ക്രോയ്ടോൻ: ഒഐസിസി യുകെ യുടെ കുടുംബ സഭ ഇപ്പോൾ ചർച്ചയാകുന്നു , അയോഗ്യത നീക്കി രാഹുൽ ഗാന്ധി വീണ്ടും വയനാടിന്റെ MP ആയി പാർലമെൻറിൽ എത്തിയ സന്തോഷം കുടുംബ സഭ വിളിച്ചു കുട്ടി മധുരം പങ്കു വച്ച് ആഘോഷിച്ചു , മുതിർന്ന നേതാക്കന്മാരായ , ഒഐസിസി യുകെ നാഷണൽ കമ്മിറ്റി പ്രസിഡൻഡ് ശ്രീ കെ കെ മോഹൻ ദാസിന്റെയും , ജനറൽ സെക്കട്ടറി ശ്രീ ബേബികുട്ടി ജോർജിന്റെയും ആശയമായിരുന്നു കുടുംബ സഭ എന്നുള്ളത് , പതിവിന് മീറ്റിംഗുകൾക്ക് വിപരീതമായി നേതാക്കന്മാർ സദസ്സിലും അംഗങ്ങൾ കേൾവിക്കാരും എന്നതല്ല കുടുംബ സദസ് എന്ന ആശയം , നേതാക്കന്മാരും അംഗങ്ങളും ചുറ്റുമിരുന്ന് കാര്യങ്ങൾ കുടുബങ്ങളെന്നപോലെ വിശദീകരിച്ചു എല്ലാവരോടും സംവദിക്കുന്ന കുടുംബ സഭ എന്ന പുതിയ സഭ ഏറെ ഹൃദ്യമായിരുന്നു .

നാഷണൽ പ്രസിഡണ്ട് ശ്രീ കെ കെ മോഹൻദാസിന്റെ അധ്യക്ഷത്തിൽ ചേർന്ന് കുടുംബ സദസിൽ മധുര പലഹാരവും പങ്കുവച്ചു , യുകെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നും നേതാക്കന്മാർ ഒഐസിസി കുടുംബ സദസിലെത്തി അവരുടെ സന്തോഷം പങ്കു വച്ചു.

അപകീർത്തിക്കേസിൽ ഗുജറാത്ത് ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനം പുനഃസ്ഥാപിച്ച് ലോക്സഭാ സെക്രട്ടേറിയറ്റ് അയോഗ്യത നീക്കി അംഗത്വം പുനഃസ്ഥാപിച്ചു , ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം വഴി അറിയിച്ച നാൾ വഴികൾ ഒഐസിസി നാഷണൽ പ്രസിഡന്റ് ശ്രീ കെ കെ മോഹൻദാസ് കുടുംബ സദസ് അംഗങ്ങൾക്ക് വിശദീകരിച്ചു കൊടുത്തു , തുടർന്ന് സൂര്യനേയും , ചന്ദ്രനെയും , സത്യത്തെയും ആർക്കും മറച്ചു വയ്ക്കാൻവില്ലന്നും ,സത്യം വിളിച്ചു പറയുന്ന രാഹുൽ ഗാന്ധിയെ അധികകാലം ആർക്കും മാറ്റി മാറ്റി നിർത്താനാവില്ലന്നും ഒഐസിസി നാഷണൽ ജനറൽ സെക്കട്ടറി ശ്രീ ബേബികുട്ടി ജോർജ് കുടുംബ സദസിൽ ഓർമ്മിപ്പിച്ചു , ഇന്നത്തെ സാഹചര്യത്തിൽ ഇന്ത്യയെ നയിക്കാൻ , പകയും വിദ്വേഷവും മറന്ന് സ്നേഹിക്കാൻ പഠിപ്പിക്കുന്ന രാഹുൽ ഗാന്ധിയെ പോലുള്ള നേതാക്കന്മാർ അത്യവശ്യമാണെന്ന് ഒഐസിസി ക്രോയിഡോൺ യൂണിറ്റ് പ്രസിഡന്റ് ശ്രീമതി ലിലിയ പോൾ കുടുംബ സദസ് സംവാദത്തിൽ അഭിപ്രായപ്പെട്ടു , എൻഡിഎ സർക്കാർ അവിശ്വാസപ്രമേയം അഭിമുഖീകരിക്കാൻ പോകുന്ന ഈ സമയത്ത് തന്നെ രാഹുൽ പാർലമെന്റിലേക്ക് തിരിച്ചെത്തുന്നത് പ്രതിപക്ഷ പാർട്ടികൾക്ക് ആവേശം നൽകുന്നുണ്ടന്ന് ശ്രീ അഷ്‌റഫ് അബ്ദുള്ള പറഞ്ഞു , രാഹുൽ ഗാന്ധിയുടെ തിരിച്ചു വരവ് ഇന്ത്യ എന്ന പ്രതിപക്ഷ കക്ഷികൾക്ക് പുത്തൻ ഉണർവ് നല്കുന്നതാവും എന്ന് ഒഐസിസി സാറെ റീജൺ ട്രഷറർ ശ്രീ ബിജു വർഗീസ് കുടുംബ സദസിൽ പറഞ്ഞു .

തുടർന്ന് മുതിർന്ന നേതാക്കന്മാരായ ശ്രീ നടരാജൻ ചെല്ലപ്പൻ , ശ്രീ ജോർജ് ജോസഫ് , ശ്രീ ബിജു ജോർജ് , ശ്രീ സന്തോഷ് കുര്യൻ , ശ്രീ ജോർജ് ജേക്കബ് , ശ്രീ സ്റ്റാൻസൺ മോൻ മാത്യു , ശ്രീ ജിതിൻ വി തോമസ് ശ്രീ ജയൻ റാൻ , ശ്രീ ഷാജി സദാശിവൻ , ശ്രീ തോമസ് ഫിലിപ്പ് എന്നിവർ കുടുബ സദസ് സംവാദത്തിൽ പങ്കെടുത്തു രാഹുൽ ഗാന്ധി പാർലമെന്റിൽ തിരിച്ചെത്തിയ സന്തോഷം പങ്കുവച്ചു , തുടർന്ന് നേതാക്കന്മർ എല്ലാ അംഗങ്ങൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു , 2024 പാലമെൻറ് തിരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെ പറ്റിയും കുടുംബ സദസിൽ ചർച്ച ചെയ്ത ശേഷം ദേശിയ ഗാനാലാപനത്തടെ കുടുംബ സദസ് പിരിഞ്ഞു.

കാറിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം. മാവേലിക്കര കണ്ടിയൂരിലാണ് കാറിനു തീപിടിച്ചത്. കാറിലുണ്ടായിരുന്ന പുളിമൂട് ജ്യോതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കൃഷ്ണ പ്രകാശ് (35)ആണ് മരിച്ചത്. മാവേലിക്കര ഗേൾസ് സ്കൂളിനു സമീപം കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്നയാളാണ് കൃഷ്ണ പ്രകാശ് . ഇന്ന് പുലർച്ചെ 12.30 ന് ആണ് അപകടമുണ്ടായത്. കാർ വീട്ടിലേക്ക് കയറ്റവേ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
സമാനമായ മറ്റൊരു സംഭവത്തില്‍ ജൂലൈ രണ്ടാം വാരത്തില്‍ ഷൊർണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചിരുന്നു. ചെറുതുരുത്തി സ്വദേശി റിസ്വാന്റെ കാറിനാണ് തീപിടിച്ചത്. ഓടിക്കൊണ്ടിരിക്കെയാണ് റിസ്വാന്റെ കാറിന് തീ പിടിച്ചത്. തീ പടർന്നതും റിസ്വാനും കാറിലുണ്ടായിരുന്ന മറ്റുള്ളവരും ഉടൻ തന്നെ കാറിൽ നിന്നും പുറത്തിറങ്ങി. പിന്നീട് ഫയർഫോഴ്സെത്തി ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് തീ അണച്ചത്. കാറിന്റെ ഉൾഭാഗം സംഭവത്തില്‍ മുഴുവനും കത്തി നശിച്ചു.
വയനാട് വൈത്തിരിയിലും മെയ് മാസം ഇത്തരമൊരു അപകടം നടന്നിരുന്നു. വൈത്തിരി അമ്പലപടിക്ക് സമീപം ഓടുന്ന കാറിന് തീപിടിച്ചത്. മേപ്പാടി സ്വദേശിയായ ജംഷീറും കുടുംബവും സഞ്ചരിച്ച നിസാൻ കാറിനാണ് തീപിടിച്ചത്. മണ്ണാർക്കാട് നിന്നും മേപ്പാടിക്ക് പോകുന്നതിനിടെയാണ് സംഭവം. യാത്രക്കാർക്ക് പരിക്കൊന്നുമില്ല. കാർ ഓടുന്നതിനിടെ ക്ലച്ച് കിട്ടാതെ വന്നപ്പോൾ ബോണറ്റ് തുറന്ന് നോക്കിയ സമയത്താണ് പുക ഉയരുന്നത് കണ്ടത്. പെട്ടെന്ന് തന്നെ തീയാളി പടർന്നു. ഫയർഫോഴ്സ് എത്തി തീയണക്കുകയായിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കവൻട്രിയിലുള്ള സ്റ്റോക്ക് ഏരിയയിൽ താമസിക്കുന്ന ജോർജ് തോമസിന്റെ മാതാവ് മേരിക്കുട്ടി തോമസ് (80) ,വടക്കേക്കൂട്ട് നിര്യാതയായി. ജോർജ് തോമസും കുടുംബാംഗങ്ങളും നാട്ടിലുണ്ട്. പരേതയുടെ മറ്റൊരു മകൻ അമേരിക്കയിൽ നിന്ന് എത്തിയിട്ട് സംസ്കാര ശുശ്രൂഷ സമയം തീരുമാനിക്കുമെന്നും ബന്ധുക്കൾ അറിയിച്ചു.
ജോർജ് തോമസിന്റെ മാതാവിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ഓസ്‌ട്രേലിയയിൽ കാറപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു. പത്തനംതിട്ട സീതത്തോട് ചിറ്റാർ സ്വദേശി പ്ലാത്താനത്ത് ജോൺ മാത്യു (ജോജി)വിന്റെ മകൻ ജെഫിൻ (23) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ സിഡ്നിയിലായിരുന്നു അപകടം. പൊലീസ് വിവരമറിയിച്ചത് അനുസരിച്ച് ബന്ധുക്കൾ സംഭവ സ്ഥലത്തേക്ക് തിരിച്ചു. ഓസ്ട്രേലിയയിൽ മാതാപിതാക്കളോടൊപ്പമാണ് ജെഫിൻ താമസിക്കുന്നത്. ഇവർ താമസിക്കുന്നതിന് 1,500 കിലോമീറ്റർ അകലെയായിരുന്നു അപകടം.
കേരളത്തെ നടുക്കിയ ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തിൽ പ്രതി അസഫാക് ആലവുമായി പോലീസിന്റെ വിശദമായ തെളിവെടുപ്പ് പൂർത്തിയായി. കുട്ടിയെ കൊന്നു തള്ളിയ ആലുവ മാർക്കറ്റ് മുതൽ തട്ടിയെടുത്ത സ്ഥലംവരെ എല്ലായിടത്തും പ്രതി കൂസലില്ലാതെ പോലീസിനോട് കൃത്യം വിവരിച്ചു. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയും നാട്ടുകാരും ആക്രോശിച്ചുകൊണ്ട് അസ്ഫാക്കിനു നേരെ പാഞ്ഞടുത്തെങ്കിലും പോലീസ് ഇവരെ പിന്തിരിപ്പിച്ചു.
കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സ്ഥലത്തും ജ്യൂസ് വാങ്ങിക്കൊടുത്ത കടയിലും പ്രതിയെ എത്തിച്ചു തെളിവെടുപ്പ് നടത്തി. ആലുവ മാർക്കറ്റിലേക്കാണ് പ്രതിയെ ആദ്യമെത്തിച്ചത്. മുഖം മറയ്ക്കാതെയാണ് പ്രതിയെ കൊണ്ടുവന്നത്. കഴിഞ്ഞ മാസം 28 നാണ് പ്രതി അസഫാക് ആലം അഞ്ചുവയസ്സുളള പെൺകുഞ്ഞിനെ പീഡിപ്പിച്ച്, കൊലപ്പെടുത്തിയത്. അമ്പതോളം പൊലീസുകാരുടെ കനത്ത സുരക്ഷയിലാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.
രോഷാകുലരായ ജനക്കൂട്ടം അസഫാകിനെ കൊണ്ടുപോകുന്നതിനൊപ്പമുണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരാണ് ഇവരെ അനുനയിപ്പിച്ചത്. ആലുവ മാർക്കറ്റിന് പുറത്തുളള കടയിലും ബിവറേജ് ഔട്ട്ലെറ്റിലും പെൺകുട്ടിയുടെ വീട്ടിലും പരിസരത്തും അസഫാകിനെ എത്തിച്ചിരുന്നു. അസഫാക് ആലം മുമ്പ് താമസിച്ചിരുന്ന ഉളിയന്നൂരിലെ വീട്ടിലുമെത്തിച്ചിരുന്നു. പെൺകുഞ്ഞിനെ അരുംകൊല നടത്തിയതിന് ശേഷം ഇയാൾ കൈകാലുകളും മുഖവും കഴുകിയ സ്ഥലത്തും തെളിവെടുപ്പ് നടത്തിയിരുന്നു.
ഏറ്റവുമധികം സമയം ചെലവഴിച്ചത് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സ്ഥലത്തായിരുന്നു. ക്രൂരകൃത്യത്തെക്കുറിച്ച് യാതൊരു കൂസലുമില്ലാതെയാണ് പ്രതി പൊലീസുകാരോട് വിവരിച്ചത്. ഒന്നരമണിക്കൂർ സമയത്തെ തെളിവെടുപ്പിലൂടെ അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടം പിന്നിട്ടു കഴിഞ്ഞു. ഏറ്റവുമധികം പ്രതിഷേധമുയർന്നത് ആലുവ മാർക്കറ്റിലായിരുന്നു. തീരെ പ്രതീക്ഷിക്കാത്ത സ്ഥലത്തും പൊലീസ് വാഹനം നിർത്തി തെളിവെടുപ്പ് നടത്തിയിരുന്നു.
തായിക്കാട്ടുകരയിൽ മൂന്ന് സെന്ററുകളിലാണ് പ്രതിയെ എത്തിച്ചത്. പെൺകുട്ടിയുടെ വീടിന്റെ പരിസരത്തും അസഫാക് താമസിച്ച സ്ഥലത്തും കുഞ്ഞിന് ജ്യൂസ് വാങ്ങിക്കൊടുത്ത കടയുമാണ് ഈ കേന്ദ്രങ്ങൾ. കുഞ്ഞിനെ കൂട്ടിക്കൊണ്ടുപോയ സ്ഥലത്ത് എത്തിയപ്പോൾ അലറിക്കരഞ്ഞ്, പൊട്ടിത്തെറിച്ചായിരുന്നു അമ്മയുടെ പ്രതികരണം. തെളിവെടുപ്പിന് എത്തിക്കുന്ന ദൃശ്യങ്ങൾക്കൊപ്പം തന്നെ അമ്മയുടെ നെഞ്ചുപൊട്ടിയുള്ള കരച്ചിൽ കേൾക്കാമായിരുന്നു. രണ്ടരമണിക്കൂർ നേരം സംഭവിച്ച കാര്യങ്ങളെല്ലാം തന്നെ പൊലീസ് വളരെ വ്യക്തമായി തന്നെ പ്രതിയിൽ നിന്നും ചോദിച്ചറിഞ്ഞു. ഈ മാസം 10ന് പ്രതിയുടെ കസ്റ്റഡി അവസാനിക്കും
ജീവിച്ച കാലത്ത് ആള്‍ക്കൂട്ടത്തിനൊപ്പം മാത്രം കണ്ടിട്ടുള്ള ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലും ജനപ്രവാഹം. ഒന്നര കോടിയുടെ കടം അടച്ചു തീര്‍ക്കാന്‍ വഴി കാണിച്ച് തരണമെന്ന് ആവശ്യപ്പെട്ടുള്ള സംഗീതയുടെ നിവേദനം തുടങ്ങി, കുടുംബ പ്രശ്നം തീര്‍ക്കാനും, വിദേശത്ത് ഉപരിപഠനം നടത്തുന്ന മകന് തീസിസ് പ്രോസസ് ചെയ്ത് ഇഷ്ട ജോലി ലഭിക്കാനും, പാരമ്പര്യമായി ലഭിച്ച സ്ഥലത്തെ റബര്‍ വെട്ടാനും മറ്റാവശ്യങ്ങള്‍ക്ക് പോകാനും വഴി തന്ന് സഹായിക്കാനും, ഒഇടി പരീക്ഷ പാസാകാന്‍ പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെട്ടും നിരവധിയാളുകളാണ് പുതുപ്പള്ളിയിലെ കല്ലറയിലേക്ക് എത്തുന്നത്.
വലിയൊരു വിഭാഗമാളുകൾ ഉമ്മൻചാണ്ടിയെ ദൈവതുല്യനായി കൂടി കണ്ടു തുടങ്ങിയെന്ന് തോന്നിപ്പിക്കുന്നതാണ് പുതുപ്പള്ളിയിലെ അദ്ദേഹത്തിന്റെ കല്ലറയുടെ ചുറ്റും കാണുന്ന ചെറിയ പേപ്പറുകളിലെ നിവേദന കാഴ്ചകൾ. ഉമ്മൻചാണ്ടിയെ മരണത്തിനപ്പുറവും അമരനായി കാണുകയാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവർ. ഉമ്മൻചാണ്ടി ജനങ്ങൾക്കിടയിൽ നിന്ന് മടങ്ങി 16 ദിവസങ്ങൾ പിന്നിട്ടെങ്കിലും ഒരു തീർഥയാത്ര പോലെ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ അദ്ദേഹത്തിന്റെ കല്ലറയിലേക്ക് ജനപ്രവാഹമാണ് ഇന്നും കാണാനാവുന്നത്.
ഏതാനും ദിവസങ്ങൾ മുമ്പ് വരെ നമ്മൾക്കിടയിൽ ജീവിച്ചിരുന്ന സാധാരണക്കാരനായ ഒരു മനുഷ്യൻറെ കല്ലറയ്ക്കും ചുറ്റും കാണുന്ന ഈ കാഴ്ചകൾക്ക് ഒരു തരം അസാധാരണത്വം തോന്നിയേക്കാം. ജീവിതത്തിലെ പ്രതിസന്ധികൾക്കും പ്രശ്നങ്ങൾക്കുമുള്ള പരിഹാരം തേടി ഉമ്മൻചാണ്ടിയുടെ കല്ലറയ്ക്കു ചുറ്റും നിവേദനങ്ങൾ നിറയുകയാണ്. ജീവിച്ചിരുന്ന കാലത്ത് അസാധാരണമായ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന മധ്യസ്ഥനായിരുന്നു സാധാരണക്കാർക്ക് ഉമ്മൻചാണ്ടി.
മരണത്തിനിപ്പുറം ദൈവത്തിന്റെ സ്വന്തം മധ്യസ്ഥന്റെ സ്ഥാനമാണ് സ്നേഹിക്കുന്നവരുടെ മനസിൽ ഉമ്മൻചാണ്ടിയ്ക്കെന്ന് ഈ കാഴ്ചകൾ സാക്ഷ്യം പറയാതെ പറയുന്നുണ്ട്. രാഹുൽ ഗാന്ധിക്ക് അനുകൂലമായ സുപ്രീംകോടതി ഉത്തരവ് പോലും ഉമ്മൻചാണ്ടിക്ക് മുന്നിൽ നടത്തിയ പ്രാർഥന കൊണ്ടെന്ന് വിശ്വസിക്കുന്നവരെ ഇന്ന് പുതുപ്പള്ളിയിൽ കാണാന്‍ കഴിയും. കൊല്ലം മാടൻ നടയിലെ വാടക വീട്ടിൽ നിന്ന് ഇത് മൂന്നാം തവണയാണ് അമ്പിളി പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയില്‍ പ്രാർഥനയ്ക്ക് എത്തുന്നത്. ഇത്തവണ എത്തിയത് തനിക്ക് താമസിക്കാൻ സ്വന്തമായൊരു വീടു കിട്ടണമെന്ന അപേക്ഷ അർപ്പിക്കാനാണ്.
മുഖ്യമന്ത്രിയായിരിക്കെ മക്കളിലൊരാളുടെ ചികിൽസയ്ക്ക് ഉമ്മൻചാണ്ടിയുടെ സഹായം കിട്ടിയിട്ടുണ്ടെന്ന് അമ്പിളി പറയുന്നു. നിത്യതയിലേക്ക് മടങ്ങിയെങ്കിലും പ്രിയ നേതാവിന്റെ കല്ലറയിലെ പ്രാർഥനയ്ക്ക് ഫലമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അമ്പിളിയുള്ളത്. ഇതിനു മുമ്പ് രണ്ടു തവണയും പുതുപ്പള്ളിയിലെ കല്ലറയില്‍ എത്തി പ്രാർഥിച്ചു മടങ്ങും വഴി എടുത്ത ലോട്ടറി ടിക്കറ്റുകൾക്ക് 5000 രൂപ വീതം സമ്മാനമടിച്ചത് ഉമ്മൻചാണ്ടിയുടെ അനുഗ്രഹം കൊണ്ടാണെന്ന അമ്പിളിയുടെ വിശ്വാസം മിത്തോ സത്യമോ എന്നത് ഈ വാർത്ത കാണുന്നവരുടെ വിവേചനത്തിന് വിടുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കായനാട് സെന്റ് ജോർജ് സൺഡേസ്കൂൾ ഹെഡ്മാസ്റ്റർ ആയ കെ.വി സ്കറിയ കാരങ്ങൽ അന്തരിച്ചു. മൂന്ന് മക്കളും യുകെയിൽ ആണ്.
സംസ്കാര കർമ്മങ്ങൾ 7-ാം തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് 11 മണിക്ക് വീട്ടിൽ ആരംഭിച്ച് കായനാട് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് നടത്തപ്പെടും.
മക്കൾ : നൂബി സ്കറിയ (റെക്സാം), എൽദോസ് സ്കറിയ (ഹൾ), ജൂബി സ്കറിയ (ബർമിംഗ്ഹാം) മരുമക്കൾ : ജിശാന്ത് ജോയ്, ഗിഫ്റ്റി എൽദോസ്, തോമസ് ജോസഫ്
ശ്രീ. കെ. വി സ്കറിയയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
പ്രസവിച്ച് കിടന്ന യുവതിയെ ‘എയര്‍ എംബോളിസം’ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടന്ന സംഭവത്തില്‍ പ്രതി അനുഷ ശ്രമിച്ചത് ഇരയെ കൊലപ്പെടുത്തി ഭര്‍ത്താവിനെ സ്വന്തമാക്കാന്‍. എന്നാല്‍ നീക്കം പൊളിച്ചത് വ്യാജനഴ്‌സിനെ തിരിച്ചറിഞ്ഞ ജീവനക്കാരുടെ സമയോചിത ഇടപെടല്‍. പോലീസ് കസ്റ്റഡിയിലുള്ള യുവതിയെ ചോദ്യം ചെയ്യുകയാണ്.
അരുണും അനുഷയും കോളേജ് കാലഘട്ടം മുതല്‍ അടുപ്പത്തിലായിരുന്നു എന്നും മൊഴി നല്‍കിയിട്ടുണ്ട്. പ്രസവത്തിന് ശേഷം വിശ്രമിക്കുന്ന സ്‌നേഹയെ കൊലപ്പെടുത്തി ഭര്‍ത്താവായ അരുണിനെ സ്വന്തമാക്കുക ആയിരുന്നു ലക്ഷ്യം എന്നും അറസ്റ്റിലായ അനുഷ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
മുന്‍ സുഹൃത്തിനെ സ്വന്തമാക്കാന്‍ ഭാര്യയായ യുവതിയെ കൊല്ലാന്‍ ഫാര്‍മസിസ്റ്റായി മുന്‍പരിചയമുള്ള പ്രതി തെരഞ്ഞെടുത്തത് ‘എയര്‍ എംബ്ലോസിസം’ എന്ന ഗൂഡമാര്‍ഗ്ഗമായിരുന്നു. ശൂന്യമായ 120 മില്ലിയുടെ സിറിഞ്ച് ഉപയോഗിച്ച് രക്തധമനികളിലേക്ക് വായുകടത്തി വിടുന്നത് വഴി ഹൃദയാഘാതം പോലെയുള്ള കാര്യം ഉണ്ടാക്കാനായിരുന്നു ശ്രമിച്ചത്. എന്നാല്‍ നാലു തവണ കുത്തിയിട്ടും ഗര്‍ഭിണിയുടെ മാസത്തിലേക്ക് കുത്തിയതല്ലാതെ ഞരമ്പ് കണ്ടെത്താനായില്ല. ഇത് തന്നെയാണ് പ്രതി അനുഷ്‌ക്കയെ കുടുക്കിയതും.
റൂമിലുണ്ടായിരുന്ന യുവതിയുടെ മാതാവ് കണ്ടത് കൊണ്ടാണ് നീക്കം പരാജയപ്പെടുത്താനായത്. അനുഷ റൂമില്‍ എത്തിയത് എങ്ങിനെയാണെന്ന് അറിയില്ല. നഴ്‌സിന്റെ വേഷത്തില്‍ എത്തിയ അനുഷ ഒരു ഇഞ്ചക്ഷന്‍ കൂടിയുണ്ടെന്ന് പറഞ്ഞാണ് യുവതിയുടെ അടുത്തെത്തിയത്. ഡിസ്ചാര്‍ജ്ജ് കഴിഞ്ഞും ഇനി എന്ത് ഇഞ്ചക്ഷനാണെന്ന് മാതാവ് ചോദിച്ചെങ്കിലും മൂന്ന് തവണയോളം അനുഷ യുവതിയുടെ കയ്യില്‍ സിറിഞ്ച് കുത്തുകയുണ്ടായി.
എല്ലാം മാംസത്തിലായിരുന്നു. നാലാം തവണ കുത്തിവെയ്പ്പിനായി ഞരമ്പ് രേഖപ്പെടുത്തുമ്പോള്‍ ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടു. ഇവര്‍ ചോദ്യം ചെയ്തതോടെ സംഭവം പുറത്തായി. അനുഷയെ തിരുവല്ല പുളിക്കീഴ് പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു.
റ്റിജി തോമസ്
ആദ്യദിവസം മ്യൂസിയത്തിലൂടെയുള്ള യാത്രയിൽ ഇംഗ്ലണ്ടിലെ കൽക്കരി ഖനികളുടെ ചരിത്രം മനസ്സിലാക്കാൻ സാധിച്ചു. കൽക്കരി വ്യവസായത്തിന്റെ ആദ്യ കാലഘട്ടം തുടങ്ങി വ്യവസായത്തിന്റെ ആധുനികവത്കരണത്തിന്റെ പടിപടിയായുള്ള കടന്നുവരവിന്റെ നേർ ചിത്രങ്ങൾ നന്നായിത്തന്നെ മ്യൂസിയത്തിൽ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്.
രണ്ടാം ദിവസത്തെ സന്ദർശനം ഒരു യഥാർത്ഥ കൽക്കരി ഖനിയിലേയ്ക്കുള്ള യാത്രയായിരുന്നു. 150 മീറ്ററോളം തറനിരപ്പിൽ നിന്ന് താഴേയ്ക്കുള്ള യാത്ര. ഒരു പെരുച്ചാഴിയെപ്പോലെ ഭൂമിക്കടിയിലെ തുരങ്ക പാതയിലൂടെയുള്ള യാത്ര ജീവിതത്തിലൊരിക്കലും മറക്കാൻ പറ്റുന്നതായിരുന്നില്ല. നേരത്തെ തന്നെ സുരക്ഷയ്ക്കായി ഹെൽമറ്റും ഖനിയുടെ ഇരുട്ടിൽ പ്രകാശത്തിനായി ടോർച്ചും കിട്ടിയിരുന്നു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മൊബൈൽ ഫോൺ ഖനിക്കുള്ളിലേയ്ക്ക് അനുവദനീയമായിരുന്നില്ല.

ഞങ്ങൾ നാലുപേർ മാത്രം. സന്ദർശകരായി ഞാനും ജോജിയും ഒരു ഇംഗ്ലീഷുകാരനും പിന്നെ ഗൈഡ് ആയ മൈക്കും മാത്രം . മൂന്നാമത്തെ ഇംഗ്ലീഷുകാരനായ സന്ദർശകനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പിന്നീട് പറയാം. ലോകത്തിലേയ്ക്ക് ഏറ്റവും പഴക്കമുള്ളതെന്ന് തോന്നിപ്പിക്കുന്ന ലിഫ്റ്റിൽ ഞങ്ങൾ പ്രവേശിച്ചു. 180 വർഷം പഴക്കമുള്ള 140 മീറ്ററിലധികം ഭൂ നിരപ്പിൽ നിന്ന് താഴ്ചയുള്ള കൽക്കരി ഖനിയിലേയ്ക്കാണ് നമ്മൾ പോകുന്നതെന്ന് ഗൈഡ് ആയി കൂടെ വരുന്ന മൈക്ക് പറഞ്ഞപ്പോൾ ഇതൊക്കെ ഞാൻ എത്ര കണ്ടിരിക്കുന്നു എന്ന ഭാവമായിരുന്നു എന്റെ മനസ്സിൽ.
ലിഫ്റ്റ് ചലിച്ചു തുടങ്ങി. പാതാളത്തിലേയ്ക്ക് ശരവേഗത്തിൽ പായുന്ന അവസ്ഥ. ലിഫ്റ്റിൻ്റെ ചക്രങ്ങളുടെ പേടിപ്പെടുത്തുന്ന ശബ്ദം.

ലിഫ്റ്റ് പാതാളത്തിലേയ്ക്ക് പാഞ്ഞു കൊണ്ടേയിരിക്കുന്നു. ഒരു ഘട്ടത്തിൽ ഒറ്റപ്പെടലിന്റെയും പുറംലോകത്ത് ഇനി ഒരിക്കലും എത്തില്ലെന്ന വേവലാതിയിലും എനിക്ക് ബോധം മറയുന്നത് പൊലെ തോന്നി.
ഞാൻ ജോജിയെയും കൂടെയുള്ള സഹയാത്രികനെയും നോക്കി ഒരുപക്ഷേ അവരുടെ ഉള്ളിലും സമാനമായ വികാരങ്ങൾ ഉണ്ടായിരുന്നിരിക്കാം…
Please Stop. I want to return back…..
ഞാൻ ഗൈഡിനോട് പറഞ്ഞു…
(തുടരും )
റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
യുകെ സ്‌മൃതികളുടെ മുൻ അധ്യായങ്ങൾ വായിക്കാം ….
https://malayalamuk.com/uk-smrithikal-chapter-8-part-2/
എവിടെ ഓഫർ കിട്ടുമോ അവിടെ മലയാളി ഉണ്ട് … യുകെ സ്‌മൃതികൾ : അധ്യായം 5 . സൂപ്പർ മാർക്കറ്റിൽ.