Latest News

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണ കേസില്‍ 2013ല്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഫ്‌സല്‍ഗുരുവിന്റെ അനുസ്മരണം നടത്തിയതിന് ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തു അഫ്‌സല്‍ഗുരു അനുസ്മണ ചടങ്ങില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതിനേ തുടര്‍ന്നാണ് നടപടി. കനയ്യ കുമാറിനെതിരെ ഐപിസി 124 എ ( രാജ്യദ്രോഹം), 120 ബി (കുറ്റകരമായ ഗൂഢാലോചന)ഏന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
അനുസ്മണ ചടങ്ങില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത് ചൂണ്ടിക്കാട്ടി ബി.ജെപി എം.പി മഹേഷ് ഗിരിയും എ.ബി.വി.പിയും വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ഇന്നലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മഫ്തിയില്‍ യൂണിവേഴ്‌സിറ്റി കാമ്പസിലെത്തിയ രണ്ട് പൊലീസുകാര്‍ കനയ്യ കുമാറിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി.

ചൊവ്വാഴ്ചയായിരുന്നു വിവാദമായ പരിപാടി ജെ.എന്‍യുവില്‍ നടന്നത്. ഇതിനെതിരെ എ.ബി.വി.പി. രംഗത്ത് വരികയും കാമ്പസില്‍ സംഘര്‍ഷമുണ്ടാകുകയും ചെയ്തിരുന്നു. സ്റ്റുഡന്റ്‌സ് യൂണിയന്റെ പരിപാടിക്ക് യൂണിവേഴ്‌സിറ്റി അനുമതി നല്‍കിയിരുന്നില്ല. രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ പ്രയോഗിച്ചതില്‍ പ്രതിഷേധിച്ച് എ.ബി.വി.പി ഇന്ന് രാജ്പത്ത് റോഡ് ഉപരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയുടെ അവസാന ബജറ്റ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ചു. രണ്ടു മണിക്കൂര്‍ 54 മിനിറ്റ് നീണ്ട ബജറ്റ് അവതരണം ഏറ്റവും നീളമേറിയ ബജറ്റ് പ്രസംഗം കൂടിയായി മാറി. ചോര്‍ന്ന ബജറ്റാണ് അവതരിപ്പിക്കുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷം ബജറ്റ് അവതരണം ബഹിഷ്‌കരിച്ചിരുന്നു. ബജറ്റ് പ്രസംഗം ആരംഭിക്കുന്നവതിനു മുമ്പുതന്നെ പ്രതിപക്ഷം കണക്കുകള്‍ പുറത്തു വിട്ടു. ഭരണപക്ഷ അംഗങ്ങള്‍ക്കും ഇതിന്റെ പകര്‍പ്പ് നല്‍കിയ ശേഷമായിരുന്നു പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്. റബറിനും തേങ്ങയ്ക്കും വിലസ്ഥിരത ഉറപ്പാക്കാനായി വിഹിതം അനുവദിച്ച ബജറ്റില്‍ റബറിനു മാത്രം 500 കോടി രൂപയാണ് നീക്കി വച്ചത്. റോഡ് വികസനത്തിനു പാലങ്ങളുടെ നിര്‍മാണത്തിനുമായി 1206 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
ക്ഷേമപദ്ധതികള്‍ പലതും കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയെന്ന വിമര്‍ശനവും ബജറ്റില്‍ മുഖ്യമന്ത്രി ഉന്നയിച്ചു. തൊഴിലുറപ്പു പദ്ധതിക്ക് കേന്ദ്രം തുരങ്കം വയ്ക്കുകയാണ്. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് പദ്ധതിയുടെ ചുവടു പിടിച്ചാണ് കേന്ദ്രം ഈ പദ്ധതി ആരംഭിച്ചത്. അടുത്ത വര്‍ഷം ആയിരം സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 25 കോടി മാറ്റിവെച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നോളജ് സിറ്റി, വനിതാ സംരംഭകര്‍ക്കായി നിക്ഷേപക സോണുകള്‍, സൈബര്‍ പാര്‍ക്കിന് 25.6 കോടി രൂപ, ഓരോ വീട്ടിലും രണ്ട് എല്‍ഇഡി ബള്‍ബുകള്‍ സൗജന്യമായി നല്‍കും തുടങ്ങിയ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്.

വിദ്യാഭ്യാസ വായ്പ കുടിശിക തിരിച്ചടവിനായി 200 കോടി അനുവദിച്ചു. സംസ്ഥാനത്തെ 100 സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും. തൊഴില്‍ അധിഷ്ഠിത വിദ്യാഭ്യാസത്തിന് 12.9 കോടി, സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ അധ്യാപനം മെച്ചപ്പെടുത്താനായി 5.3 കോടി എന്നിവയും അനുവദിച്ചു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ നിലവാരം പുലര്‍ത്തുന്ന പത്തുകോളേജുകളെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി ഉയര്‍ത്തുവാന്‍ 12 കോടി രൂപ. എറണാകുളം മഹാരാജാസ് കോളെജ് സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍ കോളെജാക്കുവാന്‍ മൂന്നുകോടി രൂപ

ആരോഗ്യമേഖലയ്ക്കായി 1013.11 കോടി രൂപ അനുവദിച്ചു. മെറ്റേണിറ്റി യൂണിറ്റുകള്‍ നിലവില്‍ ഇല്ലാത്ത താലൂക്ക് ആശുപത്രികള്‍ക്കായി അതിന്റെ നിര്‍മാണത്തിനായി 16 കോടി, കൊച്ചി ബിനാലെക്ക് 7.5 കോടി രൂപ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികള്‍ക്കായി 18.3 കോടി രൂപ, പരിയാരം മെഡിക്കല്‍ കോളെജിന് 100 കോടി വകയിരുത്തി. മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കും. ആയുര്‍വേദ മെഡിക്കല്‍ കോളെജുകള്‍ക്കായി 33 കോടി, ഹോമിയോ വിദ്യാഭ്യാസത്തിനായി 19.81 കോടി എന്നിവയും അനുവദിച്ചു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി 10 കോടി രൂപ വകയിരുത്തി. ക്യാന്‍സര്‍ ബാധിതരായ പട്ടികജാതിക്കാര്‍ക്ക് പരിപൂര്‍ണ സൗജന്യ ചികിത്സ, തന്റേടം ജെന്‍ഡര്‍ പാര്‍ക്കുകള്‍ക്കായി 10 കോടി എന്നീ പ്രഖ്യാപനങ്ങളുമുണ്ട്. വാര്‍ധക്യ പെന്‍ഷന്‍ 1000ല്‍ നിന്നും 1500 ആക്കി ഉയര്‍ത്തി. പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന അന്ധരായ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് നല്‍കും. സെറിബ്രല്‍ പാള്‍സി ബാധിച്ച കുട്ടികള്‍ക്ക് അനുബന്ധ ചികിത്സ ലഭ്യമാക്കുന്ന പദ്ധതി തുടങ്ങും. ഡയാലിസിസ് സെന്ററുകളെ പ്രോത്സാഹിപ്പിക്കാന്‍ 10 കോടിയും ബജറ്റില്‍ വകയിരുത്തി.

ഉമ്മന്‍ചാണ്ടി സഭയില്‍ അവതരിപ്പിക്കുന്ന ബജറ്റ് ചോര്‍ന്നെന്ന് ആരോപിച്ച് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കണക്കുകള്‍ മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയ ഉടന്‍ പ്രതിപക്ഷം പുറത്തുവിട്ടിരുന്നു. ധനക്കമ്മിയും, റവന്യൂകമ്മിയും ഉള്‍പ്പെടെയുളള വിവരങ്ങളാണ് പുറത്തുവിട്ടത്. ഇതില്‍ പലതും ഉമ്മന്‍ചാണ്ടി അവതരിപ്പിച്ച കണക്കുകളുമായി സാമ്യമുളളതാണ്

പ്രതിപക്ഷം പുറത്തുവിട്ട കണക്കുകള്‍

ധനക്കമ്മി 19971 കോടി രൂപ
റവന്യുകമ്മി 9897 കോടി രൂപ
പ്രതീക്ഷിക്കുന്ന റവന്യൂ വരുമാനം 84092 കോടിരൂപ
23583 കോടി രൂപ
റവന്യുചെലവ് 99990 കോടി രൂപ

കോഴിക്കോട്: കോഴിക്കോട് വിമന്‍സ് കോളേജില്‍ മിശ്രവിവാഹിതയായ വിദ്യാര്‍ഥിനിക്ക് വിലക്കേര്‍പ്പെടുത്തി. രക്ഷിതാക്കളുടെ അനുവാദമില്ലാതെ അന്യമതത്തിലുള്ളയാളെ വിവാഹം കഴിച്ച നടക്കാവ് എം.ഇ.എസ്.എഫ്.ജി.എം വിമന്‍സ് കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ നീരജയ്ക്കാണ് പഠിക്കാനുള്ള അവകാശം കോളേജ് അധികൃതര്‍ നിഷേധിച്ചിരിക്കുന്നത്.
നീരജയും ഭര്‍ത്താവായ മുഹമ്മദ് റമീസും വ്യാഴാഴ്ച കോളേജില്‍ എത്തിയപ്പോഴാണ് കോളേജ് അധികൃതര്‍ കോളേജില്‍ നിന്ന് നീരജയെ പുറത്താക്കിയ വിവരം അറിയുന്നത്. മാതാപിതാക്കളെ ധിക്കരിച്ച് മിശ്രവിവാഹിതയായ പെണ്‍കുട്ടി കോളേജില്‍ പഠിക്കുന്നത് അപമാനകരമാണെന്ന് വൈസ് പ്രിന്‍സിപ്പിള്‍ നീരജയോടും ഭര്‍ത്താവിനോടും പറഞ്ഞു. കോളേജില്‍ പഠിക്കാന്‍ അനുവദിക്കുന്നില്ലെങ്കില്‍ അത് എഴുതി തരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അങ്ങനെയൊരു രീതി ഇവിടെയില്ലെന്നായിരുന്നു വൈസ് പ്രിന്‍സിപ്പാളിന്റെ പ്രതികരണം.

എത്ര ആവശ്യപ്പെട്ടിട്ടും നീരജയോടും റമീസിനോടും സംസാരിക്കാന്‍ കോളേജ് പ്രിന്‍സിപ്പിളായ ബി സീതാലക്ഷ്മി തയ്യാറായില്ലെന്നും ആരോപണം ഉണ്ട്. ദിവസങ്ങള്‍ക്ക് മുമ്പാണ് കൊയിലാണ്ടി നന്തി സ്വദേശി മുഹമ്മദ് റമീസും ചേവായൂര്‍ സ്വദേശിനി നീരജയും രജിസ്റ്റര്‍ വിവാഹം ചെയ്തത്. വിവാഹ നടപടികള്‍ക്ക് വേണ്ടി നീരജ ഒരാഴ്‌യോളം കോളേജില്‍ അവധിയിലായിരുന്നു. ഈ അവധിയറിയിച്ച് ക്ലാസില്‍ തിരികെ പ്രവേശിക്കുന്നതിന് വേണ്ടിയാണ് നീരജയും റമീലും ഇന്ന് കോളേജിലെത്തിയത്.

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ കീഴടങ്ങി. തലശ്ശേരി സെഷന്‍സ് കോടതിയിലാണ് ജയരാജന്‍ കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യേപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് ജയരാജന്‍ കോടതിയില്‍ കീഴടങ്ങിയത്. സിബിഐ ആണ് ജയരാജനെ കതിരൂര്‍ മനോജ് വധക്കേസില്‍ 25-ാം പ്രതിയാക്കിയത്. പരിയാരം സഹകരണ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജയരാജന്‍ രാവിലെ ആശുപത്രിയില്‍ നിന്ന് തലശ്ശേരി സെഷന്‍സ് കോടതിയിലെത്തുകയായിരുന്നു. ജയരാജനെ മാര്‍ച്ച് 11 വരെ കോടതി റിമാന്‍ഡ് ചെയ്തു.
ഇരുപത്തിമൂന്നു ദിവസമായി ഹൃദയ സംബന്ധമായ രോഗത്തിന് എകെജി സഹകരണ ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളജിലും ചികിത്സയിലായിരുന്നു ജയരാജന്‍. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷേ അനുവദിക്കാത്തതിനെ തുടര്‍ന്ന് ഡോക്ടറോട് പ്രത്യേക അഭ്യര്‍ത്ഥന നടത്തിയാണ് ഡിസ്ചാര്‍ജ് വാങ്ങിയതെന്ന് ജയരാജന്‍ പറഞ്ഞു. യുഎപിഎ ചുമത്തിയതിനാലാണ് ജയരാജന് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. ഇതേത്തുടര്‍ന്ന് അറസ്റ്റ് ഒഴിവാക്കാന്‍ ജയരാജന്‍ കീഴടങ്ങുകയായിരുന്നു. ആശുപത്രിയിലേക്ക് മാറ്റണമെന്ന് ജയരാജന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

കതിരൂര്‍ മനോജ് കേസില്‍ ഭീകരപ്രവര്‍ത്തകരോട് ചുമത്തുന്ന യുഎപിഎ വകുപ്പ് ചുമത്താന്‍ ആര്‍എസ്എസ് നേതൃത്വം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് കോടതിയില്‍ ഹാജരാകുന്നതിനു മുമ്പ് ജയരാജന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. തന്നെ കുടുക്കിയതിനു പിന്നില്‍ ആര്‍എസ്എസ് ഗൂഢാലോചയാണ്. ആര്‍എസ്എസ് നേതൃത്വം അമിത് ഷായ്ക്ക് അയച്ച കത്തിലൂടെ ഇക്കാര്യം പുറത്തുവന്നതാണ്. രാഷ്ട്രീയ കേസുകളില്‍ ആദ്യമായാണ് യുഎപിഎ കതിരൂര്‍ മനോജ് വധകേസില്‍ ഉള്‍പ്പെടുത്തിയത്. സിപിഐഎം നേതാക്കളെ കുടുക്കുകയെന്ന ആര്‍എസ്എസ് താല്‍പര്യം അനുസിച്ചാണ് മുഖ്യമന്ത്രി ഈ കേസില്‍ യുഎപിഎ വകുപ്പ് ചുമത്തിയത്. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് കണ്ണൂര്‍ നടത്തിയ ബൈഠകിന്റെ തുടര്‍ച്ചയായി ഉണ്ടായ ഗൂഢാലോചനയാണ് ഇതെന്നും ജയരാജന്‍ പറഞ്ഞു.

റാഞ്ചി: മകളെ പ്രണയിച്ചതിന് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ ഹിന്ദി അദ്ധ്യാപിക കൊലപ്പെടുത്തി എന്ന കേസില്‍ വഴിത്തിരിവ്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയത് അദ്ധ്യാപികയുടെ മൂത്ത മകനാണെന്നാണു അന്വേഷണസംഘം വെളിപ്പെടുത്തുന്നത്.
പന്ത്രണ്ടുകാരിയായ അനിയത്തിയെ പ്രേമിച്ചതിലെ പ്രതികാരം തീര്‍ത്താണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ പതിനാറുകാരന്‍ മര്‍ദിച്ചു മൃതപ്രായനാക്കിയതെന്നും മരിച്ചെന്നു കരുതിയാണ് മാതാവായ അദ്ധ്യാപിക മൃതദേഹം വലിച്ചെറിയാന്‍ സഹായിച്ചതെന്നും ചോദ്യം ചെയ്യലില്‍ തെളിഞ്ഞു.

സംഭവത്തില്‍ റാഞ്ചി സഫയര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഹിന്ദി അദ്ധ്യാപിക നസീമ ഹുസൈന്‍, ഭര്‍ത്താവ് ആരിഫ് അന്‍സാരി, പതിനാറുകാരനായ മകന്‍, പതിനൊന്നുകാരിയായ മകള്‍ എന്നിവര്‍ അറസ്റ്റിലായിരുന്നു. വിനയ് മഹാതോ എന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് വിനയുടെ മൃതദേഹം നസീമയുടെ വീടിനു മുന്നില്‍ കണ്ടെത്തിയത്.

കൊല്ലപ്പെട്ട വിനയ്ക്കു നസീമയുടെ പന്ത്രണ്ടുവയസുകാരിയായ മകളോടു പ്രണയമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ സഹോദരനെ സഹപാഠികള്‍ കളിയാക്കുക പതിവായിരുന്നു. അനിയത്തിയുമായുള്ള ബന്ധം ഇഷ്ടപ്പെടാതിരുന്ന വിനയിനെ വകവരുത്താന്‍ ഇതോടെ ചേട്ടന്‍ തീരുമാനിക്കുകയായിരുന്നു.

വെള്ളിയാഴ്ച വൈകിട്ട് ബാസ്‌കറ്റ് ബോള്‍ കളി കഴിഞ്ഞുനില്‍ക്കുമ്പോള്‍ പെണ്‍കുട്ടിയുടെ ചേട്ടന്‍ വിനയിനെ വീട്ടിലേക്ക് അത്താഴത്തിനു ക്ഷണിച്ചു. അമ്മ വിനയ്ക്കായി സ്‌പെഷല്‍ വിഭവമൊരുക്കുന്നുണ്ടെന്നാണ് പറഞ്ഞത്. സന്തോഷത്തോടെ വിനയ് ക്ഷണം സ്വീകരിച്ചു. എന്നാല്‍ എല്ലാവരും ഉറങ്ങിക്കഴിഞ്ഞുവന്നാല്‍ മതിയെന്നും മറ്റാരുമറിയേണ്ടെന്നും പറഞ്ഞു. തുടര്‍ന്ന്, രാത്രി പന്ത്രണ്ടുമണിയോടെ ഹോസ്റ്റലില്‍നിന്ന് ആരും കാണാതെ വിനയ് പുറത്തിറങ്ങി നസീമയുടെ വീട്ടിലെത്തുകയായിരുന്നു. വീട്ടിലെത്തിയ വിനയിനെ ഭക്ഷണം കഴിപ്പിച്ചശേഷം തന്റെ അനിയത്തിയമായുള്ള ബന്ധത്തില്‍നിന്നു പിന്മാറണമെന്ന് പതിനാറുകാരന്‍ ആവശ്യപ്പെട്ടു. കഴിയില്ലെന്നു പറഞ്ഞതോടെ വായ് പൊത്തിപ്പിടിച്ച് പെണ്‍കുട്ടിയുടെ സഹോദരന്‍ വിനയിന്റെ വയറില്‍ ഇടിക്കാന്‍ തുടങ്ങി. അവശനായതോടെ വിനയിനെ ഭിത്തിയില്‍ ഇടിച്ചു. ശബ്ദം കേട്ട് മാതാവ് നസീമയും സഹോദരിയും ഉണര്‍ന്നെത്തിയപ്പോഴേക്കും വിനയ് ബോധരഹിതനായി വീണിരുന്നു.

പരിഭ്രാന്തരായ നസീമയും ഭര്‍ത്താവും മകനും ചേര്‍ന്ന് വിനയിനെ വലിച്ചിഴച്ചു കൊണ്ടുവന്നു വീടിന്റെ മുന്നിലിട്ടു. ഫ്‌ളാറ്റിലെ കാമറയില്‍ ഈ ദൃശ്യങ്ങള്‍ പതിയുകയും ചെയ്തു. വിനയിനെ വീടിനു പുറത്തെത്തിച്ച ശേഷം നസീമയും പെണ്‍കുട്ടിയും ചേര്‍ന്ന് വീട് മുഴുവന്‍ കഴുകി വൃത്തിയാക്കി. ഈ ശബ്ദവും സിസിടിവിയില്‍ റെക്കോഡായി. നസീമയയെും ഭര്‍ത്താവിനെയും മകളെയും തെളിവു നശിപ്പിച്ചതിനാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി മൊഴി നല്‍കാന്‍ കഴിയാത്ത വിധം ഞെട്ടലിലാണെന്നും പെണ്‍കുട്ടിയുടെ മൊഴി കൂടി കേട്ടശേഷമേ വ്യക്തമായ നിഗമനത്തിലെത്താനാവൂ എന്നും പൊലീസ് പറഞ്ഞു. മധ്യപ്രദേശിലെ റേവ സ്വദേശികളാണ് നസീമയും ഭര്‍ത്താവും.

പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്നായിരുന്നു ആദ്യ നിഗമനം. തുടര്‍ന്ന് ഒരു അദ്ധ്യാപകനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കുറ്റം തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

നാല് കുട്ടികളുടെ അമ്മയായ ടിന റെയ്സന്‍ (41) ആണ് തന്‍റെ നാല് കുട്ടികളെ സോഷ്യല്‍ സര്‍വീസുകാര്‍ കൊണ്ട് പോയതില്‍ മനം നൊന്ത് ജീവനൊടുക്കിയത്. ബ്ലാക്ക്ബേണിലെ തന്‍റെ വീടിന് സമീപത്തുള്ള പാലത്തില്‍ നിന്ന് മുപ്പതടി താഴ്ചയിലേക്ക് ചാടിയാണ് തന്‍റെ ജീവിതം ടിന അവസാനിപ്പിച്ചത്. പാലത്തിന് താഴെയുള്ള റോഡില്‍ വീണു കിടക്കുന്ന നിലയില്‍ ടിനയെ അത് വഴി പോയ വാഹന യാത്രക്കാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ടിന മൂന്നാം ദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു. വീഴ്ചയില്‍ ഉണ്ടായ ഗുരുതരമായ പരിക്കുകള്‍ ആയിരുന്നു മരണകാരണം ആയത്.
മയക്ക് മരുന്നിന് അടിമയായ ഒരാളെ ബോയ്ഫ്രണ്ട് ആയി ജീവിതത്തിലേക്ക് സ്വീകരിച്ചതാണ് ടിനയ്ക്ക് വിനയായത്. ഇതിനെ തുടര്‍ന്ന്‍ ടിനയുടെ മക്കളായ എബോണി (20), അറ്റ്ലാന്‍റ (16), കേയ് (13), റൈല്‍ (3) എന്നിവരെയാണ് സോഷ്യല്‍ സര്‍വീസുകാര്‍ ടിനയുടെ ജീവിതത്തില്‍ നിന്നും അടര്‍ത്തി മാറ്റിയത്. ഇതോടെ ടിന മാനസികമായി തകരുകയായിരുന്നു.

tina1

മരിക്കുന്നതിനു മുന്‍പായി തന്‍റെ ഫേസ്ബുക്കില്‍ താന്‍ മരിക്കുകയാണ് എന്ന്‍ സൂചിപ്പിച്ച് കൊണ്ട് ടിന പോസ്റ്റ്‌ ചെയ്തിരുന്നു. “Night night everyone, I’ve had it. Love my babies back but I am a failure.” എന്നായിരുന്നു ഒരു മെസ്സേജ്. മറ്റൊരു മെസേജില്‍ ടിന ഇങ്ങനെ എഴുതി “If I died would anyone care ? My kids yes. It’s just so hard when you lost everything. I have no life. I just want my babies back.” “Sick of sitting like a zombie in a big house. I want my life back. I am a total failure! feel the worst mum ever. I ruined mine and my kids life all because of a man. I hate my life!!! I had a happy family. Sick of crying, Sick of this pain.”

തന്‍റെ കുടുംബത്തെ വളരെയധികം സ്നേഹിച്ചിരുന്ന വ്യക്തിയായിരുന്നു ടിന റെയ്സന്‍ എന്ന്‍ ടിനയുടെ ബന്ധുക്കള്‍ പറഞ്ഞു. കുട്ടികളെ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന്‍ ടിന അതിന് കാരണക്കാരന്‍ ആയ വ്യക്തിയുമായും പിരിഞ്ഞിരുന്നു.

ടിനയുടെ മൂത്ത രണ്ട്കു ട്ടികള്‍ ഇപ്പോള്‍ എബണിയുടെ സംരക്ഷണയില്‍ ആണ്. ഏറ്റവും ഇളയ കുട്ടിയായ റൈലിനെ പിതാവും ഏറ്റെടുത്തു.

ഭോപ്പാല്‍: മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ ലൈംഗികവേഴ്ചയ്ക്കു നിര്‍ബന്ധിച്ച ഭര്‍തൃസഹോദരന്റെ ജനനേന്ദ്രിയം യുവതി മുറിച്ചെടുത്തു. അംഗഭംഗം വന്ന യുവാവ് ആത്മഹത്യ ചെയ്തു.ഭര്‍തൃസഹോദരന്റെ മുറിച്ചെടുത്ത ജനനേന്ദ്രിയവുമായി പോലീസ് സ്‌റ്റേഷനില ഹാജരായ യുവതി ഇയാളുടെ ശല്യം സഹിക്കവയ്യാതെയാണ് അറ്റകൈ പ്രയോഗം നടത്തിയതെന്നു മൊഴി നല്‍കി.
പുലര്‍ച്ചെ ആറ് മണിയോടെയാണ് 32കാരി തന്റെ മൂന്ന് മക്കളേയും കൂട്ടി പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. ഭര്‍തൃസഹോദരന്‍ നിരന്തരം ലൈംഗികവേഴ്ചയ്ക്ക് സമീപിച്ചിരുന്നതായും ഇതിന് ഒരു അറുതി വരുത്താന്‍ മറ്റു മാര്‍ഗങ്ങളില്ലായിരുന്നെന്നും യുവതി പോലീസിനോട് പറഞ്ഞു.
യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇവരുടെ വീട്ടില്‍ എത്തിയെങ്കിലും ഭര്‍തൃസഹോദരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

യുവതിയുടെ ഭര്‍ത്താവ് നാസിക്കിലാണ് ജോലി ചെയ്യുന്നത്. ഭര്‍ത്താവ് ജോലിക്ക് പോകുന്ന സമയത്ത് സഹോദരന്‍ നിരന്തരം പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി യുവതി പറഞ്ഞു. ലൈംഗികോദ്ദേശ്യത്തോടെ തന്നെ സമീപിച്ച ഇയാളോട് സമ്മതരൂപേണ പെരുമാറിയ യുവതി ജനനേന്ദ്രിയം യുവതി മുറിച്ചെടുക്കുകയായിരുന്നു. യുവതിയുടെ പേരില്‍ കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് മുന്‍കൂര്‍ ജാമ്യമില്ല. അപേക്ഷ തള്ളിയ ഹൈക്കോടതി, ജയരാജനെതിരായ യുഎപിഎ കുറ്റം നിലനില്‍ക്കുന്നതാണെന്നും വ്യക്തമാക്കി. ജസ്റ്റിസ് കെ.ടി. ശങ്കരന്‍, ജസ്റ്റിസ് കെ.പി. ജ്യോതീന്ദ്രനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
ആയിരങ്ങള്‍ മരിച്ചോ ഒരാള്‍ മരിച്ചോ എന്നതല്ല യുഎപിഎയുടെ മാനദണ്ഡം. ഭീകരപ്രവര്‍ത്തനം ആണോ എന്നുതുമാത്രമാണ്. മരണം ഉറപ്പാക്കുന്നതു വരെ മനോജിനെ കുത്തി. സംഭവത്തില്‍ ജയരാജന്റെ പങ്കാളിത്തം കേസ് ഡയറിയില്‍ വ്യക്തമാണ്.

ഉപയോഗിച്ച ബോംബ് നാടനായാലും ഫാക്ടറി നിര്‍മിതമായാലും ഒന്നുതന്നെ. കുറ്റകൃത്യം ചെറുതായാലും വലുതായാലും മാറ്റമില്ല. നിയമം എല്ലാവര്‍ക്കും ഒന്നുപോലെ. സമ്പന്നനായാലും ദരിദ്രനായാലും മാറ്റമില്ല. ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു കൊലപാതകം. കേസില്‍ ഇടപെടേണ്ടതില്ല. രാഷ്ട്രീയക്കാരന്‍ ആയതുകൊണ്ട് ജയരാജന് പ്രത്യേക പരിഗണനയില്ല. കേസിലെ മുഖ്യ പ്രതി വിക്രമന്‍, പി. ജയരാജന്റെ ഉറ്റസഹായിയാണെന്നും കൊലപാതകം ആസൂത്രണം ചെയ്തത് വിക്രമനാണെന്നും കോടതി നിരീക്ഷിച്ചു.

2014ല്‍ സിപിഎമ്മില്‍ നിന്ന് കൂടുതല്‍പേര്‍ ബിജെപിയിലേക്ക് വന്നു. അതിനാല്‍ ജയരാജന് മനോജിനോട് വൈരാഗ്യം ഉണ്ടായേക്കാം. ജയരാജന്‍ ഒഴികെ മറ്റാര്‍ക്കും മനോജിനോട് വ്യക്തി വൈരാഗ്യമില്ല. അതാകും കൊലപാതകത്തിലേക്ക് നയിച്ചതെന്നും കോടതി പറഞ്ഞു.

പി. ജയരാജനെ എന്തുകൊണ്ട് പ്രതിചേര്‍ക്കുന്നു എന്ന് വ്യക്തമാക്കുന്ന ഭാഗങ്ങള്‍ കേസ് ഡയറിയില്‍ അടയാളപ്പെടുത്തി സിബിഐ കോടതിയില്‍ ഹാജരാക്കിയിരുന്നു. കതിരൂര്‍ മനോജ് വധത്തിന്റെ മുഖ്യ ആസൂത്രകനും ബുദ്ധികേന്ദ്രവും പ്രധാന കണ്ണിയും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ആണെന്നു സിബിഐ ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

ഗൂഢാലോചന ഉള്‍പ്പെടെ കുറ്റകൃത്യങ്ങളില്‍ നടത്തിയ തുടരന്വേഷണത്തിലാണു ജയരാജനും മറ്റും പ്രതികളായത്. സിപിഎം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി ടി.ഐ. ജയരാജന്‍, മഹേഷ്, സുനില്‍കുമാര്‍, വി.പി. സജിലേഷ്, പി. ജയരാജന്‍ എന്നിവരാണ് 20 മുതല്‍ 25 വരെ പ്രതികള്‍.

2014 സെപ്റ്റംബര്‍ ഒന്നിനാണ് വീട്ടില്‍ നിന്ന് കാറില്‍ തലശേരിക്കുള്ള യാത്രയ്ക്കിടെ ആര്‍എസ്എസ് പ്രവര്‍ത്തകനായ മനോജ് കൊല്ലപ്പെട്ടത്. വാനിനു നേരെ ബോംബ് എറിഞ്ഞതിനു ശേഷം മനോജിനെ വലിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു.

കണ്ണൂര്‍ : കണ്ണൂര്‍ ആലക്കോട് ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു. വാളിപ്ലാക്കല്‍ സ്വദേശി ശശിയാണ് ഭാര്യയുടെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മാനസീകാസ്വാസ്ഥ്യമുള്ള ഭാര്യയെ ആലക്കോട് പോലീസ് അറസ്റ്റുചെയ്തു. പുലര്‍ച്ചെയായിരുന്നു കൊലപാതകം എന്നാണ് പോലീസ് നിഗമനം. കിടപ്പുമുറിയില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു ശശിയുടെ മൃതദേഹം.
ആലക്കോട് ടൗണില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുകയായിരുന്നു ശശി. ഇയാളുടെ ബാര്‍ബര്‍ ഷോപ്പില്‍ ജോലി ചെയ്തിരുന്ന കൃഷ്ണനും ഇവരുടെ വീട്ടില്‍ ഉണ്ടായിരുന്നുവെങ്കിലും രാവിലെ രമ പറയുമ്പോഴാണ് കൃഷ്ണന്‍ കൊലപാതക വിവരം അറിഞ്ഞത്. കണ്ണൂരില്‍ നിന്നും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ശശിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേയ്ക്ക് മാറ്റി.
ഇരുവരും തമ്മില്‍ ഇടയ്ക്കിടെ വാക്കേറ്റം ഉണ്ടാകാറുള്ളതായി കണ്ടിട്ടുണ്ടെന്ന് കൃഷ്ണന്‍ പോലീസിന് മൊഴി നല്‍കി.

കണ്ണൂര്‍: കാരായി ചന്ദ്രശേഖരന്‍ തലശേരി നഗരസഭാ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. രാവിലെ പതിനൊന്നോടെ നഗരസരഭാ ഓഫിസിലെത്തി സെക്രട്ടറി പി രാധാകൃഷ്ണനാണ് ചന്ദ്രശേഖരന്‍ രാജിക്കത്ത് കൈമാറിയത്. ചന്ദ്രശേഖരന്റെ സഹോദരന്‍ കാരായി രാജന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. ഫസല്‍വധക്കേസില്‍ പ്രതികളായ കാരായി രാജന്‍മാര്‍ക്ക് കണ്ണൂരില്‍ പ്രവേശനം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു.
തലശേരി ഏരിയ കമ്മിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ചന്ദ്രശേഖരന്റെ രാജി. കാരായി രാജന്‍ നേരത്തെ രാജിവെച്ചിരുന്നെങ്കിലും ചന്ദ്രശഖരന്റെ കാര്യത്തില്‍ തലശേരി ഏരിയകമ്മിറ്റിയാണ് തീരുമാനമെടുക്കുകയെന്ന് അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും കാരായിമാര്‍ക്ക് കണ്ണൂരില്‍ പ്രവേശിക്കാനായിരുന്നില്ല. കോടതിയുടെ വിലക്ക് തുടരുന്ന സാഹചര്യത്തില്‍ അധികാരത്തില്‍ തുടര്‍ന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന് സി.പി.ഐ.എം വിലയിരുത്തിയിരുന്നു.

എറണാകുളം ജില്ല വിട്ടുപോകരുതെന്നു ജാമ്യവ്യവസ്ഥയില്‍ ഉള്ളതിനാല്‍ കാരായി സഹോദരന്‍മാര്‍ ഇപ്പോള്‍ എറണാകുളത്താണ് തങ്ങുന്നത്. ജനപ്രതിനിധികളായ കാരായി സഹോദരന്‍മാര്‍ ജില്ലയില്‍ പ്രവേശിക്കാതെ ഭരണം നടത്തുന്നതിനെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്ത് എത്തിയിരുന്നു.

RECENT POSTS
Copyright © . All rights reserved