Latest News

ഡോ. ഐഷ വി

2019 ൽ കൊറോണ വൈറസ് ലോകം മുഴുവൻ വ്യാപിക്കാൻ തുടങ്ങിയതു മുതൽ അതിന്റെ വരവ് പ്രതീക്ഷിച്ചിരിയ്ക്കുന്നുണ്ടായിരുന്നു. കാരണം ജോലി സംബന്ധമായി മിക്കവാറും എല്ലാ പ്രവൃത്തി ദിവസവും 5 മണിക്കൂറോളം യാത്ര ചെയ്യേണ്ടി വരാറുണ്ട്. അതിനാൽ തന്നെ ബസ്സിൽ കയറി കഴിഞ്ഞാൽ, ടിക്കറ്റെടുത്തു കഴിഞ്ഞാൽ, ബസ്സിൽ നിന്നിറങ്ങിയാൽ , ഓട്ടോയിൽ കയറിയാൽ , ഓട്ടോയിൽ നിന്നിറങ്ങിയാൽ , ആരുടെയെങ്കിലും പക്കൽ നിന്നും ക്രയവിക്രയത്തിന്റെ ഭാഗമായി നോട്ടുകൾ വാങ്ങിയാൽ , നോട്ടുകൾ കൊടുത്താൽ വിദ്യാർത്ഥികളോ ഓഫീസ് സ്റ്റാഫോ കൊണ്ടുവരുന്ന ഫയലുകളോ പേപ്പറുകളോ ഒപ്പിട്ടു കഴിഞ്ഞാലുടൻ സാനിറ്റൈസർ ഇടുക എന്നത് എന്റെ പതിവായിരുന്നു. കഴിഞ്ഞ രണ്ട് വർഷം കൊറോണ വൈറസ് എന്നിൽ നിന്നും അകന്നു നിന്നതെന്തേ എന്നോർക്കുമ്പോൾ എനിക്ക് അതിശയം തോന്നിയിട്ടുണ്ട്. ഒരു പക്ഷേ കൃഷിപ്പണികൾ ചെയ്യുമ്പോൾ , നാമറിയാതെ നമുക്ക് ലഭിച്ച വൈറ്റമിൻ ഡി, വ്യായാമം പോഷകാഹാരം എന്നിവയാകാം വരാതിരിക്കാൻ ഒരു കാരണം.

വടക്കഞ്ചേരിയിലെ ഫ്ലാറ്റിൽ വന്നു കഴിഞ്ഞ് വ്യായാമവും വൈറ്റമിൻ ഡിയുടെ അളവും നന്നേ കുറഞ്ഞേക്കാം. സാമൂഹിക അകലവും സാറിറ്റൈസറും മാസ്കുമൊക്കെ പഴയ പോലെ തന്നെ ഉപയോഗിച്ചിരുന്നു. പിന്നെ എന്താകാം കാരണം എന്ന് ചിന്തിച്ചപ്പോഴാണ് ഫ്ലാറ്റിൽ കാറിറക്കാനായി ഗേറ്റ് തുറക്കാനും മറ്റും മാസ്ക്കിടാതെ മുറ്റത്തിറങ്ങിയ കാര്യം ഓർമ്മ വന്നത്. ജനുവരി 18 വരെ സ്മാർട്ടായി കോളേജിൽ പോയിരുന്ന എനിക്ക് 19-ാം തീയതി രാവിലെ പൊതിച്ചോർ തയ്യാറാക്കിയിട്ടും കോളേജിൽ പോകാനേ തോന്നുന്നില്ല. കിടന്നുറങ്ങാനാണ് തോന്നിയത്. നല്ല ദേഹം വേദനയുണ്ട്. വേഗം കോവിഡായിരിയ്ക്കും എന്നാണ് മനസ്സിൽ തോന്നിയത്.

കോളേജിൽ ഉദയകുമാറിനെ വിളിച്ച് ചാർജ്ജ് കൊടുത്ത ശേഷം ഓഫീസിലെ ഡാലിയെ വിളിച്ച് കോവിഡ് ടെസ്റ്റ് നടത്താൻ എവിടെ പോകണം എന്നന്വേഷിച്ചു. ഡാലി ഉടനേ പറഞ്ഞ മറുപടി രണ്ട് ദിവസം കൂടി കഴിഞ്ഞ് ടെസ്റ്റ് ചെയ്താൽ പോരേ എന്നാണ്. ഏതായാലും എനിക്ക് കിടന്നുറങ്ങാനാണ് തോന്നിയത്. ഒന്നെണിറ്റിരിയ്ക്കാനാവാത്ത തരത്തിൽ ദേഹം വേദനയും ക്ഷീണവും പനിയും . ചുമയോ ജലദോഷമോ തൊണ്ടവേദനയോ അപ്പോൾ എനിക്കുണ്ടായിരുന്നില്ല. ഇടയ്ക്ക് ഭക്ഷണം കഴിച്ച് കിടന്നുറങ്ങും . ഫോണെടുത്ത് ഒന്ന് തോണ്ടാനോ ഇരിക്കാനോ തോന്നാത്ത അവസ്ഥ. ദശമൂല കടുത്രയം കഷായം, താലീസപത്രാദി ചൂർണ്ണം , ദശമൂലാരിഷ്ടം എന്നിവ ഡാലി ജോസഫ് കുട്ടികളെ കൊണ്ട് മേടിപ്പിച്ച് തന്നു.

അധ്യാപകർക്ക് അങ്ങനെ ഒരു ഗുണമുണ്ട്. എവിടെ ചെന്നാലും വിദ്യാർത്ഥികളും സഹപ്രവർത്തകരുമൊക്കെയുണ്ടാകും സഹായിക്കാൻ. രാത്രി ഭർത്താവെത്തിയപ്പോൾ ഞാൻ പറഞ്ഞു നാളെ കോളേജിൽ പോകണ്ടെന്ന്. അന്ന് രണ്ടു പേരും കഷായമൊക്കെ കഴിച്ച് കിടന്നു. പിറ്റേന്ന് രണ്ടുപേരും നേരെ വടക്കഞ്ചേരി PHC യ്ക്ക് വിട്ടു. അവിടെ ടോക്കണെടുത്തു ഡോക്ടറെ കാണാനായി കാത്തിരുന്നു. ഞങ്ങളുടെ ഊഴം വന്നപ്പോൾ ഡോക്ടറെ കണ്ടു. മരുന്നു കുറിച്ച ശേഷം ഡോക്ടർ പറഞ്ഞു: കോവിഡാണ്. ആർടിപിസിആർ ടെസ്റ്റ് ചെയ്യണം. ടെസ്റ്റ് ചെയ്താലും ഇല്ലെങ്കിലും ക്വാറന്റെനിൽ ഇരിക്കണം. ആശാ വർക്കറെ വിളിച്ച് ചോദിച്ചിട്ട് ടെസ്റ്റ് ചെയ്യാൻ നാളെ കല്യാണ മണ്ഡപത്തിൽ പോയാൽ മതി. രണ്ടു പേരും തിരികെ ഫ്ലാറ്റിലെത്തി. ആശാവർക്കറുടെ നമ്പർ സംഘടിപ്പിച്ചു. പിറ്റേന്ന് ടെസ്റ്റ് നടത്തുന്നില്ലെന്ന് അവർ പറഞ്ഞു. അങ്ങനെ ഡാലി തന്ന ലാബുകാരുടെ നമ്പരിൽ വിളിച്ചു. അവർ പിറ്റേന്ന് ടെസ്റ്റു ചെയ്യാൻ വരാമെന്നേറ്റു . വീട്ടിൽ വന്ന് സ്വാബ് എടുക്കുന്നതിന് അധികത്തിൽ കാശ് കൊടുക്കണം. ഞാൻ ഓകെ പറഞ്ഞു.

രണ്ടു പേരും ഹോം ക്വാറന്റൈൻ ആയതിനാൽ രണ്ടു പേരും കൂടി ഭക്ഷണം ഉണ്ടാക്കി കഴിച്ചു സുഖമായി കിടന്നുറങ്ങി. കൊറോണയുടെ ആദ്യ തരംഗത്തിലെങ്ങാനുമായിരുന്നു ഞങ്ങൾ അസുഖ ബാധിതർ ആയിരുന്നതെങ്കിൽ രണ്ടു പേരേയും ദൂരെയെവിടെയെങ്കിലുമുള്ള ക്വാറന്റെൻ സെന്ററിൽ ആക്കിയേനെ. മൂന്നാം വരവിൽ ഭാഗ്യം . സ്വന്തം വാസസ്ഥലത്തിരിക്കാമല്ലോ? അത്രയും ആശ്വാസം. ഡാലി പൊരിച്ച മീനും മീൻ കറിയുമായി എത്തി. ദൂരെ നിന്ന് കണ്ടു. പോയി. ഞങ്ങൾക്ക് ഭക്ഷണം കുശാലായി. നാട്ടിൽ ഇതിനിടയ്ക്ക് സഹോദരന്റെ ഭാര്യയ്ക്കും മക്കൾക്കും എന്റെ അമ്മയ്ക്കും കോവിഡ് ബാധിച്ചിരുന്നു. ദിവസവും അമ്മയെ വിളിച്ച് എല്ലാവരുടേയും വിവരങ്ങൾ അന്വേഷിച്ചു.

ഒരു ദിവസം ഞങ്ങൾ രണ്ടു പേരും കാലിക്കറ്റ് യൂണിവേഴ്സിറ്റി യു ജി ഓൺലൈൻ ക്വസ്റ്റ്യൻ പേപ്പറുമായി ബന്ധപ്പെട്ട ഓൺലൈൻ മീറ്റിംഗ് നടത്തിയത് അറ്റന്റു ചെയ്തു. നേരത്തേ പിജിയുടേത് ഓൺ ലൈൻ ആക്കിയിരുന്നു. അത് ഞങ്ങളെല്ലാവരും വിജയകരമായി പ്രാവർത്തികമാക്കിയിരുന്നു. മീറ്റിംഗിൽ മിക്കവാറും എല്ലാ പ്രിൻസിപ്പൽമാരും അവരവരുടെ അഭിപ്രായങ്ങൾ പങ്കു വച്ചിരുന്നു. അങ്ങനെ ആ ദിനം സാർത്ഥകമായി തോന്നി. ഇതിനിടയ്ക്ക് വിവരമറിഞ്ഞ സഹപ്രവർത്തകരും ബന്ധുമിത്രാദികളും വിദ്യാർത്ഥികളും എന്തെങ്കിലും സഹായം വേണമോ എന്ന് ചോദിച്ച് വിളിച്ചിരുന്നു.

ഓർമ്മചെപ്പിന്റെ “ബൈ സ്റ്റാന്റർ ” എന്ന അധ്യായം പനി കിടക്കയിലാണെഴുതിയത്. ആദ്യം ഈ ആഴ്ച എഴുതേണ്ട എന്ന് വിചാരിച്ചെങ്കിലും എഴുതി പൂർത്തിയാക്കുകയായിരുന്നു. ഒരോ രചനയും മനസ്സ് മറ്റൊരു തലത്തിലേയ് ക്കെത്തി മനസ്സ് ചേർത്തു വച്ചെഴുതുമ്പോഴാണ് നന്നാവുന്നത്. ധൃതിയിൽ എഴുതുമ്പോൾ അത് നന്നാവണമെന്നില്ല. അങ്ങനെ ബൈസ്റ്റാന്റർ എഴുതി കഴിഞ്ഞപ്പോൾ ആ ക്വാറൻറ്റൈൻ ദിനവും അർത്ഥമുള്ളതായി തോന്നി.

അടുത്ത ദിവസം ലാബുകാരെത്തി . മൂക്കിൽ നിന്നും തൊണ്ടയിൽ നിന്നും സ്രവമെടുത്ത് ടെസ്റ്റ് ചെയ്യാനായി തൃശ്ശൂർക്ക് അയച്ചു. പിറ്റേന്ന് റിസൾട്ട് വന്നു. ഞങ്ങൾ രണ്ടു പേരും കോവിഡ് പോസിറ്റീവ്. പിറ്റേന്നും ഡാലിയുടെ വക പൊരിച്ച മീനും മീൻ കറിയുമെത്തിയിരുന്നു. ഉച്ചകഴിഞ്ഞപ്പോൾ സനത്, അനിൽ എന്നീ അധ്യാപകർ കാണാനെത്തി. അവരുടെ വക പഴങ്ങൾ . അടുത്ത ദിവസം സനത് കരിഞ്ചീരകം, ചുക്ക്, തുളസിയില . കറിവേപ്പില എന്നിവ എത്തിച്ചു തന്നു. ചുക്കു കാപ്പി, നാരങ്ങ വെള്ളം, മുട്ട പുഴുങ്ങിയത്, ഏത്തപ്പഴം പുഴുങ്ങിയത് എന്നിവ ഇടനേരങ്ങളിൽ ഞങ്ങൾ കഴിച്ചു.

ഒരു ദിവസം K-DISC ന്റെ YIP പ്രോഗ്രാമിന്റെ ഓൺലൈൻ റോഡ് ഷോയിൽ പങ്കെടുത്തു. അതു കഴിഞ്ഞ് മാന്നാർ UIT യുടെ എൻ.എസ്.എസ് വിദ്യാർത്ഥികൾക്ക് ജൈവ കൃഷി സംബന്ധിച്ച ഒരു ക്ലാസ്സെടുത്തു കൊടുത്തു. ദേഹം വേദന കടുത്തതായതിനാൽ നന്നായി ഉറങ്ങാൻ പോലും പ്രയാസമായിരുന്നു. അതിനാൽ ഞാൻ ശ്വസനക്രിയയും കൈകൾക്കും കാലുകൾക്കുമുള്ള വ്യായാമങ്ങളും നന്നായി ചെയ്തു. രക്തയോട്ടം കൂടിയതുമൂലമാകണം ശരീര വേദന കുറഞ്ഞു. സുഖ ഉറക്കം ലഭിച്ചു. ഭർത്താവിന് അപ്പർ റസ്പിറ്റേറി ലക്ഷണങ്ങളും പനിയും നന്നായുണ്ടായിരുന്നു. ഞാൻ വ്യായാമം ചെയ്തതു മൂലമാകണം എനിക്കായിരുന്നു വേഗത്തിൽ റിക്കവറി. ഇത്തിരി ശുദ്ധവായുവും കാറ്റും വെളിച്ചും ലഭിക്കാൻ ഞാൻ അടുക്കള ഭാഗത്തുള്ള വാതിൽ തുറന്നിട്ട് അവിടെ പടിയിൽ ഇരിക്കുന്നത് പതിവാക്കി. നല്ല കാറ്റ് ലഭിക്കുന്ന സ്ഥലമായതിനാൽ അവിടിരിക്കുമ്പോൾ നല്ല ഉന്മേഷം തോന്നി.

കിടക്കുന്ന മുറിയിൽ മൊബൈലിനിന് റേഞ്ച് കുറവായതിനാൽ ഫോൺ കാളുകളോ വാട്സാപ് മെസ്സേജുകളോ ആ മുറിയിൽ വച്ച് ലഭിച്ചിരുന്നില്ല. വാതിൽ പടിയിൽ എത്തുമ്പോഴാണ് മെസ്സേജുകൾ ചറപറായെന്നെത്തുക. പ്രധാനപ്പെട്ടവയൊക്കെ നോക്കും. എല്ലാ ദിവസവും 4 AM ക്ലബ്ബിലെ റോബിൻ തിരുമല, മോഹൻജി , ബീന, സുഷ ചന്ദ്രൻ തുടങ്ങിയവരുടെ വിവിധ വിഷയങ്ങളെ കുറിച്ചുള്ള സന്ദേശങ്ങൾ രാവിലെ നാലു മണിയ്ക്കല്ലെങ്കിലും കേൾക്കുകയും വായിക്കുകയും ചെയ്തു. പിന്നെ ഹരിപ്പാട് റോട്ടറി ക്ലബ്ബുനടത്തിയ “മെൻ സുറൽ ഹൈജീനെ ” കുറിച്ചുള്ള ഒരു ഇന്റർനാഷണൽ സെമിനാറിൽ പങ്കെടുത്തു. മെൻ സുറൽ കപ്പ് ഉപയോഗിയ് ക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും അത് ഒഴിവാക്കുന്ന മെൻ സുറൽ വേയ്സ്റ്റിന്റെ അളവിനെ കുറിച്ചും അത് ഉപയോഗിയ്ക്കുന്നതു മൂലമുള്ള സാമ്പത്തിക ലാഭത്തെ കുറിച്ചും മറ്റും വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള വ്യക്തികൾ സംസാരിച്ചു.

കേരളത്തിലെ കുമ്പളങ്ങി എന്ന ഗ്രാമമാണ് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണമായും മെൻസുറൽ കപ്പുപയോഗിയ്ക്കുന്ന ഗ്രാമമെന്നത് എനിക്ക് പുതിയ അറിവായിരുന്നു. വെള്ളപ്പൊക്കമുണ്ടാകുന്ന കുട്ടനാടുപോലുള്ള പ്രദേശക്കാർക്കും മെൻസുറൽ കപ്പിന്റെ ഉപയോഗം ആശ്വാസദായകമായിരിയ്ക്കും എന്നാണ് എന്റെ അഭിപ്രായം.

അടുത്ത ദിവസം ഡാലി വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ വീട്ടിലെത്തിച്ചു. കോളേജിലെ സെക്യൂരിറ്റി സ്റ്റാഫ് ബാലേട്ടനും ഇലക്ട്രോണിക്സ് ലക്ചറർ സുബിയും . ആവശ്യമുള്ള സാധനങ്ങൾ പൾസ് ഓക്സിമീറ്റർ , തെർമോമീറ്റർ , ഇൻഹലേറ്റർ ഉൾപ്പടെയുള്ളവ സമയാസമയം എത്തിച്ചിരുന്നു. ഫ്ലാറ്റിലെ താമസക്കാരും അവരാൽ കഴിയുന്ന സഹായങ്ങൾ ഞങ്ങൾക്കെത്തിച്ചു തരുവാൻ തയ്യാറായിരുന്നു. ഇടയ്ക്ക് ഞാൻ ക്യാൻസർ ബാധിച്ച് കീമോ ചെയ്തു കൊണ്ടിരിയ്ക്കുന്ന കാർത്തിക പള്ളി കോളേജിലെ ഒരധ്യാപികയെയും വിളിച്ച് സംസാരിച്ചിരുന്നു.

അല്പം ആശ്വാസം തോന്നിയ ദിവസം മുറിയൊക്കെ അടിച്ച് തുടച്ച് വൃത്തിയാക്കി പുതപ്പൊക്കെ കഴുകിയിട്ടു. പിന്നെ ഓർമ്മചെപ്പ് പുസ്തകമായി പ്രസിദ്ധീകരിക്കാനായി ശ്രീ ഒ.സി രാജുമോനെ ഏർപ്പാടാക്കിയിരുന്നു. അങ്ങനെ ഓർമ്മചെപ്പിന്റെ 98 അധ്യായങ്ങൾ ഒന്നുകൂടി എഡിറ്റ് ചെയ്ത് അദ്ദേഹത്തിന് അയച്ചു കൊടുത്തു . കഴിഞ്ഞ ദിവസം ക്വാറന്റൈൻ സർട്ടിഫിക്കറ്റ് വാങ്ങാൻ ആശുപത്രിയിൽ ചെന്നപ്പോഴാണറിയുന്നത് ഒരാഴ്ച ഡോക്ടറും ക്വാറന്റൈനിൽ ആയിരുന്നെന്ന്. ആർടിപിസിആർ റിസൾട്ട് ആധാറുമായി ലിങ്ക് ചെയ്തിരുന്നതിനാൽ ഞങ്ങളെ വിളിച്ചത് കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിലെ കോവിഡ് സെന്ററിൽ നിന്നുമായിരുന്നു. പാലക്കാടു കഴിയുന്ന ഞങ്ങൾക്ക് അവരെന്തു സഹായമെത്തിക്കാൻ. നാളെ വീണ്ടും ജോലിക്ക് കയറാനൊരുങ്ങുന്ന എന്നോട് ദൈവം തമ്പുരാൻ ” നീയൊന്ന് വിശ്രമിച്ചോ” എന്ന് പറഞ്ഞനുവദിച്ചു തന്ന ദിനങ്ങളായിരുന്നു ഈ ക്വാറന്റൈൻ ദിനങ്ങളെന്ന് എനിക്ക് തോന്നി.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഫൈസൽ നാലകത്ത്

ഏകദൈവത്തെ അഭിസംബോധന ചെയ്യുന്ന 99 പേരുകളുടെ സമാഹാരത്തെയാണ് ‘അസ്മാ ഉൽ ഹുസ്ന’ എന്ന് വിശേഷിപ്പിക്കാറുള്ളത്. ലോകത്തുള്ള എല്ലാ ദേശക്കാരും ഭാഷക്കാരും പല രീതിയിൽ ഇത് പാരായണം ചെയ്യാറുണ്ട്. സംഗീതാത്മകമായും ഖുർആൻ പാരായണം ചെയ്യുന്നത് പോലെയും മറ്റും വിവിധ രീതികളിൽ അസ്മാ ഉൽ ഹുസ്ന നമുക്ക് കേൾക്കാൻ സാധിക്കും. ഇപ്പോൾ ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിലെ രാഗബന്ധുരമായ ‘അസ്മാ ഉൽ ഹുസ്ന’, ‘അൽ വദൂദ്’ എന്ന പേരിൽ തികച്ചും വ്യത്യസ്തവും ശ്രവണ സുന്ദരവും അതിലേറെ ഭക്തി നിർഭരവുമായി പുറത്തുവന്നിരിക്കുന്നു. മലയാളത്തിന്റെ പ്രിയഗായകൻ അഫ്സലും നഫ്‌ല സാജിതും ചേർന്ന് ആലപിച്ച വേറിട്ട ഈ പ്രാർത്ഥന ഗാനം വലിയ പ്രേക്ഷകസ്വീകാരം നേടുകയാണ്.

‘അൽ വദൂദ് ‘ ആൽബം കേട്ട് ഗായകൻ അഫ്സലിനെയും അണിയറ പ്രവർത്തകരെയും അഭിനന്ദനങൾ അറിയിച്ചവർ ഏറെയാണ്. ലോകപ്രശസ്തനായ സിംബാവെ ഗ്രാൻഡ് മുഫ്തി മെങ്ക് തുടങ്ങി, വ്യത്യസ്ത മേഖലകളിലെ പ്രമുഖർക്കൊപ്പം പ്രശസ്ത സിനിമാതാരങ്ങളായ മമ്മുട്ടി, റഹ്മാൻ, മനോജ് കെ ജയൻ തുടങ്ങി നിരവധിപേരാണ് ഈ ആൽബത്തിന് അഭിന്ദനങ്ങൾ അറിയിച്ചത്.

സോഫിക്സ് മീഡിയയിലൂടെ ഈ സംഗീത ശില്പം റിലീസ് ചെയ്തിരിക്കുന്നു. പ്രവാസിയായ മുസ്തഫ ഹംസ ഒരുമനയൂർ ആണ് ഇതിന്റെ സംഗീത സംവിധാനവും ഉള്ളടക്ക സൃഷ്ടിയും നിർവഹിച്ചത്. വളരെ ഭംഗിയായി തന്നെ നഫ്‌ല സാജിദ് ഇതിന്റെ സംഗീത നിർവഹണം ചെയ്തപ്പോൾ അതിന്റെ ശോഭ ഒട്ടും തന്നെ ചോർന്നു പോകാതെ അൻവർ അമൻ അതിനു വാദ്യോപകരണങ്ങളുടെ അകമ്പടി നൽകി.

ലെൻസ്മാന്റെ നേതൃത്വത്തിൽ ഇതിന്റെ ദൃശ്യവിഷ്ക്കാരം കൂടിയായപ്പോൾ പ്രേക്ഷകർക്ക് തികച്ചും ഉദാത്തമായ ഒരു സംഗീതാനുഭവം പകരുവാൻ സാധിച്ചുവെന്ന് ഇതിന്റെ നിർമ്മാതാവ് കൂടിയായ മുസ്തഫ ഹംസ ഒരുമനയൂർ പറഞ്ഞു.

ക്യാമറ : അൻസൂർ പി.എം, യുസഫ് ലെൻസ്മാൻ, അറബിക് കാലിഗ്രഫി : നസീർ ചീക്കൊന്ന്, സോങ് മിക്സിങ് : ഇമാം മജ്ബൂർ, സാങ്കേതിക സഹായം : മഷൂദ് സേട്ട്, ഷംസി തിരൂർ, ശിഹാബ് അലി, ഗ്രാഫിക്സ് /എഡിറ്റിംഗ് : യൂസഫ് ലെൻസ്മാൻ, റെക്കോർഡിങ് സ്റ്റുഡിയോ : ഓഡിയോ ജിൻ, കൊച്ചി, എന്നിവരാണ് പിന്നണിയിൽ.

 

രാധാകൃഷ്ണൻ മാഞ്ഞൂർ

“ചുറ്റിക്കെട്ടി മുകളിലേയ്ക്കെടുക്കടാ മരക്കഴുതെ ” ആശാൻ പീഠത്തിലിരുന്ന് ആജ്ഞാപിച്ചു .
പഞ്ചസാര മണലിൽ കുഞ്ഞുവിരൽ അമർത്തി പിടിച്ച് ശിഷ്യനെക്കൊണ്ട് അക്ഷരം എഴുതിക്കാനുള്ള തത്രപ്പാടാണ് നടക്കുന്നത്.

അക്ഷരം പിറന്നു വീഴാൻ വൈകുന്തോറും ചെറുവിരലിലെ പിടുത്തം മുറുകും. കണ്ണിൽ കൂടി പൊന്നീച്ച പറക്കും…..

ഏറെക്കഴിഞ്ഞ് ആ മണലിൽ ഒരക്ഷരം പിറന്നു. അതെ – ‘ൻ ‘ എന്ന അക്ഷര ത്തിൻറെ പരിണാമഗുപ്തി .

കാലം – 1971

സ്ഥലം:- മാഞ്ഞൂർ സൗത്ത് ഗവൺമെൻറ് സ്കൂളിനരുകിലെ നിലത്തെഴുത്തു കളരി . ഗുരു അന്തരിച്ച കെ ആർ രാഘവൻ പിള്ള . ഇതിൽ പരാമർശിക്കുന്ന മരക്കഴുത ഈയുള്ളവൻ തന്നെ . പഠിതാവിൻ്റെ ചൂണ്ടുവിരൽ കൊണ്ട് മണലിൽ എഴുതിക്കുന്നതിന് ചില രീതികളുണ്ട്. ആശാൻറെ കാഴ്ചപ്പാടിൽ അക്ഷരങ്ങൾ തലകുത്തിയാണ് എഴുതുന്നത്. ശിഷ്യൻ്റെ കാഴ്ചയിൽ അക്ഷരം നേരെ തന്നെ രൂപപ്പെടുന്നു. ഇതെങ്ങനെ സാധ്യമാകുന്നുവെന്ന് ഞാൻ ഓർക്കാറുണ്ട്.

അതായത് ആശാൻ അക്ഷരത്തിൻ്റെ തലയ്ക്കലും മണലിൽ എഴുതുന്ന കുട്ടി താഴെയും ഇരിക്കും.
ഏത് അക്ഷരവും തലതിരിച്ച് നിഷ്പ്രയാസം എഴുതാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നു.

സ്വരാക്ഷരം, വ്യജ്ഞനാക്ഷരം, ഗുണനം, ഹരണം, സങ്കലനം, വ്യവകലനം…. അങ്ങനെ നിലത്തെഴുത്തു കളരിയുടെ സിലബസ്സ് നീളുന്നു.

ഞങ്ങളുടെ ഗ്രാമത്തിൽ ആ കാലഘട്ടത്തിൽ നിലത്തെഴുത്ത് കളരികളെ ഉണ്ടായിരുന്നുള്ളൂ . അക്ഷരങ്ങളുടെ ചൂടും, ചൂരും അറിഞ്ഞത് ആശാന്മാരിലൂടെയാണ്. അവർ കുട്ടികളെ ശാസിക്കും, ശിക്ഷിക്കും…. അതൊന്നും ആരുമൊരു കുറ്റമായ് കണ്ടില്ല.

രാഘവപിള്ളയാശാനും, കൃഷ്ണൻ നായരെന്ന പുതുവായിലാശാനും അക്കാലത്തെ പ്രശസ്തരായ ആശാൻമാരായിരുന്നു. അമ്മിണി ടീച്ചറിൻ്റെ വെൽഫെയർ സെൻററിലും നിരവധി കുട്ടികൾ അക്ഷരം പഠിച്ചു.

അക്ഷരങ്ങളും, അക്കങ്ങളും തറവാകണമെങ്കിൽ നിർബന്ധമായും ആശാൻ കളരിയിൽ വിട്ടു പഠിപ്പിക്കണമെന്ന് പഴയ തലമുറയ്ക്ക് ഒരു നിർബന്ധമുണ്ടായിരുന്നു. പ്രത്യേകിച്ച് ഞങ്ങളുടെ ഗ്രാമത്തിൽ ഇതൊരു അലിഖിത നിയമമായിരുന്നു. അതുകൊണ്ട് എന്നെ പോലെ പഠിക്കാൻ മണ്ടന്മാരായ ശിഷ്യന്മാർ ഒന്നാം ക്ലാസിൽ ചേർന്നു കഴിഞ്ഞിട്ടും വൈകുന്നേരം കളരിയിലും പഠിക്കുമായിരുന്നു….. അതുകൊണ്ട് ഓരോ ആണ്ടറുതിയിലും എൻറെ ഓലവര നടക്കാതെ പോയി….. അക്ഷരം പഠിപ്പിച്ചെടുക്കുകയെന്ന ‘ഹെർക്കുലിയൻ ടാസ്ക്ക് ‘ ആശാൻ സ്വയം ഏറ്റെടുക്കുകയായിരുന്നു.

അക്ഷരങ്ങളുടെയും, അക്കങ്ങളുടെയും ചതുര വടിവുകൾ വല്ലാതെ ഭയപ്പെടുത്തി…. എണ്ണിയെണ്ണി കുറയുന്ന അക്കങ്ങളുടെ ദശാസന്ധികൾ, പെരുക്കപ്പട്ടികയുടെ നിമ് ന്നോന്നതങ്ങൾ . എല്ലാം ആലീസിൻ്റെ അത്ഭുതലോകമായ് എനിക്കു മുന്നിൽ……

ഞങ്ങളുടെ ഈ ഓപ്പൺ യൂണിവേഴ്സിറ്റിയിലിരുന്നാൽ തൊട്ടടുത്തുള്ള സ്കൂൾമുറ്റം കാണാം, ആ മുറ്റത്തെ നന്ദ്യാർവട്ട ചെടികൾ കാണാം, കളരിയുടെ അരികിലെ അപ്പ മരങ്ങൾ കാണാം……

കളരിയുടെ തിണ്ണയിലേക്ക് കയറുന്നതിന് നിയതമായ വാതിലുകളില്ല …… എതിലെയും കയറാം. തെക്കേ സൈഡിലെ വാതിൽ വഴി കാലു നീളമുള്ളവർക്ക് കയറാം. ഉയരം കുറഞ്ഞവർ റോഡിലെ മതിലിനരികിൽ കെട്ടിയിരിക്കുന്ന നടക്കല്ലു വഴിയും കളരിയിൽ എത്തും. സ്കൂളിൽ നിന്ന് വരുന്ന സീനിയേഴ്സ് (ഒന്നും, രണ്ടും ക്ലാസുകാർ) ആശാൻ്റെ സായാഹ്ന ക്ലാസ്സിലേക്ക് ഓടിപ്പാഞ്ഞാണ് വരുന്നത്. മുറിയിലെ വലിയ സ്റ്റൂളിൽ ഇരിക്കാനുള്ള മത്സര ഓട്ടം. തകൃതമുള്ള വിദ്വാന്മാർക്കാണ് ആ കസേരയിൽ ഇരിക്കാൻ ഭാഗ്യം കിട്ടുന്നത്. അവസാനം വരുന്നവർ ‘ഓട്ടിക്കിശു’ എന്ന നാമധേയത്തിൽ അറിയപ്പെടും. അവർക്കൊരിക്കലും ആ സ്റ്റൂളിൽ ഇരിക്കാൻ ഭാഗ്യം കിട്ടാറില്ല….. പിന്നീട് സ്റ്റൂളിൽ ഇരുന്ന വിദ്വാനുമായി ഉന്തും തള്ളും ഉണ്ടാവും. ആ നേരത്താണ് ആശാൻ്റെ ചൂരൽ മേശപ്പുറത്ത് ആഞ്ഞടിക്കുന്നത്. ‘പോയിനെടാ പിള്ളേരെ’ എല്ലാവരെയും നല്ല വഴക്കുപറയും. കളരി പെട്ടെന്ന് നിശബ്ദമാവും…. പിന്നീട് ഞങ്ങളൊക്കെ നല്ല കുട്ടികളായി രൂപാന്തരപ്പെടും .

ചുവപ്പിലും, പച്ചയിലും അക്ഷരങ്ങൾ എഴുതിയ കാർഡ് ബോർഡുകൾ, ചുവന്ന കളറിലെഴുതിയ പട്ടിക ബുക്കുകൾ സ്ലേറ്റിൽ ഗുണനപ്പട്ടിക തെറ്റിച്ചെഴുതിയതിന് വലിയ ചൂരൽ വടി പ്രയോഗങ്ങൾ…..

ഇതെല്ലാം അരങ്ങേറുന്ന ഒരു മായികലോകം……. അതാണു കളരി!

കളരിയിൽ പഠനമുള്ള ഒരു ദിവസം ഉച്ചയ്ക്ക് നല്ല മഴ. മഴ ഒന്ന് ശമിച്ചപ്പോൾ നല്ല വെയിലും പിറന്നു .

ഇത് കണ്ട് അലക്സ് പറഞ്ഞു “വെയിലും, മഴയും ഒരുമിച്ചു വന്നാൽ കുറുക്കൻ്റെ പെണ്ണുകെട്ട് നടക്കും….. ”

എനിയ്ക്കതൊരു പുതിയ അറിവായിരുന്നു. പുറത്തെവിടെയെങ്കിലും ഒരു കുറുക്കൻ്റെ പെണ്ണുകെട്ട് കാണണമെന്ന് വ്യഥാ മോഹിച്ചു.

അവൻ പറഞ്ഞത് ശരിയാണ്….. കളരിക്കു വെളിയിൽ രണ്ടു കുറുക്കൻമാർ, നാദസ്വരം, നിലവിളക്ക്, പന്തൽ….

അതെ അവർ വിവാഹിതരാവുകയാണ്.

കെ.ആർ . രാഘവൻപിള്ള, നിലത്തെഴുത്താശാൻ. മാഞ്ഞൂർ തെക്കുഭാഗത്ത് കൊച്ചുപുരയ്ക്കൽ വീട്ടിൽ ( ശ്രീരാഗം) താമസം.

മൂന്നു തലമുറകളിലായി ആയിരക്കണക്കിന് കുട്ടികളെ അക്ഷരം പഠിപ്പിച്ചു. ഭാര്യ പാലാ സ്വദേശിനി.

ഇവർക്ക് രണ്ടാണും, ഒരു പെണ്ണും. മൂന്നുപേരും വിവാഹിതർ.

ചെറുപ്രായത്തിൽതന്നെ നിലത്തെഴുത്തു കളരി സ്ഥാപിച്ചു.

മാഞ്ഞൂർ തെക്കുംഭാഗം ഗവൺമെൻറ് സ്കൂളിനരുകിലെ ഒറ്റമുറി കെട്ടിടത്തിലായിരുന്നു നിലത്തെഴുത്തു തുടങ്ങിയത്. വർഷാവർഷം എത്രയോ കുഞ്ഞുങ്ങൾ അവിടെനിന്ന് ഡ്രോപ്പൗട്ടുകളാവുന്നു…… ആശാൻ്റെ ശിഷ്യഗണങ്ങൾ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നു .

” എന്നും വെളുപ്പിനെഴുന്നേൽക്കുന്നതാണ് ശീലം. മാഞ്ഞൂർ ഭഗവതി മഠത്തിൽ പോയി തൊഴുതു പ്രാർത്ഥിച്ചതിനുശേഷം മാത്രമേ കളരിയിൽ അധ്യാപനം തുടങ്ങുമായിരുന്നുള്ളൂ….. തികഞ്ഞ ദേവി ഭക്തനായിരുന്നു. കളരി അധ്യാപനത്തിൽ നിന്നും എൺപതു വയസ്സായപ്പോൾ വിരമിച്ചു. രണ്ടായിരം മാർച്ചിൽ വാർദ്ധക്യ സഹജമായ അസുഖങ്ങളിൽ മരണമടഞ്ഞു. മരിക്കുമ്പോൾ എൺപത്തിയേഴ് വയസ്സുണ്ടായിരുന്നു.”

ആശാൻറെ ബന്ധു രാധാമണി ചേച്ചി പറയുന്നു.

മാഞ്ഞൂർ സൗത്ത് ഗവൺമെൻറ് സ്കൂൾ അധികൃതർ പൊന്നാടയണിയിച്ച് ആദരിച്ചതല്ലാതെ മറ്റൊരു സംഘടനകളും അദ്ദേഹത്തെ തേടി വന്നില്ല….. ആരോടും പരാതിയും, പരിഭവങ്ങളുമില്ലാതെ തൻറെ കർമ്മകാണ്ഡം പൂർത്തിയാക്കി ആ അക്ഷര പ്രഭു കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.

1986-ൽ മാഞ്ഞൂർ സൗത്ത് പോസ്റ്റ് ഓഫീസിൽ ഒരു രജിസ്റ്റർ തപാലുമായി ചെന്നപ്പോഴാണ് കളരിയിൽ ആശാനെ സന്ദർശിക്കാൻ സാധിച്ചത്. വർഷങ്ങൾക്കു ശേഷമുള്ള ഒരു കൂടിക്കാഴ്ച. എൻറെ ആദ്യാക്ഷരത്തിന്റെ കളരിയിൽ എല്ലാം പതിവുപോലെ……

തടിച്ച ഫ്രെയിം വച്ച കണ്ണടയ്ക്കുള്ളിൽ ആശാൻ, മടക്കി വെക്കാവുന്ന ആ മേശ ( ഇത് ജനലിന് കതകായും ഉപയോഗിക്കുന്നു.) പഴയ ആ തടിയൻ ബഞ്ച്, മൂലയ്ക്കിട്ടിരിക്കുന്ന ആ വലിയ സ്റ്റൂൾ, പോളിഷ് ചെയ്ത തടി അലമാര, മണിച്ചിത്ര പൂട്ടുള്ള കളരിയുടെ വാതിൽ …. ഇല്ല …. ഒന്നിനും മാറ്റമില്ല ….. ഞാൻ ചെല്ലുമ്പോൾ ആശാൻ മണ്ണെണ്ണ സ്റ്റൗവിൽ പാൽക്കഞ്ഞി ഉണ്ടാക്കുന്നു. ആശാൻ്റെ മെനു ഇങ്ങനെയാണ് . രാവിലെ പാൽക്കഞ്ഞി , ഒരു കപ്പ് ചായ , രണ്ട് ഏത്തപ്പഴം…..

ആശാൻ ജോലിയിലാണ്. ഞാൻ സ്വയം പരിചയപ്പെടുത്തി. ‘ആശാനെ…. ഞാനാ രാധാകൃഷ്ണൻ….. , പന്തല്ലൂരെ …. ‘

‘ ങ്ങാ ….നീയോ ‘

വർത്തമാനത്തിനിടയിൽ നാലഞ്ചു കുഞ്ഞുങ്ങളെ മണലിൽ അക്ഷരങ്ങളുടെ ചക്രവ്യൂഹത്തിലേക്കു കടത്തിവിട്ടു.

‘ൻ’ എന്ന അക്ഷരം എന്നെക്കൊണ്ട് എഴുതിക്കുമോന്ന് ഭയന്നു. ആശാനു പുറകിൽ വിനീത വിധേയനായി ആ പഴയ മരക്കഴുതയായി ഞാൻ നിലകൊണ്ടു.

ഇടയ്ക്കെപ്പോഴോ തടി അലമാര തുറന്ന് മൂന്നു ഞാലിപ്പൂവൻ പഴം എൻറെ നേർക്ക് നീട്ടി.

അലമാര തുറന്നപ്പോൾ ആ ഗന്ധത്തെയും ഞാൻ തിരിച്ചറിഞ്ഞു . ശരിയാണ് അതിനും മാറ്റമില്ല….. സാമ്പ്രാണിയുടെയും നേന്ത്രപ്പഴങ്ങളുടെയും സമ്മിശ്ര ഗന്ധം……

ആ പുരാതന ഗന്ധങ്ങൾ ഓല വരക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. സാമ്പ്രാണിയും , പഴങ്ങളും ,കൽക്കണ്ടവും ദേവിക്കു മുന്നിൽ സമർപ്പിച്ച് മണലിലെഴുതിക്കുന്ന ഓലവര ചടങ്ങ് .

ഉണ്ണി പിള്ളേച്ചൻ്റെ കടയിൽ നിന്നും വരുന്ന ചായ, അവലു വിളയിച്ചത്, നേന്ത്ര പഴങ്ങൾ എല്ലാം ഉണ്ടാവും.

” ഓല വരയുള്ള ദിവസം ഞങ്ങൾ കുട്ടികളോട് നേരത്തെ പറയും കളരിയിൽ ചടങ്ങുണ്ടെന്ന്….. ഇടിച്ച അവലും, പഴവുമൊക്കെ കഴിച്ചത് ഇന്നലെയെന്നപോലെ ഓർക്കുന്നു….. ഞാൻ അമ്മിണി ടീച്ചറിൻ്റെ വെൽഫെയർ സെൻററിലാണ് പഠിച്ചത്…

ആശാൻ്റെ അയൽക്കാരി ലതികാ അമ്പിളി (തെള്ളകം മാതാ ഹോസ്പിറ്റൽ, പാതോളജി വിഭാഗം) പറയുന്നു. എന്തൊക്കെ പറഞ്ഞാലും കളരി അക്ഷരങ്ങൾ നമ്മുടെ ജീവിതത്തിലെ വിലമതിക്കാനാവാത്ത നിധി തന്നെയാണ്. എൻ്റെ ഗുരുനാഥ അമ്മിണി ടീച്ചർ പകർന്നുനൽകിയ അക്ഷരപുണ്യം ഞാനെങ്ങനെ മറക്കും…

ആശാന്മാർ പഠനകാര്യങ്ങളിൽ കാണിക്കുന്ന ജാഗ്രതയും, കരുതലുമൊക്കെ ഇന്നത്തെ എത്ര അധ്യാപകർ കാണിക്കും ….? അങ്ങനെയുള്ളവർ ഇല്ല എന്നതാണ് വാസ്തവം.”

കുവൈത്ത് സിറ്റി∙ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു ‌കീഴിൽ ജോലി ചെയ്യുന്ന, 250 മലയാളികളടക്കം 380 നഴ്സുമാരുടെ ജോലി പ്രതിസന്ധിയിൽ. 26ന് തൊഴിൽ കരാർ കാലാവധി അവസാനിക്കുമെന്ന് 2 ദിവസം ‌മുൻപ് ആശുപത്രി അധികൃതർ നഴ്സുമാരെ അറിയിക്കുകയായിരുന്നു. ജെടിസി- അൽസുകൂർ കമ്പനി വഴി കരാർ വ്യവസ്ഥയിൽ നിയമിക്കപ്പെട്ടവരാണ് എല്ലാവരും.

അവധിയെടുത്തു നാട്ടിൽ പോകണമെന്നും പുതിയ കരാർ ലഭിച്ചാൽ തിരികെ കൊണ്ടുവരാമെന്നുമാണു കമ്പനി പറയുന്നത്. എന്നാൽ കമ്പനിയിൽനിന്നു വിടുതൽ നൽകിയാൽ ഇവർക്ക് ആരോഗ്യമന്ത്രാലയത്തിൽതന്നെ നിയമനം ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ ആളുകളെ എത്തിക്കാൻ കമ്പനിക്ക് അവസരം നഷ്ടപ്പെടുന്നതുകൊണ്ടാണു വിടുതൽ നൽകാത്തതെന്നാണ് ആരോപണം.

നഴ്സുമാരുടെ തൊഴിൽ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടു സ്ഥാനപതി സിബി ജോർജ് കഴിഞ്ഞ ദിവസം കുവൈത്ത് ആരോഗ്യ മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. ഉചിതമായ പരിഹാരം ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയതായാണു വിവരം.

ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന അതുല്യ കലാകാരനായിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണൻ. ഏതുവേഷവും അനായാസം കൈകാര്യം ചെയ്യാൻ കഴിവുള്ള നടൻ കൂടിയായയിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണൻ. അച്ഛനായും മുത്തച്ഛനായും അമ്മാവനായും തമാശക്കാരനായും വില്ലനായും എല്ലാം വിസ്മയിപ്പിച്ച താരം കൂടിയാണ് ഒടുവുൽ

വ്യത്യസ്തമായ നിരവധി വേഷങ്ങൾ മലയാള സിനിമയിൽ ചെയ്ത താരത്തിന് സിനിമയിൽ ഒരുപാട് നേട്ടങ്ങൾ നേടി എങ്കിലും സാമ്പത്തി കമായി വലിയ നേട്ടങ്ങൾ ഒന്നും നേടാൻ കഴിഞ്ഞിരുന്നില്ല. ഒരു കുടുബത്തിന്റെ ഏക ആശ്രയം ആയിരുന്നു താരം.

ഇപ്പോഴിതാ ഒടുവിലിന്റെ ഭാര്യ പത്മജ മുൻപ് ഒരിക്കൽ നടത്തിയ വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി മാറിയിരിക്കുന്നത്. പത്മജയുടെ വാക്കുകൾ ഇങ്ങനെ:

അദ്ദേഹത്തിന്റെ മരണ ശേഷം താനും അമ്മയും മാത്രമായിരുന്നു വീട്ടിൽ. അമ്മയ്ക്കാണെങ്കിൽ വയസായി അതുകൊണ്ട് തന്നെ അമ്മയ്ക്ക് ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടായിരിന്നു. മുഴുവൻ നേരവും അമ്മയുടെ കൂടെത്തന്നെ താൻ വേണം. അമ്മയ്ക്ക് കിട്ടുന്ന പെൻഷൻ കൊണ്ടാണ് ഞങ്ങൾ ജീവിച്ചത്.

ഈ പെൻഷൻ അച്ഛന് ലഭിക്കുന്നതാണ് കാരണം അച്ഛൻ മിലിറ്ററിയിലായിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷമാണ് കിട്ടാൻ തുടങ്ങിയത് അത്‌കൊണ്ട് തന്നെ വലിയ പ്രശ്‌നങ്ങൾ ഒന്നും കൂടതെ ജീവിക്കാൻ പറ്റിയിരുന്നു. എന്നാൽ സിനിമയിൽ നിന്നും ഞങ്ങളെ സഹായിച്ചത് സത്യൻ അന്തിക്കാടും ദിലീപും മാത്രമായിരുന്നു.

അദ്ദേഹത്തിന്റെ മരണ ശേഷവും അതിന്റെ ചിലവും നടത്തിയതിന്റെ പേരിൽ ദിലീപിന് ഇപോഴും ഉണ്ട് പണം നൽകാൻ. എന്നാൽ ഒരിക്കൽ പോലും ഇതിനെക്കുറിച്ചു അദ്ദേഹം ചോദിച്ചിട്ടില്ലെന്നും പത്മജ പറയുന്നു.

2006 മെയ് 27 ന് വൃക്കരോഗത്തെ തുടർന്നായിരുന്നു ഒടുവിലിന്റെ വി.ാേഗം. അതിനുശേഷം ഒടുവിലിന്റെ അമ്മയുടെയും ഭാര്യ പത്മജയുടെയും ജീവിതത്തിന് തിരശീലയിലെ വെള്ളിവെളിച്ചത്തിന്റെ പകിട്ടില്ല. 1975 ലാണ് പത്മജയെ ഒടുവിൽവിവാഹം കഴിക്കുന്നത്.

അതേ സമയം കെപിസി ലളിതയും കൊച്ചിൻ ഹനീഫയുടെ ഭാര്യയും ദിലീപിനെ പറ്റി പറഞ്ഞിരുന്നു. മകളുടെ വിവാഹത്തിന് തന്നെ സഹായിച്ചത് ദിലീപാണെന്നും ഒരുപാട് ബുദ്ധിമുട്ട് ഉണ്ടായ സമയത്ത് അറിഞ്ഞുകൊണ്ട് സഹായിച്ചത് എന്നുമാണ് കെപിസി ലളിത പറഞ്ഞത്. ഹനീഫയുടെ മരണ ശേഷം ആ കുടുംബത്തിന് താങ്ങായി ദിലീപ് കൂടെ ഉണ്ടെന്നു ഖനീഫക്കയുടെ ഭാര്യ പറയുന്നു

വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് എംജി സർവകലാശാല സെക്ഷൻ അസിസ്റ്റൻറ് വിജിലൻസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര സ്വദേശിനി എൽസി സിജെ ആണ് പിടിയിലായത്. സർവകലാശാല ഓഫീസിൽ വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് സിജെയെ അറസ്റ്റ് ചെയ്തത്.മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും ലഭിക്കുന്നതിനായി അപേക്ഷിച്ച പത്തനംതിട്ട സ്വദേശിയായ എംബിഎ വിദ്യാർത്ഥിയിൽ നിന്ന് സെക്ഷൻ അസിസ്റ്റൻറ് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഒന്നര ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. തുടർന്ന് വിദ്യാർത്ഥിയിൽ നിന്ന് ബാങ്ക് വഴി ഒന്നേകാൽ ലക്ഷം രൂപ കൈപ്പറ്റി. ബാക്കി തുകയിൽ 15000 രൂപ സർവകലാശാല ഓഫീസിൽ വച്ച് കൈപ്പറ്റിയപ്പോൾ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. പത്തനംതിട്ട സ്വദേശിയായ വിദ്യാർത്ഥി കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് മാർക്ക് ലിസ്റ്റിനും പ്രൊവിഷണൽ സർട്ടിഫിക്കറ്റിനുമായി സർവ്വകലാശാല സെഷൻസ് അസി. എൽസി സിജെയെ സമീപിച്ചത്. ഇവ ലഭിക്കുന്നതിനായുള്ള കാലതാമസം ഒഴിവാക്കാമെന്ന് പറഞ്ഞ എല്സി ഒന്നര ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. സർട്ടിഫിക്കറ്റ് വാങ്ങാനായി ഇന്ന് സർവ്വകലാശാലയിൽ എത്തിയപ്പോഴാണ് ബാക്കി തുക ഇന്ന് തന്നെ വേണമെന്ന് ഇവർ വാശിപിടിച്ചത്. തുടർന്ന് വിദ്യാർത്ഥി വിജിലൻസിൽ പരാതി പെട്ടു.

പരാതിയുടെ അടിസ്ഥാനത്തിൽ ഫിനോഫ്തലിൻ പൗഡർ പുരട്ടിയ നോട്ടുകളുമായി വിജിലൻസ് വിദ്യാർത്ഥിയെ സർവ്വകലാശാലയിലേക്ക് അയച്ചു. ഇത് കൈപറ്റുന്നതിനിടെയണ് എൽസിയെ വിജിലൻസ് സംഘം പിടികൂടിയത്. കോട്ടയം ആർപ്പൂക്കര സ്വദേശിയാണ് എൽസി. വിജിലൻസ് എസ്പി വിജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നീക്കങ്ങളാണ് ഉദ്യോ​ഗസ്ഥയെ കുടുക്കിയത്.സർട്ടിഫിക്കറ്റുകൾക്കും മാർക്ക്ലിസ്റ്റിനുമൊക്കയായി സർവ്വകലാശാലയിൽ നേരിടുന്ന കാലതാമസം ഒഴിവാക്കുന്നതിനായി ഇത്തരത്തിൽ കൈക്കൂലി വാങ്ങുന്ന സംഭവങ്ങൾ എംജി സർ‍വ്വകലാശാലയിൽ നിരന്തരം ഉണ്ടാ കാറുണ്ടെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. സർട്ടിഫിക്കറ്റുകൾ കൃത്യ സമയത്ത് ലഭിച്ചില്ലെങ്കിൽ ഉപരിപഠനം മുടങ്ങുമോയെന്ന വിദ്യാർത്ഥികളുടെ ആശങ്കയാണ് സർവ്വകലാശാലയിലെ ഉദ്യോ​ഗസ്ഥർ ചൂഷണം ചെയ്യുന്നത്.

തന്നോട് ദയ കാണിക്കണമെന്ന് കോടതിയില്‍ ദിലീപ്. മാധ്യമങ്ങളും കോടതിയും തന്നെ നിരന്തരം വേട്ടയാടുന്നെന്ന് ദിലീപ് കോടതിയെ അറിയിച്ചു. പോലീസിന്റെ ഫോറന്‍സിക് ലാബുകളില്‍ വിശ്വാസമില്ലെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.

ഫോണ്‍ ഫോറന്‍സിക് പരിശോധനക്കയച്ചെന്ന് ദിലീപ് കോടതിയില്‍ രേഖാമൂലം മറുപടി നല്‍കി. ബാലചന്ദ്രകുമാറിന്റെ സന്ദേശങ്ങള്‍ വീണ്ടെടുക്കാനാണ് പോലീസ് തന്റെ ഫോണ്‍ ആവശ്യപ്പെടുന്നത്. സ്വകാര്യത സംരക്ഷിക്കണമെന്നും ദിലീപ് അറിയിച്ചു. ഫോണ്‍ ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണെന്നും ദിലീപ് പറയുന്നു.

പ്രതികളെല്ലാം ഒറ്റയടിക്ക് ഫോണ്‍ മാറ്റിയത് ഗൂഢാലോചനയ്ക്ക് തെളിവാണെന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഫോണിന്റെ കാര്യത്തില്‍ തീരുമാനമായതിന് ശേഷം പരിഗണിക്കാമെന്നും കോടതി പറഞ്ഞു. സ്വന്തം നിലയില്‍ ഫോണ്‍ പരിശോധനക്കയച്ചത് ശരിയായ നടപടിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

2017-18 കാലത്ത് പ്രതികള്‍ ഉപയോഗിച്ചിരുന്ന ഫോണുകളാണ് കേസില്‍ നിര്‍ണായകം. ദിലീപ് ഉപയോഗിച്ചിരുന്ന ആപ്പിള്‍, വിവോ കമ്പനികളുടെ നാലു ഫോണുകളും സഹോദരന്‍ അനൂപിന്റെ രണ്ടു ഫോണുകളും സുരാജിന്റെ ഒരു ഫോണുമാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുള്ളത്.

അതേസമയം, ദിലീപിന്റെ അടക്കം കൂട്ടു പ്രതികളുടെ ആറ് ഫോണുകള്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ മുമ്പാകെ ഹാജരാക്കാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. മുദ്രവച്ച കവറില്‍ തിങ്കളാഴ്ച 10.15ഓടെ ഹാജരാക്കാന്‍ ആണ് ഉത്തരവ്. പ്രോസിക്യൂഷന്റെ നിലപാട് അംഗീകരിച്ചാണ് ദിലീപിന്റെ വാദങ്ങള്‍ തള്ളി, ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

ഈ ഇടക്കാല ഉത്തരവിനെതിരെ വേണമെങ്കില്‍ നിയമപരമായി ദിലീപിന് സുപ്രീംകോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ദിലീപിന്റെ കേസില്‍ നിര്‍ണായക തെളിവായി അന്വേഷണ സംഘം പറഞ്ഞിരുന്നത് ഈ ഫോണുകളായിരുന്നു.

സര്‍ക്കാരിന്റെ ഫോറന്‍സിക് സയന്‍സ് ലാബിലെ പരിശോധനയില്‍ വിശ്വാസമില്ലെന്നും അതില്‍ സര്‍ക്കാര്‍ സ്വാധീനം ഉണ്ടാകുമെന്നും ദിലീപ് വാദിച്ചു. താന്‍ സ്റ്റേറ്റിന്റെയും മാധ്യമങ്ങളുടേയും ഇരയാണെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു. എന്നാല്‍, അംഗീകൃത ഏജന്‍സിക്ക് നിങ്ങളുടെ ഫോണ്‍ പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി. ഫോണ്‍ കൊടുക്കണോ വേണ്ടയോ എന്ന് വിധി ന്യായങ്ങള്‍ വിവിധ കോടതികള്‍ പറഞ്ഞിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍, അംഗീകൃത ഏജന്‍സികള്‍ എന്നിവ വഴിയേ ഫോണ്‍ പരിശോധിക്കാന്‍ ആവൂ. അതുകൊണ്ട് താങ്കള്‍ സ്വകാര്യ ഏജന്‍സിക്ക് കൊടുത്തൂ എന്നേ ഈ ഘട്ടത്തില്‍ കണക്കാക്കാനാകൂവെന്നും കോടതി പറഞ്ഞു.

സ്വന്തം നിലയില്‍ ഫോണ്‍ പരിശോധിക്കാന്‍ കഴിയില്ലെന്നും പ്രിവിലേജ് കമ്മ്യൂണിക്കേഷന്‍ ഉള്ളത് കൊണ്ട് മാത്രം ഫോണ്‍ പരിശോധിക്കാതെ ഇരിക്കാന്‍ ആവില്ലെന്നും ഡിജിപി കോടതിയെ അറിയിച്ചു. ഫോറന്‍സിക് പരിശോധന അംഗീകൃത ഏജന്‍സി വഴി നടത്തണം. ഫോണിലെ വിവരങ്ങള്‍ സ്വന്തമായി പരിശോധിച്ചു എങ്ങനെ അന്വേഷണ ഏജന്‍സികള്‍ക്ക് ആവശ്യമുള്ള വിവരങ്ങള്‍ നല്‍കാന്‍ കഴിയും. കേസില്‍ ഞങ്ങള്‍ വളരെ അധികം മുന്നോട്ട് പോയിരിക്കുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷം എല്ലാവരും ഫോണ്‍ മാറ്റി.

അങ്ങനെ വിവിധ കാരണങ്ങള്‍ കൊണ്ട് ദിലീപിന് മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹതയില്ല. ഗുഢാലോചന മാത്രമല്ല, അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപിന്റെ ഭാഗത്തുനിന്ന് തുടര്‍ നീക്കങ്ങള്‍ ഉണ്ടായി എന്നും ഡിജിപി അറിയിച്ചു. ദീലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 2017ല്‍ എംജി റോഡില്‍ ദിലീപ് അടക്കം മൂന്ന് പ്രതികള്‍ ഒത്തുകൂടുകയും ഗൂഢാലോചന നടത്തിയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതികളുടെ ചരിത്രം അടക്കം പെരുമാറ്റം എല്ലാം കോടതി പരിഗണിക്കണം എന്നും ഡിജിപി കോടതിയില്‍ വ്യക്തമാക്കി.

ഫോണ്‍ കയ്യില്‍ വയ്ക്കാന്‍ ദിലീപിന് അധികാരം ഇല്ല എന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ ഞങ്ങള്‍ക്ക് പോകാന്‍ വേറെ ഇടമില്ലെന്നും കോടതി ആണ് ആശ്രയം എന്നും ദിലീപ് വാദിച്ചു. പ്രോസിക്യൂഷന് അനുകൂലം ആയി ആരുമില്ല. അതുകൊണ്ടാണ് പുതിയ കേസുമായി വന്നതെന്നും ദിലീപ് വാദിച്ചു. അന്വേഷണ സംഘം പറയുന്ന നാലാമത്തെ ഫോണിനെ കുറിച്ച് തനിക്ക് അറിയില്ല.

രണ്ട് ഐ ഫോണുകളും ഒരു വിവോ ഫോണും മാത്രമാണ് തനിക്ക് ഉള്ളത്. ഈ ഫോണുകളുടെ ഉടെ കാര്യം ഞങ്ങള്‍ തന്നെ പറഞ്ഞു കൊടുത്തത് ആണ് എന്ന് ദിലീപ് വാദിച്ചു. എന്നാല്‍ സി ഡി ആര്‍ വഴി ആന്ന് നാലാമതൊരു ഫോണ്‍ ഉള്ള കാര്യം മനസ്സിലാക്കിയത് എന്ന് ഡിജിപി കോടതിയെ അറിയിച്ചു. ഫോണ്‍ ഹാജര്‍ ആക്കണ്ട എന്ന് കോടതി പറയുക ആണെങ്കില്‍ പിന്നെ സൈബര്‍ ഡോം പിരിച്ചു വിടേണ്ടി വരും എന്നും ഡിജിപി വാദിച്ചു.

പ്രോസിക്യൂഷനു മൊബൈല്‍ കണ്ടുകെട്ടാന്‍ എല്ലാ അവകാശവും ഉണ്ടെന്നും അത് നോട്ടിഫൈഡ് ഏജന്‍സി വഴി പരിശോധിക്കാന്‍ ഉള്ള അധികാരവും ഉണ്ടെന്നും കോടതി വ്യക്തമാക്കി. പ്രതികളുടെ കൈവശം ഉള്ള ഫോണ്‍ ആവശ്യപ്പെടാന്‍ പ്രോസിക്യൂഷന് അധികാരം ഉണ്ടെന്നും കോടതി പറഞ്ഞു. നിങ്ങളുടെ ഭാഗത്ത് ന്യായം ഉണ്ടെങ്കില്‍ അതും ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമാകുമല്ലോ എന്നും കോടതിയെ വിശ്വാസമില്ലേയെന്നും അഡ്വ.ഗോപിനാഥ് ചോദിച്ചു.

ഫോണുകള്‍ എല്ലാം മുംബൈയിലാണെന്നും അതെത്തിക്കാന്‍ ചൊവ്വാഴ്ച വരെ തമയം വേണമെന്നുമുളള ദിലീപിന്റെ വാദങ്ങള്‍ എല്ലാം തള്ളിയാണ് ദിലീപ് അടക്കം പ്രതികളുടെ ആറ് മൊബൈല്‍ ഫോണുകള്‍ തിങ്കളാഴ്ച ഹാജരാക്കാന്‍ കോടതി ഇടക്കാല ഉത്തരവിട്ടത്. ഇടക്കാല ഉത്തരവിനെതിരെ ദിലീപിന് സുപ്രീംകോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി പറഞ്ഞെങ്കിലും അതിനുള്ള സമയം കിട്ടുമോ എന്നതില്‍ സംശയമാണ്.

ഞായറാഴ്ച അവധി ദിവസം. അതിനുശേഷം തിങ്കളാഴ്ച 10.15 ഓടെ മൊബൈല്‍ ഫോണുകള്‍ കോടതി രജിസ്ട്രാര്‍ ജനറല്‍ മുമ്പാകെ ഹാജരാക്കുകയും വേണം. അതേസമയം കേസ് പരിഗണിക്കാനെടുക്കുമ്പോള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണെന്നും ഫോണ്‍ ഹാജരാക്കാന്‍ ഇപ്പോള്‍ സാധിക്കില്ലെന്നുമുള്ള നിലപാടെടുക്കാന്‍ ദിലീപിന് കഴിഞ്ഞേക്കുമെന്നും പറയുന്നുണ്ട്.

സ്ത്രീധനത്തിന്റെ പേരിൽ നേരിട്ട പീഡനങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ കേസിൽ വാദം തുടരുന്നു. ഇപ്പോൾ വിസ്മയയുടെ അടുത്ത കൂട്ടുകാരി വിദ്യയുടെയും മോട്ടിവേഷനൽ സ്പീക്കർ നിപിൻ നിരാവത്തിന്റെയും മൊഴികളാണ് കേരളത്തെ വേദനിപ്പിക്കുന്നത്. സ്ത്രീധനമായി നൽകിയ കാറിന്റെയും സ്വർണത്തിന്റെയും പേരിൽ ഭർത്താവ് കിരൺ പീഡിപ്പിക്കുന്ന കാര്യം വിസ്മയ തന്നോടു പറഞ്ഞിരുന്നതായി വിദ്യ കോടതിയിൽ മൊഴി നൽകി.

ബാക്കി സ്ത്രീധനം ലഭിച്ച ശേഷമേ കിരൺ കൂട്ടിക്കൊണ്ടു പോവുകയുള്ളൂയെന്നും വീട്ടിൽ നിർത്തി പോയിരിക്കുകയാണെന്നും വിസ്മയ പറഞ്ഞതായും നാലാം സാക്ഷിയായ വിദ്യ ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി കെഎൻ. സുജിത്ത് മുൻപാകെയാണ് മൊഴി നൽകിയത്. വിസ്മയയുടെ സഹോദരൻ വിജിത്തിന്റെ വിവാഹത്തിനു കണ്ടപ്പോഴാണ് സങ്കടങ്ങളെല്ലാം തുറന്നു പറഞ്ഞതെന്നും വിദ്യ പറയുന്നു.

വിജിത്തിന്റെ വിവാഹം കഴിഞ്ഞ് വിസ്മയ, കിരണിന്റെ വീട്ടിൽ പോയ ശേഷം വാട്‌സാപ്പിലും ഫേസ്ബുക്കിലും മെസഞ്ചറിലും ചാറ്റ് ചെയ്തിരുന്നു. എന്നാൽ, കിരൺ വരുമ്പോൾ വിസ്മയ സംസാരിക്കാറില്ല. കിരണിന്റെ മുന്നിൽ അഭിനയിക്കുകയാണെന്നും ജീവിതം മടുത്തുവെന്നും ചാറ്റ് ചെയ്തിരുന്നതായും വിദ്യ വെളിപ്പെടുത്തി. എങ്ങനെയെങ്കിലും കിരണിന്റെ വീട്ടിൽ നിന്നു പോകാൻ സഹായിക്കണമെന്ന് അഭ്യർഥിച്ചതായും വിദ്യ പറയുന്നു. വിസ്മയയുമായി സംസാരിച്ചത് അവരുടെ വിവാഹ വാർഷിക ദിനമായ 2021 മേയ് 31ന് ആണ്. സ്ത്രീധനത്തിന്റെ പേരിൽ അനുഭവിച്ച ബുദ്ധിമുട്ടുകൾ പറഞ്ഞു കരഞ്ഞുവെന്നും വിദ്യ പറഞ്ഞു.

അതേസമയം, 2021 ഫെബ്രുവരി 26നു ഫേസ്ബുക് വഴി സംസാരിക്കണമെന്നു പറഞ്ഞു വിസ്മയ വിളിക്കുകയും അടുത്തദിവസം ഗൂഗിൾ മീറ്റ് വഴി താനുമായി സംസാരിക്കുകയും ചെയ്തുവെന്ന് മോട്ടിവേഷനൽ സ്പീക്കർ നിപിൻ നിരാവത്തും പറഞ്ഞു. പഠിക്കാൻ ഏകാഗ്രത കിട്ടുന്നില്ല എന്നാണ് വിസ്മയ ആദ്യം പറഞ്ഞത്. കാരണം അന്വേഷിച്ചപ്പോൾ സ്ത്രീധനത്തിനു വേണ്ടി ഭർത്താവിന്റെ ഭാഗത്തു നിന്നുള്ള പീഡനമാണെന്നു മനസ്സിലായി.

വിസ്മയയുടെ മുഖത്ത് കിരൺ ബൂട്ട് കൊണ്ടു ചവിട്ടിയതായും പറഞ്ഞു. ഇത്രയും പീഡനം സഹിച്ചിട്ടും വിവാഹ മോചനത്തെക്കുറിച്ചു ചിന്തിക്കാത്തത് എന്താണെന്നു ചോദിച്ചപ്പോൾ കിരണിനെ വലിയ ഇഷ്ടമാണെന്നായിരുന്നു വിസ്മയയുടെ മറുപടിയെന്നും നിപിൻ പറയുന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ ബന്ധപ്പെടാൻ പറയുകയും നമ്പർ നൽകിയതായും സാക്ഷി മൊഴി നൽകി. സ്ത്രീധനം ലഭിച്ച കാർ പോരെന്ന് പറഞ്ഞായിരുന്നു മോട്ടോർ വെഹിക്കൾ അസി. ഇൻസ്‌പെക്ടറായ കിരൺ കുമാർ വിസ്മയയെ മർദ്ദിച്ചിരുന്നത്. സ്ത്രീധനത്തെ തുടർന്നുള്ള പീഡനത്തിൽ മനംനൊന്താണ് വിസ്മയ ജീവനൊടുക്കിയതെന്ന് തെളിഞ്ഞതോടെ കിരണിനെ സർവീസിൽ നിന്നും പിരിച്ചുവിട്ടിരുന്നു.

പതിവ് രീതിയിലുള്ള ഖദർ ഷർട്ടും വെള്ള മുണ്ടും മാറ്റി അടിപൊളി ലുക്കിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇത്തവണ ദുബായിലെത്തിയത്. അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമെന്നായിരുന്നു ആദ്യ തീരുമാനമെങ്കിലും കഴിഞ്ഞ ദിവസം മാറ്റമുണ്ടായി. ഒരാഴ്‌ച ദുബായിലുണ്ടാകും. യുഎഇയില വിവിധ എമിറേറ്റുകൾ സന്ദർശിച്ച ശേഷമാകും മടക്കമ. കൂടെ ഭാര്യ കമലയുമുണ്ട്.

രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിനുശേഷം ആദ്യമായിട്ടാണ് പിണറായി യുഎഇയിൽ എത്തുന്നത്. ആദ്യത്തെ മൂന്ന് ദിവസം പൂർണ വിശ്രമമാണ്. ഫെബ്രുവരി നാലിന് ദുബായ് എക്‌സ്‌പോയിലെ കേരള പവലിയന്റെ ഉദ്ഘാടനം മുഖ്യമന്ത്രിയാണ് നിർവഹിക്കുക.
അബുദാബി, ഷാർജ എന്നിവിടങ്ങളിലെ മന്ത്രിമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തും. ഫെബ്രുവരി ഏഴിനാണ് തിരുവനന്തപുരത്ത് അദ്ദേഹം മടങ്ങിയെത്തും.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധഗൂഢാലോചന കേസില്‍ സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴി ശരിവെച്ച് നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി. ബാലചന്ദ്ര കുമാറിനെ തനിക്ക് അറിയാമെന്നും അനൂപിനൊപ്പമാണ് ബാലചന്ദ്രകുമാറിനെ കണ്ടതെന്നും പള്‍സര്‍ സുനി ക്രൈംബ്രാഞ്ചിന് മൊഴിനല്‍കി.കഥ പറയാന്‍ വന്നയാളാണെന്നാണ് ബാലചന്ദ്രകുമാറിനെ പരിചയപ്പെടുത്തിയത്. അന്നേദിവസം തനിക്ക് ദിലീപ് പണം നല്‍കിയെന്നും പള്‍സര്‍ സുനി മൊഴി നല്‍കി. വെള്ളിയാഴ്ച്ചയാണ് അന്വേഷണ സംഘം ജയിലില്‍ എത്തി പള്‍സര്‍ സുനിയെ ചോദ്യം ചെയ്തത്.

ദിലീപിന്റെ വീട്ടിലെത്തിയപ്പോള്‍ പള്‍സുനിയെ കണ്ടിരുന്നുവെന്നായിരുന്നു ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. പള്‍സര്‍ സുനിയെ ആദ്യം തിരിച്ചറിഞ്ഞില്ല, സഹോദരന്‍ അനൂപാണ് സുനിയെ പരിചയപ്പെടുത്തിയതെന്നും ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. അന്ന് സുനിയുടെ കൈവശം പണമുണ്ടായിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

ഗൂഢാലോചന കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് അന്വേഷണ സംഘം. പ്രതികള്‍ ഉപയോഗിച്ചിരുന്ന ഫോണുകള്‍ സംസ്ഥാനത്തിന് പുറത്തേക്ക് കടത്തിയെന്ന നിഗമനത്തിലാണ് നിലവില്‍ സംഘം. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് ഇത്തരത്തില്‍ ഫോണ്‍ കടത്തിയത്. പ്രതികള്‍ 2021 മുതല്‍ 2022 വരെ ഉപയോഗിച്ച ഫോണുകളാണ് മാറ്റിയത്.അതേസമയം കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ അഭിഭാഷകര്‍ പോലും ഇടപെട്ടിട്ടുണ്ടെന്നാണ് സൂചന. ഇതിന്റെ തെളിവുകള്‍ ഉള്‍പ്പെടെ ഫോണില്‍ ഉള്ളതിനാലാണ് പ്രതികളുടെ ഫോണ്‍ കൈമാറാത്തത്. തെളിവുകള്‍ ലഭിച്ചാല്‍ അന്വേഷണം അഭിഭാഷകരിലേക്ക് നീണ്ടേക്കും, പരിശോധന ഉള്‍പ്പെടെ വേണ്ടിവന്നേക്കും.

ഫോണുകള്‍ ഹാജരാക്കാത്ത പ്രതികളുടെ നടപടി കഴിഞ്ഞ ദിവസം കോടതി ചോദ്യം ചെയ്തിരുന്നു. ബാലചന്ദ്രകുമാറുമായുള്ള ആശയ വിനിമയങ്ങള്‍ അടങ്ങുന്ന ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കിയിരിക്കുകയാണെന്നും ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതിക്ക് ഫോണുകള്‍ കൈമാറണമെന്നുത്തരവിടാന്‍ അധികാരമില്ലെന്നുമാണ് ദിലീപിന്റെ നിലപാട്. എന്നാല്‍ ദിലീപ്, സഹോദരന്‍ അനൂപ്, ബന്ധു സൂരജ് എന്നിവരുടെ ഫോണുകള്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ഒരുമിച്ച് മാറ്റിയെന്നും ഇത് ഗൂഢാലോചനയ്ക്ക് തെളിവാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലും ഫോണുകള്‍ കൈമാറണമെന്ന പ്രോസിക്യൂഷന്റെ ഉപഹര്‍ജിയിലും ഹൈക്കോടതി ഇന്ന് തുടര്‍വാദം കേള്‍ക്കും. രാവിലെ 11 മണിക്ക് പ്രത്യേക സിറ്റിങ് നടത്തിയാണ് ജാമ്യാപേക്ഷകള്‍ ജസ്റ്റിസ് പി ഗോപിനാഥിന്റെ ബഞ്ച് പരിഗണിക്കുക. ഇന്നലെ ജാമ്യാപേക്ഷയിലും മൊബൈല്‍ ഫോണുകള്‍ ഹാജരാക്കാന്‍ പ്രതികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തിന്മേലും വാദം കേട്ട കോടതി വിശദവാദത്തിനായി ഹര്‍ജികള്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

RECENT POSTS
Copyright © . All rights reserved