് കേസെടുത്തു. രോഗിയെ മരണത്തിലേക്ക് നയിച്ചേക്കാവുന്ന കുറ്റത്തിന് ഇവരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. തന്റെ വാഹനത്തില്‍ മനപ്പൂര്‍വം ആംബുലന്‍സ് കൊണ്ട് തട്ടിയതാണെന്നും ഡ്രൈവർ മദ്യപാനിയാണെന്നുമാണ് വനിതാ ഡോക്ടറുടെ വിശദീകരണം.
മുംബൈയിൽ മത്സ്യബന്ധന തൊഴിലാളികളുടെ വലയിൽ കുരുങ്ങിയ ഭീമൻ മത്സ്യം കൊമ്പൻ സ്രാവാണെന്നു തിരിച്ചറിഞ്ഞു. മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ ഞായറാഴ്ച രാവിലെയാണ് പ്രദേശവാസികളായ മത്സ്യബന്ധന തൊഴിലാളികൾ കൂറ്റൻ മത്സ്യവുമായെത്തിയത്. 15 അടി നീളവും 700 കിലോഗ്രാം ഭാരവുമുണ്ടായിരുന്നു മീനിന്.
സോഫിഷ് എന്നറിയപ്പെടുന്ന നീണ്ടമൂക്കും ഇരുവശവും ഈർച്ചവാളിനു സമാനമായ പല്ലുകളുമുള്ള മത്സ്യം കൊമ്പൻ സ്രാവാണെന്നു ഗവേഷകർ പറഞ്ഞു. അതീവ വംശനാശന ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെട്ടതാണ് ഈ സ്രാവ്. വന്യജീവി സംരക്ഷണ നിയമ പ്രകാരം ഈ ജീവികളെ പിടിക്കുന്നത് കുറ്റകരമാണ്.
ശനിയാഴ്ച വൈകിട്ടു വിരിച്ച മത്സ്യബന്ധന വലയിൽ കുടുങ്ങിയതായിരുന്നു മത്സ്യം. മുനീർ മുജ്വാറെന്ന മത്സ്യബന്ധനത്തൊഴിലാളിയുടെ വലയിലാണ് കൊമ്പൻ സ്രാവ് കുരുങ്ങിയത്. സാധാരണ വലയിൽ കുരുങ്ങിയാൽ ഇത്തരം മത്സ്യങ്ങൾ വലയറുത്തു പുറത്തു പോവുകയാണ് പതിവ്. എന്നാൽ ഈ മത്സ്യത്തിനു രക്ഷപെടാനായില്ല. എന്തായാലും മത്സ്യവിപണിയിൽ 1.5 ലക്ഷം രൂപയ്ക്കാണ് കൊമ്പൻ സ്രാവ് വിറ്റുപോയത്