Latest News

ടൊവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നാരദന്‍’ മാര്‍ച്ച് 3ന് തിയേറ്ററുകളില്‍ എത്തുകയാണ്. മാധ്യമപ്രവര്‍ത്തകനായാണ് ടൊവിനോ ചിത്രത്തില്‍ വേഷമിടുന്നത്. ടെലിവിഷന്‍ ജേണലിസം പശ്ചാത്തലമാക്കി മലയാളത്തില്‍ മുമ്പ് വന്ന സിനിമകളില്‍ നിന്നെല്ലാം വ്യത്യസ്തമായ ചിത്രമാണ് നാരദന്‍ എന്നാണ് ആഷിഖ് അബു പറയുന്നത്.

ടെലിവിഷന്‍ ജേണലിസ്റ്റുകള്‍ സ്‌കിറ്റ് രൂപത്തിലും മറ്റും ഒരുപാട് ട്രോള്‍ ചെയ്യപ്പെടുകയും വിമര്‍ശിക്കപ്പെടുകയും അനുകരിക്കപ്പെടുകയുമൊക്കെ ചെയ്തിട്ടുണ്ട്. അതൊക്കെ എല്ലാവരും കണ്ടിട്ടുമുണ്ട്. സിനിമ ചെയ്യുമ്പോള്‍ നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി അതേ പോലെ ആകാതിരിക്കണം എന്നതായിരുന്നു.

ടെലിവിഷന്‍ ജേണലിസ്റ്റുകളുടെ രീതിയെയും അവരുടെ ചേഷ്ടകളെയും കളിയാക്കുന്നത് മലയാളിക്ക് പുതിയ കാര്യമൊന്നുമല്ല. അതുകൊണ്ട് അത്തരം കാര്യങ്ങള്‍ വരാതിരിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. തന്റെ നാടക ഗുരു കൂടിയായ ദീപന്‍ ശിവരാമനാണ് ടൊവിനോയെ ഈ സിനിമയ്ക്കായി പരിശീലിപ്പിച്ചത്.

ദീപന്‍ സിനിമയില്‍ അഭിനയിച്ചിട്ടുമുണ്ട്. സിനിമ മനുഷ്യ വികാരങ്ങളിലൂടെ കുറച്ചുകൂടി ആഴത്തില്‍ കടന്നുപോകാന്‍ ശ്രമിച്ചിട്ടുണ്ട്. ടെലിവിഷന്‍ ജേണലിസത്തെ കുറിച്ച് ക്രിയാത്മകമായ, ധാര്‍മികമായ വിമര്‍ശനങ്ങള്‍ നാരദനില്‍ കാണാമെന്നും ആഷിഖ് അബു മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മായാനദി, വൈറസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിഖ് അബുവും ടൊവിനോയും ഒന്നിക്കുന്ന ചിത്രമാണ് നാരദന്‍. അന്ന ബെന്നാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് നാരദന്‍. ഉണ്ണി ആറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

യുക്രെയ്നില്‍ റഷ്യന്‍ കടന്നുകയറ്റം അഞ്ചാം നാളിലേക്ക്. രാജ്യത്തെ കിഴക്കന്‍ മേഖലയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നതിനിടെ യു.എന്‍ രക്ഷാസമിതിയുടെ അടിയന്തര പൊതുയോഗം ഇന്ന് ചേരും. ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച ഇന്ന് നടക്കുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്കിയുടെ ഓഫിസ് അറിയിച്ചു. യുദ്ധത്തില്‍ ഇതുവരെ പതിനാല് കുട്ടികളടക്കം 352 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്.

യുക്രെയ്നില്‍ ദിവസങ്ങളായി നീളുന്ന യുദ്ധകോലാഹലങ്ങള്‍ക്ക് ഇന്ന് നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ അറുതിയുണ്ടാകുമെന്നാണ് ലോകത്തിന്റെ പ്രതീക്ഷ. ബെലാറൂസ് അതിര്‍ത്തിയിലാവും ചര്‍ച്ച നടക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അടിയന്തരമായി പ്രത്യേക പൊതുയോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്താനാണ് ഐക്യരാഷ്ട്രസഭയുടെ തീരുമാനം. നാളെ നടക്കുന്ന യോഗത്തില്‍ സഭയിലെ 193 രാജ്യങ്ങളും യുദ്ധത്തില്‍ അവരുടെ നിലപാടറിയിക്കും.

തുടര്‍ച്ചയായ അ‍ഞ്ചാം ദിവസവും റഷ്യ രൂക്ഷമായ ആക്രമണം തുടരുകയാണ്. ദക്ഷിണ യുക്രെയ്നിലെ ബെര്‍ഡ്യാന്‍സ്ക് മേഖല റഷ്യ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം റഷ്യയ്ക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. യുക്രെയ്ന്‍ ആയുധങ്ങളും യുദ്ധവിമാനങ്ങളും നല്‍കുമെന്നും യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. റഷ്യന്‍ വിമാനങ്ങള്‍ യൂണിയന്റെ വ്യോമപാതയില്‍ പറപ്പിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. റഷ്യയില്‍ രാജ്യാന്തര മല്‍സരങ്ങള്‍ സംഘടിപ്പിക്കില്ലെന്ന് ഫിഫ അറിയിച്ചു, ടീമിന് ഫുട്ബോള്‍ യൂണിയന്‍ ഓഫ് റഷ്യ എന്ന പേരില്‍ മല്‍സരിക്കാമെങ്കിലും റഷ്യന്‍ പതാകയോ ദേശീയ ഗാനമോ മല്‍സരവേദിയില്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.

ചര്‍ച്ചയ്ക്കായി ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ബെലാറൂസ് അതിര്‍ത്തിയിലെത്തി. അടുത്ത 24മണിക്കൂര്‍ നിര്‍ണായകമെന്ന് യുക്രെയ്‌ന്‍ പ്രസിഡന്റ് സെലെന്‍സ്കി പറഞ്ഞു. യുക്രെയ്‌നില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നതിനിടെ യു.എന്‍ രക്ഷാസമിതിയുടെ അടിയന്തര പൊതുയോഗം ഇന്ന് ചേരും.

യുക്രെയ്ന്‍ തലസ്ഥാനമായ കീവ് വളഞ്ഞ് റഷ്യന്‍സേന. അതേസമയം യുക്രെയ്ന്റെ ഭാഗത്തുനിന്ന് ചെറുത്തുനില്‍പ്പ് ശക്തമാണ്. ഹര്‍കീവിലും കനത്ത പോരാട്ടം നടക്കുകയാണ്. തെക്കന്‍ തുറമുഖങ്ങള്‍ റഷ്യ പിടിച്ചു. 240 യുക്രെയ്ന്‍കാര്‍ കൊല്ലപ്പെട്ടുവെന്ന് യുഎന്‍. മരിച്ചതില്‍ 16 കുട്ടികളും ഉൾപ്പെടുന്നു. 4300 റഷ്യന്‍ സൈനികരെ വധിച്ചെന്ന് യുക്രെയ്ന്‍. 200പേരെ യുദ്ധതടവുകാരാക്കി.

ചങ്ങനാശേരി എൻഎസ്എസ് കോളേജിൽ അധ്യാപികയായുള്ള അഭിമുഖത്തിൽ ഒന്നാം റാങ്ക് ലഭിച്ചിട്ടും നിയമനത്തിന് എൻഎസ്എസ് കോളേജ് വലിയ തുക ഡൊണേഷൻ ആവശ്യപ്പെട്ട ദുരനുഭവം വെളിപ്പെടുത്തി ഐപിഎസ് ഓഫീസറായിരുന്ന ആർ ശ്രീലേഖ.

അധ്യാപകരെ ആവശ്യമുണ്ടെന്ന പത്രപരസ്യം കണ്ട് കോട്ടയം ചങ്ങനാശ്ശേരി എൻഎസ്എസ് കോളേജിലെത്തിയപ്പോഴായിരുന്നു 25000 രൂപ ഡൊണേഷൻ ഫീയായി ആവശ്യപ്പെട്ടതെന്നും നൽകാനില്ലെന്ന് പറഞ്ഞപ്പോൾ ദരിദ്രരെ സഹായിക്കലല്ല നായർ സർവീസ് സൊസൈറ്റിയുടെ പരിപാടിയെന്ന് പരിഹസിച്ചെന്നും ആർ ശ്രീലേഖ വെളിപ്പെടുത്തുന്നു.

ഇന്റർവ്യൂവിൽ ഒന്നാം റാങ്ക് ലഭിച്ച് മെറിറ്റിൽ അഡ്മിഷൻ ലഭിക്കേണ്ടിയിടത്താണ് നായർ സർവ്വീസ് സൊസൈറ്റിയുടെ കീഴിലുള്ള കോളേജിൽ നിന്നും ദുരനുഭവം നേരിടേണ്ടി വന്നത്.

സംഭവം ആർ ശ്രീലേഖ വിശദീകരിക്കുന്നതിങ്ങനെ:

‘പത്രപരസ്യം കണ്ട് അഭിമുഖത്തിനായി ചങ്ങനേശ്ശേരി എൻഎസ്എസ് കോളേജിൽ എത്തി. റാങ്ക് പട്ടികയിൽ ഒന്നാമതായിരുന്നു. പിന്നീട് നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് കോളേജിന്റെ ടെലഗ്രാം ലഭിച്ചു. ഇത് പ്രകാരം ദിവസങ്ങൾക്ക് ശേഷം കോളെജിൽ എത്തി. സർട്ടിഫിക്കറ്റ് അടക്കമുള്ള ഡോക്യുമെന്ററികൾ സൂപ്രണ്ടിനെ കാണിച്ചു. ഡോക്യുമെന്റ്സ് കൊടുത്തപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് പുച്ഛത്തോടെയുള്ള ചിരിയായിരുന്നു. കാര്യം തിരക്കിയപ്പോൾ ‘നിയമനത്തിനായി 25000 രൂപ കൊണ്ടുവന്നിട്ടുണ്ടോ’ എന്ന് ചോദിച്ചു.

അങ്ങനെയൊരു കാര്യം സൂചിപ്പിച്ചിട്ടില്ലല്ലോയെന്ന് പറഞ്ഞപ്പോൾ ‘അത് ഇവിടുത്തെ എഴുതപ്പെടാത്ത ഒരു ചട്ടമാണെന്നായിരുന്നു’ മറപടി. 1984 ൽ 25000 വലിയ തുകയാണ്.
ഒന്നാം റാങ്ക് കാരിയാണ്, മെറിറ്റിൽ അഡ്മിഷൻ വേണം. പണം ഒഴിവാക്കി തരണം എന്ന് പറഞ്ഞപ്പോൾ ജനറൽ സെക്രട്ടറിയെ പോയി കാണുവെന്നായിരുന്നു മറുപടി. അങ്ങനെ ജനറൽ സെക്രട്ടറിയുടെ ഓഫീസിൽ എത്തി. അമ്മയെ പുറത്തിരുത്തി
കൊണ്ട് അദ്ദേഹത്തെ ഓഫീസിൽ കയറി കണ്ട് പ്രതിസന്ധിയെകുറിച്ച് പറഞ്ഞു.

‘പണം വാങ്ങുന്നത് ഞങ്ങളുടെ പോളിസിയാണ് ബോർഡ് എടുത്ത തീരുമാനമാണ്. പൈസ ഒഴിവാക്കാൻ പറ്റില്ല. ടീച്ചർ എന്നു പറയുമ്പോൾ നല്ല ശമ്പളം അല്ലേ കിട്ടുന്നത്. ഒരു വർഷം കൊണ്ട് അത് തിരിച്ചടക്കാൻ കഴിയുമല്ലോ’ എന്നായിരുന്നു മറുപടി. എന്നാൽ തരാൻ പണം ഇല്ലെന്ന് ഞാൻ വീണ്ടും അവർത്തിച്ചു.

‘ഞാനൊരു നായർ പെൺകുട്ടിയാണ്. അച്ഛൻ കുട്ടികാലത്തെ മരിച്ചു. രണ്ട് ചേച്ചിമാരുണ്ട്. അമ്മയ്ക്ക് ജോലിയില്ല. ആ പരിഗണനയിലെങ്കിലും ജോലി തരണം. നിങ്ങൾ നായർ സർവ്വീസ് സൊസൈറ്റിയല്ലേ. ആ പരിഗണനയിൽ എനിക്ക് ജോലി തന്നൂടേ.’ എന്ന് ചോദിച്ചു

‘നായർ സർവ്വീസ് എന്നു പറയുന്നത് നിങ്ങളെപോലെയുള്ള നിർധന നായർമാരെ സഹായിക്കലല്ല. പ്രസ്ഥാനത്തെ സഹായിക്കാനാണ് സർവ്വീസ് എന്നു പറയുന്നത്. ഞങ്ങളുടെ എല്ലാസ്ഥാപനങ്ങളും കൃത്യമായി നടന്നുപോകണ്ടേ. ജോലി വേണ്ടെങ്കിൽ രാജിക്കത്ത് എഴുതിതന്ന് പോയിക്കോളു. റാങ്ക് പട്ടികയിൽ ഉൾപ്പെടാത്തവരെ നിയമിക്കാം. അവരിൽ നിന്നും 75000 രൂപവരെ വാങ്ങിക്കാൻ കഴിയും.’ എന്നായിരുന്നു ശ്രീലേഖയ്ക്ക് ലഭിച്ച മറുപടി.

അപ്പോയിൻമെന്റ് ലെറ്റർ കീറി അദ്ദേഹത്തിന്റെ മേശപ്പുറത്ത് വെച്ചിട്ടാണ് ഇറങ്ങി പോന്നതെന്ന് ശ്രീലേഖ പറയുന്നു. എന്നാൽ ഒരു മാസം കഴിഞ്ഞപ്പോൾ തനിക്ക് എൻഎസ്എസിന്റെ തന്നെ അപ്പോയിൻമെന്റ് ലെറ്റർ വന്നിരുന്നു. പണം ഇല്ലാതെ തന്നെ നിയമനം നടത്താമെന്നായിരുന്നു അറിയിപ്പായിരുന്നു കത്തിലെന്നും ശ്രീലേഖ വ്യക്തമാക്കി. ജോലി നിഷേധിച്ചതിന് ഹൈക്കോടതി പോകുമെന്നൊക്കെ പറഞ്ഞതുകൊണ്ടായിരിക്കണം അത്തരമൊരു കത്ത്.

ഒറ്റപ്പാലം എൻഎസ്എസ് കോളേജിലായിരുന്നു നിയമനം. കത്തുമായി ജോയിൻചെയ്യാൻ ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ പോയപ്പോഴും അനുഭവം സമാനമായിരുന്നു. ‘നല്ലതിന് വേണ്ടിയല്ല ഈ നിയമനം. കോടതിയിൽ പോകുമെന്ന് പറഞ്ഞത് കൊണ്ടാണ് ഈ പോസ്റ്റിംഗ്. മൂന്നോ നാലോ വർഷം സാലറി പോലും കിട്ടാൻ പോകുന്നില്ല. ഒരുപാട് ട്രാൻസ്ഫെറുകൾ ഉണ്ടാവും. അങ്ങനെ നിങ്ങൾ സഹികെട്ട് 25000 രൂപ കൊടുക്കും. ശേഷമായിരിക്കും പേ സ്ലിപ്പോ ശമ്പളമോ കിട്ടുകയുള്ളൂ.’ എന്ന് അവിടുത്തെ പ്രിൻസിപ്പൽ മുന്നറിയിപ്പ് നൽകിയതോടെ താൻ ജോയിൻ ചെയ്യാതെ മടങ്ങിയെന്ന് ശ്രീലേഖ വെളിപ്പെടുത്തുന്നു.

യുക്രൈനില്‍ റഷ്യന്‍ സൈന്യം ആക്രമണം ശക്തമാക്കുകയാണ്. ജീവനുമായി ഓടുകയാണ് സാധാരണക്കാര്‍. കുഞ്ഞുങ്ങളെ യുദ്ധ ഭൂമിയില്‍ നിന്നും സുരക്ഷിതരാക്കാന്‍ അതിര്‍ത്തിയിലേക്ക് ഓടുകയാണ് ജനം.

18നും 60നും ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ക്ക് യുക്രൈന്‍ വിട്ടുപോകാന്‍ അനുമതിയില്ലാത്തതിനാല്‍ ഒരു യുവാവ് തന്റെ കുഞ്ഞുങ്ങളെ യുക്രൈന്‍ അതിര്‍ത്തിയില്‍ വെച്ച് അപരിചിതയായ ഒരു സ്ത്രീയെ ഏല്‍പ്പിച്ച് മടങ്ങിയ ഹൃദയം കവരുന്ന വാര്‍ത്തയാണ് ലോകശ്രദ്ധ നേടുന്നത്.

നതാലിയ അബ്ലീവ എന്ന 58കാരിയെയാണ് യുവാവ് തന്റെ രണ്ട് കുഞ്ഞുങ്ങളെ അതിര്‍ത്തി കടത്താന്‍ ഏല്‍പ്പിച്ചത്. നതാലിയ താന്‍ ഇതുവരെ കണ്ടിട്ടുപോലുമില്ലാത്ത രണ്ടു കുട്ടികളുമായാണ് യുക്രൈന്‍ അതിര്‍ത്തി കടന്ന് ഹംഗറിയിലെത്തിയത്.

‘യുവാവിനെ അതിര്‍ത്തി കടക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. രണ്ട് കുട്ടികളെ അയാള്‍ എനിക്ക് കൈമാറി. എന്നെ വിശ്വസിച്ചു. അവരുടെ പാസ്പോര്‍ട്ടുകള്‍ എന്നെ ഏല്‍പ്പിച്ചു. കട്ടിയുള്ള ജാക്കറ്റുകളും തൊപ്പികളും മക്കളെ പുതപ്പിച്ച് പിതാവ് തിരികെപ്പോയി’- നതാലിയ പറഞ്ഞു.

അപരിചിതരായ ആ രണ്ടു കുട്ടികളുമായി അതിര്‍ത്തി കടക്കുമ്പോള്‍ നതാലിയയുടെ കൈയ്യില്‍ അപരിചിതയായ ഒരു സ്ത്രീയുടെ ഫോണ്‍ നമ്പര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അതിര്‍ത്തി കടന്ന് കുട്ടികളെ അവരുടെ അമ്മയെ ഏല്‍പ്പിക്കുക എന്ന ഉത്തരവാദിത്വമാണ് നതാലിയയ്ക്ക് നിര്‍വഹിക്കാനുണ്ടായിരുന്നത്. കുട്ടികളുടെ മാതാവ് ഇറ്റലിയില്‍ നിന്നുമെത്തി അവരെ ഏറ്റുവാങ്ങും എന്നാണ് യുവാവ് നതാലിയയെ അറിയിച്ചത്.

ആ അമ്മയെ കാത്ത് ഹംഗറിയിലെ ബെറെഗ്സുരാനിയില്‍ അഭയാര്‍ഥികള്‍ക്കായി സജ്ജീകരിച്ച ടെന്റിനു സമീപം അവര്‍ ബെഞ്ചിലിരുന്നു. അമ്മയുടെ കോള്‍ വന്നപ്പോള്‍ കൊച്ചുകുട്ടി കരഞ്ഞു. ഉടനെത്തുമെന്ന് അമ്മ പറഞ്ഞപ്പോള്‍ അത് സന്തോഷക്കണ്ണീരായി മാറി.

33കാരിയായ അന്ന സെമിയുക് എത്തി കുട്ടികളെ ഏറ്റുവാങ്ങി. നതാലിയയ്ക്ക് നന്ദി പറഞ്ഞു. ആ രണ്ടു സ്ത്രീകളും കെട്ടിപ്പിടിച്ച് സാഹോദര്യം പങ്കിട്ടു. അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. എല്ലാം ശരിയാകുമെന്നും ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ വീട്ടിലേക്ക് മടങ്ങാമെന്നും ആ സ്ത്രീകള്‍ കുട്ടികളെ ആശ്വസിപ്പിച്ചു.

കുട്ടികളെ അവരുടെ അമ്മയെ ഏല്‍പ്പിച്ചതോടെ നതാലിയ വീണ്ടും തനിച്ചായി. രണ്ടു മക്കളുണ്ട് നതാലിയയ്ക്ക്. ഒരാള്‍ പോലീസും മറ്റൊരാള്‍ നഴ്‌സുമാണ്. ഇരുവര്‍ക്കും യുദ്ധഭൂമിയില്‍ ഉത്തരവാദിത്വമുള്ളതിനാല്‍ അതിര്‍ത്തി കടക്കാനാവില്ല.

യുക്രെയ്‌നിൽ നിന്നുള്ള മലയാളി വിദ്യാർത്ഥി സംഘം കൊച്ചിയിലെത്തി. ഡൽഹിയിൽ നിന്നുള്ള ആദ്യ സംഘമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. 11 മലയാളികളാണ് സംഘത്തിലുള്ളത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നന്ദി പറഞ്ഞു വിദ്യാർത്ഥികൾ പ്രതികരിച്ചു.നാലുപേര്‍ കരിപ്പൂരിലും എത്തി.

ഇനിയും വിദ്യാർത്ഥികൾ യുക്രെയ്നിൽ കുടുങ്ങിക്കിടക്കുകയാണ്. അവരെയും എങ്ങനെയും രക്ഷിക്കണമെന്ന് തിരിച്ചെത്തിയ വിദ്യാർത്ഥികൾ പറഞ്ഞു. മടങ്ങിവരവിന് സഹായിച്ച പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും അവർ നന്ദി പറഞ്ഞു. ഇനി രണ്ട് വിമാന സർവ്വീസുകൾ കൂടി കൊച്ചിയിലേക്കെത്തും.

റൊമേനിയൻ അതിർത്തിയിൽ നിരവധി വിദ്യാർത്ഥികൾ കുടുങ്ങിക്കിടപ്പുണ്ടെന്നും അവരേയും രക്ഷിക്കണമെന്ന് വിദ്യാർത്ഥികൾ അറിയിച്ചു. ഉക്രൈനിൽ നിന്നും തിരിച്ച 4 മലയാളി വിദ്യാർത്ഥികൾ കരിപൂർ വിമാന താവളത്തിലും എത്തിയിട്ടുണ്ട്. മൂന്ന് വിമാനങ്ങളിലുമായി ഇത് വരെ 82 മലയാളികൾ തിരിച്ചെത്തിയിട്ടുണ്ട്.

‘പ്രതിയെ പിടികൂടിയെങ്കിലും മകന്റെ ജീവൻ തിരിച്ചു കിട്ടില്ലല്ലോ’ ഇത് ഹോട്ടൽ റിസപ്ഷനിസ്റ്റായിരുന്ന നീലൻ എന്ന അയ്യപ്പന്റെ പിതാവ് മാടസ്വാമിയുടെ വാക്കുകളാണ്. നീലന്റെ വിയോഗത്തോടെ മാടസ്വാമിയുടെ കുടുംബമാണ് തകർന്നടിഞ്ഞത്. കന്യാകുമാരി ജില്ലയിലെ കോട്ടാർ, ചെട്ടിത്തെരുവ് സ്വദേശി മാടസ്വാമി-വേലമാൾ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് കൊല്ലപ്പെട്ട നീലൻ.

ചേച്ചി ചിദംബരം (സിന്ധു), അനുജത്തി ശിവപ്രിയ എന്നിവരുടെ വിവാഹം കഴിഞ്ഞു. നീലന്റെ വിവാഹാലോചനകൾ നടക്കുന്നതിനിടെയാണ് നീലനെ അക്രമി വെട്ടിനുറുക്കിയത്. നീലന്റെ ശമ്പളം കൊണ്ടായിരുന്നു വീട്ടുചെലവുകൾ നടന്നിരുന്നത്.

ശമ്പളം കിട്ടുന്ന ദിവസം അച്ഛന്റെ ബാങ്ക് അക്കൗണ്ടിൽ വീട്ടുചെലവിനുള്ള തുക നീലൻ അയച്ചുകൊടുക്കും. നാട്ടുകാരുടെ എന്ത് ആവശ്യങ്ങൾക്കും മുന്നിലുണ്ടാകുന്ന നീലന് ദുശീലങ്ങൾ ഒന്നുംതന്നെയില്ലെന്ന് സുഹൃത്തുക്കൾ പറയുന്നു.

കൊവിഡിനെ തുടർന്നുള്ള ലോക്ക് ഡൗണിൽ ഹോട്ടൽ അടച്ചതിനെ തുടർന്ന് നാട്ടിൽ മടങ്ങിയെത്തിയ നീലൻ ഒമ്പതുമാസങ്ങൾക്ക് മുമ്പാണ് വീണ്ടും ഹോട്ടലിൽ തിരികെയെത്തിയത്. രണ്ടുമാസം മുമ്പാണ് വീട്ടിലെത്തി മടങ്ങിയത്. ചേട്ടന്റെ വിയോഗം തനിക്കും കുടുംബത്തിനും താങ്ങാവുന്നതിലും അപ്പുറമാണെന്ന് സഹോദരി ശിവപ്രിയ പറഞ്ഞു.

കേരളത്തിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേരളത്തില്‍ ജനങ്ങള്‍ക്ക് ശാന്തിയും സമാധാനവുമില്ല. രാഷ്ടീയ കൊലപാതകങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കപ്പെടുകയാണെന്നും ആദിത്യനാഥ് കുറ്റപ്പെടുത്തി.

ഉത്തര്‍പ്രദേശ് കേരളത്തില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. യുപിയില്‍ കലാപവും, ഗുണ്ടാവിളയാട്ടവുമില്ല. ഓരോ വ്യക്തിയുടെയും ജീവന് യുപി സര്‍ക്കാര്‍ സുരക്ഷ ഉറപ്പ് നല്‍കുന്നതായും ആദിത്യനാഥ് അവകാശപ്പെട്ടു.

യുപിയില്‍ ബിജെപി ഭരണം ആവര്‍ത്തിക്കുമെന്ന പ്രത്യാശ പങ്കുവെച്ച അദ്ദേഹം, ജനങ്ങളുടെ ആശിര്‍വ്വാദത്തോടെ തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അവകാശപ്പെട്ടു. വന്‍ വികസനമാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ യുപിയില്‍ ഉണ്ടായത്. കണ്ണില്ലാത്തവര്‍ മാത്രമേ യുപിയില്‍ വികസനമില്ലെന്ന് പറയുകയുള്ളൂവെന്നും യോഗി ആദിത്യനാഥ് പരിഹസിച്ചു.

നേരത്തെ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്ന വീഡിയോയില്‍ കേരളത്തെക്കുറിച്ച് യോഗി ആദിത്യനാഥ് നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. ‘നിങ്ങളുടെ ഒരു വോട്ട് ഉത്തര്‍പ്രദേശിന്റെ ഭാവി നിര്‍ണയിക്കും. അല്ലെങ്കില്‍ ഉത്തര്‍പ്രദേശ് കശ്മീരും കേരളവും ബംഗാളും പോലെയാകും’ എന്നായിരുന്നു പ്രസ്താവന. വീഡിയോക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.

കേരളാ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും അടക്കം രാഷ്ട്രീയ നേതാക്കളും സാംസ്‌ക്കാരിക പ്രവര്‍ത്തകരും രൂക്ഷ ഭാഷയിലാണ് യോഗിക്ക് മറുപടി നല്‍കിയത്.യുപി കേരളം പോലെയായാല്‍ അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയരും. മികച്ച വിദ്യാഭ്യാസവും ആരോഗ്യ സംവിധാനങ്ങളും ഉണ്ടാകും. മതത്തിന്റെയും ജാതിയുടെയും പേരില്‍ ആരും കൊല്ലപ്പെടില്ലെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. യുപിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് അതാണെന്നും പിണറായി വിജയന്‍ ട്വിറ്ററില്‍ കുറിച്ചു. ‘പ്രിയപ്പെട്ട യുപി, കേരളം പോലെയാകാന്‍ വേണ്ടി വോട്ട് ചെയ്യൂ.’ എന്നാണ് വിഡി സതീശന്‍ പ്രതികരിച്ചത്.

യുക്രൈനില്‍ നിന്നുള്ള ഇന്ത്യന്‍ രക്ഷാദൗത്യം ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായുള്ള രണ്ടാമത്തെ വിമാനം ഡല്‍ഹിയില്‍ എത്തി. മലയാളികള്‍ ഉള്‍പ്പെടെ 469 പൗരന്മാരാണ് സുരക്ഷിതമായി തിരികെയെത്തിയത്. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും വിദേശകാര്യ സഹമന്ത്രി വി മുരളീധരനും യാത്രക്കാരെ സ്വീകരിച്ചു.സംഘത്തില്‍ 29 മലയാളികളാണ് ഉള്ളത്.

തിരികെ എത്തിയവരില്‍ 16 മലയാളി വിദ്യാര്‍ത്ഥികളുണ്ട്. ഇവരെ രാവിലെ 6:15നുള്ള എയര്‍ഇന്ത്യാ വിമാനത്തില്‍ കേരളത്തിലേക്ക് അയക്കും. 14 വിദ്യാര്‍ത്ഥികളെ കേരള ഹൗസിലേക്ക് മാറ്റി. ഇവരെ ഇന്ന് വൈകുന്നേരം 5:15നുമുള്ള വിമാനത്തിലും നാട്ടിലേക്ക് അയക്കും. സുരക്ഷിതമായി തിരികെ എത്തിയതില്‍ വലിയ സന്തോഷമുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ഇന്ത്യയുടെ യുക്രൈന്‍ രക്ഷാദൗത്യം ഓപ്പറേഷന്‍ ഗംഗ തുടരുകയാണ്. ഇന്ന് ഉച്ചയോടെ ഹംഗറിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം നാട്ടിലെത്തും. കൂടുതല്‍ വിമാനങ്ങള്‍ രക്ഷാ ദൗത്യത്തിനായി റൊമേനിയയിലേക്കയക്കും ഓപ്പറേഷന്‍ ഗംഗ വഴി കൂടുതല്‍ ഇന്ത്യക്കാരെ വേഗത്തില്‍ തിരികെയെത്തിക്കുകയാണ് കേന്ദ്രം.

റൊമേനിയയിലും ഹംഗറിയിലും എത്തിയവര്‍ക്കായി പ്രത്യേക എയര്‍ ഇന്ത്യ വിമാനങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും നാളെ കൂടുതല്‍ വിമാനങ്ങള്‍ യുക്രൈന്റെ പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക് തിരിക്കും. വിദേശകാര്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 16000 ആളുകളാണ് ഇനി യുക്രൈനില്‍ നിന്ന് തിരികെ എത്താനുള്ളത്. ഇതില്‍ രണ്ടായിരത്തോളം മലയാളി വിദ്യാര്‍ഥികളുമുണ്ട്.

കിയേവില്‍ ബങ്കറുകളില്‍ അഭയം തേടിയ ഇന്ത്യക്കാരെ തിരിച്ചെത്താന്‍ സഹായം റഷ്യ അറിയിച്ചിട്ടുണ്ട്. രക്ഷാ ദൗത്യത്തില്‍ യുക്രൈനും ഇന്ത്യക്ക് പിന്തുണ നല്‍കും. രക്ഷാദൗത്യത്തിനായി കൂടുതല്‍ വിമാനങ്ങള്‍ സജ്ജമാക്കാന്‍ വ്യോമയാനമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രാധാകൃഷ്ണൻ മാഞ്ഞൂർ

സ്വന്തം ഇഷ്ടങ്ങളുടെ ആകാശത്ത് പറന്നു നടക്കാൻ ഏതു മനുഷ്യനും ആഗ്രഹമുണ്ട് . സ്വാതന്ത്ര്യത്തിന്റെ വിശാല ഭൂമികയാണത്. കാണുന്നതൊക്കെ വർണ്ണക്കാഴ്ചകൾ മാത്രം. ജീവിതത്തിൽ ഏറ്റവും ധനികനായ മനുഷ്യൻ ഞാനാണെന്നു പറഞ്ഞ വ്യത്യസ്തനായ ഗോപാലേട്ടൻ കരീലക്കുളങ്ങര സ്വദേശി. ഏകദേശം 60 വയസ്സ് തോന്നിക്കുന്ന ഒരു സാധുമനുഷ്യൻ. 1999 ഏപ്രിൽ മാസത്തിലെ ഒരു വേനൽ പകൽ . അമ്പലപ്പുഴ ഗവൺമെൻറ് മോഡൽ സ്കൂളിൽ നടക്കുന്ന പി എസ് സി ടെസ്റ്റിൽ പങ്കെടുക്കാൻ എത്തിയതാണ് ഞാൻ .

ചുറ്റുവട്ടത്തുള്ള എല്ലാ ലോഡ്ജുകളും ഉദ്യോഗാർത്ഥികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞിരിക്കുന്നു. ഗവൺമെൻറ് സ്കൂളിനരുകിലെ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നു. പതിയെ ഇവിടെയങ്ങു കൂടാം.

അമ്പലവും, അവിടുത്തെ മനുഷ്യരും ആലസ്യത്തിലാണ്. ഒരു ഗാനമേള ട്രൂപ്പ് അവരുടെ സംഗീതോപകരണങ്ങൾ സ്റ്റേജിനു സമീപം ഇറക്കി വയ്ക്കുന്നു. ദൂരെ നിന്നു വന്ന ഒരു തീർത്ഥാടക സംഘം അമ്പലവും, പരിസരവും കണ്ടു നടക്കുന്നു. അവരുടെ കുഞ്ഞുങ്ങൾ വലിയ ആഹ്ളാദത്തിലാണ്.

ഞാൻ അമ്പലത്തിന്റെ തിരക്ക് കുറഞ്ഞ ഭാഗത്തേക്ക് മാറിയിരുന്നു. യാത്രയുടെ ക്ഷീണം വല്ലാതെ അസ്വസ്ഥനാക്കുന്നുണ്ട്.

‘എവിടുന്നു വരുന്നു ‘ തൊട്ടരികിലിരുന്ന ഏകദേശം 60 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാളാണ് ചോദിച്ചത്.

‘അല്പം ദൂരം നിന്നാണ് – മാഞ്ഞൂര് ‘ ഞാൻ മറുപടി പറഞ്ഞു.

‘മാഞ്ഞുരോ… ? ‘ അയാൾ ആ സ്ഥല നാമത്തെ പ്പറ്റി ആലോചിക്കുകയാണ്. അദ്ദേഹത്തിൻറെ മനോമുകരത്തിൽ അങ്ങനെയൊരു പേര് കേട്ടിട്ടില്ലാത്തതുപോലെ …

ഞാൻ വിശദമാക്കാൻ തീരുമാനിച്ചു. ‘ഏറ്റുമാനൂരമ്പലത്തിനടുത്തുള്ള സ്ഥലമാണ് … ‘

ഞാൻ വീണ്ടും നിശബ്ദനായിരുന്നു. ചേട്ടൻ വിടുന്ന മട്ടില്ല … “ഏറ്റുമാനൂരമ്പലത്തിലെ ഉത്സവത്തിനു ഞാൻ വന്നിട്ടുണ്ട് …ഏഴരപ്പൊന്നാന അവിടുത്തെ വില്ലുകുളം … ” അദ്ദേഹം ഓർത്തെടുത്തു പറഞ്ഞുകൊണ്ടിരുന്നു.

സത്യൻ അന്തിക്കാട് – ശ്രീനിവാസൻ ടീമിൻറെ ചിത്രങ്ങളിൽ കാണുന്ന സാധാരണക്കാരനായ ഗ്രാമീണന്റെ രൂപഭാവമുള്ള ഒരു മനുഷ്യൻ … കണാരേട്ടൻ , കേളുവേട്ടൻ എന്നൊക്കെ വിളിക്കാവുന്ന ഒരു രൂപം.

എന്റെ യാത്രാ ഉദ്ദേശമടക്കമുള്ള കാര്യങ്ങൾ ചോദിച്ചറിഞ്ഞു. എന്തിനാണ് ഈ അപരിചിതൻ ഇതൊക്കെ ചോദിച്ചറിയുന്നതെന്ന് ചിന്തിക്കാതിരുന്നില്ല…

‘ നീ ഭക്ഷണം കഴിച്ചോ … ഇവിടെ പ്രസാദമൂട്ടുണ്ടായിരുന്നു.’

‘ ഞാൻ ഹോട്ടലിൽ നിന്നും ഊണുകഴിച്ചു .’ രൂപയുടെ കുറവു കൊണ്ട് ഞാൻ ഒന്നും കഴിച്ചിരുന്നില്ല.

എൻറെ ഏകാന്ത ചിന്തകൾക്കിടയിൽ പലപ്പോഴും പല പല ചോദ്യങ്ങളുമായി ഗോപാലേട്ടൻ കടന്നു വന്നു കൊണ്ടിരുന്നു.

വൈകുന്നേരം 5 മണിക്ക് ഒരു ചായ കുടിയ്ക്കാൻ എഴുന്നേറ്റപ്പോൾ ഞാൻ ഗോപാലേട്ടനെയും ക്ഷണിച്ചു. ഒരു മടിയും കൂടാതെ അദ്ദേഹവും കൂടെ വന്നു. ഇത്രയും സമയത്തിനുള്ളിൽ അദ്ദേഹത്തിൻറെ പൂർവ്വാശ്രമ ജീവിതം ഞാനും ചോദിച്ചറിഞ്ഞു.

ഗോപാലൻ എന്നു പേര്.
കരീലക്കുളങ്ങര സ്വദേശി.
വിവാഹിതൻ. ഭാര്യയും, മൂന്നു മക്കളുമുണ്ട് . ഇപ്പോൾ നാടു വിട്ടിറങ്ങിയിട്ട് 17 വർഷമായിരിക്കുന്നു. ഉത്സവങ്ങൾ കൺനിറയെ കാണുക, ആ തിരക്കിൽ മുങ്ങി നിവർന്നങ്ങനെ എങ്ങോട്ടൊക്കെയോ സഞ്ചരിക്കുക… ഈശ്വരാ ഇങ്ങനെയും മനുഷ്യരോ?.

നന്നേ ചെറുപ്പത്തിൽ  ‘പുറപ്പെട്ടു പോയി ‘ . അതും രണ്ടു തവണ …(പണ്ട് ഞങ്ങളുടെ ഗ്രാമത്തിലും ഇതുപോലെ ‘പുറപ്പെട്ടു’ പോകുന്ന വിദ്വാന്മാരുണ്ടായിരുന്നു.)
‘ രണ്ടു തവണയും വീട്ടുകാർ പിടിച്ചോണ്ടുപോന്നു… വിവാഹം കഴിഞ്ഞ് മൂത്തവന് 20 വയസ്സായപ്പോൾ തോന്നി എങ്ങോട്ടെങ്കിലും പോവണമെന്ന് … എന്റെ വീട്ടുകാരി തങ്കമ്മയുമായി ഒരു വിധത്തിലും ചേർന്ന് പോവില്ലായിരുന്നു. അങ്ങനെ രണ്ടാൺകുഞ്ഞുങ്ങളെയും ഒരു പെൺകുഞ്ഞിനെയും ഉപേക്ഷിച്ചുള്ള യാത്ര ഇന്നും തുടരുന്നു. ‘

ചേട്ടന് ഇങ്ങനെ നടക്കണമെന്നുണ്ടായിരുന്നെങ്കിൽ വിവാഹം കഴിക്കാതെ ആകുമായിരുന്നല്ലോ … വെറുതെ അവരുടെ ജീവിതം … ആശ്രയം ഇതൊക്കെ തകർത്തില്ലെ…

ഞാൻ ചോദിച്ച ആ ചോദ്യത്തിന് മറുപടി പറഞ്ഞില്ല …പകരം ചായ തണുത്തു പോവും … അതു കുടിക്ക് എന്നു പറഞ്ഞു.

തികച്ചും ഒരു അവധൂതനെപ്പോലെ സഞ്ചരിക്കുന്ന ഒരു മനുഷ്യൻ … ഈ ജീവിത നിയോഗമെന്താവാം . ഞാൻ പലവിധ ചിന്തകളിൽ പെട്ടുപോവുന്നു.

കടയ്ക്കു പുറത്തിറങ്ങിയപ്പോൾ അമ്പലത്തിലെ ഒരു കാഴ്ച കാണാൻ ഗോപാലേട്ടൻ ക്ഷണിച്ചു.

ഞാൻ അദ്ദേഹത്തിനൊപ്പം ഒരു തടികൊണ്ടുള്ള പ്ലാറ്റ്ഫോമിനു മുമ്പിൽ ചെന്നുനിന്നു.

‘ഇതു കണ്ടിട്ടുണ്ടോ … കുഞ്ചൻനമ്പ്യാരുടെ മിഴാവാണ് .. ‘

ഞാൻ അത്ഭുതപ്പെട്ടു നിന്നു .

‘കുഞ്ചൻസ് മിഴാവ് ‘ എന്ന് ഇംഗ്ലീഷിലും, മലയാളത്തിലുമൊക്കെ രേഖപ്പെടുത്തിയിരിക്കുന്നു.

കൂത്ത് നടന്ന വേദിയിൽ ഉറങ്ങിപ്പോയ കുഞ്ചന് ഏറ്റുവാങ്ങേണ്ടിവന്നത് ആളുകളുടെ കളിയാക്കൽ ചിരികളായിരുന്നു. അതുകൊണ്ട് നമുക്ക് കിട്ടിയതോ ‘തുള്ളൽ ‘ എന്നൊരു കലാരൂപം. ആ വലിയ കലാകാരന്റെ വാദ്യോപകരണത്തിൽ ഒന്ന് തൊട്ടു തലോടണമെന്ന് തോന്നി . ഞാൻ ഭയ ഭക്തി ബഹുമാനങ്ങളോടെ പ്ലാറ്റ്ഫോമിൽ കയറിനിന്നു . വലയടിച്ചു വച്ചിരിക്കുന്ന മിഴാവിനു മുകളിൽ കൈകൾ ചേർത്തു വച്ചു. ആ ക്ലാവു പിടിച്ച ഗന്ധത്തിൽ കുഞ്ചൻനമ്പ്യാരുടെ വിരലുകൾ എന്നെ ആശ്ലേഷിച്ചുവെന്ന് ഞാൻ വിശ്വസിച്ചു .

തട്ടിൽ നിന്നിറങ്ങി വന്നപ്പോൾ തുള്ളൽ കഥകളെപ്പറ്റിയായി ഗോപാലേട്ടന്റെ സംസാരം. ‘ ഞാൻ പുള്ളീടെ നാട്ടിലെ അമ്പലത്തിൽ ഉത്സവത്തിന് പോയിട്ടുണ്ട് …,’

‘ കലക്കത്തു ഭവനത്തിനടുത്തോ ‘ ഞാൻ അവിശ്വസിക്കുന്നുവെന്ന് ഒരു തോന്നൽ അദ്ദേഹത്തിനുണ്ടായെന്നു തോന്നുന്നു.

‘മലബാറിലെ തെയ്യക്കാലങ്ങൾ തുടങ്ങിയാൽ ഞാൻ പിന്നെ അവിടെയാണ് …’
കോലത്തുനാട്ടിലെ തെയ്യം … മനുഷ്യൻ ദേവതാരൂപം പൂണ്ടു നിൽക്കുന്ന അമ്മ ദൈവങ്ങൾ … തോറ്റവും , വെള്ളാട്ടവുമൊക്കെ … തുലാമാസം മുതൽ ജൂൺ അവസാനം വരെയുള്ള തെയ്യക്കാലങ്ങളിലേക്ക് ഗോപാലേട്ടൻ സഞ്ചരിച്ചു. വനദേവതകൾ, നാഗകന്യകകൾ, വീരൻമാർ അങ്ങനെയങ്ങനെ…

(തുടരും )

 

ഡോ. ഐഷ വി

ഫോൺ റിങ് ചെയ്തപ്പോൾ ഞാനതെടുത്തു ഹലോ പറഞ്ഞു. അങ്ങേ തലയ്ക്കൽ നിന്നും ചോദ്യം : “ഇത് ഐഷയാണോ?” ഞാൻ ” അതേ” എന്ന് പറഞ്ഞു .”തളിപ്പറമ്പ് എസ് ബി ഐയിൽ നിന്നാണ്. ഒരു അക്കൗണ്ട് ക്ലോസ്സ് ചെയ്യാനുള്ള അപേക്ഷ കൊടുത്തിരുന്നില്ലേ? അത് ക്ലോസ്സ് ചെയ്ത് തുക ജോമിഷയ്ക്ക് കൊടുക്കട്ടേ?” ഞാൻ “കൊടുത്തോളൂ ” എന്ന് പറഞ്ഞു. ” അത് കൺഫേം ചെയ്യാനാണ് വിളിച്ചത്” . അങ്ങേ തലയ്ക്കൽ നിന്നുമുള്ള മറുപടി. അല്പനേരം കഴിഞ്ഞ് വാട്ട് സാപിൽ മെസ്സേജ് വന്ന ശബ്ദം കേട്ടു: * ക്ലിങ്ങ്, ക്ലിങ്ങ്, ക്ലിങ്ങ്'” . ജോമിഷയാണെന്ന് ഫോണിലെ മെസ്സേജ് അലർട്ട് നോട്ടിഫിക്കേഷനിൽ നിന്നും മനസ്സിലായി. ഞാൻ വാട്സാപ് ഓപൺ ചെയ്തു. ജോ മിഷയുടെ മെസ്സേജ് നോക്കി.

‘കാശിന്റെ ഫോട്ടോ , തുകയെഴുതിയ ചെക്കിന്റെ ഫോട്ടോ . ₹35164/- തുക രാജീവേട്ടന്റെ കൈയിൽ പ്രിൻസിപ്പാളിന് കൊടുക്കാൻ കൊടുത്തു.
പിന്നെ പുഞ്ചിരിയ്ക്കുന്ന ഒരു സ്മൈലി .’ ഇത്രയുമാണ് ജോ മിഷയുടെ മെസ്സേജ്. എന്റെ മനസ്സ് വാട്സാപിൽ നിന്നും 2013-14 കാലഘട്ടത്തിലേക്ക് പറന്നു.

കൃഷ്ണേട്ടന്റെ വീടിന്റെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനും മക്കളില്ലാത്ത അന്ധ ദമ്പതികളായ കൃഷ്ണേട്ടനും ഭാര്യയ്ക്കുമായി ഒരു ശൗചാലയം പണിയുന്നതിനുമാട്ടാണ് ഞാനും ജോമിഷയും ഒരു ജോയിന്റ് അക്കൗണ്ട് തളിപ്പറമ്പ് എസ് ബി ഐയിൽ തുടങ്ങിയത്. അത് ക്ലോസ്സ് ചെയ്ത ദിവസമായിരുന്നു ഇന്ന്.

സഞ്ജീവനി പാലിയേറ്റീവ് കെയർ കാരോടൊപ്പം നടത്തിയ ഒരു യാത്രയിലാണ് ഞങ്ങൾ കൃഷ്ണേട്ടനും ഭാര്യ മറിയാമ്മേട്ടത്തിയ്ക്കും ശൗചാലയമില്ലെന്ന വിവരം അറിയുന്നത്. അവരെ സഹായിയ്ക്കാൻ മറ്റാരുമില്ല. പലരും വാഗ്ദാനങ്ങൾ പലതും നടത്തിയെങ്കിലും അതെല്ലാം വാഗ്ദാനങ്ങൾ മാത്രമായി തുടർന്ന സാഹചര്യത്തിലാണ് കോളേജിലെ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൂടിയ യോഗം ശൗചാലയം നിർമ്മിച്ചു നൽകാൻ തീരുമാനമെടുക്കുന്നത്. സ്വരൂപിയ്ക്കുന്ന പണം നിക്ഷേപിയ്ക്കാൻ എന്റെ വക ആദ്യ സംഭാവനയുമായി ഞാനും ജോമിഷയും കൂടി അക്കൗണ്ട് തുറന്നു. തീരുമാനമെടുത്തതു മുതൽ സ്റ്റാഫും കുട്ടികളും ഉത്സാഹിച്ചു നിന്നു.

കുട്ടികൾ കൃഷ്ണേട്ടന്റെ വീട്ടിൽ പണി ചെയ്യാൻ പോകുമ്പോൾ അധ്യാപകരും ഊഴം വച്ച് കുട്ടികളെ അനുഗമിച്ചിരുന്നു. നാഷണൽ സർവ്വീസ് സ്കീമിന്റെ ഉപദേശക സമിതി യോഗത്തിലെടുത്ത തീരുമാന പ്രകാരമായിരുന്നു അത്. അങ്ങനെ ഒരു ദിവസം പണി തുടങ്ങി. കുട്ടികൾ ചെയ്യുന്ന പണി കൂടാതെ വൈദഗ്ദ്ധ്യം വേണ്ട പണികളിൽ ജോമിഷയുടെ പരിചയക്കാർ സഹായിച്ചു. ശൗചാലയത്തിന്റെ പണി നടക്കുമ്പോഴാണ് ആ വീട്ടിലെ പല പല പ്രശ്നങ്ങൾ കുട്ടികൾ മനസ്സിലാക്കുന്നത്. വീടിന്റെ ചോർച്ച, ദ്രവിച്ച ജനാലകൾ , വാതിലുകൾ , അടുക്കളയിലെ ചില പ്രശ്നങ്ങൾ . ഫണ്ട് സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ട് ജോമിഷ എന്നെയും കൂട്ടി തളിപറമ്പിലെ ഒരു പള്ളിയിൽ പോയിരുന്നു. ഒരിക്കൽ ഫാ. സുക്കോൾ ഈ ദമ്പതികൾക്ക് ഒന്നരയേക്കർ സ്ഥലം നൽകിയതല്ലേ, അവർ അത് പ്രയോജനപ്പെടുത്തിയില്ലല്ലോ എന്ന് പറഞ്ഞ് അവർ ഞങ്ങളെ കൈയ്യൊഴിഞ്ഞു. ക്ലോസറ്റ് , സിമന്റ്, വാതിലുകൾ , ജന്നലുകൾ എന്നിവ പല കടയുടമകൾ സ്പോൺസർ ചെയ്തു. മണൽ, കല്ല് തുടങ്ങിയവ ജോമിഷയും മറ്റ് കുട്ടികളും ചേർന്ന് അയൽ പക്കങ്ങളിൽ നിന്നും അവരുടെ പണി കഴിഞ്ഞ് മിച്ചം കിടന്നവ സംഘടിപ്പിച്ചു. ചിലർ നൽകി. ചിലർ വിമുഖത പ്രകടിപ്പിച്ചു .

കൃഷ്ണൻ മറിയാമ്മ ദമ്പതികളുടെ വീട്ടിലേയ്ക്ക് നേരേ ചൊവ്വേ വഴിയില്ലാത്തതിനാൽ സാധന സാമഗ്രികൾ എത്തിയ്ക്കാനും പ്രയാസമായിരുന്നു. പിന്നെ ജോമിഷയുടെ നേതൃത്വത്തിൽ ബസ്സിൽ പോകേണ്ടിടത്ത് നടന്നും , മിഠായി കമ്പനിയിൽ നിന്ന് മിഠായി വാങ്ങി വിറ്റും , കുട്ടികളിൽ നിന്നും അധ്യാപകരിൽ നിന്നും പിരിച്ചും അവർ തുക സ്വരൂപിച്ചു. സ്വരൂപിച്ച തുകകൾ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു. കുട്ടികൾ കൃഷ്ണേട്ടന്റെ വീടിന്റെ എല്ലാ അറ്റകുറ്റ പണികളും തീർത്ത് വീട് പെയിന്റടിച്ച് മോടി പിടിപ്പിച്ചു. ദമ്പതികൾക്ക് സന്തോഷമായി. അങ്ങനെ ഉത്ഘാടന ദിവസമെത്തി. നാഷണൽ സർവ്വീസ് സ്കീം അംഗങ്ങളുo സഞ്ജീവനി പാലിയേറ്റീവ് കെയർ അംഗങ്ങളും മറ്റ് പൗര പ്രമുഖരും പങ്കെടുത്ത യോഗത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ഡയറക്ടർ ഓഫ് സ്റ്റുഡന്റ് സർവ്വീസസ് , ശ്രീ അനിൽകുമാർ സർ(പരേതനായ പ്രൊഫ. എം എൻ വിജയന്റെ മകൻ) ഉത്ഘാടനം നിർവ്വഹിച്ചു.

ജോമിഷ കോഴ്സ് കഴിഞ്ഞ് പോകുന്നതു വരെ കുട്ടികൾ ദമ്പതികൾക്ക് വേണ്ട സഹായങ്ങൾ ചെയ്യുവാനായി അവിടെ പോയിരുന്നു.

2014 -ൽ കേരളത്തിലെ മികച്ച എൻ എസ് എസ് വോളന്റിയർ മാർക്കുള്ള അവാർഡ് ജോമിഷയ്ക്ക് ലഭിച്ചു. അപ്പോഴേയ്ക്കും എനിയക്ക് കാർത്തികപള്ളിയ്ക്ക് ട്രാൻസ്ഫർ ആയിരുന്നു. ഞാൻ ട്രാൻസ്ഫർ ആയി പോകുമ്പോൾ നിയുക്ത പ്രിൻസിപ്പാളിന് ബാങ്ക് അക്കൗണ്ട് ട്രാൻസ്ഫർ ചെയ്ത് കൊടുക്കാൻ ജോമിഷ സ്ഥലത്തില്ലാതിരുന്നതിനാൽ സാധിച്ചില്ല. ഞാനൊപ്പിട്ട അപേക്ഷ ജോമിഷയെ കൊണ്ട് ഒപ്പിടീച്ച് ബാങ്കിൽ കൊടുക്കാനായി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് പട്ടുവത്തെ ലാസ്റ്റ് ഗ്രേഡ് സെർവന്റായിരുന്ന ശ്രീ ബാബു അഗസ്റ്റിനെ ഏൽപ്പിച്ചിരുന്നു. എന്നാൽ ബാബു അഗസ്റ്റിന് ഹൃദായാഘാതം വന്ന് അകാല നിര്യാണം സംഭവിച്ചതിനാൽ അക്കൗണ്ട് ട്രാൻസ്ഫർ നടന്നില്ല. ഈ വിവരം ഞാൻ വളരെ വൈകിയാണ് അറിയുന്നത്. ഇത് സംബന്ധിച്ച് ഞാൻ രണ്ട് മൂന്ന് എഴുത്തുകുത്തുകൾ നടത്തിയിരുന്നു. അവാർഡ് ദാന ചടങ്ങ് തിരുവനന്തപുരം വിമൺസ് കോളേജിൽ വച്ചായിരുന്നു. കോളേജ് ഓഫ് അപ്ലൈഡ് സയൻസ് പട്ടുവത്ത് നിന്നും സംസ്ഥാന തല അവാർഡ് ഏറ്റ് വാങ്ങു വാൻ എൻ എസ് എസ് പ്രോഗ്രാം ഓഫീസറായ ബീന പയ്യനാട്ടും ജോമിഷയും കൂട്ടരും എത്തിയിരുന്നു. അന്ന് ഞാനും അവിടെ പോയി. യൂണിവേഴ്സിറ്റിയിൽ നിന്നും അനിൽകുമാർ സാറും ഭാര്യയും പങ്കെടുത്തു.

ഇക്കാലമത്രയും ബാങ്കക്കൗണ്ട് നിർജ്ജീവമായി തുടർന്നു. ഞാൻ ജോമിഷയെ വിളിച്ചു സംസാരിച്ചപ്പോൾ ജോമിഷ ഒപ്പിട്ട് കൊടുക്കാൻ തയ്യാറായി. ഞാൻ പട്ടുവത്തെ പ്രിൻസിപ്പാൾ അയച്ചു തന്ന ചെക്കൊപ്പിട്ട് കൊടുത്തു. അങ്ങനെ കഴിഞ്ഞ ദിവസം ആ അക്കൗണ്ട് ക്ലോസ്സ് ചെയ്ത് അടുത്ത പ്രവർത്തനങ്ങൾക്കായി തുക പ്രിൻസിപ്പാളിന് കൈമാറി.

വാൽക്കഷണം: ജോമി ഷ കൃഷ്ണേട്ടനേയും ഭാര്യയേയും കുറിച്ച് വീണ്ടും അന്വേഷിച്ചു. കോളേജ് ഓഫ് അപ്ലൈഡ് സയൻസിലെ കുട്ടികൾ കൃഷ്ണേട്ടന്റെ വീട് മോടി പിടിപ്പിച്ച് നൽകിയതറിഞ്ഞപ്പോൾ അതുവരെ നിഷ്ക്രിയരായിരുന്ന സന്നദ്ധ സംഘടനക്കാർ കുറച്ച് കാലം കഴിഞ്ഞ് നല്ല വാർത്ത വീട് പണിഞ്ഞ് കൊടുക്കാമെന്ന് പറഞ്ഞ് ദമ്പതികളെ വ്യാമോഹിപ്പിച്ചു. അവർ ദമ്പതികളെ സ്ത്രീകൾക്കുo പുരുഷന്മാർക്കും വെവ്വേറെയുള്ള ആശ്രയ കേന്ദ്രങ്ങളിലാക്കി. അന്ധതയും പരിചിതമല്ലാത്ത സാഹചര്യവും സഹധർമ്മിണിയിൽ നിന്നും അകന്നു കഴിയേണ്ടി വന്നതും സന്നദ്ധ സംഘടനക്കാർ പൊളിച്ചിട്ട വീട് പണിയാഞ്ഞതും കൃഷ്ണേട്ടനിൽ ഹൃദയ വേദനയുണ്ടാക്കി. കൃഷ്ണേട്ടൻ വേഗം മരണത്തിന് കീഴടങ്ങി. മറിയാമ്മേടത്തി മറ്റൊരാശ്രയ കേന്ദ്രത്തിൽ തുടരുന്നു. സന്നദ്ധ സംഘടനക്കാർ വീടിന് ഒരു കല്ലു പോലും ഇതുവരെ വച്ചിട്ടില്ല. പാലിക്കാൻ പറ്റാത്ത വാഗ്ദാനങ്ങൾ ആരും ആർക്കും നൽകാതിരിയ്ക്കുന്നതാണ് നല്ലത്.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്

 

RECENT POSTS
Copyright © . All rights reserved